Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്രൈസ്തവത

CHRISTIANITY

ദാവൂദ് നബി(അ)ക്ക് നല്‍കിയ സബൂര്‍

അമാനി മൌലവി(റഹി)

Last Update: 2023 April 22, 01 Shawwal, 1444 AH

“നിശ്ചയമായും, നൂഹിനും, അദ്ദേഹത്തിനു ശേഷമുളള നബിമാര്‍ക്കും നാം 'വഹ്‌യ്' [ദിവ്യബോധനം] നല്‍കിയതുപോലെ, നിനക്കും നാം 'വഹ്‌യ്' നല്‍കിയിരിക്കുന്നു. ഇബ്‌റാഹീമിനും, ഇസ്മാഈലിനും, ഇസ്ഹാക്വിനും, യഅ്ക്വൂബിനും (അദ്ദേഹത്തിന്‍റെ) സന്തതികള്‍ക്കും, ഈസാക്കും, അയ്യൂബിനും, യൂനുസിനും, ഹാറൂന്നും, സുലൈമാന്നും നാം 'വഹ്‌യ്'നല്‍കിയിരിക്കുന്നു. ദാവൂദിന് നാം 'സബൂറും' [ഒരു പ്രത്യേക ഏടും] കൊടുത്തിരിക്കുന്നു.” (അന്നിസാഅ് 159)

ഒരു സമുദായത്തിലേക്ക് നിയോഗിച്ചയക്കപ്പെട്ട ആദ്യത്തെ ദൈവദൂതനായ (റസൂലായ) നൂഹ് നബി (അ)ക്കും, അദ്ദേഹത്തിനു ശേഷം പല സമുദായങ്ങളിലേക്കുമായി നിയോഗിക്കപ്പെട്ട മറ്റു പല പ്രവാചകന്‍മാര്‍ക്കും അല്ലാഹു ദിവ്യസന്ദേശങ്ങള്‍ നല്‍കിവന്നിട്ടുണ്ട്. വേദക്കാരുടേയും അറബികളുടെയും വംശ പിതാവായ ഇബ്‌റാഹീം നബി (അ), അദ്ദേഹത്തിന്‍റെ മക്കളായ ഇസ്മാഈല്‍, ഇസ്ഹാക്വ് (അ) എന്നിവര്‍, പൗത്രനായ യഅ്ക്വൂബ് (അ) എന്നിവര്‍ക്കും, യഅ്ക്വൂബ് (അ)ന്‍റെ സന്തതി ഗോത്രങ്ങളായ പന്ത്രണ്ടു ഇസ്‌റാഈലി ഗോത്രങ്ങളില്‍ ഉണ്ടായിട്ടുളള വളരെയധികം പ്രവാചകന്‍മാര്‍ക്കും പ്രവാചക കുടുംബത്തില്‍ ഓരോ നിലക്ക് വിഖ്യാതരായ ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ (അ) എന്നിവര്‍ക്കും, എന്നുവേണ്ട, ക്വുര്‍ആന്‍ മുഖേനയോ മറ്റോ പരിചയെപ്പടുത്തപ്പെട്ടിട്ടുളളവരും അല്ലാത്തവരുമായി കഴിഞ്ഞുപോയിട്ടുളള എല്ലാ പ്രവാചകന്‍മാര്‍ക്കും തന്നെ അല്ലാഹു സന്ദേശങ്ങളും ബോധനങ്ങളും നല്‍കി വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നത്രെ ദാവൂദ് നബി (അ)ക്കു ലഭിച്ച ‘സബൂറും’.

അല്ലാഹുവിന്‍റെ റസൂലുകള്‍ക്ക് ജനമദ്ധ്യേ നിര്‍വ്വഹിക്കുവാനുളള കൃത്യങ്ങള്‍ മൊത്തത്തില്‍ രണ്ടു കാര്യങ്ങളാകുന്നു:

(1) സത്യവിശ്വാസവും സന്‍മാര്‍ഗവും സ്വീകരിക്കുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുവാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുക.

(2) അത് രണ്ടും സ്വീകരിക്കാത്തവര്‍ക്ക് അവന്‍റെ പക്കല്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന ശിക്ഷാ നടപടികളെക്കുറിച്ചു താക്കീതും മുന്നറിയിപ്പും നല്‍കുക. ഈ ആവശ്യാര്‍ത്ഥം ഇത്രയധികം റസൂലുകളെ അവന്‍ നിയോഗിച്ചു കൊണ്ടിരുന്നതും, അവര്‍ക്കെല്ലാം സന്ദേശങ്ങളും ബോധനങ്ങളും നല്‍കിക്കൊണ്ടിരുന്നതും ഒരു പ്രത്യേകലക്ഷ്യം വെച്ചു കൊണ്ടുതന്നെയാണ്. അതെ, ഞങ്ങള്‍ക്ക് സന്‍മാര്‍ഗം ഇന്നതാണെന്ന് തിരിച്ചറിയാത്തതു കൊണ്ടാണ് ഞങ്ങള്‍ പിഴച്ചുപോയത്- ഞങ്ങള്‍ക്ക് വേണ്ടുന്ന ഉപദേശങ്ങള്‍ നല്‍കുവാന്‍ ആളുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഈ ഗതികേട് നേരിടുകയില്ലായിരുന്നു- എന്നിങ്ങനെയുളള ഒഴികഴിവ് പറഞ്ഞു വിചാരണവേളയില്‍ അല്ലാഹുവിനെതിരായി ന്യായം സമര്‍പ്പിക്കുവാന്‍ ആര്‍ക്കും അവസരം ഉണ്ടാകരുത് എന്നുളളതാണ് പ്രസ്തുത ലക്ഷ്യം. അതുകൊണ്ട് -അല്ലാഹു ഇങ്ങിനെയെല്ലാം മനുഷ്യര്‍ക്കുവേണ്ടി ചെയ്തുകൊടുത്തിട്ടുളള സ്ഥിതിക്ക്- അങ്ങിനെയുളള ഒഴികഴിവുകള്‍ പറഞ്ഞു രക്ഷപ്പെടുവാന്‍ആര്‍ക്കും എനി സാധ്യമല്ലെന്ന് അല്ലാഹു താക്കീതു നല്‍കുന്നു.

‘വഹ്‌യ്’ എന്ന വാക്കിന് ‘സ്വകാര്യ ഭാഷണം, രഹസ്യബോധനം, ഗൂഢസംസാരം’ എന്നൊക്കെ ഭാഷയില്‍ അര്‍ത്ഥമാകുന്നു. നബിമാര്‍ക്ക് അല്ലാഹു സന്ദേശം നല്‍കുന്നതിനെ ഉദ്ദേശിച്ചാണ് സാധാരണ ‘വഹ്‌യ്’ എന്നു പറഞ്ഞുവരുന്നത്. നബിമാര്‍ക്ക് ലഭിക്കുന്ന വഹ്‌യുകള്‍ മലക്കുകള്‍ മുഖാന്തരവും, മനസ്സില്‍ വെളിപാട് നല്‍കിയും, മറയുടെ പിന്നില്‍ നിന്ന് അല്ലാഹുവിന്‍റെ സംസാരം കേട്ടും ഇങ്ങിനെ ഒന്നിലധികം പ്രകാരത്തില്‍ ഉണ്ടാവുമെന്ന് സൂറത്തു: ശൂറാ 51ല്‍ അല്ലാഹു അറിയിച്ചിട്ടുണ്ട്. എന്നാല്‍, സംസാരം മുഖേനയുളള വഹ്‌യ് മൂസാ നബി (അ) ക്കല്ലാതെ മറ്റാര്‍ക്കും സിദ്ധിക്കുകയുണ്ടായിട്ടില്ല. സീനാ പര്‍വ്വതത്തില്‍ വെച്ച് അദ്ദേഹത്തോട് അല്ലാഹു സംസാരിച്ച വിവരം സൂ : ത്വാഹായില്‍ വിവരിച്ചിട്ടുണ്ട്. (ബൈബിളില്‍ പുറപ്പാട് പുസ്തകം 33: 11 ലും അതിനെപ്പറ്റി പ്രസ്താവിച്ചു കാണാം.)

ദാവൂദ് നബി (അ)ക്കു നല്‍കപ്പെട്ട പ്രത്യേക ഏടാണ് ‘സബൂര്‍’. ബൈബ്ളില്‍ ‘ദാവൂദിന്‍റെ സങ്കീര്‍ത്തനങ്ങള്‍’ എന്ന പേരില്‍ ഒരു പുസ്തകമുണ്ട്: അതാണ് യഥാര്‍ത്ഥത്തില്‍ സബൂര്‍ എന്ന് പറയുവാന്‍ നിവൃത്തിയില്ല. അതുപോലെ സുലൈമാന്‍, അയ്യൂബ് (അ) തുടങ്ങിയ വേറെ പ്രവാചകന്‍മാരുടെ പേരോട് ചേര്‍ത്തുകൊണ്ടുളള ഏതാനും പുസ്തകങ്ങളും ബൈബ്‌ളിലുണ്ട്. അവയിലൊക്കെ ഏതെങ്കിലും ചില ഭാഗങ്ങള്‍ യഥാര്‍ത്ഥ വഹ്‌യ് തന്നെ ആയിരിക്കുവാന്‍ അവകാശമുണ്ടെങ്കിലും വഹ്‌യായിരിക്കുവാന്‍ യാതൊരു മാര്‍ഗമില്ലാത്തവയും അവയില്‍ അടങ്ങിയിരിക്കുന്നു. പല ഭാഗങ്ങളും വഹ്‌യാണെന്നോ അല്ലെന്നോ തീര്‍ത്തു പറയുവാന്‍ സാധ്യമല്ലാത്തവയുമാകുന്നു. സങ്കീര്‍ത്തന പുസ്തകം ആരുടെ വകയാണെന്ന് പോലും തര്‍ക്കവിഷയമാണ് താനും.

“നിന്റെ റബ്ബ് ആകാശങ്ങളിലും, ഭൂമിയിലുമുള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനുമത്രെ. നബിമാരില്‍ ചിലരെ ചിലരെക്കാള്‍ നാം ശ്രേഷ്ഠമാക്കുകയും ചെയ്തിട്ടുണ്ട്. ദാവൂദിനു നാം 'സബൂര്‍' [എട്] നല്‍കുകയും ചെയ്തിരിക്കുന്നു.” (ഇസ്‍റാഅ് 55)

നിങ്ങളില്‍ സന്മാര്‍ഗ്ഗം പ്രാപിക്കുന്നവരും, ദുര്‍മ്മാര്‍ഗ്ഗികളായിത്തീരുന്നവരും ആരാണ്? പിശാചിന്റെ കെണിയില്‍ അകപ്പെടുന്നവരും, അല്ലാത്തവരും ആരാണ്? എന്നൊക്കെയുള്ള വിവരം സവിശദം അല്ലാഹുവിനറിയാം. ആ അടിസ്ഥാനത്തില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു കാരുണ്യവും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ശിക്ഷയും അവന്‍ നല്‍കുന്നുവെന്നല്ലാതെ, ഇന്നിന്നവര്‍ക്കു കാരുണ്യവും, ഇന്നിന്നവര്‍ക്കു ശിക്ഷയും ലഭിക്കുവാന്‍ അര്‍ഹരാണെന്നു തീരുമാനിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. നിങ്ങളെ സംബന്ധിച്ചിടത്തോളം, കാരുണ്യത്തിന്റെ മാര്‍ഗ്ഗം പിന്‍പറ്റുകയും, ശിക്ഷയുടെ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കാതിരിക്കയുമാണ്‌ നിങ്ങളുടെ കടമ. നബി(സ) യെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്കു വേണ്ടതു ഉപദേശിക്കുകയല്ലാതെ, നിങ്ങളുടെ നന്മതിന്മകളുടെ ഉത്തവരാദിത്വമോ, നിങ്ങളെയൊക്കെ നേര്‍വഴിയിലാക്കുവാനുള്ള ചുമതലയോ, അധികാരമോ അദ്ദേഹത്തിനില്ല. നിങ്ങളെക്കുറിച്ചു മാത്രമല്ല, ആകാശഭൂമികളിലുള്ള എല്ലാവരെപ്പറ്റിയും നല്ലപോലെ അറിയുന്നവനാണ് അല്ലാഹു. അവരില്‍ ഉല്‍കൃഷ്ടരും, ഉന്നതന്‍മാരും ആരാണ് എന്നൊക്കെ അവനറിയാം. ആ അടിസ്ഥാനത്തിലാണു നബിമാരില്‍ ചിലര്‍ക്കു ചിലരെക്കാള്‍ ശ്രേഷ്ഠസ്ഥാനങ്ങള്‍ അവന്‍ നല്‍കിയിരിക്കുന്നതും. അതിനൊരു ഉദാഹരണമാണ് ദാവൂദ് നബി(അ)ക്ക് ‘സബൂര്‍’ നല്‍കിയത്. അതുപോലെ മുഹമ്മദ്‌ നബി (സ്വ) ക്ക് നല്‍കപ്പെട്ട ഗ്രന്ഥമാണ് ക്വുര്‍ആനും എന്നൊക്കെയാണ് ഈ വചനങ്ങളിലടങ്ങിയ ആശയങ്ങള്‍.

സബൂര്‍ എന്ന വാക്കിനു ‘ഗ്രന്ഥം’, അഥവാ ‘ഏട്’ എന്നര്‍ത്ഥം. ദാവൂദ് (അ) നബിക്ക് നല്‍കപ്പെട്ട വേദഗ്രന്ഥത്തെ പ്രത്യേകം ഉദ്ദേശിച്ചും ‘സബൂര്‍’ എന്നു പറയപ്പെടാറുണ്ട്. ‘സങ്കീര്‍ത്തനങ്ങള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ആ പുസ്തകമാണ് അതെന്നാണ്‌ സാധാരണമായി പറയപ്പെടുന്നത്. എങ്കിലും ബൈബ്ലില്‍ ഇന്നു നിലവിലുള്ള സങ്കീര്‍ത്തന പുസ്തകത്തില്‍ അതിന്റെ ഏതാനും ഭാഗങ്ങള്‍ അടങ്ങിയിരിക്കാമെങ്കിലും അതുതന്നെയാണു യഥാര്‍ത്ഥ സബൂര്‍ എന്നു പറയുവാന്‍ നിവൃത്തിയില്ല. കാരണം, അല്ലാഹുവിങ്കല്‍ നിന്നുള്ളതായിരിക്കുവാന്‍ തരമില്ലാത്ത പലതും അതില്‍ അടങ്ങിയിരിക്കുന്നതായി കാണാം.

വേദഗ്രന്ഥത്തിന്റെ പാരായണത്തിലും, അല്ലാഹുവിന്റെ സ്തോത്രകീര്‍ത്തനങ്ങളടങ്ങുന്ന സംഗീതാലാപനങ്ങളിലും ദാവൂദ്(അ) നബിക്കു ചില സവിശേഷതകള്‍ ഉണ്ടായിരുന്നതായി ക്വുര്‍ആനില്‍നിന്നും ഹദീഥില്‍നിന്നും വ്യക്തമാണ്. ഒരു മഹാരാജാവും, പ്രവാചകവര്യനും എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ പല പ്രത്യേകതകളും ക്വുര്‍ആനില്‍ പലേടത്തുമായി അല്ലാഹു എടുത്തുപറഞ്ഞിട്ടുണ്ടുതാനും.


അവലംബം: സൂറഃ അന്നിസാഅ്, സൂറഃ ഇസ്‍റാഅ് വ്യാഖ്യാനങ്ങളില്‍ നിന്നും സംഗ്രഹിച്ചത്

0
0
0
s2sdefault

ക്രൈസ്തവത - മറ്റു ലേഖനങ്ങൾ