യേശുവിനേയും മറിയമിനേയും അനുസ്മരിക്കുക
എഡിറ്റർ
Last Update: 2023 April 22, 01 Shawwal, 1444 AH
ഖുർആൻ, അധ്യായം മറിയം 19: 16 - 40
"ഗ്രന്ഥത്തിൽ മറിയമിനെ അനുസ്മരിക്കുക.
അവൾ അവളുടെ കുടുംബത്തിൽ നിന്നും കിഴക്കൊരിടത്ത് മാറി താമസിച്ച സന്ദര്‍ഭം.(19:16)
അങ്ങനെ, അവരില്‍നിന്നു (മറയത്തക്ക) ഒരു മറ അവള്‍ സ്വീകരിച്ചു:
അപ്പോൾ അവളുടെ അടുത്തേക്ക് നമ്മുടെ മലക്കിനെ (ഗബ്രിയേൽ) നാം അയച്ചു.
അദ്ദേഹം (ഗബ്രിയേൽ) അവരുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷമായി. (19:17)
അവൾ പറഞ്ഞു: ‘നിങ്ങളില്‍നിന്ന് പരമകാരുണികനായ അല്ലാഹുവില്‍ ഞാന്‍ അഭയം തേടുന്നു.
നീ ദൈവ ഭയമുള്ളവനാണെങ്കിൽ’ (19:18)
അവൻ പറഞ്ഞു: നിന്റെ നാഥന്‍ നിയോഗിച്ച ദൂതന്‍ മാത്രമാണ് ഞാന്‍.
നിനക്കു പരിശുദ്ധനായ ഒരു പുത്രനെ (കുറിച്ച സുവിശേഷം) പ്രദാനം ചെയ്യുന്നതിനുവേണ്ടി. (19:19)
അവൾ പറഞ്ഞു: ‘എനിക്കെങ്ങനെ പുത്രനുണ്ടാകും?
ഇന്നോളം ഒരു പുരുഷനും എന്നെ സ്പര്‍ശിച്ചിട്ടില്ല.
ഞാന്‍ ഒരു ദുര്‍നടപ്പുകാരിയുമല്ല.’ (19:20)
അവൻ പറഞ്ഞു: അപ്രകാരം ഭവിക്കും. നിന്റെ നാഥന്‍ പറയുന്നു:
‘അതു എനിക്ക് എളുപ്പമാണ്.’ അവനെ മനുഷ്യർക്കൊരു ദൃഷ്ടാന്തവും നമ്മിൽ നിന്നുള്ള കാരുണ്യവുമാക്കാനാണ് നാം അങ്ങനെ ചെയ്യുന്നത്.
അത് തീരുമാനിക്കപ്പെട്ട ഒരു കാര്യവുമത്രെ.(19:21)
അങ്ങനെ അവനെ അവൾ ഗര്‍ഭം ധരിച്ചു.
അതുമായി അവൾ അകലെ ഒറ്റക്കൊരിടത്ത് മാറിത്താമസിച്ചു.(19:22)
പ്രസവവേദന അവളെയൊരു ഈന്തമരച്ചുവട്ടിലേക്ക് നയിച്ചു.
അവൾ പറഞ്ഞു: ‘അയ്യോ, ഞാൻ ഇതിനു മുമ്പേ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍!
തീരെ വിസ്മരിക്കപ്പെട്ട ഒന്നായി ഞാൻ തീരുകയും ചെയ്തെങ്കിൽ!’ (19:23)
അപ്പോള്‍ താഴ്ഭാഗത്തുനിന്ന് അവളോട് വിളിച്ചുപറഞ്ഞു:
‘നീ ദുഃഖിക്കേണ്ട. നിന്റെ നാഥന്‍ നിന്റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കിയിട്ടുണ്ട്. (19:24)
‘നീ ആ ഈന്തപ്പന മരമൊന്നു പിടിച്ചു കുലുക്കുക;
അത് നിനക്ക് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരും’.(19:25)
‘അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക;
എന്നാൽ മനുഷ്യരിൽ ആരെയെങ്കിലും നീ കണ്ടാൽ പറയുക:
പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്;
അതുകൊണ്ട് ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല.’(19:26)
അങ്ങനെ അവനെ എടുത്തു]കൊണ്ടു അവള്‍ തന്റെ ജനങ്ങളുടെ അടുക്കല്‍ ചെന്നു.
അവര്‍ പറഞ്ഞു: ‘ഹേ മറിയമേ! ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്.’ (19:27)
‘അല്ലയോ അഹറോന്റെ സഹോദരീ, നിന്റെ പിതാവു ഒരു ചീത്ത മനുഷ്യനായിരുന്നില്ല;
നിന്റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല’ (19:28)
അപ്പോള്‍ അവള്‍ തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി.
അവര്‍ ചോദിച്ചു: ‘തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?’(19:29)
അവൻ (കുഞ്ഞ്) പറഞ്ഞു: ‘തീർച്ചയായും ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു;
അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കിയിരിക്കുന്നു;
എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.’(19:30)
‘ഞാന്‍ എവിടെയായിരുന്നാലും അവന്‍ എന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു;
ഞാന്‍ ഞാൻ ജീവിക്കുന്ന കാലമത്രയും നമസ്കാരവും സക്കാത്തും നിർവഹിക്കാൻ എന്നോട് അനുശാസിക്കുകയൂം ചെയ്തിരിക്കുന്നു;(19:31)
എന്റെ മാതാവിനോട് കരുണയുള്ളവനും ആക്കി;
അവനെന്നെ ക്രൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല.’(19:32)
‘ഞാൻ ജനിച്ച നാളും ഞാൻ മരിക്കുന്ന നാളും എന്നെ ജീവനോടെ വീണ്ടും ഉയർത്തപ്പെടുന്ന നാളും എന്റെ മേല്‍ ശാന്തി ഉണ്ടായിരിക്കും.’ (19:33)
അതാണ് മറിയത്തിന്റെ പുത്രനായ യേശു.
അവര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിലുള്ള സത്യസന്ധമായ വിവരണമാണിത്.(19:34)
പുത്രനെ സ്വീകരിക്കുകയെന്നത് അല്ലാഹുവിനു ചേര്‍ന്നതല്ല.
അവനെത്ര പരിശുദ്ധന്‍.
അവനൊരു കാര്യം തീരുമാനിച്ചാല്‍ അതിനോട് ‘ഉണ്ടാവുക’ എന്ന വചനമേ വേണ്ടൂ.
അതോടെ അതുണ്ടാവുന്നു. (19:35)
(യേശു പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും ആകുന്നു.
അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക; ഇതത്രെ നേരെയുള്ള മാര്‍ഗം.(19:36)
എന്നാൽ അവരിൽപെട്ട കക്ഷികൾ തമ്മിൽ ഭിന്നിച്ചു.
അവിശ്വസിച്ചവര്‍ക്കു ആ ഭയങ്കരനാള്‍ ദൃശ്യമാകുമ്പോള്‍ മഹാ നാശമായിരിക്കും.(19:37)
അവര്‍ നമ്മുടെ അടുക്കൽ വരുന്ന ദിനം; അവര്‍ക്ക് എന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും!
എന്നാൽ ഇന്ന് അക്രമികൾ വ്യക്തമായ വഴികേടിലാകുന്നു.(19:38)
ഖേദത്തിന്റെ ദിനത്തെക്കുറിച്ച് അവര്‍ക്ക് നീ മുന്നറിയിപ്പു നല്‍കുക.
കാര്യം അന്തിമമായി തീരുമാനിക്കപ്പെടുന്ന ദിനമത്രെയത്.
അവരാകട്ടെ, അശ്രദ്ധയിലാണ്; അവര്‍ വിശ്വസിക്കുന്നുമില്ല.(19:39)
തീര്‍ച്ചയായും നാമാണ് ഭൂമിയെയും അതിലുള്ളവരേയും അനന്തരമെടുക്കുന്നതു;
നമ്മുടെ അടുത്തേക്ക് തന്നെ അവർ മടക്കപ്പെടുകയും ചെയ്യും.”(19:40)
(ഖുര്‍ആന്‍ 19:16-40)