മുഹമ്മദ് നബി ﷺ യെ കുറിച്ച് ബൈബിള്‍ എന്ത് പറയുന്നു

By Shabir Ally

Last Update: 2022 December 06

ബൈബിള്‍ അനുസരിച്ച്, ദൈവം മോശെ പ്രവാചകനോട് പറഞ്ഞു:

“അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്ന് നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കുവേണ്ടി എഴുന്നേല്‍പ്പിക്കും; ഞാന്‍ എന്റെ വചനങ്ങള്‍ അവന്റെ വായില്‍ വെക്കും; ഞാന്‍ അവനോട് കല്പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും.” (ബൈബിള്‍, ആവര്‍ത്തനം 18:18).

മേല്‍പ്പറഞ്ഞ വാക്യത്തില്‍ വിവരിച്ച പ്രവാചകന് ഇനിപ്പറയുന്ന മൂന്ന് സ്വഭാവസവിശേഷതകള്‍ ഉണ്ടായിരിക്കണം:

  1. അവന്‍ മോശയെപ്പോലെയായിരിക്കും.
  2. അവന്‍ ഇസ്രായേല്‍ക്കാരുടെ സഹോദരന്മാരില്‍ നിന്ന്, അഥവാ ഇസ്‍മാഈല്യരില്‍ നിന്ന് വരും.
  3. ദൈവം തന്റെ വചനങ്ങള്‍ ആ പ്രവാചകന്റെ വായില്‍ വെക്കുകയും ദൈവം തന്നോട് കല്പിച്ച കാര്യങ്ങള്‍ അവന്‍ പ്രഖ്യാപിക്കുകയും ചെയ്യും.

 ദൈവം ഏത് പ്രവാചകനെക്കുറിച്ചാണ് ഇവിടെ സംസാരിച്ചതെന്ന് പരിശോധിച്ചു നോക്കാം.

1. മോശയെപ്പോലെയുളള പ്രവാചകന്‍

ഈ പ്രവചനം പ്രവാചകനായ യേശുവിനെയാണ് സൂചിപ്പിക്കുന്നതെന്ന് ചിലര്‍ കരുതുന്നു. യേശു യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ ഒരു പ്രവാചകനായിരുന്നുവെങ്കിലും, ആവര്‍ത്തന പുസ്തകത്തില്‍ പ്രവചിച്ച പ്രവാചകനല്ല അദ്ദേഹം. യേശു അത്ഭുതകരമായി ജനിച്ചു, ഒടുവില്‍, ദൈവം അദ്ദേഹത്തെ അത്ഭുതകരമായി ഉയര്‍ത്തി. മറുവശത്ത്, മുഹമ്മദ് നബി(സ) മോശയെപ്പോലെയാണ്; രണ്ടുപേരും സ്വാഭാവികമായ രീതിയില്‍ ജനിക്കുകയും ഇരുവരും സ്വാഭാവികമായി മരണപ്പെടുകയും ചെയ്തു.

2. ഇസ്‍മാഈല്യരുടെ ഇടയില്‍ നിന്ന്

അബ്രഹാമിന് രണ്ട് ആണ്‍മക്കള്‍ ഉണ്ടായിരുന്നു, ഇസ്‍മാഈല്‍, ഇസഹാക്ക് (ഉല്‍പത്തി, അധ്യായം 21). ഇസ്‍മാഈല്‍ അറബ് വംശത്തിന്റെ പിതാമഹനായി, ഇസ്‍ഹാഖ് യഹൂദി വംശത്തിന്റെ പ്രപിതാവും. പ്രവചനത്തില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍ യഹൂദരുടെ ഇടയില്‍ നിന്നല്ല, അവരുടെ സഹോദരന്മാരായ ഇസ്‍മാഈല്യരുടെ ഇടയില്‍ നിന്നാണ് വരുന്നത്. ഇസ്മാഈലിന്റെ പിന്‍ഗാമിയായ മുഹമ്മദ് നബി(സ) തീര്‍ച്ചയായും ആ പ്രവാചകനാണെന്ന് വംശാപരമായ ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും.

3. ദൈവം അവന്റെ വചനങ്ങള്‍ അവന്റെ വായില്‍ വെക്കും

“വെളിപാടിന്റെ ഉള്ളടക്കമോ രൂപമോ മുഹമ്മദിന്റെ ആസൂത്രണത്തില്‍ പെട്ടതായിരുന്നില്ല. രണ്ടും ദൂതനായ മലക്ക് നല്‍കിയതാണ്, മുഹമ്മദിന്റെ കര്‍ത്തവ്യം താന്‍ കേട്ടത് ആവര്‍ത്തിക്കുക മാത്രമായിരുന്നു.'' (World Religions from Ancient History to the Present, by Geoffrey Parrinder, p. 472)

ജനങ്ങളോട് ആവര്‍ത്തിക്കേണ്ട കൃത്യമായ വചനങ്ങള്‍ മുഹമ്മദിനെ പഠിപ്പിക്കാന്‍ ദൈവം ദൂതനായ ജിബ്രീലിനെ ഏല്‍പിച്ചു. അതുകൊണ്ട് ആ വചനങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തമല്ല; അവ അദ്ദേഹത്തിന്റെ സ്വന്തം ചിന്തകളില്‍ നിന്ന് ഉത്ഭവിച്ചതല്ല, ദൂതന്‍ അവന്റെ വായില്‍ ഇട്ടുകൊടുത്തതാണ്. അവയെല്ലാം ദൈവത്തില്‍ നിന്ന് വന്നതുപോലെതന്നെ ഓരോ വാക്കും പദമായി ക്വുര്‍ആനില്‍ രേഖപ്പെടുത്തുകയും ചെയ്തു.

അതുകൊണ്ട് ആ പ്രവാചകനെ നമ്മള്‍ ഇനി ശ്രവിക്കണം, കാരണം ബൈബിള്‍ അനുസരിച്ച് ദൈവം പറയുന്നു: "അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍ യാതൊരുത്തനെങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോട് ഞാന്‍ ചോദിക്കും." (ബൈബിള്‍, ആവര്‍ത്തനം 18:19).


ആശയവിവര്‍ത്തനം: നാസ്വിഹ് അബ്‍ദുല്‍ബാരി

0
0
0
s2sdefault