Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്രൈസ്തവത

CHRISTIANITY

യേശുവിന്റെ ശിഷ്യന്‍മാര്‍

അമാനി മൌലവി(റഹി)

Last Update: 2023 March 04, 12 Shaʻban, 1444 AH

“ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിത്തീരുവിന്‍; മര്‍യമിന്റെ മകന്‍ ഈസാ 'ഹവാരി'കളോടു; 'അല്ലാഹുവിങ്കലേക്കുള്ള (മാര്‍ഗത്തില്‍) എന്റെ സഹായികള്‍ ആരാണ് എന്നു പറഞ്ഞതുപോലെ; 'ഹവാരി'കള്‍ പറഞ്ഞു: 'ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്' എന്ന്‍. [ഇതുപോലെ നിങ്ങളും ആയിരിക്കുവിന്‍.] എന്നിട്ട്, ഇസ്രാഈല്‍ സന്തതികളില്‍ നിന്നുള്ള ഒരു വിഭാഗം വിശ്വസിച്ചു: ഒരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. അപ്പോള്‍, വിശ്വസിച്ചവര്‍ക്കു അവരുടെ ശത്രുവിന്നെതിരെ നാം ബലം നല്‍കി; അങ്ങനെ അവര്‍ (വിജയം നേടി) പ്രത്യക്ഷരായിത്തീര്‍ന്നു..” (സ്വഫ്ഫ് 14)

‘ഹവാരി’കള്‍ എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം എന്താണെന്നു അല്ലാഹുവിനറിയാം. ‘വസ്ത്രം അലക്കുന്നവര്‍, ഹൃദയം ശുദ്ധീകരിക്കുന്നവര്‍, വേട്ടക്കാര്‍’ എന്നിങ്ങിനെയുള്ള ചില അര്‍ത്ഥങ്ങളും, ആ പേരു വരാനുള്ള ചില കാരണങ്ങളും പലരും പറഞ്ഞു കാണുന്നു. ഒന്നും തിട്ടപ്പെടുത്തുവാന്‍ തെളിവില്ല. ഏതായാലും ഈസാ (അ)ന്റെ പ്രധാന ശിഷ്യഗണങ്ങളായ പന്ത്രണ്ടുപേരെ ഉദ്ദേശിച്ചാണ് ഈ വാക്കു ഉപയോഗിക്കപ്പെടുന്നതു എന്നതില്‍ തര്‍ക്കമില്ല. ഇവര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രബോധനം അതിവിദൂര രാജ്യങ്ങളിലെല്ലാം എത്തിക്കഴിഞ്ഞത്. അതുകൊണ്ട് ഈസാ (അ)ന്റെ ദൂതന്‍മാര്‍ എന്നു ഈ വാക്കിനു വിവക്ഷ നല്കപ്പെടുന്നു. ഇവരെക്കുറിച്ചാണ് ‘അപ്പോസ്തലന്മാര്‍’ (Apostles) എന്നു പറയപ്പെടുന്നത്.

ഈസാ നബി (അ) ജനങ്ങളെ സത്യവിശ്വാസത്തിലേക്കു ക്ഷണിച്ചുകൊണ്ടു ചെയ്ത പ്രസ്താവനകള്‍ ഉദ്ധരിച്ച ശേഷം സൂഃ ആലുഇംറാനില്‍ അല്ലാഹു പറയുന്നു: “എന്നിട്ടു, ഈസാക്ക് അവരില്‍നിന്നു അവിശ്വാസം അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ആരാണു അല്ലാഹുവിങ്കലേക്കുള്ള എന്റെ സഹായികള്‍?’ ‘ഹവാരികള്‍’ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്, ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വാസിച്ചിരിക്കുന്നു; ഞങ്ങള്‍ മുസ്‌ലിംകളാണെന്നു താങ്കള്‍ സാക്ഷ്യം വഹിച്ചുകൊള്ളുക.’” (ആലുഇംറാന്‍: 52).

എന്നാല്‍, ഈസാ (عليه السلام) നബിയുടെ ദൗത്യം ഇസ്രാഈല്യരില്‍ ഒരു വിഭാഗം ആളുകള്‍ സ്വീകരിച്ചുവെങ്കിലും ഒരു വിഭാഗം ആളുകള്‍ ഇവരാണ് -യഹൂദികള്‍- നിഷേധിക്കയാണുണ്ടായത്. വിശ്വസിച്ചവര്‍ അല്ലാഹുവിന്റെ സഹായത്തിനും, അനുഗ്രഹത്തിനും പാത്രമായി. ആത്മീയശക്തി നല്‍കി അല്ലാഹു അവരെ ബലപ്പെടുത്തുകയും എതിരാളികളെ പരാജയപ്പെടുത്തി അവര്‍ക്കു വിജയം നല്‍കുകയും ചെയ്തു.

“'ഞങ്ങള്‍ 'നസ്രാനി'കളാണെന്നു പറയുന്നവരില്‍ [ക്രിസ്ത്യാനികളില്‍] നിന്നും (തന്നെ) നാം അവരുടെ ഉറപ്പു വാങ്ങിയിരിക്കുന്നു. എന്നിട്ട്, അവര്‍ക്കു ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്നു ഒരു (വലിയ) ഭാഗം അവർ മറന്നു കളഞ്ഞു. അങ്ങനെ, അവര്‍ക്കിടയില്‍ ക്വിയാമത്തു നാള്‍വരേക്കും നാം ശത്രുതയും, വിദ്വേഷവും ഇളക്കിവിട്ടു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി വഴിയെ അല്ലാഹു അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും.” (മാഇദഃ 14)

യഹൂദികളില്‍നിന്നു മാത്രമല്ല, ക്രിസ്ത്യാനികളില്‍ നിന്നും തന്നെ തങ്ങള്‍ അല്ലാഹുവിന്റെ കല്‍പനകള്‍ പാലിച്ചുകൊള്ളാമെന്ന് അല്ലാഹു കരാര്‍ വാങ്ങുകയുണ്ടായിട്ടുണ്ടെന്നും, അവരും ആ കരാര്‍ വേണ്ടതുപോലെ പാലിച്ചില്ലെന്നും, അതിന്‍ ഫലമായി അവര്‍ക്കിടയില്‍ കാലാവസാനംവരെ നീണ്ടു നില്‍ക്കുന്ന ശത്രുതയും വിദ്വേഷവും ഉണ്ടായിത്തീര്‍ന്നുവെന്നും, അവരുടെ പ്രവര്‍ത്തനങ്ങളുടെ ശരിയായ പ്രതിഫലം അവര്‍ വഴിയെ അനുഭവിക്കുവാനിരിക്കുന്നുവെന്നുമാണ് ഈ വചനത്തില്‍ അല്ലാഹു പറഞ്ഞതിന്റെ ചുരുക്കം.

ക്രിസ്ത്യാനികളെപ്പറ്റി സാധാരണമായി നസ്വാറാ (നസ്വ്‌റാനികള്‍) എന്നാണു പറയെപ്പടാറുണ്ട്. ഈ പേരിന്റെ ഉത്ഭവത്തെപ്പറ്റി രണ്ടഭിപ്രായങ്ങള്‍ പറയപ്പെടുന്നു. ഈസാ (അ) വളര്‍ന്നു വന്ന രാജ്യമായ നസ്വ്‌റത്തിനോടു (ഫലസ്തീനിലെ ഗലീലിയ തടാകത്തിന്റെ ഏതാണ്ടു തെക്കുവശം ഏകദേശം 14 നാഴികെ ദൂരെയാണു നസേറത്ത് എന്ന നാസിരിയ്യ (Nazereth) പട്ടണം.) ബന്ധപ്പെടുത്തിക്കൊണ്ടുണ്ടായ പേരാണെന്നത്രെ ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പൊതുവെ ക്രിസ്ത്യാനികളും പറയുന്നത്. ഈ പേര്‍ വാസ്തവത്തില്‍ ക്രിസ്ത്യാനികള്‍ തങ്ങള്‍ക്ക് സ്വയം തൃപ്തിപ്പെട്ട പേരായിരിക്കുവാന്‍ ന്യായമില്ല. കാരണം, അവരുടെ ശത്രുക്കള്‍ അവരെ നിന്ദിച്ചുകൊണ്ടു ചിലപ്പോള്‍ ‘ഗലീലക്കാര്‍’ എന്നും ചിലപ്പോള്‍ ‘നസ്രായ മതക്കാര്‍’ എന്നും പറയാറുണ്ടായിരുന്നതായി ബൈബ്‌ളില്‍ കാണാം. (ലൂക്കോസ് 13:3 ഉം അപ്പോ. പ്രവൃത്തികള്‍ 24:5 ഉം നോക്കുക) ഈസാ (അ)ന്റെ സ്വദേശമായ നസാറത്തിനോടു ബന്ധപ്പെടുത്തിക്കൊണ്ടാണു നസ്വറായ മതക്കാര്‍ എന്നു പറയുന്നതു. ആ ദേശം ഉള്‍കൊള്ളുന്ന ജില്ലയാണു ഗലീലാ. അതോടുകൂടി, നസറേത്ത് എന്ന ദേശത്തിനു മുന്‍കാലത്തു ഒരു വിശേഷതയും ഉണ്ടായിരുന്നില്ലെന്നും, പില്‍ക്കാലത്തുമാത്രം ക്രിസ്ത്യാനികള്‍ അങ്ങോട്ടു പുണ്യയാത്ര പോകാന്‍ തുടങ്ങിയതാണെന്നും വേദപുസ്തക നിഘണ്ടുവും പറയുന്നു. എന്നിരിക്കെ, നസറേത്തുമായി ബന്ധപ്പെട്ടവരെന്ന അര്‍ത്ഥത്തില്‍ ഈ പേര്‍ ക്രിസ്ത്യാനികള്‍ സ്വയം സ്വീകരിച്ചതോ അവര്‍ തങ്ങള്‍ക്കു തൃപ്തിപ്പെട്ടതോ ആവാന്‍ തരമില്ല. കവിഞ്ഞപക്ഷം, ക്രമേണ ആ പേരില്‍ അവര്‍ അറിയപ്പെട്ടുവെന്നു വെക്കുവാനേ തരമുള്ളൂ.

രണ്ടാമത്തെ അഭിപ്രായം ഇതാണു: ‘ഹവാരി’കള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈസാ (അ) നബിയുടെ ശിഷ്യഗണത്തോടു (അല്ലാഹുവിങ്കലേക്കു എന്റെ സഹായികള്‍ ആരാണു?) എന്നു അദ്ദേഹം ചോദിച്ചതായും, (ഞങ്ങള്‍ അല്ലാഹുവിന്റെ – അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്കുള്ള – സഹായികളാണു) എന്നു അവര്‍ മറുപടി പറഞ്ഞതായും അല്ലാഹു (3:52ല്‍) പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇതിനെ അടിസ്ഥാനമാക്കി സഹായം എന്ന അര്‍ത്ഥത്തിലുള്ള നുസ്വ്‌റത്ത് എന്ന വാക്കില്‍ നിന്നാണു ‘നസ്വ്‌റാനി’കള്‍ (നസ്വാറാ) എന്ന പേര്‍ ഉത്ഭവിച്ചതു. ഈ അഭിപ്രായമാണ് പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളതു. ഇതനുസരിച്ചു ഈ പേര്‍ ക്രിസ്ത്യാനികള്‍ സ്വയം സ്വീകരിച്ചതും തൃപ്തിപ്പെട്ടതും ആയിരിക്കുവാന്‍ ന്യായമുണ്ട്.

ക്രിസ്ത്യാനികളെപ്പറ്റി നസ്വാറാ (നസ്വ്‌റാനികള്‍) എന്നല്ലാതെ, ക്രിസ്ത്യാനികള്‍ എന്നു നേര്‍ക്കുനേരെ അര്‍ത്ഥമായ മസീഹിയ്യൂന്‍ എന്നോ മറ്റോ ക്വുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടിട്ടില്ല. വാസ്തവത്തില്‍ ഈ പേരും തന്നെ ക്രിസ്ത്യാനികള്‍ തങ്ങള്‍ക്ക് ആദ്യം സ്വീകരിച്ചു വന്നതല്ല. ആദ്യകാല ക്രിസ്ത്യാനികള്‍ തങ്ങളെപ്പറ്റി ‘ശിഷ്യന്മാര്‍, സഹോദരന്മാര്‍, വിശുദ്ധന്മാര്‍, വിശ്വാസികള്‍’ എന്നൊക്കെയായിരുന്നു പറഞ്ഞുവന്നിരുന്നത്. കുറേ കഴിഞ്ഞപ്പോള്‍ അന്താക്കിയ (അന്തിയോക്കിയ) യിലെ ജനങ്ങളാണ് പരിഹാസ രൂപത്തില്‍ അവരെപ്പറ്റി ഈ പേര്‍ ഉപയോഗിച്ചത്. എങ്കിലും, ‘മസീഹ്’ എന്ന ക്രിസ്തുവിന്റെ (ഈസാ നബിയുടെ) നാമത്തോടു ബന്ധപ്പെട്ട പേരാണ് അതെന്ന നിലക്കു ആ പേര്‍ തങ്ങള്‍ക്കു യുക്തമാണെന്നു അവര്‍ക്കു തോന്നി. അങ്ങിനെ ക്രിസ്താബ്ദം 150 നു ശേഷം ക്രമേണ ആ പേര്‍ പ്രസിദ്ധമായിത്തീര്‍ന്നു. (വേ. പു. നിഘണ്ടു പേ. 114) അഭിഷേകം ചെയ്യപ്പെട്ട ആള്‍ എന്നാണ് എന്ന വാക്കിനര്‍ത്ഥം. ഇതേ അര്‍ത്ഥത്തില്‍ ഹിബ്രു ഭാഷയില്‍ മശീഹാ എന്നും, യവന (ഗ്രീക്ക്) ഭാഷയില്‍ ക്രിസ്തു (Christ) എന്നും പറയപ്പെടുന്നു. യവന വാക്കില്‍ നിന്നാണ് ഈ പേര്‍ പ്രചരിച്ചത്.

ക്രിസ്ത്യാനികള്‍ അവരുടെ കരാര്‍ പാലിക്കാതെ, അവര്‍ ഉല്‍ബോധനം ചെയ്യപ്പെട്ട കാര്യങ്ങളില്‍ വലിയൊരു ഭാഗം വിസ്മരിച്ചു കളഞ്ഞുവെന്നും, അതുനിമിത്തം ക്വിയാമത്തു നാള്‍വരേക്കും അവര്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും അല്ലാഹു ഉളവാക്കിയിരിക്കുന്നുവെന്നും അല്ലാഹു പറഞ്ഞുവല്ലോ. വാസ്തവത്തില്‍, ക്രിസ്ത്യാനികളെപ്പോലെ അത്രയധികം ഭിന്നിപ്പും ശത്രുതയും നിലവിലുള്ള ഒരു മതക്കാരെ വേറെ ലോകത്തു കാണുകയില്ല. അല്ലാഹുവിനെയും, ഈസാ (അ) നബിയെയും സംബന്ധിച്ച പരസ്പര വിരുദ്ധമായ സിദ്ധാന്തങ്ങളുടെയും, വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തില്‍ നൂറുക്കണക്കില്‍ കക്ഷികള്‍ ക്രിസ്ത്യാനികളിലുണ്ട്. പ്രധാന കക്ഷികള്‍ക്കെല്ലാം തന്നെ, പള്ളിയും, സഭയും, മതാദ്ധ്യക്ഷന്മാരും വേറെ വേറെയാണ്. കക്ഷികള്‍ തമ്മത്തമ്മില്‍ വിവാഹം കഴിക്കുകയോ, ആരാധനകളില്‍ പങ്കുചേരുകയോ ഇല്ല. ഓരോ കക്ഷിയും മറ്റേവരെ അവിശ്വാസികളായി കണക്കാക്കുന്നു. മതപരവും അല്ലാത്തതുമായ കാരണങ്ങളാല്‍ എത്രയോ രക്തച്ചൊരിച്ചിലുകളും സംഘട്ടനങ്ങളും അവര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. കാലാനുസൃതമായ ചില നീക്കുപോക്കുകള്‍ ഉണ്ടാകാറുള്ളതല്ലാതെ, കക്ഷികള്‍ തമ്മിലുള്ള അകല്‍ച്ചക്കും ഭിന്നതക്കും ഒരു മാറ്റവും ഇന്നുവരെ ഉണ്ടായിട്ടില്ല. ഉണ്ടാവാന്‍ അവകാശവുമില്ല. എനി, ക്രിസ്ത്യാനികളും യഹൂദികളും തമ്മിലുള്ള അവസ്ഥയാകട്ടെ ഇതിനെക്കാള്‍ കഠിനവും ശക്തവുമാകുന്നു. മുന്‍കാലം തൊട്ട് ഇന്നുവരെയും അവര്‍ തമ്മില്‍ കഠിന ശത്രുക്കള്‍ തന്നെ. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കപ്പെടുകയും, മതസിദ്ധാന്തങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്തു ചിലപ്പോഴെല്ലാം മുസ്‌ലിംകള്‍ക്കെതിരില്‍ അവര്‍ യോജിച്ചു പോയേക്കുമെങ്കിലും ഇരുകൂട്ടരുടെയും ഹൃദയങ്ങള്‍ പരസ്പരം ശത്രുത നിറഞ്ഞതായിത്തന്നെ ഇരിക്കുന്നു. യഥാര്‍ത്ഥത്തില്‍, മുസ്‌ലിംകളോടുള്ളതിനെക്കാള്‍ വെറുപ്പും വിദ്വേഷവുമാണു ക്രിസ്ത്യാനികള്‍ക്കു യഹൂദികളോടുള്ളത്.


അവലംബം: സൂറഃ അല്‍മാഇദഃ, സൂറഃ അസ്വഫ്ഫ് വ്യാഖ്യാനങ്ങളില്‍ നിന്നും സംഗ്രഹിച്ചത്

0
0
0
s2sdefault

ക്രൈസ്തവത - മറ്റു ലേഖനങ്ങൾ