മരണത്തിന് ശേഷം എന്താണ് സംഭവിക്കുക?
Compiled by: Editorial
Last Update: 2017 December 06
ജീവിതത്തിലെ അനിഷേധ്യമായ ചില വസ്തുതകളിൽ ഒന്നാണ് മരണം. വിശ്വാസമോ വംശമോ പദവിയോ പ്രായമോ പരിഗണിക്കാതെതന്നെ നാമെല്ലാവരും മരിക്കും. മരണത്തിന്റെ ഉറപ്പ് സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കെ, മരണശേഷം എന്ത് സംഭവിക്കും എന്ന ചോദ്യം ചരിത്രത്തിലുടനീളം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഒരാളുടെ ജീവിതം ഭൂമിയിൽ അവസാനിക്കുന്നില്ല എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മറിച്ച് മരണത്തിന് ശേഷം അയാളെ പിന്തുടരുന്നത് പരലോക ജീവിതമാണ്. ഈ വിശ്വാസം നമ്മുടെ ഇഹലോക ജീവിതത്തിൽ എങ്ങനെ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്, അതോടൊപ്പം ദൈവത്തിന്റെ ആത്യന്തിക നീതി നിലനിൽക്കുന്ന ഒരു സമ്പൂർണ്ണ ലോകത്തിൽ പ്രത്യാശ അര്‍പ്പിച്ച് സമാധാനം കൈവരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്നും അറിഞ്ഞിരിക്കേണ്ടതു തന്നെ.
ഏതൊരാളും മരണം ആസ്വദിക്കും എന്നറിഞ്ഞിട്ടും അതിനെക്കുറിച്ച് മറക്കും വിധമാണ് മനുഷ്യര്‍ ജീവിതത്തിൽ മുഴുകിയിരിക്കുന്നത്. നമ്മുടെ ദൈനംദിന ദിനചര്യകൾ, നമ്മുടെ വീടുകളുടെ സുഖസൗകര്യങ്ങൾ, ബന്ധങ്ങൾ എന്നിവ നമ്മെ വളരെ തിരക്കുള്ളവരാക്കി നിർത്തിയിരിക്കുന്നു, ഈ ലോകത്തിന്റെ ക്ഷണികമായ സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാൻ പലപ്പോഴും കുറച്ച് സമയമേ ബാക്കിയാകാറുളളൂ. പ്രിയപ്പെട്ട ഒരാൾ ബലക്ഷയം വരുത്തുന്ന രോഗത്താൽ പരീക്ഷിക്കപ്പെടുമ്പോഴോ, അല്ലെങ്കില്‍ നടുക്കുന്ന നഷ്ടം ജീവിതത്തില്‍ അനുഭവിക്കുമ്പോഴോ ആയിരിക്കും നമ്മുടെ അസ്തിത്വത്തിന്റെ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ അയാള്‍ നിർബന്ധിതരാകുന്നത്. ആയുസ്സിന്റെ ദുർബ്ബലതയാൽ നിസ്സഹായരായി പോകുന്ന ഈ അവസ്ഥയിലായിരിക്കും കൂടുതല്‍ ആളുകളും അവരുടെ മുൻഗണനകളെ ചോദ്യം ചെയ്യാനും ജീവിതരീതികളെ പുനർമൂല്യനിർണയം നടത്താനും മുമ്പോട്ട് വരിക.
ഒരു ആപത്ത് ബാധിക്കുമ്പോൾ അയാള്‍ ഇങ്ങനെ പറയണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്, "ഞങ്ങള്‍ അല്ലാഹുവിനുള്ളവരാണ്; ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാകുന്നു." (ക്വുര്‍ആന്‍ 2:156). ആരുടെയെങ്കിലും മരണവാര്‍ത്ത കേട്ടാല്‍ ഈ പ്രാർത്ഥന ചൊല്ലാനാണ് പ്രവാചകന് പഠിപ്പിച്ചിട്ടുളളത്. നമ്മുടെ ജീവിതം ആരംഭിച്ചത് എവിടെനിന്നാണെന്നും ആത്യന്തികമായ നമ്മുടെ വിധി എന്തായിരിക്കും എന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു, തന്നെ ആരാധിക്കുന്നതിനുവേണ്ടിയാണ് മനുഷ്യരാശിയെ ദൈവം സൃഷ്ടിച്ചത്, ഇത് എല്ലാ മനുഷ്യർക്കുമുളള ദൈവിക വെളിപ്പെടുത്തലായി ക്വുർആന്‍ പ്രസ്താവിക്കുന്ന മുഖ്യവിഷയമാണ്. ആരാധന ഇസ്ലാമിലെ ഒരു സമഗ്രമായ ആശയമായതിനാൽ, പ്രത്യേക ആചാരങ്ങളും നന്മയെ പ്രോത്സാഹിപ്പിക്കുന്ന പൊതുവായ പ്രവർത്തനങ്ങളും അതില്‍ ഉൾക്കൊള്ളുന്നതിനാൽ, അവരുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ദൈവബോധത്തോടെ നടത്താൻ ഇത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മരണത്തോടെ തങ്ങൾ ദൈവത്തിലേക്ക് (അറബിയിൽ അല്ലാഹുവിലേക്ക്) മടങ്ങിചെല്ലേണ്ടവരാണെന്ന് മുസ്ലിംകള് വിശ്വസിക്കുന്നത്. അതിനാൽ, അവസാനത്തിനുപകരം, മരണം നിത്യതയിലേക്ക് നീളുന്ന ജീവിതത്തിന്റെ ഒരു തുടർച്ചയുടെ ഭാഗമാണ്.
ഈ ജീവിതത്തിനപ്പുറം - പരലോകം
മരണശേഷം എന്ത് സംഭവിക്കും? ഈ ജീവിതത്തിനപ്പുറം ഒരു ലോകം നിലനിൽക്കുന്നുണ്ടോ? സ്വർഗ്ഗം നരകം എന്നൊക്കെയുള്ള ഒരു സ്ഥലമുണ്ടോ? ഇടയ്ക്കിടെ നമ്മൾ ചോദിക്കുന്ന സാധാരണ ചോദ്യങ്ങളാണിവ.
മനുഷ്യരെ കൊല്ലാൻ വിവിധ മാർഗങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. എന്നാല്‍, സാങ്കേതികവും വൈദ്യശാസ്ത്രപരവുമായ എണ്ണമറ്റ പുരോഗതികൾ ഉണ്ടായിട്ടും ഒരു വ്യക്തി മരിക്കുന്നത് തടയാൻ നമുക്ക് ഇപ്പോഴും കഴിയുന്നില്ല. കൂടാതെ, നിത്യജീവിതത്തിൽനിന്നും വ്യത്യസ്തമായി, മരണാനന്തര ജീവിതത്തെക്കുറിച്ച് നമുക്ക് നേരിട്ട് അറിവില്ല. മരണത്തോടടുത്തുള്ള ചില സംഭവങ്ങൾ മാറ്റിനിർത്തിയാൽ, അവർ കണ്ടുമുട്ടിയതെന്തെന്ന് ഞങ്ങളോട് പറയാൻ ആരും മരിച്ചവരിൽ നിന്ന് തിരിച്ചെത്തിയിട്ടില്ല.
ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും അതിനെ പരിപാലിച്ചു നിലനിർത്തുകയും ചെയ്തവനായ ഏക ദൈവത്തിലുള്ള വിശ്വാസം കാരണമാണ് മനുഷ്യനേത്രങ്ങൾക്ക് അദൃശ്യമായ മരണാനന്തരജീവിതത്തിന്റെ അറിവുകള്‍ക്കായി മുസ്ലിംകൾ സ്രഷ്ടാവിന്റെ മാർഗനിർദേശത്തെ ആശ്രയിക്കുന്നത്. ഈ ദൈവിക മാർഗദര്‍ശനത്തിൽ പ്രവാചകാധ്യാപനങ്ങളും ദിവ്യവെളിപാടുകളും ഉൾപ്പെടും. ആദം, നൂഹ്, അബ്രഹാം, മോശ, യേശു തുടങ്ങി അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ) വരെയുളള പ്രവാചകന്മാരെ മനുഷ്യരാശിയെ നയിക്കാനാണ് ദൈവം നിയോഗിച്ചത്. മാത്രമല്ല, തൌറാത്ത്, സബൂര്‍, ഇഞ്ചീല്‍, ക്വുര്‍ആൻ എന്നിവയുൾപ്പെടെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളും ദൈവം പ്രവാചകന്മാരിലൂടെ അവതരിപ്പിച്ചു.
ദൈവിക സന്ദേശത്തിന് അനുസൃതമായി, മരണാനന്തര ജീവിതത്തിന്റെ ഉറപ്പിനെക്കുറിച്ച് ഓരോ പ്രവാചകനും മുന്നറിയിപ്പ് നൽകി, ഓരോ ദൈവിക ഗ്രന്ഥങ്ങളും ആത്മാവിന്റെ അസ്തിത്വത്തെക്കുറിച്ചും സംസാരിച്ചു. ക്വുര്‍ആനിലൂടെ അല്ലാഹു വാഗ്ദാനം ചെയ്തു “എല്ലാ ആത്മാവും മരണം ആസ്വദിക്കും. പിന്നീട് നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും'' (ക്വുര്‍ആന്‍ 29:57).
ന്യായവിധിയുടെ നാളിൽ ഓരോ വ്യക്തിയും അവരുടെ ജീവിതത്തിന് കണക്ക് നൽകാൻ ഉയിർത്തെഴുന്നേൽക്കും. ഈ സംഭവം ക്വുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു: “അന്നത്തെ ദിവസം, തങ്ങളുടെ പ്രവര്‍ത്തന ഫലങ്ങള്‍ തങ്ങള്‍ക്ക് കാട്ടിക്കൊടുക്കപ്പെടുവാനായി മനുഷ്യര്‍ ഭിന്നസംഘങ്ങളായി രംഗത്ത് വരുന്നതാണ്. അപ്പോള്‍, ആര് ഒരു അണുത്തൂക്കം നന്മ പ്രവര്‍ത്തിച്ചിരുന്നുവോ അവന് അതും കാണും. ആര്, ഒരു അണുത്തൂക്കം തിന്മ പ്രവര്‍ത്തിച്ചിരുന്നുവോ അവന് അതും കാണും.” (ക്വുര്‍ആന്‍ 99:6-8).
ദൈവം തന്റെ കരുണക്കും നീതിക്കും അനുസൃതമായി എല്ലാവരുടെയും നല്ലതും ചീത്തയുമായ പ്രവൃത്തികൾ തൂക്കിനോക്കും, അനേകം പാപങ്ങൾ അവനുദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുകയും നന്മയിലധിഷ്ഠിതമായ പ്രവൃത്തികൾക്കുള്ള പ്രതിഫലം വർദ്ധിപ്പിച്ചു നല്‍കുകയും ചെയ്യും. നന്മയിൽ മികവ് പുലർത്തുന്നവന് ഉദാരമായി പ്രതിഫലം ലഭിക്കുമെന്നര്‍ത്ഥം, തിന്മകളും തെറ്റുകളും അവന്റെ സദ്ഗുണങ്ങളെക്കാൾ കൂടുതലുള്ളവൻ (ദൈവം ഉദ്ദേശിച്ചാല്‍) ശിക്ഷിക്കപ്പെടുകയും ചെയ്യും.
തങ്ങളുടെ ജീവിതലക്ഷ്യം നിറവേറ്റുകയും നീതിപൂർവ്വം ജീവിക്കുകയും ചെയ്യുന്നവർ ശാശ്വതമായ സ്വർഗത്തിലേക്ക് പ്രവേശിക്കും. ക്ഷീണവും രോഗവും വാർദ്ധക്യവും ബാധിക്കാതെ സ്വർഗ്ഗത്തിലെ ജനങ്ങൾ മനോഹരമായ മാളികകളിൽ താമസിക്കും. സമൃദ്ധിയുടെയും ആഡംബരത്തിന്റെയും ആനന്ദകരമായ പൂന്തോട്ടങ്ങളുടെയും ഒഴുകുന്ന നദികളുടെയും ലോകത്ത് പരമോന്നത സൗഖ്യം പ്രദാനം ചെയ്യുന്നതിലൂടെ ദൈവം ആളുകളുടെ ഹൃദയത്തിൽനിന്നും ശത്രുതയും വേദനയും നീക്കം ചെയ്യും.
നേരെമറിച്ച്, ദൈവനിഷേധിയും അതിക്രമകാരിയുമായി മരണംവരിച്ചവന്‍ നരകാഗ്നിയിലേക്ക് നയിക്കപ്പെടും. ഭൂമിയില്‍ മനുഷ്യന് നല്കിയ എല്ലാ അനുഗ്രഹങ്ങളും ആസ്വദിച്ചിട്ടും ദൈവിക മാർഗനിർദേശത്തിന് എതിരായി നിലകൊണ്ട് തിന്മയില് മുഴുകി ജീവിതം നയിച്ചതിനാലാണ് ഈ ശിക്ഷ അവന് ലഭിക്കുന്നത്. തീവ്രമായ ചൂടും ശമിക്കാത്ത ദാഹവും ജ്വലിക്കുന്ന അഗ്നിജ്വാലയും നിറഞ്ഞ ഒരു സ്ഥലമായിട്ടാണ് ക്വുർആൻ നരകത്തെ വിശേഷിപ്പിക്കുന്നത്.
മനുഷ്യര്‍ ഓരോരുത്തരും മരണാനന്തര ജീവിതത്തിൽ രക്ഷപ്പെടാന്‍ വേണ്ടിയാണ് ദൈവം പ്രവാചകന്മാരിലൂടെ അവനില്നിന്നുളള മാർഗദർശനവും ദൃഷ്ടാന്തങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. അതേ സമയം, നമുക്ക് ചുറ്റുമുള്ള ലോകത്തിൽ ഇടപെടാനും അവന്റെ നിയമങ്ങൾ അനുസരിക്കുന്നതിനുഉള്ള തിരഞ്ഞെടുപ്പിലും അവൻ നമുക്ക് ഇച്ഛാസ്വാതന്ത്ര്യം നൽകിയിരിക്കുന്നു. ദൈവം പറയുന്നു: "നിങ്ങള്‍ നന്ദി കാണിക്കുകയും വിശ്വസിക്കുകയും ചെയ്താല്‍ നിങ്ങളെ ശിക്ഷിച്ചത് കൊണ്ട് അല്ലാഹുവിന് എന്ത് കിട്ടാനാണ്. അല്ലാഹു നന്ദി കാണിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.” (ക്വുര്‍ആന്‍ 4:147).
മഹത്തായ പദ്ധതി: ന്യായവിധിയുടെ ദിവസം
ആത്മാവിലും മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസം നിലവിലെ നമ്മുടെ അസ്തിത്വത്തിന് ഉണര്‍വ് നൽകുന്നതാണ്. ജീവിതലക്ഷ്യത്തെക്കുറിച്ച് അശ്രദ്ധരായിത്തീര്ന്ന, ക്ഷണികമായ ഈ ജീവിതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ആളുകള്‍ വലിയ നഷ്ടം പരിണതഫലമായി ഏറ്റുവാങ്ങേണ്ടവരാണ്. ദൈവം മനുഷ്യരാശിയെ ഓർമ്മിപ്പിക്കുന്നു: ഈ ഐഹിക ജീവിതം, വിനോദവും കളിയും അല്ലാതെ മറ്റൊന്നും അല്ല. നിശ്ചയമായും പരലോക ഭവനമാകട്ടെ, അതാണ് യഥാര്‍ത്ഥത്തിലുളള ജീവിതം. അവര്‍ക്കറിയാമായിരുന്നുവെങ്കില്‍ (അവര്‍ ഐഹിക ജീവിതത്തിനു പ്രാധാന്യം നല്കുമായിരുന്നില്ല)!'' (ഖുർആൻ 29:64).
ഈ ഭൂമിയിലെ ജീവിതം മരണാനന്തര ജീവിതത്തിൽ നമ്മുടെ സ്ഥാനം നിർണ്ണയിക്കുന്നതിനുള്ള ഒരു പരീക്ഷണം മാത്രമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇക്കാര്യം മനസ്സിലാക്കുന്നവർക്ക്, മരണാനന്തരം അവരുടെ ആത്യന്തിക വിധി ഈ ജീവിതത്തിലെ അവരുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഗ്രഹിക്കാന്‍ എളുപ്പം സാധിക്കും. അത്തരം വ്യക്തികൾ ദൈവം തങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയുള്ളവരാകും, അവരുടെ ജീവിതത്തിന്റെ നിഖിലമേഖലകളിലും അവനെ അനുസരിച്ചും സൂക്ഷിച്ചും ജീവിച്ചുകൊണ്ട് നന്മകളെ പ്രോത്സാഹിപ്പിക്കുന്നതിൽ വ്യാപൃതരാകും. ഒരു വ്യക്തി ഇങ്ങനെ ദൈവബോധമുള്ള ജീവിതരീതി സ്വീകരിക്കുമ്പോൾ അവരുടെ ഉദ്ദേശ്യം കേവലം ലൗകിക സുഖങ്ങൾക്കപ്പുറം സുസ്ഥിരമായ വിജയത്തിനുളള പരിശ്രമത്തിലും ആസ്വാദനത്തിലും എത്തിച്ചേരും.
അവരുടെ ജീവിതം ദൈവത്തോടുള്ള സമർപ്പണമാണ്, ലോകത്തിന് മുമ്പില്‍ നന്മകള് ക്രിയാത്മകമായി സംഭാവന ചെയ്യാൻ ശ്രമിക്കുന്നവരാണ് അവര്‍. ആളുകളുമായുള്ള അവരുടെ എല്ലാ ഇടപാടുകളും, മൃഗങ്ങളും പരിസ്ഥിതിയുമായുളള ബന്ധങ്ങളില്‍ പോലും ഈ പ്രചോദനം വേരൂന്നിയതായി കാണാം. ഒരു ദിവസം തങ്ങളുടെ സ്രഷ്ടാവിലേക്ക് മടങ്ങിവരുമെന്നും അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാകുമെന്നുമുളള ഉറപ്പാണ് അവരെ ഈ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നത്. തങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെങ്കിലും ശാശ്വതമായ സ്വർഗം ലക്ഷ്യംവെച്ചുകൊണ്ട് ഈ ഹ്രസ്വവും അപൂർണ്ണവുമായ ജീവിതത്തോടുള്ള അടുപ്പം അവർ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്.
മരണാനന്തര ജീവിതം എന്തുകൊണ്ട് വിശ്വസിക്കണം?
ആത്മാവിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കുക എന്നത് പ്രഥമമായി അദൃശ്യകാര്യങ്ങളിൽ വിശ്വാസമർപ്പിക്കലാണ്. നേരിട്ട് തൊട്ടറിയാന്‍ കഴിയാത്ത ആത്മാക്കൾ നമ്മുടെ ഭൗതിക ശരീരങ്ങൾക്ക് ജീവൻ നൽകുന്നതുപോലെ, നമുക്ക് ചുറ്റും കാണുന്ന ലോകം പ്രവർത്തിക്കുന്നത് സദാ നിരീക്ഷകനും സർവ്വജ്ഞനുമായ ദൈവം സൃഷ്ടിച്ച ഒരു അദൃശ്യ വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ്. ദൈവം നീതിമാനും അവൻ നമ്മുടെ കര്‍മ്മങ്ങളുടെ സൂക്ഷ്മമായ രേഖകൾ സൂക്ഷിക്കുന്നവനാണെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു. ആത്യന്തിക നീതി നിലനിൽക്കുന്ന പരലോകത്ത് നമ്മുടെ ഭൗതിക ജീവിതത്തിന്റെ കര്മ്മരേഖകള്ക്ക് അനുസൃതമായിട്ടായിരിക്കും പ്രതിഫലം ലഭിക്കുക.
മനുഷ്യർ സ്വാഭാവികമായും അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നീതി തേടുന്നുണ്ട്. ഒരു വ്യക്തി ജോലി ചെയ്യുമ്പോൾ ഉചിതമായ ശമ്പളം ലഭിക്കുമെന്ന് അവന് പ്രതീക്ഷിക്കുന്നു. ഒരു വ്യക്തിക്ക് ഉപദ്രവം ഏല്ക്കുമ്പോള് ന്യായമായ നഷ്ടപരിഹാരം അവന് ചോദിക്കാറുണ്ട്. ആരെങ്കിലും അപരനെ സഹായിക്കുമ്പോൾ അവരുടെ പ്രയത്നത്തിനു് ലഭിക്കേണ്ട അഭിനന്ദനം ആശിക്കാറുണ്ട്. നീതി സ്ഥാപിക്കാൻ മനുഷ്യർ അത്യധികം കഠിനമായി പരിശ്രമിച്ചാലും ഈ ലോകം ഒരിക്കലും തികഞ്ഞ നീതിയുള്ളതായിത്തീരുകയില്ല എന്നതാണ് യാഥാർത്ഥ്യം. അടിച്ചമർത്തപ്പെട്ട എത്രയോ പാവങ്ങള്‍ക്ക് തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുമ്പോൾ പല കുറ്റവാളികളും ശിക്ഷിക്കപ്പെടാതെ ഉല്ലസിക്കുകയാണ് ഈ ലോകത്ത് ചെയ്യുന്നത്. ഉത്തരവാദിത്തപ്പെട്ടവരുടെ ന്യായമായ ഇടപെടലുകള്‍ ഇല്ലാതെ ഈ സാധുക്കളുടെ ജീവിതം എന്നെന്നേക്കുമായി അവസാനിക്കും എന്നാണോ നാം കരുതേണ്ടത്? ക്വുര്‍ആന്‍ പറയുന്നു: “അതല്ല - തിന്മകള് ചെയ്തുകൂട്ടിയവര് വിചാരിച്ചിരിക്കുന്നുവോ, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ അവരെ നാം ആക്കുമെന്നു, അതായതു, അവരുടെ ജീവിതവും മരണവും സമമായ നിലയില്‍ (ആക്കുമെന്ന്). അവര്‍ വിധി കല്പിക്കുന്നതു വളരെ മോശം തന്നെ!” (ക്വുര്‍ആന്‍ 45:21).
തിന്മയുടെ വക്താക്കള്‍ക്ക് നീതിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഒരിക്കലും കഴിയില്ല, ഭൌതിക ലോകത്ത് കഷ്ടപ്പാടുകൾ അനുഭവിച്ചര്‍ക്ക് മരണാനന്തര ജീവിതത്തിൽ അവരുടെ വേദനയ്ക്ക് പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും. പാപങ്ങൾ ചെയ്യാനുള്ള പ്രലോഭനങ്ങൾ ഒഴിവാക്കി ഉത്തരവാദിത്തത്തോടെ ജീവിതം ചെലവഴിച്ച ആളുകൾക്കും അവിടെ പ്രതിഫലം ലഭിക്കും. ക്വുർആനിൽ പരാമർശിച്ചിരിക്കുന്നതുപോലെ, “ആകാശങ്ങളെയും ഭൂമിയെയും അല്ലാഹു കാര്യഗൗരവത്തോടെ സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ ഓരോ ദേഹത്തിനും അതു സമ്പാദിച്ചതിനു പ്രതിഫലം നല്കപ്പെടുവാനും കൂടിയാണത്. അവരോടു അനീതി ചെയ്യപ്പെടുകയില്ലതാനും.'' (ക്വുര്‍ആന്‍ 45:22).
ഇസ്ലാമിക വീക്ഷണത്തില്‍ മനുഷ്യർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ അനീതികളിലൊന്ന് ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കലോ അവനിലേക്ക് പങ്കാളികളെ ചേർക്കുകയോ ചെയ്യലാണ്. ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ ജീവജാലങ്ങളുടെയും സ്രഷ്ടാവും പരിപാലകനും അല്ലാഹുവാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അവന്റെ സൃഷ്ടിയെന്ന നിലയിൽ, നാം അവനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് അവനു നാം നല്‍കേണ്ട അവകാശമാണ്. അവന്റെ സ്നേഹത്തിലും കാരുണ്യത്തിലും ഓരോ ദിവസവും അവൻ നമ്മെ അനുഗ്രഹിക്കുന്നുണ്ട്. ആയതിനാല്‍ അവനെ ആരാധിക്കുന്നത് ദൈവത്തോടുള്ള നന്ദിപ്രകടനവും, അവനെ അവഗണിക്കുകയോ മറ്റു ഇതരസൃഷ്ടികളെ ആരാധിക്കുകയോ ചെയ്യുന്നത് അവനോടുളള നന്ദികേടും അനുഗ്രഹങ്ങളോടുളള നിഷേധവുമാണ്.
നമ്മുടെ മനുഷ്യനിർമിത നീതിന്യായ വ്യവസ്ഥകൾ മറ്റുള്ളവരോട് അനീതി കാണിക്കുന്ന ആളുകളെ ശിക്ഷിക്കുന്നുവെങ്കിൽ, ദൈവം തന്റെ അവകാശങ്ങൾ നിഷേധിക്കുകയും അവന്റെ സൃഷ്ടികളോട് അനീതി കാണിക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കുമെന്ന് പറയുന്നതില്‍ എന്താണ് ശരികേടുളളത്. അല്ലാഹു പറയുന്നു: "ക്വിയാമത്തുനാളില്‍ നാം നീതി പൂര്‍ണ്ണമായ ത്രാസ്സുകള്‍ ഏര്‍പ്പെടുത്തുന്നതാകുന്നു. അതിനാല്‍, ഒരു ദേഹവും ഒന്നുംതന്നെ ദ്രോഹിക്കപ്പെടുകയില്ല. ഒരു കടുകുമണിത്തൂക്കം കര്‍മ്മം ഉണ്ടായിരുന്നാലും, അതു നാം കൊണ്ടുവരുന്നതാണ്. വിചാരണ ചെയ്യുന്നവരായി നാം തന്നെ മതി! (ക്വുര്‍ആന്‍ 21:47).
ദൈവത്തിന്റെ കരുണ
അപൂർണരായ നമ്മെ പോലുളള മനുഷ്യര്‍ പലപ്പോഴും തെറ്റുകൾ വരുത്തുന്നവരും തിന്മകള് ചെയ്യുന്നവരുമാണ്. ദൈവം നമ്മിൽ നിന്ന് പൂർണത പ്രതീക്ഷിക്കുന്നില്ലെങ്കിലും, അവനെ ആരാധിക്കാനും നീതിയോടെ കൂടി ജീവിക്കാന്‍ പരമാവധി പരിശ്രമിക്കാനുമാണ് അവൻ നമ്മോട് ആഹ്വാനം ചെയ്യുന്നത്. അവന്റെ കാരുണ്യത്താൽ, പരലോകത്ത് താൻ ഉദ്ദേശിക്കുന്നവർക്ക് ദൈവം മാപ്പ് നൽകുന്നതാണ്. അല്ലാഹു നമ്മോട് വാഗ്ദാനം ചെയ്യുന്നു: "വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അവര്‍ക്ക് അവരുടെ തിന്മകളെ നാം മായിച്ചുകൊടുക്കുകതന്നെ ചെയ്യുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കാള്‍ മെച്ചപ്പെട്ടതു നാം അവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും." (ക്വുര്‍ആന്‍ 29:7).
ഇഹലോകത്ത് ദൈവബോധവും പുണ്യവും നിറഞ്ഞ ജീവിതം നയിച്ച് പരലോക മോക്ഷം തേടുകയാണ് മുസ്ലിംകള് ചെയ്യുന്നത്. പരലോകത്തെ കുറിച്ചുള്ള ഭയവും, ദൈവത്തിന്റെ ആത്യന്തിക നീതിയുടെ വാഗ്ദാനത്തിലുള്ള പ്രത്യാശയുമാണ് ഭൌതിക ജീവിതത്തെ നയിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. അങ്ങനെ, അവർ ഈ താൽക്കാലിക ജീവിതത്തിൽ നിത്യമായ സന്തോഷത്തിനായി പരിശ്രമിക്കുകയാണ്.
ദൈവത്തിന്റെ സ്മരണയോടുകൂടി സമാധാനചിത്തനായി ജീവിക്കുകയും സമാധാനചിത്തനായിക്കൊണ്ടു പരലോകത്ത് ചെല്ലുകയും ചെയ്ത ആത്മാവിനെ അല്ലാഹു വിളിച്ചു സ്വാഗതം ചെയ്യുമെന്ന് ക്വുര്‍ആന്‍ പറയുന്നു, “'ഹേ, സമാധാനമടഞ്ഞ ആത്മാവേ!- തൃപ്തിപ്പെട്ടു കൊണ്ട്, തൃപ്തി ലഭിച്ചുകൊണ്ട്, നീ നിന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊള്ളുക. എന്നിട്ട് എന്റെ അടിയാന്മാരില് പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തിലും പ്രവേശിച്ചുകൊള്ളുക'.” (ക്വുര്‍ആന്‍ 89: 27-30)