ഇസ്‌ലാം എന്‍റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു

Aminah Assilmi, Ex-Christain - USA

2017 August 12 1438 Dul-kahad 19

ആശയവിവര്‍ത്തനം: നാസ്വിഹ് അബ്‍ദുല്‍ബാരി

ഞാന്‍ റിക്രിയേഷനില്‍ ബിരുദം പൂര്‍ത്തിയാക്കുന്നതിനിടെയാണ് ആദ്യമായി മുസ്ലീങ്ങളായ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത്. കംപ്യൂട്ടര്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞ ആദ്യ വര്‍ഷമായിരുന്നു അത്. രജിസ്‌റ്റര്‍ ചെയ്‌തതിന് ശേഷം കുടുംബവുമായി ബന്ധപ്പെട്ട ചില ബിസിനസ്സ് ആവശ്യങ്ങള്‍ക്കുവേണ്ടി ഒക്‌ലഹോമയിലേക്ക് പോയി. പോയകാര്യങ്ങള്‍ തീര്‍ക്കാന്‍ അവിടെ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുത്തു. അതിനാല്‍ ഞാന്‍ പഠനത്തിലേക്ക് മടങ്ങിവരാന്‍ അല്‍പം വൈകിയിരുന്നു.

നഷ്ടപ്പെട്ട ക്ലാസ്സുകളെ കുറിച്ച് ഞാന്‍ ആകുലപ്പെട്ടിരുന്നില്ല. ഞാന്‍ എന്റെ ക്ലാസ്സിലെ പഠനത്തില്‍ എന്നും മുകളില്‍ തന്നെ ഉണ്ടാകമായായിരുന്നു. ഒരു വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പോലും, പ്രൊഫഷണലുകളുമായുള്ള മത്സരത്തില്‍ അവാര്‍ഡുകള്‍ നേടി മുന്നേറാന്‍ എനിക്ക് സാധിച്ചു.

ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴും അവിടെ മികവ് പുലര്‍ത്തുമ്പോഴും സ്വന്തമായി ബിസിനസ്സ് നടത്തുമ്പോഴും ഒരുപാട് അടുത്ത സുഹൃത്തുക്കള്‍ ഉള്ളപ്പോഴും ഞാന്‍ വളരെ ലജ്ജ ഉള്ളവളായിരുന്നു എന്ന് ഇതോടൊപ്പം നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. എന്നെ കുറിച്ച് പൊതുവില്‍ വിലയിരുത്താറുളളത് മിണ്ടാണ്ടം കുറഞ്ഞവളെന്നാണ്. ആളുകളെ പരിചയപ്പെടാന്‍ ഞാന്‍ സമയമെടുക്കാറുണ്ട്, നിര്‍ബന്ധിതരാകുകയോ അവരെ അറിയുകയോ ചെയ്തില്ലെങ്കില്‍ ആരോടും അപൂര്‍വ്വമായി മാത്രമേ ഞാന്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. ഞാന്‍ എടുക്കാറുളള ക്ലാസുകള്‍ അഡ്മിനിസ്ട്രേഷന്‍, സിറ്റി പ്ലാനിംഗ്, കൂടാതെ കുട്ടികള്‍ക്കുള്ള പ്രോഗ്രാമിംഗ് എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു. അതില്‍ കുട്ടികളുമായി ഇടപഴകുന്ന ക്ലാസ്സുകള്‍ മാത്രമാണ് എനിക്ക് ആശ്വാസം തോന്നിയത്.

ശരി, നമുക്ക് കഥയിലേക്ക് മടങ്ങാം. ഞാന്‍ ഒരു നാടകകലയില്‍ രജിസ്റ്റര്‍ ചെയ്തു... ആളുകള്‍ക്ക് മുന്നില്‍ ലൈവ് അവതരിപ്പിക്കാന്‍ ഞാന്‍ അന്നേരം നിര്‍ബന്ധിതയായി. ഞാന്‍ ആകെ പരിഭ്രമപ്പെട്ടു! എനിക്ക് ക്ലാസ്സില്‍ ഒരു ചോദ്യം പോലും ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല, അങ്ങനെയുളള ഞാന്‍ ആളുകളുടെ മുന്നില്‍ എങ്ങനെ ഒരു സ്റ്റേജില്‍ കയറും? എന്റെ ഭര്‍ത്താവ് വളരെ ശാന്തനും വിവേകിയുമായ വ്യക്തിയായിരുന്നു. ഞാന്‍ ടീച്ചറോട് സംസാരിക്കാനും പ്രശ്നം വിശദീകരിക്കാനും അതിലേക്ക് ആവശ്യമായ പ്രകൃതിദൃശ്യങ്ങള്‍ വരയ്ക്കാനോ വസ്ത്രങ്ങള്‍ തുന്നാനോ ക്രമീകരിക്കാനോ ചുമതല നല്‍കണമെന്ന് ആവശ്യപ്പെടാന്‍ പറഞ്ഞു. എന്നെ സഹായിക്കാന്‍ ഒരു വഴി കണ്ടെത്താമെന്ന് ടീച്ചര്‍ സമ്മതിച്ചു. അങ്ങനെ അടുത്ത ചൊവ്വാഴ്ച ഞാന്‍ ക്ലാസ്സില്‍ പോയി.

ക്ലാസ്സില്‍ കയറിയപ്പോള്‍ എനിക്ക് രണ്ടാമത്തെ ഞെട്ടല്‍ അനുഭവപ്പെട്ടു. ക്ലാസ്സില്‍ നിറയെ ‘അറബികളും’ ‘ഒട്ടക സവാരിക്കാരും’. ഞാന്‍ ഒരിക്കലും ഈ വംശജരെ കണ്ടിട്ടില്ല, പക്ഷേ അവരെക്കുറിച്ച് കേട്ടിട്ടുണ്ട്. വൃത്തിഹീനരും അപരിഷ്‍കൃതരും നിറഞ്ഞ ഈ ഒരു മുറിയില്‍ ഞാന്‍ ഒരിക്കലും ഇരിക്കാന്‍ പോകുന്നില്ല! എല്ലാത്തിനുമുപരി, അത്തരം ആളുകളില്‍ നിന്ന് ചില ഭയാനകമായ രോഗം തന്നെ എനിക്ക് പിടിപെട്ടേക്കാം. അവര്‍ അശുദ്ധരും വിശ്വസിക്കാന്‍ പാടില്ലാത്തവരുമാണെന്നാണ് എല്ലാവരുടെയും പൊതുധാരണ. ഞാന്‍ തിരിച്ച് വീട്ടിലേക്ക് പോയി. (ഇവിടെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. ഒരു ജോടി ലെതര്‍ ഹോട്ട് പാന്റും ഒരു ഹാള്‍ട്ടര്‍ ടോപ്പും ഒരു ഗ്ലാസ് വൈനും എന്റെ കൈയില്‍ അന്നേരം ഉണ്ടായിരുന്നു. എങ്കിലും അറബികളായ അവരാണ് എന്റെ മനസ്സില്‍ മോശക്കാരായവര്‍!)

ക്ലാസിലെ അറബികളുടെ സാന്നിദ്ധ്യത്തെ പറ്റി ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍, ഇനി തിരിച്ചു ക്ലാസ്സിലേക്ക് പോകാന്‍ കഴിയില്ല എന്ന് പറഞ്ഞപ്പോള്‍, പതിവ് ശാന്തമായ രീതിയില്‍ അദ്ദേഹം പ്രതികരിച്ചു. എല്ലാത്തിനും ദൈവത്തിന് ഒരു കാരണമുണ്ടെന്ന് ഞാന്‍ എപ്പോഴും അവകാശപ്പെടാറുളളതും, അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് നന്നായി കുറച്ച് സമയം ഓര്‍ക്കണമെന്നും അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു. എന്റെ ട്യൂഷന് നല്‍കുന്ന പണം ഒരു സ്കോളേഴ്സ് അവാര്‍ഡില്‍ നിന്നും ലഭിക്കുന്നതാണെന്നും അത് എനിക്ക് നഷ്ടപ്പെടാതിരിക്കണമെങ്കില്‍, എന്റെ ജി.പി.എ നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത രണ്ടു ദിവസങ്ങളിലായി നിരന്തരം ഞാന്‍ ഒരു മാര്‍ഗം കാണിച്ചുതരാന്‍ പ്രാര്‍ത്ഥിച്ചു. ആ പാവം അജ്ഞരായ അപരിഷ്‍കൃതരെ നരകാഗ്നിയില്‍ നിന്ന് രക്ഷിക്കാനാണ് ദൈവം എന്നെ അവിടെ നിയോഗിച്ചതെന്ന് മനസ്സില്‍ ഞാന്‍ കരുതി, ആ ഒരു വിചാരത്തോടെ വ്യാഴാഴ്ച ഞാന്‍ ക്ലാസിലേക്ക് മടങ്ങി.

യേശുവിനെ തങ്ങളുടെ രക്ഷകനായി അംഗീകരിച്ചില്ലെങ്കില്‍ അവര്‍ നിത്യതയോളം നരകത്തിലെ അഗ്നിയില്‍ എരിയുമെന്ന് ഞാന്‍ അവരോട് വിശദീകരിക്കാന്‍ തുടങ്ങി. അവര്‍ വളരെ മര്യാദയുള്ളവരായി അനുഭവപ്പെട്ടു, പക്ഷെ മതം മാറിയില്ല. തുടര്‍ന്ന്, യേശു അവരെ സ്‌നേഹിച്ചതെങ്ങനെയെന്നും അവരുടെ പാപങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ കുരിശില്‍ മരിച്ചതെങ്ങനെയെന്നും ഞാന്‍ വിശദീകരിച്ചു. അവര്‍ ചെയ്യേണ്ടത് യേശുവിനെ ഹൃദയത്തില്‍ സ്വീകരിക്കുക മാത്രമായിരുന്നു. അവര്‍ വളരെ മര്യാദയുള്ളവരായി വീണ്ടും എനിക്ക അനുഭവപ്പെട്ടു, എന്നിട്ടും മതം മാറിയില്ല. അങ്ങനെയിരിക്കെ, ഇസ്ലാം ഒരു തെറ്റായ മതമാണെന്നും മുഹമ്മദ് പറയുന്നത് വ്യാജമാണെന്നും കാണിക്കാന്‍ അവരുടെ കൈകളിലുളള ഗ്രന്ഥം വായിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

എന്റെ സഹപാഠികളില്‍ ഒരാള്‍ എനിക്ക് ക്വുര്‍ആനിന്റെ ഒരു പരിഭാഷയും ഇസ്‍ലാമിനെക്കുറിച്ചുള്ള മറ്റൊരു പുസ്തകവും തന്നു, ഞാന്‍ അതുമായി എന്റെ ഗവേഷണം ആരംഭിച്ചു. എനിക്കാവശ്യമായ തെളിവുകള്‍ വളരെ വേഗത്തില്‍തന്നെ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ശരി, ഞാന്‍ ക്വുര്‍ആനും ആ പുസ്തകവും വായിച്ചു. പിന്നെ ഞാന്‍ മറ്റൊരു 15 പുസ്തകങ്ങളും സഹീഹ് മുസ്‍ലിമും വായിച്ചു, ശേഷം ഖുര്‍ആന്‍ വായനയിലേക്ക് വീണ്ടും മടങ്ങി. ഞാന്‍ അവരെ പരിവര്‍ത്തനം ചെയ്യുമെന്ന് തീരുമാനിച്ചു തന്നെയായിരുന്നു അത്! അടുത്ത ഒന്നര വര്‍ഷത്തോളം എന്റെ ഈ പഠനം തുടര്‍ന്നു.

അതിനിടയില്‍ എന്റെ ഭര്‍ത്താവുമായി ചില പ്രശ്നങ്ങള്‍ തുടങ്ങി. ചെറിയ വഴികളിലൂടെ പഴയ ജീവിതത്തില്‍ നിന്നും ഞാന്‍ മാറുകയായിരുന്നു, പക്ഷേ അദ്ദേഹത്തെ അലോസരപ്പെടുത്താന്‍ അത് മതിയായിരുന്നു. ഞങ്ങള്‍ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ബാറില്‍ പോകാറുണ്ടായിരുന്നു, അല്ലെങ്കില്‍ ഒരു പാര്‍ട്ടിക്ക് പോകുമായിരുന്നു, എന്നാല്‍ എനിക്ക് അതിന് പോകാനുളള ആഗ്രഹം നഷ്ടപ്പെട്ടു. ഞാന്‍ അതില്‍നിന്നൊക്കെ നിശ്ശബ്ദയും കൂടുതല്‍ അകലം പാലിക്കാനും തുടങ്ങി. എനിക്ക് ഏതോതരത്തിലുളള ഇതരബന്ധമുണ്ടെന്ന് അയാള്‍ സംശയിച്ചു, എന്നെ പുറത്താക്കുകയും ചെയ്തു. ഞാന്‍ എന്റെ കുട്ടികളുമായി മറ്റൊരു അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറുകയും മുസ്‍ലിംകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള എന്റെ ദൃഢമായ ശ്രമങ്ങള്‍ തുടരുകയും ചെയ്തു.

അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ വാതിലില്‍ ആരോ മുട്ടി. ഞാന്‍ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ വെളുത്ത നീളന്‍വസ്ത്രവും തലയില്‍ ചുവപ്പും വെള്ളയും ചേര്‍ന്ന തലപ്പാവും ധരിച്ച ഒരു മനുഷ്യന്‍. പൈജാമ ധരിച്ച മൂന്ന് ആളുകള്‍ വേറെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അവരുടെയൊക്കെ സാംസ്കാരിക വേഷം ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. രാത്രി ധരിക്കുന്ന വസ്ത്രങ്ങളും അണിഞ്ഞ് എന്റെ വാതില്‍ക്കല്‍ ഈ പുരുഷന്മാര്‍ പ്രത്യക്ഷപ്പെട്ടത് എന്നെ അല്‍പ്പം അസ്വസ്ഥയാക്കി. ഞാന്‍ എങ്ങനെയുള്ള സ്ത്രീയാണെന്ന് അവര്‍ കരുതിയത്? അവര്‍ക്ക് അഭിമാനമോ മാനമോ ഇല്ലായിരുന്നോ? ഈ സമയത്താണ് തലപ്പാവ് ധരിച്ചയാള്‍ എനിക്ക് മുസ്‍ലിം ആകണമെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ടെന്ന് പറഞ്ഞത്. അന്നേരം എനിക്കുണ്ടായ മാനസികവികാരം ഒന്ന് ആലോചിച്ചു നോക്കൂ! എനിക്ക് മുസ്‍ലിമാകാന്‍ താല്‍പ്പര്യമില്ലെന്ന് അപ്പോള്‍ തന്നെ ഞാന്‍ തുറന്നടിച്ചു. ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. എന്നിരുന്നാലും, എനിക്ക് കുറച്ച് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ആഗതനുമായി അത് സംസാരിക്കാന്‍ സമയം കിട്ടിയിരുന്നെങ്കില്‍....

അയാളുടെ പേര് അബ്ദുല്‍അസീസ് അല്‍ശൈഖ് എന്നായിരുന്നു, അദ്ദേഹം ഞാനുമായി സംസാരിക്കാന്‍ സമയം കണ്ടെത്തി. അയാള്‍ വളരെ ക്ഷമയോടെ എന്റെ എല്ലാ ചോദ്യങ്ങളും കേള്‍ക്കുകയും അതെല്ലാം ചര്‍ച്ച ചെയ്യുകയും ചെയ്തു. അയാള്‍ ഒരിക്കലും എന്റെ ഏതെങ്കിലും ഒരു ചോദ്യത്തെ നിസ്സാരമാക്കുകയോ മണ്ടത്തരമെന്ന് ആക്ഷേപിക്കുകയോ ചെയ്തില്ല. ഒരു ദൈവം മാത്രമേ ഉള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു, ഞാന്‍ അതെ എന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചോദിച്ചു, ഞാന്‍ മുഹമ്മദ്(സ) ദൈവത്തിന്റെ ദൂതനാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന്. വീണ്ടും ഞാന്‍ അതെ എന്ന് പറഞ്ഞു. ഞാന്‍ ഇതിനകം ഒരു മുസ്‍ലിമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു!

ഞാന്‍ ഇപ്പോഴും ഒരു ക്രിസ്ത്യാനിയാണെന്ന് വാദിച്ചു, എന്നാല്‍ അതോടൊപ്പം ഞാന്‍ ഇസ്‍ലാം എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്നും അവരോട് പറഞ്ഞു. (ഉള്ളില്‍ ഞാന്‍ ചിന്തിച്ചു: എനിക്ക് മുസ്‍ലിമാകാന്‍ ഒരിക്കലും കഴിയില്ല! ഞാന്‍ അമേരിക്കക്കാരിയും വെളുത്തവളുമാണ്! എന്റെ ഭര്‍ത്താവ് എന്നെ കുറിച്ച് എന്ത് പറയും? ഞാന്‍ മുസ്‍ലിമാണെങ്കില്‍, ഞാന്‍ എന്റെ ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യേണ്ടിവരും. എന്റെ കുടുംബം മരിക്കും!)

ഞങ്ങള്‍ സംസാരം തുടര്‍ന്നു. ആത്മീയതയെക്കുറിച്ചുള്ള അറിവും ധാരണയും നേടുന്നത് ഒരു ഏണിയില്‍ കയറുന്നത് പോലെയാണെന്ന് അദ്ദേഹം വിശദീകരിച്ചു. നിങ്ങള്‍ ഒരു ഗോവണിയില്‍ കയറി കുറച്ച് പടികള്‍ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍, വീഴാനുള്ള സാധ്യതയുണ്ട്. ഇസ്‍ലാമിലെ ശഹാദ ഗോവണിയിലെ ആദ്യപടി മാത്രമാണ്. അപ്പോഴും, ഞങ്ങള്‍ക്ക് കുറച്ചുകൂടി സംസാരിക്കാനുണ്ടായിരുന്നു.

പിന്നീട്, 1977 മെയ് 21ന് ഉച്ചകഴിഞ്ഞ് അസര്‍ സമയത്ത് ഞാന്‍ ശഹാദ ഉരുവിട്ട് ഇസ്‍ലാം സ്വീകരിച്ചു. എന്നിരുന്നാലും, എനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നു, പൂര്‍ണ്ണമായും സത്യസന്ധത പുലര്‍ത്തുന്നത് എന്റെ സ്വഭാവമായിരുന്നു, അതിനാന്‍ ഞാന്‍ ഒരു ഉപാധി സ്വന്തമായി ചേര്‍ത്തു. ഞാന്‍ പറഞ്ഞു: "ദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു" 'എന്നാല്‍, ഞാന്‍ ഒരിക്കലും എന്റെ മുടി മറയ്ക്കില്ല, എന്റെ ഭര്‍ത്താവ് മറ്റൊരു ഭാര്യയെ സ്വീകരിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ നിര്‍വീര്യനാക്കും.'

മുറിയിലെ മറ്റ് ആളുകള്‍ക്ക് വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു, പക്ഷേ അബ്ദുല്‍ അസീസ് അവരെ നിശബ്ദനാക്കി. ആ രണ്ടു വിഷയങ്ങള്‍ എന്നോട് ഇപ്പോള്‍ ചര്‍ച്ച ചെയ്യരുതെന്ന് അദ്ദേഹം കൂടെയുളളവരോട് പറഞ്ഞതായി പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. ഞാന്‍ ശരിയായ ധാരണയിലെത്തുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.

ആധ്യാത്മിക അറിവിലേക്കും ദൈവത്തോടുള്ള സാമീപ്യത്തിലേക്കുമുള്ള ഗോവണിയിലെ ഉറച്ച കാല്‍വെപ്പായിരുന്നു ശഹാദത്ത് മൊഴിയല്‍. പക്ഷേ, മന്ദഗതിയിലുള്ള കയറ്റമായിരുന്നു എന്റേത്. അബ്ദുല്‍അസീസ് എന്നെ സന്ദര്‍ശിക്കുകയും എന്റെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവന്റെ ക്ഷമയ്ക്കും സഹിഷ്ണുതയ്ക്കും ദൈവം പ്രതിഫലം നല്‍കട്ടെ. അവന്‍ ഒരിക്കലും എന്നെ ശകാരിക്കുകയോ ഇകഴ്ത്തുകയോ മണ്ടത്തരമായത് ചോദിച്ചതുപോലെ പെരുമാറുകയോ ചെയ്തില്ല. ഓരോ ചോദ്യവും മാന്യമായിതന്നെ അദ്ദേഹം കൈകാര്യം ചെയ്ത.

അറിവ് തേടാന്‍ ദൈവം നമ്മോട് പറഞ്ഞിട്ടുണ്ടെന്നും അത് നേടാനുള്ള വഴികളിലൊന്നാണ് ചോദ്യങ്ങളെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അദ്ദേഹത്തിന്റെ വിശദീകരണങ്ങള്‍, അത് ഒരു റോസാപ്പൂവ് തുറന്ന് കാണുന്നത് പോലെയാണ്; ദളങ്ങളാല്‍ ദളങ്ങള്‍, അത് അതിന്റെ ശോഭ വെളിവാക്കുന്നത് എപ്രകാരമാണോ അതുപോലെ. ഒരു കാര്യത്തോട് എനിക്ക് യോജിപ്പില്ലെന്നും അതിന്റെ കാരണവും പറഞ്ഞപ്പോള്‍, ചില പരിധി വരെ ഞാന്‍ ശരിയാണെന്ന് അദ്ദേഹം പറയും. ശേഷം വ്യക്തമായ ധാരണയിലെത്താന്‍ ആഴത്തിലും വ്യത്യസ്ത ദിശകളില്‍ നിന്നും വിഷയത്തെ എങ്ങനെ സമീപിക്കണമെന്ന് അദ്ദേഹം എന്നെ കാണിച്ചുതരും. അല്‍ഹംദുലില്ലാഹ് [സര്‍വ്വസ്തുതിയും അല്ലാഹുവിനാണ്]!

വര്‍ഷങ്ങള്‍ക്കിപ്പുറം, എനിക്ക് ധാരാളം അധ്യാപകരെ ലഭിച്ചു. എല്ലാവരും ഒന്നിനൊന്ന് വ്യത്യസ്തരാണ്. അവര്‍ ഓരോരുത്തര്‍ നല്‍കിയ അറിവുകള്‍ക്കും ഞാന്‍ നന്ദിയുള്ളവളാണ്. ഇസ്‌ലാമിനെ കൂടുതല്‍ സ്നേഹിക്കാനും അത് ശക്തിപ്പെടുത്താനും ഓരോ അധ്യാപകരും എന്നെ സഹായിച്ചു. എന്റെ അറിവ് വര്‍ധിക്കുംതോറും എന്നിലെ മാറ്റങ്ങള്‍ കൂടുതല്‍ പ്രകടമായി. ആദ്യ വര്‍ഷത്തില്‍ തന്നെ ഞാന്‍ ഹിജാബ് ധരിച്ചിരുന്നു. എപ്പോഴാണത് തുടങ്ങിയതെന്ന് എനിക്കറിയില്ല. അറിവിലും ധാരണയിലും വര്‍ദ്ധനവുണ്ടായപ്പോള്‍ സ്വാഭാവികമായി അത് സംഭവിച്ചു. കാലക്രമേണ, ഞാന്‍ ബഹുഭാര്യത്വത്തെ അംഗീകരിച്ചു. ദൈവം അനുവദിച്ചതാണെങ്കിന്‍ അതില്‍ എന്തെങ്കിലും നന്മയുണ്ടാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

“നിന്റെ അത്യുന്നതനായ രക്ഷിതാവിന്റെ നാമത്തെ നീ സ്തോത്രകീര്‍ത്തനം ചെയ്യുക. അതായത്, സൃഷ്ടിച്ച് ശരിപ്പെടുത്തിയവന്‍:- വ്യവസ്ഥ നിര്‍ണ്ണയിച്ച് മാര്‍ഗദര്‍ശനം നല്‍കിയവനും; മേച്ചില്‍ സ്ഥാനം അഥവാ സസ്യാദികളെ ഉല്പാദിപ്പിച്ചവനും;- എന്നിട്ട് അതിനെ അവന്‍ ഇരുണ്ട ചാമ്പല്‍ വര്‍ണമുള്ളതായ ചവറാക്കിത്തീര്‍ക്കുകയും ചെയ്തു. നിനക്കു നാം ഓതിത്തരാം; അതിനാല്‍ നീ മറന്നു പോകുന്നതല്ല; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. നിശ്ചയമായും, അവന്‍ പരസ്യവും അവ്യക്തമായിരിക്കുന്നതും അറിയുന്നു. കൂടുതല്‍ സുഗമമായതിലേക്ക് നിനക്കു നാം സൗകര്യപ്പെടുത്തിത്തരുന്നതുമാണ്. ” (ക്വുര്‍ആന്‍ 87:1-8)

ഞാന്‍ ആദ്യമായി ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ വ്യക്തിപരമായ ജീവിതത്തില്‍ എനിക്ക് ആവശ്യമുള്ളതോ ആഗ്രഹിച്ചതോ ആയ ഒന്നും കണ്ടെത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നതേയില്ല. ഇസ്‍ലാം എന്റെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് ഊഹിക്കാന്‍പോലും സാധിച്ചിരുന്നില്ല. ഇസ്‌ലാം കാരണം ഞാന്‍ സമാധാനത്തിലും സ്നേഹത്തിലും സന്തോഷത്തിലും കവിഞ്ഞൊഴുകുമെന്ന് ഒരു മനുഷ്യനും എന്നെ ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നില്ല.

ഈ ഗ്രന്ഥം പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ഏകദൈവത്തെക്കുറിച്ച് സംസാരിച്ചു. അവന്‍ ലോകത്തെ ചിട്ടപ്പെടുത്തിയ മനോഹരമായ വഴിയെ അത് വിവരിച്ചുതന്നു. ഈ അത്ഭുതകരമായ ക്വുര്‍ആനില്‍ എല്ലാ ഉത്തരങ്ങളും ഉണ്ടായിരുന്നു. ദൈവം സ്നേഹമുള്ളവനാണ്! ദൈവം സമാധാനത്തിന്റെ ഉറവിടമാണ്! ദൈവം സംരക്ഷകനാണ്! ദൈവം പൊറുക്കുന്നവനാണ്! ദൈവമാണ് ദാതാവ്! ദൈവം പരിപാലിക്കുന്നവനാണ്! ദൈവം ഉദാരനാണ്! ദൈവം പ്രതിഫലം നല്‍കുന്നവനാണ്! ദൈവം വിശാലനാണ്!

"നിന്റെ നെഞ്ച് നിനക്ക് നാം വിശാലമാക്കിത്തന്നില്ലേ?! നിന്റെ ഭാരം നിന്നില്‍ നിന്ന് നാം ഇറക്കിവെക്കുകയും ചെയ്തിരിക്കുന്നു:- നിന്റെ മുതുകിനെ ഞെരുക്കിക്കളഞ്ഞതായ ആ ഭാരം. നിന്റെ കീര്‍ത്തി നിനക്ക് നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു. അപ്പോള്‍, അറിയുക നിശ്ചയമായും ഞെരുക്കത്തോടുകൂടി ഒരു എളുപ്പം ഉണ്ടായിരിക്കും. നിശ്ചയമായും ഞെരുക്കത്തോടു കൂടി ഒരു എളുപ്പം ഉണ്ടായിരിക്കും. ” (ക്വുര്‍ആന്‍ 94:1-6)

ക്വുര്‍ആന്‍ നമ്മുടെ അസ്തിത്വത്തിന്റെ എല്ലാ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യുകയും വിജയത്തിലേക്കുള്ള വ്യക്തമായ പാത കാണിക്കുകയും ചെയ്യുന്നുണ്ട്. അത് ക്ഷമിക്കുന്നവരുടെ വിശാലമായ ഭൂപടവും, ജീവിതമാര്‍ഗരേഖയുമാണ്.

ഇസ്‍ലാം എന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു?

"നമ്മള്‍ വെളിച്ചത്തെ അത്രമാത്രം സ്നേഹിക്കുന്നത്... ഒരിക്കല്‍ നമ്മള്‍ ഇരുട്ടില്‍ ജീവിക്കുമ്പോഴാണ്."

ഞാന്‍ ആദ്യമായി ഇസ്‍ലാം സ്വീകരിച്ചപ്പോള്‍, അത് എന്റെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്ന് ഞാന്‍ കരുതിയിരുന്നേയില്ല. ഇസ്‍ലാം എന്റെ ജീവിതത്തെ മാത്രമല്ല പരിവര്‍ത്തിപ്പിച്ചത്, അത് പൂര്‍ണ്ണമായും എന്നെതന്നെ മാറ്റി.

കുടുംബജീവിതം: ഞാനും ഭര്‍ത്താവും പരസ്പരം വളരെ ആഴത്തില്‍ സ്നേഹിച്ചിരുന്നു. ആ സ്നേഹം ഇന്നും നിലനില്‍ക്കുന്നു. എന്നിട്ടും ഞാന്‍ ഇസ്‍ലാം പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ വന്നു തുടങ്ങി. ഞാന്‍ മാറുന്നത് അദ്ദേഹം കണ്ടുകൊണ്ടിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. ഞാന്‍ മാറുകയാണെന്ന് എനിക്ക് പോലും മനസ്സിലായില്ല. എന്റെ മാറ്റത്തിന് ഒരേയൊരു കാരണം മറ്റൊരു വ്യക്തിയാണെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. ഞാന്‍ അതൊന്നും അറിയാത്തതിനാല്‍ എനിക്ക് സംഭവിക്കുന്ന മാറ്റം എന്താണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു.

ഞാനൊരു മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം പരിഹാരത്തിന് കാര്യമായൊന്നും എന്നെ സഹായിച്ചില്ല. എല്ലാത്തിനുമുപരി... ഒരു സ്ത്രീ അവളുടെ മതം പോലെ അടിസ്ഥാനപരമായ എന്തെങ്കിലും മാറ്റാനുള്ള ഒരേയൊരു കാരണം മറ്റൊരു പുരുഷനുമായുളള ബന്ധമാകണം. എന്നാല്‍ ആരാണ് ആ പുരുഷന്‍ എന്നതിന് ഒരു തെളിവും കണ്ടെത്താനായില്ല... പക്ഷേ അദ്ദേഹത്തിന് അങ്ങനെയൊരു നിഗമനത്തില്‍ നിലനില്‍ക്കേണ്ടി വന്നു. അവലക്ഷണമായ വിവാഹമോചനത്തിലാണ് ഞങ്ങളുടെ ദാമ്പത്യം അവസാനിച്ചത്. അനാചാരമായ മതം എന്റെ കുട്ടികളുടെ ജീവിതവികസനത്തിന് ഹാനികരമാകുമെന്ന് കോടതി വിധിയെഴുതി. അങ്ങനെ അവരെ എന്റെ കസ്റ്റഡിയില്‍ നിന്നും മാറ്റി.

വിവാഹമോചന സമയത്ത്, സ്വയം ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന് എന്നോട് പറഞ്ഞ ഒരു സമയമുണ്ടായിരുന്നു. എനിക്ക് ഈ മതം ഉപേക്ഷിച്ച് എന്റെ മക്കളോടൊപ്പം പോകാം, അല്ലെങ്കില്‍ എന്റെ മക്കളെ ഉപേക്ഷിച്ച് എന്റെ മതവുമായി പോകാം. ഞാന്‍ വല്ലാത്ത ഞെട്ടലിലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് എളുപ്പമുളള ഒരു തിരഞ്ഞെടുപ്പായിരുന്നില്ല. ഞാന്‍ എന്റെ ഇസ്‌ലാമിനെ ഉപേക്ഷിച്ചാല്‍....എന്റെ മനസ്സിലുള്ളത് നിഷേധിക്കാന്‍ ഒരു വഴിയുമില്ല, ഞാന്‍ എന്റെ മക്കളെ വഞ്ചകമായത് പഠിപ്പിക്കുകയോ, അതും സാധ്യമല്ല. എനിക്ക് യഥാര്‍ത്ഥ ദൈവത്തെ നിഷേധിക്കാന്‍ കഴിഞ്ഞില്ല. ഇതുവരെ പ്രാര്‍ത്ഥിക്കാത്ത പോലെ ഞാന്‍ പ്രാര്‍ത്ഥിച്ചു. മുപ്പത് മിനിറ്റ് കഴിഞ്ഞപ്പോള്‍, എന്റെ മക്കള്‍ക്ക് ദൈവത്തിന്റെ സംരക്ഷണത്തേക്കാള്‍ സുരക്ഷിതമായ മറ്റൊന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ ദൈവനിഷേധിയായാല്‍, ദൈവത്തോടൊപ്പമുള്ള അത്ഭുതങ്ങള്‍ എന്റെ കുട്ടികള്‍ക്ക് കാണിക്കാന്‍ ഭാവിയില്‍ ഒരു മാര്‍ഗവുമുണ്ടാകില്ല. എന്റെ മക്കളെ ഞാന്‍ ദൈവത്തെ ഏല്‍പ്പിക്കുന്നത് ഒരിക്കലും അവരെ തിരസ്കരിക്കലല്ലല്ലോ!

എന്റെ കുഞ്ഞുങ്ങളില്ലാത്ത ജീവിതം വളരെ ദുഷ്‌കരമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ കോടതി വിട്ടത്. അന്നേരവും എന്റെ ഉള്ളില്‍ ഞാന്‍ ചെയ്തത് ശരിയായിരുന്നു എന്ന ഉറപ്പുണ്ടായിരുന്നു. ആയത്തുല്‍ കുര്‍സി പാരായണം ചെയ്തുകൊണ്ടാണ് ഞാന്‍ ആശ്വാസം കണ്ടെത്തിയിരുന്നത്.

“അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല അവന്‍ ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല. അവന്റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും എല്ലാം. ആരുണ്ട്, അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവന്‍. അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല. അവന്റെ 'കുര്‍സിയ്യ്' [രാജപീഠം] ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായിരിക്കുന്നു. അവ രണ്ടിന്റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും.” (ക്വുര്‍ആന്‍ 2:255)

ദൈവത്തെ കുറിച്ചുളള വിശേഷണങ്ങള്‍ എല്ലാം നോക്കാനും ഓരോന്നിന്റെയും സൗന്ദര്യം കണ്ടെത്താനും ഇത് എന്നെ പ്രേരിപ്പിച്ചു.

കുട്ടികളുടെ അഭാവവും വിവാഹമോചനവും മാത്രമായിരുന്നില്ല ഞാന്‍ അഭിമുഖീകരിക്കേണ്ടിയിരുന്നത്. എന്റെ കുടുംബത്തിലെ മറ്റുള്ളവരും എന്റെ നിലപാടിനെ അത്ര അംഗീകരിച്ചിരുന്നില്ല. കുടുംബത്തിലെ ഭൂരിഭാഗവും എന്നോട് സഹകരിക്കാന്‍ വിസമ്മതിച്ചു. ഇത് ഒരു ഘട്ടം മാത്രമാണെന്നും ഞാന്‍ അതില്‍ നിന്നും പുറത്തുചാടുമെന്നും എന്റെ അമ്മ വിശ്വസിച്ചു. എന്റെ സഹോദരി, 'മാനസികാരോഗ്യ വിദഗ്‌ദ്ധ' എനിക്ക് മനസ്സ് നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ചു. ഞാന്‍ നരകത്തില്‍ ആഴ്ന്നിറങ്ങുന്നതിനുമുമ്പ് ഞാന്‍ കൊല്ലപ്പെടണമെന്ന് എന്റെ പിതാവ് കരുതി. എനിക്ക് ഭര്‍ത്താവും കുടുംബവുമില്ലെന്ന് ഞാന്‍ പെട്ടെന്നാണ് കണ്ടെത്തിയത്. അടുത്തത് എന്തായിരിക്കും?

സുഹൃത്തുക്കള്‍: ആ ആദ്യ വര്‍ഷത്തില്‍തന്നെ എന്റെ മിക്ക സുഹൃത്തുക്കളും അകന്നുപോയി. എനിക്ക് പിന്നെ ഒരു രസവുമില്ലായിരുന്നു. എന്നാല്‍ പാര്‍ട്ടികളിലോ ബാറുകളിലോ പോകാന്‍ ഒട്ടും ഞാന്‍ ആഗ്രഹിച്ചില്ല. ഒരു ബോയ് ഫ്രണ്ടിനെ കണ്ടെത്തുന്നതില്‍ എനിക്ക് താല്‍പ്പര്യവുമില്ലായിരുന്നു. ആ 'വിഡ്ഢി' പുസ്തകം വായിക്കുകയും ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുക മാത്രമാണ് ഞാന്‍ എന്നാണ് കൂട്ടുകാരുടെ പരാതി. എന്തുകൊണ്ടാണ് ഇസ്‌ലാം ഇത്ര മനോഹരമായതെന്ന് അവര്‍ക്ക് മനസ്സിലാക്കികൊടുക്കാന്‍ എനിക്ക് വേണ്ടത്ര അറിവില്ലായിരുന്നു.

തൊഴില്‍: എന്റെ ജോലി ഏതാണ്ട് പോകാനുള്ളതായിരുന്നു. ജോലിസ്ഥലത്ത് പല അവാര്‍ഡുകളും ഞാന്‍ നേടുകയും കാര്യമായ ഒരു ട്രെന്‍ഡ് സെറ്ററും മണിമേക്കറുമായി ഞാന്‍ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നപ്പോള്‍, ഹിജാബ് ധരിച്ച ദിവസം മുതല്‍ എന്റെ ജോലിയുടെ അവസാനമായിരുന്നു. ഇപ്പോള്‍ ഞാന്‍ കുടുംബവും സുഹൃത്തുക്കളും ജോലിയും ഇല്ലാത്തവളായി.

ഈ യാത്രയില്‍ ആദ്യത്തെ വെളിച്ചവും താങ്ങുമായി വന്നത് എന്റെ അമ്മൂമ്മയായിരുന്നു. അവര്‍ എന്റെ ഇഷ്ടം അംഗീകരിച്ച് എന്നോടൊപ്പം ചേര്‍ന്നു. എന്തൊരത്ഭുതം! അവര്‍ക്ക് മതിയായ വിവേകമുണ്ടെന്ന് എനിക്ക് അറിയാം. പക്ഷേ ഇത്! അധികം വൈകാതെ അമ്മൂമ്മ മരിക്കുകയും ചെ്യതു. അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, എനിക്ക് ഏതാണ്ട് അസൂയ വരും. അവര്‍ ശഹാദത്ത് ഉച്ചരിച്ച ദിവസം, അവരുടെ എല്ലാ തെറ്റുകളും മായ്ച്ചുകളഞ്ഞിരിക്കും, അതേസമയം അവരുടെ നല്ല പ്രവൃത്തികള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇസ്‌ലാം സ്വീകരിച്ചു അധികം വൈകാതെതന്നെ അവര്‍ മരിച്ചു, അവരുടെ കര്‍മ്മഫലം രേഖപ്പെടുത്തിയ 'ഗ്രന്ഥം' വലതു വശത്ത് ഭാരമുള്ളതാണെന്ന് കരുതാം. ഇത് എന്നില്‍ വളരെയധികം സന്തോഷം നിറയ്ക്കുന്നുമുണ്ട്!

എന്റെ അറിവ് വര്‍ദ്ധിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുളള പ്രാപ്തിയൊക്കെ കൈവരികയും ചെയ്തപ്പോള്‍, എന്റെ ജീവിതത്തില്‍ പലതും മാറി. ഒരു വ്യക്തിയെന്ന നിലയില്‍ എന്നില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറ്റവും വലിയ സ്വാധീനം മറ്റുള്ളവരില്‍ ചെലുത്തി. ഞാന്‍ എന്റെ ഇസ്‌ലാമുമായി പരസ്യമായി ഇറങ്ങി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, എന്റെ അമ്മ എന്നെ വിളിച്ച് ഈ 'ഇസ്‌ലാം' എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞു, എന്നാല്‍ ഞാന്‍ ഈ മതത്തില്‍തന്നെ തുടരുമെന്ന് അവര്‍ക്ക് അറിയാമെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഞാന്‍ ഇതിലൂടെ ചെയ്യുന്ന കാര്യങ്ങളെ അവര്‍ ഇഷ്ടപ്പെടുന്നതായി എനിക്ക് മനസ്സിലായി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും എന്നെ വിളിച്ച് ഒരു വ്യക്തി മുസ്‍ലിമാകാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ചു. ഒരു ദൈവം മാത്രമേ യഥാര്‍ത്ഥത്തില്‍ ഉള്ളൂവെന്നും മുഹമ്മദ് നബി(സ) അവന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക മാത്രമാണ് മുസ്‍ലിമാകാന്‍ ഒരു മനുഷ്യന്‍ ചെയ്യേണ്ടത് എന്ന് ഞാന്‍ അവരോട് പറഞ്ഞു. അവരുടെ പ്രതികരണം ഇതായിരുന്നു: “ഏത് വിഡ്ഢിക്കും ഇത് അറിയാം. എന്നാല്‍ നീ എന്താണ് ചെയ്യേണ്ടത്?” ഞാന്‍ അതേ കാര്യം വീണ്ടും ആവര്‍ത്തിച്ചു, അവര്‍ പറഞ്ഞു: “ശരി... ശരി. പക്ഷേ ഈ കാര്യം അച്ഛനോട് ഇപ്പോള്‍ പറയരുത്."

അതിന് ഏതാനും ആഴ്‌ചകള്‍ മുമ്പ്‌ അദ്ദേഹം ഇതേ സംഭാഷണത്തിലൂടെ കടന്നുപോയതായി അവര്‍ അറിഞ്ഞിരുന്നില്ല. എന്നെ കൊല്ലണമെന്ന് കരുതിയ എന്റെ പിതാവ് ഏകദേശം രണ്ട് മാസം മുമ്പ് ഈ വഴി സ്വീകരിച്ചിരിക്കുന്നു. അന്നേരം, മാനസികാരോഗ്യ മേഖലയില്‍ ജോലിചെയ്യുന്ന എന്റെ സഹോദരി, അവള്‍ എന്നോട് പറഞ്ഞു, അവള്‍ക്ക് അറിയാവുന്ന ഏറ്റവും വലിയ 'വിമോചിത' വ്യക്തി ഞാനാണെന്ന്. അവളില്‍ നിന്ന് വന്ന ഈ പ്രയോഗമാണ് എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അഭിനന്ദനം.

എന്റെ കുടുംബത്തിലെ ഓരോ വ്യക്തിയും എങ്ങനെയാണ് ഇസ്‍ലാം സ്വീകരിച്ചതെന്ന് നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നതിനുപകരം, എന്റെ കുടുംബത്തിലെ കൂടുതല്‍ അംഗങ്ങള്‍ എല്ലാ വര്‍ഷവും ഇസ്‍ലാമിലേക്ക് പ്രവേശിക്കുന്നത് തുടരുകയാണ് എന്ന് ഞാന്‍ പറയട്ടെ. എന്റെ മുന്‍ ഭര്‍ത്താവ് ഷഹാദത്ത് ചൊല്ലി മു‍സ്‍ലിമായി. അദ്ദേഹത്തെ അതിനായി കൊണ്ടുപോയ പ്രിയ സുഹൃത്ത് ബ്രദര്‍ ഖൈസര്‍ ഇമാം ഇക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും സന്തോഷിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം ഈ മതം സ്വീകരിച്ചതെന്ന് സഹോദരന്‍ കൈസര്‍ ചോദിച്ചിരുന്നു. അന്നേരം അദ്ദേഹം പറഞ്ഞത്, 16 വര്‍ഷമായി അദ്ദേഹം എന്നെ നിരീക്ഷിക്കുകയായിരുന്നു. എനിക്ക് ഉള്ളത് തന്റെ മകള്‍ക്കുംകൂടി ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു എന്നാണ്. പിന്നീട് അദ്ദേഹം വന്ന് ചെയ്തതെല്ലാം ക്ഷമിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അതിനും വളരെ മുമ്പേ ഞാന്‍ അതെല്ലാം ക്ഷമിച്ചിരുന്നു.

ഈ സമയത്ത് എന്റെ മൂത്ത മകന്‍ വിറ്റ്‌നി, ഞാന്‍ ഈ പുസ്തകം എഴുതിക്കൊണ്ടിരിക്കുമ്പോള്‍ വിളിച്ച് അവനും മുസ്ലീമാകാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ISNA കണ്‍വെന്‍ഷനില്‍ വെച്ച് ശഹാദ ചൊല്ലാന്‍ ഉദ്ദേശിക്കുന്നു എന്ന് പറഞ്ഞു. ഇപ്പോള്‍, അവന്‍ കഴിയുന്നത്ര ഇതെല്ലാം പഠിക്കുകയാണെന്ന്. അല്ലാഹു എത്രയോ പരമകാരുണികനാണ്.

വര്‍ഷങ്ങളായി, ഇസ്‌ലാമിനെക്കുറിച്ചുള്ള എന്റെ പ്രഭാഷണങ്ങളുടെ പേരില്‍ ഞാന്‍ അറിയപ്പെടുന്നു, കൂടാതെ നിരവധി ശ്രോതാക്കള്‍ മുസ്‍ലിമാകാന്‍ അത് കാരണമായി. ദൈവത്തിന്റെ ജ്ഞാനത്തെ കുറിച്ചുളള എന്റെ ബോധവും വിശ്വാസവും എന്റെ ആന്തരിക സമാധാനത്തിന്റെ വര്‍ദ്ധനവിന് സഹായകമായി. ദൈവം എന്റെ സ്രഷ്ടാവ് മാത്രമല്ല, എന്റെ പ്രിയപ്പെട്ട വഴികാട്ടികൂടിയാണ് എന്ന് എനിക്കറിയാം. ദൈവം എപ്പോഴും കൂടെയുണ്ടാകുമെന്നും എന്നെ ഒരിക്കലും തള്ളിക്കളയില്ലെന്നും ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഞാന്‍ ദൈവത്തിങ്കലേക്കു വയ്ക്കുന്ന ഓരോ ചുവടുവെയ്പ്പിനും, അവന്‍ എന്നിലേക്ക് പത്ത് മടങ്ങ് അടുക്കുന്നു. എന്തൊരു മഹത്തായ അറിവാണിത്!

ദൈവം വാഗ്‌ദാനം ചെയ്‌തതുപോലെ അവന്‍ എന്നെ പരീക്ഷിക്കുകയായിരുന്നു, സത്യം. ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറം അവന്‍ എനിക്ക് അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, എനിക്ക് ക്യാന്‍സര്‍ ഉണ്ടെന്നും അത് ടെര്‍മിനല്‍ ആണെന്നും ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞു. ഇനി ചികിത്സയൊന്നും ഇല്ലെന്നും അത് വളരെ പുരോഗമിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. എനിക്ക് ജീവിക്കാന്‍ ഒരു വര്‍ഷം ബാക്കിയുണ്ടായിരിക്കാം. എന്റെ കുട്ടികളെ, പ്രത്യേകിച്ച് എന്റെ ഇളയവനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. ആരാണ് ഇനി അവനെ പരിപാലിക്കുക? എന്നിട്ടും ഞാന്‍ വിഷാദിച്ചിരുന്നില്ല. നമ്മള്‍ എല്ലാവരും മരിക്കേണ്ടവരാണ്. ഞാന്‍ അനുഭവിക്കുന്ന വേദനയില്‍ അനുഗ്രഹങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് എനിക്ക് അന്നേരം ഉറപ്പുണ്ടായിരുന്നു.

ഇരുപതാം വയസ്സില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ച കരീം അല്‍മിസാവി എന്ന ഒരു നല്ല സുഹൃത്തിനെ ഞാന്‍ ഓര്‍ത്തു. മരിക്കുന്നതിന് തൊട്ടുമുമ്പ്, ദൈവം യഥാര്‍ത്ഥത്തില്‍ കരുണയുള്ളവനാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഈ മനുഷ്യന്‍ അവിശ്വസനീയമായ വേദനയിലും ദൈവത്തിന്റെ സ്നേഹത്താല്‍ പ്രസരിക്കുകയാണ്. അവന്‍ പറഞ്ഞു: "കുറ്റമറ്റ ഒരു പുസ്തകവുമായി ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കണമെന്നായിരിക്കാം ദൈവം ഉദ്ദേശിക്കുന്നത്." അദ്ദേഹത്തിന്റെ മരണാനുഭവം എനിക്ക് ചിന്തിക്കാന്‍ ചിലത് നല്‍കി. ദൈവത്തിന്റെ സ്നേഹവും കാരുണ്യവും അവന്‍ എന്നെ പഠിപ്പിച്ചു. മറ്റാരും ഇതുവരെ എന്നോട് ചര്‍ച്ച ചെയ്തിട്ടില്ലാത്ത വിഷയമായിരുന്നു ഇത്. ദൈവത്തിന്റെ സ്നേഹം!

അവന്റെ അനുഗ്രഹങ്ങളെക്കുറിച്ച് ബോധവതിയാകാന്‍ ഞാന്‍ അധിക സമയമൊന്നും എടുത്തില്ല. എന്നെ സ്‌നേഹിച്ച സുഹൃത്തുക്കള്‍ എവിടെനിന്നൊക്കെയോ വന്നു. എനിക്ക് ആലിംഗനംകൊണ്ടുളള സമ്മാനങ്ങള്‍ ലഭിച്ചു. അതിലും പ്രധാനമായി, ഇസ്‌ലാമിന്റെ സത്യം എല്ലാവരുമായും പങ്കിടുന്നത് എനിക്ക് എത്രയോ മുഖ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. മുസ്‌ലിംകളായാലും അല്ലാത്തവരായാലും ആളുകള്‍ എന്നെ അംഗീകരിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്‌താലും പ്രശ്‌നമില്ല. എനിക്ക് വേണ്ടത് ദൈവത്തിന്റെ അംഗീകാരം മാത്രമായിരുന്നു. എനിക്ക് വേണ്ടത് ദൈവത്തില്‍ നിന്നുള്ള സ്നേഹമായിരുന്നു. എന്നിട്ടും, ഒരു കാരണവുമില്ലാതെ, എന്നെ സ്നേഹിക്കുന്ന കൂടുതല്‍ കൂടുതല്‍ ആളുകളെ ഞാന്‍ കണ്ടെത്തി. ഞാന്‍ സന്തോഷിച്ചു, കാരണം ദൈവം നിങ്ങളെ സ്നേഹിക്കുന്നുവെങ്കില്‍, അവന്‍ നിങ്ങളെ സ്നേഹിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതാണ് എന്ന് വായിച്ചത് ഓര്‍ത്തുപോയി. ഈ സ്നേഹത്തിനെല്ലാം ഞാന്‍ യോഗ്യയല്ല എന്നറിയാം, അത് ദൈവത്തിന്റെ മറ്റൊരു സമ്മാനമായിരിക്കണം. ദൈവമാണ് ഏറ്റവും വലിയവന്‍!

എന്റെ ജീവിതം എങ്ങനെ മാറിയെന്ന് പൂര്‍ണ്ണമായി വിശദീകരിക്കാന്‍ ഒരു നിവൃത്തിയുമില്ല. അല്‍ഹംദുലില്ലാഹ് (സര്‍വ്വസ്തുതിയും അല്ലാഹുവിനാണ്)! ഞാന്‍ ഒരു മുസ്‍ലിം ആയതില്‍ വളരെ സന്തോഷിക്കുന്നു. ഇസ്‍ലാം എന്റെ ജീവനാണ്. ഇസ്‍ലാം എന്റെ ഹൃദയമിടിപ്പാണ്. എന്റെ സിരകളിലൂടെ ഒഴുകുന്ന രക്തമാണ് ഇസ്‍ലാം. അത് എന്റെ ശക്തിയാണ്. ഇസ്‍ലാമിലൂടെയുളള എന്റെ ജീവിതം വളരെ ഉത്കൃഷ്ടവും മനോഹരവുമാണ്. ഇസ്‍ലാം ഇല്ലെങ്കില്‍, ഞാന്‍ ഒന്നുമല്ല. ദൈവം എന്നെങ്കിലും അവന്റെ തിരുമുഖം എന്നില്‍ നിന്ന് മാറ്റുകയാണെങ്കില്‍, എനിക്ക് അതിനെ അതിജീവിക്കാന്‍ കഴിയുകയില്ല.

"ദൈവമേ! എന്റെ ഹൃദയത്തിന് വെളിച്ചവും, എന്റെ കാഴ്ചയ്ക്ക് വെളിച്ചവും, എന്റെ കേള്‍വിക്ക് വെളിച്ചവും, എന്റെ വലതുവശത്ത് വെളിച്ചവും, എന്റെ ഇടതുവശത്ത് വെളിച്ചവും, എനിക്ക് മുകളില്‍ വെളിച്ചവും, എന്റെ കീഴെ വെളിച്ചവും, എന്റെ മുമ്പില്‍ വെളിച്ചവും, എന്റെ പിന്നില്‍ വെളിച്ചവും ഉണ്ടാക്കേണമെ; എന്നിലും വെളിച്ചം ഉണ്ടാക്കേണമെ. ” (സ്വഹീഹ് അല്‍ബുഖാരി)

0
0
0
s2sdefault