Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്രൈസ്തവത

CHRISTIANITY

യഹൂദികളുടെ കുപ്രചരണങ്ങളും വസ്തുതകളും

അമാനി മൌലവി(റഹി)

Last Update: 2023 March 04, 12 Shaʻban, 1444 AH

അല്ലാഹു പറഞ്ഞു: “എന്നിട്ട്, അവരുടെ (കരാര്‍)ഉറപ്പ് അവര്‍ ലംഘിച്ചതുകൊണ്ടും, അല്ലാഹുവിന്‍റെ 'ആയത്തു' [ലക്ഷ്യം]കളില്‍ അവര്‍ അവിശ്വസിച്ചതുകൊണ്ടും, ഒരു ന്യായവും കൂടാതെ പ്രവാചകന്മാരെ അവര്‍ കൊലപ്പെടുത്തിയതുകൊണ്ടും, 'ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറയി(ട്ടു മൂ)ടപ്പെട്ടവയാകുന്നുവെന്ന്' അവര്‍ പറഞ്ഞതു കൊണ്ടും (അവര്‍ ശപിക്കപ്പെട്ടു). പക്ഷേ, (മൂടപ്പെടുകയല്ല-) അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവയുടെമേല്‍ മുദ്രകുത്തിയിരിക്കുകയാണ്. ആകയാല്‍, അല്‍പമായിട്ടല്ലാതെ അവര്‍ വിശ്വസിക്കുകയില്ല. (അതെ) അവരുടെ അവിശ്വാസം കൊണ്ടും, മര്‍യമിന്‍റെ പേരില്‍ വമ്പിച്ച കളളാരോപണം അവര്‍ പറഞ്ഞതുകൊണ്ടും. 'നിശ്ചയമായും, അല്ലാഹുവിന്‍റെ റസൂലായ മര്‍യമിന്‍റെ മകന്‍ ഈസാ എന്ന 'മസീഹി'നെ ഞങ്ങള്‍ കൊലപ്പെടുത്തിയിരിക്കുന്നുവെന്ന്' അവര്‍ പറഞ്ഞതുകൊണ്ടും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). (വാസ്തവമാകട്ടെ) അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ലതാനും. എങ്കിലും, അവര്‍ക്ക് തിരിച്ചറിയാതാക്കപ്പെട്ടിരിക്കുകയാണ്. നിശ്ചയമായും, അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലായവര്‍, അദ്ദേഹ(ത്തിന്‍റെ സംഭവ)ത്തെക്കുറിച്ചു സംശയത്തില്‍ തന്നെയാണു(ളളത്). അവര്‍ക്ക് അദ്ദേഹത്തെക്കുറിച്ചു യാതൊരു അറിവുമില്ല- ഊഹത്തെ പിന്‍പറ്റലല്ലാതെ. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല:- പക്ഷേ, അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.” (അന്നിസാഅ് 155-158)

യഹൂദികളെ സംബന്ധിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നതെന്ന് വ്യക്തമാണ്. അവര്‍ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് പാത്രമായിത്തീര്‍ന്നതിനുളള ഏതാനും കാരണങ്ങളാണ് അല്ലാഹു എടുത്തു കാട്ടുന്നത്.

(1) കരാറുകളും പ്രതിജ്ഞകളും അവര്‍ ലംഘിച്ചു കൊണ്ടിരുന്നത്.

(2) അല്ലാഹുവിന്‍റെ ആയത്തുകളിലുളള അവിശ്വാസം. വേദഗ്രന്ഥം മുഖേന ലഭിച്ചലക്ഷ്യങ്ങളിലും, മൂസാ നബി (അ)യുടെ കൈക്കും മറ്റും വെളിവായ ദൃഷ്ടാന്തങ്ങളിലും, ബുദ്ധിപരമായ ദൃഷ്ടാന്തങ്ങളിലുമുളള എല്ലാ അവിശ്വാസവും നിഷേധവും ഇതില്‍ ഉള്‍പെടുന്നു.

(3) യാതൊരു ന്യായവും കൂടാതെ – തനി അക്രമവും ധിക്കാരവുമായി- പല പ്രവാചകന്‍മാരെയും കൊലപ്പെടുത്തിയത്.

(4) ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറയിട്ടു മൂടിക്കിടക്കുകയാണ്- നിങ്ങള്‍ ഉപദേശിക്കുന്നതൊന്നും ഞങ്ങളുടെ ഹൃദയത്തിലേക്ക് കടക്കുകയില്ല – എന്ന് പറഞ്ഞുകൊണ്ട് മര്‍ക്കടമുഷ്ടി കാണിക്കുകയാണവര്‍ ചെയ്യുന്നത്.

അവരുടെ ഹൃദയങ്ങളിലേക്ക് ഉപദേശങ്ങളൊന്നും കടക്കുന്നില്ലെന്നുളളത് ശരി തന്നെയാണെങ്കിലും അതിന് അവര്‍ പറഞ്ഞ കാരണം ശരിയല്ലെന്നും, യഥാര്‍ത്ഥ കാരണം മറ്റൊന്നാണെന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതെ അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവക്ക് മുദ്ര വെച്ചിരിക്കുകയാണ്. ഇതാണതിന് യഥാര്‍ത്ഥ കാരണം. അവരുടെ സത്യനിഷേധവും മര്‍ക്കട മുഷ്ടിയും അത്രക്ക് മുഴുത്തു പോയിട്ടുണ്ട്. സത്യവിശ്വാസം അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുവാന്‍ മാര്‍ഗമില്ലാതായിത്തീര്‍ന്നിരിക്കുന്നു എന്ന് സാരം. കവിഞ്ഞപക്ഷം, ഏതെങ്കിലും അല്‍പം ചില വ്യക്തികള്‍ വിശ്വസിച്ചെന്നു വരാം. അല്ലെങ്കില്‍ അവരില്‍ നാമമാത്രമായ വിശ്വാസം പ്രകടമായെന്നു വരാം. അതില്‍ കവിഞ്ഞൊന്നും അവരില്‍ നിന്ന് പ്രതീക്ഷിക്കുവാനില്ല എന്നു കൂടി അല്ലാഹു വ്യക്തമാക്കുന്നു.

(5) അവിശ്വാസവും, മര്‍യമിന്‍റെ പേരില്‍ വമ്പിച്ച കളളാരോപണം പറഞ്ഞുണ്ടാക്കിയതും. മര്‍യം (അ) വ്യഭിചാരിണിയാണെന്നും, ഈസാ (അ) ജാരസന്താനമാണെന്നുമുളള യഹൂദ വാദമാണിതുകൊണ്ടു വിവക്ഷ. പിതാവില്ലാതെ ഈസാ (അ) ഭൂജാതനായേപ്പാള്‍ ജനങ്ങള്‍ മര്‍യമിനെ ആക്ഷേപിക്കയുണ്ടായെന്നും, മര്‍യം മൗനം ദീക്ഷിച്ചു കൊണ്ട് തൊട്ടിലില്‍ കിടക്കുന്ന കുട്ടിയുടെ നേരെ ചൂണ്ടിക്കാട്ടിയെന്നും, താന്‍ അല്ലാഹുവിന്‍റെ അടിയാനാകുന്നു- തന്നെ അല്ലാഹു പ്രവാചകനാക്കിയിട്ടുണ്ട്- എന്നും മറ്റും കുട്ടി അവരോട് മറുപടി പറഞ്ഞുവെന്നും സൂറത്തു മര്‍യമില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ആദ്യം അവര്‍ക്ക് മര്‍യമിനെക്കുറിച്ച് സംശയം തോന്നിയെങ്കിലും ഇതോടുകൂടി ആ സംശയം അവസാനിക്കുകയുണ്ടായി. ഇസ്‌റാഈല്യര്‍ക്കിടയില്‍ ആദരണീയവും ഉന്നതവുമായി കരുതപ്പെട്ടിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്ന മര്‍യമിനോടും, അസാധാരണമായ നിലയില്‍ ജനിച്ച ആ അല്‍ഭുത ശിശുവിനോടും അവര്‍ വളരെ ബഹുമാനപൂര്‍വ്വം പെരുമാറിപ്പോരുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന് പ്രവാചകത്വം സിദ്ധിക്കുകയും അതിനെത്തുടര്‍ന്നു അവരുടെ ദുര്‍നടപടികളെയും തോന്നിയവാസങ്ങളെയും ആക്ഷേപിക്കുവാനും സന്മാര്‍ഗോപദേശം നല്‍കുവാനും ആരംഭിക്കുകയും ചെയ്തപ്പോള്‍ അവരുടെ മട്ടുമാറി. അദ്ദേഹത്തെ നിഷേധിക്കുവാനും അദ്ദേഹത്തോടു പക വെക്കുവാനും തുടങ്ങി. അങ്ങനെ, ആ പഴയ ആരോപണം പൂര്‍വ്വോപരി ശക്തിയായ രൂപത്തില്‍ വീണ്ടും അവര്‍ ഘോഷിക്കുകയായി. അതുകൊണ്ടാണ് അതിനെപ്പറ്റി ‘വമ്പിച്ച കളളാരോപണം’ എന്ന് അല്ലാഹു വിശേഷിപ്പിക്കുന്നത്.

(6) ഈസാ നബി (അ) യെ തങ്ങള്‍ ക്രൂശിച്ചു കൊലപ്പെടുത്തിയിരിക്കുന്നുവെന്നുളള അവരുടെ അഹങ്കാരവാദം. മര്‍യമിന്‍റെ മകന്‍ ഈസാ മസീഹിനെ ഞങ്ങള്‍ കൊലപ്പെടുത്തി എന്നു മാത്രം പറഞ്ഞു മതിയാക്കാതെ ‘അല്ലാഹുവിന്‍റെ റസൂലായ (റസൂലുല്ലാഹ്)’ എന്നുകൂടി വിശേഷിപ്പിച്ചത് അവരുടെ പരിഹാസെത്തയും ധിക്കാരത്തെയുമാണ് സൂചിപ്പിക്കുന്നത്. മറ്റു പ്രവാചകന്‍മാരുടെ കൈക്കൊന്നും വെളിപ്പെട്ടിട്ടില്ലാത്ത പല ദിവ്യ ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിന്‍റെ കൈക്ക് വെളിപ്പെട്ടു കിട്ടുപോലും വ്യഭിചാര പുത്രനെന്നും, ആഭിചാരിയെന്നും കളളവാദിയെന്നുമൊക്കെ അദ്ദേഹത്തെപ്പറ്റി ആരോപിച്ചു കൊണ്ടിരുന്ന അവര്‍ അദ്ദേഹത്തെപ്പറ്റി അദ്ദേഹം അല്ലാഹുവിന്‍റെ റസൂലാണെന്ന് എങ്ങിനെ സമ്മതിക്കും?! ഈസാ (അ) ക്രൂശിച്ചു കൊല്ലപ്പെട്ടുവെന്നു യഹൂദികള്‍ മാത്രമല്ല, അവരെപ്പോലെ ക്രിസ്ത്യാനികളും വാദിക്കുകയും വിശ്വസിക്കുകയും ചെയ്തുവരുന്നു. പക്ഷേ, രണ്ടുകൂട്ടരും തമ്മില്‍ വമ്പിച്ച ഒരു വ്യത്യാസമുണ്ട്. തങ്ങളുടെ ശത്രുവും വ്യഭിചാരസന്തതിയും കളളവാദിയുമാണെന്ന ആരോപണാടിസ്ഥാനത്തില്‍, ആ കൃത്യം തങ്ങളുടെ ധീരതയെയും കീര്‍ത്തിയെയും കുറിക്കുന്ന സംഭവമായിട്ടാണ് യഹൂദികള്‍ കരുതിപ്പോരുന്നതും. ക്രിസ്ത്യാനികളാവട്ടെ മറ്റൊരു വിധത്തിലാണതിനെ വിലയിരുത്തുന്നത്. യഹൂദികളുടെ അക്രമപരവും, വഞ്ചനാപരവുമായ ഒരു കഠിന കഠോര കൃത്യമായിരുന്നു ആ സംഭവമെങ്കിലും ജന്മനാ പാപിയായ മനുഷ്യവര്‍ഗത്തിന്‍റെ പാപഭാരത്തില്‍ നിന്ന് മനുഷ്യന് മോചനം ലഭിക്കുവാന്‍ വേണ്ടി ദൈവപുത്രനായ യേശു (ഈസാ-അ) കുരിശു വരിച്ചതായിട്ടാണ് അവരതു കണക്കാക്കുന്നത്. ക്രിസ്തീയ മതത്തിന്‍റെ ഒന്നാമത്തെ അടിത്തറയായി അതവര്‍ ഗണിക്കുകയും ചെയ്യുന്നു. താഴെ വിവരിക്കുന്ന പ്രകാരം- അല്ലാഹു തന്നെ സൂചിപ്പിച്ചതുപോലെ – കുരിശുസംഭവം നടന്ന കാലത്തെ ക്രിസ്ത്യാനികള്‍ക്കിടയില്‍ അതു സംബന്ധിച്ച പ്രതികരണങ്ങള്‍ പലതരത്തിലായിരുന്നു. പിന്നീട് കുറേ കഴിഞ്ഞാണ് ക്രിസ്ത്യാനികളില്‍ മേല്‍പറഞ്ഞ വിശ്വാസ സിദ്ധാന്തം രൂഢമൂലമായിത്തീര്‍ന്നത്. മനുഷ്യപിതാവായ ആദം (അ) സ്വര്‍ഗത്തിലെ വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് ഭുജിച്ചതിനെത്തുടര്‍ന്ന് മനുഷ്യവര്‍ഗം മുഴുക്കെ ജന്‍മനാ പാപികളായെന്നും, ഈ പാപത്തില്‍ നിന്ന് മനുഷ്യവര്‍ഗത്തെ മോചിപ്പിക്കുവാനായി- മനുഷ്യാരംഭം മുതല്‍ സുദീര്‍ഘമായ ഒരു കാലഘട്ടം കഴിഞ്ഞ ശേഷം ഒരു സുവര്‍ണാവസരത്തില്‍- ദൈവം തന്‍റെ പുത്രനായ യേശുവിനെ മനുഷ്യരൂപത്തില്‍ ഭൂമിയിലേക്കയച്ചുവെന്നും, അദ്ദേഹം കുരിശ് വരിച്ചു അതിനു പരിഹാരം വരുത്തിയെന്നും മറ്റുമാണ് നിലവിലുളള ക്രിസ്തീയ വിശ്വാസം. ക്രിസ്തുവിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ ബദ്ധവൈരിയായി വര്‍ത്തിക്കുകയും, കുരിശു സംഭവം കഴിഞ്ഞ് ഏതാനും കൊല്ലങ്ങള്‍ക്കു ശേഷം പെട്ടന്നൊരു മുഹൂര്‍ത്തം നോക്കി അദ്ദേഹത്തിന്‍റെ അപ്പോസ്തല സ്ഥാനം അദ്ദേഹം തന്നെ തനിക്കു നല്‍കുകയുണ്ടായെന്ന് അവകാശപ്പെട്ടു കൊണ്ടു രംഗത്തിറങ്ങുകയും ചെയ്ത ‘വിശുദ്ധ പൗലോസ് ‘ എന്ന മനുഷ്യന്‍ (സെന്റ് പോള്‍ (S.T. Paul)) രൂപ കല്‍പന ചെയ്തുണ്ടാക്കിയതാണ് വാസ്തവത്തില്‍ ഈ സിദ്ധാന്തം.

കുരിശു സംഭവത്തെ സംബന്ധിച്ചു വിശദമായ വിവരങ്ങളൊന്നും ക്വുര്‍ആനില്‍ ഇല്ല. എങ്കിലും, ആ സംഭവത്തില്‍ ഈസാ (അ) കുരിശില്‍ തറക്കപ്പെടുകയോ വധിക്കപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും, അവര്‍ക്ക് യഥാര്‍ത്ഥ സംഭവം തിരിച്ചറിയാതെ പോയിരിക്കയാണെന്നും, അങ്ങിനെ സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നവരുടെ അടുക്കല്‍ ഊഹാപോഹങ്ങളല്ലാതെ യാതൊരു തെളിവുമില്ലെന്നും അര്‍ത്ഥശങ്കക്ക് ഇടമില്ലാത്ത വണ്ണം അല്ലാഹു ഖണ്ഡിതമായി പ്രഖ്യാപിച്ചിരിക്കുന്നു.

(1) ഒരു കുരിശു സംഭവം നടന്നിട്ടുണ്ടെങ്കിലും അതില്‍ ഈസാ (അ) കൊല്ലപ്പെട്ടിട്ടില്ലെന്നും, യഥാര്‍ത്ഥത്തില്‍ അവിടെ നടന്നതെന്താണെന്ന് അവര്‍ക്ക് തിരിച്ചറിയാതെ പോയതാണെന്നും ആണല്ലോ അല്ലാഹു പറഞ്ഞതിന്‍റെ അര്‍ത്ഥം. ഈ തിരിച്ചറിയാതിരിക്കലിനുളള കാരണം അല്ലാഹു വ്യക്തമാക്കിയിട്ടില്ല. ബൈബ്ളിലെ പുതിയ നിയമ പുസ്തകങ്ങളില്‍ ഈ സംഭവത്തെ സംബന്ധിച്ചു വന്ന പ്രസ്താവനകള്‍ പരിശോധിച്ചാല്‍, ക്രൂശിക്കപ്പെട്ട ആള്‍ ഈസാ (അ) ആയിരുന്നില്ല- അദ്ദേഹമാണെന്ന ധാരണയില്‍ മറ്റൊരാളാണ് ക്രൂശിക്കപ്പെട്ടത്- എന്ന് വരുവാനുളള പല സാധ്യതകളും അതില്‍ തെളിഞ്ഞു കാണാം. സംഭവത്തിന്‍റെ യഥാര്‍ത്ഥ രൂപം -അത് ശരിയോ തെറ്റോ ആവട്ടെ- ഇന്നിന്ന പ്രകാരമാണെന്ന് ബൈബ്ളിന്‍റെ ഉദ്ധരണികളെ അടിസ്ഥാനമാക്കി നിര്‍ണയിച്ചു പറയുക സാധ്യമല്ലതാനും. അത്രയും പരസ്പര വിരുദ്ധങ്ങളാണവ. ആ സ്ഥിതിക്ക് ‘അവര്‍ അദ്ദേഹത്തെ ഉറപ്പായും കൊല ചെയ്തിട്ടില്ല’ എന്ന് അല്ലാഹു പറഞ്ഞത് ക്രിസ്ത്യാനികളും -വായകൊണ്ടല്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും- സമ്മതിക്കാതിരിക്കുവാന്‍ ന്യായമില്ല.

(2) ഈസായുടെ വിഷയത്തില്‍ ഭിന്നാഭിപ്രായത്തില്‍ നിലകൊള്ളുന്നവര്‍ അദ്ദേഹത്തെ സംബന്ധിച്ചു സംശയത്തില്‍ തന്നെയാണുളളത്. അവര്‍ക്ക് അദ്ദേഹത്തിന്‍റെ സംഭവത്തെപ്പറ്റി ശരിയായ ഒരു വിവരവുമില്ല, അവര്‍ ഊഹത്തെ പിന്‍പറ്റുക മാത്രമാണ് ചെയ്യുന്നത്, അദ്ദേഹത്തെ അവര്‍ കൊന്നുകളഞ്ഞിട്ടുണ്ടെന്ന യാതൊരു ഉറപ്പും അവര്‍ക്കില്ല എന്നൊക്കെ അല്ലാഹു തറപ്പിച്ചു പറയുന്നു. ഈസാ നബി (അ)യെക്കുറിച്ചു യഹൂദികള്‍ വ്യഭിചാര പുത്രനെന്നും, ആഭിചാരിയെന്നും കളളവാദിയെന്നും പറഞ്ഞുവരുന്നു. അതേ സമയം ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ ദൈവപുത്രനെന്നും, അതല്ല ദൈവം തന്നെയാണെന്നും, ത്രിയേകത്വത്തിലെ പുത്രഭൂതമാണെന്നുമൊക്കെ വാദിക്കുന്നു. എല്ലാറ്റിനും ആധാരം ഊഹം തന്നെ. എനി കുരിശു സംഭവത്തെപ്പറ്റി പറയുകയാണെങ്കില്‍, അത്രത്തോളം അഭിപ്രായ ഭിന്നിപ്പുകള്‍ നിലവിലുളള ഒരു സംഭവം വേദക്കാര്‍ക്കിടയില്‍ വേറെയുണ്ടോ എന്ന് സംശയമാണ്. കുരിശില്‍ തറച്ചത് യേശുവിനെയല്ല, അദ്ദേഹത്തോട് രൂപസാദൃശ്യമുളള വേറെ ഒരാളെയായിരുന്നുവെന്ന് അവരില്‍ തന്നെ അഭിപ്രായക്കാരുണ്ട്. കുരിശില്‍ തറക്കപ്പെട്ടത് അദ്ദേഹം തന്നെയാണെങ്കിലും അദ്ദേഹം അതില്‍ വെച്ച് മരണമടഞ്ഞിട്ടില്ലെന്ന് വേറെ ചിലര്‍ പറയുന്നു.
അതല്ല, കുരിശില്‍ വെച്ച് മരിച്ചുവെങ്കിലും പിന്നീട് ഉയിര്‍ത്തെഴുനേല്‍ക്കുകയും ശിഷ്യന്‍മാരെ ഉപദേശിക്കുകയും ചെയ്‌തെന്നാണ് വേറൊരു അഭിപ്രായം. ശരീരം മാത്രം ക്രൂശിക്കപ്പെട്ടു- ആത്മാവ് ഉയര്‍ത്തപ്പെട്ടു- എന്നും ചിലര്‍ പറയുന്നു. കൂടാതെ, വേറെയും അഭിപ്രായങ്ങള്‍ കാണാം. ചുരുക്കിപ്പറഞ്ഞാല്‍, തങ്ങള്‍ യേശുവിനെ ക്രൂശിച്ചു കൊന്നുവെന്ന് അഹങ്കരിക്കുന്ന യഹൂദികള്‍ക്കോ, കുരിശു സംഭവം തങ്ങളുടെ മോക്ഷത്തിനുള്ള ഏകമാര്‍ഗമാക്കിത്തീര്‍ത്ത ക്രിസ്ത്യാനികള്‍ക്കോ ആ സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യത്തെപ്പറ്റി ഒരു എത്തും പിടിയുമില്ല. അനേകം ഊഹങ്ങളുണ്ടായിരുന്നതില്‍ നിന്ന് ചിലതിന് അവര്‍ക്കിടയില്‍ ക്രമേണ പ്രചാരണവും സ്ഥിരീകരണവും ലഭിക്കുകയും അത് ക്രിസ്തുമതത്തിന്‍റെ അടിത്തറയായി ഗണിക്കപ്പെട്ടുവരുകയും ചെയ്തുവെന്നു മാത്രം.

(3) ശരി, ഈസാ (അ) കൊല്ലപ്പെടുകയോ ക്രൂശിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ പിന്നെ അദ്ദേഹത്തിന്‍റെ കഥയെന്തായി? അതെ, അല്ലാഹു അദ്ദേഹത്തെ തന്‍റെ അടുക്കലേക്കു ഉയര്‍ത്തി. അതാണ് സംഭവിച്ചത്. ഉയര്‍ത്തല്‍ എങ്ങനെയാണുണ്ടായത്? ജഡത്തോടുകൂടിയോ അല്ലേ? ഉറക്കത്തിലോ ഉണര്‍ച്ചയിലോ? അദ്ദേഹം ഇപ്പോള്‍ എവിടെയുണ്ട്? അവിടെ അദ്ദേഹത്തിന്‍റെ ജീവിതരീതി എങ്ങിനെയാണ്? ഇതൊന്നും അല്ലാഹു വ്യക്തമാക്കിയിട്ടില്ല. ഉറപ്പിച്ചും വിശദീകരിച്ചും പറയത്തക്കവേറെ തെളിവുകളുമില്ല. എന്നാല്‍, ഈ സംശയങ്ങള്‍ക്ക് സ്വയം സമാധാനം കണ്ടെത്തുവാന്‍ സഹായകമാകുന്ന ചില വസ്തുതകള്‍ കൂടി ഇവിടെ ചൂണ്ടിക്കാട്ടാം:-

(-) ‘അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല’ എന്നും ‘അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ല’ എന്നും പറഞ്ഞതിലെ ‘അദ്ദേഹം’ എന്ന സര്‍വ്വനാമംകൊണ്ട് വിവക്ഷ ശരീരവും ആത്മാവും ചേര്‍ന്നുളള ഈസാ നബി (അ)യല്ലാതെ മറ്റൊന്നുമല്ലെന്നു പറയേണ്ടതില്ലല്ലോ. എന്നിരിക്കെ, അതിനെത്തുടര്‍ന്നു ‘പക്ഷേ, അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തി’ എന്ന് പറയുമ്പോള്‍ അതേ ശരീരവും ആത്മാവും ചേര്‍ന്നുളള ഈസാ (അ)യെത്തന്നെ ആയിരിക്കുവാനേ നിവൃത്തിയുളളൂ.

(-) ഒരു അസാധാരണ സംഭവമെന്ന നിലക്കാണ് ഈ ഉയര്‍ത്തലിനെപ്പറ്റി അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. ഈസാ നബി (അ) യെക്കുറിച്ച്- അതും കുരിശു സംഭവത്തോട് അനുബന്ധിച്ചു കൊണ്ട്- മാത്രമേ ‘തന്നിലേക്കു ഉയര്‍ത്തുക എന്ന വാക്ക് അല്ലാഹു പ്രയോഗിച്ചിട്ടുള്ളൂ. മറ്റേതെങ്കിലും ഒരാളെക്കുറിച്ചോ, ഏതെങ്കിലും സംഭവത്തെത്തുടര്‍ന്നോ ഈ പ്രയോഗം ക്വുര്‍ആനില്‍ വന്നിട്ടില്ല. അദ്ദേഹത്തിന്‍റെ ആത്മാവിനെ മാത്രമാണ് ഉയര്‍ത്തിയിരുന്നതെങ്കില്‍, അതിന് ഈസാ നബിയുമായോ, കുരിശു സംഭവവുമായോ ഒരു പ്രത്യേക ബന്ധവുമില്ല. എല്ലാ കൊല്ലപ്പെടുന്നവരുടെയും മരണെപ്പടുന്നവരുടെയും ആത്മാവ് ഉയര്‍ത്തപ്പെടുക പതിവാണല്ലോ.

(-) മുമ്പ് വിവരിച്ച കാര്യങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കുന്ന വിധം അനുയോജ്യമായ വല്ല സമാപന വാക്യങ്ങളും കൊണ്ട് ആയത്തുകളെ അവസാനിപ്പിക്കുക ക്വുര്‍ആനില്‍ സര്‍വ്വ സാധാരണമാണ്. ഈ വിഷയം അല്ലാഹു അവസാനിപ്പിക്കുന്നത് ‘അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ്. അവന്‍ ഉദ്ദേശിക്കുന്നകാര്യം നടപ്പില്‍ വരുത്തുന്നതില്‍ അവന് തടസ്സമോ പരാജയമോ ബാധിക്കുകയില്ലെന്നും, അവന്‍റെ പ്രവര്‍ത്തനങ്ങള്‍ നീതിക്കും യുക്തിക്കും നിരക്കുന്നതുമായിരിക്കുമെന്നുമാണല്ലോ ഇതിവിടെ പറഞ്ഞതിന്‍റെ താല്‍പര്യം.

(-) അദ്ദേഹം സ്ഥിതി ചെയ്യുന്നത് എവിടെത്തന്നെ ആയിരുന്നാലും അവിടെ ജീവിക്കുവാനാവശ്യമായ എല്ലാ സാഹചര്യങ്ങളും അദ്ദേഹത്തിനവിടെ ഉണ്ടാക്കിക്കൊടുക്കുവാനും, അദ്ദേഹത്തിന്‍റെ പ്രകൃതം ആ സാഹചര്യങ്ങളുമായി ഇണക്കുവാനും കഴിവുളളവനാണല്ലോ അല്ലാഹു. ഭൂമിയില്‍ ജീവിക്കാന്‍ ഭക്ഷണവും വെളളവും വായുവും അനിവാര്യമാക്കിവെച്ച അതേ സ്രഷ്ടാവിനു അവ കൂടാതെ ജീവിക്കാനുളള വല്ല വ്യവസ്ഥിതിയും ഏര്‍പ്പെടുത്തുവാനോ, അവിടേക്കു യോജിച്ച വല്ല ജീവിത രീതിയും ഉണ്ടാക്കിക്കൊടുക്കുവാനോ പ്രയാസമൊന്നുമില്ല. നിലവിലുളള ഭൗതിക നിയമങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിക്കൊണ്ട് പിതാവില്ലാതെ അദ്ദേഹത്തെ ജനിപ്പിക്കുകയും, മറ്റാര്‍ക്കും സിദ്ധിക്കാത്ത ഒരു പ്രത്യേകതയായി അദ്ദേഹത്തെ ഭൂമിയില്‍ നിന്ന് ഉയര്‍ത്തുകയും ചെയ്ത സ്ഥിതിക്ക് അദ്ദേഹത്തിന് പ്രത്യേകമായ ഒരു ജീവിതരീതി അവിടെ അല്ലാഹു നല്‍കിയെങ്കില്‍ അതില്‍ അവിശ്വസനീയമായി ഒന്നും തന്നെയില്ല.

(-) ഭൂലോകത്ത് നമ്മുടെ കണക്കു പ്രകാരം കൊല്ലങ്ങള്‍ കഴിയുമ്പോള്‍, ഉപരിമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന ചില ഗ്രന്ഥങ്ങളില്‍ കേവലം ദിവസങ്ങളോ, നാഴികകളോ മാത്രമായിരിക്കും അവയെന്ന് ശാസ്ത്രജ്ഞന്‍മാര്‍ കാര്യകാരണ സഹിതം സ്ഥാപിക്കാറുളളതും സ്മരണീയമാകുന്നു. വളരെ ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും ചന്ദ്രഗോളത്തില്‍ പോയി മനുഷ്യന്‍ നിരീക്ഷണങ്ങള്‍ നടത്തി തിരിച്ചു പോരുകയും, ചൊവ്വാഗ്രഹത്തിലും മറ്റും ചെന്നു നിരീക്ഷണം നടത്തുവാന്‍ ശുഭപ്രതീക്ഷയോടെ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്തുവരുന്ന ഇക്കാലത്ത് അഖിലാണ്ഡത്തിന്‍റെ സ്രഷ്ടാവ് ഒരു മനുഷ്യജീവിക്ക് ഈ ഭൗതിക പ്രകൃതിയില്‍ നിന്നും വ്യത്യസ്തമായ ഒരു ജീവിതം ഉപരിലോകത്ത് എവിടെയെങ്കിലും നല്‍കുകയെന്നത് സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒട്ടും വിദൂരമായ കാര്യമല്ല. ശാസ്ത്രജ്ഞന്‍മാരെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അദൃശ്യ കാര്യങ്ങളില്‍ നിരീക്ഷണം നടത്തി വിധി കല്‍പിക്കുവാന്‍ അവര്‍ക്ക് സാധ്യവുമല്ല.


അവലംബം: സൂറഃ അന്നിസാഅ് വ്യാഖ്യാനങ്ങളില്‍ നിന്നും സംഗ്രഹിച്ചത്

0
0
0
s2sdefault

ക്രൈസ്തവത - മറ്റു ലേഖനങ്ങൾ