യേശുവിന്‍റെ ശിഷ്യന്‍മാര്‍

By: Aisha Stacey

Last Update: 2022 December 22

Jesus Son of Mary : Part 3

ക്വുർആനിലെ അഞ്ചാം അദ്ധ്യായത്തിന് അൽമാഇദഃ (ഭക്ഷണത്തളിക) എന്നാണ് പേര്. യേശുവിന്‍റെയും മാതാവ് മറിയത്തിന്‍റെയും ജീവിതത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ക്വുർആനിലെ മൂന്ന് അദ്ധ്യായങ്ങളിൽ ഒന്നാണിത്. അദ്ധ്യായം 3 ആലു ഇംറാന്‍ (ഇംറാന്‍ കുടുംബം), അദ്ധ്യായം 19 മറിയം എന്നിവയാണ് മറ്റു രണ്ട് അദ്ധ്യായങ്ങൾ. മുസ്‍ലിംകൾ യേശുവിനെ സ്നേഹിക്കുകയും അദ്ദേഹത്തിന്‍റെ മാതാവിനെ ബഹുമാനിക്കുകയും ചെയ്യുന്നു, പക്ഷേ അവർ ഒരിക്കലും അവരെ ആരാധിക്കുന്നില്ല. ദൈവത്തിന്‍റെ സംസാരമെന്ന് മുസ്‍ലിംകൾ വിശ്വസിക്കുന്ന ക്വുര്‍ആൻ, യേശുവിനെയും മാതാവ് മറിയത്തെയും, അവരുടെ മുഴുവൻ കുടുംബത്തെയും (ഇംറാന്‍ കുടുംബത്തെയും) വളരെ ഉന്നതമായി പരിഗണിക്കുന്നു.

യേശു തന്‍റെ ജനതയായ ഇസ്രായേല്യരുടെ ഇടയിൽ വർഷങ്ങളോളം ജീവിച്ചിരുന്നു, അവരെ ഏകദൈവ ആരാധനയിലേക്ക് തിരികെ വിളിക്കുകയും ദൈവത്തിന്‍റെ അനുമതിയോടെ അദ്ദേഹം അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തുവെന്ന് നമുക്കറിയാം. ചുറ്റുമുള്ളവരിൽ ഭൂരിഭാഗവും അദ്ദേഹത്തിന്‍റെ ക്ഷണം നിരസിക്കുകയും അവിടുത്തെ സന്ദേശം ചെവികൊടുക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. എന്നിരുന്നാലും, അറബിയിൽ അൽഹവാരിയ്യീൻ (യേശുവിന്‍റെ സഹായികളായ ശിഷ്യന്മാർ) എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം അനുയായികള്‍ യേശുവിന് ചുറ്റും കൂടിയിരുന്നു. അവരുടെ സവിശേഷതയായി അല്ലാഹു പറഞ്ഞു:

“ഹവാരിയ്യു'കള്‍ക്ക് എന്നിലും, എന്‍റെ പ്രവാചകനിലും നിങ്ങള്‍ വിശ്വസിക്കണമെന്ന് നാം ദിവ്യസന്ദേശം നല്‍കിയ സന്ദര്‍ഭവും (ഓര്‍ക്കുക). അവര്‍ പറഞ്ഞു: 'ഞങ്ങള്‍ വിശ്വസിച്ചു, ഞങ്ങള്‍ 'മുസ്‌ലിം'കളാണെന്ന് സാക്ഷ്യം വഹിച്ചും കൊള്ളുക' എന്ന്.” (ക്വുർആൻ 5:111)

യേശുവിന്‍റെ ശിഷ്യന്മാർ തങ്ങളെ മുസ്‍ലിംകൾ എന്ന് വിശേഷിപ്പിച്ചു; 600 വർഷത്തേക്ക് ഇസ്‍ലാം മതം വെളിപ്പെടാതിരുന്ന അവസ്ഥയില്‍ ഇതെങ്ങനെ സംഭവിക്കും എന്ന് ചിന്തിച്ചേക്കാം. "മുസ്‌ലിം" എന്നതിന്‍റെ പൊതുവായ അർത്ഥത്തെയാണ് ദൈവം ഇവിടെ പരാമർശിക്കുന്നത്. ഏകദൈവത്തിനും അവന്‍റെ അനുസരണത്തിനും കീഴ്‌പെടുന്ന ഏതൊരാളും, ദൈവത്തോടും വിശ്വാസികളോടും വിധേയത്വവും വിശ്വസ്തതയും പുലർത്തുന്നവനുമാണ് മുസ്‌ലിം. മുസ്‍ലിം, ഇസ്‍ലാം എന്നീ വാക്ക് ഒരേ അറബി ധാതുവിൽ നിന്നാണ് വന്നിട്ടുളളത്. അത് സമാധാനവും സുരക്ഷിതത്വവും ഒരുവന്‍ ദൈവത്തിന് സമർപ്പിക്കുന്നതിൽ അന്തർലീനമാണ്. ദൈവത്തിന്‍റെ എല്ലാ പ്രവാചകന്മാരും അവരുടെ അനുയായികളും മുസ്‍ലിംകളായിരുന്നുവെന്ന് അങ്ങനെ മനസ്സിലാക്കാം.

“ഹവാരിയ്യു'കള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'മര്‍യമിന്‍റെ മകന്‍ ഈസാ, ആകാശത്തു നിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്‍ക്ക് ഇറക്കിത്തരുവാന്‍ താങ്കളുടെ റബ്ബിന് സാധിക്കുമോ?'” (ക്വുർആൻ 5:112)

അവർ യേശുവിനോട് ഒരു അത്ഭുതം പ്രവർത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നോ? തങ്ങളെ മുസ്‌ലിംകൾ എന്ന് പരിഗണിച്ചിരുന്ന യേശുവിന്‍റെ ശിഷ്യന്മാർക്ക് ഇഷ്ടംപോലെ അത്ഭുതങ്ങൾ പ്രദാനം ചെയ്യാനുള്ള ദൈവത്തിന്‍റെ കഴിവിനെക്കുറിച്ച് ഉറപ്പില്ലായിരുന്നോ? ഇത് അവിശ്വാസത്തിലേക്ക് നയിക്കുന്ന ചോദ്യമായതിനാൽ അത് അസംഭവ്യമാണ്. യേശുവിന്‍റെ ശിഷ്യന്മാർ ആ നിലക്ക് അത് സാധ്യമാണോ എന്ന് ചോദിച്ചില്ല, മറിച്ച് അവർക്ക് അപ്രകാരം ഭക്ഷണം നൽകാൻ ആ പ്രത്യേക സമയത്ത് യേശുവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നിരുന്നാലും, യേശു നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു:

“നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍.” (ക്വുർആൻ 5:112)

യേശുവിന്‍റെ പ്രതികരണം കണ്ടപ്പോൾ അദ്ദേഹത്തിന്‍റെ ശിഷ്യന്മാർ അവരുടെ വാക്കുകൾ വിശദീകരിച്ചു. തുടക്കത്തിൽ അവർ പറഞ്ഞത്, ‘ഞങ്ങള്‍ അതില്‍ നിന്ന് തിന്നുവാന്‍ ഉദ്ദേശിക്കുന്നു’ എന്നായിരുന്നു. അവർക്ക് വളരെ വിശന്നിരിക്കാം, ദൈവം തങ്ങളുടെ ആവശ്യം തൃപ്തിപ്പെടുത്തണമെന്ന് ആഗ്രഹിച്ചിരിക്കാം. ഞങ്ങൾക്ക് ഉപജീവനം നൽകണമെന്ന് ദൈവത്തോട് ആവശ്യപ്പെടുന്നത് സ്വീകാര്യമാണ്, കാരണം ദൈവം ദാതാവാണ്, എല്ലാ വിഭവങ്ങളും നല്‍കുന്നവന്‍ അവനാണ്. ശിഷ്യന്മാർ തുടർന്നു പറഞ്ഞു, ‘ഞങ്ങളുടെ ഹൃദയങ്ങള്‍ സമാധാനമടയുവാനും’ ഭക്ഷണം ആവശ്യപ്പെട്ടത്.

സ്വന്തം കണ്ണുകൊണ്ട് ഒരു അത്ഭുതം കണ്ടാൽ അവരുടെ വിശ്വാസം കൂടുതൽ ശക്തമാകുമെന്ന് അവർ മനസ്സിലാക്കിയിരുന്നു, ഇത് അവരുടെ ഈ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കുന്നു: ‘താങ്കള്‍ ഞങ്ങളോട് സത്യം പറഞ്ഞിരിക്കുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയുവാനും. ഞങ്ങള്‍ അതിന് (ആ ഭക്ഷണത്തളികക്ക്) സാക്ഷ്യം വഹിക്കുന്നവരില്‍ പെട്ടവരായിരിക്കുവാനും’ ഉദ്ദേശിക്കുന്നു.

സത്യത്തിന് സാക്ഷിയാകാനും അതിനെ പിന്തുണക്കുന്ന അത്ഭുതങ്ങൾ നേരിട്ട് അനുഭവിക്കാനും കഴിയണമെന്ന അവരുടെ അഭ്യർത്ഥന അവരുടെ ഏറ്റവും പ്രധാനപ്പെട്ട ന്യായീകരണമായിരുന്നു. ഇസ്രാഈല്‍ ജനതയുടെ മുമ്പാകെ സാക്ഷികളാകാൻ ദൈവത്തിന്‍റെ അനുമതിയോടെ ഈ അത്ഭുതം ചെയ്യാൻ ശിഷ്യന്മാർ ഈസാ നബി(അ)യോട് ആവശ്യപ്പെടുകയായിരുന്നു. സ്വന്തം കണ്ണുകൊണ്ട് കണ്ട അത്ഭുതങ്ങൾ പ്രഘോഷിച്ചുകൊണ്ട് യേശുവിന്‍റെ സന്ദേശം പ്രചരിപ്പിക്കാൻ ശിഷ്യന്മാർ ആഗ്രഹിച്ചിരുന്നു.

ക്വുര്‍ആന്‍ പറഞ്ഞു: "അവര്‍ പറഞ്ഞു: 'ഞങ്ങള്‍ അതില്‍ നിന്ന് തിന്നുവാന്‍ ഉദ്ദേശിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങള്‍ സമാധാനമടയുവാനും, താങ്കള്‍ ഞങ്ങളോട് സത്യം പറഞ്ഞിരിക്കുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയുവാനും. ഞങ്ങള്‍ അതിന് സാക്ഷ്യം വഹിക്കുന്നവരില്‍ പെട്ടവരായിരിക്കുവാനും (ഉദ്ദേശിക്കുന്നു)'. മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞു: 'അല്ലാഹുവേ, ഞങ്ങളുടെ റബ്ബേ, ആകാശത്തു നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ! ഞങ്ങള്‍ക്കും -ഞങ്ങളില്‍ ആദ്യമുള്ളവര്‍ക്കും, ഞങ്ങളില്‍ അവസാനമുള്ളവര്‍ക്കും- അതൊരു ഉല്‍സവവും, നിന്‍റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കുമാറ്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും വേണമേ! നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റം ഉത്തമനാണല്ലോ'.'' (ക്വുർആൻ 5:113-114)

യേശു ഒരു അത്ഭുതപ്രവര്‍ത്തനമാണ് ആവശ്യപ്പെട്ടത്. ആകാശത്തുനിന്ന് ഭക്ഷണത്തളിക ഇറക്കിത്തരണമെന്ന് അവൻ ദൈവത്തോട് പ്രാർത്ഥിച്ചു. ഇത് എല്ലാവർക്കും വേണ്ടിയാണെന്നും ഇത് ഒരു ഉത്സവമായിരിക്കണമെന്നും യേശു ആവശ്യപ്പെട്ടു. തുടര്‍ന്ന് വരുന്ന ഉത്സവം അല്ലെങ്കിൽ ആഘോഷം എന്നതിന് ക്വുര്‍ആൻ ഉപയോഗിച്ച അറബി പദമാണ് ഈദ്. തന്‍റെ ശിഷ്യന്മാരും അവരുടെ പിന്നാലെ വന്നവരും ദൈവത്തിന്‍റെ അനുഗ്രഹങ്ങളെ ഓർത്ത് നന്ദിയുള്ളവരായിരിക്കണമെന്ന് യേശു ആഗ്രഹിച്ചു.

പ്രവാചകന്മാരും മറ്റു സജ്ജനങ്ങളുമായ വിശ്വാസികൾ നടത്തിയ പ്രാർത്ഥനകളിൽ നിന്ന് നമുക്ക് ധാരാളം പഠിക്കാനുണ്ട്. യേശുവിന്‍റെ തേട്ടം കേവലം ഭക്ഷണത്തളികക്ക് വേണ്ടി മാത്രമല്ല, മറിച്ച് ദൈവം അവർക്ക് ഉപജീവനം നൽകണമെന്നായിരുന്നു. അദ്ദേഹം പ്രസ്തുത ആവശ്യം സമഗ്രമാക്കിത്തീർത്തു, കാരണം ഭക്ഷണം എന്നത് മികച്ച പരിപാലകന്‍ നൽകുന്ന ഉപജീവനത്തിന്‍റെ ഒരു ഭാഗമാണ്. ഭക്ഷണം, പാർപ്പിടം, അറിവ് എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടും. എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ, ജീവിതത്തിന് ആവശ്യമായ എല്ലാ ആവശ്യങ്ങളും ദൈവത്തിൽ നിന്നുള്ള ഉപജീവനം ഉൾക്കൊള്ളുന്നു എന്നത് ഇതിലൂടെ വ്യക്തമാക്കുകയാണ്.

“അല്ലാഹു പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്ക് അത് ഇറക്കിത്തരാം. എന്നാല്‍, പിന്നീട് നിങ്ങളില്‍ നിന്ന് ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം, നിശ്ചയമായും ഞാന്‍, ലോകരില്‍ ഒരാളെയും ശിക്ഷിക്കാത്തതായ ഒരു വമ്പിച്ച ശിക്ഷ അവനെ ഞാന്‍ ശിക്ഷിക്കുന്നതാണ്.” (ക്വുർആൻ 5:115)

ദൈവത്തിന്‍റെ പ്രതികരണം വളരെ വ്യക്തവും അഖണ്ഡമായതുമാകാന്‍ കാരണം, ദൈവത്തിൽ നിന്ന് ഒരു അടയാളമോ അത്ഭുതമോ ലഭിച്ചതിന് ശേഷം ഒരാൾ അവിശ്വസിച്ചാൽ, അത് അത്ഭുതം കാണാതെ അവിശ്വസിക്കുന്നതിനേക്കാൾ കുറ്റകരമാണ്. ഒരിക്കൽ ആ അത്ഭുതം കണ്ടുകഴിഞ്ഞാൽ, ഒരാൾക്ക് ദൈവത്തിന്‍റെ സർവ്വശക്തിയെക്കുറിച്ച് നേരിട്ടുള്ള അറിവും ധാരണയും ലഭിച്ചു എന്നര്‍ത്ഥം. ഒരു വ്യക്തിക്ക് എത്രത്തോളം അറിവ് ലഭിച്ചിട്ടുണ്ടോ അത്രയധികം അവനു ദൈവംമുമ്പാകെ ഉത്തരവാദിത്തവുമുണ്ട് എന്നത് അതറിയിക്കുന്നുണ്ട്. നിങ്ങൾ ദൈവിക അടയാളങ്ങൾ കാണുമ്പോൾ, ദൈവിക സന്ദേശം വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള ബാധ്യത വർദ്ധിക്കുകയാണ്. ആകാശത്ത് നിന്ന് ഭക്ഷണത്തളിക സ്വീകരിക്കുമ്പോൾ, അതോടൊപ്പം തങ്ങൾ ഏറ്റെടുത്തിരിക്കുന്ന വലിയ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാനായിരിക്കാൻ ദൈവം യേശുവിന്‍റെ ശിഷ്യന്മാരോട് കൽപ്പിക്കുകയായിരുന്നു.

ആ ദിവസം യേശുവിന്‍റെ ശിഷ്യന്മാർക്കും അനുയായികൾക്കും ഒരു വിരുന്നു ദിനവും ആഘോഷവും ആയിത്തീർന്നു, പക്ഷേ, കാലക്രമേണ, അത്ഭുതത്തിന്‍റെ യഥാർത്ഥ അർത്ഥവും സത്തയും നഷ്ടപ്പെട്ടു. ഒടുവിൽ യേശു ഒരു ദൈവമായി ആരാധിക്കപ്പെടാൻ തുടങ്ങി. ഉയിർത്തെഴുന്നേൽപിന്‍റെ നാളിൽ, എല്ലാ മനുഷ്യരും ദൈവംമുമ്പാകെ നിൽക്കുന്ന സന്ദര്‍ഭത്തില്‍ ദൈവം യേശുവിനോട് നേരിട്ട് സംസാരിക്കും. അക്കാര്യം ക്വുര്‍ആന്‍ പറയുന്നത് കാണുക:

അല്ലാഹു പറയുന്ന സന്ദര്‍ഭം: 'മര്‍യമിന്‍റെ മകന്‍ ഈസാ, നീയാണോ മനുഷ്യരോട് പറഞ്ഞത്: എന്നെയും, എന്‍റെ ഉമ്മയെയും നിങ്ങള്‍ അല്ലാഹുവിനു പുറമെ രണ്ടു ആരാധ്യന്മാരാക്കിക്കൊള്ളുവിന്‍ എന്ന്?' അദ്ദേഹം പറയും: 'നീ മഹാപരിശുദ്ധന്‍! എനിക്ക് ഒരു അവകാശവും ഇല്ലാത്തത് പറയുവാന്‍ എനിക്ക് പാടില്ലല്ലോ! 'ഞാനത് പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ചയായും നീ അത് അറിഞ്ഞിട്ടുണ്ടാകും. എന്നെ സംബന്ധിച്ചത് നീ അറിയുന്നു. നിന്നെ സംബന്ധിച്ചത് എനിക്കറിയുകയുമില്ല. നിശ്ചയമായും, നീ തന്നെയാണ് അദൃശ്യകാര്യങ്ങളെ നന്നായറിയുന്നവന്‍. 'നീ എന്നോട് എന്ത് കല്‍പ്പിച്ചുവോ അതല്ലാതെ ഞാന്‍ അവരോട് പറഞ്ഞിട്ടില്ല. അതായത് എന്‍റെ റബ്ബും, നിങ്ങളുടെ റബ്ബുമായ അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കണമെന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. അങ്ങനെ, നീ എന്നെ പൂര്‍ണമായെടുത്തപ്പോള്‍, അവരുടെ മേല്‍ നോട്ടം വഹിക്കുന്നവന്‍ നീ തന്നെ ആയിരുന്നു. നീയാകട്ടെ, എല്ലാ കാര്യത്തിനും മേല്‍ സാക്ഷിയുമാകുന്നു. (ക്വുർആൻ 5:116-117)

അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ) ഉൾപ്പെടെ എല്ലാ പ്രവാചകന്മാരും പ്രചരിപ്പിച്ച അതേ സന്ദേശമാണ്, യേശുവിന്‍റെ ശിഷ്യന്‍മാരും പ്രചരിപ്പിച്ചിട്ടുളളത്. ആ യഥാർത്ഥ സന്ദേശത്തിന്‍റെ ഉത്തരവാദിത്വം വഹിച്ചവര്‍ ഉയിർത്തെഴുന്നേൽപിന്‍റെ നാളിൽ വലിയ അനുഗ്രഹം ലഭിച്ചവരായിരിക്കും.


ആശയവിവര്‍ത്തനം: നാസ്വിഹ് അബ്‍ദുല്‍ബാരി

0
0
0
s2sdefault