Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്രൈസ്തവത

CHRISTIANITY

യേശുവിനെ ക്രൂശീകരിക്കാനുള്ള ശ്രമവും അല്ലാഹുവിന്റെ തന്ത്രവും

അമാനി മൌലവി(റഹി)

Last Update: 2023 March 04, 12 Shaʻban, 1444 AH

“എന്നിട്ട് ഈസാ അവരില്‍ (ഇസ്‌റാഈല്യരില്‍) നിന്നു അവിശ്വാസത്തെ (അനുഭവത്തില്‍) അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്കുള്ള (മാര്‍ഗത്തില്‍) എന്‍റെ സഹായികള്‍ ആരുണ്ട്?' 'ഹവാരിയ്യുകള്‍' പറഞ്ഞു: 'ഞങ്ങള്‍ അല്ലാഹുവിന്‍റെ (മാര്‍ഗത്തില്‍) സഹായികളാകുന്നു; ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ 'മുസ്‌ലിം'കളാകുന്നുവെന്ന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം. ഞങ്ങളുടെ റബ്ബേ, നീ അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, ഞങ്ങള്‍ റസൂലിനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നീ ഞങ്ങളെ സാക്ഷ്യം വഹിച്ചവരോടൊപ്പം രേഖപ്പെടുത്തേണമേ! അവര്‍ [അവിശ്വാസികള്‍] തന്ത്രം പ്രയോഗിച്ചു: അല്ലാഹുവും തന്ത്രം പ്രയോഗിച്ചു അല്ലാഹുവാകട്ടെ, തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമനാകുന്നു.” (ആലുഇംറാന്‍ 52-54)

ഈസാ നബി (അ)യുടെ സത്യോപദേശങ്ങള്‍ സ്വീകരിക്കാതെയും, ദൃഷ്ടാന്തങ്ങള്‍ വകവെക്കാതെയും അദ്ദേഹത്തിന്‍റെ ജനത- ഇസ്‌റാഈല്യര്‍- അവിശ്വാസത്തില്‍ ശഠിച്ചു നിന്നു. അദ്ദേഹത്തിന്‍റെ ദിവ്യദൗത്യം നിഷേധിക്കുക മാത്രമല്ല; അദ്ദേഹത്തിന്‍റെ പേരില്‍ അവര്‍ കള്ളാരോപണങ്ങള്‍ തൊടുത്തുവിടുകയും കൊലപ്പെടുത്തുവാന്‍ ഗൂഢശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇതെല്ലാം കണ്ടപ്പോള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ എന്നെ സഹായിക്കുവാന്‍ ആരാണു തയ്യാറുള്ളത് എന്നു തന്‍റെ അനുയായികളോട് അദ്ദേഹം ചോദിച്ചു. കുറച്ചാളുകള്‍ മുന്നോട്ടുവന്ന് ഞങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സഹായിക്കുവാന്‍ തയ്യാറാണ് എന്നറിയിച്ചു. അഥവാ അല്ലാഹുവിന്‍റെ മതം പ്രചരിപ്പിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുവാന്‍ തയ്യാറാണെന്ന് താല്‍പര്യം. ഇവരാണ് ‘ഹവാരിയ്യുകള്‍’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവര്‍ പന്ത്രണ്ടു പേരായിരുന്നുവെന്ന് പറയപ്പെടുന്നു. (അല്ലാഹുവിനറിയാം) തങ്ങള്‍ യഥാര്‍ത്ഥ സത്യവിശ്വാസം സ്വീകരിച്ചവരും, അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ക്കു നിരുപാധികം കീഴടങ്ങിയവരും (മുഅ്മിനുകളും മുസ്‌ലിംകളും) ആണെന്നും ഈസാ (അ)ന്‍റെ മുമ്പില്‍ പ്രഖ്യാപനം ചെയ്യുകയും, റസൂലിനെ പിന്‍പറ്റിയ സത്യസാക്ഷികളില്‍ തങ്ങളെ ഉള്‍പ്പെടുത്തുവാനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തെ നിഷേധിച്ചവരാകട്ടെ -ഇവരാണ് ബഹുഭൂരിഭാഗവും- അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ സത്യ പ്രബോധനങ്ങളെയും നശിപ്പിക്കുവാന്‍ വേണ്ടി പല കുതന്ത്രങ്ങളും അക്രമങ്ങളും നടത്തിപ്പോന്നു. പക്ഷേ, അവര്‍ക്കെതിരായ ചില തന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടു അല്ലാഹു അവരെ പരാജയപ്പെടുത്തിക്കളഞ്ഞു.

അവര്‍ ഈസ (عليه السلام)ക്കെതിരെ പ്രയോഗിച്ച തന്ത്രങ്ങള്‍ എന്തായിരുന്നുവെന്ന് ഇവിടെ പ്രസ്താവിക്കപ്പെട്ടിട്ടില്ലെങ്കിലും ക്വുര്‍ആന്‍റെ പല പ്രസ്താവനകളില്‍ നിന്നും മറ്റുമായി അവ ഏറെക്കുറെ മനസ്സിലാക്കാവുന്നതാകുന്നു. അദ്ദേഹത്തെപ്പറ്റി വ്യഭിചാരപുത്രന്‍, ചെപ്പടിവിദ്യക്കാരന്‍, കള്ളവാദി, രാജ്യദ്രോഹി, മതദ്രോഹി, ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും കലഹവുമുണ്ടാക്കുന്നവന്‍ എന്നിങ്ങനെ പലതും ആരോപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ മാതാവിനെപ്പറ്റി വ്യഭിചാരിണി എന്നും മറ്റും പറഞ്ഞുണ്ടാക്കി. ആ പ്രവാചകവര്യന്‍റെ തത്വോപദേശങ്ങളില്‍ ജനങ്ങള്‍ ആകൃഷ്ടരാകുന്നത് കണ്ടപ്പോള്‍, തങ്ങളുടെ പൗരോഹിത്യ താല്‍പര്യങ്ങള്‍ക്കും പാരമ്പര്യാചാരങ്ങള്‍ക്കും അത് മൂലം ഹാനി നേരിടുമെന്ന ഭയവും, അവരുടെ അസൂയയും മാത്രമാണ് ഇതിനൊക്കെ കാരണം. അദ്ദേഹത്തിന് പ്രവാചകത്വവും ദിവ്യദൗത്യവും ലഭിക്കുകയും, അദ്ദേഹം മതപ്രബോധനം ചെയ്തു തുടങ്ങുകയും ചെയ്തതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. മേപ്പടി സംരംഭങ്ങളിലൊന്നും അവര്‍ക്ക് വിജയിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍, എതിര്‍പ്പും കുതന്ത്രങ്ങളും വര്‍ദ്ധിപ്പിച്ചു. അദ്ദേഹത്തെ കൊലപ്പെടുത്തുവാനും ക്രൂശിക്കാനും ശ്രമം നടത്തി. ബൈബ്‌ളിന്‍റെ (യോഹന്നാന്‍, മാര്‍ക്കോസ് മുതലായ സുവിശേഷങ്ങളിലെ) വിവരണങ്ങളനുസരിച്ച് സംഭവത്തിന്‍റെ ചുരുക്കം ഇങ്ങനെയാണ്:-

റോമന്‍ കൈസറുടെ കീഴില്‍ പിലാത്തോസ് രാജാവായിരുന്നു ബൈത്തുല്‍ മുക്വദ്ദസില്‍ ഭരണം നടത്തിയിരുന്നത്. ഈസാ (അ) നെപ്പറ്റി ആ ദുഷ്ടന്‍മാര്‍ രാജാവിന്‍റെ മുമ്പില്‍ പല ആരോപണങ്ങളും ഉന്നയിച്ചു. അദ്ദേഹം റോമന്‍ ഭരണകൂടത്തിനെതിരെ പ്രചാരവേല നടത്തുകയാണ്. ഞങ്ങള്‍ക്ക് രാജാവായി കൈസര്‍ തന്നെമതി എന്നൊക്കെയായിരുന്നു ആരോപണത്തിന്‍റെ താല്‍പര്യം. കേവലം ഒരു വിഗ്രഹാരാധകനായ പിലാത്തോസ് അദ്ദേഹത്തെ വിളിപ്പിച്ചു വിചാരണ നടത്തിയതില്‍, ആരോപണങ്ങളൊന്നും ശരിയല്ലെന്നു തെളിഞ്ഞു. ‘അവനെ ക്രൂശിക്കുക’ എന്ന് ആര്‍ത്തു വിളിക്കുകയാണ് അവര്‍ ചെയ്തത്. നിങ്ങളുടെ ന്യായപ്രമാണം (തൗറാത്ത്) അനുസരിച്ചു വേണ്ടത് ചെയ്തുകൊള്ളുക എന്നു പിലാത്തോസ് അവരോട് പറഞ്ഞു. നിയമപ്രകാരം അവനെ കൊല്ലേണ്ടതാണെന്നും, കൊല്ലുവാന്‍ ഞങ്ങള്‍ക്കധികാരമില്ലല്ലോ എന്നുമായിരുന്നു അവരുടെ മറുപടി. അത്രയുമല്ല, അവനെ കൊലപ്പെടുത്താത്ത പക്ഷം താന്‍ (പിലാത്തോസ് രാജാവ്) റോമന്‍ കൈസറുടെ എതിരാളിയാണെന്ന് ഞങ്ങള്‍ കൈസറെ അറിയിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ വധിക്കുന്ന പാപത്തില്‍ നിന്നും ഞാന്‍ ഒഴിവാണെന്നും നിങ്ങള്‍ തന്നെ ആ പാപം ഏല്‍ക്കണമെന്നും അറിയിച്ചുകൊണ്ട് പിലാത്തോസ് അവസാനം യഹൂദികളുടെ ആവശ്യത്തിനു വഴങ്ങിക്കൊടുക്കുവാന്‍ നിര്‍ബന്ധിതനായി . ഈസാ (അ)ന്‍റെ ശിഷ്യ ഗണങ്ങളില്‍ യൂദാ (യൂദാസ്) എന്നു പേരായ ഒരാള്‍ അദ്ദേഹത്തെ ഒറ്റിക്കൊടുക്കുവാന്‍ മുപ്പതു പണം പ്രതിഫലം നിശ്ചയിച്ച് ഏറ്റിട്ടുണ്ടായിരുന്നു. അവന്‍ യഹൂദ പുരോഹിതന്മാരെയും പിലാത്തോസിന്‍റെ പട്ടാളക്കാരെയും കൂട്ടി പന്തം കൊളുത്തി രാത്രി ഈസാ (അ)നെ തിരഞ്ഞുപോയി. അദ്ദേഹവും ഏതാനും ശിഷ്യന്മാരും ഒരു തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. യൂദാ ആംഗ്യം മുഖേന അദ്ദേഹത്തെ കാണിച്ചു കൊടുത്തു. കൂടെയുള്ളവര്‍ അദ്ദേഹത്തെ പിടിച്ചു ബന്ധിക്കുകയും മുള്‍ക്കിരീടം ധരിപ്പിക്കുക മുതലായ പല അക്രമങ്ങളും ചെയ്തുകൊണ്ട് അദ്ദേഹത്തെ കുരിശില്‍ കയറ്റുകയും ചെയ്തു. ഇതാണ് ബൈബ്‌ളില്‍ പറഞ്ഞതിന്‍റെ ചുരുക്കം.

യഥാര്‍ത്ഥത്തില്‍, കുരിശു സംഭവത്തിന്‍റെ പര്യവസാനം മറ്റൊന്നായിരുന്നു. അവര്‍ ഒരാളെ പിടികൂടിയതും, കുരിശില്‍ തറച്ചതും ശരിതന്നെ. പക്ഷെ, ആ ആള്‍ ഈസാ (അ) ആയിരുന്നില്ല. അവരറിയാതെ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണുണ്ടായത്. അതെ, ‘അവര്‍ കുതന്ത്രം പ്രയോഗിച്ചു അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹുവാകട്ടെ, തന്ത്രജ്ഞന്‍മാരില്‍വെച്ച് ഉത്തമനുമാകുന്നു’.

“(അതെ) അല്ലാഹു പറഞ്ഞ സന്ദര്‍ഭം: 'ഈസാ, നിശ്ചയമായും, നിന്നെ ഞാന്‍ പൂര്‍ണമായി പിടിച്ചെടുക്കുകയും, നിന്നെ എന്‍റെ അടുക്കലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അവിശ്വസിച്ചവരില്‍ നിന്നു നിന്നെ (ഞാന്‍) ശുദ്ധമാക്കുകയും, നിന്നെ പിന്‍പറ്റിയവരെ ക്വിയാമത്തുനാള്‍വരേക്കും അവിശ്വസിച്ചവരുടെ മീതെ ആ(ക്കിവെ)ക്കുകയും ചെയ്യുന്നതാണ്. പിന്നീട്, എന്‍റെ അടുക്കലേക്കായിരിക്കും നിങ്ങളുടെ മടങ്ങിവരവ് അപ്പോള്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍, നിങ്ങള്‍ക്കിടയില്‍ ഞാന്‍ വിധി കല്‍പിക്കുന്നതാകുന്നു. 'എന്നിട്ട് അപ്പോള്‍, യാതൊരു കൂട്ടര്‍ അവിശ്വസിച്ചുവോ അവരെ ഇഹത്തിലും, പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ ശിക്ഷിക്കും: അവര്‍ക്കു സഹായികളായിട്ട് (ആരും ഉണ്ടാകുക) ഇല്ലതാനും. 'എന്നാല്‍, യാതൊരുകൂട്ടര്‍ വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്ക് അവന്‍ [അല്ലാഹു] അവരുടെ പ്രതിഫലങ്ങള്‍ പൂര്‍ത്തിയാക്കി കൊടുക്കുകയും ചെയ്യും. അല്ലാഹു അക്രമികളെ സ്‌നേഹിക്കുകയില്ല.'” (ആലുഇംറാന്‍: 55-57)

ആ അവിശ്വാസികള്‍ എന്ത് കുതന്ത്രങ്ങള്‍ പ്രയോഗിച്ചാലും ശരി, അവരുടെ കെണിയില്‍ അകപ്പെടാതെ നിന്നെ (ഈസാ നബിയെ) ഞാന്‍ രക്ഷപ്പെടുത്തും. നിന്നെ ഞാന്‍ അവരില്‍ നിന്ന് പിടിച്ചെടുത്ത് എന്‍റെ അടുക്കലേക്ക് ഉയര്‍ത്തിക്കൊണ്ടുവരും. അങ്ങനെ, ആ ദുഷ്ടന്മാരില്‍ നിന്നു നിനക്ക് ഞാന്‍ മോചനം നല്‍കും. നിന്നെ പിന്‍പറ്റിയിട്ടുള്ള സത്യവിശ്വാസികള്‍ക്ക് ക്വിയാമത്തുനാള്‍ വരെ ആ അവിശ്വാസികളെക്കാള്‍ ഉന്നതസ്ഥാനം നല്‍കിക്കൊണ്ടിരിക്കും. അവസാനം എല്ലാവരും എന്‍റെ അടുക്കല്‍ മടങ്ങിവരുമല്ലോ. അപ്പോഴായിരിക്കും നിങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പുകളെ സംബന്ധിച്ച അന്തിമ തീരുമാനം ഞാന്‍ എടുക്കുക. അവിശ്വാസികള്‍ക്ക് ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കും. അതില്‍ നിന്നു അവരെ സഹായിച്ചു രക്ഷ നല്‍കുവാന്‍ ആര്‍ക്കും സാധ്യമല്ല. സത്യവിശ്വാസവും സല്‍ക്കര്‍മവും സ്വീകരിച്ചവര്‍ക്കുള്ള പ്രതിഫലം ഞാന്‍ പൂര്‍ണമായി നല്‍കി അനുഗ്രഹിക്കുകയും ചെയ്യും. അക്രമികളെ അല്ലാഹു സ്‌നേഹിക്കുക എന്ന പ്രശ്‌നമേ ഇല്ല.

ഈസാ (അ)നെ കുരിശില്‍ തറച്ച് മൃഗീയമായ രൂപത്തില്‍ വധിക്കുവാനായിരുന്നുവല്ലോ യഹൂദികള്‍ വട്ടംകൂട്ടിയിരുന്നത്. അവരില്‍ നിന്ന് അദ്ദേഹത്തെ അല്ലാഹു രക്ഷിക്കുമെന്ന്; അദ്ദേഹത്തിനു നല്‍കിയ വാഗ്ദാനം അല്ലാഹു എങ്ങനെ പാലിച്ചുവെന്നു മറ്റൊരു സ്ഥലത്ത് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌റാഈല്യര്‍ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് പാത്രമാകുവാനുള്ള പലകാരണങ്ങളും എടുത്തു പറയുന്ന കൂട്ടത്തില്‍ അല്ലാഹുവിന്‍റെ റസൂലും മര്‍യമിന്‍റെ മകനുമായ മസീഹു ഈസായെ ഞങ്ങള്‍ കൊലപ്പെടുത്തിയിരിക്കുന്നുവെന്നുള്ള അവരുടെ വാദം ഉദ്ധരിച്ചുകൊണ്ട് സൂറത്തുന്നിസാഇല്‍ അല്ലാഹു പറയുന്നു: അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടില്ല; അദ്ദേഹത്തെ ക്രൂശിച്ചിട്ടുമില്ല. എങ്കിലും അവര്‍ക്കദ്ദേഹം തിരിച്ചറിയാതാക്കപ്പെട്ടിരിക്കുകയാണ്. നിശ്ചയമായും ഭിന്നാഭിപ്രായത്തിലായവര്‍, അദ്ദേഹത്തെക്കുറിച്ചു സംശയത്തില്‍ തന്നെയാകുന്നു. അവര്‍ക്ക് അദ്ദേഹത്തെപ്പറ്റി ഊഹത്തെ പിന്‍പറ്റുകയല്ലാതെ ഒരു അറിവുമില്ല. ഉറപ്പായും അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷേ, അല്ലാഹു തന്‍റെ അടുക്കലേക്ക് അദ്ദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്തത് . അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു. (നിസാഉ് : 157, 158) അതെ, അദ്ദേഹത്തെ കുരിശില്‍ തറച്ചു കൊല്ലുവാനുള്ള ഒരുക്കങ്ങളെല്ലാം അവര്‍ ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തെ അവര്‍ക്കു പിടികിട്ടിയില്ല. അദ്ദേഹമെന്നു ധരിച്ച് അദ്ദേഹത്തോടു രൂപ സാദൃശ്യമുള്ള ഒരാളെ പിടിച്ചു ക്രൂശിക്കുകയാണുണ്ടായത്. തങ്ങള്‍ കൊലപ്പെടുത്തിയതു അദ്ദേഹത്തെതന്നെയാണെന്ന് ഉറപ്പിക്കത്തക്ക ഒരു തെളിവോ ഉറപ്പായ അറിവോ അവര്‍ക്കില്ല. അവര്‍ ഊഹിച്ചത് അങ്ങിനെയാണെന്നു മാത്രം. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാകുന്നു. അല്ലാഹു അദ്ദേഹത്തെ അവങ്കലേക്കു ഉയര്‍ത്തിക്കളഞ്ഞു. പിന്നെ എങ്ങനെയാണ് അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തുക?!

യേശുവിനെ തങ്ങള്‍ ക്രൂശിച്ചു കൊലപ്പെടുത്തിയെന്നു അഹങ്കരിക്കുന്ന യഹൂദികള്‍ക്കോ, യഥാര്‍ത്ഥം മനസ്സിലാക്കുവാന്‍ കഴിയാതിരിക്കുകയും, ക്രമേണ ആ സങ്കല്‍പത്തെ അടിസ്ഥാനമാക്കി പുതിയൊരു മതസംഹിത കെട്ടിപ്പടുത്തുണ്ടാക്കുകയും ചെയ്ത ക്രിസ്ത്യാനികള്‍ക്കോ ആ സംഭവത്തിന്‍റെ സാക്ഷാല്‍ രൂപം അറിഞ്ഞൂകൂടാ. അല്ലാഹു പറഞ്ഞതുപോലെ, അവര്‍ കുരിശിലേറ്റിയത് യേശുവിനെത്തന്നെയാണെന്നോ, അവര്‍ കൊലപ്പെടുത്തിയത് അദ്ദേഹത്തെത്തന്നെയാണന്നോ അവര്‍ക്ക് ഉറപ്പില്ലെന്നുള്ള യഥാര്‍ത്ഥം ബൈബ്‌ളിന്‍റെ പ്രസ്താവനകളില്‍ നിന്ന് തന്നെ മനസ്സിലാകുന്നതാണ്. അദ്ദേഹത്തെ പിടിച്ചുകൊണ്ട് വന്നവര്‍ അദ്ദേഹത്തെ നേരില്‍ അറിയാത്തവരായിരുന്നു. രാത്രി പന്തം കൊളുത്തികൊണ്ടാണ് അവര്‍ തോട്ടത്തില്‍ അദ്ദേഹത്തെ തിരഞ്ഞു നടന്നത്. വിചാരണ സമയത്ത് യഹൂദികള്‍ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളൂ. യേശുവിനോട് രൂപ സാദൃശ്യമുള്ള ആളുകള്‍ വേറെയും ഉണ്ടായിരുന്നു. യേശുവിന്‍റെ തന്നെയും രൂപം മാറുന്ന സന്ദര്‍ഭങ്ങളുണ്ടായിരുന്നു. ചില മണിക്കൂറുകള്‍ മാത്രമെ അദ്ദേഹം കുരിശില്‍ തറക്കപ്പെട്ടവനായിരുന്നുള്ളൂ. (അക്കാലത്ത് നിലവിലുള്ള കുരിശു മരത്തിന്‍റെ രൂപവും, അതില്‍ മനുഷ്യരെ ക്രൂശിക്കുന്ന സമ്പ്രദായവും നോക്കുമ്പോള്‍ കുരിശില്‍ തറക്കപ്പെട്ട ആള്‍ മരണപ്പെടുവാന്‍ രണ്ടു മൂന്നുദിവസം വേണ്ടിവരുമായിരുന്നു.) കുരിശില്‍ നിന്നിറക്കിയപ്പോള്‍ മുറിവില്‍ നിന്ന് രക്തം ഒഴുകിയിരുന്നു എന്നിങ്ങനെയുള്ള പല പ്രസ്താവനകളും, അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ എന്ന ശിഷ്യനെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ പരാമര്‍ശങ്ങളും വസ്തുനിഷ്ഠമായി പരിശോധിക്കുന്നവര്‍ക്ക് ഈ വാസ്തവം ബോധ്യമാകും. കൂടുതല്‍ വിശദീകരണത്തിന് മുതിരുന്ന പക്ഷം അത് കുറേ ദീര്‍ഘിച്ചു പോകുന്നതാണ്.

യേശുക്രിസ്തു ശത്രുക്കളാല്‍ ക്രൂശിക്കപ്പെട്ടുവെന്നും, ശിഷ്യന്മാരില്‍ ഒരാളായ യൂദാസാണ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തതെന്നും, മൂന്നാം ദിവസമോ മറ്റോ ശവക്കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുകയും ആകാശത്തേക്കുയര്‍ത്തപ്പെടുകയും ചെയ്തുവെന്നുമാണ് ബൈബ്‌ളും ക്രിസ്ത്യാനികളും പറയുന്നത്. പക്ഷേ, കുരിശു സംഭവത്തെയും ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിനേയും സംബന്ധിച്ചു ബൈബ്‌ളിലെ സുവിശേഷങ്ങളും, പ്രസ്താവനകളും പരിശോധിച്ചാല്‍ അവ പരസ്പര വൈരുദ്ധ്യം നിറഞ്ഞതായി കാണാവുന്നതാണ്. അതുകൊണ്ട് അവയെ ആസ്പദമാക്കി ആ സംഭവത്തിനു ഒരു ഐക്യ രൂപം നിര്‍ണയിക്കുവാന്‍ ക്രിസ്ത്യാനികള്‍ക്കു തന്നെയും സാധിക്കാതെയാണിരിക്കുന്നത്. ഈ വിഷയകമായി വേദപുസ്തക നിഘണ്ടുവില്‍ ഒരു നീണ്ട പ്രസ്താവന തന്നെ കാണാവുന്നതാണ്. അതിലെ ചില വരികളുടെ ചുരുക്കം ഇപ്രകാരമാകുന്നു. ‘അതിനു ഒന്നാമത്തെ തെളിവു നാലു സുവിശേഷങ്ങളല്ല. അവയിലെ വൃത്താന്തങ്ങളെ ഒത്തുനോക്കി പരിശോധിക്കുന്നവര്‍ അബദ്ധമായ അഭിപ്രായത്തിനു അധീനരാകും. സുവിശേഷങ്ങള്‍ എഴുതപ്പെടുന്നതിന് അനേക സംവത്സരങ്ങള്‍ക്ക് മുമ്പ് യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന് അനേകായിരം (?) പേര്‍ വിശ്വസിക്കുകയും, അതിന്‍റെ പേരില്‍ അവര്‍ മര്‍ദ്ദനത്തിന് വിധേയരാവുകയും ചെയ്തിട്ടുണ്ട്. അതാണ് പ്രധാന തെളിവ്. അതിനെ ആസ്പദമാക്കിയാണ് സുവിശേഷങ്ങളില്‍ പ്രതിപാദിക്ക പ്പെട്ടിരിക്കുന്നത്… ഈ വിഷയത്തില്‍ പ്രധാന തെളിവ് നാലു സുവിശേഷങ്ങളല്ല. ക്രിസ്ത്വബ്ദം 55ാം കൊല്ലത്തില്‍ എഴുതപ്പെട്ട കൊരിന്ത്യര്‍ക്കെഴുതിയ പൗലോസിന്‍റെ ഒന്നാം ലേഖനമാണ് തെളിവ്. ഇവന്‍ ക്രിസ്തുവിന് ശേഷം മുന്നോ നാലോ, ഏഴോ കൊല്ലം കഴിഞ്ഞ് വിശ്വസിച്ച ആളാണ്.’ (വേ. പു. നി. പേജ് 410) ബൈബ്‌ളിലെ പരസ്‌പര വിരുദ്ധമായ പ്രസ്താവനകള്‍ ക്രിസ്ത്യാനികളെ തന്നെ ഒരെത്തും പിടിയും കിട്ടാതെ കുഴക്കിയിരിക്കുകയാണെന്ന് ഇതില്‍ നിന്ന് സ്പഷ്ടമാണല്ലോ. ക്രിസ്തുമതത്തില്‍ നിലവിലുള്ള മിക്ക വിശ്വാസ സിദ്ധാന്തങ്ങളുടെയും കാരണക്കാരന്‍ പൗലോസാണെന്നുള്ളതും പ്രസ്താവ്യമത്രെ.

ലോകാവസാനകാലത്ത് ഈസാ (അ) ഭൂമിയില്‍ ഇറങ്ങിവരുമെന്നും, ഇസ്‌ലാമിന്‍റെ നിയമ നടപടികള്‍ക്കനുസരിച്ച് അദ്ദേഹം നീതിന്യായം നടത്തുമെന്നും, ക്രിസ്ത്യാനികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ പല നടപടികളെയും അദ്ദേഹം എതിര്‍ക്കുമെന്നും മറ്റും നബി തിരുമേനി (സ്വ) പ്രസ്താവിച്ചതായി ബുഖാരി, മുസ്‌ലിം (റ) തുടങ്ങിയ മഹാന്മാര്‍ പല മാര്‍ഗങ്ങളിലൂടെ രേഖപ്പെടുത്തിയിട്ടുള്ളതും, പൊതുവെ അറിയപ്പെട്ടതുമാകുന്നു. ഇതിനെ ബലപ്പെടുത്തുന്ന ചില സൂചനകള്‍ സൂ: നിസാഉ് 159ലും സൂ: സുഖ്‌റുഫ് 61 ലും കാണാവുന്നതുമാകുന്നു.

ഈസാ നബി (അ)ക്കു ദിവ്യത്വവും ആരാധ്യതയും കല്‍പിക്കപ്പെടുവാന്‍ അവര്‍ പറയുന്ന പ്രധാന ന്യായങ്ങള്‍ മൂന്നെണ്ണമത്രെ:

(1) അദ്ദേഹം പിതാവില്ലാതെ ജനിച്ചത്.

(2) അദ്ദേഹത്തിന്‍റെ കൈക്കു പ്രത്യേകമായി വെളിപ്പെട്ട അമാനുഷിക ദൃഷ്ടാന്തങ്ങള്‍

(3) അദ്ദേഹം കുരിശില്‍ തറച്ചു കൊല്ലപ്പെട്ടശേഷം ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടുവെന്നുള്ളത്.

ഈ മൂന്നില്‍ ഒന്നാമത്തെതിനെയും, രണ്ടാമത്തേതിനെയും ക്വുര്‍ആന്‍ ഒട്ടും നിഷേധിച്ചിട്ടില്ലെന്ന് മാത്രമല്ല; രണ്ടിനെയും സ്ഥാപിക്കുകയും, വിശദീകരിക്കുകയുമാണ് ചെയ്തിരിക്കുന്നത്. പക്ഷേ, അതോടൊപ്പം തന്നെ, അക്കാരണങ്ങളാല്‍ അദ്ദേഹം ദൈവമോ ദൈവപുത്രനോ ആകുന്നില്ലെന്നും, അതെല്ലാം അല്ലാഹുവിന്‍റെ കഴിവില്‍പെട്ടതും, അവന്‍റെ പ്രവൃത്തിയുമാണെന്നും ആകയാല്‍ അദ്ദേഹം അല്ലാഹുവിന്‍റെ സൃഷ്ടിയും അടിയാനും അല്ലാതാകുന്നില്ലെന്നും സ്ഥാപിച്ചിരിക്കുന്നു. നേരെ മറിച്ച് ഈ രണ്ടു ന്യായങ്ങളെയും അപ്പാടെ നിഷേധിക്കുകയായിരുന്നു ക്വുര്‍ആന്‍റെ ലക്ഷ്യമെങ്കില്‍ ഇത്രയൊന്നും വിശദീകരണമോ ആവര്‍ത്തനമോ ആവശ്യമില്ലായിരുന്നു. ഒരൊറ്റ പ്രാവശ്യം ഈസായുടെ പിതാവ് ഇന്ന വ്യക്തിയാണെന്നോ, അദ്ദേഹത്തിനു ഒരു പിതാവുണ്ടായിരുന്നുവെന്നോ അങ്ങ് പറഞ്ഞാല്‍ ഒന്നാമത്തെ ന്യായം ഖണ്ഡിക്കുവാന്‍ അതുമാത്രം മതിയായേനെ. അതുപോലെ തന്നെ രണ്ടാമത്തെ ന്യായത്തെ ഖണ്ഡിക്കുവാന്‍ അത്തരം ദൃഷ്ടാന്തങ്ങളൊന്നും അദ്ദേഹം കാണിച്ചിട്ടില്ലെന്നോ, അദ്ദേഹം കാണിച്ച ദൃഷ്ടാന്തങ്ങള്‍ മറ്റു വല്ലതുമായിരുന്നുവെന്നോ ഒരു സൂചന നല്‍കിയാലും മതിയാകുമായിരുന്നു. അതൊന്നും ചെയ്യാതെ ക്രിസ്ത്യാനികളുടെ പ്രസ്തുത ന്യായങ്ങളെ ശരിവെക്കുകയും, അതോടൊപ്പം അദ്ദേഹത്തിന്‍റെ ദിവ്യത്വത്തെ നിഷേധിക്കുകയുമാണ് അല്ലാഹു ചെയ്യുന്നത്.

എന്നാല്‍, മൂന്നാമത്തെ ന്യായത്തെ -ക്രൂശിച്ചു കൊല്ലപ്പെട്ട ശേഷം ഉയര്‍ത്തപ്പെട്ടുവെന്നതിനെ- സംബന്ധിച്ച് അദ്ദേഹം ക്രൂശിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സ്പഷ്ടമാക്കുകയും, ഉയര്‍ത്തപ്പെട്ടതിനെ സ്ഥാപിക്കുകയുമാണ് ക്വുര്‍ആന്‍ ചെയ്തിരിക്കുന്നത്. അതെ, ‘അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല’ എന്നു തുറന്ന ഭാഷയില്‍ ആ ന്യായത്തിന്‍റെ ആദ്യത്തെ വശം ഖണ്ഡിക്കുകയും നിഷേധിക്കുകയും ചെയ്തു. ഉയര്‍ത്തപ്പെട്ടുവെന്ന വശത്തെ ‘എങ്കിലും അല്ലാഹു അദ്ദേഹത്തെ തന്‍റെ അടുക്കലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്’ എന്നു പറഞ്ഞ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, കുരിശു സംഭവത്തിന്‍റെ കഥ ഉണ്ടാകുവാനും പ്രചരിക്കുവാനുമുള്ള കാരണം എന്താണെന്നു ചൂണ്ടിക്കാട്ടുക കൂടി ചെയ്തിരിക്കുന്നു. അതെ, ‘എങ്കിലും അവര്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാതെ പോയിരിക്കുകയാണ്’ എന്നും അഥവാ ഈസായാണെന്നു തെറ്റിദ്ധരിച്ചുകൊണ്ട് വേറെ ഒരാളെ അവര്‍ കുരിശില്‍ തറച്ചു കൊലപ്പെടുത്തുകയാണുണ്ടായതെന്നും, കൊല്ലപ്പെട്ട ആള്‍ അദ്ദേഹം തന്നെയാണെന്ന് അവര്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നുമൊക്കെ വിസ്തരിച്ചു പറയുകയും ചെയ്തിരിക്കുന്നു.


അവലംബം: സൂറഃ ആലുഇംറാന്‍ വ്യാഖ്യാനങ്ങളില്‍ നിന്നും സംഗ്രഹിച്ചത്

0
0
0
s2sdefault

ക്രൈസ്തവത - മറ്റു ലേഖനങ്ങൾ