യേശു യഥാർത്ഥത്തിൽ മരിച്ചുവോ?
By: Aisha Stacey
Last Update: 2022 December 22
Jesus Son of Mary : Part 4
യേശു കുരിശിൽ മരിച്ചു എന്ന ആശയം ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിത്തറയാണ്. മനുഷ്യവർഗത്തിന്‍റെ പാപങ്ങൾക്കുവേണ്ടിയാണ് യേശു മരിച്ചതെന്ന ചിന്തയെയാണത് പ്രതിനിധാനം ചെയ്യുന്നത്. യേശുവിന്‍റെ ഈ കുരിശുമരണം ക്രിസ്തുമതത്തിലെ ഒരു സുപ്രധാന സിദ്ധാന്തമാണ്. എന്നാൽ മുസ്ലീങ്ങൾ ഇത് പൂർണ്ണമായും നിരാകരിക്കുന്നു. യേശുവിന്‍റെ ക്രൂശീകരണത്തെകുറിച്ച് മുസ്‍ലിംകൾ എന്താണ് വിശ്വസിക്കുന്നതെന്ന് വിവരിക്കുന്നതിന് മുമ്പ്, യഥാർത്ഥ പാപത്തെക്കുറിച്ചുള്ള ഇസ്‍ലാമിക വീക്ഷണം മനസ്സിലാക്കുന്നത് ഉപയോഗപ്രദമാകും.
ആദമിനും ഹവ്വയ്ക്കും സ്വര്‍ഗത്തിലെ വിലക്കപ്പെട്ട വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കാന്‍ പ്രേരണ നല്‍കിയത് സര്‍പ്പമല്ല. മറിച്ച് പിശാചാണ് അവരെ കബളിപ്പിക്കുകയും ചതിക്കുകയും ചെയ്തത്, തുടർന്ന് അവർ ദേഹേച്ഛയില്‍ വഴുതിവീണ് ദൈവകല്‍പനക്ക് വിരുദ്ധമായി അത് ഭക്ഷിക്കുകയും ചെയ്തു. ഈ തെറ്റിന്‍റെ പാപഭാരം ഹവ്വ മാത്രം വഹിക്കുന്നില്ല. ആദമും ഹവ്വയും ഒരുമിച്ച് തങ്ങളുടെ അബദ്ധം മനസ്സിലാക്കുകയും പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തു. ദൈവം തന്‍റെ അനന്തമായ കരുണയിലും ജ്ഞാനത്തിലും അവരോട് ക്ഷമിച്ചു. ഇസ്‌ലാമില്‍ ആദിപാപം എന്ന ആശയമേയില്ല. ഓരോ വ്യക്തിയും സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തം വഹിക്കുന്നവരാണ്.
"കുറ്റം വഹിക്കുന്ന ഒരു ദേഹവും മറ്റൊന്നിന്‍റെ കുറ്റം വഹിക്കുകയില്ല.". (ക്വുർആൻ 35:18)
മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി സ്വയം ബലിയർപ്പിക്കാൻ ദൈവത്തിന് ഒരു ദൈവപുത്രൻ, അല്ലെങ്കിൽ ഒരു ദൈവത്തിന്‍റെ പ്രവാചകൻ പോലും ആവശ്യമില്ല. ഇസ്‌ലാം ഈ വീക്ഷണത്തെ പൂർണ്ണമായും നിരാകരിക്കുന്നു. ഇസ്‌ലാമിന്‍റെ അടിസ്ഥാനം സ്രഷ്ടാവായ ദൈവത്തെ അല്ലാതെ മറ്റാരെയും ആരാധിക്കാൻ പാടില്ല എന്നതാണ്. ആ ഏക ദൈവത്തിൽനിന്നാണ് പാപമോചനം നേടിയെടുക്കേണ്ടത്. അതിനാൽ, ഒരു വ്യക്തി പാപമോചനം തേടുമ്പോൾ, അവൻ യഥാർത്ഥ പശ്ചാത്താപത്തോടെ ദൈവത്തിങ്കലേക്ക് കീഴൊതുങ്ങുകയും പ്രസ്തുത പാപം ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പോടെ പൊറുക്കലിനെ തേടുകയും വേണം. അപ്പോൾ മാത്രമേ ദൈവം പാപങ്ങൾ പൊറുത്തുകൊടുക്കുകയുള്ളൂ എന്ന് ഇസ്‍ലാം പഠിപ്പിക്കുന്നത്.
ആദിപാപത്തെക്കുറിച്ചും പാപമോചനത്തെക്കുറിച്ചുമുളള ഇസ്‌ലാമിക വീക്ഷണപ്രകാരം, മനുഷ്യരാശിയുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാനല്ല യേശു നിയോഗിക്കപ്പെട്ടത്. മറിച്ച്, തനിക്ക് മുമ്പ് വന്ന പ്രവാചകന്മാരുടെ സന്ദേശം ഒന്നുകൂടി ഇസ്രാഈല്‍ ജനതക്ക് മുമ്പില്‍ ഉറപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രവാചകത്വദൌത്യം.
“... അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനും ഇല്ലതാനും. നിശ്ചയമായും, അല്ലാഹു തന്നെയാണ് അഗാധജ്ഞനായ പ്രതാപശാലിയും.” (ക്വുർആൻ 3:62)
മുസ്‍ലിംകൾ യേശുവിന്‍റെ ക്രൂശീകരണത്തിലും അദ്ദേഹത്തിന്‍റെ മരണത്തിലും വിശ്വസിക്കുന്നില്ല.
കുരിശുമരണം
മിക്ക ഇസ്രായേല്യരും അതുപോലെ റോമൻ അധികാരികളും യേശുവിന്‍റെ സന്ദേശം നിരസിച്ചിരുന്നു. വിശ്വസിച്ചവർ അദ്ദേഹത്തിന് ചുറ്റും ഹവാരിയ്യുകള്‍ എന്നറിയപ്പെടുന്ന ശിഷ്യഗണങ്ങളായി വര്‍ത്തിച്ചു. ഇസ്രായേല്യർ യേശുവിനെതിരെ ഗൂഢാലോചന നടത്തുകയും അവനെ വധിക്കാൻ പദ്ധതി തയ്യാറാക്കുകയും ചെയ്തു. റോമൻ സാമ്രാജ്യത്തിൽ അറിയപ്പെടുന്ന, പ്രത്യേകിച്ച് ഭയാനകമായിത്തന്നെ പരസ്യമായി വധിക്കുന്ന ക്രൂശീകരണം എന്ന രീതി യേശുവില്‍ പ്രയോഗിക്കാന്‍ അവര്‍ തയ്യാറായി.
ക്രൂശീകരണം എന്നത് ഒരാളെ വധിക്കാനുള്ള ലജ്ജാകരമായ മാർഗമായി അവര്‍ക്കിടയില്‍ കണക്കാക്കപ്പെട്ടിരുന്നു, റോമാ സാമ്രാജ്യത്തിലെ "പൗരന്മാർ" ഈ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. മരണവേദന കൂട്ടാൻ മാത്രമല്ല, ശരീരത്തെ വികൃതമാക്കാനും ഈ രീതി അവര്‍ സ്വീകരിച്ചുപോന്നിരുന്നു. ഇസ്രായേല്യർ യേശുവിനുവേണ്ടി ഈ അപമാനകരമായ മരണമാണ് ആസൂത്രണം ചെയ്തത്. ദൈവം തന്‍റെ കാരുണ്യത്താൽ ഈ മ്ളേച്ഛമായ സംഭവത്തെ തടഞ്ഞു, യേശുവിന്‍റെ സാദൃശ്യം മറ്റൊരാളുടെ രൂപമാക്കി തോന്നിപ്പിക്കുകയും ദൈവദൂതനായ യേശുവിനെ ജീവനോടെ ശരീരത്തെയും ആത്മാവിനെയും സ്വർഗത്തിലേക്ക് ഉയർത്തി. ഈ സാദൃശ്യംപൂണ്ട വ്യക്തി ആരായിരുന്നു എന്നതിന്‍റെ കൃത്യമായ വിശദാംശങ്ങളെക്കുറിച്ച് ക്വുര്‍ആന്‍ നിശ്ശബ്ദമാണ്, പക്ഷേ അവിടെ ക്രൂശീകരിക്കപ്പെട്ടത് ഈസാ നബിയല്ലെന്ന് മുസ്‍ലിംകള്‍ ഒന്നടങ്കം വിശ്വസിക്കുന്നു.
ക്വുർആനിലും പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങളായ ഹദീഥുകളിലും മനുഷ്യവർഗത്തിന് ആവശ്യമായ എല്ലാ അറിവുകളും അടങ്ങിയിട്ടുണ്ടെന്ന് മുസ്‍ലിംകൾ വിശ്വസിക്കുന്നു. ദൈവകൽപ്പനകൾ അനുസരിച്ച് എങ്ങനെ ഒരു മനുഷ്യന്‍ ദൈവത്തെ ആരാധിക്കണമെന്നും എങ്ങനെ ഭൂമിയില്‍ ഏറ്റവും നന്നായി ജീവിക്കണമെന്നും ഈ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അതിനാൽ, ഏതെങ്കിലും ചെറിയ വിശദാംശങ്ങൾ അത് വിശദീകരിക്കുന്നില്ലെങ്കിൽ, ദൈവം തന്‍റെ സമ്പൂര്‍ണമായ ജ്ഞാനത്താൽ ഈ വിശദാംശങ്ങൾ നമുക്ക് പ്രയോജനകരമല്ലെന്ന് വിധിച്ചതാണ്. ദൈവത്തിന്‍റെ വാക്കുകളിൽ, യേശുവിനെതിരായ ഗൂഢാലോചനയും ശത്രുക്കളെ മറികടന്ന് യേശുവിനെ സ്വർഗത്തിലേക്ക് ഉയർത്തിയ അവന്‍റെ പദ്ധതിയും ക്വുർആൻ വിശദീകരിച്ചുതന്നു.
“അവര്‍ തന്ത്രം പ്രയോഗിച്ചു: അല്ലാഹുവും തന്ത്രം പ്രയോഗിച്ചു അല്ലാഹുവാകട്ടെ, തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമനാകുന്നു.” (ക്വുർആൻ 3:54)
"'നിശ്ചയമായും, അല്ലാഹുവിന്‍റെ റസൂലായ മര്‍യമിന്‍റെ മകന്‍ ഈസാ എന്ന 'മസീഹി'നെ ഞങ്ങള്‍ കൊലപ്പെടുത്തിയിരിക്കുന്നുവെന്ന്' അവര്‍ പറഞ്ഞതുകൊണ്ടും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ലതാനും. എങ്കിലും, അവര്‍ക്ക് തിരിച്ചറിയാതാക്കപ്പെട്ടിരിക്കുകയാണ്. നിശ്ചയമായും, അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലായവര്‍, അദ്ദേഹത്തെക്കുറിച്ചു സംശയത്തില്‍ തന്നെയാണുളളത്. അവര്‍ക്ക് അദ്ദേഹത്തെക്കുറിച്ചു യാതൊരു അറിവുമില്ല- ഊഹത്തെ പിന്‍പറ്റലല്ലാതെ. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. പക്ഷേ, അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.” (ക്വുർആൻ 4:157-158)
യേശു മരിച്ചില്ല
ഇസ്രായേല്യർക്കും റോമൻ അധികാരികൾക്കും യേശുവിനെ ദ്രോഹിക്കാൻ കഴിഞ്ഞില്ല. യേശുവിനെ തന്നിലേക്ക് ഉയർത്തുകയും യേശുവിനെ കുറിച്ച് പ്രചരിക്കുന്ന തെറ്റായ പ്രസ്താവനകളിൽ നിന്ന് അദ്ദേഹത്തെ ദൈവം ഒഴിവാക്കുകയും ചെയ്തു.
“ഈസാ, നിശ്ചയമായും, നിന്നെ ഞാന്‍ പൂര്‍ണമായി പിടിച്ചെടുക്കുകയും, നിന്നെ എന്‍റെ അടുക്കലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അവിശ്വസിച്ചവരില്‍ നിന്നു നിന്നെ ഞാന്‍ ശുദ്ധമാക്കുകയും, നിന്നെ പിന്‍പറ്റിയവരെ ക്വിയാമത്തുനാള്‍വരേക്കും അവിശ്വസിച്ചവരുടെ മീതെ ആക്കുകയും ചെയ്യുന്നതാണ്. പിന്നീട്, എന്‍റെ അടുക്കലേക്കായിരിക്കും നിങ്ങളുടെ മടങ്ങിവരവ്. അപ്പോള്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍, നിങ്ങള്‍ക്കിടയില്‍ ഞാന്‍ വിധി കൽപിക്കുന്നതാകുന്നു.” (ക്വുർആൻ 3:55)
യേശു മരിച്ചിട്ടില്ലെന്നും ന്യായവിധി നാളിന്‍റെ മുമ്പായി അദ്ദേഹം ഈ ലോകത്തിലേക്ക് മടങ്ങിവരുമെന്നും മുസ്‍ലിംകൾ വിശ്വസിക്കുന്നു. മുഹമ്മദ് നബി(സ) തന്‍റെ അനുചരന്മാരോട് പറഞ്ഞു:
"മറിയമിന്‍റെ മകനായ യേശു നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരുമ്പോൾ നിങ്ങൾ എങ്ങനെയിരിക്കും, അവൻ ആളുകളെ വിധിക്കുന്നത് ക്വുർആനിലെ നിയമമനുസരിച്ചാണ്, അല്ലാതെ ഇഞ്ചീലിലെ നിയമമനുസരിച്ചല്ല." (സ്വഹീഹ് അൽബുഖാരി)
ന്യായവിധിനാള്‍ നമുക്ക് ഒഴിവാക്കാനാകാത്ത ദിവസമാണെന്നും യേശുവിന്‍റെ ഇറക്കം അതിന്‍റെ മുന്നോടിയായുളള അടയാളമാണെന്നും ക്വുർആന്‍ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.
"അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിവും (അഥവാ അടയാളവും) ആകുന്നു. ആകയാല്‍, നിങ്ങള്‍ അതിനെപ്പറ്റി സംശയിക്കുകതന്നെ വേണ്ടാ. നിങ്ങള്‍ എന്നെ [എന്‍റെ മാര്‍ഗ്ഗത്തെ] പിന്‍പറ്റുകയും ചെയ്യുവിന്‍. ചൊവ്വായ പാതയാണ് ഇത്" (ക്വുർആൻ 43:61)
അതിനാൽ, യേശുവിന്‍റെ ക്രൂശീകരണവുമായി ബന്ധപ്പെട്ട ഇസ്ലാമിക വിശ്വാസം വ്യക്തമാണ്. യേശുവിനെ ക്രൂശിക്കാൻ ഗൂഢാലോചന നടന്നെങ്കിലും അത് വിജയിച്ചില്ല. യേശു മരിച്ചില്ല, സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു. ന്യായവിധിയുടെ ദിവസത്തിനു മുമ്പുള്ള അവസാന നാളുകളിൽ, യേശു ഈ ലോകത്തിലേക്ക് മടങ്ങുകയും തന്‍റെ അടിസ്ഥാന സന്ദേശം പ്രചരിപ്പിക്കുന്ന ദൌത്യം തുടരുകയും ചെയ്യും.
ആശയവിവര്‍ത്തനം: നാസ്വിഹ് അബ്‍ദുല്‍ബാരി