മര്‍യമിന്‍റെ പുത്രൻ യേശുവിനെ മുസ്‍ലിംകള്‍ സ്നേഹിക്കുന്നു
By: Aisha Stacey
Last Update: 2022 December 20
ക്രൈസ്തവര്‍ പലപ്പോഴും ക്രിസ്തുവുമായി ഒരു ബന്ധം വളർത്തിയെടുക്കുന്നതിനെക്കുറിച്ചും അവനെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നു. യേശു ഒരു മനുഷ്യനേക്കാൾ അപ്പുറത്താണെന്നും മനുഷ്യരാശിയെ ആദിപാപത്തിൽ നിന്ന് മോചിപ്പിക്കാൻ കുരിശിൽ മരിച്ചവനാണെന്നും അവർ ഉറപ്പിച്ചു പറയുന്നു. അവര്‍ യേശുവിനെക്കുറിച്ച് സ്നേഹത്തോടും ബഹുമാനത്തോടും കൂടി സംസാരിക്കുന്നു, അവരുടെ ജീവിതത്തിലും ഹൃദയത്തിലും അവന് ഒരു പ്രത്യേക സ്ഥാനം ഉണ്ടെന്ന് വ്യക്തമാണ്. എന്നാൽ മുസ്‍ലിംകളുടെ കാര്യമോ; യേശുവിനെക്കുറിച്ച് അവർ എന്താണ് ചിന്തിക്കുന്നത്, ഇസ്‌ലാമിൽ യേശുക്രിസ്തുവിന് എന്ത് സ്ഥാനമാണുളളത്?
ഇസ്‌ലാമുമായി പരിചയമില്ലാത്ത ഒരാൾ മുസ്‌ലിംകളും യേശുവിനെ സ്‌നേഹിക്കുന്നു എന്നറിയുമ്പോൾ ആശ്ചര്യപ്പെട്ടേക്കാം. "അലൈഹിസ്സലാം" അഥവാ "അവന് സമാധാനം ഉണ്ടാകട്ടെ" എന്ന വാക്കുകൾ ആദരവോടെ ചേർക്കാതെ ഒരു മുസ്‍ലിമിന് യേശുവിന്‍റെ പേര് പോലും പറയാനാകില്ല. ഇസ്‌ലാമിൽ, യേശുവിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു, അദ്ദേഹം ഒരു മനുഷ്യനാണ്, ഒരു ദൈവദൂതനാണ്, തന്‍റെ ജനങ്ങളെ ഏകദൈവത്തിലേക്ക് ക്ഷണിച്ച പ്രവാചകനാണ്.
മുസ്‍ലികളും ക്രിസ്ത്യാനികളും യേശുവിനെ കുറിച്ച് സമാനമായ ചില വിശ്വാസങ്ങൾ പങ്കിടുന്നുണ്ട്. കന്യാമറിയത്തിൽ നിന്നാണ് യേശു ജനിച്ചതെന്ന് ഇരുവരും വിശ്വസിക്കുന്നു, ഇസ്രായേൽ ജനതയിലേക്ക് അയച്ച മിശിഹാ യേശുവാണെന്ന് ഇരുവരും വിശ്വസിക്കുന്നു. അവസാന നാളുകളിൽ യേശു ഭൂമിയിലേക്ക് മടങ്ങിവരുമെന്നും ഇരുവരും വിശ്വസിക്കുന്നു. എന്നിരുന്നാലും ഒരു പ്രധാന വിഷയത്തില്‍തന്നെയാണ് ഇരുവരും ഭിന്നിക്കുന്നത്. യേശു ദൈവമല്ലെന്നും അവൻ ദൈവപുത്രനല്ലെന്നും ദൈവത്തിന്‍റെ ത്രിത്വത്തിന്‍റെ ഭാഗമല്ലെന്നും മുസ്‍ലിംകൾ ഉറച്ചു വിശ്വസിക്കുന്നു. ഇപ്രകാരം ദൈവത്തെ വിശേഷിപ്പിക്കാന്‍ പാടില്ല എന്നതാണ് ഇസ്‍ലാമിക പാഠം.
ക്വുർആനിൽ, അല്ലാഹു ക്രൈസ്തവരോടായി പറഞ്ഞു:
“വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ അതിരു കവിയരുത്; നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ യഥാര്‍ത്ഥമല്ലാതെ പറയുകയും ചെയ്യരുത്. നിശ്ചയമായും, മര്‍യമിന്‍റെ മകന്‍ ഈസാ 'മസീഹ്' അല്ലാഹുവിന്‍റെ റസൂലും, അവന്‍റെ വാക്കും മാത്രമാകുന്നു; അത് [ആ വാക്ക്] അവന്‍ മര്‍യമിലേക്ക് ഇട്ടുകൊടുത്തു. അവങ്കല്‍നിന്നുളള ഒരു ആത്മാവുമാകുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും വിശ്വസിക്കുവിന്‍. ത്രിത്വം എന്ന് നിങ്ങള്‍ പറയുകയും അരുത്. (അതില്‍ നിന്ന് ) നിങ്ങള്‍ വിരമിക്കുവിന്‍ -- നിങ്ങള്‍ക്ക് ഗുണകരമായനിലക്ക്. നിശ്ചയമായും, അല്ലാഹു ഒരേ 'ഇലാഹു' മാത്രമാകുന്നു. അവന് ഒരു സന്താനം ഉണ്ടായിരിക്കുന്നതില്‍നിന്ന് അവന്‍ മഹാ പരിശുദ്ധന്‍! അവന്‍റെതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുളളതും. (കൈകാര്യം) ഏല്‍പിക്കപ്പെടുന്നവനായി അല്ലാഹു തന്നെ മതി.!.” (ക്വുർആൻ 4:171)
യേശു ദൈവമല്ലെന്ന് ഇസ്‌ലാം ശക്തമായി വാദിക്കുന്നതുപോലെ, മനുഷ്യവർഗം ഏതെങ്കിലും തരത്തിലുള്ള ആദിപാപത്താൽ ജനിക്കുന്നു എന്ന ധാരണയും ഇസ്‍ലാമിനകത്തില്ല. ഒരു വ്യക്തിക്ക് മറ്റൊരാളുടെ പാപങ്ങൾ വഹിക്കാൻ കഴിയില്ലെന്നും നമ്മുടെ സ്വന്തം പ്രവൃത്തികൾക്ക് ദൈവംമുമ്പാകെ നാമെല്ലാവരും ഉത്തരവാദികളാണെന്നും ക്വുർആൻ നമ്മോട് പറയുന്നത്. "കുറ്റം വഹിക്കുന്ന ഒരു ദേഹവും മറ്റൊന്നിന്‍റെ കുറ്റം വഹിക്കുകയില്ല." (ക്വുർആൻ 35:18) എന്നിരുന്നാലും, ദൈവം തന്‍റെ വിശാലമായ കാരുണ്യത്താലും ജ്ഞാനത്താലും മനുഷ്യരാശിയെ അവരുടെ ഇഷ്ടത്തിന് ഉപേക്ഷിച്ചിട്ടില്ല. തന്‍റെ കൽപ്പനകൾ അനുസരിച്ച് എങ്ങനെ ദൈവത്തെ ആരാധിക്കണമെന്നും ജീവിക്കണമെന്നും വെളിപ്പെടുത്തുന്ന മാർഗനിർദേശങ്ങളും നിയമങ്ങളും അവൻ പ്രവാചകന്‍മാരിലൂടെ അവതരിപ്പിച്ചിച്ചു. മുസ്‌ലിംകൾ ഈ പ്രവാചകന്മാരെയെല്ലാം വിശ്വസിക്കുകയും സ്നേഹിക്കുകയും വേണം; ഒരാളെ നിരാകരിക്കുന്നത് ഇസ്‌ലാമിക വിശ്വാസത്തെ നിരാകരിക്കലാണ്. ഏകദൈവത്തെ ആരാധിക്കാൻ ജനങ്ങളെ വിളിച്ച പ്രവാചകന്മാരുടെ ഈ നീണ്ട നിരയിൽ യേശു ഒരുവൻ മാത്രമായിരുന്നു. അക്കാലത്ത് ദൈവത്തിന്‍റെ നേരായ പാതയിൽ നിന്ന് തെറ്റിപ്പോയ ഇസ്രായേൽ ജനതയുടെ അടുത്തേക്ക് അദ്ദേഹത്തെ ദൈവം പ്രത്യേകമായി നിയോഗിച്ചു. യേശു പറഞ്ഞതായി കാണാം:
“തൗറാത്താകുന്ന എന്‍റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നവനായും, നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളതില്‍ ചിലത് നിങ്ങള്‍ക്ക് അനുവദനീയമാക്കിത്തരുവാന്‍ വേണ്ടിയും (ഞാന്‍ വന്നിരിക്കുന്നു). നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് ഞാന്‍ ദൃഷ്ടാന്തവും കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. 'നിശ്ചയമായും അല്ലാഹു എന്‍റെ റബ്ബും, നിങ്ങളുടെ റബ്ബുമാകുന്നു; അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുവിന്‍. ഇതു നേരെചൊവ്വെയുള്ള പാതയാകുന്നു.'” (ക്വുർആൻ 4:171)
മുസ്‍ലിംകൾ യേശുവിനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ക്വുര്‍ആനും മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങളും (ഹദീഥും) യേശുവിന്‍റെ ദൌത്യത്തെ കൃത്യമായി മനസ്സിലാക്കിത്തരുന്നുണ്ട്. ഖുർആനിലെ മൂന്ന് അധ്യായങ്ങൾ യേശുവിന്‍റെയും അദ്ദേഹത്തിന്‍റെ മാതാവായ മറിയത്തിന്‍റെയും ജീവിതം മാതൃകാപരമായി വിശേഷിപ്പിക്കുന്നു; ഇവയൊന്നും ബൈബിള്‍ പരതിയാല്‍ കാണാന്‍ കഴിയുന്ന വിശദാംശങ്ങൾ അല്ല.
മുഹമ്മദ് നബി(സ) യേശുവിനെക്കുറിച്ച് പലതവണ സംസാരിച്ചുണ്ട്, അദ്ദേഹത്തെ തന്‍റെ സഹോദരനായും വിശേഷിപ്പിച്ചിണ്ട്.
"മറിയമിന്‍റെ മകനോട് എല്ലാവരിലും ഏറ്റവും അടുത്ത വ്യക്തി ഞാനാണ്. എല്ലാ പ്രവാചകന്മാരും പിതൃസഹോദരന്മാരാണ്, എനിക്കും അദ്ദേഹത്തിനുമിടയിൽ (യേശുവിനുമിടയില്‍) ഒരു പ്രവാചകനും ഉണ്ടായിരുന്നില്ല." (സ്വഹീഹ് അൽബുഖാരി)
നമുക്ക് ഇസ്‌ലാമിക സ്രോതസ്സുകളിലൂടെ യേശുവിന്‍റെ ചരിത്രം പിന്തുടരുകയും ഇസ്‌ലാമിൽ അവന്‍റെ സ്ഥാനം എങ്ങനെ, എന്തുകൊണ്ട് എന്നിങ്ങനെയുളള കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യാം.
യേശുവിന്‍റെ ആദ്യത്തെ അത്ഭുതപ്രവര്‍ത്തനം
ഇമ്രാന്‍റെ മകളായ മറിയം അവിവാഹിതയും പരിശുദ്ധയും ഏകദൈവാരാധനയിൽ അർപ്പണബോധമുള്ളവളുമായ ഒരു യുവതിയായിരുന്നുവെന്ന് ക്വുർആൻ പഠിപ്പിക്കുന്നത്. ഒരു ദിവസം അവര്‍ ഏകാന്തതയിൽ ആയിരിക്കുമ്പോൾ, ജിബ്‍രീല്‍(അ) മറിയമിന്‍റെ അടുക്കൽ വന്ന് അവര്‍ യേശുവിന്‍റെ അമ്മയാകുമെന്ന് അറിയിച്ചു. അവളുടെ മറുപടി ഭയത്തിന്‍റെയും ഞെട്ടലിന്‍റെയും പരിഭ്രമത്തിന്‍റെയും ഒന്നായിരുന്നു. അല്ലാഹു പറഞ്ഞു:
"'അതു എനിക്കു ഒരു നിസ്സാരകാര്യമാണ്; അവനെ മനുഷ്യര്‍ക്കു ഒരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആക്കുവാന്‍ വേണ്ടിയുമാകുന്നു. ഇതു തീരുമാനിക്കപ്പെട്ട ഒരു കാര്യവുമായിരിക്കുന്നു.'." (ക്വുർആൻ 19:21)
മറിയം യേശുവിനെ ഗർഭം ധരിച്ചു, കുഞ്ഞ് ജനിക്കാനുള്ള സമയമായപ്പോൾ, അവര്‍ തന്‍റെ കുടുംബത്തിൽ നിന്ന് സ്വയം അകന്നു ബെത്‌ലഹേമിലേക്ക് യാത്രയായി. ഒരു ഈന്തപ്പനയുടെ ചുവട്ടിൽ മറിയം തന്‍റെ മകൻ യേശുവിനെ പ്രസവിച്ചു.
പ്രസവവേദനയിൽ നിന്നും ഭയത്തിൽ നിന്നും മേരി സുഖം പ്രാപിച്ചപ്പോൾ, അവര്‍ തന്‍റെ കുടുംബത്തിലേക്ക് മടങ്ങിവരണമെന്ന് മനസ്സിലാക്കി. പക്ഷെ, പരിഭ്രമവും ഉത്കണ്ഠയും നിറഞ്ഞതായിരുന്നു ആ കാര്യം. അവന്‍റെ ജനനം എങ്ങനെ ജനങ്ങളോട് വിശദീകരിക്കാൻ കഴിയും? അവര്‍ ദൈവത്തിന്‍റെ വാക്കുകൾക്ക് ചെവികൊടുക്കുകയും ജറുസലേമിലേക്ക് മടങ്ങുകയും ചെയ്തു. ജനങ്ങളെ നേരിടുമ്പോള്‍ ഇപ്രകാരം പറയാന്‍ കല്‍പിക്കപ്പെട്ടു.
"ഇനി, നീ മനുഷ്യരില്‍ വല്ലവരേയും കാണുകയാണെങ്കില്‍, 'പരമകാരുണികനു വ്രതം അനുഷ്ഠിക്കുവാന്‍ ഞാന്‍ നേര്‍ന്നിരിക്കുകയാണ്; ആകയാല്‍, ഞാന്‍ ഇന്നു ഒരു മനുഷ്യനോടും സംസാരിക്കുകയില്ലതന്നെ' എന്നു നീ പറഞ്ഞേക്കുക'. അനന്തരം, അവനെ വഹിച്ചു എടുത്തുകൊണ്ടു അവള്‍ തന്‍റെ ജനങ്ങളുടെ അടുക്കല്‍ ചെന്നു.” (ഖുർആൻ 19:26-27)
മറിയം വിശദീകരണം നൽകാൻ ശ്രമിച്ചാൽ അവരുടെ ആളുകൾ അവളെ വിശ്വസിക്കില്ലെന്ന് ദൈവത്തിന് അറിയാമായിരുന്നു. അതിനാൽ, അവന്‍റെ ജ്ഞാനത്തിൽ, അവൻ മറിയമിനോട് സംസാരിക്കരുതെന്ന് പറഞ്ഞു. മറിയം തന്‍റെ ആളുകളെ സമീപിച്ച ആദ്യ നിമിഷം മുതൽ ജനങ്ങള്‍ അവരെ കുറ്റപ്പെടുത്താൻ തുടങ്ങി, പക്ഷേ മറിയം വിവേകത്തോടെ ദൈവത്തിന്‍റെ നിർദ്ദേശങ്ങൾ പാലിക്കുകയും പ്രതികരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ലജ്ജാശീലയായ മറിയം തന്‍റെ കുട്ടിയെ ചൂണ്ടിക്കാണിക്കുക മാത്രമാണ് അന്നേരം ചെയ്തത്.
മറിയമിനെ ചുറ്റിപ്പറ്റിയുള്ള പുരുഷന്മാരും സ്ത്രീകളും അവിശ്വസനീയതയോടെ അവളെ നോക്കി, തൊട്ടിലിലുളള ഒരു കുഞ്ഞിനോട് എങ്ങനെ സംസാരിക്കുമെന്ന് അറിയാൻ ആവശ്യപ്പെട്ടു. തുടർന്ന്, ദൈവത്തിന്‍റെ അനുമതിയോടെ മറിയമിന്‍റെ മകൻ, ശിശുവായിരുന്ന യേശു, തന്‍റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചു. യേശു ജനങ്ങളോട് സംസാരിച്ചു:
“അവന്‍ [കുട്ടി] പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ അടിയാനാകുന്നു:- എനിക്കു അവന്‍ വേദഗ്രന്ഥം തന്നിരിക്കുന്നു: എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു; 'ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗ്രഹീതനാക്കിയിരിക്കുന്നു; ഞാന്‍ ജീവനോടെ ഇരിക്കുന്ന കാലത്തെല്ലാം നമസ്കാരവും 'സക്കാത്തും' അനുഷ്ഠിക്കുവാന്‍ അവന്‍ എന്നോടു ആജ്ഞാപിക്കുകയും ചെയ്തിരിക്കുന്നു; എന്‍റെ മാതാവിനു നന്മ ചെയ്യുവാനും (ആക്കിയിരിക്കുന്നു); എന്നെ അവന്‍ ഒരു നിര്‍ഭാഗ്യവാനായ ക്രൂരനാക്കിയിട്ടുമില്ല. ഞാന്‍ ജനിച്ച ദിവസവും, മരണപ്പെടുന്ന ദിവസവും, ഞാന്‍ ജീവനോടെ എഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസവും എനിക്കു സമാധാനം ഉണ്ടായിരിക്കും.' അതാണ്, 'മര്‍യമിന്‍റെ മകന്‍ ഈസാ [യേശു]. യാതൊന്നില്‍ അവര്‍ തര്‍ക്കമായിക്കൊണ്ടിരുന്നുവോ ആ (വിഷയത്തിലുള്ള) സത്യവചനം!” (ഖുർആൻ 19:30-34)
മുസ്‍ലിംകൾ വിശ്വസിക്കുന്നത് യേശു ദൈവത്തിന്‍റെ അടിമയും ഇസ്രായേല്യർക്ക് നിയോഗിതനായ ഒരു ദൈവദൂതനുമാണെന്നാണ്. ദൈവത്തിന്‍റെ ഇച്ഛയോടും അനുവാദത്തോടും കൂടി അദ്ദേഹം അത്ഭുതങ്ങൾ സൃഷ്ടിച്ചു. പ്രവാചകൻ മുഹമ്മദ് നബി(സ) പറയുന്ന ഈ വാക്കുകൾ ഇസ്‍ലാമിൽ യേശുവിന്‍റെ മഹത്വം എത്രമാത്രമുണ്ടെന്ന് വ്യക്തമായി സംഗ്രഹിക്കുന്നുണ്ട്:
"അല്ലാഹുവല്ലാതെ യഥാര്‍ത്ഥത്തില്‍ ഒരു ആരാധ്യനുമില്ലെന്നും അവന് യാതൊരു പങ്കാളിയോ കൂട്ടുകാരനോ ഇല്ലെന്നും, മുഹമ്മദ് അവന്‍റെ അടിമയും ദൂതനുമാണെന്നും, യേശു അവന്‍റെ അടിമയും ദൂതനുമാണെന്നും ദൈവം മറിയത്തിന് നൽകിയ വചനവും അവൻ സൃഷ്ടിച്ച ആത്മാവുമാണെന്നും, സ്വർഗ്ഗം യഥാർത്ഥമാണ്, നരകം യഥാർത്ഥമാണ് എന്ന് ആര് സാക്ഷ്യം വഹിക്കുന്നുവോ, അവന് സ്വർഗ്ഗത്തിന്‍റെ എട്ട് കവാടങ്ങളിൽ ഏതെങ്കിലുമൊന്നിലൂടെ അതില്‍ പ്രവേശിപ്പിക്കും.” (സ്വഹീഹ് ബുഖാരിയും സഹീഹ് മുസ്ലിമും)
ആശയവിവര്‍ത്തനം: നാസ്വിഹ് അബ്‍ദുല്‍ബാരി