Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്രൈസ്തവത

CHRISTIANITY

യഅ്ക്വൂബ് നബി(അ)യുടെ സന്താനങ്ങള്‍

അമാനി മൌലവി(റഹി)

Last Update: 2023 March 04, 12 Shaʻban, 1444 AH

“ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തുതന്നിട്ടുള്ളതായ എന്‍റെ അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവീന്‍. എന്‍റെ [എന്നോടുള്ള] കരാറ് നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍; എന്നാല്‍ നിങ്ങളുടെ [നിങ്ങളോടുള്ള] കരാര്‍ ഞാന്‍ നിറവേറ്റുന്നതാണ്. എന്നെ മാത്രം ഭയപ്പെടുകയും ചെയ്യുവിന്‍.” (അല്‍ബക്വറ 40)

പ്രവാചകവര്യനായ ഇബ്‌റാഹീം നബി(അ)യുടെ പുത്രനായ ഇസ്ഹാക്വ് നബി(അ)യുടെ മകന്‍ യഅ്ക്വൂബ് നബി(അ)യുടെ മറ്റൊരുപേരാണ് ഇസ്‌റാഈല്‍. ഹിബ്രു ഭാഷയിലുള്ള ആ പേരിന്‍റെ അര്‍ത്ഥം അല്ലാഹുവിന്‍റെ അടിയാന്‍ എന്നാണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന് യൂസുഫ് നബി (അ) അടക്കം പന്ത്ര് മക്കളുണ്ടായിരുന്നു. അവരുടെ സന്താന പരമ്പര കാലക്രമത്തില്‍ പന്ത്രണ്ട് ഗോത്രങ്ങളായിത്തീര്‍ന്നു. എല്ലാം യഅ്ക്വൂബ്(അ)ന്‍റെ സന്തതികളാക കൊണ്ട് എല്ലാവര്‍ക്കും മൊത്തത്തില്‍ ഇസ്‌റാഈല്‍ സന്തതികള്‍- ഈസ്‌റാഈല്യര്‍- (بنو اسرائيل، اسرائيل) എന്ന് പറയപ്പെടുന്നു. ക്വുര്‍ആന്‍ അവതരിക്കുന്ന കാലമാകുമ്പോഴേക്ക് ഏകദേശം നാലായിരം കൊല്ലത്തെ ചരിത്രം അവര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ഇസ്‌റാഈല്യര്‍ പൊതുവെ യഹൂദികളാണെങ്കിലും, ‘യഹൂദികളേ’ എന്നോ മറ്റോ സംബോധന ചെയ്യാതെ ‘ഇസ്‌റാഈല്‍ സന്തതികളേ’ എന്ന് അല്ലാഹു വിളിച്ചതില്‍ അവര്‍ക്ക് വാസ്തവത്തില്‍ ആവേശത്തിനും അഭിമാനത്തിനും വകയുണ്ട്. സര്‍വ്വാദരണീയനും, ഒരു പ്രവാചക വര്യനുമായ ആ പിതാവിന്‍റെ സന്തതികളായ നിങ്ങള്‍ അദ്ദേഹം സ്വീകരിച്ചു വന്നിരുന്ന ആ നേര്‍മാര്‍ഗം സ്വീകരിക്കേണ്ടവരാണല്ലോ എന്ന് വ്യംഗ്യമായ ഒരു സൂചനയും അതിലുണ്ട്.

“ഞാന്‍ നിങ്ങള്‍ക്ക് ചെയ്തുതന്ന എന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവീന്‍” എന്നുള്ള വാക്യം ഒന്നിലധികം പ്രാവശ്യം അല്ലാഹു ആവര്‍ത്തിച്ചിരിക്കുന്നത് കാണാം. ഇതരസമുദായങ്ങള്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്ത എത്രയോ വമ്പിച്ച അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് ഞാന്‍ ചെയ്തുതന്നിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാം. അവയെ നിങ്ങള്‍ ഓര്‍മിക്കുന്ന പക്ഷം, നിങ്ങളൊരിക്കലും നന്ദികെട്ടവരും ദുര്‍മാര്‍ഗികളുമായിരിക്കുവാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് നിങ്ങള്‍ ആ അനുഗ്രഹങ്ങളെ ഒന്ന് ഓര്‍ത്തു നോക്കുവിന്‍ എന്നാണതിന്‍റെ താല്‍പര്യം. ഫിര്‍ഔന്‍റെ അടിമത്വത്തില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നുമുള്ള അത്ഭുതകരമായ മോചനം, അസാധാരണമാം വിധത്തില്‍ ചെങ്കടല്‍ കടന്നു രക്ഷപ്പെട്ടത്, തീഹ് വനാന്തരത്തില്‍ വെച്ച് ‘മന്നായും’ ‘സല്‍വാ’യും ലഭിച്ചുകൊണ്ടിരുന്നത്, പാറക്കല്ലില്‍ നിന്ന് ഓരോ ഗോത്രക്കാര്‍ക്കുമായി പന്ത്രണ്ട് നീരുറവകള്‍ പൊട്ടി ഒഴുകിയത്, വളരെയധികം പ്രവാചകന്മാരുടെയും രാജാക്കളുടെയും പാരമ്പര്യമുള്ളവരായത് എന്നിങ്ങനെ വളരെയധികം അനുഗ്രഹങ്ങള്‍ ഇസ്‌റാഈല്യര്‍ക്ക് അല്ലാഹു നല്‍കിയിട്ടുണ്ട്. ഈ വക അനുഗ്രഹങ്ങളെ സ്മരിക്കുവാനാണ് അല്ലാഹു അവരെ ആഹ്വാനം ചെയ്യുന്നത്. മൂസാ നബി (അ) അവരോട് ഇങ്ങിനെ പറയുകയുണ്ടായി: ‘എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങളില്‍ പ്രവാചകന്‍മാരെ ഏര്‍പ്പെടുത്തുകയും, നിങ്ങളെ രാജാക്കളാക്കുകയും, ലോകരില്‍ ഒരുവര്‍ക്കും നല്‍കാത്തത് നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരിക്കെ, അവന്‍ നിങ്ങള്‍ക്ക് ചെയ്തുതന്ന അവന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുവിന്‍.

എന്നോടുള്ള കരാര്‍- പ്രതിജ്ഞ-നിങ്ങള്‍ നിറവേറ്റിയാല്‍ നിങ്ങളോടുള്ള കരാര്‍ ഞാന്‍ നിറവേറ്റും എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം നിങ്ങളോട് ഞാന്‍ കല്‍പിച്ചതെല്ലാം നിങ്ങള്‍ അനുഷ്ഠിക്കുകയും, വിരോധിച്ചെതെല്ലാം നിങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. അത് നിങ്ങള്‍ നിറവേറ്റിയാല്‍ നിങ്ങളോടുള്ള ബാധ്യത ഞാനും നിറവേറ്റും. അതായത് ഞാന്‍ നിങ്ങളെക്കുറിച്ച് തൃപ്തിപ്പെടുകയും, നിങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലങ്ങള്‍ നല്‍കുകയും ചെയ്യും.

“ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ളതായ എന്റെ അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍; ഞാന്‍ നിങ്ങളെ (മറ്റുള്ള) ലോകരെക്കാള്‍ ശ്രേഷ്ഠരാക്കിയതും [ഓര്‍ക്കുവിന്‍]. ഒരു (മഹാ) ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍: (അന്ന്) ഒരു ദേഹവും ഒരു ദേഹത്തിനും (ഒരാളും ഒരാള്‍ക്കും) ഒട്ടും ഉപകരിക്കുന്നതല്ല; അതില്‍ (ഒരാളില്‍)നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല; അതില്‍ (ഒരാളില്‍) നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുകയില്ല: അവര്‍ സഹായിക്കപ്പെടുകയുമില്ല (അങ്ങിനെയുള്ള ഒരു ദിവസം)” (അല്‍ബക്വറ 48)

ഇസ്‌റാഈല്യര്‍ക്ക് അല്ലാഹു നല്‍കിവന്ന അനുഗ്രഹങ്ങളെ വീണ്ടും ഒന്നുകൂടി ഓര്‍മിപ്പിച്ചുകൊണ്ടും, അവര്‍ക്ക് ഇതര സമുദായങ്ങളെക്കാള്‍ നല്‍കിയ ശ്രേഷ്ഠതകളെ അനുസ്മരിപ്പിച്ചുകൊണ്ടും അവരെ സത്യവിശ്വാസത്തിലേക്കും സന്‍മാര്‍ഗത്തിലേക്കും ക്ഷണിക്കുകയാണ് അല്ലാഹു. മറ്റുള്ള ജനങ്ങളെക്കാളെല്ലാം അതിനു മുമ്പോട്ടുവരേണ്ടത് നിങ്ങളാണെന്നുകൂടി ഇത്മൂലം അവരെ ഉണര്‍ത്തുന്നു. ഇസ്‌റാഈല്യര്‍ ഒരു മതത്തിന്‍റെ അനുയായികളെന്നനിലക്ക് ഒരു സമുദായമായിത്തീര്‍ന്നപ്പോള്‍, അക്കാലത്തുള്ള ഇതര സമുദായങ്ങളെക്കാള്‍ പല നിലക്കുള്ള ശ്രേഷ്ഠതയും അവര്‍ക്കുണ്ടായിരുന്നു. എത്രയോ നബിമാര്‍ അവരില്‍നിന്നുണ്ടായി. വളരെയധികം രാജാക്കളും അവരില്‍ ഉണ്ടായി. അങ്ങനെ, മതനേതൃത്വവും ഭരണനേതൃത്വവും അവര്‍ക്ക് കൈവന്നു. മുന്‍വേദഗ്രന്ഥങ്ങളില്‍വച്ച് ഏറ്റവും ഉന്നതസ്ഥാനം അര്‍ഹിക്കുന്ന വേദഗ്രന്ഥവും നിയമസംഹിതയുമായ തൗറാത്തിന്‍റെ അനുയായികളാകുവാനുള്ള ഭാഗ്യം അവര്‍ക്കാണ് സിദ്ധിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍, മതരംഗത്തും ലൗകികരംഗത്തുമുള്ള നേതൃത്വവും പ്രതാപവും ഇസ്‌റാഈല്യര്‍ക്കായിരുന്നു.

ലോകരെക്കാള്‍ നിങ്ങളെ ശ്രേഷ്ഠരാക്കി എന്നു പറഞ്ഞതുകൊണ്ട് എക്കാലത്തുമുള്ള എല്ലാ സമുദായങ്ങളെക്കാളും അവരെ ശ്രേഷ്ഠരാക്കിയെന്നോ, നബി തിരുമേനി (സ്വ)യുടെ സമുദായത്തെക്കാളും ശ്രേഷ്ഠരാക്കിയെന്നോ അര്‍ത്ഥമില്ല. നബി (സ്വ)യുടെ സമുദായത്തെപ്പറ്റി “മനുഷ്യര്‍ക്കുവേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഉത്തമ സമുദായം നിങ്ങളാകുന്നു” (3:110) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അതിനുള്ള കാരണങ്ങളും അല്ലാഹു അവിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അവര്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങളെയും, ശ്രേഷ്ഠതകളെയും ഓര്‍മിപ്പിച്ചശേഷം, ആ നല്ല പാരമ്പര്യങ്ങളെല്ലാം അവരിപ്പോള്‍ കളഞ്ഞുകുളിച്ചിട്ടുണ്ടെന്നും, അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ കോപത്തിനും ശിക്ഷക്കും വിധേയരായിട്ടുണ്ടെന്നും, അതുകൊണ്ട് ക്വിയാമത്തുനാളില്‍ അനുഭവിക്കുവാന്‍ പോകുന്ന ഭവിഷ്യത്തുകളെ സൂക്ഷിച്ചുകൊള്ളണമെന്നും അവരെ താക്കീത് ചെയ്യുന്നു. ക്വിയാമത്തുനാളിനെപ്പറ്റി നാലുകാര്യങ്ങള്‍ പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തിരിക്കുന്നു.

(1) അന്ന് ഒരാളും ഒരാള്‍ക്കും ഉപകരിക്കുകയില്ല.

(2) അന്ന് യാതൊരു ശുപാര്‍ശയും സ്വീകാര്യമല്ല.

(3) അന്ന് ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുന്നതല്ല. അഥവാ, ശിക്ഷയില്‍ നിന്ന് ഒഴിവായിക്കിട്ടത്തക്കവണ്ണം അതിനു പകരം വല്ലതും നല്‍കി രക്ഷപ്പെടുവാന്‍ സാധ്യമല്ല.

(4) എന്നു വേണ്ടാ, ഒരു പ്രകാരത്തിലുള്ള സഹായവും അന്ന് അവര്‍ക്ക് ലഭിക്കുവാനില്ല.

അതെ, ഒരോരുവനും അവനവന്‍ സമ്പാദിച്ചുവെച്ചതിന്‍റെ ഫലം മാത്രം അനുഭവിക്കും, ഒരാളുടെ കുറ്റം മറ്റൊരാള്‍ പേറുകയില്ല (6:164, 35:18, 39:7) ഓരോരുത്തര്‍ക്കും അവരവരുടെ കാര്യം തന്നെ ധാരാളമുണ്ടായിരിക്കും (80:37), മാതാപിതാക്കള്‍ മക്കള്‍ക്കോ, മക്കള്‍ മാതാപിതാക്കള്‍ക്കോ ഉപകരിക്കുകയില്ല (31:33). ശുപാര്‍ശക്കാരുടെ ശുപാര്‍ശകളൊന്നും അവിടെ ഫലപ്പെടുകയില്ല (74:48). അല്ലാഹുവിന്‍റെ അനുവാദം കൂടാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ നടത്തുവാന്‍ തക്കവന്‍ ആരാണുള്ളത് ?! (2:255) അവിശ്വാസികളായ ആളുകള്‍ക്ക് ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും കൂടി ഉണ്ടായിരിക്കുകയും, അത് തെണ്ടം നല്‍കി ശിക്ഷയില്‍ നിന്ന് ഒഴിവാകുവാന്‍ ശ്രമിക്കുകയും ചെയ്താലും അത് സ്വീകരിക്കപ്പെടുകയില്ല (5:39) വല്ലതും പകരം നല്‍കിയോ, സ്‌നേഹ ബന്ധത്തിന്‍റെ പേരിലോ രക്ഷപ്പെടാമോ? അതുമില്ല (14:31). എന്നാല്‍, അന്യോന്യം സഹായിക്കാമോ ? അതും ഇല്ല. എല്ലാവരും കല്‍പനക്ക് വിധേയരായിക്കും (37:25, 26).

ഞങ്ങള്‍ പ്രവാചകത്വത്തിന്‍റെയും വേദഗ്രന്ഥത്തിന്‍റെയും ആള്‍ക്കാരാണ്, സ്വര്‍ഗം ഞങ്ങളുടെ കുത്തകയാണ്, കവിഞ്ഞാല്‍ അല്‍പദിവസം മാത്രമെ ഞങ്ങള്‍ നരകത്തില്‍ കിടക്കേണ്ടി വരികയുള്ളൂ, ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും ഇഷ്ടക്കാരുമാണ് എന്നൊക്കെയായിരുന്നു ഇസ്‌റാഈല്യര്‍ അവകാശപ്പെട്ടുകൊണ്ടിരുന്നത്. ഈ അവകാശവാദങ്ങളെല്ലാം തനി വ്യാജവും നിരര്‍ത്ഥവുമാണെന്നും, അവരുടെ ഈ നില തുടരുന്ന പക്ഷം ക്വിയാമത്തുനാളില്‍ യാതൊരു രക്ഷാമാര്‍ഗവും ലഭിക്കുവാനുള്ള സാധ്യത അവര്‍ക്കില്ലെന്നും അല്ലാഹു ഇതുമൂലം അവരെ താക്കീത് ചെയ്യുകയാണ്.

ഇസ്‌റാഈല്യരുടെ ചരിത്രം പരിശോധിച്ചാല്‍, അവര്‍ എന്നുതൊട്ട് അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നുവോ അന്നുമുതല്‍ അവരില്‍ നിന്ദ്യതയും പതിതത്വവും കുടിയേറുകയും ചെയ്തിട്ടുള്ളതായി വ്യക്തമാകും. ഇസ്‌ലാമിന്‍റെ ആവിര്‍ഭാവത്തിന് മുമ്പും, അതിനുശേഷം ഇന്നോളവും അവരില്‍ പ്രകടമായി കാണാവുന്നതാണത്. ഇസ്‌ലാമിന് മുമ്പ് ഇറാക്വിലെയും, റോമായിലെയും സാമ്രാജ്യ ശക്തികള്‍ക്കടിമപ്പെട്ടും. അവരുടെ മര്‍ദ്ദനമേറ്റും, അവര്‍ക്ക് കപ്പം കൊടുത്തും ദീര്‍ഘകാലം കഴിയേണ്ടി വന്നു. ഇസ്‌ലാമിക ഭരണം നിലവില്‍ വന്നപ്പോള്‍ അതിന്‍റെ കീഴില്‍ കപ്പം കൊടുത്തും, സമാധാന ഉടമ്പടികള്‍ ചെയ്തും ജീവിക്കേണ്ടി വന്നു. മുസ്‌ലിം ഭരണം ചിന്നിച്ചിതറിയ ശേഷവും- പലേടങ്ങളിലും പല രാഷ്ട്രങ്ങളിലുമായി- ഹീനരും, പതിതരുമായിട്ടേ അവര്‍ക്ക് ജീവിക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍, മറ്റൊരു കൂട്ടരുടെ ഔദാര്യമോ, സഹായമോ, കൂടാതെ, സ്വന്തം നിലക്ക് മാന്യവും സ്വതന്ത്രവുമായ ഒരു സമുദായമായി നിലകൊള്ളുവാനോ, സ്വന്തമായ ഭരണാധികാരം സ്ഥാപിക്കുവാനോ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. മുപ്പതില്‍പരം കൊല്ലങ്ങള്‍ക്ക് മുമ്പ് ഇസ്‌റാഈല്‍ രാഷ്ട്രം എന്നപേരില്‍ ഫലസ്തീനില്‍ ഒരു രാഷ്ട്രം യഹൂദികള്‍ സ്ഥാപിച്ചിട്ടുള്ളത് ശരിയാണ്. (കഴിഞ്ഞ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ക്രിസ്ത്വബ്ദം 1947ല്‍ ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ നാടിനെ അറബികള്‍ക്കും യഹൂദികള്‍ക്കുമായി രണ്ടാക്കി വിഭജിച്ചു. 1948 മെയ് മാസത്തില്‍ യഹൂദികളുടെ ഭാഗത്തില്‍ ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിതവുമായി. ലോകത്തില്‍ അവിടവിടെയായി ചിന്നിച്ചിതറിയും, പലേടങ്ങളിലും- വിശേഷിച്ച് നാസികളുടെ കീഴില്‍- മര്‍ദ്ദിതരായും കഴിഞ്ഞു കൂടിയിരുന്ന യഹൂദികളെ ഒന്നിച്ച് കുടിയിരുത്തിക്കൊണ്ടായിരുന്നു അത്. സിയോണിസ്റ്റ് പ്രസ്ഥാനം യുറോപ്യന്‍ നാടുകളില്‍ വരുത്തിയ സ്വാധീനവും, നാസികള്‍ക്കെതിരെ രാണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത അമേരിക്ക, ഇംഗ്ലണ്ട് മുതലായ വന്‍ ശക്തികളടങ്ങിയ സഖ്യകക്ഷികളുടെ സ്ഥാപിത താല്‍പര്യങ്ങളുമാണ് ഇതിന് കളമൊരുക്കിയത്. അതിന്‍റെ ജനയിതാക്കളായ വന്‍കോയ്മകള്‍ തന്നെ അതിനെ പാലൂട്ടി വളര്‍ത്തിക്കൊണ്ടിരുന്നു. ഇന്നും അവരുടെ സഹായവും അനുഭാവവും തന്നെയാണ് ഇസ്‌റാഈലിനെ നിലനിറുത്തുന്നത്. അറബിരാഷ്ട്രങ്ങളുമായി അനേകം സംഘട്ടനങ്ങള്‍ നടന്നു. ഇപ്പോഴും നടക്കുന്നു. കൂട്ടത്തില്‍ ക്രി. 1967ലും 1973ലും നടന്ന യുദ്ധങ്ങള്‍ പ്രധാനങ്ങളാകുന്നു.) പക്ഷേ, അതിന്‍റെ ഉത്ഭവവും, നിലനില്‍പുമെല്ലാം തന്നെ അമേരിക്ക മുതലായ വന്‍കോയ്മകളുടെ കൈക്കാണുള്ളതെന്ന പരമാര്‍ത്ഥം പരക്കെ അറിയപ്പെട്ടതാണ്. അല്ലാഹുവിന്‍റെയും മനുഷ്യരുടെയും കയറുസഹിതമല്ലാതെ നിന്ദ്യതയില്‍ നിന്ന് അവര്‍ക്ക് രക്ഷയില്ല എന്ന് അല്ലാഹു പ്രസ്താവിച്ചതിന് ഇതൊരു ഉദാഹരണമായി എടുക്കാവുന്നതുമാകുന്നു. പല രാഷ്ട്രങ്ങളും ഇന്നുവരെ അതിനെ ഒരു രാഷ്ട്രമായി അംഗീകരിച്ച് കഴിഞ്ഞിട്ടില്ല. മുസ്‌ലിം രാഷ്ട്രങ്ങള്‍ മുഴുവനും അതിനോട് അങ്ങേ അറ്റം ശത്രുതയിലും വൈരാഗ്യത്തിലുമാണുള്ളതെന്നതിരിക്കട്ടെ, അമുസ്‌ലിം രാഷ്ട്രങ്ങളില്‍ തന്നെ പലതും അതിന്‍റെ നേരെ അനുഭാവത്തിലല്ല കഴിയുന്നതെന്നുള്ളതും ശ്രദ്ധേയമാകുന്നു. പൊതുവെ പറഞ്ഞാല്‍. ഇത്രയും വെറുക്കപ്പെട്ട ഒരു രാഷ്ട്രം ലോകത്ത് മറ്റെവിടെയും കാണപ്പെടുകയില്ലതന്നെ. ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിച്ചശേഷം പലപ്പോഴായി അവര്‍ പിടിച്ചടക്കി കയ്യേറിയ സ്ഥലങ്ങള്‍ ഒഴിവാക്കിയാല്‍, ഒരു ജില്ലയോളം വരുന്ന ആ രാഷ്ട്രത്തില്‍ ആകെയുള്ള ജനസംഖ്യ 25 ലക്ഷത്തില്‍പരം വരും. ഇവരില്‍ രണ്ട് ലക്ഷത്തോളം മുസ്‌ലിംകളും അരലക്ഷത്തോളം ക്രിസ്ത്യാനികളും ഉള്‍പ്പെടുമെന്ന് പറയപ്പെടുന്നു. (24-11-77 ലെ മാതൃഭൂമി ദിനപത്രത്തില്‍ നിന്ന്).

ഖുലഫാഉര്‍റാശിദിന്‍റെ കാലത്ത് ഇറാക്വ് യുദ്ധങ്ങളിലെ സര്‍വ്വസൈന്യാധിപനും സ്വഹാബീ പ്രമുഖന്മാരില്‍ ഒരാളും, നബി തിരുമേനി(സ്വ)യുടെ അമ്മാമനുമായിരുന്ന സഅ്ദുബ്‌നു അബീവക്വ്ക്വാസ് (റ)ന് ഖലീഫാ ഉമര്‍ (റ) നല്‍കിയ ചില ഉപദേശങ്ങള്‍ ഓര്‍മിക്കുന്നത് ഇവിടെ സന്ദര്‍ഭോചിതമാകുന്നു. അദ്ദേഹത്തെ പറഞ്ഞയച്ചപ്പോള്‍ അദ്ദേഹേത്താട് ഉമര്‍(റ) ചെയ്ത വസ്വിയ്യത്തിന്‍റെ സാരം ഇതാണ്: ‘സഅ്‌ദേ, താങ്കള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ അമ്മാമനും സ്‌നേഹിതനുമാണെന്നുള്ള കാര്യം താങ്കളെ വഞ്ചിതനാക്കരുത്. തിന്മയെ അല്ലാഹു തിന്മകൊണ്ട് മായിച്ചുകളയുകയില്ല, നന്മകൊണ്ടേ തിന്മയെ മായിക്കുകയുള്ളൂ. അല്ലാഹുവിന് വഴിപ്പെടുന്നത് മുഖേനയല്ലാതെ, അല്ലാഹുവിനും ഒരാള്‍ക്കുമിടയില്‍ കുടുംബന്ധമൊന്നുമില്ല. അല്ലാഹുവിന്‍റെ മതത്തില്‍ എല്ലാവരും സമന്‍മാരാണ്. റസൂല്‍(സ്വ) ഏതൊന്ന് കൈവിടാതെ വന്നിരുന്നതായി താങ്കള്‍ കണ്ടുവോ അത് താങ്കളും കൈവിടാതെ മുറുകെ പിടിക്കുക.’ പിന്നീട് സ്അ്ദ് (റ) പോയശേഷം അദ്ദേഹത്തിനയച്ച ഒരു എഴുത്തിലെ ചില വാചകങ്ങള്‍ ഇങ്ങനെയായിരുന്നു: ‘താനും തന്‍റെ ഒന്നിച്ചുള്ളവരും സദാ ‘തക്വ്‌വ’ (ഭയഭക്തി) യുള്ളവരായിരിക്കണം. ശത്രുക്കള്‍ക്കെതിരെയുള്ള ഏറ്റവും വലിയ സന്നാഹവും, ഏറ്റവും വലിയ യുദ്ധതന്ത്രവും അതത്രെ. നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെക്കാളധികം നിങ്ങളെക്കുറിച്ച് തന്നെ ജാഗരൂകരായിരിക്കണം. കാരണം, സൈന്യം ചെയ്യുന്ന പാപങ്ങളെയാണ് അവരുടെ ശത്രുക്കളെക്കാള്‍ ഞാന്‍ ഭയപ്പെടുന്നത്. മുസ്‌ലിംകളുടെ ശത്രുക്കള്‍ അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നതുകൊണ്ട് മാത്രമാണ് അവര്‍ക്കെതിരില്‍ മുസ്‌ലിംകള്‍ക്ക് സഹായം ലഭിക്കുന്നത്. ശത്രുക്കള്‍ അല്ലാഹുവിനോട് അനുസരണയില്ലാത്തപക്ഷം, നമുക്കവരോട് എതിര്‍ക്കുവാന്‍ കഴിവുണ്ടാകയില്ല. കാരണം, നമ്മുടെ എണ്ണം അവരുടെ എണ്ണം പോലെയില്ല. നമ്മുടെ യുദ്ധസന്നാഹങ്ങള്‍ അവരുടെ സന്നാഹം പോലെയുമില്ല. അപ്പോള്‍, പാപത്തില്‍ നാമും അവരെപ്പോലെ ആയിത്തീര്‍ന്നാല്‍, ശക്തിയില്‍ അവര്‍ നമ്മെ കവച്ചുവെക്കും. ഇല്ലെങ്കിലോ, നമ്മുടെ യോഗ്യതകൊണ്ട് നമുക്കവരെ ജയിക്കാം. നമ്മുടെ ശക്തികൊണ്ട് നാം അവരെ ജയിക്കുകയില്ല……’ നിന്ദ്യാവസ്ഥയില്‍ നിന്ന് വല്ല രക്ഷയും ലഭിക്കുവാന്‍ ഒരു പക്ഷേ അവര്‍ക്ക് സാദ്ധ്യമായേക്കുമെന്ന് അല്ലാഹു ചൂണ്ടിക്കാട്ടിയെങ്കിലും, അല്ലാഹുവിന്‍റെ കോപത്തില്‍ നിന്നും, പതിതത്വത്തില്‍നിന്നും ഒരിക്കലെങ്കിലും അവര്‍ക്ക് രക്ഷ കിട്ടുവാന്‍ മാര്‍ഗമുള്ളതായി അല്ലാഹു സൂചിപ്പിച്ചിട്ടില്ല. അല്ലാഹുവിന്‍റെ ശാപകോപത്തിന്‍റെ ഫലം പരലോകത്തുവെച്ച് അവര്‍ അനുഭവിക്കുമെന്ന് തീര്‍ച്ചതന്നെ. ഇഹലോകത്തെ സ്ഥിതി പറയുകയാണെങ്കില്‍, അധമബോധവും, പതിതത്വ മനഃസ്ഥിതിയും യഹൂദരുടെ ഒരു സ്വഭാവ പ്രകൃതിതന്നെയാകുന്നു. വമ്പിച്ച ധനമോഹവും അതിയായ പിശുക്കും അവരുടെ ഒരു വിശേഷതയാണെന്ന് പറയാം. അതുകൊണ്ട് ധനം ചിലവഴിക്കുന്നതിലും സമ്പാദ്യം അനുഭവിക്കുന്നതിലും ധനിക ദരിദ്രവ്യത്യാസം കൂടാതെ അവര്‍ കഴിഞ്ഞുകൂടിയിട്ടുണ്ടോ അവിടെയെല്ലാം ഒരു താണതരം പ്രജകളായല്ലാതെ അവര്‍ ഗണിക്കപ്പെട്ട ചരിത്രമില്ല. അവരുടേതായ ഒരു രാഷ്ട്രം നിലവില്‍ വന്ന ഇക്കാലത്തുപോലും ഒരു സമുദായമെന്ന നിലക്ക് മറ്റുള്ളവരുടെയെല്ലാം എതിര്‍പ്പിനും വെറുപ്പിനും ഇത്രയും പാത്രമായ ഒരു സമൂഹം വേറെ ഇല്ല.

വേദക്കാരെ- പ്രത്യേകിച്ചും ഇസ്‌റാഈല്യരെ- ക്കുറിച്ച് ക്വുര്‍ആനില്‍ ഇങ്ങനെയുള്ള അനേകം പരാമര്‍ശങ്ങളില്‍ നിന്ന് നാം കുറേ ചരിത്ര വിവരങ്ങള്‍ മനഃപാഠമിടുക മാത്രമല്ല ചെയ്യേണ്ടത്. ആ ചരിത്രങ്ങളിലടങ്ങിയ പാഠങ്ങള്‍ മനസ്സിരുത്തുകയും, അവര്‍ക്ക് പിണഞ്ഞ ദോഷങ്ങള്‍ നമുക്ക് വരാതിരിക്കുവാന്‍ നാമത് ഉപയോഗപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. അല്ലാഹു നമ്മെ അതിന് തുണക്കട്ടെ. ആമീന്‍.


അവലംബം: സൂറഃ അൽബക്വറ, സൂറഃ ആലുഇംറാൻ വ്യാഖ്യാനങ്ങളിൽ നിന്നും സംഗ്രഹിച്ചത്‌

0
0
0
s2sdefault

ക്രൈസ്തവത - മറ്റു ലേഖനങ്ങൾ