ഈസാ(അ) നബിയുടെ ജനനം: ക്വുര്‍ആനിക ചരിത്രം
സംഗ്രഹം തയ്യാറാക്കിയത്: നാസ്വിഹ് അബ്‍ദുല്‍ബാരി
Last Update: 2023 January 05
അല്ലാഹു പറഞ്ഞു: “(നബിയേ) വേദഗ്രന്ഥത്തില്‍ മര്‍യമിനെക്കുറിച്ചും പ്രസ്താവിക്കുക: അവള്‍ തന്‍റെ സ്വന്തക്കാരില്‍ നിന്നു, കിഴക്കു ഭാഗത്തുള്ള ഒരു സ്ഥലത്തു വിട്ടുമാറി താമസിച്ചപ്പോള്‍; അങ്ങനെ, അവള്‍ അവരില്‍നിന്നു മറയത്തക്ക ഒരു മറ സ്വീകരിച്ചു: അപ്പോള്‍, നാം അവളുടെ അടുക്കലേക്കു നമ്മുടെ ആത്മാവിനെ [ജിബ്രീലിനെ] അയച്ചു; എന്നിട്ട്, അദ്ദേഹം ശരിയായ ഒരു മനുഷ്യനായി അവള്‍ക്കു രൂപപ്പെട്ടു.” (മര്‍യം: 16, 17)
മര്‍യം (അ) ചെറുപ്പം മുതല്‍ക്കേ ബൈത്തുല്‍മുഖദ്ദസിലെ പരിചാരികയായിരുന്നു. അവര്‍ കിഴക്കുഭാഗത്തായി ഒരിടത്തു ഏകാന്തവാസം സ്വീകരിച്ചപ്പോഴായിരുന്നു ജിബ്രീല്‍ (അ) പ്രത്യക്ഷപ്പെട്ടത്. സകരിയ്യാ (അ) നബിയുടെ ഭാര്യ ഗര്‍ഭം ധരിച്ചതിന്‍റെ ആറാം മാസത്തിലാണ് ഇതു ഉണ്ടായതെന്നും, മര്‍യം (അ) അന്നു സ്വപിതാവിന്‍റെ രാജ്യമായ നസറേത്ത് എന്ന ഗലീലാ പട്ടണത്തിലായിരുന്നുവെന്നും, ലൂക്കോസിന്‍റെ സുവിശേഷം (1: 26) പറയുന്നു. (അല്ലാഹു അഅ്‍ലം)
‘നമ്മുടെ ആത്മാവ്’ എന്നു പറഞ്ഞതു ജിബ്രീല്‍ (അ) എന്നാ മലക്കിനെ ഉദ്ദേശിച്ചാകുന്നു. ‘റൂഹ്’ (ആത്മാവ്) എന്നും, റൂഹുല്‍ഖുദ്ദ്സ്’ (പരിശുദ്ധാത്മാവ്) എന്നും ജിബ്രീലിനെക്കുറിച്ചു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ഈ സംഭവം ഉദ്ധരിക്കുന്നിടത്തു ‘ഗബ്രിയേല്‍’ എന്നു ബൈബിളും പറഞ്ഞിട്ടുണ്ട്. എന്നാല്‍, തനിക്കു പ്രത്യക്ഷപ്പെട്ടതു മലക്കാണെന്നു അറിഞ്ഞിട്ടില്ലാതിരുന്നതുകൊണ്ടു മര്‍യം പരിഭ്രമിച്ചു:
“അവള്‍ പറഞ്ഞു: 'നീ ഒരു ഭക്തിയുള്ളവനാണെങ്കില്‍, നിന്നില്‍ നിന്നു ഞാന്‍ പരമകാരുണികനായുള്ളവനില്‍ ശരണം പ്രാപിക്കുന്നു.' അദ്ദേഹം പറഞ്ഞു: 'നിനക്കു പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ (കുറിച്ചുള്ള സുവിശേഷം) പ്രദാനം ചെയ്യുന്നതിനായി, നിന്‍റെ റബ്ബിന്‍റെ ദൂതന്‍ മാത്രമാണ് ഞാന്‍.' അവള്‍ പറഞ്ഞു: 'എങ്ങിനെയാണ് എനിക്കു കുട്ടിയുണ്ടാകുന്നതു? ഒരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടുമില്ല; ഞാന്‍ ദുര്‍വൃത്തയായിരുന്നതുമില്ല?! അദ്ദേഹം പറഞ്ഞു: '(കാര്യം) അപ്രകാരം തന്നെ; നിന്‍റെ റബ്ബ് പറയുന്നു: 'അതു എനിക്കു ഒരു നിസ്സാര കാര്യമാണ്; അവനെ മനുഷ്യര്‍ക്കു ഒരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആക്കുവാന്‍ വേണ്ടിയുമാകുന്നു. ഇതു തീരുമാനിക്കപ്പെട്ട ഒരു കാര്യവുമായിരിക്കുന്നു.'” (മര്‍യം: 18, 19,20,21)
അല്ലാഹുവിന്‍റെ ദൃഷ്ടാന്തം അവന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം അഥവാ അനുഗ്രഹം, ഇങ്ങിനെ രണ്ടു കാര്യങ്ങളാണു ഈസാ (അ) നെപ്പറ്റി അല്ലാഹു പറഞ്ഞത്. ഈ രണ്ടു വാക്കുകളില്‍ അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ പ്രസ്ഥാനത്തെയും അല്ലാഹു ചുരുക്കി ചിത്രീകരിച്ചിരിക്കുന്നതു കാണാം. അദ്ദേഹത്തിന്‍റെ ജനനവും, അദ്ദേഹത്തിന്‍റെ കൈക്കു വെളിപ്പെട്ട സംഭവങ്ങളും അല്ലാഹുവിന്‍റെ ശക്തിമാഹാത്മ്യങ്ങളെ പ്രകാശിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളത്രെ. അദ്ദേഹത്തിനു ലഭിച്ച ദിവ്യോല്‍ബോധനങ്ങളും, അദ്ദേഹം സമുദായത്തിനു ചെയ്ത ഉപദേശങ്ങളുമെല്ലാം മനുഷ്യസമുദായത്തിനു കാരുണ്യത്തിന്‍റെയും സന്ദേശങ്ങളുമാകുന്നു.
“അങ്ങനെ, അവള്‍ അവനെ ഗര്‍ഭം ധരിച്ചു; എന്നിട്ടു അവള്‍ അതുമായി ഒരു ദൂരപ്പെട്ട സ്ഥലത്തു വിട്ടുമാറി താമസിച്ചു. അനന്തരം, പ്രസവവേദന അവളെ ഈത്തപ്പന മരത്തിന്നടുക്കലേക്ക് കൊണ്ടുവന്നു. അവള്‍ പറഞ്ഞു; 'ഹാ! ഇതിനുമുമ്പു തന്നെ ഞാന്‍ മരിക്കുകയും, തീരെ വിസ്മരിക്കപ്പെട്ടു പോയ ഒരാളായിത്തീരുകയും ചെയ്തിരുന്നുവെങ്കില്‍ എത്ര നന്നായേനെ!'” (മര്‍യം: 22,23)
ഭര്‍ത്താവില്ലാതെ ഗര്‍ഭവതിയായ സ്ത്രീക്കു ജനങ്ങളില്‍നിന്നു വിട്ടകന്നു പോകുവാന്‍ തോന്നുക സ്വാഭാവികമാണല്ലോ. മര്‍യം (അ) സ്വജനങ്ങളെ വിട്ടു യഹൂദ്യായിലെ ബെത്ത് ലഹേമിലേക്കു പോയി എന്നാണ് ബൈബിള്‍ (ലൂക്കോസു : 2 ല്‍ 5) പറയുന്നത്. പ്രസവവേദന വന്നപ്പോള്‍, ചാരിയിരുന്നു ആശ്വസിക്കുവാനായി ഈത്തപ്പനയുടെ അടുക്കല്‍ വന്നു തന്‍റെ നിസ്സഹായതയില്‍ അവര്‍ വ്യസനിച്ചു. ‘നേരത്തെത്തന്നെ ഞാന്‍ മരിച്ചുപോകുകയും, എന്‍റെ കാര്യം ജനങ്ങളില്‍നിന്നു തീരെ വിസ്മരിക്കപ്പെട്ടുപോകുകയും ചെയ്തിരുന്നുവെങ്കില്‍, ഹാ എത്ര നന്നായേനെ!’ എന്നിങ്ങിനെ വിലപിച്ചു. അങ്ങനെ, മര്‍യം (അ) അവിടെവെച്ചു പ്രസവിച്ചു.
“ഉടനെ, അവന്‍ അതിന്‍റെ ചുവട്ടില്‍ നിന്നു അവളെ വിളിച്ചു പറഞ്ഞു: 'വ്യസനിക്കേണ്ട, നിന്‍റെ രക്ഷിതാവു നിന്‍റെ കീഴില്‍ ഒരു മഹാനെ ആക്കിത്തന്നിരിക്കുകയാണ്: 'നിന്‍റെ അടുക്കലേക്കു (കാരക്ക വീണുകിട്ടുവാന്‍) ഈത്തപ്പന കുലുക്കിക്കൊള്ളുക; അതു നിനക്കു പുതിയ ഈത്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. 'അങ്ങനെ, നീ തിന്നുകയും, കുടിക്കുകയും, (സന്തോഷത്താല്‍) കണ്ണുകുളിര്‍ക്കുകയും ചെയ്തുകൊള്ളുക. ഇനി, നീ മനുഷ്യരില്‍ വല്ലവരേയും കാണുകയാണെങ്കില്‍, 'പരമകാരുണികനു [അല്ലാഹുവിനു] വ്രതം അനുഷ്ഠിക്കുവാന്‍ ഞാന്‍ നേര്‍ന്നിരിക്കുകയാണ്; ആകയാല്‍, ഞാന്‍ ഇന്നു ഒരു മനുഷ്യനോടും സംസാരിക്കുകയില്ലതന്നെ' എന്നു നീ പറഞ്ഞേക്കുക'.” (മര്‍യം: 24,25,26)
വ്രതം അനുഷ്ഠിക്കുമ്പോള്‍ സംസാരിക്കാതെ മൗനം അവലംബിക്കുന്ന സമ്പ്രദായം യഹൂദരുടെ ഇടയില്‍ പതിവുണ്ടായിരുന്നു. മര്‍യമിനെ സംബന്ധിച്ചിടത്തോളം, ജനസംസാരം ഇല്ലാതായിക്കിട്ടുവാനും ഈ മൗനവ്രതം സഹായകമായിരിക്കുമല്ലോ.
ഈത്തപ്പനയുടെ ചുവട്ടില്‍നിന്നു വിളിച്ചുപറഞ്ഞതു അപ്പോള്‍ ജനിച്ച ആ ശിശു – അതെ, ഈസാ (അ) തന്നെ ആയിരുന്നുവെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗം പറയുന്നത്. ഈസാ (അ) നബിയെ സംബന്ധിച്ചിടത്തോളം അതില്‍ അസാംഗത്യമൊന്നുമില്ല. വാചകത്തിന്‍റെ ഘടനയും പ്രത്യക്ഷത്തില്‍ അങ്ങിനെത്തന്നെയാണ് മനസ്സിലാക്കുന്നതും. തൊട്ടിലില്‍ ശിശുവായിക്കൊണ്ടിരിക്കെത്തന്നെ അദ്ദേഹം ജനങ്ങളോടു സംസാരിക്കുന്നതാണ് എന്നു സൂ: ആലുഇംറാന്‍ 46-ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. താഴെ 30-ാം വചനത്തില്‍, അപ്രകാരം അദ്ദേഹം സംസാരിച്ചതായി കാണുകയും ചെയ്യാം. മര്‍യമിനു മനസ്സമാധാനവും, മനോധൈര്യവും ഉണ്ടാക്കുവാനായി അല്ലാഹു കുട്ടിയെ സംസാരിപ്പിച്ചതായിരിക്കും. മറ്റൊരു വിഭാഗക്കാര്‍ പറയുന്നത്: വിളിച്ചു പറഞ്ഞത് മലക്ക് ആയിരുന്നുവെന്നാകുന്നു. ഏതായാലും 26-ാം ആയത്തിന്‍റെ അവസാനം വരെയുള്ള ഭാഗം മുഴുവനും വിളിച്ചു പറയപ്പെട്ടതില്‍ ഉള്‍പ്പെടുന്നു.
താന്‍ പ്രസവിച്ച കുട്ടിയുടെ ഭാവിയെ സൂചിപ്പിച്ചുകൊണ്ടു മര്‍യമിന്‍റെ വ്യസനം ഇല്ലാതാക്കി സാന്ത്വനപ്പെടുത്തുവാന്‍വേണ്ടിയാകുന്നു. ‘നിന്‍റെ കീഴില്‍ ഒരു മഹാനെ ആക്കിയിരിക്കുന്നു’ വെന്നു പറഞ്ഞത്. ഭാവിയില്‍ ഒരു വലിയ മഹാനാകുവാന്‍ പോകുന്ന കുട്ടിയാണ് നീ പ്രസവിച്ചിരിക്കുന്ന ഈ കുട്ടി; നിനക്കു തല്‍ക്കാലം ഇവിടെ തിന്നുവാനും, കുടിക്കുവാനും വിഷമമില്ല; ആകയാല്‍ കുട്ടിയോടുകൂടി മനസ്സമാധാനത്തിലും സന്തോഷത്തിലും കഴിഞ്ഞുകൂടിക്കൊള്ളുക എന്നു സാരം. സരിയ്യാ എന്ന വാക്കിനു ഉറവുചാല്‍ എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥമാണ് ചില വ്യാഖ്യാതാക്കള്‍ സ്വീകരിച്ചിട്ടുള്ളത്. അപ്പോള്‍, ‘ഇതാ – നിന്‍റെ താഴെയുള്ള ഉറവുചാലില്‍നിന്നു നിനക്കു വെള്ളവും ഉപയോഗിക്കാം’ എന്നു സാരമാകുന്നു.
“അനന്തരം, അവനെ [കുട്ടിയെ] വഹിച്ചു എടുത്തുകൊണ്ടു അവള്‍ തന്‍റെ ജനങ്ങളുടെ അടുക്കല്‍ ചെന്നു. അവര്‍ പറഞ്ഞു: 'ഹേ, മര്‍യം! അത്യാശ്ചര്യകരമായ ഒരു കാര്യം നീ ചെയ്തിരിക്കുന്നു!- ഹാറൂന്‍റെ സഹോദരീ! നിന്‍റെ പിതാവു ഒരു ചീത്ത മനുഷ്യനായിരുന്നില്ല; നിന്‍റെ മാതാവു ഒരു ദുര്‍വൃത്തയും ആയിരുന്നില്ല.' അപ്പോള്‍ അവള്‍ അവന്‍റെ [കുട്ടിയുടെ] നേരെ ചൂണ്ടിക്കാട്ടി. അവര്‍ പറഞ്ഞു: '(കേവലം) ഒരു ശിശുവായിക്കൊണ്ടു തൊട്ടിലില്‍ ഉള്ള ഒരുവനോടു - ഞങ്ങള്‍ എങ്ങിനെയാണ് സംസാരിക്കുക?'” (മര്‍യം: 27,28,29)
മര്‍യമിന്‍റെ കുടുംബത്തില്‍പ്പെട്ട സദ്‌വൃത്തനായ ഒരാളായിരുന്ന ഹാറൂനെ ഉദ്ദേശിച്ചു കൊണ്ടാണ്, ജനങ്ങള്‍ ‘ഹാറൂന്‍റെ സഹോദരി’ എന്നു മര്‍യമിനെ സംബോധന ചെയ്യുന്നത്. പൂര്‍വ്വ നബിമാരുടെയും, സജ്ജനങ്ങളുടെയും പേരുകള്‍ സ്വീകരിക്കുക അന്നു പതിവുണ്ടായിരുന്നു. ഇമാം മുസ്‌ലിം, തിര്‍മിദി (റ) മുതലായവര്‍ മുഗീറ(റ)യില്‍നിന്നു ഉദ്ധരിക്കുന്ന ഒരു ഹദീസു ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. ആ നല്ല മനുഷ്യന്‍റെ ചാര്‍ച്ചയില്‍ ഉള്‍പ്പെട്ടവളും, മാന്യരായ മാതാപിതാക്കളുടെ മകളുമായ നീ, ഇത്തരം അപരാധകൃത്യം ചെയ്തുകളഞ്ഞുവല്ലോ എന്നു സാരം.
“അവന്‍ [കുട്ടി] പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ അടിയാനാകുന്നു:- എനിക്കു അവന്‍ വേദഗ്രന്ഥം തന്നിരിക്കുന്നു: എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു; 'ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗ്രഹീതനാക്കിയിരിക്കുന്നു; ഞാന്‍ ജീവനോടെ ഇരിക്കുന്ന കാലത്തെല്ലാം നമസ്കാരവും 'സക്കാത്തും' അനുഷ്ഠിക്കുവാന്‍ അവന്‍ എന്നോടു ആജ്ഞാപിക്കുകയും ചെയ്തിരിക്കുന്നു; എന്‍റെ മാതാവിനു നന്മ ചെയ്യുവാനും (ആക്കിയിരിക്കുന്നു); എന്നെ അവന്‍ ഒരു നിര്‍ഭാഗ്യവാനായ ക്രൂരനാക്കിയിട്ടുമില്ല. 'ഞാന്‍ ജനിച്ച ദിവസവും, മരണപ്പെടുന്ന ദിവസവും, ഞാന്‍ ജീവനോടെ എഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസവും എനിക്കു സമാധാനം ഉണ്ടായിരിക്കും.'” (മര്‍യം: 30,31,32,33)
ശിശുവായിരുന്നപ്പോള്‍തന്നെ ഈസാ (അ) പ്രവാചകനാവുകയുണ്ടായിട്ടില്ല. ‘വേദഗ്രന്ഥം നല്‍കി’ എന്നും, ‘പ്രവാചകനാക്കി’ എന്നും പറഞ്ഞിട്ടുള്ളതു, ആ രണ്ടുകാര്യവും അടുത്തു സംഭവിക്കുവാന്‍പോകുന്നവയാണെന്നു തീര്‍ച്ചപ്പെട്ടതാകകൊണ്ടാകുന്നു. ശ്രോതാക്കളുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നതിനും, പ്രതീക്ഷിച്ചുകൊണ്ടിരിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നതിനുമായി, വരാനിരിക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ചു ഭൂതകാലരൂപത്തില്‍ സംസാരിക്കുക പതിവാകുന്നു.
“അതാണ്, 'മര്‍യമിന്‍റെ മകന്‍ ഈസാ. യാതൊന്നില്‍ അവര്‍ തര്‍ക്കമായിക്കൊണ്ടിരുന്നുവോ ആ (വിഷയത്തിലുള്ള) സത്യവചനം! ഒരു സന്താനത്തെ സ്വീകരിക്കുക എന്നതു അല്ലാഹുവിനു ഉണ്ടാകാവതല്ലതന്നെ - അവനെത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിക്കുന്നതായാല്‍, 'ഉണ്ടാവുക' എന്നു മാത്രം അതിനോടു അവന്‍ പറയുന്നു; അപ്പോഴതു ഉണ്ടാകുന്നതാകുന്നു. (ഈസാ പ്രഖ്യാപിച്ചു:) 'നിശ്ചയമായും, അല്ലാഹു എന്‍റെയും, നിങ്ങളുടെയും രക്ഷിതാവാകുന്നു. ആകയാല്‍, നിങ്ങള്‍ അവനെ (മാത്രം) ആരാധിക്കുവിന്‍; ഇതത്രെ ചൊവ്വായമാര്‍ഗ്ഗം.'” (മര്‍യം: 34,35,36)
33-ാം വചനം വരേക്കും ഈസാ (അ) നബിയുടെ ഉത്ഭവത്തെയും, ഉല്‍ബോധനത്തെയും സംബന്ധിച്ചുള്ള വിവരമായിരുന്നു. 34-ാം വചനം, ഈ വിഷയത്തിലുള്ള യഥാര്‍ത്ഥം ഇത്രമാത്രമാണെന്നും പ്രഖ്യാപിച്ചു. അപ്പോള്‍ അദ്ദേഹം ദൈവപുത്രനാണെന്ന ക്രിസ്തീയവാദവും, വ്യഭിചാരപുത്രനാണെന്ന യഹൂദവാദവും തനി അജ്ഞാനവും, ദുര്‍മ്മാര്‍ഗ്ഗവുമാണെന്ന ഒരു സൂചനയും അതില്‍ അടങ്ങിയിരിക്കുന്നു. 35-ാം വചനത്തില്‍, ഈസാ(അ) നബിയാകട്ടെ, മറ്റാരെങ്കിലുമാകട്ടെ, അല്ലാഹുവിന്‍റെ സന്താനമാണെന്നുവരുവാന്‍ യാതൊരു സാദ്ധ്യതയുമില്ലെന്നു സ്ഥാപിച്ചിരിക്കുന്നു. ഈസാ(അ) നബിയുടെ പ്രസ്താവനയില്‍ പെട്ടതാണ് 36-ാം വചനം. ഇടയ്ക്കുവെച്ചു 34ഉം 35ഉം വചനങ്ങളില്‍ അല്ലാഹുവിന്‍റെ വാക്കുകളാണുള്ളത്.
ഈസാ (അ) ദൈവപുത്രനാണെന്ന സിദ്ധാന്തം, സെന്‍റുപോള്‍ (പൗലോസ്) പ്രചരിപ്പിച്ചതാകുന്നു. ആദമിന്‍റെ സന്താനമായ മനുഷ്യന്‍ ജന്മനാ പാപിയാണെന്ന അടിസ്ഥാനത്തിന്മേലാണ് ഈ വാദം സ്ഥാപിക്കപ്പെടുന്നത്. ആ പാപത്തില്‍ നിന്നു മനുഷ്യനു മുക്തി ലഭിക്കുവാന്‍ ഒരു പരിഹാരം അനിവാര്യമായിരുന്നുവെന്നും, അതിനായി ദൈവകാരുണ്യം ‘ദൈവപുത്ര’ രൂപത്തില്‍ അവതരിച്ച് ആത്മാര്‍പ്പണം ചെയ്തുവെന്നും, പ്രസ്തുത രക്തം മുഖേന മനുഷ്യപാപത്തെ കഴുകിക്കളയുക മാത്രമായിരുന്നു അതിനു പരിഹാരമെന്നും ആണ്, ചുരുക്കത്തില്‍ ആ സിദ്ധാന്തത്തിന്‍റെ സാരം.
ബിംബാരാധനയുടെ ഒരു പകര്‍പ്പായ ഈ സിദ്ധാന്തത്തെ ഖുര്‍ആന്‍ ശക്തിയായി എതിര്‍ക്കുന്നു. അല്ലാഹുവിന്‍റെ അനാശ്രയത്വവും, സാര്‍വ്വത്രികമായ കഴിവും, സൃഷ്ടിഗുണങ്ങളില്‍നിന്നെല്ലാമുള്ള പരിശുദ്ധിയും അതു (ഖുര്‍ആന്‍) സ്ഥാപിക്കുകയും ചെയ്യുന്നു, മനുഷ്യരുടെ പാപപരിഹാരത്തിനു ഒരു മനുഷ്യനെ മകനായി സ്വീകരിച്ച് കുരിശില്‍ കയറ്റുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നു വരത്തക്കവണ്ണം അത്രയും ബലഹീനനല്ല, അല്ലാഹു. അന്യാശ്രയം ആവശ്യമുള്ളവര്‍ക്കുമാത്രം യോജിച്ചതത്രെ അത്. പിതാവില്ലാതെ ജനിച്ചുവെന്നതുകൊണ്ടു ഈസാ (അ) മനുഷ്യനും, അല്ലാഹുവിന്‍റെ അടിമയും അല്ലാതാകുന്നില്ല. ഏതൊരു കാര്യമാകട്ടെ, ഉണ്ടാകണമെന്നു അല്ലാഹു ഉദ്ദേശിക്കുകമാത്രമേ വേണ്ടു – അതു ഉണ്ടായിക്കൊള്ളുന്നതാണ്. ഈ വസ്തുത ക്രിസ്ത്യാനികള്‍ക്കും അറിയാവുന്നതത്രെ. പിന്നെ എന്താണീ വാദത്തിനു ഒരു അര്‍ത്ഥമുള്ളത്?!
ഈസാ (അ) നബിയുടേതിനെക്കാള്‍ അത്ഭുതകരമാണ് ആദം (അ) നബിയുടെ ഉത്ഭവം. അദ്ദേഹത്തിനു പിതാവുമില്ല, മാതാവുമില്ല. എന്നിട്ടും, അദ്ദേഹം മനുഷ്യനും, അല്ലാഹുവിന്‍റെ അടിമയും അല്ലാതാകുന്നില്ലല്ലോ. അല്ലാഹു പറയുന്നു: അല്ലാഹുവിന്‍റെ അടുക്കല്‍ ഈസാ നബിയുടെ നില, ആദമിന്‍റെ നിലപോലെത്തന്നെ: അവന്‍ അദ്ദേഹത്തെ മണ്ണില്‍നിന്നു സൃഷ്ടിച്ചു: പിന്നീടു അതിനോടു ‘ഉണ്ടാവുക’ എന്നു പറഞ്ഞു. അപ്പോഴതാ (അതു) ഉണ്ടാകുന്നു!’
ഈസാ (അ) നബിയുടെ ജനനകഥാവിവരണത്തില്‍ നിന്നു മനസ്സിലാക്കാവുന്ന ചില സംഗതികള്‍:
(1) ഈ ലോകത്തു നടപ്പിലുള്ളതായി കാണപ്പെടുന്ന കാര്യകാരണബന്ധങ്ങള്‍ സുസ്ഥിരവും അഖണ്ഡവുമല്ല. പ്രകൃതിനിയമമെന്നു നാം വിചാരിച്ചും, പറഞ്ഞും വരുന്നതു വാസ്തവത്തില്‍, സാധാരണമായ ചില പതിവുകളില്‍ നിന്നും നമ്മുടെ പരിചയത്തില്‍ നിന്നും അറിയപ്പെടുന്ന നിഗമനങ്ങള്‍ക്കാകുന്നു. പ്രകൃതിയുടെ സ്രഷ്ടാവും, നിയന്താവുമായ അല്ലാഹുവിന്‍റെ അടുക്കല്‍, ആ പ്രകൃതി മറ്റൊരു പ്രകൃതിക്കു വിധേയമായിരിക്കാം. അത് സൃഷ്ടികള്‍ക്കു ഗ്രഹിക്കുക സാദ്ധ്യവുമല്ല. ഈസാ (അ)നബിയുടെ ജനനസംഭവം ഈ യാഥാര്‍ത്ഥ്യം തികച്ചും വ്യക്തമാക്കുന്നു.
(2) ഒരു കാര്യത്തിന്‍റെ സത്യാവസ്ഥ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുവാനോ, ബോധ്യപ്പെടുത്തുവാനോ പ്രയാസമായിവരികയും, പറയുന്നതു അവര്‍ വിലവെക്കാതിരിക്കുകയും ചെയ്യുമ്പോള്‍, അവിടെ മൗനം അവലംബിക്കുന്നതു നല്ലതാകുന്നു.
(3) നമസ്കാരവും, സക്കാത്തും ഈ സമുദായത്തിലെന്നപോലെ, മുന്‍ സമുദായങ്ങളിലും കല്‍പ്പിക്കപ്പെട്ടിരുന്ന രണ്ടു പ്രധാന പുണ്യകര്‍മ്മങ്ങളാകുന്നു. അവയുടെ വിശദീകരണങ്ങളിലോ, അനുഷ്ഠാന സമ്പ്രദായങ്ങളിലോ വ്യത്യാസമുണ്ടായെന്നുവരാം.
(4) ഒരാള്‍ നിഷ്കളങ്കനും, സത്യവാനും ആകുന്നപക്ഷം ജനങ്ങളെല്ലാം അവനെ ഉപേക്ഷിച്ചാലും ഒരു പ്രത്യേക സംരക്ഷണത്തിലായി അല്ലാഹു അവനെ സഹായിക്കുന്നതാണ്.
അവലംബം: അമാനി മൌലവിയുടെ വിശുദ്ധ ക്വുര്‍ആന്‍ വിവരണം</>