ക്വുര്‍ആന്‍ പറയുന്ന യേശുവിന്റെ ഉപമ
അമാനി മൌലവി(റഹി)
Last Update: 2023 March 04, 12 Shaʻban, 1444 AH
ഈസാ(അ)ന്‍റെ ജനനത്തിലുണ്ടായ പ്രത്യേകത നിമിത്തം, മറ്റു മനുഷ്യര്‍ക്കൊന്നുമുണ്ടായിട്ടില്ലാത്ത ചില പ്രത്യേക സ്ഥാന പദവികള്‍ അദ്ദേഹത്തിനുണ്ടായിരിക്കേണ്ടതല്ലെ എന്നു വല്ലവരും കരുതുന്ന പക്ഷം, അതിനുള്ള മറുപടി അല്ലാഹു നല്‍കുന്നു:-
“നിശ്ചയമായും. ഈസായുടെ ഉപമ, അല്ലാഹുവിന്‍റെ അടുക്കല്‍ ആദമിന്‍റെ ഉപമ പോലെയാകുന്നു. [അതില്‍ കവിഞ്ഞൊന്നുമില്ല] (അതെ) അവന്‍ അദ്ദേഹത്തെ മണ്ണിനാല്‍ സൃഷ്ടിച്ചു (രൂപപ്പെടുത്തി); പിന്നീട് അതിനോടു 'ഉണ്ടാകുക' എന്നു പറഞ്ഞു; അപ്പോള്‍ (അതാ) അതുണ്ടാകുന്നു! യഥാര്‍ത്ഥം, നിന്‍റെ റബ്ബിങ്കല്‍ നിന്നുള്ളതാകുന്നു. ആകയാല്‍, നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരരുത്.” (സൂറഃ ആലുഇംറാന്‍ 59-60)
മനുഷ്യ വര്‍ഗത്തിന്‍റെ ആദ്യപിതാവും ഒന്നാമത്തെ മനുഷ്യനുമായ ആദം (അ)നെ അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയത് പിതാവില്‍നിന്നോ, മാതാവില്‍നിന്നോ അല്ല. ഒരു സ്ത്രീ പുരുഷ സമ്പര്‍ക്കം അതിനു മുമ്പ് ഉണ്ടായിട്ടുമില്ല. മണ്ണില്‍ നിന്നു അല്ലാഹു അദ്ദേഹത്തെ രൂപപ്പെടുത്തിയുണ്ടാക്കി. പിന്നീട് അതിനോടു മനുഷ്യനാവണമെന്നു കല്‍പിച്ചു. അതു മനുഷ്യനായിത്തീര്‍ന്നു. അത്രമാത്രം. ഈസായുടെ ജനനമാണെങ്കില്‍ അതു ഒരു മാതാവില്‍ നിന്നാണ്. ആ സ്ഥിതിക്കു അതിനെക്കാള്‍ എത്രയോ പുതുമയും അത്ഭുതകരവുമാണ് ആദമിന്‍റെ ഉത്ഭവം. എന്നിരിക്കെ, ഈസയെക്കാള്‍ ഉന്നത സ്ഥാനം കല്‍പിക്കേണ്ടത് ആദമിനല്ലേ? അദ്ദേഹത്തിനു ആരും ദിവ്യത്വം കല്‍പിക്കുന്നില്ല. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഈ വിഷയത്തില്‍ സംശയത്തിനോ ആശയ കുഴപ്പത്തിനോ സ്ഥാനമില്ല എന്നുസാരം. നബി (അ) യോട് സംശയിക്കുവാന്‍ ഇടയുള്ളതു കൊണ്ടല്ല; മറിച്ച് മറ്റുള്ളവര്‍ സംശയത്തിന്നധീനരായിത്തീരരുതെന്നുള്ള ഒരു താക്കീതാണിത്.
ആണും പെണ്ണും കൂടാതെ അല്ലാഹു ആദം (അ) നെ സൃഷ്ടിച്ചു. ഒരു പെണ്ണിലൂടെ അല്ലാതെ ഹവ്വാഉ് (അ) നെയും സൃഷ്ടിച്ചു. ആണിന്‍റെ ബന്ധംകൂടാതെ ഈസാ (അ) നെയും അവന്‍ സൃഷ്ടിച്ചു. ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായിട്ടാണ് മറ്റുള്ളവരുടെയെല്ലാം സൃഷ്ടി നടന്നുവരുന്നത്. അപ്പോള്‍, അല്ലാഹു എന്ത് ഉദ്ദേശിക്കുന്നുവോ അതു ചെയ്‌വാന്‍ അവനു കഴിവുണ്ടെന്നും, അവനെ സംബന്ധിച്ചിടത്തോളം, മാറ്റം വരുത്തുവാന്‍ പാടില്ലാത്ത പ്രകൃതി നിയമം എന്നൊന്നില്ലെന്ന് സ്പഷ്ടമത്രെ. നാം സാധാരണ കണ്ടു പരിചയിച്ചു വരുന്ന ചില കാര്യകാരണ ബന്ധങ്ങളെ ആസ്പദമാക്കി നാം ഇന്നിന്നതു പ്രകൃതി നിയമമെന്നു കരുതുകയും, അതിനെതിരില്‍ വല്ലതും സംഭവിക്കുന്ന പക്ഷം അതു നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുവെന്നല്ലാതെ, ആ പ്രകൃതി വ്യവസ്ഥയുടെ സ്രഷ്ടാവായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എല്ലാം ഒരുപോലെത്തന്നെ. ഒരു കാര്യം ഉണ്ടാവണമെന്നു അവന്‍ ഉദ്ദേശിച്ചാല്‍ അതുണ്ടാകണമെന്നു അവന്‍ കല്‍പിക്കുകയേ വേണ്ടൂ. അതങ്ങുണ്ടാകുകയായി.
അവലംബം: സൂറഃ ആലുഇംറാന്‍ വ്യാഖ്യാനങ്ങളില്‍ നിന്നും സംഗ്രഹിച്ചത്