Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്രൈസ്തവത

CHRISTIANITY

യേശുവിന്റെ ദൌത്യം

അമാനി മൌലവി(റഹി)

Last Update: 2023 March 04, 12 Shaʻban, 1444 AH

“മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): ഇസ്രാഈല്‍ സന്തതികളേ, നിശ്ചയമായും ഞാന്‍, നിങ്ങളിലേക്കു അല്ലാഹുവിന്റെ റസൂലാകുന്നു; തൗറാത്താകുന്ന എന്റെ മുമ്പിലുള്ളതിനെ [വേദഗ്രന്ഥത്തെ] സത്യമാ(ക്കി ശരിവെ)ക്കുന്നവനായിക്കൊണ്ടും, എന്റെശേഷം വരുന്നതായ, 'അഹ്മദ്' [അധികം സ്തുതിയുള്ളവന്‍] എന്നു പേരുള്ള ഒരു റസൂലിനെക്കുറിച്ചു സുവിശേഷം അറിയിക്കുന്നവനായിക്കൊണ്ടും (നിയോഗിക്കപ്പെട്ടവനാണ്). അങ്ങനെ, അദ്ദേഹം വ്യക്തമായ തെളിവുകളുമായി അവരില്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞു: 'ഇതു (തനി) സ്പഷ്ടമായ ജാലമാണു' എന്നു!” ((സ്വഫ്ഫ് 6)

ഈസാ (അ) നബിയുടെ ദൗത്യോദ്ദേശ്യങ്ങളില്‍ പ്രധാനമായ രണ്ടു കാര്യങ്ങളാണ് അദ്ദേഹം തന്റെ ജനതയായ ഇസ്രാഈല്യരെ അറിയിക്കുന്നത്. (1) അദ്ദേഹത്തിന്റെ മുമ്പു അവതരിച്ചതും, തന്റെ മുന്നില്‍ നിലവിലുള്ളതുമായ തൗറാത്തിന്റെ സത്യത സ്ഥാപിക്കുകയും, ശരിവെക്കുകയും ചെയ്യുക. അഥവാ അതിന്റെ നിയമങ്ങള്‍ നടപ്പില്‍ വരുത്തുക.

(2) തന്റെ ശേഷം അഹ്‍മദു എന്നു പേരുള്ള ഒരു റസൂല്‍ വരാനിരിക്കുന്നുവെന്ന സുവിശേഷം അറിയിക്കുക. അഥവാ ആ റസൂലിനെ അനുസരിക്കുവാന്‍ ജനങ്ങളെ സജ്ജമാക്കുക. ഈസാ (അ) ഒരു പുതിയ നിയമ സംഹിതകൊണ്ടു വന്നിട്ടില്ലെന്നും, അദ്ദേഹം തൗറാത്തിന്റെ നിയമ വ്യവസ്ഥകളെ അനുകരിക്കുകയാണ് ചെയ്തതെന്നും ഇതില്‍ നിന്നു വ്യക്തമാണ്. അദ്ദേഹം കൊണ്ടുവന്ന വേദഗ്രന്ഥമായ ‘ഇഞ്ചീലാ’കട്ടെ, ഉപദേശങ്ങളുടെയും സുവിശേഷങ്ങളുടെയും സമാഹാരവുമാകുന്നു. ‘ഇഞ്ചീല്‍’ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ‘സുവിശേഷം’ എന്നത്രെ, ഈ വസ്തുത ബൈബ്ളും സമ്മതിക്കുന്നതാണ്. അതില്‍ ഇങ്ങിനെ പറയുന്നു :‘ഞാന്‍ ന്യായപ്രമാണത്തെയോ, പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്. നീക്കുവാനല്ല, നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നിരിക്കുന്നത്. (മത്തായി 5:17)

എനി, ഈസാ (അ) നബിയുടെ ശേഷം വരാനിരിക്കുന്ന ‘അഹ്‍മദു’ എന്ന റസൂലിനെക്കുറിച്ചാണ് പരിശോധിക്കുവാനുള്ളത്. നബി (സ്വ) പ്രസ്താവിച്ചതായി ജൂബൈറുബ്നു മുത്വ്ഇം വഴി ബുഖാരി (റ) ഉദ്ധരിക്കുന്നു: ‘എനിക്കു പല പേരുകള്‍ ഉണ്ട്. ഞാന്‍ ‘മുഹമ്മദാണ്’ (അധികമായി സ്തുതിക്കപ്പെടുന്നവനാണ്) ഞാന്‍ അഹ്‍മദു’മാണ് (അധികം സ്തുതിയുള്ളവനാണ്). ഞാന്‍ ‘മാഹീ’യുമാണ്‌ (മായിച്ചു കളയുന്നവനാണ്). എന്നെക്കൊണ്ടു അല്ലാഹു അവിശ്വാസത്തെ മായിച്ചുകളയുന്നു. (ബുഖാരി)

ഇതില്‍നിന്നു അഹ്‍മദു എന്ന് പറഞ്ഞതു നബി (സ്വ) തിരുമേനിയെ ഉദ്ദേശിച്ചു തന്നെയാണെന്നു മനസ്സിലാക്കാമല്ലോ. ഈസാ (അ) നബിക്കും തിരുമേനിക്കുമിടയില്‍ വേറൊരു റസൂല്‍ വന്നിട്ടുള്ളതായി അറിയപ്പെട്ടിട്ടില്ലതാനും. തിരുമേനിയാണെങ്കില്‍ അന്ത്യപ്രവാചകനുമാണ്.

നബി(സ്വ)യുടെ ആഗമനത്തെപ്പറ്റി ഈസാ (അ) നല്‍കിയ സുവിശേഷങ്ങള്‍ അതേപടി ഇന്നത്തെ ഇഞ്ചീലുകളില്‍ കാണപ്പെടുവാന്‍ ന്യായമില്ല. കാരണം, യഥാര്‍ത്ഥ ഇഞ്ചീല്‍ ഇന്നു നിലവിലില്ലെന്നു പരക്കെ അറിയപ്പെട്ടതാണ്. കൈകടത്തപ്പെട്ട ഇഞ്ചീലുകളിലാകട്ടെ, ഏറ്റവുമധികം കൈകടത്തലിനു വിധേയമായ വിഷയം നബി (സ്വ)യെ സംബന്ധിക്കുന്നവയാണുതാനും. എന്നിരുന്നാലും ഖുര്‍ആന്റെ ഈ പ്രസ്താവനയെ ശരിവെക്കുന്നതും നിഷ്പക്ഷമതികള്‍ക്കു മനസ്സിലാക്കുവാന്‍ ഉതകുന്നതുമായ ചില അവശിഷ്ടങ്ങള്‍ ഇന്നത്തെ ഇഞ്ചീലുകളില്‍പോലും കാണാവുന്നതാകുന്നു. ചില ഉദാഹരണങ്ങള്‍ നോക്കുക :- (1) യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ (ഇഞ്ചീലില്‍) യേശു പറഞ്ഞതായി പറയുന്നു; ‘…എന്നാല്‍ ഞാന്‍ പിതാവിനോടു (ദൈവത്തോടു) ചോദിക്കും. അവന്‍ ‘സത്യത്തിന്റെ ആത്മാവ്’ എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും…’ (14:16) ‘പരിശുദ്ധാത്മാവു’ എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയും, ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.’ (14:26) ‘…നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന ‘സത്യാത്മാവു’ വരുമ്പോള്‍ അവന്‍ എന്നെക്കുറിചു സാക്ഷ്യം പറയും.; (15:26) ‘…ഞാന്‍ നിങ്ങളോടു സത്യം പറയുന്നു: ഞാന്‍ പോകുന്നത് നിങ്ങള്‍ക്കു പ്രയോജനം: ഞാന്‍ പോകാഞ്ഞാല്‍ ‘കാര്യസ്ഥന്‍’ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്നു പാപത്തെക്കുറിച്ചും, നീതിയെക്കുറിച്ചും, ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും.’ (16:7-8) ലോകത്തു ഇപ്പറഞ്ഞപ്രകാരം ബോധം വരുത്തിയ ‘കാര്യസ്ഥന്‍’ നബി (സ്വ) തിരുമേനിയല്ലാതെ മറ്റാരാണ്‌?! ആലോചിച്ചുനോക്കുക, യോഹന്നാന്‍ വീണ്ടും തുടരുന്നു : ‘ഇനിയും വളരെ നിങ്ങളോടു പറവാനുണ്ട്. എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ, അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ, താന്‍ കേള്‍ക്കുന്നതു സംസാരിക്കയും, വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചു തരികയും ചെയ്യും… (16: 12-13). ഈ ഒടുവിലത്തെ വാക്യങ്ങള്‍ സൂ: നജ്മിലെ 3ഉം 4ഉം വചനങ്ങളിലെ ആശയമത്രെ.

ക്രി. 1844 ല്‍ ലണ്ടനില്‍ അച്ചടിച്ച ഇഞ്ചീലിന്റെ ഇംഗ്ലീഷ് പതിപ്പില്‍ ‘സത്യത്തിന്റെ ആത്മാവ്’ എന്ന വാക്കിനു പകരം ‘പാറഖലീത്ത’ (Paraclete = فار قليط ) എന്നായിരുന്നു. ഇതു യുനാനി (ഗ്രീക്ക്) പദമാണ്. ഇഞ്ചീലിന്റെ അറബി പതിപ്പുകളില്‍ ഈ പദം സുലഭമാകുന്നു. ഈ വാക്കിന് ‘ആശ്വാസം നല്‍കുന്നവന്‍, ആശ്വാസപ്രദന്‍, കാര്യദര്‍ശി’ എന്നൊക്കെയാണ് അര്‍ത്ഥം നല്‍കപ്പെട്ടിരിക്കുന്നത്. ഈ വാക്കിനോടു അക്ഷരാര്‍ത്ഥങ്ങളില്‍ സാദൃശ്യമുള്ള മറ്റൊരു വാക്കാണ്‌ ‘പീറഖലീത്ത’ (Periclyte = بير قليوس او بيرقليط ) ‘മഹാന്‍, വിശ്രുതന്‍, ഉന്നതന്‍’ എന്നൊക്കെ ഇതിനു അര്‍ത്ഥം വരുന്നു. ‘മുഹമ്മദു, അഹ്‍മദു, മഹ്‍മൂദ്’ എന്നീ വാക്കുകളുമായി അര്‍ത്ഥസാദൃശ്യമുള്ളവയാണ് ഇതെല്ലാം. ഈസാ (അ) ഉപയോഗിച്ച യഥാര്‍ത്ഥ വാക്കു ഏതായിരുന്നുവെന്നു അല്ലാഹുവിനറിയാം. അദ്ദേഹം ഹിബ്രു (Hebrew) വായിരുന്നു സംസാരിച്ചിരുന്നത്. അദ്ദേഹം പറഞ്ഞ സാക്ഷാല്‍ വാക്കിനു വിവിധ ഭാഷകളിലുള്ള പരിഭാഷകളുടെ കര്‍ത്താക്കളും, ഇഞ്ചീലുകളുടെ കര്‍ത്താക്കളും – അറിഞ്ഞോ അറിയാതെയോ – എന്തെല്ലാം അര്‍ത്ഥവ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്നു നമ്മുക്കറിഞ്ഞുകൂടാ. എങ്കിലും, കുറെ മാറ്റതിരുത്തങ്ങള്‍ വന്നിട്ടുണ്ടെന്നുള്ളതില്‍ സംശയമില്ല. അല്ലാത്തപക്ഷം, ഒരേ വിഷയത്തില്‍തന്നെ ഇഞ്ചീലുകള്‍ പരസ്പരവിരുദ്ധമായ വിവരണം നല്കുകയില്ലല്ലോ. ലൂക്കോസിന്റെ ഇഞ്ചീലിന്റെ ആരംഭംതന്നെ ഇതു തെളിയിക്കുന്നു. ‘നമ്മുടെ ഇടയില്‍ പ്രമാണിക്കപ്പെടുന്ന കാര്യങ്ങളെക്കുറിച്ചു പലരും ചരിത്രം എഴുതാന്‍ തുനിഞ്ഞിരിക്കക്കൊണ്ടാണ് തനിക്കു ഇതു ക്രമമായി എഴുതുവാന്‍ തോന്നിയത് എന്ന് അദ്ദേഹം അതില്‍ തുറന്നു പറഞ്ഞിരിക്കുന്നു. (ലൂക്കോസ് 1:2-4 നോക്കുക) മേല്‍ കാണിച്ച Paraclete എന്ന ഹിബ്രുപദത്തിന്റെ സ്ഥാനത്തു ബൈബിളിന്റെ മലയാള വിവര്‍ത്തനങ്ങളില്‍ ഉള്ളതു ‘ആശ്വാസപ്രദന്‍, സത്യത്തിന്റെ കാര്യസ്ഥന്‍’ തുടങ്ങിയ വാക്കുകളാണ്. ഇംഗ്ലീഷു ബൈബ്ളുകളിലാകട്ടെ, ‘Comforter, Advocate’ എന്നിവയും, അറബിപ്പതിപ്പുകളില്‍ معرى ,محاج എന്നും മറ്റും കാണാം. ഈ വാക്കുകളുടെ മുമ്പും പിമ്പും പ്രസ്താവിക്കപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുമ്പോഴും ഭാവിയില്‍ വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചാണ് ആ വാക്കു ഉപയോഗിച്ചതെന്നു മനസ്സിലാകുന്നതാണ്. ചുരുക്കത്തില്‍ ഈസാ (അ) സുവിശേഷം അറിയിച്ച ആളെക്കുറിച്ചു അദ്ദേഹം ഉപയോഗിച്ച യഥാര്‍ത്ഥ വാക്കു ഇഞ്ചീലിന്റെ കര്‍ത്താക്കള്‍ മാറ്റി വെച്ചിട്ടുണ്ടെന്നു തീര്‍ത്തുപറയാം. ക്രിസ്തീയ ചര്‍ച്ചുകള്‍ അംഗീകരിച്ച ഒരു വേദപുസ്തകമാണ് പഴയനിയമത്തിലെ ഹഗ്ഗായി. അതില്‍ ഇങ്ങിനെ കാണാം. ‘ഞാന്‍ ആകാശത്തെയും, ഭൂമിയെയും, കടലിനെയും, കരയെയും ഇളക്കും. ഞാന്‍ സകലജാതികളെയും ഇളക്കും. സകലജാതികളുടെയും ‘മനോഹരവസ്തു’ വരികയും ചെയ്യും… എന്നു സൈന്യങ്ങളുടെ യഹോവ (ദൈവം) അരുളിചെയ്യുന്നു.’ (ഹഗ്ഗായി, 2; 6-7) ‘ഇളക്കം’ എന്നതിന്റെ സ്ഥാനത്തു അറബി പതിപ്പുകളില്‍ ازلزل (വിറകൊള്ളിക്കും) എന്നും, ‘മനോഹര വസ്തു’വിന്റെ സ്ഥാനത്തു مشتهي (കാമ്യമായതു, മോഹിക്കപ്പെട്ടതു) എന്നുമാകുന്നു. ഈ വാക്കു അഹ്‍മദു എന്ന വാക്കുമായി ആശയത്തില്‍ യോജിപ്പുണ്ട്. ഹിബ്രുഭാഷയില്‍ ഈ സ്ഥാനത്തു നല്‍കപ്പെടുന്ന വാക്കു ‘അഹ്‍മദു’ എന്നതിനോടു രൂപസാദൃശ്യമുള്ളതുമാകുന്നു. പഴയ നിയമത്തില്‍പെട്ട ശലോമോന്റെ ഉത്തമഗീതാപുസ്തകത്തില്‍ (5:16ല്‍) ‘അവന്‍ സര്‍വ്വാംഗസുന്ദരന്‍’ എന്നാണ് മലയാളപ്പതിപ്പിലുള്ളതെങ്കില്‍, അറബിപ്പതിപ്പുകളില്‍ وكله مشتهيات (അവന്റെ സര്‍വ്വവും കാമ്യമാണ്) എന്നാണ്. ഹിബ്രുവില്‍ ഈ സ്ഥാനത്തുള്ളതാകട്ടെ: ‘മഹമദ്ദീം’ (محمديم) എന്നുമാകുന്നു. ‘ഹംദു’ എന്ന ധാതുവില്‍നിന്നുള്ളതും അര്‍ത്ഥത്തില്‍ പരസ്പരം യോജിപ്പുള്ളതുമായ ‘അഹ്‍മദു, മുഹമ്മദു, മഹ്‍മദു’ എന്നിവപോലെ ഹിബ്രുഭാഷയിലുള്ള ഒരു രൂപ ഭേദമാണിതെന്നേ വിചാരിക്കാന്‍ തരമുളളു. ഇത്രയും പറഞ്ഞതില്‍ നിന്നു ഈസാ (അ) നബിയുടെ സുവിശേഷവാര്‍ത്ത മുമ്പ് ഇഞ്ചീലില്‍ ഉണ്ടായിരുന്നു വെന്നും, പിന്നീടതില്‍ കൈകടത്തലുകള്‍ വന്നിട്ടുണ്ടെന്നും, എങ്കില്‍കൂടി അതിന്‍റെ അടയാളമായി ചിലതെല്ലാം ഇന്നും അവശേഷിക്കുന്നുണ്ടെന്നും ഗ്രഹിക്കാമല്ലോ.


അവലംബം: സൂറഃ അസ്വഫ്ഫ് വ്യാഖ്യാനങ്ങളില്‍ നിന്നും സംഗ്രഹിച്ചത്

0
0
0
s2sdefault

ക്രൈസ്തവത - മറ്റു ലേഖനങ്ങൾ