പ്രപഞ്ചത്തിന്റെ വിശാലത (Vastness of the Universe)
ഡോ. പി.കെ. അബ്‍ദുറസാഖ് സുല്ലമി, M.A, Ph.D
Last Update: 2023 April 22, 01 Shawwal, 1444 AH
14 ലക്ഷം കിലോമീറ്റര്‍ വ്യാസമുളള സൂര്യന്‍ ഒരു വന്‍ അണുനിലയമാണ്. ഓരോ സെക്കന്റിലും 40 ലക്ഷം ടണ്‍ ഹൈഡ്രജന്‍ ആറ്റങ്ങളെ യോജിപ്പിച്ച് ഹീലിയം ആക്കുന്ന പ്രക്രിയയിലൂടെ ചൂടും വെളിച്ചവും ഉല്‍പാദിപ്പിച്ച് സൌരയൂഥമാകെ വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു. സൂര്യന്റെ ഏറ്റവും അടുത്തുകൂടെ സൂര്യനെ ചുറ്റുന്ന ഗ്രഹമാണ് ബുധന്‍. പിന്നീട് അകലക്രമത്തില്‍ ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ സ്വയം പ്രകാശമില്ലാത്ത ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നു. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഇടയില്‍ മില്യന്‍ കണക്കിന് ഛിന്നഗ്രഹങ്ങള്‍ ഉണ്ട്. ഇതിന് പുറമെ അനേകം വാല്‍നക്ഷത്രങ്ങള്‍, ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ചീറിപ്പാഞ്ഞ് വരികയും വായുവുമായുളള ഘര്‍ഷണം (ഉരസല്‍) മൂലം ഉയര്‍ന്ന ചൂടില്‍ കത്തിവെണ്ണീരായി മാറുകയും ചെയ്യുന്ന ഉല്‍ക്കകള്‍, തുടങ്ങിയവയെല്ലാം ചേര്‍ന്ന സമൂഹത്തിനാണ് സൌരയൂഥം എന്ന് പറയുന്നത്. ഇതില്‍ ഏറ്റവും ദൂരത്തുകൂടെ സൂര്യനെ ചുറ്റുന്ന പ്ലൂട്ടോയിലേക്ക് സൂര്യനില്‍ നിന്നുളള ദൂരം 590 കോടി കിലോമീറ്റര്‍ ആണ്. അഥവാ പ്രകാശത്തിന്റെ അളവ് കോല്‍കൊണ്ട് അളന്നാല്‍ ഭൂമിയിലേക്ക് സൂര്യനില്‍ നിന്നുളള ദൂരം 8.3 പ്രകാശമിനുട്ടും പ്ലൂട്ടോയിലേക്ക് 5.5 പ്രകാശ മണിക്കൂറം ആണ്.
ഇത് കഴിഞ്ഞാല്‍ ഏറ്റവും അടുത്ത നക്ഷത്രം 4.24 വര്‍ഷം പ്രകാശം സഞ്ചരിക്കുന്ന ദൂരത്തുളള Proxima Centauri ആണ്. (ഒരു സെക്കന്റില്‍ പ്രകാശം 3 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും). പിന്നീട് 4.3 പ്രകാശ വര്‍ഷം ദൂരത്തുളള Alpa Centauri, 5.9 പ്രകാശവര്‍ഷം ദൂരമുളള Burnad Star, Wolf (7.78), Lalanda (8.29), Sirius 8.6 എന്നീ അയല്‍ നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ വെറും കണ്ണ്കൊണ്ട് കാണുന്ന നക്ഷത്രങ്ങളുടെ എണ്ണം 5773 ആണ്. പതിനായിരം കോടിയോളം നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന നമ്മുടെ മില്‍ക്കീവെ എന്ന താരാപാഥത്തിന്റെ കേന്ദ്രത്തില്‍ നിന്ന് മുപ്പതിനായിരം പ്രകാശവര്‍ഷങ്ങള്‍ ദൂരെ എവിടെയോ ആണ് ഭൂമി ഉള്‍ക്കൊള്ളുന്ന സൌരയൂഥം സ്ഥിതി ചെയ്യുന്നത്. നമ്മുടെ ഈ മില്‍ക്കീവെ ഗാലക്സിയുടെ വ്യാസം ചുരുങ്ങിയത് ഒരു ലക്ഷം പ്രകാശവര്‍ഷമാണ്, അഥവാ മില്‍ക്കീവെ ഗ്യാലക്സിയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് പ്രകാശം പോലും ഒരു ലക്ഷം വര്‍ഷം സഞ്ചരിക്കണം എന്നര്‍ത്ഥം. ഇത് കഴിഞ്ഞാല്‍ ഏറ്റവും അടുത്തുളള അഥവാ അയല്‍ ഗ്യാലക്സിയായ ആന്‍ഡ്രോമീഡയില്‍ നിന്ന് ഭൂമിയിലേക്ക് 25ലക്ഷം വര്‍ഷം പ്രകാശം സഞ്ചരിക്കാനുളള ദൂരമുണ്ട്. ചിലപ്പോള്‍ ഒരു പൊട്ട് മേഘം പോലെ വെറുംകണ്ണുകൊണ്ട് നാം അന്‍ഡ്രോമീഡ ഗാലക്സിയെ കാണാറുണ്ട്. അപ്പോള്‍ നാം മനസ്സിലാക്കേണ്ടത് 25 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് അതില്‍ നിന്ന് പുറപ്പെട്ട പ്രകാശമാണ് ഇപ്പോള്‍ നാം കാണുന്നത് എന്നാണ്. ഇങ്ങനെ ഏകദേശം 30 ഗ്യാലക്സികള്‍ ചേര്‍ന്നതാണ് നമ്മുടെ local group of clusters. അതും Virgo cluster ന്റെ ഒരു ഭാഗം മാത്രമാണ്. ഒരു ലക്ഷത്തോളം ഗ്യാലക്സികള്‍ ചേര്‍ന്ന laniakea എന്ന സൂപ്പര്‍ ക്ലസ്റ്ററിന്റെ ഒരു ഭാഗം മാത്രമാണ് Virgo cluster. അതുപോലുളള പത്ത് ലക്ഷത്തോളം സൂപ്പര്‍ ക്ലസ്റ്ററുകളുടെ സാന്നിധ്യം തന്നെ ഈ ദൃശ്യ പ്രപഞ്ചത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ കണ്ടെത്തിയവയില്‍ ഏറ്റവും ദൂരെയുളള ക്ലസ്റ്റര്‍ 1330 കോടി പ്രകാശവര്‍ഷം അകലെയാണ്. നാം കണ്ടെത്തിയ ഈ മഹാപ്രപഞ്ചം പോലും യഥാര്‍ത്ഥ പ്രപഞ്ചത്തിന്റെ ഒരു വാക്കോ വാലോ മാത്രമാണ്. എത്രയോ അനന്തകോടി നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബില്യന്‍ (100 കോടി) കണക്കിന് ക്ലസ്റ്ററുകള്‍ ഇനിയും ഉണ്ടാവാം. തൊണ്ണൂറ് ശതമാനം പ്രപഞ്ചം ഇനിയും കണ്ടെത്താനുണ്ട്. നിരീക്ഷിക്കാവുന്ന പ്രപഞ്ചത്തിന്റെ വ്യാസം 95 ബില്യന്‍ അഥവാ 9500 കോടി വര്‍ഷം പ്രകാശം സഞ്ചരിക്കാന്‍ എടുക്കുന്ന ദൂരമാണ്. അതിന്റെ പത്ത് ശതമാനം മാത്രമേ ഇതുവരെ നിരീക്ഷിക്കാന്‍ സാധിച്ചിട്ടുളളൂ. കാരണം പ്രകാശ വേഗതയില്‍ നമ്മില്‍ നിന്നകലുന്ന ഗാലക്സികളില്‍ നിന്നുളള പ്രകാശം ഒരിക്കലും ഭൂമിയില്‍ എത്തുകയില്ല. അതിനാല്‍ നിരീക്ഷിക്കാനും സാധിക്കുകയില്ല. ഇനി ഒരിക്കലും കാണാന്‍ സാധ്യതയില്ലാത്ത പ്രപഞ്ചം (unobservable universe) എത്രെയാണെന്ന് അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയില്ല. അവയെല്ലാം ഒന്നാം വാനത്തിന് താഴെയാണ് എന്ന് 67 ാം അധ്യായം സൂറത്തുല്‍ മുല്‍ക്ക് 5ാം വചനത്തില്‍ നിന്ന് മനസ്സിലാകുന്നു.
“ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുക്കളെ എറിഞ്ഞോടിക്കാനുളളവയുമാക്കിയിരിക്കുന്നു. അവര്‍ക്ക് നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.”
ഭൂമിയോട് ഏറ്റവും അടുത്തുളള ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങള്‍ക്കാണ് ഇവിടെ വിളക്കുകള്‍ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.
ഗ്യാലക്സികള്‍ തന്നെ പ്രകാശത്തോടടുത്ത വേഗതയില്‍ അകന്ന് കൊണ്ടേയിരിക്കുന്നു. എന്നിട്ടും ഒന്നാം വാനത്തില്‍ മുട്ടിയിട്ടില്ല. ഒന്നാം വാനം പോലും ഇത് വരെയും ശാസ്ത്രം കണ്ടെത്തിയിട്ടില്ല. എന്നാല്‍ ക്വുര്‍ആന്‍ ഏഴ് വാനങ്ങള്‍ (ആകാശങ്ങള്‍) ഉണ്ടെന്ന് അനേകം തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇവക്ക് പുറമെ അനേകം പള്‍സാറുകള്‍, ക്വാസാറുകള്‍, നെബുലകള്‍ തുടങ്ങിയവ പ്രാപഞ്ചിക ദ്രവ്യങ്ങള്‍ എന്നിവയും. ഇവ എല്ലാറ്റിനെയും പൊതിഞ്ഞ് കിടക്കുന്നതാണ് ഒന്നാം വാനം. ഭൂമിയില്‍ നിന്ന് ഒന്നാം വാനത്തിലേക്കുളളത്ര ദൂരത്തില്‍ രണ്ടാംവാനം. ഓരോന്നും മറ്റൊന്നിനെ പൊതിഞ്ഞ് എത്രയോ കോടി പ്രകാശവര്‍ഷം ദൂരത്തില്‍ ഏഴാം വാനം വരെ. അതില്‍ നിന്ന് എത്രയോ കോടി പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തുളള അല്ലാഹുവിന്റെ സിംഹാസനം സൃഷ്ടി പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നു. ആ സിംഹാസനത്തില്‍ ആരോഹണം ചെയ്ത പ്രപഞ്ച നാഥനായ അല്ലാഹു സര്‍വ്വോന്നതന്‍, ഏറ്റവും വലിയവന്‍. (അല്ലാഹു അക്‍ബര്‍) അല്ലാഹുവിന്റെ സിംഹാസനത്തിന്റെ മുമ്പില്‍ ഏഴ് ആകാശങ്ങള്‍ പോലും ഒരു മഹാമരുഭൂമിയിലേക്ക് എറിയപ്പെട്ട ഒരു ചെറിയ വളയത്തിന്റെ വലുപ്പമേയുളളൂ. ഇനി നമുക്ക് തിരിച്ച് യാത്ര ചെയ്യാം.
അല്ലാഹുവേ, നീ സൃഷ്ടിച്ച ഏഴ് ആകാശങ്ങളില്‍ ഒന്ന് മാത്രമാണ് ഒന്നാം വാനം. അതിന് താഴെയുളള കോടിക്കണക്കിന് സൂപ്പര്‍ ക്ലസ്റ്ററുകളില്‍ ഒന്ന് മാത്രമാണ് ലാനിയാക്കിയ. അതിലെ ഒരു ലക്ഷം ഗ്യലക്സികളില്‍ ഒന്ന് മാത്രമാണ് മില്‍ക്കീ വേ. അതിലെ പതിനായിരം കോടി നക്ഷത്രങ്ങളില്‍ ഒന്ന് മാത്രമാണ് സൂര്യന്‍. അതിന് ചുറ്റും കറങ്ങുന്ന 8 ആകാശഗ്രഹങ്ങളില്‍ ഒന്ന് മാത്രമാണ് ഭൂമി. ഭൂമിയിലെ ഏഴ് വന്‍കരകളില്‍ ഒന്ന് മാത്രമാണ് ഏഷ്യ. ഏഷ്യയിലെ 48 രാജ്യങ്ങളില്‍ ഒന്ന് മാത്രമാണ് ഇന്ത്യ. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ ഒന്ന് മാത്രമാണ് കേരളം. കേരളത്തിലെ മൂന്നര കോടി ജനങ്ങളില്‍ ഒന്ന് മാത്രമാണ് ഞാന്‍. എങ്കില്‍ സര്‍വ്വോന്നതനായ എന്റെ രക്ഷിതാവേ, നിന്റെ മുമ്പില്‍ ഞാന്‍ എത്രയോ നിസ്സാരന്‍! നീ എത്രയോ ഉന്നതന്‍!
അനന്തമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലേക്ക് ചിന്തിക്കാന്‍ മൂന്നാം അധ്യായം സൂറത്തു ആലുഇംറാന്‍ 190, 191 വചനങ്ങളില്‍ അല്ലാഹു കല്‍പിക്കുന്നു.
“തീര്‍ച്ചയായും ആകാശ ഭൂമികളിലെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിയുളളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. (അതായത്) നിന്ന് കൊണ്ടും ഇരുന്നുകൊണ്ടും പാര്‍ശ്വങ്ങളിലായി(കിടന്ന്)കൊണ്ടും അല്ലാഹുവിനെ ഓര്‍മ്മിക്കുന്നവരാണവര്‍. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെക്കുറിച്ചവര്‍ ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഞങ്ങളുടെ രക്ഷിതാവേ, ഇത് നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചിട്ടില്ല. നീ മഹാപരിശുദ്ധന്‍-അത് കൊണ്ട് നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാക്കേണമേ.”
മുഹമ്മദ് നബി(സ) ഈ വചനങ്ങള്‍ ഒരു രാത്ര ഓതിക്കൊണ്ടേയിരിക്കുകയും കരയുകയും ചെയ്തു. ഏറ്റവും ഘനഗാംഭീര്യമുളള ആയത്തുകള്‍ എന്ന് ഈ വചനങ്ങളെ വിശേഷിപ്പിക്കുകയും ചെയ്തു.
“ഇതൊന്നും നീ വെറുതെ സൃഷ്ടിച്ചതല്ല” എന്ന വചനത്തില്‍ നിന്ന് ഒരു കാര്യം നമുക്ക് ഗ്രഹിക്കാം. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് ഇത്രയും ശതകോടിക്കണക്കിന് ആകാശഗോളങ്ങളും നക്ഷത്രങ്ങളും ഓരോന്നും അതാതിന്റെ ധര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ എന്താണ് ഇത്രയും കോടി പ്രാപഞ്ചിക ദ്രവ്യങ്ങളും നക്ഷത്രങ്ങളും ഗ്രഹങ്ങളും കൊണ്ടുളള ആവശ്യം എന്ന് പ്രപഞ്ചശാസ്ത്രം ഇത് വരെ കണ്ടെത്തിയിട്ടില്ല.
പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുകയാണ്. അഥവാ ഗ്യാലക്സികള്‍ തമ്മില്‍ അകന്ന് കൊണ്ടിരിക്കുകയാണ്. ക്വുര്‍ആന്‍ 51 ാം അധ്യായം സൂറത്തുദ്ദാരിയാത്ത് 47 ാം വചനത്തില്‍ പറയുന്നു:
“ഉപരിലോകമാകട്ടെ നാമതിനെ ശക്തിയാല്‍ നിര്‍മ്മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം (അതിനെ) വികസിപ്പിച്ചുകൊണ്ടേയിരിക്കും.”
എഡ്വിന്‍ പി. ഹബ്ള്‍ എന്ന ശാത്രജ്ഞനാണ് 1929 കളില്‍ പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നുവെന്ന നിഗമനം മുന്നോട്ട് വെച്ചത്. ഈ സിദ്ധാന്തത്തിന് Hubble theory of expanding universe എന്ന് പറയുന്നു. ഓരോ ഗ്യാലക്സികളും തമ്മില്‍ അകന്നുകൊണ്ടേയിരിക്കുന്നു. മണിക്കൂറില്‍ രണ്ടര ലക്ഷം കി.മീ വേഗതയിലാണ് നമ്മുടെ ഗ്യാലക്സി അതിന്റെ ഭാഗമായി അകന്നുകൊണ്ടേയിരിക്കുന്നത്.