അന്തരീക്ഷവായുവിന്റെ അടുക്കുകള്‍
ഡോ. പി.കെ. അബ്‍ദുറസാഖ് സുല്ലമി, M.A, Ph.D
Last Update: 2023 April 22, 01 Shawwal, 1444 AH
അന്തരീക്ഷവായുവിനെക്കുറിച്ചുളള പഠനത്തിന് Meteorology എന്ന് പറയുന്നു. അല്ലാഹുവിന്റെ മഹത്തായ ഒരു അനുഗ്രഹമാണ് ഭൂമിയില്‍നിന്ന് 700 കിലോമീറ്ററോളം ഉയരത്തില്‍ അല്ലാഹു ഒരുക്കിവെച്ച അന്തരീക്ഷവായു. പക്ഷെ പരമാവധി 8 കി.മീ വരെ മാത്രമേ സാധാരണയായി ശ്വസിക്കാന്‍ സാധിക്കുകയുളളൂ. അതിനപ്പുറം death zone എന്നറിയപ്പെടുന്നു. വായുമണ്ഡലത്തിന്റെ ഒരു വന്‍ സമുദ്രത്തിന്റെ അടിത്തട്ടിലാണ് നാം ജീവിക്കുന്നത്. എല്ലായ്പ്പോഴും ആവശ്യമുളളതാണ് പ്രാണവായു അഥവാ ഓക്സിജന്‍. അതിനാല്‍ എല്ലാ സ്ഥലങ്ങളിലും വ്യാപിച്ചുകിടക്കുന്നു. വെള്ളം എല്ലായ്പ്പോഴും ആവശ്യമില്ല. അതിനാല്‍ എല്ലായിടത്തും ലഭ്യമല്ല.
ഭൂമിയുടെ എല്ലാ ഭാഗത്തും പൊതിഞ്ഞ് നില്‍ക്കുന്നതാണ് അന്തരീക്ഷവായു. ഭൂമിയുടെ അന്തരീക്ഷവായുവില്‍ 78% നൈട്രജന്‍, 21% ഓക്സിജന്‍, ബാക്കി 1% ആര്‍ഗണ്‍, കാര്‍ബണ്‍ഡൈ ഓക്സൈഡ്, നിയോണ്‍, ഹീലിയം, മീഥെയ്ന്‍, ഓസോണ്‍, ക്രിപ്റ്റോണ്‍, ഹൈഡ്രജന്‍ എന്നിവയുമാണ്. ഭൂമിയില്‍ നാം ജീവിക്കുന്ന മേഖലയാണ് ട്രോപോസ്ഫിയര്‍. ഇത് പരമാവധി 17 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഉണ്ടാവുക. ട്രോപോസ്ഫിയറില്‍ ഉയരം കൂടുന്നതിനനുസരിച്ച് തണുപ്പ് കൂടും. ഇതില്‍തന്നെ ഉപകരണങ്ങള്‍ ഇല്ലാതെ സുഖമായി ശ്വസിക്കാവുന്ന ഉയരം 5 കി.മീ ആണ്. പ്രത്യേക പരിശീലനമുണ്ടെങ്കില്‍ 8 കി.മീ വരെയും ആവാം. വിമാനങ്ങള്‍ 13 കി.മീ വരെ ഉയരത്തില്‍ ട്രോപോസ്ഫിയറിലൂടെയാണ് പറക്കുന്നത്. ചാരവിമാനങ്ങള്‍ 30 മുതല്‍ 50 കി.മീ ഉയരത്തില്‍ പറക്കുന്നു. അതിനേക്കാള്‍ ഉയരത്തില്‍ റോക്കറ്റുകള്‍ക്കേ സഞ്ചരിക്കാന്‍ കഴിയൂ. വായുമണ്ഡലത്തിനപ്പുറത്തുളള ഭാഗത്തിന് ബഹിരാകാശം അഥവാ Space എന്ന് പറയുന്നു.
18 കി.മീ മുതല്‍ 50 കി.മീ വരെയാണ് സ്ട്രാറ്റോസ്ഫിയര്‍. ഇതില്‍ ഉയരത്തിനനുസരിച്ച് ചൂട് കൂടുന്നു. ട്രോപോസ്ഫിയറിനെയും സ്ട്രാറ്റോസ്ഫിയറിനെയും വേര്‍തിരിക്കുന്ന രേഖയാണ് ട്രോപോപോസ്. ഇതിന്റെ മുകള്‍ മണ്ഡലത്തില്‍ ഭൂമിയില്‍ നിന്ന് 20 മുതല്‍ 35 കി.മീ ഉയരത്തിലുളള മേഖലയാണ് ഓസോണ്‍. സൂര്യനില്‍ നിന്ന് വരുന്ന, മനുഷ്യര്‍ക്ക് മാരകമായി ബാധിക്കാന്‍ സാധ്യതയുളള അള്‍ട്രാവയലറ്റ് രശ്മികളെ തടുത്ത് നിര്‍ത്തുന്നത് ഓസോണ്‍ വാതക പടലമാണ്. സ്ട്രാറ്റോസ്ഫിയറിന്റെയും മെസോസ്ഫിയറിന്റെയും ഇടയിലുളള അതിര്‍ത്തിക്ക് സ്ട്രാറ്റോപോസ് എന്ന് പറയുന്നു. ഭൂതലത്തില്‍നിന്ന് 50 മുതല്‍ 80 കി.മീ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മെസോസ്ഫിയര്‍ പടലത്തില്‍ ഉയരം കൂടുംതോറും ചൂട് കുറയുന്നു. മൈനസ് 83°C വരെയാണ് ഇവിടെ താപനില. ഉല്‍ക്കകള്‍ ഈ മേഖലയിലാണ് കത്തിപ്പോവുന്നത്. ഇതിന്റെ മുകളിലെ അതിര്‍ത്തിയാണ് മിസോപോസ്. ഇതിന്റെയും മുകളില്‍ അഥവാ 80 മുതല്‍ 480 കി.മീ ഉയരം വരെ വ്യാപിച്ച് കിടക്കുന്ന മേഖലയാണ് തെര്‍മോസ്ഫിയര്‍. ഇതില്‍ ഉയരം കൂടുംതോറും ചൂട് കൂടിക്കൊണ്ടേയിരിക്കും. ഇതിന്റെയും മുകള്‍ മണ്ഡലമാണ് 600 കി.മീ ഉയരത്തിലുളള മേഖലയായ എക്സോസ്ഫിയര്‍. വാര്‍ത്താവിനിമയ കൃതിമോപഗ്രഹങ്ങള്‍ ഇതിലൂടെയാണ് സഞ്ചരിക്കുക. റേഡിയോ തരംഗങ്ങളും ഈ മേഖലയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതാണ് അന്തരീക്ഷത്തിന്റെ ഏറ്റവും ഉയരത്തിലുളള മേഖല.¹
അന്തരീക്ഷവായുവിലെ അടുക്കുകളാണ് ക്വുര്‍ആന്‍ പരാമര്‍ശിച്ച 7 ആകാശങ്ങള്‍ എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. അത് തികച്ചും തെറ്റാണ്. കാരണം അന്തരീക്ഷവായുവിന്റെ ഈ അടുക്കുകള്‍ എല്ലാം കൂട്ടിച്ചേര്‍ത്താലും പരമാവധി 700 കിലോമീറ്ററേ എത്തുകയുള്ളൂ. പ്രസ്തുത വ്യാഖ്യാനപ്രകാരം, നബി(സ) നടത്തിയ മിഅ്റാജ് എന്ന ആകാശാരോഹണം 700 കിലോമീറ്റര്‍ വരെയായിരുന്നു എന്നും ഓരോ ആകാശങ്ങളിലും മുഹമ്മദ് നബി(സ) മറ്റു നബിമാരെ കണ്ടു എന്നതിന് ട്രോപോസ്ഫിയറിലും സ്ട്രാറ്റോസ്ഫിയറിലും മറ്റും പ്രവാചകന്മാരെ കണ്ടു എന്നും പറയേണ്ടിവരും. കൂടാതെ, നക്ഷത്രങ്ങളും ചന്ദ്രനും സൂര്യനമുമെല്ലാം ഏഴാമത്തെ ആകാശത്തിന് അപ്പുറത്താണ് എന്നും വ്യാഖ്യാനിക്കേണ്ടിവരും. ഒന്നം വാനത്തെ നാം അലങ്കരിച്ചിരിക്കുന്നത് വിളക്കുകള്‍ കൊണ്ടാണ് എന്ന ക്വുര്‍ആന്‍ വചനത്തില്‍ (67:5) പറഞ്ഞത് 17 കിലോമീറ്റര്‍ വരെയുളള ട്രോപോസ്ഫിയറിലാണ് നക്ഷത്രങ്ങളുടെ മേഖല എന്ന് പറയേണ്ടിവരും.
യഥാര്‍ത്ഥത്തില്‍ ഏഴ് ആകാശങ്ങള്‍ എന്താണെന്ന് ഇന്നേവരെ ശാസ്ത്രം കണ്ടെത്തിയിട്ടില്ല. നീലാകാശമെന്നത്, മഴവില്ല് പോലെ നമ്മുടെ കാഴ്ചയില്‍ തോന്നുന്ന ഒരു പ്രതിഭാസം മാത്രമാണ്. ഇരുപത് ക.മീറ്ററിനപ്പുറത്തേക്ക് പോയാല്‍ ഇരുണ്ട ആകാശമാണ് കാണുക. ഒന്നാം വാനം പോലും 1300 കോടിയില്‍പരം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്താണ്.
ധാരാളം ആകാശങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് ഏഴ് ആകാശങ്ങള്‍ എന്ന വ്യാഖ്യാനവും ശരിയല്ല. കാരണം ഏഴ് ആകാശങ്ങള്‍ എന്ന പ്രയോഗം ഏഴ് സ്ഥലങ്ങളിലും ഏഴ് പഥങ്ങള്‍ എന്ന് ഒരു സ്ഥലത്തും ക്വുര്‍ആനില്‍ വന്നിട്ടുണ്ട്. മാത്രമല്ല നബി(സ)യുടെ ആകാശാരോഹണം (മിഅ്റാജ്) ഏഴ് ആകാശങ്ങളിലൂടെയായിരുന്നുവെന്ന് ആധികാരികമായ നബിവചനങ്ങളിലും വ്യക്തമായി വന്നിട്ടുണ്ട്. അതോടെ ആകാശങ്ങള്‍ അവസാനിക്കുന്നു. ഏഴ് ആകാശങ്ങള്‍ക്ക് ശേഷം പിന്നെയും കുറെ ആകാശങ്ങളുണ്ട് എന്ന് നബിവചനത്തിലില്ല.
¹ ശാസ്ത്രകൌതുകം പേജ് 155