ഉല്‍ക്കകള്‍ ഇസ്‍ലാമിക വീക്ഷണത്തില്‍
ഡോ. പി.കെ. അബ്‍ദുറസാഖ് സുല്ലമി, M.A, Ph.D
Last Update: 2023 March 04, 12 Shaʻban, 1444 AH
പ്രപഞ്ചം രൂപംകൊണ്ട സമയത്ത് നക്ഷത്രത്തിലോ ഗ്രഹങ്ങളിലോ ഉള്‍പ്പെടാത്ത ദ്രവ്യങ്ങള്‍, ബഹിരാകാശത്തെ ഭാരരഹിതാവസ്ഥയില്‍ അലക്ഷ്യമായി ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍പെട്ടാല്‍ ഭൂമിയിലേക്ക് വീഴും. അപ്പോഴും നാം അതിനെ കാണുകയില്ല. എന്നാല്‍ വെടിയുണ്ടയുടെ എത്രയോ ഇരട്ടി സ്പീഡില്‍ അന്തരീക്ഷവായുവില്‍ പ്രവേശിക്കുന്നതോടെ വായുവുമായി കൂട്ടിയുരസുന്നതു കാരണമായി ഉല്‍ക്കകള്‍ കത്തിപ്പോവുന്നു. കത്തുമ്പോള്‍ അവയെ ഉല്‍ക്കകള്‍ അല്ലെങ്കില്‍ കൊള്ളിമീനുകള്‍ എന്ന് പറയുന്നു.
ഈ കത്തല്‍, ഒരു തീപന്തം അതിവേഗതയില്‍ സഞ്ചരിക്കുന്നതുപോലെയാണ് നാം രാത്രിയില്‍ കാണുക. കത്തി വെണ്ണീരായി മാറിക്കഴിഞ്ഞ ശേഷവും കാണുകയില്ല. ഒരു വര്‍ഷം 2000 ടണ്‍ (ഒരു ടണ്‍: 1000 കിലോഗ്രാം) ഉല്‍ക്കാദ്രവ്യം ഭൂമിയില്‍ വെണ്ണീരായി പതിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയില്‍ നിന്ന് 80 കി.മീ മുതല്‍ 120 കി.മീ വരെ ദൂരത്ത് വെച്ചാണ് അവ കത്തി വെണ്ണീരാവുന്നത്. മുഴുവന്‍ കരിയാത്ത ഉല്‍ക്കകള്‍ സൌദി അറേബ്യയിലെ ത്വാഇഫിന് സമീപം റുബുഉല്‍ഖാലി മരുഭൂമിയിലും അമേരിക്കയിലെ അരിസോണയിലും റഷ്യയിലെ യൂറാള്‍ പര്‍വ്വതനിരയിലെ ചിലിയാബിന്‍സ്‍കിലും പതിച്ചിട്ടുണ്ട്. ഇതില്‍ ചിലിയാബിന്‍സ്‍കില്‍ മാത്രമാണ് കാറുകള്‍ തകര്‍ന്നത്. 1908ല്‍ സൈബീരിയായിലെ തുങ്കുസ്‍കാ പ്രദേശത്ത് പതിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ ഉല്‍ക്കപതനമായിരുന്നുവെന്നാണ് ശാസ്ത്ര ഗവേഷകര്‍ പറയുന്നത്. കിലോ മീറ്ററുകളോളം പ്രദേശത്തെ കാടുകള്‍ കത്തിപ്പോയി. 1920ല്‍ ആഫ്രിക്കയിലെ നമീബിയയില്‍ പതിച്ച 60000 കിലോഗ്രാം ഭാരമുളള ഉല്‍ക്കയാണ് ഏറ്റവും ഭാരം കൂടിയ പതനം. ഏതായാലും ഇതുവരെയായി ഉല്‍ക്കാ പതനത്തില്‍ ആളപായം ഉണ്ടായിട്ടില്ല. അരിസോണയില്‍ ഉല്‍ക്ക പതനത്താല്‍ രൂപംകൊണ്ട് ഒന്നേകാല്‍ കിലോമീറ്റര്‍ വ്യാസവും 174 മീറ്റര്‍ ആഴവുമുളള ഒരു ഗര്‍ത്തം ഇപ്പോഴും നിലവിലുണ്ട്. 2015 ഫെബ്രുവരി 27ന് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഉല്‍ക്ക പതിച്ചതിന്റെ ശബ്ദവും വെളിച്ചവും നിരവധി പേര്‍ കണ്ടു. ആര്‍ക്കും അപകടം ഉണ്ടായില്ല. എറണാകുളം ജില്ലയിലെ വലമ്പൂരിലും കുറുപ്പംപാടിയിലുമാണ് പതനത്തിന്റെ ശക്തി ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്.
ചന്ദ്രനില്‍ നിരവധി ഉല്‍ക്കകള്‍ വന്ന് പതിച്ച് ഗര്‍ത്തങ്ങള്‍ ഉണ്ടാവാറുണ്ട്. കാരണം അവിടെ അന്തരീക്ഷവായു ഇല്ല. ജീവജാലങ്ങള്‍ ഇല്ലാത്തതിനാല്‍ അവിടെ വീഴുന്ന ഉല്‍ക്കയെ തടുക്കാന്‍ അല്ലാഹു ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. മുഴുവന്‍ കരിയാതെ ഭൂമിയില്‍ വന്നുവീണ ഉല്‍ക്കകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ അതിന്റെ ഘടകങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ട്.
ഘടകം (ശതമാനം)
ഓക്‍സിജന്‍ (26.3)
ഇരുമ്പ് (36.6)
സിലിക്കണ്‍ (18.00)
മഗ്‍നീഷ്യം (14.2)
നിക്കല്‍ (1.4)
കാല്‍സ്യം (1.3)
സോഡിയം (6.00)
ഭൂമിയുടെ 20 കിലോമീറ്റര്‍ അടുത്തെത്തുമ്പോള്‍ മിക്കവാറും എല്ലാ ഉല്‍ക്കകളും വെണ്ണീരാവും. അന്തരീക്ഷവായു മനുഷ്യസുരക്ഷിതത്വത്തിന് അനുയോജ്യമായ ഒരു സംരക്ഷണ കവചം ഒരുക്കിയതായി അധ്യായം 21 അമ്പിയാഅ് 32ാം വചനത്തില്‍ പറയുന്നു: “ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പ്പുരയാക്കിയിരിക്കുന്നു. അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.”
നിത്യേന തന്റെ തലക്ക് മുകളിലേക്ക് വരുന്ന മാരകമായ അള്‍ട്രാവയലറ്റ് രശ്മികളുടെയും ഉല്‍ക്കകളുടെയും അപകടങ്ങളില്‍നിന്ന് അല്ലാഹു സംരക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നത് മനസ്സിലാക്കി നന്ദിയുളളവനായി ജീവിക്കുന്നതിന് പകരം അശ്രദ്ധനായി ജീവിക്കുന്നവനാണ് മനുഷ്യന്‍. ഏതെങ്കിലും ഉല്‍ക്കകള്‍ ഭൂമിയില്‍ വന്നിടിച്ച് ജീവജാലങ്ങള്‍ മരിക്കുമെന്ന് ഭയപ്പെടേണ്ടതില്ല.
പ്രപഞ്ചഗോളങ്ങളോ പ്രാപഞ്ചിക വസ്തുക്കളോ ഒന്നുപോലും യാതൊരു ഉപകാരവുമില്ലാതെ സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്ന് 3ാം അധ്യായം ആലുഇംറാന്‍ 191ാം വചനത്തില്‍ പറയുന്നു: “ഞങ്ങളുടെ രക്ഷിതാവേ ഇതൊന്നും നീ വെറുതെ സൃഷ്ടിച്ചിട്ടില്ല” എന്ന് പറയാന്‍ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നു. ഉല്‍ക്കകള്‍ വെറുതെ ഭൂമിയിലേക്ക് കുതിച്ചുവന്ന് വെണ്ണീരാകാന്‍ വേണ്ടി സൃഷ്ടിച്ചതല്ല. 37ാം അധ്യായം സൂറത്തു സ്വാഫാത്ത് 6,7,8 വചനങ്ങള്‍: “തീര്‍ച്ചയായും അടുത്തുളള ആകാശത്തെ നാം ഗ്രഹങ്ങളാല്‍ (നക്ഷത്രങ്ങളാല്‍) അലങ്കരിച്ചിരിക്കുന്നു. ധിക്കാരിയായ ഏത് പിശാചില്‍ നിന്നും അതിനെ സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. അത്യുന്നതമായ സമൂഹത്തിന്റെ നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്) ചെവികൊടുത്തുകേള്‍ക്കാനാവില്ല. എല്ലാ വശത്തുനിന്നും അവര്‍ എറിഞ്ഞോടിക്കപ്പെടുകയും ചെയ്യും. അവര്‍ക്ക് ശാശ്വതമായ ശിക്ഷയുണ്ട്. പക്ഷേ, ആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചിയെടുക്കുകയാണെങ്കില്‍ തുളച്ച് കയറുന്ന ഒരു തീജ്ജ്വാല അവനെ പിന്തുടരുന്നതാണ്.”