Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്വുർആനും ശാസ്ത്രവും

ആകാശ നിരീക്ഷണം

ഡോ. പി.കെ. അബ്‍ദുറസാഖ് സുല്ലമി, M.A, Ph.D

Last Update: 2024 January 23, 11 Rajab 1445 AH

ആകാശത്തേക്ക് നോക്കാനും നിരീക്ഷിക്കാനും അല്ലാഹു അവന്റെ ഗ്രന്ഥത്തിലൂടെ പ്രേരിപ്പിക്കുന്നു. 50-ാം അധ്യായം സൂറത്തു ഖാഫ് 6-ാം വചനം:

“അവര്‍ക്ക് മുകളിലുളള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ? എങ്ങിനെയാണ് നാം അതിനെ നിര്‍മ്മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുളളതെന്ന്? അതിന് വിടവുകളൊന്നുമില്ല.”

ആകാശനിരീക്ഷണത്തിന് പ്രേരണ നല്‍കുന്ന ഈ വചനം സത്യവിശ്വാസികള്‍ക്ക് പ്രേരണയായിരിക്കേണ്ടതാണ്. ആകാശം നിരീക്ഷിക്കുമ്പോള്‍ നമുക്ക് നക്ഷത്രങ്ങള്‍, നക്ഷത്രക്കൂട്ടങ്ങള്‍, ഗ്രഹങ്ങള്‍, കൃത്രിമോപഗ്രഹങ്ങള്‍, ഉല്‍ക്കകള്‍, അപൂര്‍വ്വമായി വരുന്ന അതിഥികള്‍ അഥവാ വാല്‍നക്ഷത്രങ്ങള്‍ തുടങ്ങിയ ധാരാളം കാഴ്ചകള്‍ കാണാം. ‘കവ്കബി’ന് (ഗ്രഹങ്ങള്‍) എന്നാണ് അര്‍ത്ഥം പറയേണ്ടത്. അവ സ്വന്തം പ്രകാശമില്ലാത്ത ആകാശ ഗോളങ്ങളാണ്. നക്ഷത്രങ്ങള്‍ക്ക് ‘നജുമ്’ എന്നാണ് ക്വുര്‍ആന്‍ പ്രയോഗിച്ച പദം. ഭൂമി ഒരു ‘കവ്കബ്’ ആണെന്ന് പറയാം. എന്നാല്‍ ‘നജുമ്’ ആണെന്ന് പറയുവാന്‍ പറ്റുകയില്ല. ഭൂമി ഗ്രഹമാണ് നക്ഷത്രമല്ല എന്നര്‍ത്ഥം.

ആകാശ നിരീക്ഷണത്തില്‍ നമുക്ക് കണ്ടെത്താവുന്ന ഒരിനമാണ് നക്ഷത്രഗണങ്ങള്‍ (Constellations). ആകാശത്തില്‍ 88 നക്ഷത്രക്കൂട്ടങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

എത്ര ശക്തിയേറിയ റേഡിയോ ടെലസ്കോപ്പുകള്‍ക്കുപോലും കണ്ടെത്താന്‍ കഴിയാത്ത, പ്രപഞ്ചത്തിന്റെ വിശാലതയെക്കുറിച്ച് ക്വുര്‍ആന്‍ 67-ാം അധ്യായം സൂറത്തുല്‍ മുല്‍ക്ക് 3,4 വചനങ്ങളില്‍ സൂചിപ്പിക്കുന്നു:

“ഏഴാകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചുകൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? പിന്നീട് രണ്ട് തവണ നീ കണ്ണിനെ തിരിച്ചുകൊണ്ടുവരൂ. നിന്റെയടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായിക്കൊണ്ടും മടങ്ങിവരും.”

ആദ്യം വെറും കണ്ണുകൊണ്ട് ആകാശനിരീക്ഷണം നടത്തുന്ന വ്യക്തിക്ക് പ്രപഞ്ച സൃഷ്ടിപ്പില്‍ ഒരു ന്യൂനതയും കാണാന്‍ കഴിയുകയില്ല. “പിന്നീട് ദൃഷ്ടി ഒന്നുകൂടി തിരിച്ചുകൊണ്ടുവരൂ” എന്നാണ് കല്‍പ്പന. വെറും കണ്ണുകൊണ്ട് നോക്കിയതിനെ വീണ്ടും നോക്കിയാല്‍ കൂടുതല്‍ നക്ഷത്രങ്ങളെ കാണാന്‍ കഴിയുമോ? ഇല്ല. ഓപ്ടിക്കല്‍ ടെലസ്കോപ്പ് ഉപയോഗിച്ചാല്‍ കൂടുതല്‍ നക്ഷത്രങ്ങള്‍ കാണാം. ഗലീലിയോ ഗലീലി ആണ് ആകാശ നിരീക്ഷണത്തിനായി ഓപ്ടിക്കല്‍ അസ്ട്രോണമി ടെലസ്കോപ്പ് കണ്ടുപിടിച്ചത്. പിന്നീട് രണ്ട് തവണ കൂടി നോക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നു. കൂടുതല്‍ ശക്തിയേറിയ നിരീക്ഷണം നടത്തിയാല്‍, കൂടുതല്‍ ഗ്യാലക്സികള്‍ കണ്ടെത്താം. പക്ഷേ, അപ്പോഴും പ്രപഞ്ചത്തിന്റെ അറ്റം കാണാന്‍ കഴിയാത്ത നിസ്സഹായമായ അവസ്ഥയില്‍ കണ്ണ് പരാജയപ്പെടുന്നു.

എത്ര ശക്തിയേറിയ ടെലസ്കോപ്പുകള്‍ ഉപയോഗിച്ചാലും പ്രപഞ്ചത്തിന്റെ ഒരു ചെറുഭാഗം മാത്രമേ കാണാന്‍ കഴിയൂ. കാരണം പ്രപഞ്ചത്തിന്റെ അനന്തമായ വലുപ്പമാണ് അതിന് കാരണം. അതിന്റെ പുറമെ ഗ്യാലക്സികള്‍ പ്രകാശവേഗതയില്‍ തമ്മില്‍ നിന്ന് അകലെ പോകുന്നു എന്നതാണ് മറ്റൊരു കാരണം. മഹാവിസ്ഫോടനത്തെ തുടര്‍ന്ന് ഇരുഭാഗങ്ങളിലേക്കും അകന്ന് തെറിച്ചുപോകുന്ന ഗ്യാലക്സികള്‍ തമ്മിലുളള ആപേക്ഷിക വേഗത (Relative Speed) പ്രകാശാതിവേഗതയേക്കാള്‍ സംഭവിക്കുന്നത് അസാധ്യമല്ല. ഉദാഹരണം മില്‍ക്കീവെ എന്ന നമ്മുടെ ഗ്യാലക്സി സെക്കന്റില്‍ 2 ലക്ഷം കി.മീ വേഗതയിലും മറ്റൊരു ഗ്യാലക്സി നേരെ എതിര്‍ഭാഗത്തേക്ക് അതേ വേഗതയിലും അകന്നുകൊണ്ടിരിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. എങ്കില്‍ അവ പരസ്പരം അകലുന്നത് സെക്കന്റില്‍ 4 ലക്ഷം കി.മീ അഥവാ പ്രകാശവേഗതയേക്കാള്‍ കൂടുതല്‍ സ്പീഡിലാണ്. പ്രകാശവേഗത സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്ററാണല്ലോ? അപ്പോള്‍ അവയില്‍ നിന്ന് വരുന്ന പ്രകാശം ഒരിക്കലും ഭൂമിയില്‍ എത്തുകയില്ല. അതിനാല്‍ റേഡിയോ ടെലസ്കോപ്പുകള്‍ക്ക് പോലും കാണാന്‍ കഴിയുകയില്ല. വിദൂര ഗ്യാലക്സികളില്‍ നിന്ന് വരുന്ന റേഡിയോ തരംഗങ്ങളും പ്രകാശവേഗതിയാലണ് സഞ്ചരിക്കുന്നത്. കാരണം അവയുടെ പ്രകാശം ഭൂമിയിലെത്താത്തത്രയും വേഗതയില്‍ അവ നമ്മില്‍ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുന്നു. അതിനാല്‍ ദൃശ്യപ്രപഞ്ചത്തെ ഇപ്പോള്‍ Closed Universe എന്നാണ് വിശേഷിപ്പിക്കുന്നത്.

0
0
0
s2sdefault