ഏഴ് ആകാശങ്ങള്‍
അമാനി മൌലവി(റഹി)
Last Update: 2023 April 22, 01 Shawwal, 1444 AH
“അടുക്കുകളായ നിലയില്‍ ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണ് (അവന്‍). പരമകാരുണികനായുള്ളവന്‍റെ സൃഷ്ടിയില്‍ യാതൊരു ഏറ്റപ്പറ്റും നീ കാണുകയില്ല. എന്നാല്‍, നീ (ഒന്നു) ദൃഷ്ടി മട(ക്കി നോ)ക്കുക: വല്ല പിഴവും നീ കാണുന്നുവോ?! പിന്നെയും രണ്ട് ആവര്‍ത്തി നീ മട(ക്കി നോ)ക്കുക: നിന്ദ്യമായനിലയില്‍ നിന്നിലേക്കുതന്നെ ദൃഷ്ടി തിരിച്ചുവരുന്നതാണ് - അതാകട്ടെ, പരവശപ്പെട്ടതുമായിരിക്കും.” (67.3-4)
‘ഏഴ് ആകാശങ്ങള്‍’ അവ ഒന്ന് ഒന്നിനുമീതെ അടുക്കടുക്കായി അഥവാ തട്ടുതട്ടായി – സ്ഥിതിചെയ്യുന്നുവെന്ന് അല്ലാഹു വ്യക്തമായി പ്രസ്താവിക്കുന്നു. ഹദീഥിലും ഇതിനെപ്പറ്റി പ്രസ്താവിച്ചുകാണാം. നാളിതുവരെ ഒരു ആകാശത്തിന്‍റെ അതിര്‍ത്തിപോലും ക്ളിപ്തമായി നിര്‍ണ്ണയിക്കുവാന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ആകാശങ്ങളുടെ എണ്ണത്തെക്കുറിച്ചോ അവയുടെ അടുക്കുകളുടെ സ്വഭാവത്തെക്കുറിച്ചോ ശാസ്ത്രം മുഖേന നമ്മുക്ക് സൂക്ഷ്മവിവരങ്ങള്‍ ലഭിക്കുവാനില്ല. ലോകസൃഷ്ടാവായ അല്ലാഹു സൃഷ്ടിച്ചു നിയന്ത്രിച്ചുപോരുന്ന അവയെക്കുറിച്ച് അവന്‍ വ്യക്തമായ ഭാഷയില്‍ പ്രസ്താവിച്ചിട്ടുള്ള ഏതൊരു കാര്യവും അപ്പടി വിശ്വസിക്കുവാന്‍ ശാസ്ത്രത്തിന്‍റെയോ മറ്റോ അനുമതി നമുക്ക് ആവശ്യവുമില്ല. ഭൗതികവീക്ഷണകോണില്‍ കൂടി നോക്കുമ്പോള്‍, ശാസ്ത്രത്തിന്‍റെ പുരോഗതി വളരെ വമ്പിച്ചതാണെന്ന വിഷയത്തില്‍ നമുക്ക് തര്‍ക്കമില്ല. പക്ഷേ, അല്ലാഹുവിന്‍റെ സൃഷ്ടി രഹസ്യങ്ങളാകുന്ന അനന്തയാഥാര്‍ത്ഥ്യങ്ങളുടെ മുമ്പില്‍ അതിന്‍റെ സ്ഥാനം – അതെത്ര വമ്പിച്ചതായിരുന്നാലും – കേവലം നിസ്സരമാകുന്നു. ‘നിങ്ങള്‍ക്ക് അറിവില്‍ നിന്നും അല്‍പമല്ലാതെ നല്‍കപ്പെട്ടിട്ടില്ല.’ (17:85) മേല്‍പ്പോട്ട് കണ്ണുമിഴിച്ച് നോക്കുമ്പോള്‍ എല്ലാവര്‍ക്കും കാണാവുന്ന ഒരു വമ്പിച്ച നീലക്കുട എന്നുമാത്രം ആകാശത്തെപ്പറ്റി മനസ്സിലാക്കിയ പാമരന്‍മാരെയും, ഉപഗ്രഹങ്ങളും ബഹിരാകാശ വാഹനങ്ങളും ഉപയോഗിച്ച് ചന്ദ്രനിലും മറ്റും നിരീക്ഷണം നടത്തിവരുന്ന മഹാവീരന്‍മാരെയും, ആകാശ മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന കോടാനുകോടി നക്ഷത്രഗോളങ്ങളെക്കുറിച്ച് അത്യല്‍ഭുതകരങ്ങളായ നിരവധി വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രകേസരികളെയും, എന്നു വേണ്ട ഓരോ മനുഷ്യവ്യക്തിയെയും അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു ഉറപ്പിച്ചു പറയുന്നു: പരമകാരുണികനായ അവന്‍റെ സൃഷ്ടിയില്‍ എവിടെയെങ്കിലും എന്തെങ്കിലും ഏറ്റക്കുറവോ വൈകല്യമോ കാണാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ലെന്ന്. അത്രയും പറഞ്ഞ് മതിയാക്കുന്നില്ല. അതില്‍ പൊട്ടോ പൊളിവോ പോലുള്ള വല്ല പോരായ്മയും ഉണ്ടോ എന്ന് വീണ്ടും വീണ്ടും പരിശോധിച്ചു നോക്കുവാന്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. പോരാ, നിങ്ങള്‍ പരാജിതരായി പരവശപ്പെട്ടുകൊണ്ട് പിന്‍മടങ്ങുക തന്നെ വേണ്ടിവരുമെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുകകൂടി ചെയ്യുന്നു. ഈ പ്രഖ്യാപനത്തെ മറികടക്കുവാന്‍ ബുദ്ധിയുള്ള – മനസ്സാക്ഷിയുള്ള – വക്രതയില്ലാത്ത – ഭൗതികഭ്രമത്താല്‍ ഹൃദയം മരവിക്കാത്ത – ഏതെങ്കിലും ഒരു വ്യകതിക്ക് സാധിക്കുമോ? ഒരിക്കലുമില്ല. ആകാശഭൂമികളിലടങ്ങിയ വിവിധ രഹസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി അശ്രാന്ത പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും, അതേ സമയത്ത് അവയുടെ കര്‍ത്താവിനെക്കുറിച്ചും, അവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അദൃശ്യമഹാശക്തിയെക്കുറിച്ചും, മാത്രം ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ക്കോ, നഗ്നമായ യാഥാര്‍ത്ഥ്യങ്ങളുടെ നേരെ നിസ്സങ്കോചം കണ്ണടച്ച് നിഷേധിക്കുവാന്‍ ധൈര്യപ്പെടുന്ന ഹൃദയശൂന്യന്‍മാര്‍ക്കോ അല്ലാതെ ഈ പ്രഖ്യാപനത്തിനു മുമ്പില്‍ തലകുനിക്കാതിരിക്കുവാന്‍ സാധ്യമല്ലതന്നെ. അല്ലാഹുവിന്‍റെ മഹത്വത്തിനുള്ള മറ്റൊരു ദൃഷ്ടാന്തമാണ് അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്:-
“തീര്‍ച്ചയായും ഏറ്റവും അടുത്ത ആകാശത്തെ (നക്ഷത്ര) വിളിക്കുകള്‍ കൊണ്ട് നാം അലങ്കരിച്ചിട്ടുണ്ട്…” (67.5)
എണ്ണമറ്റ നക്ഷത്രങ്ങളെ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. ഭൂമിയെക്കാളും എത്രയോ മടങ്ങു വലുപ്പം കൂടിയവയും ഭൂമിയില്‍നിന്ന് ബഹുദൂരം സ്ഥിതിചെയുന്നവയുമാണ് അവ. അഥവാ ഓരോന്നും ഓരോ മഹാലോകമത്രെ. നമുക്ക് ഊഹിക്കുവാന്‍പോലും സാധ്യമല്ലാത്ത എന്തൊക്കെയോ സംഭവങ്ങളും, ഏതൊക്കെയോ വസ്തുക്കളും അവയില്‍ നടമാടുന്നുണ്ടായിരിക്കും. അതോടൊപ്പം തന്നെ, ഭൂമിക്കുമീതെ വളരെ കമനീയമായി നിര്‍മിക്കപ്പെട്ട അതിവിശാലവും കലാമയവുമായ ഒരു പന്തലിന്‍റെ മുകള്‍ ഭാഗത്ത് മിന്നിത്തിളങ്ങിയും കത്തിശോഭിച്ചും കൊണ്ടിരിക്കുന്ന ദീപാലങ്കാരമായും അല്ലാഹു അവയെ ആക്കി വെച്ചിരിക്കുന്നു.
ഏറ്റവും അടുത്ത ആകാശം എന്ന് പറഞ്ഞത് ഭൂമിയുമായി കൂടുതല്‍ അടുത്തത് എന്ന ഉദ്ദേശ്യത്തിലാകുന്നു. അപ്പോള്‍ നാം കാണുന്ന നക്ഷത്രഗോളങ്ങളെല്ലാം സ്ഥിതിചെയ്യുന്നത് ആ ഒരു ആകാശത്തിലാണെന്നും, ഏഴു ആകാശങ്ങളില്‍ ബാക്കി ആറും അതിനു പുറമെ – അതിന്നപ്പുറത്ത് – സ്ഥിതിചെയുന്നുണ്ടെന്നും, മനുഷ്യന്‍റെ കഴിവില്‍പെട്ട എല്ലാ നിരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും ഈ ഒരേ ആകാശാതിര്‍ത്തിക്കുള്ളില്‍ മാത്രം നടക്കുന്നതാണെന്നും ഇതില്‍നിന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.
“തീര്‍ച്ചയായും, നിങ്ങള്‍ക്കുമീതെ നാം ഏഴു മാര്‍ഗ്ഗങ്ങള്‍ (വാനങ്ങള്‍) സൃഷ്ടിച്ചിട്ടുണ്ട്; സൃഷ്ടിയെക്കുറിച്ചു നാം അശ്രദ്ധരായിരുന്നില്ല.” (സൂറഃ അല്‍മുഅ്മിനൂന്‍ 17)
‘ഏഴു ആകാശങ്ങള്‍’ എന്നു ഖുര്‍ആന്‍ പലപ്രാവശ്യം പ്രസ്താവിക്കുകയും, ചിലേടത്തു ‘അടുക്കുകളായ നിലയില്‍ ഏഴു ആകാശങ്ങള്‍’ എന്നു വ്യക്തമായിപ്പറയുകയും ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍ അവയില്‍ ഒന്നിനെപ്പറ്റി ‘ഏറ്റവും അടുത്ത ആകാശം’ എന്നും (67:5; 37:6) പറയുന്നു. ആകാശം ഒരു കെട്ടിടം പോലെയാണെന്നും (40:64; 2:22) അതു പറയുന്നു. ശാസ്ത്രത്തിനു അതതു കാലത്തു ലഭിക്കുന്ന അറിവിനനുസരിച്ച് ഖുര്‍ആനെ വ്യാഖ്യാനിക്കുവാന്‍ തുനിയുന്നതു പലപ്പോഴും അപകടത്തിലാണ് കലാശിക്കുക. അതുകൊണ്ട് ഖുര്‍ആന്‍ പ്രസ്താവിച്ച ഏഴാകാശം കൊണ്ടുള്ള ഉദ്ദേശ്യം ശാസ്ത്രദൃഷ്ട്യാ ഇതുവരെ നമുക്കു മനസ്സിലായിട്ടില്ല. അതിന്റെ യഥാര്‍ത്ഥം അല്ലാഹുവിന്നറിയാം എന്നു പറയുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഖുര്‍ആനില്‍ അല്ലാഹു ആവര്‍ത്തിച്ചു വ്യക്തമാക്കിയ ഇത്തരം കാര്യങ്ങളെല്ലാം കേവലം അലങ്കാരപ്രയോഗമോ സാമാന്യവിവരണമോ മാത്രമാണെന്ന് ഊഹിച്ചു തൃപ്തിയടയുന്നതു തനി ബാലിശമാകുന്നു. ഖുര്‍ആന്‍ പ്രഖ്യാപിച്ച എത്രയോ കാര്യങ്ങള്‍, ആദ്യകാലങ്ങളില്‍ ശാസ്ത്രജ്ഞന്‍മാര്‍ക്കു വേണ്ടതുപോലെ മനസ്സിലാക്കുവാന്‍ കഴിയാതിരുന്നതിനുശേഷം, പിന്നീടുണ്ടായ നിരീക്ഷണങ്ങളുടെ ഫലമായി അവ സൂക്ഷ്മവും വാസ്തവവും തന്നെയാണെന്നു തെളിഞ്ഞിട്ടുണ്ട്. എല്ലാം അറിയുന്ന സൃഷ്ടാവിന്റെ വചനങ്ങള്‍ അങ്ങിനെയല്ലാതെ വരുമോ?! ശാസ്ത്രനിരീക്ഷണങ്ങളും, അതിന്റെ നേട്ടങ്ങളും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നല്ലാതെ, ഇതേവരെ സൃഷ്ടിരഹസ്യങ്ങള്‍ മുഴുവനും അതു കണ്ടുപിടിച്ചു കഴിഞ്ഞിട്ടില്ലെന്നു തീര്‍ച്ചയാണല്ലോ. ലോകാവസാന കാലത്തോളം അതു അവസാനിക്കയുമില്ല. ആകയാല്‍;-
ശാസ്ത്രത്തിന്റെ കാഴ്ച എത്തിച്ചേര്‍ന്നിട്ടില്ലാത്ത, അല്ലെങ്കില്‍ അതിന്റെ ദൃഷ്ടിക്കു ഗ്രഹിക്കുവാന്‍ കഴിയാത്തവണ്ണം, കൃത്യമായിത്തന്നെ ഏഴു ആകാശങ്ങള്‍. ഒന്നിനു മീതെ ഒന്നായിക്കൊണ്ട് – സ്ഥിതി ചെയ്യുന്നുണ്ടായിരിക്കുമെന്നുതന്നെ നമുക്ക് ഉറപ്പിക്കാം. ‘ഏറ്റവും (ഭൂമിയോട്) അടുത്ത ആകാശത്തെ നക്ഷത്രങ്ങളാല്‍ അലങ്കരിച്ചിട്ടുള്ള’തായി ഖുര്‍ആന്‍ (67:5; 37:6) പ്രസ്താവിക്കുന്നു. ഇതില്‍നിന്നു, നക്ഷത്രങ്ങളെല്ലാം സ്ഥിതിചെയ്യുന്ന ആകാശത്തിനപ്പുറത്തായി – അതിനും ഉപരിയിലായി – വേറെയും ആകാശങ്ങളുണ്ടെന്നു വരുന്നുവല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ ഇന്നുവരെയും അവയില്‍ ഒരു ആകാശത്തിന്റെ അവസാന അതിര്‍ത്തിവരെ മനുഷ്യന്റെ അറിവ് എത്തിക്കഴിഞ്ഞിട്ടില്ല എന്നതാണ് വസതുത. എന്നിരിക്കെ, അതിനപ്പുറമുള്ള അവസ്ഥയെപ്പറ്റി വിധി പറയുവാന്‍ മനുഷ്യന് എങ്ങിനെ കഴിയും?!
അവലംബം: സൂറഃ അല്‍മുല്‍ക്, സൂറഃ അല്‍മുഅ്മിനൂന്‍ വ്യാഖ്യാനങ്ങളില്‍ നിന്നും സംഗ്രഹിച്ചത്