സൃഷ്ടിപ്പിന്റെ തുടക്കം (Origin of the Creation)
ഡോ. പി.കെ. അബ്‍ദുറസാഖ് സുല്ലമി, M.A, Ph.D
Last Update: 2023 April 22, 01 Shawwal, 1444 AH
ആത്മീയത അംഗീകരിക്കാത്ത ഭൌതികന്മാര്‍ വെറുക്കുന്ന പദമാണ് സൃഷ്ടിപ്പ്. കാരണം സൃഷ്ടിപ്പ് എന്ന് പറയുമ്പോള്‍ അതിന്റെ പിന്നില്‍ ഒരു സ്രഷ്ടാവിനെ അംഗീകരിക്കേണ്ടിവരും. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചുളള പഠനമാണ് Cosmogony അഥവാ പ്രപഞ്ചോല്‍പ്പത്തിവിജ്ഞാനീയം. ജീവലോകത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട വിജ്ഞാനശാഖയാണ് Paleontology അഥവാ പുരാജീവി വിജ്ഞാനം. ഈ രണ്ട് വിഭാഗത്തിലും ഗവേഷണം നടത്താന്‍ ക്വുര്‍ആന്‍ പ്രേരണ നല്‍കുന്നു.
29ാം അധ്യായം അന്‍കബൂതത് 20 ാം വചനം:
“പറയുക, നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ച് അവന്‍ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്ന് നോക്കൂ. പിന്നീട് അല്ലാഹു അവസാനം മറ്റൊരിക്കല്‍കൂടി സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുളളവനത്രെ!”
പ്രപഞ്ചത്തിന്റെ തുടക്കംകുറിച്ച മഹാവിസ്ഫോടനത്തിനും പ്രകൃതി പരിണാമങ്ങള്‍ക്കുമെല്ലാം തെളിവുകള്‍ ഭൂമിയില്‍ ഉണ്ട്. അത് ഗവേഷണം ചെയ്ത് കണ്ടെത്താനുളള പ്രചോദനം അല്ലാഹു നല്‍കുന്നു. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് ഇപ്പോള്‍ പഠനം നടത്തുന്നത് യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയാണ്. ഫ്രാന്‍സിന്റെയും സ്വിറ്റ്സര്‍ലാന്റിന്റെയും താഴെ Cern എന്ന സ്ഥലത്ത് ‘ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍’ എന്ന ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലയില്‍ അവര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.
ജീവികള്‍ കല്ലിന്റെയും ഇരുമ്പിന്റെയുമൊക്കെ ഭാഗമായോ ഫോസിലുകളായോ മാറിയാല്‍ പില്‍ക്കാലത്ത് ആ ജീവിയുടെ ആകൃതി പാറയുടെയോ ലോഹത്തിന്റെയോ ഫോസിലുകളില്‍ കണ്ടെത്താം. 17 ാം അധ്യായം സൂറത്തുല്‍ ഇസ്റാഅ് 50,51 വചനങ്ങളില്‍ പറയുന്നു:
“നീ പറയുക, നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക. അല്ലെങ്കില്‍ നിങ്ങളുടെ മനസ്സില്‍ വലുതായി തോന്നുന്ന ഏതെങ്കിലും സൃഷ്ടി ആയിക്കൊള്ളുക. നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടും.”
ഫോസിലുകളായി മാറിയാലും പുനഃസൃഷ്ടിക്കാന്‍ അല്ലാഹുവിന് സാധിക്കും. ഫോസിലുകളെക്കുറിച്ചുളള പഠനമാണ് പുരാജീവിവിജ്ഞാനം (Paleontology). മാത്രമല്ല സൃഷ്ടിപ്പിന്റെ തുടക്കത്തെ കുറിച്ച് നിങ്ങള്‍ക്ക് പഠിക്കാന്‍ പറ്റിയ തെളിവുകള്‍ ഭൂമിയില്‍ ഉണ്ടെന്ന പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ എല്ലാ ജീവജാലങ്ങളുടെയും ആദ്യത്തെ ഇണകള്‍ അഥവാ ഒരു ആണാണ, പെണ്ണാന, പൂവന്‍ കോഴി, പിടക്കോഴി, ആണ്‍ പൂച്ച, പെണ്‍ പൂച്ച തുടങ്ങി ആദ്യത്തെ ജീവവര്‍ഗ്ഗത്തിന്റെ ഫോസിലുകളോ മറ്റ് തെളിവുകളോ കണ്ടെത്താന്‍ സാധിച്ചേക്കാമെന്നു കൂടി സൂചനയുണ്ട്. (സൂക്ഷ്മമായ വിവരം അല്ലാഹുവിന് അറിയാം). കോഴിയോ മുട്ടയോ ആദ്യമുണ്ടായത് എന്ന് ചിലര്‍ ചോദിക്കാറുണ്ട്. കോഴിയാണ് എന്നതാണ് ശരി. എല്ലാ ജീവജാലങ്ങളുടെയും ഒരു ജോടി ആണ്‍-പെണ്‍ ഇണകളെ അല്ലാഹു ആദ്യം സൃഷ്ടിച്ചു. അവയില്‍ നിന്നാണ് പിന്നീട് മറ്റുജീവികള്‍ ഉണ്ടായത് എന്നതാണ് സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്ക് എത്താവുന്ന നിഗമനം. ഭൂമിയില്‍ ഇതുവരെയായി 87 ലക്ഷം ജീവവര്‍ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്.