Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്വുർആനും ശാസ്ത്രവും

തേനീച്ച: ഒരു ദൃഷ്ടാന്തം

അമാനി മൗലവി رحمه الله

Last Update: 2023 June 15, 25 Dhul Qadah, 1444 AH

“നിന്റെ റബ്ബ് തേനീച്ചക്ക് 'വഹ്‍യു' [ബോധനം] നല്‍കുകയും ചെയ്തിരിക്കുന്നു; 'മലകളില്‍ നിന്നു (ചിലേടത്തു) നീ വീടുകള്‍ (കൂടുകള്‍) ഉണ്ടാക്കിക്കൊള്ളുക; വൃക്ഷങ്ങളില്‍ നിന്നും, അവര്‍ [മനുഷ്യര്‍] കെട്ടി ഉയര്‍ത്തുന്നവയില്‍ നിന്നും (ചിലതിലും ഉണ്ടാക്കിക്കൊള്ളുക) എന്ന്;- 'പിന്നെ എല്ലാ (വിധ) ഫലങ്ങളില്‍ നിന്നും നീ തിന്നുകൊള്ളുക; എന്നിട്ട് സുഗമമായ നിലയില്‍ നിന്റെ റബ്ബിന്റെ (വക) മാര്‍ഗ്ഗങ്ങളില്‍ നീ പ്രവേശിക്കുക' എന്നും). അവയുടെ വയറുകളില്‍ നിന്ന് നിറങ്ങള്‍ വ്യത്യസ്തമായ ഒരു (തരം) പാനീയം പുറത്തുവരുന്നു; അതില്‍ മനുഷ്യര്‍ക്കു (രോഗ) ശമനമുണ്ട്. നിശ്ചയമായും, അതില്‍ ചിന്തിച്ചു നോക്കുന്ന ജനങ്ങള്‍ക്കു ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്..” (സൂറഃ അന്നഹ്ല്‍ 68-69)

തേനീച്ചയെയും തേനിനെയും കുറിച്ച് പല ശാസ്ത്രജ്ഞന്‍മാരും പണ്ഡിതന്‍മാരും പല ഭാഷകളിലും പ്രത്യേകം ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിക്കുകയുണ്ടായിട്ടുണ്ട്.

തേനീച്ചയെക്കുറിച്ചു പഠിക്കുവാനും, അതിന്റെ ജീവിതരീതി നിരീക്ഷിച്ചറിയുവാനും നടത്തപ്പെട്ട പല പഠനശ്രമങ്ങളില്‍ നിന്നുമായി തല്‍ക്കര്‍ത്താക്കള്‍ക്ക്‌ ലഭിച്ച വിശദമായ അറിവുകള്‍ പരിശോധിക്കുമ്പോള്‍, അവയുടെയെല്ലാം രത്നച്ചുരുക്കം ഈ രണ്ടു ഖുര്‍ആന്‍ വചനങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്.

അത്രയുമല്ല, അവര്‍ക്ക് ഇതേവരെയും വേണ്ടത്ര എത്തും പിടിയും കിട്ടാത്ത ചില വശങ്ങളിലേക്കുള്ള ചില സൂചനകള്‍ കൂടി ഈ വചനങ്ങളില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞേക്കും.

ഈ വചനങ്ങളിലെ വാക്യങ്ങളുടെ വ്യക്തമായ അര്‍ത്ഥവൃത്തത്തില്‍ ഒതുങ്ങിയ സംഗതികള്‍ മാത്രം നമുക്കിവിടെ ഓര്‍മ്മിക്കാം.

അല്ലാഹു പറയുന്നു: “നിന്റെ റബ്ബ് തേനീച്ചക്കു വഹ്‍യു നല്‍കിയിരിക്കുന്നു.”

നബിമാര്‍ക്ക് ദിവ്യസന്ദേശങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചാണു സാധാരണ വഹ്‍യു എന്നു പറയപ്പെടാറുള്ളത്. ഭാഷയില്‍ അതിനു ‘സ്വകാര്യമായി അറിയിക്കുക, വേഗം അറിയിക്കുക, പതുക്കെ സംസാരിക്കുക, സൂചന നല്‍കുക, ബോധനം നല്‍കുക’ എന്നും മറ്റും സന്ദര്‍ഭോചിതം അര്‍ത്ഥംവരും. തേനീച്ചക്കു വഹ്‍യു നല്‍കി എന്നു പറഞ്ഞതിന്റെ താല്പര്യം അതിനു തോന്നിപ്പിച്ചു – അഥവാ ബോധമുണ്ടാക്കി – എന്നാകുന്നു. തോന്നിപ്പിച്ച കാര്യങ്ങളാണ് തുടര്‍ന്നുപറയുന്നത്.

അതായത്, “മലകളില്‍ നിന്നു വീടുകള്‍ – അഥവാ കൂടുകള്‍ – നിര്‍മ്മിക്കുക എന്ന്”. മലകളിലുള്ള പൊത്തുകള്‍, അളകള്‍ മുതലായ ചില പ്രത്യേക സ്ഥലങ്ങളിലായിരിക്കും തേനീച്ച കൂടു നിര്‍മ്മിക്കുന്നത്. ‘മലകളില്‍’ എന്നോ മറ്റോ പറയാതെ, ‘മലകളില്‍നിന്നു’ എന്ന പ്രയോഗം മലകളില്‍ നിന്നും അതിനു പറ്റിയ പ്രത്യേക സ്ഥലങ്ങളാണു സൂചിപ്പിക്കുന്നതും. തേന്‍കൂടുകള്‍ അധികവും മലമ്പ്രദേശങ്ങളിലായിരിക്കുമെങ്കിലും, മരപ്പൊത്തുകള്‍, മരക്കൊമ്പുകള്‍, മനുഷ്യനിര്‍മ്മിതങ്ങളായ വീടുകള്‍, മതിലുകള്‍, പന്തലുകള്‍ ആദിയായവയിലും സുലഭം തന്നെ. അതാണു “മരങ്ങളില്‍ നിന്നും, അവര്‍ – മനുഷ്യര്‍ – കെട്ടി ഉയര്‍ത്തുന്നവയില്‍ നിന്നും” എന്നു പറഞ്ഞത്.

ഇങ്ങിനെ തക്കതായ സ്ഥലങ്ങളില്‍ കൂടുകെട്ടുവാനുള്ള ബോധോദയം തേനീച്ചക്കു നല്‍കിയതു അല്ലാഹുവല്ലാതെ മറ്റാരുമല്ല. അതു അതിന്റെ ജന്മവാസനയാണെന്നു മാത്രം പറഞ്ഞു തൃപ്തിപ്പെടുന്നവര്‍ ആ വാസന അതിന്ന്‍ എങ്ങിനെ സിദ്ധിച്ചുവെന്നു ചിന്തിക്കാത്തവരായിരിക്കും.

കൂടുകെട്ടിയശേഷം തേന്‍ ശേഖരിക്കേണ്ടുന്നവിധവും അല്ലാഹു അതിനു പഠിപ്പിച്ചിരിക്കുന്നു. “പിന്നെ, എല്ലാതരം ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും നീ തിന്നുകൊള്ളുക.” ഫലങ്ങള്‍ എന്നു ഇവിടെ പറഞ്ഞിരിക്കുന്നതു കായഫലങ്ങള്‍ എന്ന ഉദ്ദേശ്യത്തിലല്ല. പഴങ്ങളും പൂക്കളും ഉള്‍കൊള്ളുന്ന ഫലങ്ങള്‍ എന്ന അര്‍ത്ഥത്തിലാകുന്നു. സസ്യങ്ങളില്‍നിന്നും വൃക്ഷങ്ങളില്‍ നിന്നും ലഭിക്കുന്ന എല്ലാ ഭോജ്യവസ്തുക്കള്‍ക്കും പറയപ്പെടാവുന്ന വാക്കാണു അത്. തേനീച്ചകളുടെ പ്രധാന മേച്ചല്‍ സ്ഥാനം പൂക്കളാകുന്നു. കായകളും പഴങ്ങളും ഉല്‍ഭവിക്കുന്നതും പൂക്കളില്‍ നിന്നുതന്നെ.

തേനീച്ച തിന്നുന്നതു ഏതുതരം ഫലങ്ങളില്‍ നിന്നായിരുന്നാലും അതു തേനിന്റെ ഉല്‍പാദനത്തിനു തടസ്സമാകുകയില്ല എന്ന ഒരു സൂചന ‘എല്ലാ ഫലങ്ങളില്‍ നിന്നും’ എന്ന പ്രയോഗത്തില്‍ കണ്ടെത്താവുന്നതാകുന്നു. ‘തിന്നുകൊള്ളുക’ എന്ന വാക്കില്‍ നിന്നു – പലരും ധരിക്കാറുള്ളതു പോലെ – പൂക്കളില്‍നിന്നും, പഴങ്ങളില്‍ നിന്നും തേന്‍ വലിച്ചെടുത്തു കൂട്ടില്‍ കൊണ്ടുപോയി ശേഖരിക്കുകയല്ല തേനീച്ച ചെയ്യുന്നതെന്നും, തേനീച്ച അവയെ സമീപിക്കുന്നതു അതിന്റെ ഭക്ഷണാവശ്യാര്‍ത്ഥമാണെന്നും, താഴെ പറയും പ്രകാരം പിന്നീട് അതിന്റെ ശരീരത്തില്‍നിന്ന് തേന്‍ പുറത്തു വരുകയാണു ചെയ്യുന്നതെന്നും മനസ്സിലാക്കാവുന്നതാകുന്നു.

എല്ലാതരം ഫലങ്ങളില്‍ നിന്നും ഇഷ്ടംപോലെ ഭക്ഷിക്കാമെന്നു നിര്‍ദ്ദേശിച്ചശേഷം “സുഗമമായ നിലയില്‍ നിന്റെ റബ്ബിന്റെ മാര്‍ഗ്ഗങ്ങളില്‍ – അഥവാ റബ്ബു നിശ്ചയിച്ചു തന്ന മാര്‍ഗ്ഗങ്ങളിലൂടെ – പ്രവേശിച്ചുകൊള്ളുക.” എന്നും നിര്‍ദ്ദേശിക്കുന്നു. ഈ വാക്യത്തിന്റെ അര്‍ത്ഥ വ്യാപ്തിയില്‍ തേനീച്ചയുടെ എല്ലാ ജീവിത ക്രമങ്ങളും, പ്രവര്‍ത്തന സ്വഭാവങ്ങളും മൊത്തത്തില്‍ അടങ്ങിയിട്ടുണ്ട്. കൂട്ടില്‍നിന്നും ഭക്ഷണം തേടിപ്പോകേണ്ടുന്ന മാര്‍ഗ്ഗങ്ങള്‍, ദൂരസ്ഥലങ്ങളില്‍ പോയി ചുറ്റിത്തിരിഞ്ഞ ശേഷം ഉന്നം തെറ്റാതെ തിരിച്ചു വരേണ്ടുന്ന വിധങ്ങള്‍, കൂട്ടില്‍വെച്ചു സ്വീകരിക്കേണ്ടുന്ന കൃത്യങ്ങള്‍, ഓരോ കൃത്യവും പാലിക്കേണ്ട മുറകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ആ ചെറുവാക്യത്തില്‍ അല്ലാഹു ഉള്‍പ്പെടുത്തിയിരിക്കുന്നു.

അവയൊന്നും തെറ്റാതെ നിര്‍വ്വഹിക്കുവാനുള്ള ബോധവും പ്രചോദനവും അല്ലാഹു ആ ചെറു ജീവിക്കു നല്‍കിയിരിക്കുന്നുവെന്നര്‍ത്ഥം. തേനീച്ചക്കു മാത്രമല്ല, എല്ലാവസ്തുക്കള്‍ക്കും അതതിന്റേതായ പ്രകൃതരൂപം നല്‍കുകയും, അനന്തരം ഓരോന്നിനും വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കുകയും ചെയ്തവനാണല്ലോ നമ്മുടെ റബ്ബായ അല്ലാഹു.

ആയിരക്കണക്കിലും, പതിനായിരക്കണക്കിലുമുള്ള ജോലിക്കാരാല്‍ നടത്തപ്പെടുന്ന ഒരു തൊഴില്‍ ശാലയത്രെ തേന്‍കൂട്. ആ തൊഴില്‍ശാലയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന വിഭവമാണ് തേന്‍ അതെ, “അവയുടെ ഉള്ളങ്ങളില്‍നിന്നും ഒരു പാനീയം പുറത്തുവരുന്നു.” പാനീയംകൊണ്ടു വിവക്ഷ തേന്‍തന്നെ. കുടിക്കുവാന്‍ പറ്റിയ ദ്രവവസ്തുവാകകൊണ്ട് പാനീയം എന്നു പറഞ്ഞുവെങ്കിലും അതോടുകൂടി പാലുപോലെത്തന്നെ ഉത്തമമായ ഒരു ഭക്ഷ്യപദാര്‍ത്ഥം കൂടിയാണ് തേന്‍.

തേനീച്ചകളുടെ ജാതിവ്യത്യാസവും, അവയുടെ മേച്ചൽ സ്ഥാനങ്ങളുടെയും കാലദേശങ്ങളുടെയും വ്യത്യാസവും അനുസരിച്ചു തേനിന്റെ വര്‍ണ്ണത്തിലും വ്യത്യാസം ഉണ്ടാകുന്നു. അതാണു “അതിന്റെ നിറങ്ങള്‍ വ്യത്യസ്തമായിരിക്കും” എന്നു പറഞ്ഞത്. ചുവപ്പ്, മഞ്ഞ, കറുപ്പ്, വെള്ള എന്നീ നിറങ്ങള്‍ക്കാണ് അതില്‍ മുന്‍തൂക്കം കാണപ്പെടാറുള്ളത്. ചിലയിനം തേനിന്നു മറ്റു ചിലതിനേക്കാള്‍ ഗുണം കൂടുമെങ്കിലും എല്ലാറ്റിന്റെയും ഉപകാരം മൊത്തത്തില്‍ ഒരുപോലെത്തന്നെ.

പാനീയവും ഭക്ഷ്യപദാര്‍ത്ഥവുമെന്നപോലെ, തേന്‍ ഒരു വലിയ ഔഷധവീര്യമുള്ള വസ്തുകൂടിയാണല്ലോ. ഒരുപക്ഷെ, ഔഷധവസ്തുവെന്ന നിലക്കാണ് സാധാരണക്കാര്‍ക്കിടയില്‍ അതിനു കൂടുതല്‍ പ്രാധാന്യമുള്ളതും. എത്രയോ രോഗങ്ങള്‍ക്കു തനിച്ചായും, മിശ്രമായും തേന്‍ കൈകണ്ട ഔഷധമാണെന്നു പറയേണ്ടതില്ല. “അതില്‍ മനുഷ്യര്‍ക്കു രോഗശമനമുണ്ട്” എന്ന വാക്യം അതാണു ചൂണ്ടിക്കാട്ടുന്നത്.

അബൂസഈദില്‍ ഖുദ്രി (റ) ഇങ്ങിനെ പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ഒരു പുരുഷന്‍ റസൂല്‍ (സ്വ) തിരുമേനിയുടെ അടുക്കല്‍ചെന്നു എന്റെ സഹോദരനു വയറിളക്കം (അതിസാരം) ബാധിച്ചിരിക്കുന്നുവെന്നു പറഞ്ഞു. നബി (സ്വ) പറഞ്ഞു: ‘നീ പോയി അവന്നു തേന്‍ കുടിക്കുവാന്‍ കൊടുക്കുക’ അയാള്‍പോയി തേന്‍ കൊടുത്തു. പിന്നീടു വന്നു ഇങ്ങിനെ പറഞ്ഞു: ‘റസൂലേ, ഞാന്‍ അവന്നു തേന്‍ കുടിപ്പിച്ചു. എന്നിട്ടു വയറിളക്കം അധികമാവുകയല്ലാതെ ഉണ്ടായില്ല.’ തിരുമേനി (സ്വ) പറഞ്ഞു: ‘നീ പോയി അവന്നു തേന്‍ കുടിക്കുവാന്‍ കൊടുക്കുക.’ അയാള്‍ പിന്നേയും തേന്‍ കുടിപ്പിച്ചു. പിന്നീടും അയാള്‍ വന്നു ‘അതവന്നു വയറിളക്കം അധികരിപ്പിക്കുകയല്ലാതെ ചെയ്തില്ല’ എന്നു പറഞ്ഞു. അപ്പോള്‍, റസൂല്‍ (സ്വ) പറഞ്ഞു: ‘അല്ലാഹു സത്യം പറഞ്ഞു. നിന്റെ സഹോദരന്റെ വയര്‍ കളവു പറഞ്ഞു. നീ പോയി അവന്നു തേന്‍ കുടിപ്പിക്കുക.’ അങ്ങനെ, അദ്ദേഹം (വീണ്ടും) പോയി അവന്നു തേന്‍കൊടുത്തു. അപ്പോള്‍ അയാള്‍ക്കു സുഖപ്പെടുകയും ചെയ്തു. (ബു; മു).

ആദ്യത്തെ പ്രാവശ്യങ്ങളില്‍ അയാളുടെ വയറ്റിലെ ദുഷ്ടതകള്‍ നീങ്ങിക്കഴിഞ്ഞിരുന്നില്ലെന്നും, തേന്‍ ഉഷ്ണവീര്യമുള്ളതാകകൊണ്ടു ആ ദുഷ്ടതകള്‍ അതു ഇളക്കിപ്പുറത്താക്കുകയാണ് ആദ്യം ഉണ്ടായതെന്നും, അവ നീങ്ങിക്കഴിഞ്ഞതോടെ അവസാനം വയറിന് പൂര്‍ണ്ണസുഖം കിട്ടിയെന്നുമാണ് ഈ ഹദീസിനു ഭിഷഗ്വരന്‍മാരായ ചില പണ്ഡിതന്‍മാരുടെ വ്യാഖ്യാനമെന്നു ഇബ്നുകഥീര്‍ (റഹി) മുതലായവര്‍ ചൂണ്ടിക്കാട്ടുന്നു. തേനിന്റെ ഗുണത്തെപ്പറ്റി വേറെയും ഹദീസുകള്‍ കാണാവുന്നതാണ്.

തേനീച്ചകളെക്കുറിച്ചു ഗവേഷണ പരീക്ഷണങ്ങള്‍ നടത്തിയ പല ശാസ്ത്രജ്ഞന്‍മാരുടെയും പ്രസ്താവനകളെ അടിസ്ഥാനമാക്കി അല്‍പം ചില സംഗതികള്‍കൂടി ഇവിടെ ഓര്‍മ്മിക്കുന്നതു സന്ദര്‍ഭോചിതമായിരിക്കും. മേല്‍ വിവരിച്ച ചില വശങ്ങളിലേക്കു അതില്‍നിന്നു അല്‍പംകൂടി വെളിച്ചം ലഭിക്കുകയും ചെയ്തേക്കും.

അവര്‍ പറയുന്നു: ഒരു തേനീച്ചക്കൂട്ടില്‍ ആയിരക്കണക്കിന്നു ഈച്ചകള്‍ ഉണ്ടായിരിക്കും. ചിലപ്പോള്‍, പതിനായിരംവരെയും ഉണ്ടാവാം. ഓരോകൂട്ടിലും അതിലെ മുഴുവന്‍ മേല്‍നോട്ടം വഹിക്കുന്ന ഒരു വലിയ ഈച്ചയുണ്ടായിരിക്കും. ഇതു ‘റാണി’, എന്നപേരില്‍ അറിയപ്പെടുന്നു. ഇതിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും മറ്റുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൂട്ടത്തില്‍ ഏതാണ്ടു നൂറോ അഞ്ഞൂറോ എണ്ണം ആണീച്ചകളായിരിക്കും. ഇവക്കു റാണിയുമായി ഇണചേരുകയല്ലാതെ വേറെ പ്രത്യേകം ജോലിയൊന്നുമില്ല. അതുകൊണ്ടു അവര്‍ക്കു ‘മടിയന്‍മാര്‍’ എന്നു പറയപ്പെടുന്നു. ബാക്കിയെല്ലാം ‘അദ്ധ്വാനിക്കുന്നവരാ’യിരിക്കും.

റാണി ഈച്ച ദിവസേന ധാരാളക്കണക്കില്‍ മുട്ടയിടും റാണിയേയും, ആണീച്ചകളെയും ശുശ്രൂഷിക്കുക, പുറത്തുപോയി പൂമ്പൊടി തുടങ്ങിയ ആഹാരങ്ങള്‍ തേടിപ്പിടിച്ചു കൊണ്ടുവരുക, തേന്‍ സൂക്ഷിക്കുവാനുള്ള അറകള്‍ നിര്‍മ്മിക്കുക, അതില്‍ തേന്‍ സൂക്ഷിച്ചുവെക്കുക, പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങളെ വളര്‍ത്തുക, ഉറുമ്പ് മുതലായ ശത്രുക്കളെ ചെറുക്കുക, കൂടും പരിസരവും വൃത്തിയാക്കുക തുടങ്ങിയ എല്ലാ ജോലികളും ഈ മൂന്നാം വിഭാഗത്തിന്റെ ജോലിയാകുന്നു. പൂക്കളില്‍നിന്നും മറ്റും ഈമ്പിയെടുത്തു ഭക്ഷിച്ച തേന്‍, പിന്നീടു ഈച്ചയുടെ ശരീരത്തില്‍നിന്നു ഊറിവരുന്ന ഒരുതരം ഉമിനീരും കലര്‍ന്നുകൊണ്ടു വായിലൂടെ പുറത്തേക്കുവരുന്നു. ഇതു അറകളില്‍ നിക്ഷേപിച്ചു കലര്‍പ്പുകളില്‍നിന്നു ശുദ്ധിയാക്കപ്പെടുന്നു.

കൂടിന്റെ ഓരോ അറയും പ്രഗല്‍ഭരായ എഞ്ചിനീയര്‍മാര്‍ക്കു പോലും സാധ്യമല്ലാത്തവിധം സമകൃത്യത്തിലുള്ള ആറു കോണാകൃതിയില്‍ തൊട്ടുതൊട്ടും, കലാപരമായും, ഭംഗിയായും നിര്‍മ്മിക്കപ്പെട്ടിരിക്കും. വേറെ ആകൃതികളില്‍ നിര്‍മ്മിക്കപ്പെടുന്നപക്ഷം അറകള്‍ക്കിടയില്‍ മിക്കവാറും അല്‍പാല്‍പം വിടവുകള്‍ ഉണ്ടായേക്കുമെന്നു കരുതിയായിരിക്കാം ഈ ആകൃതി സ്വീകരിക്കപ്പെട്ടിരിക്കുന്നതെന്നു കരുതപ്പെടുന്നു.

ഇങ്ങനെയുള്ള വസ്തുതകള്‍ ഓര്‍മ്മിച്ചുകൊണ്ടു തേനീച്ചയെയും തേനിനെയും കുറിച്ചുചിന്തിക്കുമ്പോള്‍, അല്ലാഹുവിന്റെ സൃഷ്ടിവൈഭവം, പരിപാലനമുറകള്‍, മനുഷ്യന്റെ ഗുണത്തിനുവേണ്ടി അവന്‍ ഭൂമിയില്‍ സജ്ജമാക്കിവെച്ചിട്ടുള്ള സംവിധാനങ്ങള്‍ ആദിയായവക്കു അതില്‍നിന്ന് ധാരാളം ദൃഷ്ടാന്തം കണ്ടെത്താവുന്നതാണ്. അതെ, “നിശ്ചയമായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്.”


അവലംബം: സൂറഃ അന്നഹല്‍ വ്യാഖ്യാനത്തില്‍നിന്നും സംഗ്രഹിച്ചത്

0
0
0
s2sdefault