Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്വുർആനും ശാസ്ത്രവും

കരുത്തുപകരുന്ന രോഗങ്ങളും വേദനകളും

ചെറിയമുണ്ടം അബ്‍ദുല്‍ഹമീദ് മദനി (റഹിമഹുല്ലാഹ്)

Last Update: 2023 March 04, 12 Shaʻban, 1444 AH

ദുരിതങ്ങള്‍ എന്ന് നാം വിശേഷിപ്പിക്കുന്ന പലതിന്റെ അവസ്ഥയും ഇപ്പറഞ്ഞതില്‍നിന്ന് ഭിന്നമായിരിക്കില്ല. എണ്ണമറ്റ രോഗങ്ങളാണ് ഇന്ന് മനുഷ്യന്‍ നേരിടുന്ന ദുരിതങ്ങളുടെ മുന്‍നിരയിലുളളത്; രോഗങ്ങളെ അസഹനീയമാക്കുന്നതാകട്ടെ വേദനയും. ദൈവത്തിന്റെ അസാന്നിധ്യത്തിനോ കഴിവുകേടിനോ ക്രൂരതയ്ക്കോ ഉളള തെളിവായിട്ട് രോഗത്തെയും വേദനയെയും പരിഗണിക്കുന്നത് ശരിയാണോ? വളരെ സൂക്ഷ്മമായി വിലയിരുത്തുകയും അപഗ്രഥിക്കുകയും ചെയ്യേണ്ട വിഷയമത്രെ ഇത്. പരമകാരുണികനായ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് രോഗങ്ങളാല്‍ തകര്‍ന്നടിയാന്‍ വേണ്ടിയല്ല; ഒരു നിശ്ചിത കാലപരിധിവരെ ഭൂമുഖത്ത് ശക്തവും യോഗ്യവും ചൈതന്യപൂര്‍ണവുമായ ഒരു സാന്നിധ്യമായി തുടരുവാന്‍ വേണ്ടിയാണ്. ‘നിങ്ങള്‍ക്ക് ഒരു നിശ്ചിത കാലം വരേക്കും ഭൂമിയില്‍ വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും’ (വി.ക്വു. 2:36). ഭൂമിയിലെ സ്ഥാനപതി(ഖലീഫ)യായി ദൈവം നിശ്ചയിച്ച മനുഷ്യന്‍ ബാക്ടീരിയകളെയും വൈറസുകളെയും രോഗങ്ങളെയും ദൌര്‍ഭിക്ഷ്യങ്ങളെയും കാലാവസ്ഥാഭേദങ്ങളെയും അതിജീവിച്ച് ജീവന്റെ ഗ്രഹമായ ഭൂമിയെ ചൈതന്യ ധന്യവും ശോഭായമാനവുമാക്കി വാഴുന്നതില്‍നിന്ന് നാം എന്ത് മനസ്സിലാക്കണം? ദുരിതങ്ങള്‍ മനുഷ്യനെ തളര്‍ത്തിയെന്നോ വളര്‍ത്തിയെന്നോ?

നിഷേധാത്മകമായി ചിന്തിക്കുന്നവരുടെ കണ്ണില്‍ രോഗങ്ങളും വേദനകളും മറ്റു ദുരിതങ്ങളും മനുഷ്യരെ തളര്‍ത്തുന്നതിന്റെ ചിത്രങ്ങളേ ദൃശ്യമായുളളൂ എന്നുവരാം. എന്നാല്‍ രചനാത്മകമായി ചിന്തിക്കുന്നവര്‍ക്ക് രോഗങ്ങള്‍ എങ്ങനെ മനുഷ്യരെ കരുത്തരാക്കുന്നുവെന്നും വേദന എങ്ങനെ രക്ഷാകവചമാകുന്നുവെന്നും കണ്ടെത്താന്‍ ഏറെ പ്രയാസമുണ്ടാവില്ല. ഏത് രോഗത്തിലും ദൈവത്തിന്റെ ഒരു പങ്കും മനുഷ്യന്റെ ഒരു പങ്കുമുണ്ട്. യഥാര്‍ത്ഥത്ഥില്‍ ദൈവത്തിന്റെ പങ്ക് രോഗമല്ല; പ്രതിസന്ധികളെ അതിജീവിക്കുന്നതിന് ശരീരത്തെയും മനസ്സിനെയും പ്രാപ്തമാക്കുന്നതിനുളള അതിസൂക്ഷ്മ സംവിധാനങ്ങളാണ്. പക്ഷേ, പലപ്പോഴും നമ്മുടെ അറിവിന്റെ പരിമിതി നിമിത്തം ആ സംവിധാനങ്ങളെത്തന്നെ സാക്ഷാല്‍ രോഗങ്ങളായി നാം തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്. ശരീരം നമുക്ക് നല്‍കുന്ന സന്ദേശം, അന്തരീക്ഷത്തിലെ താപവ്യതിയാനങ്ങളോട് സ്വയം പൊരുത്തപ്പെടാന്‍ ശരീരം നടത്തുന്ന വിജയകരമായ യത്നം, നാം കഴിച്ച തെറ്റായ ആഹാരപാനീയങ്ങളുടെ ദുഷ്‍ഫലങ്ങളില്‍നിന്ന് ശരീരത്തെയും മനസ്സിനെയും സംരക്ഷിക്കാന്‍ വേണ്ടി ശരീരം നിര്‍വഹിക്കുന്ന പ്രതിസന്ധി നിവാരണയജ്ഞം (ക്രൈസിസ് മാനേജ്മെന്റ്), രോഗാണുക്കളെ നശിപ്പിച്ചും വിഷാംശങ്ങളെ നിര്‍വീര്യമാക്കിയും പുറംതള്ളാനുളള പ്രതിരോധ നടപടികള്‍, മുറിവുകളും കേടുപാടുകളും സ്വയം റിപ്പെയര്‍ ചെയ്യാനുളള തീവ്രയത്നങ്ങള്‍ എന്നീ ഇനങ്ങളില്‍ ഉള്‍പ്പെടുന്നതാണ് രോഗങ്ങളായി നാം ഗണിക്കുന്ന പല കാര്യങ്ങളും. യഥാര്‍ത്ഥത്തില്‍ ഇതൊക്കെ ആരോഗ്യമുളള ശരീരം നിര്‍വഹിക്കേണ്ട അടിസ്ഥാന ധര്‍മങ്ങളാകുന്നു. ഈ ധര്‍മങ്ങളൊക്കെ ആയുഷ്കാലം മുഴുവന്‍ അന്യൂനമായി നിര്‍വഹിക്കുന്നതിനാവശ്യമായ കെട്ടുറപ്പോടെയാണ് അത്യുത്തമനായ സ്രഷ്ടാവ് (അഹ്‍സനുല്‍ ഖാലിക്വീന്‍) മനുഷ്യാസ്തിത്വമാകുന്ന മഹായന്ത്രം സംവിധാനിച്ചിരിക്കന്നത്. “തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടെ സൃഷ്ടിച്ചിരിക്കുന്നു.” (വി. ക്വു. 95:4)

സന്ദേശം മനസ്സിലാക്കുക; രോഗങ്ങളെ അകറ്റുക

ശരീരം നല്‍കുന്ന സന്ദേശം ശ്രദ്ധിക്കാതെ, ശരീരത്തിന്റെ പ്രതികരണങ്ങളോട് സമുചിതമായി സംവദിക്കാതെ, ശരീരത്തിന്റെ താപക്രമീകരണ യത്നങ്ങളില്‍ സഹകരിക്കാതെ, ശരീരത്തിന്റെ ക്രൈസിസ് മാനേജ്മെന്റിനോട് സൃഷ്ടിപരമായി പ്രതികരിക്കാതെ, ശരീരിത്തിന്റെ പ്രതിരോധ നടപടികളുടെ മൌലികത മനസ്സിലാക്കാതെ, ശരീരത്തിന്റെ കുറ്റമറ്റ റിപ്പൈര്‍ യജ്ഞങ്ങളെ വിലമതിക്കാതെ നാം കൈക്കൊള്ളുന്ന തെറ്റായ സമീപനങ്ങളും നടപടികളുമാണ് രോഗമുണ്ടാക്കുന്ന വിഷയത്തില്‍ നമ്മുടെ പങ്ക്. ഇതാണ് സാക്ഷാല്‍രോഗം. ഇതിന് ആത്മീയവും മാനസികവും ശാരീരികവും സാമൂഹികവും സാമ്പത്തികവും സാങ്കേതികവും രാഷ്ട്രീയവും മറ്റുമായ അനേകം മാനങ്ങളുണ്ട്. അന്തിമ വിശകലനത്തില്‍ അവയൊക്കെ മനുഷ്യന്റെ വര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. വര്‍ത്തനങ്ങളാണ് എല്ലാ രോഗങ്ങള്‍ക്കും നിദാനം എന്നതു കൊണ്ടായിരിക്കാം വിശുദ്ധ ക്വുര്‍ആനില്‍ അനേകം വചനങ്ങളില്‍ “അവരുടെ മനസ്സുകളിലാണ് (ക്വല്‍ബ്) രോഗമുളളത്” എന്ന് ആവര്‍ത്തിച്ചു പറഞ്ഞത്.

“ഞാന്‍ രോഗിയായാല്‍ അല്ലാഹുവാണ് എനിക്ക് ശമനം നല്‍കുന്നത്” എന്ന് ഇബ്രാഹിം നബി(അ) പ്രസ്താവിച്ചത് വിശുദ്ധ ക്വുര്‍ആന്‍ (26:80) ഉദ്ധരിച്ചിട്ടുണ്ട്. രോഗിയാവുക എന്നത് തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന കാര്യമാണെന്നും രോഗശമനത്തിനുളള സംവിധാനമാണ് അല്ലാഹുവിന്റെ ഭാഗത്ത് നിന്നുളളതെന്നും ഇബ്രാഹിം(അ) മനസ്സിലാക്കിയിരുന്നുവെന്ന് ഇതില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്. ‘എന്നെ സൃഷ്ടിച്ചതും എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതും എനിക്ക് തിന്നാനും കുടിക്കാനും തരുന്നതും’ അല്ലാഹുവാണെന്ന് (26:78,79) വ്യക്തമാക്കിയതിന് ശേഷമാണ് ഇബ്രാഹിം നബി(അ) ഇത് പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹം പറഞ്ഞത് അല്ലാഹു തന്നെ മരിപ്പിക്കുകയും അനന്തരം ജീവിപ്പിക്കുകയും ചെയ്യുമെന്നാണ് (26:81). ഇങ്ങനെ അല്ലാഹു ചെയ്യുന്ന കാര്യങ്ങള്‍ പ്രാധാന്യപൂര്‍വം ചൂണ്ടിക്കാണിക്കുന്നതിനിടയില്‍ രോഗത്തെ സംബന്ധിച്ച് പരാമര്‍ശിച്ചപ്പോള്‍, ‘അല്ലാഹു എന്നെ രോഗിയാക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞില്ല.

മനുഷ്യന്റെ ഓരോ കോശത്തിലും ഓരോ അവയവത്തിലും മനുഷ്യശരീരമാകുന്ന മഹായന്ത്രത്തില്‍ മൊത്തമായും സൃഷ്ടികര്‍ത്താവ് രോഗപ്രതിരോധത്തിനും രോഗശമനത്തിനും അതിസൂക്ഷ്മമായ റിപ്പെയറിനുമായി ചെയ്തുവെച്ച അനിതരമായ സംവിധാനങ്ങളെ വിലയിരുത്തുന്ന യാതൊരാള്‍ക്കും സൃഷ്ടികര്‍ത്താവിന്റെ ലക്ഷ്യം മനുഷ്യനെ രോഗിയാക്കുകയാണെന്നു പറയാന്‍ കഴിയില്ല. ഈ വസ്തുത ലളിതമായ രൂപത്തില്‍ ഗ്രഹിച്ചവരായിരുന്നു പ്രാചീന യുഗങ്ങളിലെ ചിന്താശീലര്‍. ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഇന്ന് നമുക്ക് ഈ വസ്തുതയുടെ ഒട്ടേറെ സൂക്ഷ്മാംശങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്നു. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് പൂര്‍ണതയോടും മികവോടും ഭദ്രതയോടും അഖണ്ഡതയോടും കൂടെത്തന്നെയാണെന്ന് മനസ്സിലാക്കാന്‍ ആധുനിക വിജ്ഞാനീയങ്ങളെല്ലാം മനുഷ്യനെ സഹായിക്കുന്നു.

വേദനയാകുന്ന കാവല്‍ഭടന്‍

നിഷേധാത്മകമായി ചിന്തിക്കുന്നവര്‍ ഏറെ പരാതിപ്പെടുന്നത് വേദനയെപ്പറ്റിയായിരിക്കും. ദൈവം കരുണാവാരിധിയാണെങ്കില്‍ എന്തിനാണ് ചില മനുഷ്യരെ കൊടുംവേദന അനുഭവിപ്പിക്കുന്നത് എന്ന ചോദ്യം ദൈവനിഷേധത്തിന് ഒരു നല്ല സ്റ്റാര്‍ട്ടിംഗ് പോയിന്റായി പലരും ഉന്നയിക്കുന്നു. എന്താണ് സത്യം? പടച്ച തമ്പുരാന്റെ അപാരമായ കാരുണ്യത്തിന്റെ ഉത്തമ നിദര്‍ശനമാണ് യഥാര്‍ഥത്തില്‍ വേദന എന്ന പ്രതിഭാസം. വേദന ഒട്ടും ഇല്ലാതായാല്‍ മനുഷ്യജീവിതം സന്തുഷ്ടമാകുമോ? എങ്കില്‍ കുഷ്ഠരോഗികളായിരിക്കണമല്ലോ ഏറ്റവും സന്തുഷ്ടര്‍! വിരലുകള്‍ ആരെങ്കിലും മുറിച്ചു കൊണ്ടുപോയാല്‍ പോലും അറിയാത്ത ഭാഗ്യവാന്മാര്‍!! ശരീരത്തിന്റെ ഏതൊരു ബിന്ദുവിലും പോറലേറ്റാല്‍ ഉടനെ അറിയുകയും ജാഗ്രത പുലര്‍ത്തുകയും രക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതിനായി പടച്ചതമ്പുരാന്‍ സംവിധാനിച്ച അനിതരമായ കമ്മ്യുണിക്കേഷന്‍ ശൃംഖലയുടെ സുപ്രധാന ഭാഗമാണ് വേദന. ആ നിലയില്‍ വേദന നമ്മുടെ വിശ്വസ്തനായ കാവല്‍ഭടനും സന്ദേശവാഹകനുമാകുന്നു. റിപ്പെയര്‍ ആവശ്യമുളള ഭാഗത്തേക്ക് അടിയന്തരസന്നാഹങ്ങള്‍ എത്തിക്കപ്പെടുന്നത് കേന്ദ്രനാഡീവ്യൂഹത്തില്‍ വേദനയുടെ സന്ദേശമെത്തിയതിനെത്തുടര്‍ന്നാണ്. റിപ്പെയര്‍ നടക്കുന്ന ഭാഗത്ത് നിതാന്ത ശ്രദ്ധചെലുത്താന്‍ മനുഷ്യനെ പ്രേരിതനാക്കുന്നത് വേദനയുടെ സന്ദേശമാണ്. ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും ഒരുപോലെ നമ്മുടെ കാവല്‍ഭടനായി വര്‍ത്തിക്കുകയും ബാഹ്യവും ആന്തരികവുമായ പരിക്കുകളെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന വേദനയെ കൊന്നു കുഴിച്ചുമൂടുന്നതാണ് പെയിന്‍ കില്ലര്‍. എന്തൊരു ദാക്ഷിണ്യമില്ലാത്ത പേര്! ആധുനികരില്‍ പലരും ഏറ്റവും എളുപ്പമുളള രോഗശമന ഉപാധിയായി കരുതുന്നത് പെയിന്‍ കില്ലറുകളെയാണ്. മുവ്വായിരംകോടി ആസ്പിരിന്‍ ഗുളികകളാണത്രെ അമേരിക്കന്‍ ജനത ഈ ‘കൊലപാതക’ത്തിന് ഒരു കൊല്ലത്തില്‍ ഉപയോഗിക്കുന്നത്. (ഈ കണക്ക് യു എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘സ്പാന്‍’ മാസികയുടേതാണ്). എന്നിട്ടും അമേരിക്കന്‍ ജനതയുടെ ഏറ്റവുംവലിയ പ്രശ്നം പലതരം വേദനകള്‍തന്നെ. വേദന നശിപ്പിക്കാന്‍വേണ്ടി വൈരാഗ്യബുദ്ധിയോടെ ഗുളികകള്‍ വാരിവിഴുങ്ങിയിട്ടും അവരെ കുഷ്ഠപോഗികളെപ്പോലെ വേദനയില്ലാത്ത അവസ്ഥയില്‍ പടച്ചവന്‍ ആക്കാത്തതിന് അവനോട് നന്ദിപറയാന്‍ അവര്‍ക്ക് സദ്‍ബുദ്ധിയുണ്ടാകുമോ?

അല്ലാഹുവിന്റെ കാരുണ്യത്തോട് എത്ര നന്ദിയില്ലാതെയാണ് മനുഷ്യന്‍ പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ വേദനയുടെ വിഷയം തന്നെമതി. ഒന്നാമതായി നാം ചെയ്യേണ്ടത് ശരീരത്തിന്റെ മൊത്തെ രക്ഷയ്ക്കായി വേദന എന്ന വാര്‍ത്താവിനിമയ വ്യവസ്ഥ സംവിധാനിച്ച അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കുകയാണ്. രണ്ടാമതായി, വേദന നല്‍കുന്ന സന്ദേശം ശരിക്ക് മനസ്സിലാക്കി സമുചിതമായി പ്രതികരിക്കുക. പലപ്പോഴും വളരെ ലളിതമായി കാര്യങ്ങളെ ആവശ്യമുണ്ടാകൂ. ഏതാനും ഗ്ലാസ് ശുദ്ധജലം കുടിക്കല്‍, അല്‍പം കൂടുതല്‍ പ്രാണവായു കുറച്ചു സമയത്തേക്ക് ഉള്‍ക്കൊള്ളല്‍, ഏതാനും മണിക്കൂര്‍ നേരത്തെ വിശ്രമം അല്ലെങ്കില്‍ ഉറക്കം, ഒരു രാത്രിയില്‍ കട്ടിയുളള ഭക്ഷണം വര്‍ജിക്കല്‍, മാനസിക സംഘര്‍ഷത്തിന് അല്പം അയവുവരുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ ചിലത് അടിയന്തരമായി വേണമെന്നായിരിക്കും വേദനയെന്ന വിശ്വസ്ത ദൂതന്‍ ആവശ്യപ്പെടുന്നത്. ആ ദൂതന്റെ ഭാഷയില്‍ ഏറെ ദുരൂഹതയോ ദുര്‍ഗ്രാഹ്യതയോ ഉണ്ടായിരിക്കയില്ല. കുറച്ച് വിഷഗുളികകള്‍ അടിയന്തരമായി വേണമെന്ന് ആ ദുതന്‍ ആവശ്യപ്പെടുകയില്ലെന്ന് ഉറപ്പാണ്. കാരണം, ആത്മഹത്യ ആ ദൂതന്റെ മാര്‍ഗമല്ല. വേദനയെ കൊന്നിട്ട് ‘ആത്മഹത്യ’ ചെയ്യാന്‍ ബുദ്ധിമോശംകൊണ്ട് വല്ലവനും കൊതിച്ചാല്‍പോലും കരുണാവാരിധിയായ അല്ലാഹു വേദനയെ പുനര്‍ജനിപ്പിക്കുകതന്നെ ചെയ്യും. മനുഷ്യന്റെ സുരക്ഷയ്ക്ക് വേദന അനുപേക്ഷ്യമാണെന്നതുതന്നെ കാരണം. ചിലപ്പോള്‍ വേദനയുടെ സന്ദേശം വളരെ വ്യക്തമായില്ലെന്നു വരാം. അപ്പോഴും നാം നിഷേധാത്മക നിലപാട് സ്വീകരിക്കരുത്. വേദനയുടെ യഥാര്‍ഥ കാരണം കണ്ടെത്തി പ്രശ്നം പരിഹരിക്കാനുളള ശ്രമം നടത്തണം. അതിനുപകരം വേദന എന്ന സന്ദേശം തന്നെ വരരുതെന്നു ശഠിക്കുന്നത് അടിയന്തര സന്ദേശങ്ങള്‍ വേണ്ടെന്നുവെച്ച് ടെലിഫോണ്‍ റിസീവര്‍ എടുത്തുമാറ്റുന്നതിന് തുല്യമായിരിക്കും.

ലഘു രോഗലക്ഷണങ്ങള്‍ സുരക്ഷയ്ക്ക്

വേദനയുടേതില്‍ നിന്ന് ഏറെ വ്യത്യസ്ഥമല്ല പല ലഘു രോഗലക്ഷണങ്ങളുടെയും കാര്യം. അവ യഥാര്‍ത്ഥത്തില്‍ രോഗങ്ങളായിരിക്കില്ല. ശരീരത്തിന്റെ സുരക്ഷയ്ക്കുളള യാന്ത്രികത സംവിധാന (ഡിഫന്‍സ് മെക്കനിസം)ത്തിന്റെ ഭാഗമായിരിക്കും. തുമ്മലും ചുമയും ജലദോഷപ്പനിയും തലവേദനയും ദഹനക്കേടിന്റെ ഫലമായ ഛര്‍ദിയും വയറിളക്കവും മറ്റും ഇതിന് ഉദാഹരണമാണ്. ഏതാനും മണിക്കൂറുകള്‍ കൊണ്ടോ ഒന്നോ രണ്ടോ ദിവസം കൊണ്ടോ ഭേദമാകുന്ന ഈ രോഗലക്ഷണങ്ങളെ ഗുരുതരമായ രോഗമായി പരിഗണിച്ച് വീര്യമുളള രാസൌഷധങ്ങള്‍കൊണ്ട് നേരിടുന്നത് വേദനാവധം പോലെത്തന്നെ ആത്മഹത്യാപരമായിരിക്കും. ഗുരുതരമായ രോഗങ്ങള്‍പോലും യഥാര്‍ഥത്തില്‍ ഡിഫന്‌‍സ് മെക്കനിസത്തിന്റെ സങ്കീര്‍ണമാക്കപ്പെട്ട അവസ്ഥാന്തരങ്ങളാകുന്നു. വേദനയുടെയും ലഘുരോഗങ്ങളുടെയും നേര്‍ക്കുളള നിഷേധാത്മക സമീപനങ്ങളും ഒട്ടേറെ നാഗരിക വൈകൃതങ്ങളും കൂടിച്ചേര്‍ന്നാണ് പല സങ്കീര്‍ണ രോഗങ്ങളും ആവിര്‍ഭവിക്കുന്നത്.

ജനിതക വൈകല്യങ്ങളും പാരമ്പര്യ രോഗങ്ങളും പോലും ദൈവത്തിന്റെ കൈക്കുറ്റപ്പാടായോ വിധിയുടെ ക്രൂരതയായോ ചിത്രീകരിക്കുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമത്രെ. തെറ്റായ ആഹാരവിഹാരങ്ങള്‍, ദുശ്ശീലങ്ങള്‍, പരിസ്ഥിതി ദൂഷണം, അണുപ്രസരം തുടങ്ങി വ്യക്തികളോ സമൂഹങ്ങളോ സൃഷ്ടിക്കുന്ന അപചയ (ഡീ ജനറേഷന്‍)ങ്ങളാണ് ജന്മനായുളള മിക്ക വൈകല്യങ്ങള്‍ക്കും പാരമ്പര്യരോഗങ്ങള്‍ക്കും നിമിത്തമാകുന്നത്. മനുഷ്യരുടെ അശ്രദ്ധമൂലമുളള അപകടങ്ങളും വൈകല്യങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഏതായാലും അല്ലാഹുവിന്റെ സൃഷ്ടികര്‍മത്തിലെ ന്യൂനതയല്ല വൈകല്യങ്ങള്‍ക്കു കാരണം. അവന്‍ ബീജവും അണ്ഡവും സൃഷ്ടിക്കുന്നതും അവ സംയോജിപ്പിക്കുന്നതും വൈകല്യങ്ങളില്ലാത്ത കുഞ്ഞ് രൂപം കൊള്ളുന്നതിന് വേണ്ടിതന്നെയാകുന്നു. വല്ല കാരണത്താലും വൈകല്യത്തോടെ ജീവിക്കേണ്ടിവരുന്നവര്‍ക്ക് കഴിവുകേടുകളെ മറികടക്കാന്‍ പര്യാപ്തമായ വിധത്തില്‍ പ്രത്യേക സാമര്‍ഥ്യമോ മറ്റനുഗ്രഹങ്ങളോ പരമകാരുണികന്‍ നല്‍കാറുണ്ടെന്ന കാര്യവും സ്മരണീയമാകുന്നു. നിഷേധാത്മകമായ ജീവിത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് മാത്രമേ വൈകല്യങ്ങള്‍ തികച്ചും പീഡാനുഭവമാകുന്ന അവസ്ഥ ഉണ്ടാകാറുള്ളൂ.


നുഅവലംബം: ആരോഗ്യത്തിന്റെ ദൈവശാസ്ത്രം

0
0
0
s2sdefault