Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്വുർആനും ശാസ്ത്രവും

നബുലകള്‍

എഴുതിയത്: ഡോ. പി.കെ. അബ്‍ദുറസാഖ് സുല്ലമി, M.A, Ph.D

Last Update: 2023 March 04, 12 Shaʻban, 1444 AH

അനേകകോടി കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന വാതകധൂളിപടലങ്ങളാണ് നെബുലകള്‍ (Nebulas). ചിലപ്പോള്‍ പ്രകാശവര്‍ഷങ്ങളോളം നീളത്തിലോ വിസ്തൃതിയിലോ പരന്ന് കിടക്കുന്ന നെബുലകളും ഉണ്ട്. മിക്കതിലും 70 മുതല്‍ 80 ശതമാനം വരെ ഹൈഡ്രജന്‍ വാതകം അടങ്ങിയിരിക്കും. ബാക്കി ഹീലിയവും അല്‍പം മറ്റു മൂലകങ്ങളും ഉണ്ടാവും.

നെബുലകള്‍ പലതരം ഉണ്ട്. നേര്‍ത്ത നെബുലകള്‍, അര്‍ദ്ധതാര്യതന്മാത്രാ മേഘങ്ങള്‍, ഭീമന്‍ തന്മാത്രാ മേഘങ്ങള്‍ എന്നിവ. ഇതില്‍ അവസാനം പറഞ്ഞ വിഭാഗത്തില്‍പ്പെട്ട Giant Molecular Clouds എന്നയിനം നെബുലകളുടെ ചെറിയ കാമ്പുകളിലാണ് നക്ഷത്രങ്ങള്‍ ജനിക്കുന്നത്. ഒരു നെബുലക്ക് ആയിരം മുതല്‍ ഒരു കോടി വരെ സൂര്യനുകള്‍ക്ക് തുല്യമായ ഭാരവും 600 വരെ പ്രകാശവര്‍ഷം വ്യാപ്തിയും ഉണ്ടാവാം. ഒരു പ്രകാശവര്‍ഷം എന്നാല്‍ ഒമ്പതരലക്ഷം കോടി കിലോമീറ്റര്‍ ആണെന്ന് ഓര്‍ക്കുക. ഇവയില്‍ നിന്നാണ് നക്ഷത്രങ്ങള്‍ രൂപംകൊള്ളുന്നത് എന്നാണ് ഇപ്പോഴത്തെ ശാസ്‍ത്ര നിഗമനം.

ജെയിംസ് ജീന്‍സ് എന്ന ബ്രിട്ടീഷ് അസ്ട്രോണമറാണ് നക്ഷത്രങ്ങള്‍ നെബുലകളില്‍ രൂപം കൊള്ളുന്ന സിദ്ധാന്തം ആവിഷ്കരിച്ചത്. ഈ സിദ്ധാന്തത്തില്‍ പല തരത്തിലുളള മാറ്റങ്ങളും പിന്നീട് ഉണ്ടായിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി ജീന്‍സിന്റെ സിദ്ധാന്തം തന്നെയാണ് നിലവിലുളളത്. സമീപത്തെങ്ങാനും സംഭവിച്ച ഒരു നക്ഷത്രത്തിന്റെ ഗുരുത്വ സമ്മര്‍ദ്ദം മതി നക്ഷത്രരൂപീകരണത്തിന് കാരണമാക്കുന്ന സങ്കോചം നെബുലകളില്‍ ഉണ്ടാവാന്‍. മുകളില്‍ നിന്ന് ഒരുവസ്തു താഴോട്ട് വീഴുന്നത് പോലെ, സങ്കോചം തുടങ്ങിയാല്‍ പിന്നെ നിലക്കുകയില്ല. സങ്കോചം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഗുരുത്വാകര്‍ഷണവും കൂടും. ഗുരുത്വപതനം അഥവാ Gravitational Collapse എന്നാണ് ഇത് അറിയപ്പെടുന്നത്. സങ്കോചത്തിന്റെ ആദ്യഘട്ടത്തില്‍ സാന്ദ്രത കൂടുമെങ്കിലും താപനിലകൂടുകയില്ല. കൂടുന്ന ചൂട് ഉടന്‍ തന്നെ വികിരണം ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ താപനില കൂടുകയില്ല. നെബുല ആദ്യഘട്ടത്തില്‍ സുതാര്യമാണ്. അതിലൂടെ പ്രകാശം കടന്നുപോകും. പിന്നീട് പ്രകാശത്തെ കടത്തിവിടാത്ത അതാര്യ വസ്തു Opaque ആവും. അപ്പോള്‍ അതിന് 150 കോടി കിലോമീറ്റര്‍ വരെ വ്യാസമുണ്ടാവും. ഈ അവസ്ഥയില്‍ അതിന് പ്രാഗ്‍നക്ഷത്രം അഥവാ Protostar എന്നാണ് അറിയപ്പെടുക. പിന്നീട് നെബുലയില്‍ ചൂട് കൂടുകയും സുതാര്യത (Transparency) കുറയുകയും ചെയ്യും. പിന്നീട് ഹൈഡ്രജന്‍ തന്മാത്രകള്‍ വേര്‍തിരിഞ്ഞ് ആറ്റങ്ങളാവും. പിന്നെ വലുപ്പം സൂര്യന്റെ 1.25 ഇരട്ടിയാവുകയും സങ്കോചത്തിന്റെ വേഗത കുറയുകയും ചെയ്യും. ഏകദേശം ഒരു കോടി വര്‍ഷങ്ങള്‍ കൊണ്ട് അതിന്റെ കാമ്പില്‍ ഹൈഡ്രജന്‍ ഫ്യൂഷന്‍ ഉണ്ടാവാന്‍ ആവശ്യമായ താപനില വര്‍ദ്ധിക്കും. ഓരോ നെബുലകളും സ്വയം തിരിയുന്നുണ്ട്.

നക്ഷത്രരൂപീകരണം നടന്നുകൊണ്ടിരിക്കുന്ന ഓറിയോണ്‍ നെബുലകളെക്കുറിച്ച് ഹബ്‍ള്‍ ടെലസ്കോപ്പിലൂടെ നടന്ന വിശദപഠനത്തില്‍ നിന്ന് ജീന്‍സിന്റെ സിദ്ധാന്തം ശരിയാണെന്ന് സ്ഥാപിക്കുന്നു. അല്ലാഹു പറഞ്ഞു: “അതിന് പുറമെ അവന്‍ (അല്ലാഹു) ആകാശത്തിന്റെ നേര്‍ക്ക് തിരിഞ്ഞു. അതൊരു പുകയായിരുന്നു” (സൂറഃ ഫുസ്സിലത്ത് 11)

നക്ഷത്രങ്ങള്‍ രൂപം കൊള്ളുന്നതിന് മുമ്പുളള അവസ്ഥ പുകയോട് സാമ്യമുളള നെബുലകള്‍ ആയിരുന്നുവെന്ന നിഗമനം ഈ ക്വുര്‍ആന്‍ വചനത്തിലെ ദുഖാന്‍ (പുക) എന്ന പദത്തോട് യോജിക്കുന്നു.

നെബുലാ സിദ്ധാന്തം കൊണ്ടുവന്നത് 1734ല്‍ Swedish Prof: Immanuel Borg ആണ്. ജെയിംസ് ജീന്‍സ് അതിന്റെ അടിസ്ഥാനത്തില്‍ നക്ഷത്രരൂപീകരണത്തിന്റെ പൊതുസിദ്ധാന്തം അവതരിപ്പിക്കുകയാണ് ചെയ്തത്.

പലകാരണങ്ങളാല്‍ നെബുലാസിദ്ധാന്തമാണ് ഇന്ന് ഏറെ സ്വീകാര്യം. നക്ഷത്രരൂപീകരണവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഈ സിദ്ധാന്തത്തിനേ കഴിയൂ. ഇത് ഒന്നുകൂടെ വിശദമാക്കാം. ചൊവ്വയുടെയും വ്യാഴത്തിന്റെയും വലുപ്പം, അതിനിടയില്‍ ആസ്ട്രോയ്ഡുകള്‍ എന്ന ഛിന്നഗ്രഹങ്ങള്‍ സൂര്യനില്‍നിന്ന് 45000 കോടി മുതല്‍ 15 ലക്ഷം കോടി കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഊര്‍ട്ട് ക്ലൌഡ് എന്ന വാതകപടലമേഘം, എന്നിവയെല്ലാം നെബുലകളില്‍നിന്ന് സൂര്യന്‍ എന്ന നക്ഷത്രം സൃഷ്ടിക്കപ്പെട്ടതിനുളള തെളിവുകളായി കരുതപ്പെടുന്നു. മാത്രമല്ല നെബുലയില്‍നിന്ന് സൂര്യന്‍ രൂപംകൊണ്ട ശേഷം ബാക്കി ദ്രവ്യങ്ങള്‍ ഘനീഭവിച്ച് അവസ്ഥമാറി ബുധന്‍ മുതല്‍ നെപ്‍ട്യൂണ്‍ വരെയുളള ഗ്രഹങ്ങളായിത്തീര്‍ന്നതായിരിക്കാം. ഇപ്പോഴും സൌരയുഥത്തിന്റെ അറ്റത്ത് പ്ലൂട്ടോയില്‍നിന്ന് 600 കോടി കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് തുടങ്ങുന്ന ഊര്‍ട്ട് ക്ലൌഡ് മേഖലയില്‍നിന്ന് ധൂമകേതുക്കള്‍ അഥവാ വാല്‍നക്ഷത്രങ്ങള്‍ ഉണ്ടാവുന്നുണ്ട്. ചുരുക്കത്തില്‍ ക്വുര്‍ആന്‍ പറഞ്ഞ ദുഖാന്‍ എന്ന പുകപടലത്തിന്റെ രൂപത്തിലുളള നെബുലകള്‍ എന്ന ആകാശദ്രവ്യത്തില്‍ നിന്നാണ് നക്ഷത്രങ്ങളും മറ്റുപല ഗോളങ്ങളും രൂപം കൊണ്ടത് എന്ന് അനുമാനിക്കാം (സൂക്ഷ്മമായ വിവരം അല്ലാഹുവിന്നറിയാം).

ദുഖാന്‍ എന്ന പ്രയോഗത്തിന് മറ്റൊരു വ്യാഖ്യാനവും കൂടി നല്‍കാവുന്നതാണ്. ബിഗ്ബാങ്ങ് തിയറിപ്രകാരം മഹാവിസ്ഫോടനത്തിന് ശേഷം ആദ്യത്തെ ഏതാനും സെക്കന്റുകളില്‍ പ്ലാസ്‍മ അവസ്ഥയിലായിരുന്ന പ്രപഞ്ചം പൂര്‍ണമായും അതാര്യം (Opaque) ആയിരുന്നു. മഹാവിസ്ഫോടനത്തിന് 3 ലക്ഷത്തി എണ്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യത്തെ ഹൈഡ്രജന്‍ ആറ്റം ഉണ്ടാവുന്നത്. ഈ ഘട്ടത്തെ റീകോമ്പിനേഷന്‍ (Re-Combination) എന്ന് പറയുന്നു. അതിനുശേഷം പ്രപഞ്ചം സുതാര്യ(Transparent)മായി പുകയോട് സാമ്യമുളളതാണ് ഈ അവസ്ഥ. പിന്നീടാണ് ആദ്യത്തെ നക്ഷത്രങ്ങളും ഗ്യാലക്സികളുമെല്ലാം ഉണ്ടാകുന്നത്. സൂറഃത്ത് ഫുസ്വിലത്തില്‍ ദുഖാന്‍ എന്ന ഘട്ടം പറഞ്ഞതിന് ശേഷമാണ് സമീപസ്ഥ ആകാശത്ത് നക്ഷത്രങ്ങളാല്‍ അലങ്കരിച്ച കാര്യം പറയുന്നത് എന്നത് ശ്രദ്ധേയമാണ്.

0
0
0
s2sdefault