ഖുര്‍ആന്‍ ഏറ്റവും വലിയ ദൃഷ്ടാന്തം
അവലംബം: വിശുദ്ധ ക്വുര്‍ആന്‍ വിവരണം, അമാനി മൌലവി
Last Update: 2023 January 05
നബിമാരുടെ നുബുവ്വത്തും, രിസാലത്തും (പ്രവാചകത്വവും, ദിവ്യ ദൗത്യവും) സ്ഥാപിക്കുന്നതിനും, ബലപ്പെടുത്തുന്നതിനും വേണ്ടി അവരുടെ കൈക്ക് അല്ലാഹു ചില മുഅ്ജിസത്തുകള്‍ (അമാനുഷിക ദൃഷ്ടാന്തങ്ങളും അസാധാരണ സംഭവങ്ങളും) വെളിപ്പെടുത്താറുണ്ട്. മൂസാ നബി(അ)യുടെ വടി, സ്വാലിഹ് നബി(അ)യുടെ ഒട്ടകം മുതലായവയും, മാറാവ്യാധികള്‍ സുഖപ്പെടുത്തുക, മണ്ണുകൊണ്ട് കുരുവികളുണ്ടാക്കി ഊതിപ്പറപ്പിക്കുക മുതലായവ ഈസാ നബി(അ)യുടെ കൈക്ക് വെളിപ്പെട്ടിരുന്നതും പ്രസ്തുത ദൃഷ്ടാന്തങ്ങളില്‍ പെട്ടവയത്രെ. അതാതു കാലദേശങ്ങളിലുള്ള ജനങ്ങളുടെ പക്വതക്കും, പരിതഃസ്ഥിതികള്‍ക്കും അനുസരിച്ച വിധത്തിലായിരുന്നു നബിമാരില്‍ നിന്ന് അവ പ്രത്യക്ഷപ്പെട്ടിരുന്നത്. ക്വുര്‍ആനില്‍ ഇതിന് ധാരാളം തെളിവുകളുണ്ട്. മുഹമ്മദ് നബി(സ.അ)യുടെ കൈക്കും ഇതുപോലെ പല ദൃഷ്ടാന്തങ്ങളും വെളിപ്പെടുകയുണ്ടായിട്ടുണ്ട്. മുന്‍കാല ചരിത്രസംഭവങ്ങള്‍ വിവരിക്കാറുള്ളതുപോലെ -അത്ര വ്യക്തവും വിശദവുമായ രൂപത്തില്‍- വര്‍ത്തമാനകാല സംഭവങ്ങളെപ്പറ്റി ക്വുര്‍ആന്‍ പ്രസ്താവിക്കാറില്ലെന്ന് മുമ്പ് പറഞ്ഞുവല്ലോ. അക്കൂട്ടത്തില്‍ നബി(സ.അ)യുടെ കൈക്ക് പ്രത്യക്ഷപ്പെട്ട അത്തരം ദിവ്യ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ക്വുര്‍ആന്‍ അധികമൊന്നും പ്രസ്താവിക്കാറില്ല. എങ്കിലും, ഹദീഥ് ഗ്രന്ഥങ്ങള്‍ വഴിയും, ചരിത്രഗ്രന്ഥങ്ങള്‍ വഴിയും, അതിന് ധാരാളം ഉദാഹരണങ്ങളും വേണ്ടത്ര തെളിവുകളും ലഭിക്കുന്നതാണ്. എന്നാല്‍ ഇങ്ങിനെയുള്ള ദൃഷ്ടാന്തങ്ങളൊന്നും തന്നെ, നബിമാരുടെ ഇച്ഛയനുസരിച്ചോ, അവര്‍ ആവശ്യപ്പെടുമ്പോഴോ ഉണ്ടാകുന്നതല്ല. അല്ലാഹു ഉദ്ദേശിക്കുന്നത് -അവന്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രം- അവരുടെ കൈക്ക് അവന്‍ വെളിപ്പെടുത്തുന്നു. അല്ലാഹു പറയുന്നു: ‘ഒരു റസൂലിനും അല്ലാഹുവിന്റെ സമ്മതപ്രകാരമല്ലാതെ, യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരുവാന്‍ നിവൃത്തിയില്ല’. (റഅ്ദ് : 38) ഈ വിധത്തിലുള്ള ദൃഷ്ടാന്തങ്ങള്‍, അതാത് നബിമാരുടെ കാലശേഷം നിലനില്‍ക്കത്തക്കവണ്ണം അവശേഷിക്കാറുമില്ല. അവരുടെ കാലം കഴിയുന്നതോടുകൂടി അവയും അവസാനിച്ചു പോകുന്നതാണ്.
മുഹമ്മദ് നബി(സ.അ) അന്ത്യപ്രവാചകനാണ്. അവിടുന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത് ലോകാവസാനം വരെയുള്ള എല്ലാ ജനങ്ങള്‍ക്കും റസൂലായിക്കൊണ്ടുമാണ്. അവിടുത്തെ ജനതയാകട്ടെ, സാഹിത്യ നിപുണന്മാരുമായിരുന്നു. ഭാവിതലമുറകളാണെങ്കില്‍, ബുദ്ധിയിലും, ശാസ്ത്രവിജ്ഞാന രംഗങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ഈ പരിതഃസ്ഥിതിയില്‍, നബി(സ.അ)യുടെ കൈക്ക് വെളിപ്പെടുന്ന ഏറ്റവും വലിയ ദൃഷ്ടാന്തം, ലോകാവസാനം വരെ നിലനില്‍ക്കുന്നതും, ഏതുകാലത്തും ദൈവിക ദൃഷ്ടാന്തമാണെന്ന് നിഷ്പക്ഷബുദ്ധികള്‍ വിധി കല്പിക്കുന്നതുമായിരിക്കണമല്ലോ. ആകയാല്‍, മറ്റേത് നബിമാരുടെ ദൃഷ്ടാന്തങ്ങളെക്കാളും- നബി(സ.അ)യുടെ കൈക്കുതന്നെ വെളിപ്പെട്ട ഇതര ദൃഷ്ടാന്തങ്ങളെക്കാളും-ഏറ്റവും മഹത്തായ ദിവ്യദൃഷ്ടാന്തമത്രെ വിശുദ്ധ ക്വുര്‍ആന്‍. ഈ യാഥാര്‍ത്ഥ്യം ഒരു വചനത്തില്‍ തിരുമേനി ഇപ്രകാരം വെളിപ്പെടുത്തുന്നു: “മനുഷ്യര്‍ക്കു വിശ്വസിക്കുവാന്‍ വേണ്ടുന്നത്ര ദൃഷ്ടാന്തങ്ങള്‍ നല്കപ്പെട്ടിട്ടില്ലാത്ത ഒരു നബിയും ഇല്ലതന്നെ. എനിക്ക് നല്കപ്പെട്ടിരിക്കുന്നത് അല്ലാഹു എനിക്ക് തന്നിട്ടുള്ള ‘വഹ്‌യ്’ തന്നെയാകുന്നു. അതുകൊണ്ട് ക്വിയാമത്ത് നാളില്‍ ഞാന്‍ അവരെക്കാള്‍ പിന്‍ഗാമികളുള്ളവനായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” (ബുഖാരി).
‘വഹ്‌യ്’ കൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശ്യം വിശുദ്ധ ക്വുര്‍ആനാണെന്ന് പറയേണ്ടതില്ല. നബി(സ.അ)യുടെ പ്രവാചകത്വം സ്ഥാപിക്കുന്നതിനുള്ള പ്രത്യേക ദൃഷ്ടാന്തം ക്വുര്‍ആന്‍ മാത്രമാണെന്ന് പറയുമ്പോള്‍, തിരുമേനിയുടെ കൈക്ക് വേറെ യാതൊരു അമാനുഷിക സംഭവവും വെളിപ്പെടുകയുണ്ടായിട്ടില്ല എന്ന് അതിനര്‍ത്ഥമില്ല. പക്ഷേ, അവയൊന്നും ക്വുര്‍ആനെ പോലെ ശത്രുക്കളെ വെല്ലുവിളിച്ചുകൊണ്ടുള്ള ദൃഷ്ടാന്തങ്ങള്‍ ആയിരുന്നില്ല. അവ അവിടുത്തെ പ്രവാചകത്വത്തെ ബലപ്പെടുത്തുന്ന സംഭവങ്ങള്‍ മാത്രമായിരുന്നു. മറ്റൊരു പ്രകാരത്തില്‍ പറഞ്ഞാല്‍ മൂസാ നബി(അ)ക്ക് അദ്ദേഹത്തിന്റെ കൈയും, വടിയും, സ്വാലിഹ് നബി(അ)ക്ക് ഒട്ടകവും ശത്രുക്കളെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രവാചകത്വ ദൃഷ്ടാന്തങ്ങളായിരുന്നു. അവ ബാഹ്യദൃഷ്ടി കൊണ്ട് തന്നെ മനസ്സിലാക്കാവുന്ന ദൃഷ്ടാന്തങ്ങള്‍ ആയിരുന്നുവെങ്കില്‍ നബി തിരുമേനി (സ.അ) യുടെ പ്രവാചകത്വം സ്ഥാപിക്കുന്നതിന് നിശ്ചയിക്കപ്പെട്ടത് ബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്ന ദൃഷ്ടാന്തം ആയിരുന്നു; അതത്രെ ക്വുര്‍ആന്‍.
മുന്‍പ്രവാചകന്മാരുടെതുപോലെയുള്ള ദൃഷ്ടാന്തങ്ങള്‍ നബി(സ.അ)ക്കു നല്‍കപ്പെടാത്തതിന്റെ കാരണം സൂ: ഇസ്‌റാഅ് 59-ാം വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ‘ദൃഷ്ടാന്തങ്ങളുമായി അയക്കുന്നതിനു നമ്മെ തടസ്സം ചെയ്തത് മുന്‍സമുദായങ്ങള്‍ അവയെ വ്യാജമാക്കിയതല്ലാതെ മറ്റൊന്നുമല്ല. ഥമൂദ് ഗോത്രത്തിന് കണ്ടറിയത്തക്ക ഒരു ദൃഷ്ടാന്തമായി ഒട്ടകത്തെ നാം നല്‍കി. എന്നിട്ട് അവര്‍ അതിനോട് അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്തുവാനല്ലാതെ നാം ദൃഷ്ടാന്തങ്ങളുമായി അയക്കാറില്ല’. മുന്‍സമുദായങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അവര്‍ അവയെ വ്യാജമാക്കുകയും, അങ്ങിനെ അല്ലാഹുവിങ്കല്‍ നിന്നുള്ള പൊതുശിക്ഷക്ക് അവര്‍ പാത്രീഭവിക്കുകയും ചെയ്തു. അതിന്നൊരു ഉദാഹരണമാണ് ഥമൂദ് ജനത. പ്രത്യക്ഷത്തില്‍ കണ്ടു മനസ്സിലാക്കാവുന്ന ഒരു ദൃഷ്ടാന്തമായിരുന്നു അവര്‍ക്ക് നല്‍കപ്പെട്ട ഒട്ടകം. എന്നിട്ടും അവര്‍ അവരുടെ പ്രവാചകനായ സ്വാലിഹ് നബി(അ)യെയും, ആ ദൃഷ്ടാന്തത്തെയും വ്യാജമാക്കുകയാണ് ചെയ്തത്. അവര്‍ ഒട്ടകത്തെ അക്രമിച്ചു ശിക്ഷക്കു വിധേയരായി. പ്രത്യക്ഷ ദൃഷ്ടാന്തങ്ങളയക്കുന്നത് ബുദ്ധി കുറഞ്ഞ ജനങ്ങളില്‍ ഭീതിയും, സംഭ്രമവും ജനിപ്പിച്ചു അവരെ സത്യത്തിലക്ക് വരുത്തുവാന്‍ വേണ്ടിയാണ് താനും. ബുദ്ധിയും ചിന്താശക്തിയും ഉള്ളവര്‍ക്ക് അത്തരം ദൃഷ്ടാന്തങ്ങളുടെ ആവശ്യമില്ല. ബുദ്ധിപരമായ ദൃഷ്ടാന്തങ്ങളായിരിക്കും അവര്‍ക്ക് യോജിച്ചത്. എന്നൊക്കെയാണ് ഈ വചനം മുഖേന അല്ലാഹു നമുക്ക് മനസ്സിലാക്കിത്തരുന്നത്.
സൂ: ഇസ്‌റാഇലെ ഈ ക്വുര്‍ആന്‍ വചനം തെളിവാക്കിക്കൊണ്ട് ചില തല്‍പര കക്ഷികളും, പുരോഗമനത്തിന്റെ പേരില്‍ ക്വുര്‍ആന്‍ വചനങ്ങള്‍ക്ക് പുത്തന്‍ വ്യാഖ്യാനം തേടിപ്പിടിക്കുന്ന ചില ആളുകളും നബി(സ.അ) തിരുമേനിയുടെ ക്വുര്‍ആന്‍ ഒഴിച്ചുള്ള എല്ലാ ‘മുഅ്ജിസത്ത്’കളെയും നിഷേധിക്കാറുണ്ട്. ക്വുര്‍ആനിനും, ഹദീഥിനും, ഇസ്‌ലാമിക ചരിത്ര ലക്ഷ്യങ്ങള്‍ക്കും തികച്ചും എതിരായ ഈ വാദത്തിന് ഈ വചനത്തില്‍ യാതൊരു ന്യായീകരണവുമില്ലെന്ന് അതിലെ വാചകങ്ങള്‍ കൊണ്ടു തന്നെ മനസ്സിലാക്കാം. മുഅ്ജിസത്ത് എന്ന വാക്ക് ക്വുര്‍ആനില്‍ ഉപയോഗിക്കാറില്ല. ‘ആയത്ത്’ എന്നാണ് അത് ഉപയോഗിക്കാറുള്ളത്. ഇതിന്റെ ബഹുവചനമാണ് ഈ വചനത്തിലും മറ്റും കാണുന്ന ‘ആയാത്ത്’ എന്ന വാക്ക്. ‘അടയാളം, ദൃഷ്ടാന്തം, ലക്ഷ്യം’ എന്നൊക്കെയാണ് ഈ വാക്കിന്റെ അര്‍ത്ഥം. മുഅ്ജിസത്തിന്റെ ഇനത്തില്‍ പെട്ടതും അല്ലാത്തതുമായ പലതരം ദൃഷ്ടാന്തങ്ങളെക്കുറിച്ചും ക്വുര്‍ആനില്‍ ‘ആയത്ത്’ എന്നു പറഞ്ഞിരിക്കുന്നത് കാണാം. (2:164, 252, 259; 13:1; 19:10, 21; 24:18; 26:128 മുതലായവ നോക്കുക). അക്കൂട്ടത്തില്‍, നബിമാരുടെ പ്രവാചകത്വം സ്ഥാപിക്കുന്നതിനുള്ള പ്രത്യക്ഷ ദൃഷ്ടാന്തങ്ങളെക്കുറിച്ചും അത് ‘ആയത്ത് ‘എന്നു പറഞ്ഞിരിക്കുന്നു. മൂസാ നബി(അ)യെ റസൂലായി നിയോഗിച്ചേപ്പാള്‍ അദ്ദേഹത്തിന്റെ കൈയും വടിയും അദ്ദേഹത്തിന്റെ സത്യതക്കുള്ള പ്രത്യേക ദൃഷ്ടാന്തമായി അല്ലാഹു നിശ്ചയിച്ചുകൊടുത്തതിനെപ്പറ്റി സൂ:ത്വാഹാ 23ലും, സ്വാലിഹ് നബി(അ)യുടെ സമുദായമായ ഥമൂദ് ഗോത്രം അദ്ദേഹത്തിന്റെ സത്യതക്ക് ദൃഷ്ടാന്തം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ദൃഷ്ടാന്തമായി ഒട്ടകത്തെ നല്‍കിയതിനെപറ്റി സൂ: ശുഅറാഅ് 154 ലും പ്രസ്താവിച്ചിട്ടുള്ളത് ഇതിന് ഉദാഹരണമാകുന്നു.
ഈ ഒടുവില്‍ പറഞ്ഞതരത്തിലുള്ള -പ്രവാചകത്വം സ്ഥാപിക്കുന്നതിനുള്ള പ്രത്യക്ഷ ദൃഷ്ടാന്തങ്ങളുടെ ഇനത്തില്‍പെട്ട- ദൃഷ്ടാന്തങ്ങളുമായി നബി തിരുമേനി(സ.അ)യെ അയക്കാതിരിക്കുവാനുള്ള കാരണമത്രെ അല്ലാഹു മുന്‍ വചനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് -വേറെ വചനങ്ങളിലുള്ളതുപോലെ- ‘ദൃഷ്ടാന്തങ്ങള്‍ നല്‍കുക’ എന്നോ ‘കൊണ്ടുവരുക’ എന്നോ മറ്റോ പറയാതെ ‘ദൃഷ്ടാന്തങ്ങളുമായി അയക്കുക’ എന്ന് ഇവിടെ ഉപയോഗിച്ചിരിക്കുന്നതും. മാത്രമല്ല, മുന്‍ സമുദായങ്ങള്‍ കളവാക്കിയതുകൊണ്ടാണ് നബി(സ.അ)യെ ദൃഷ്ടാന്തങ്ങളുമായി അയക്കാതിരുന്നതെന്ന് പറഞ്ഞതോടൊപ്പംതന്നെ, ഥമൂദ് ഗോത്രത്തിന് കണ്ടറിയാവുന്ന (പ്രത്യക്ഷമായ) ഒരു ദൃഷ്ടാന്തമായി ഒട്ടകത്തെ നല്‍കിയെന്നും അവരതിനെ അക്രമിച്ചുവെന്നും അല്ലാഹു പറഞ്ഞു. നബി(സ.അ)ക്കു നല്‍കപ്പെടാതിരുന്നിട്ടുള്ള ദൃഷ്ടാന്തങ്ങള്‍ ഇത്തരത്തിലുള്ള ദൃഷ്ടാന്തങ്ങളാണ് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അല്ലാത്തപക്ഷം ഒട്ടകത്തിന്റെ ഉദാഹരണത്തിന് ഇവിടെ പ്രസക്തിയില്ല. ഒട്ടകത്തെപ്പറ്റി ‘കാണത്തക്കത്’ എന്നു വിശേഷിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമാകുന്നു. ഈ വചനത്തിന്റെ അവസാനത്തില്‍ ‘ഭയപ്പെടുത്തുവാനായിട്ടല്ലാതെ നാം ദൃഷ്ടാന്തങ്ങളുമായി അയക്കാറില്ല’ എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. പ്രത്യക്ഷത്തില്‍ അറിയാവുന്നതും ശത്രുക്കളെ വെല്ലുവിളിക്കുന്നതും, നിഷേധിക്കുന്നവര്‍ക്കു ശിക്ഷയെക്കുറിച്ച് താക്കീതോടുകൂടിയതുമായ പ്രത്യക്ഷ ദൃഷ്ടാന്തങ്ങളാണ് ഇവിടെ ഉദ്ദേശ്യമെന്ന് ഈ വാക്യവും കാണിക്കുന്നു. അല്ലാത്ത പക്ഷം, ഭയപ്പെടുത്തലിന് സ്ഥാനമില്ലല്ലോ.
ചുരുക്കിപ്പറഞ്ഞാല്‍, നബി തിരുമേനി(സ.അ)യില്‍ നിന്ന് ക്വുര്‍ആന്‍ അല്ലാത്ത യാതൊരു ‘മുഅ്ജിസത്തും’ വെളിപ്പെട്ടിട്ടില്ലെന്നോ, വെളിപ്പെടുവാന്‍ നിവൃത്തിയില്ലെന്നോ ഈ വചനത്തില്‍- മറ്റു ക്വുര്‍ആന്‍ വചനങ്ങളിലും- പ്രസ്താവിച്ചിട്ടില്ല. മുന്‍ പ്രവാചകന്മാരുടെ ദിവ്യദൗത്യങ്ങള്‍ സ്ഥാപിക്കുന്നതിനു വേണ്ടി അവരെ ചില പ്രത്യക്ഷ ദൃഷ്ടാന്തങ്ങളോടുകൂടി അയക്കാറുണ്ടായിരുന്നതുപോലെ, നബി തിരുമേനി(സ.അ)യെ അത്തരം ദൃഷ്ടാന്തങ്ങളുമായി അല്ലാഹു അയച്ചിട്ടില്ലെന്നും, മുന്‍സമുദായങ്ങള്‍ ചെയ്തതുപോലെ, ആ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കി ഈ സമുദായം ശിക്ഷക്കു പാത്രമാകാതിരിക്കാനാണ് അങ്ങിനെ അയക്കാതിരുന്നതെന്നുമാണ് ഈ വചനം മുഖേന അല്ലാഹു അറിയിക്കുന്നത്. നബി(സ.അ)യുടെ പ്രവാചകത്വത്തെ സ്ഥാപിക്കുന്നതിന് (ക്വുര്‍ആന്‍പോലെ) ബുദ്ധിപരമായ ദൃഷ്ടാന്തങ്ങള്‍ നബി(സ.അ)ക്ക് നല്‍കപ്പെട്ടിട്ടുള്ളതിനോ, ആ പ്രവാചകത്വത്തെ കൂടുതല്‍ ബലപ്പെടുത്തുമാറുള്ള വല്ല മുഅ്ജിസത്തുകളും തിരുമേനിയില്‍ നിന്ന് അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ച് വെളിപെട്ടിട്ടുള്ളതിനോ ഈ ക്വുര്‍ആന്‍ വചനം ഒട്ടും എതിരാകുന്നില്ല. ഈ ക്വുര്‍ആന്‍ വചനത്തെയും, മറ്റു ചില വചനങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്യുകയും, നിരാക്ഷേപം സ്ഥാപിതമായ പല ഹദീഥുകളെയും പ്രബലമായ പല ചരിത്ര രേഖകളെയും കണ്ണടച്ചു നിഷേധിക്കുകയും ചെയ്തുകൊണ്ടല്ലാതെ, നബി തിരുമേനി(സ.അ)യുടെ മുഅ്ജിസത്തുകളെ നിഷേധിക്കുവാന്‍ ആര്‍ക്കും സാധ്യവുമല്ല. പക്ഷേ, കഥാഗ്രന്ഥങ്ങളിലും മറ്റും കാണുന്നതും, പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലിരിക്കുന്നതുമായ അനേകം മുഅ്ജിസത്തുകള്‍ വ്യാജനിര്‍മിതവും അടിസ്ഥാനരഹിതവുമാണെന്നത് പരമാര്‍ത്ഥമാകുന്നു. ഇക്കാരണത്താല്‍, അനിഷേധ്യമായ തെളിവുകളോടുകൂടി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള എല്ലാ അസാധാരണ സംഭവങ്ങളെയും അടിയോടെ നിഷേധിക്കുന്നത് ന്യായമല്ലല്ലോ. ന്യായമല്ലെന്നു മാത്രമല്ല അത് അനിസ്‌ലാമികമാണ്; ധിക്കാരം കൂടിയാണ്.