ഇഖ്റഅ് (നീ വായിക്കുക!)
അമാനി മൌലവി(റഹി)
Last Update: 2023 April 22, 01 Shawwal, 1444 AH
“സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ ഓതുക. മനുഷ്യനെ അവന്‍ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. ഓതുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ (അഥവാ മാന്യന്‍) ആകുന്നു. പേന കൊണ്ട് പഠിപ്പിച്ചവനാണ്. (അതെ) മനുഷ്യന് അവന്‍ അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.” (അല്‍അലഖ് 1-5)
നബി(സ്വ) തിരുമേനിക്ക് ഒന്നാമതായി അവതരിച്ച ഖുര്‍ആന്‍ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ സൂറത്ത്. തിരുമേനിക്ക് പ്രവാചകത്വം സിദ്ധിച്ചതും അതോട് കൂടിയാണ്. ഇമാം അഹ്‌മദ്, ബുഖാരി, മുസ്‌ലിം (റഹി) മുതലായവര്‍ ആയിശ (റ)യില്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ള ആ സംഭത്തിന്റെ സംഗ്രഹം ഇപ്രകാരമാകുന്നു: ‘റസൂല്‍ (സ്വ) തിരുമേനിക്ക് ആദ്യം ഉണ്ടായത് യഥാര്‍ത്ഥമായിപ്പുലരുന്ന സ്വപ്നങ്ങള്‍ കാണലായിരുന്നു. പിന്നീട് ജനങ്ങളില്‍ നിന്നും ഒഴിവായിരിക്കുവാന്‍ ആഗ്രഹം തോന്നി. അങ്ങനെ, അവിടെ നിന്ന് ഹിറാമലയിലെ ഗുഹയില്‍ ചെന്ന് കുറെ ദിവസങ്ങളോളം വീട്ടിലേക്ക് വരാതെ അവിടെ ആരാധന നടത്തികൊണ്ടിരിക്കുമായിരുന്നു. കൊണ്ടുപോയ ഭക്ഷണ സാധനങ്ങള്‍ തീരുമ്പോള്‍ വീണ്ടും ഖദീജ (റ) യുടെ അടുക്കല്‍വന്ന് അത്ര നാളത്തേക്കുള്ള ഭക്ഷണം കൊണ്ടുപോകും. ഇങ്ങനെ, ഒരുദിവസം പെട്ടന്ന് ഗുഹയില്‍വെച്ച് ആ യഥാര്‍ത്ഥം സംഭവിച്ചു. മലക്ക് വന്ന് ഞാന്‍ ജിബ്രീലാണെന്നും, താങ്കള്‍ ഈ സമുദായത്തിലേക്ക് അല്ലാഹുവിന്റെ റസൂലാണെന്നും സന്തോഷവാര്‍ത്ത അറിയിച്ചു. അനന്തരം മലക്ക് ‘ഓതുക (ഇഖ്റഅ്)’ എന്ന് പറഞ്ഞു. തിരുമേനി പറഞ്ഞു: ‘ഞാന്‍ ഓതുന്നവനല്ല’. തിരുമേനി പറയുകയാണ്: ‘അപ്പോള്‍, എനിക്ക് വിഷമം അനുഭവപ്പെടുമാറ് മലക്ക് എന്നെ കൂട്ടിപ്പിടിച്ചു. പിന്നീട് എന്നെ വിട്ടുകൊണ്ട് ഓതുക എന്ന് വീണ്ടും പറഞ്ഞു. ഞാന്‍ ഓതുന്നവനല്ല (എനിക്ക് ഓതാന്‍ അറിഞ്ഞുകൂടാ) എന്ന് ഞാനും പറഞ്ഞു. രണ്ടാമതും മൂന്നാമതും അദ്ദേഹം അങ്ങിനെ എന്നെ കൂട്ടിപ്പിടിച്ചു വിടുകയുണ്ടായി. എന്നിട്ട് ഇഖ്റഅ് ബിസ്മി ... എന്നീ (1 മുതല്‍ 5 കൂടി) വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചുതന്നു’.
അനന്തരം തിരുമേനി വിറച്ച് കൊണ്ട് വീട്ടില്‍ ചെന്ന്. ‘എനിക്ക് വസ്ത്രമിട്ട് പുതച്ചു തരുവിന്‍, പുതച്ചു തരുവിന്‍’ എന്ന് പറഞ്ഞു. പരിഭ്രമം നീങ്ങിയപ്പോള്‍ ഖദീജ: (റ) യോട് വിവരം പറഞ്ഞു. അവര്‍ ഇങ്ങനെ സമാധാനിപ്പിച്ചു: ‘പേടിക്കേണ്ട! സന്തോഷപ്പെട്ടുകൊള്ളുക. അല്ലാഹു അങ്ങയെ ഒരിക്കലും അപമാനപെടുത്തുകയില്ല. അവിടുന്ന് കുടുംബബന്ധം പാലിക്കുകയും, അന്യരുടെ ഞെരുക്കം ഏറ്റെടുക്കുകയും, ഇല്ലാത്തവന് സഹായം നല്‍കുകയും, അതിഥികളെ സല്‍കരിക്കുകയും, വേണ്ടപ്പെട്ട കാര്യങ്ങളില്‍ സഹായസഹകരണം ചെയ്യുകയും ചെയ്യുന്ന ആളാണല്ലോ.’ പിന്നീട് ഖദീജ (റ) തിരുമേനിയെയും കൊണ്ട് തന്റെ പ്രിതൃവ്യപുത്രനും വയോധികനുമായ വറഖത്തുബ്നു നൗഫലിന്റെ അടുക്കല്‍ പോയി. അദ്ദേഹം നസ്രാനി (ക്രിസ്തു മതം സ്വീകരിച്ചവന്‍) ആയിട്ടുണ്ടായിരുന്നു. അദ്ദേഹം അറബി എഴുതുകയും, ഇഞ്ചീലില്‍ നിന്ന് ചില ഭാഗങ്ങള്‍ അറബി ഭാഷയില്‍ എഴുതി എടുക്കുകയും ചെയ്യുമായിരുന്നു. തിരുമേനി കണ്ട വര്‍ത്തമാനം അദ്ദേഹത്തെ അറിയിച്ചു. അത് കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അത് മൂസ (അ) നബിയുടെ അടുക്കല്‍ വരാറുണ്ടായിരുന്ന ആ മഹാദൂതനത്രേ. താങ്കളെ താങ്കളുടെ ജനത പുറത്താക്കുന്ന അവസരത്തില്‍ ഞാന്‍ ജീവനോടിരിക്കുന്നുണ്ടെങ്കില്‍ നന്നായിരുന്നു!’ തിരുമേനി ചോദിച്ചു: ‘അവര്‍ എന്നെ പുറത്താക്കുമോ! അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ കൊണ്ടുവന്നതുപോലെയുള്ള കാര്യവുമായി വരുന്ന ആരും തന്നെ ഉപദ്രവിക്കപ്പെടാതിരിക്കയില്ല. ഞാന്‍ അന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ താങ്കള്‍ക്ക് ഞാന്‍ ശക്തിമത്തായ സഹായം ചെയ്യുമായിരുന്നു’. അധികം താമസിയാതെ വറഖത്തു മരണമടയുകയാണ് ഉണ്ടായത്…..’ (അഹ്‍മദ്; ബുഖാരി; മുസ്‍ലിം.)
ഈ സൂറത്തിലെ ആദ്യത്തെ അഞ്ചു വചനങ്ങളാണ് നബി (സ്വ) ക്ക് ഒന്നാമതായി അവതരിച്ച ഖുര്‍ആന്‍ വചനങ്ങളെന്ന് ഇതില്‍ നിന്നും വ്യക്തമായല്ലോ. പിന്നീട്, പ്രബോധനം ആരംഭിക്കുകയും, ഖുറൈശികളുടെ നിഷേധം മുഴുത്തുവരികയും ചെയ്തപ്പോഴാണ് ബാക്കിഭാഗം അവതരിച്ചതെന്നാണ് മനസ്സിലാകുന്നത്. ആദ്യവചനങ്ങളുടെയും പിന്നീടുള്ള വചനങ്ങളുടേയും ഉള്ളടക്കംകൊണ്ട് ഇത് മനസ്സിലാക്കാവുന്നതാണ്.
വിശുദ്ധ ഖുര്‍ആനാകുന്ന വേദഗ്രന്ഥം ഓതിത്തുടങ്ങുവാനുള്ള കല്‍പനയാണിത്. ഓത്ത് ആരംഭിക്കുന്നത് അല്ലാഹുവിന്റെ നാമത്തിലായിരിക്കണമെന്നും കല്‍പ്പിക്കുന്നു. എല്ലാ സൃഷ്ടികളേയും സൃഷ്ടിച്ചതിനെക്കുറിച്ച് ആദ്യം പൊതുവില്‍ പ്രസ്താവിച്ചശേഷം മനുഷ്യനെ രക്തക്കട്ടയില്‍ നിന്നും സൃഷ്ടിച്ചതിനെ പ്രത്യേകം എടുത്ത് പറഞ്ഞ് അവന്റെ ഉല്‍ഭവത്തെപറ്റി ചിന്തിപ്പിക്കുന്നു. അങ്ങിനെ, അവനെ സൃഷ്ടിച്ചുണ്ടാക്കിയ അതേ റബ്ബ് തന്നെയാണ് ഈ വേദഗ്രന്ഥം അവതരിപ്പിക്കുവാന്‍ പോകുന്നതെന്നും, അതിനാല്‍ അവന്റെ സൃഷ്ടിയും അവന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ നിലകൊള്ളുന്നവനുമായ മനുഷ്യന്‍ അതിനെ സ്വാഗതം ചെയ്യേണ്ടതുണ്ടെന്നും സൂചിപ്പിക്കുന്നു. അനന്തരം, വേദഗ്രന്ഥം പാരായണം ചെയ്യാന്‍ ഒന്ന് കൂടി കല്‍പിച്ചുകൊണ്ട് ആ രക്ഷിതാവ് ഏറ്റവും ഉദാരനായ അതിമാന്യനാണെന്ന് ഓര്‍മിപ്പിക്കുന്നു. അതെ, അവന്റെ ഔദാര്യവും മാന്യതയും നിമിത്തമാണ് ഈ വേദഗ്രന്ഥം നല്‍കുന്നതും, പേന കൊണ്ട് മനുഷ്യര്‍ക്ക് പഠിക്കുമാറാക്കിയതും, അവര്‍ക്കറിഞ്ഞുകൂടാത്ത എത്രയോ കാര്യങ്ങള്‍ അവര്‍ക്ക് പഠിപ്പിച്ചതും.
മനുഷ്യന് അറിവ് സമ്പാദിക്കുവാന്‍ മാര്‍ഗങ്ങള്‍ പലതും അല്ലാഹു നിശ്ചയിച്ചുകൊടുത്തിട്ടുണ്ടെങ്കിലും അവയില്‍ മുഖ്യമായ ഒന്നത്രേ എഴുത്തും വായനയും ശീലിക്കുവാനുള്ള ഉപകരണമാകുന്ന പേന. വേദഗ്രന്ഥത്തില്‍ ഒന്നാമതായി അവതരിച്ച ദിവ്യസന്ദേശത്തില്‍ വേദഗ്രന്ഥം വായിക്കുവാന്‍ കല്‍പിക്കുന്നതോടൊപ്പം തന്നെ പേനയുടെ കാര്യം എടുത്തുപറഞ്ഞിരിക്കുന്നതോര്‍ക്കുമ്പോള്‍, എഴുത്തിനും വായനക്കും സത്യവിശ്വാസികള്‍ എത്രമാത്രം വില കല്‍പിക്കേണ്ടതുണ്ടെന്നു അനുമാനിക്കാമല്ലോ. ഖത്താദഃ (റ)യില്‍ നിന്ന് നിവേദനം ചെയ്യപെട്ട ഒരു ചെറുവാക്യത്തില്‍ പേനയുടെ പ്രാധാന്യം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്: ‘പേന അല്ലാഹുവില്‍ നിന്നുള്ള ഒരു അനുഗ്രഹമാണ്. അതില്ലായിരുന്നു എങ്കില്‍ ഒരു മതവും നിലനില്‍ക്കയില്ല; ഒരു ജീവിതവും നന്നായിത്തീരുകയുമില്ല.’ മതദൃഷ്ട്യാ നോക്കുമ്പോള്‍, എഴുത്തും വായനയും അഭ്യസിക്കുന്നതിന് ഇസ്ലാമിനോളം സ്ഥാനം കല്‍പിക്കുന്ന മറ്റൊരു മതം ഇല്ലെന്ന് തീര്‍ച്ചയാണ്.
സന്ദര്‍ഭവശാല്‍ ഒരു വസ്തുത ഇവിടെ ഉണര്‍ത്തിക്കൊള്ളട്ടെ. ‘എഴുത്തും വായനയും’ എന്ന് പറയുമ്പോള്‍ ഇന്ന് മുസ്ലിംകളില്‍തന്നെ മിക്കവരുടെയും ഹൃദയത്തില്‍ ഖുര്‍ആനെക്കുറിച്ചോ അതിന്റെ ഭാഷയായ അറബിയെക്കുറിച്ചോ ഓര്‍മ്മ വരാറില്ല. പ്രാദേശിക ഭാഷകളോ, മാതൃഭാഷയോ, അല്ലെങ്കില്‍ പൊതുരംഗത്ത് പ്രചാരത്തില്‍ ഇരിക്കുന്ന ചില ഭാഷകളും കൂടിയോ മാത്രമേ അവരുടെ ആലോചനക്ക് വിഷയമാകുന്നുള്ളൂ. ഇതേ ഖുര്‍ആന്‍ വാക്യങ്ങളും മറ്റും ഉദ്ധരിച്ചുകൊണ്ടുതന്നെ അങ്ങിനെയുള്ളവര്‍ അക്ഷരജ്ഞാനത്തെക്കുറിച്ച് പ്രസംഗങ്ങളും മറ്റും നടത്തിയേക്കുകയും ചെയ്യും. വാസ്തവത്തില്‍ മാതൃഭാഷയിലും ജീവിതത്തില്‍ അതത് കാലത്ത് അത്യാവശ്യമായി തീരുന്ന ഇതരഭാഷകളിലും അക്ഷരജ്ഞാനം കരസ്ഥമാക്കുന്നതിന്റെ ആവശ്യകത വിസ്മരിച്ചുകൂടാ. അതേസമയത്തു മുസ്ലിംകളെന്ന നിലക്ക് മുസ്ലിംകള്‍ അതിനെക്കാളേറെ പരിഗണന നല്‍കേണ്ടത് ഖുര്‍ആനിനും അതിന്റെ ഭാഷക്കുമാണ്. ഖുര്‍ആനിന്റെ അക്ഷരങ്ങള്‍ നോക്കിവായിക്കുവാന്‍ മാത്രം പഠിച്ച് തൃപ്തി അടയുകയും, അതിന്റെ അര്‍ത്ഥത്തെയും ഭാഷയെയും സംബന്ധിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ഇന്ന് ഭൂരിഭാഗം മുസ്ലിംകളും എന്നത് വളരെ ഖേദകരമത്രേ. അറബി ഭാഷയുടെ പ്രചാരകന്മാരായി ഇക്കാലത്ത് രംഗപ്രവേശനം ചെയ്തിട്ടുള്ളവരില്‍ പോലും അതൊരു ലോകഭാഷയെന്നോ, സാഹിത്യഭാഷയെന്നോ ഉള്ള നിലക്കല്ലാതെ, ഖുര്‍ആനിന്റെയും ഇസ്ലാമിന്റെയും ഭാഷയെന്ന നിലക്ക് അതര്‍ഹിക്കുന്ന സ്ഥാനം നല്‍കാത്തവരുണ്ടെന്നുള്ളതും ഇക്കാലത്ത് ദുഃഖകരമായ ഒരു പരമാര്‍ത്ഥമാകുന്നു.
അവലംബം: സൂറഃ അല്‍അലഖ് വ്യാഖ്യാനത്തില്‍ നിന്നും സംഗ്രഹിച്ചത്