മതനിയമങ്ങളും അനുഷ്ഠാനമുറകളും

അവലംബം: വിശുദ്ധ ക്വുര്‍ആന്‍ വിവരണം, അമാനി മൌലവി

Last Update: 2023 January 05

കാലദേശ വ്യത്യാസമില്ലാതെ, സകല ജനങ്ങള്‍ക്കും റസൂലായി നിശ്ചയിക്കപ്പെട്ട അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്വ്ത്വഫാ(സ്വ) മുഖേന ലോകരക്ഷിതാവ് നല്‍കിയ നിയമസംഹിതയാണ് ഇസ്‌ലാം ശരീഅത്ത്. അതിന്റെ മൂലപ്രമാണമാണ് ക്വുര്‍ആന്‍. ആ നിയമ സംഹിത മനുഷ്യവര്‍ഗത്തിന്റെ ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതും, ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്നതുമായിരിക്കണം. അതിന്റെ മൂലപ്രമാണം അതിനു തക്കവണ്ണം സാര്‍വ്വജനീനവും, സാര്‍വ്വത്രികവുമായിരിക്കുകയും വേണം. അങ്ങിനെത്തന്നെയാണുള്ളതും (അല്‍ഹംദു ലില്ലാഹ്). അല്ലാഹു പറയുന്നത് നോക്കുക: ‘എല്ലാ കാര്യങ്ങള്‍ക്കും വിവരണമായിക്കൊണ്ടും, മുസ്‌ലിംകള്‍ക്ക് മാര്‍ഗദര്‍ശനവും, കാരുണ്യവും, സന്തോഷവാര്‍ത്ത യുമായിക്കൊണ്ടും നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു’ (സൂ: നഹ്ല്‍ 89). എന്നാല്‍, ലോകാവസാനം വരെയുള്ള മനുഷ്യരില്‍ നവംനവങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ കാര്യവും തൊട്ടെണ്ണി അവക്ക് പ്രത്യേകം പ്രത്യേകം വിധി നിര്‍ണയിക്കുക എന്നുള്ളത് -അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമല്ലെങ്കിലും – മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റുവാങ്ങുക അസാധ്യമായിരിക്കുന്നതാണ്. അത് യുക്തിക്കും, മനുഷ്യ പ്രകൃതിക്കും അനുയോജ്യമായിരിക്കയുമില്ല. ആകയാല്‍, ഒരു സാര്‍വ്വലൗകിക മതഗ്രന്ഥവും, സാര്‍വ്വജനീനമായ നിയമസംഹിതയും -അഥവാ ഒരു ലോകഭരണഘടന- എന്ന നിലക്ക് ക്വുര്‍ആന്‍ സ്വീകരിച്ചിട്ടുള്ള നയം സാമാന്യമായി ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്:-

(1) വിവിധ തുറകളിലുള്ള പലകാര്യങ്ങളെ കുറിച്ചും അവയുടെ മതവിധി ഇന്നതാണെന്ന് അത് വ്യക്തമായി പ്രസ്താവിച്ചു. പലതിന്റെയും അനുഷ്ഠാനക്രമങ്ങള്‍ പ്രത്യേകം വ്യക്തമാക്കുകയും ചെയ്തു.

(2) വ്യക്തമായ ഭാഷയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത എല്ലാ ഭാഗങ്ങളും- വചനം മൂലവും പ്രവൃത്തി മൂലവും- വിവരിച്ചു കൊടുക്കുവാന്‍ അത് നബി(സ്വ)യെ ചുമതലപ്പെടുത്തി. നബി(സ്വ)യോട് അല്ലാഹു ഇപ്രകാരം പറഞ്ഞു: ‘ജനങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിനെ നീ അവര്‍ക്ക് വിവരിച്ചുകൊടുക്കുവാന്‍ വേണ്ടി നാം നിനക്ക് ഉല്‍ബോധനം -ക്വുര്‍ആന്‍- ഇറക്കിത്തന്നിരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടിയും’ (നഹ്ല്‍:44). നബി (സ്വ) തിരുമേനി എന്ത് കാണിച്ചുതന്നുവോ, അതെല്ലാം സ്വീകരിക്കണമെന്നും, അവിടുന്നു എന്ത് നിരോധിച്ചുവോ അതെല്ലാം വര്‍ജ്ജിക്കണമെന്നും അവന്‍ നമ്മോടും കല്പിച്ചു. ‘റസൂല്‍ നിങ്ങള്‍ക്ക് എന്ത് കൊണ്ടുതന്നുവോ അത് നിങ്ങള്‍ എടുത്തുകൊള്ളുവിന്‍, അദ്ദേഹം നിങ്ങളോട് ഏതൊന്നിനെക്കുറിച്ച് വിരോധിച്ചുവോ അതില്‍ നിന്ന് നിങ്ങള്‍ വിരമിക്കുകയും ചെയ്യുവിന്‍’ (അല്‍ഹശ്ര്‍:7). അദ്ദേഹം പറഞ്ഞുതരുന്നതെല്ലാം അല്ലാഹുവിന്റെ സന്ദേശങ്ങളായിരിക്കുമെന്നും അവന്‍ നമ്മെ അറിയിച്ചിരിക്കുന്നു. ‘അദ്ദേഹം ഇച്ഛയനുസരിച്ചു സംസാരിക്കുകയില്ല; അത് അദ്ദേഹത്തിന് നല്‍കപ്പെടുന്ന വഹ്‌യല്ലാതെ മറ്റൊന്നുമല്ല’ (നജ്മ്: 3,4) ചുമതലപ്പെടുത്തപ്പെട്ട കൃത്യം അവിടുന്ന് ശരിക്കും നിര്‍വ്വഹിക്കുകയും ചെയ്തിരിക്കുന്നു. അവിടുന്ന് ഇങ്ങിനെ പ്രഖ്യാപനവും ചെയ്തു: “വര്‍ത്തമാനത്തില്‍ ഏറ്റവും ഗുണകരമായത് അല്ലാഹുവിന്റെ കിതാബും, ചര്യയില്‍ ഏറ്റവും ഗുണകരമായത് മുഹമ്മദിന്റെ ചര്യയുമാകുന്നു. കാര്യങ്ങളില്‍ ഏറ്റവും ദോഷകരമായത് പുതുതായി നിര്‍മിക്കപ്പെട്ടവയാകുന്നു. എല്ലാ നവീന നിര്‍മിതവും ദുര്‍മാര്‍ഗമാകുന്നു” (മുസ്‌ലിം).

(3) ക്വുര്‍ആനില്‍ നിന്നോ, നബിചര്യയില്‍ നിന്നോ വ്യക്തമായി വിധി മനസ്സിലാക്കുവാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍, അവ രണ്ടിലും അടങ്ങിയിരിക്കുന്ന അംഗീകൃത തത്വങ്ങളുടെയും, സദൃശ വിധികളുടെയും വെളിച്ചത്തില്‍ ഏതു പ്രശ്‌നത്തിനും പരിഹാരം കാണുവാനും, മതവിധി മനസ്സിലാക്കുവാനും മുസ്‌ലിം സമുദായത്തിലെ ഉത്തരവാദപ്പെട്ട- കഴിവുറ്റ- ആളുകള്‍ക്ക് അത് അനുമതിയും, പ്രോത്സാഹനവും നല്‍കിയിരിക്കുന്നു. അല്ലാഹു പറയുന്നു: ‘നിനക്ക് നാം അവതരിപ്പിച്ചു തന്നിട്ടുള്ള അനുഗൃഹീതമായ ഒരു ഗ്രന്ഥമാണിത്. അവര്‍ -ജനങ്ങള്‍- അതിന്റെ ആയത്തുകള്‍ ഉറ്റാലോചിക്കുവാനും, ബുദ്ധിമാന്മാര്‍ ചിന്തിക്കുവാനും വേണ്ടിയാണിത്’ (സ്വാദ് 29). നബി (സ്വ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ഒരുവിധികര്‍ത്താവ് വിധി പറയുമ്പോള്‍ അയാള്‍ (സത്യം കണ്ടുപിടിക്കാനായി) പരിശ്രമം നടത്തുകയും, അങ്ങിനെ വാസ്തവം കണ്ടുപിടിക്കുകയും ചെയ്താല്‍ അയാള്‍ക്ക് രണ്ട് പ്രതിഫലമുണ്ട്. വിധി പറയുമ്പോള്‍ പരിശ്രമം നടത്തുകയും, അബദ്ധം പിണയുകയും ചെയ്താല്‍ ഒരു പ്രതിഫലവുമുണ്ട്’.

മുആദ് (റ)നെ യമനിലേക്ക് വിധികര്‍ത്താവായി അയച്ചപ്പോള്‍ നബി (സ്വ) തിരുമേനി അദ്ദേഹത്തോട് ചോദിച്ചു: ‘തീരുമാനം എടുക്കേണ്ടിവരുന്ന വല്ല പ്രശ്‌നവും തനിക്ക് നേരിട്ടാല്‍ താന്‍ എങ്ങിനെ തീരുമാനം കല്പിക്കും? അദ്ദേഹം പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ കിതാബനുസരിച്ച് തീരുമാനിക്കും. തിരുമേനി ചോദിച്ചു: ‘അല്ലാഹുവിന്റെ കിതാബില്‍ തീരുമാനം കണ്ടെത്തിയില്ലെങ്കിലോ?’. അദ്ദേഹം പറഞ്ഞു: ‘എന്നാല്‍, അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തനുസരിച്ച്’. തിരുമേനി: ‘റസൂലിന്റെ സുന്നത്തിലും കണ്ടെത്തിയില്ലെങ്കിലോ?’ അദ്ദേഹം പറഞ്ഞു: ‘ഒട്ടും വീഴ്ചവരുത്താതെ, എന്റെ അഭിപ്രായത്തിലൂടെ തീരുമാനിക്കാന്‍ ഞാന്‍ പരിശ്രമിക്കും’. അപ്പോള്‍ (സന്തോഷപൂര്‍വ്വം) തിരുമേനി അദ്ദേഹത്തിന്റെ നെഞ്ചില്‍ തട്ടികൊണ്ട് ഇങ്ങിനെ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലിന്റെ ദൂതന് അല്ലാഹുവിന്റെ റസൂല്‍ ഇഷ്ടപ്പെടുന്ന കാര്യത്തില്‍ ഉതവി നല്‍കിയവനായ അല്ലാഹുവിന് സര്‍വ്വ സ്തുതിയും”. (അബൂദാവൂദ്, തിര്‍മിദി, ദാരിമി) ഈ വിഷയത്തില്‍ -ക്വുര്‍ആനിലും, ഹദീഥിലും വ്യക്തമായി കാണാത്ത മതവിധികളെ അവയുടെ അടിസ്ഥാനത്തില്‍ കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നതിനെ- പുരസ്‌കരിച്ചുകൊണ്ടുള്ള ഒരു ശാസ്ത്രം തന്നെ ഇസ്‌ലാമിലുണ്ട്. ഉസൂലുല്‍ ഫിഖ്ഹ് (കര്‍മ ശാസ്ത്ര നിദാനം) എന്ന പേരില്‍ അത് പ്രസിദ്ധമാണ്. ഇങ്ങിനെ, ലോകാവസാനംവരെ മനുഷ്യരില്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാര്‍ഗം നല്‍കുന്ന സാര്‍വ്വജനീനമായ ഒരു മഹല്‍ ഗ്രന്ഥമത്രെ വിശുദ്ധ ക്വുര്‍ആന്‍, “വേദ ഗ്രന്ഥത്തില്‍ നാം ഒന്നും വീഴ്ചവരുത്തിയിട്ടില്ല”.

മേല്‍പറഞ്ഞ മൂന്ന് മാര്‍ഗങ്ങളില്‍ അവസാനത്തെ രണ്ട് മാര്‍ഗങ്ങളെകുറിച്ചും ഇവിടെ പ്രതിപാദിക്കേണ്ടതില്ല. അതിന്റെ സ്ഥാനം ഇതല്ല താനും. ഒന്നാമത്തേതിനെ കുറിച്ചാണ് ഇവിടെ അല്പം സ്പര്‍ശിക്കേണ്ടിയിരിക്കുന്നത്. വിവിധതുറകളിലുള്ള പല മതവിധികളും ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു പറഞ്ഞുവല്ലോ. ഏതെങ്കിലും തരത്തിലുള്ള പ്രാധാന്യത്തെ മുന്‍നിറുത്തിയായിരിക്കും ചില വിഷയങ്ങളെ അത് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുക. ക്വുര്‍ആന്‍ ഒന്നാമതായി അഭിമുഖീകരിക്കുന്നത് അന്നത്തെ അറബികളെയാണല്ലോ. അവര്‍ മുഖാന്തിരമാണ് മറ്റുള്ളവര്‍ക്കും, ഭാവിതലമുറകള്‍ക്കും അത് എത്തിച്ചേര്‍ന്നിരിക്കുന്നത്. ആ സ്ഥിതിക്ക് അന്ന് അവരുടെ ചുറ്റുപാടുകളും, പരിതഃസ്ഥിതികളും കണക്കിലെടുത്തുകൊണ്ടായിരിക്കണം വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതെന്ന് പറയേണ്ടതില്ല. മുമ്പ് ആര്‍ക്കും തീരെ പരിചയമില്ലാത്ത കുറെ പുതിയ നിയമങ്ങളും, പദ്ധതികളും ആവിഷ്‌കരിച്ചുകൊണ്ട് ഇതങ്ങ് നടപ്പിലാക്കിക്കൊള്ളുക, ഇതഃപര്യന്തമുള്ള എല്ലാ നടപടിക്രമങ്ങളും വിട്ടേച്ചു കളയുക എന്നല്ല ക്വുര്‍ആന്‍ ആവശ്യപ്പെടുന്നത്. വേദക്കാരടക്കമുള്ള അന്നത്തെ ജനതാമദ്ധ്യെ നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങളിലും മതപരമായ ആചാരാനുഷ്ഠാനങ്ങളിലും നല്ലത് നിലനിര്‍ത്തുക, പരിഷ്‌കരിക്കേണ്ടത് പരിഷ്‌കരിക്കുക, നീക്കം ചെയ്യേണ്ടത് നീക്കം ചെയ്യുക, അലങ്കോലപ്പെട്ടത് നന്നാക്കിത്തീര്‍ക്കുക ഇതാണ് ക്വുര്‍ആന്‍ ചെയ്തത്. ആരാധനകള്‍, ഇടപാടുകള്‍, വൈവാഹിക കാര്യങ്ങള്‍, കുടുംബപരവും സാമൂഹികവുമായ കാര്യങ്ങള്‍, ബലികര്‍മങ്ങള്‍, ദാനധര്‍മങ്ങള്‍ എന്നിവയിലെല്ലാം തന്നെ- പല പോരായ്മയും, കൊള്ളരുതായ്മയും ഉണ്ടായിരുന്നാലും ശരി- ചില പ്രത്യേക സമ്പ്രദായങ്ങളും, രീതികളും അവര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഉദാഹരണമായി, ഹജ്ജ് കര്‍മത്തിലും, ഉംറാകര്‍മത്തിലും ആചരിക്കേണ്ടുന്ന പ്രധാന ചടങ്ങുകളില്‍ പെട്ടതാണ് ‘സ്വഫാ-മര്‍വഃ’യുടെ ഇടയിലുള്ള നടത്തം. ഇതിനെകുറിച്ച് ക്വുര്‍ആനില്‍ ‘അതിന് തെറ്റില്ല’ (2:158) എന്നാണ് പറഞ്ഞിട്ടുള്ളത്. അത് നിര്‍ബ്ബന്ധമുണ്ടോ, അല്ലെങ്കില്‍ വേണ്ടപ്പെട്ടതാണോ എന്നൊന്നും പറഞ്ഞിട്ടില്ല. ജാഹിലിയ്യാകാലത്ത് സ്വഫായിലും, മര്‍വാഃയിലും ചില വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നത് കാരണമായി ഈ നടത്തം തെറ്റായ ഒന്നാണെന്ന ധാരണ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിത്തീര്‍ന്നതായിരുന്നു അങ്ങിനെ പറയുവാന്‍ കാരണം. ഈ വസ്തുത ആഇശഃ (റ) വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ഇതെല്ലാം ഇവിടെ വിസ്തരിച്ചു പറയുവാന്‍ സൗകര്യമില്ല. ചില സൂചനകള്‍ നല്‍കുകമാത്രമാണ് ഉദ്ദേശ്യം. ഇങ്ങിനെയുള്ള വസ്തുതകള്‍ ഗൗനിക്കാതെ, ക്വുര്‍ആന്റെ വാക്കുകളും, വാച്യാര്‍ത്ഥങ്ങളും മാത്രം നോക്കി എല്ലാ മതവിധികളും കണക്കാക്കുവാന്‍ മുതിരുന്നപക്ഷം പലപ്പോഴും സത്യത്തില്‍ നിന്ന് പിഴച്ചുപോയേക്കും. ഉമര്‍ (റ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെടുന്ന ഒരു വാക്യം ഇവിടെ ശ്രദ്ധേയമാകുന്നു: “ജാഹിലിയ്യത്തിനെ – അജ്ഞാനകാലത്തെ – ക്കുറിച്ച് അറിയാത്തവന് ഇസ്‌ലാം അറിയുകയില്ല”. വളരെ അര്‍ത്ഥഗര്‍ഭമായ ഒരു വാക്യമാണിത്.

നമസ്‌കാരത്തിന്റെയും, സകാത്തിന്റെയും അനുഷ്ഠാനരൂപത്തെപ്പറ്റി അധികമൊന്നും പ്രസ്താവിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇസ്‌ലാമില്‍ അവയ്ക്കുള്ള പ്രധാന്യത്തെയും. അവയുടെ ഗുണഗണങ്ങളെയും സംബന്ധിച്ചും, അവ ഉപേക്ഷിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെ സംബന്ധിച്ചും ക്വുര്‍ആന്‍ ധാരാളം പ്രസ്താവിച്ചുകാണാം. നമസ്‌കാരം ഭയഭക്തിയോടും, ഹൃദയസാന്നിദ്ധ്യത്തോടും കൂടിയായിരിക്കണമെന്ന് പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്. നമസ്‌കാരത്തെക്കുറിച്ച് പറയുമ്പോള്‍ ഇക്വാമത്ത് (നിലനിറുത്തുക) എന്ന വാക്കാണ് അത് ഉപയോഗിക്കാറുള്ളത്. പള്ളിയില്‍ വെച്ച് ബാങ്കുവിളിയോടുകൂടി ‘ജമാഅത്തായി’ (സംഘമായി) ശരിയായ രൂപത്തില്‍ നടത്തപ്പെടുക എന്നാണ് ആ വാക്കിന്റെ പൂര്‍ണമായ താല്‍പര്യം എന്നത്രെ നബിചര്യയില്‍ നിന്ന് മനസ്സിലാകുന്നത്. അതുപോലെത്തന്നെ, സമുദായത്തിന്റെ പൊതുനന്മക്ക് ഉപയോഗപ്പെടുമാറ് വ്യവസ്ഥാപിതമായ രീതിയില്‍ ശേഖരിച്ച് വിതരണം ചെയ്യേണ്ടുന്ന നിര്‍ബന്ധ ധര്‍മമാണ് സകാത്ത് എന്നും നബിചര്യയില്‍ നിന്ന് വ്യക്തമാകുന്നു. നമസ്‌കാരത്തെയും, സകാത്തിനെയും കുറിച്ച് ക്വുര്‍ആന്‍ ഇടക്കിടെ ഉണര്‍ത്തിക്കാണാറുള്ളതാകുന്നു. നോമ്പിനെപ്പറ്റി അല്‍ബക്വറഃയിലും, ഹജ്ജിനെപ്പറ്റി അല്‍ബക്വറഃയിലും ഹജ്ജിലും, യുദ്ധകാര്യങ്ങളെകുറിച്ച് അല്‍ബക്വറഃയിലും അന്‍ഫാലിലും മറ്റുപലേടത്തും, ശിക്ഷാ നിയമങ്ങളെക്കുറിച്ച് മാഇദഃയിലും, അന്നൂറിലും, അനന്തരാവകാശത്തെക്കുറിച്ച് നിസാഇലും, വൈവാഹിക കാര്യങ്ങളെപ്പറ്റി അല്‍ബക്വറഃ, നിസാഉ്, ത്വലാക്വ് മുതലായവയിലും വിവരിച്ചിരിക്കുന്നു. വുദ്വൂ, കുളി, തയമ്മും (വുദ്വൂഇനു പകരം മണ്ണുതടവല്‍) മുതലായ ശുദ്ധികര്‍മങ്ങളെ സംബന്ധിച്ചു നിസാഇലും, മാഇദഃയിലും പ്രസ്താവിച്ചിട്ടുണ്ട്. മുതലിടപാടുകളെപ്പറ്റി അല്‍ബക്വറഃയില്‍ പലതും കാണാം. കൂടാതെ, അയല്‍പക്കക്കാര്‍, മാതാപിതാക്കള്‍, കുടുംബങ്ങള്‍, അനാഥകള്‍, സ്വസമുദായം, ശത്രുപക്ഷക്കാര്‍, ഇതര സമുദായങ്ങള്‍, നേതാക്കള്‍, അബലന്മാര്‍, സ്ത്രീകള്‍ ആദിയായവരോട് പെരുമാറേണ്ടുന്ന മര്യാദകളും, നീതി, സത്യം, സമത്വം, വിട്ടുവീഴ്ച തുടങ്ങിയ ഉല്‍കൃഷ്ട ഗുണങ്ങളുമെല്ലാം ഇടക്കിടെ വിവരിച്ചുകാണാം. സജ്ജനങ്ങളുടെ സ്വഭാവഗുണങ്ങളും, ദുര്‍ജ്ജനങ്ങളുടെ ലക്ഷണങ്ങളും അടിക്കടി ഉണര്‍ത്താറുള്ള വിഷയങ്ങളാകുന്നു.

0
0
0
s2sdefault