വിശുദ്ധ ക്വുര്‍ആനിന്റെ അവതരണം

അവലംബം: വിശുദ്ധ ക്വുര്‍ആന്‍ വിവരണം, അമാനി മൌലവി

Last Update: 2023 January 05

അന്ത്യപ്രവാചകനായ മുഹമ്മദ് തിരുമേനി(സ്വ)ക്കു 40-ാം വയസ്സില്‍ പ്രവാചകത്വം ലഭിച്ചതു മുതല്‍ 63-ാം വയസ്സില്‍ അവിടുത്തെ വിയോഗമുണ്ടായതുവരെയുള്ള കാലഘട്ടത്തില്‍ – പല സന്ദര്‍ഭങ്ങളിലായി – അല്ലാഹു അവതരിപ്പിച്ചു കൊടുത്തിട്ടുള്ള ഒരു വേദഗ്രന്ഥമത്രെ വിശുദ്ധ ക്വുര്‍ആന്‍. ‘മുസ്ഹഫ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിശുദ്ധ ഗ്രന്ഥം ഇന്ന് ലോകത്തിന്റെ ഏതു മൂലയിലും കാണാവുന്നതാണ്. ഏതൊരു മുസ്‌ലിമിന്റെ വീട്ടിലും അതിന്റെ ഒരു പ്രതിയെങ്കിലും കാണാതിരിക്കുക വിരളമാകുന്നു. ഇത്രയധികം പ്രതികള്‍ ലോകത്തു വെളിപ്പെട്ടിട്ടുള്ള മറ്റൊരു മത ഗ്രന്ഥവും ഇല്ലെന്നു പറയാം.

ചെറുതും വലുതുമായി 114 അദ്ധ്യായങ്ങളും (സൂറത്തുകളും) 6000ത്തില്‍ പരം വചനങ്ങളും (ആയത്തുകളും) 77,000ത്തില്‍ പരം പദങ്ങളും (കലിമത്തുകളും) 3,20,000ത്തിലധികം അക്ഷരങ്ങളും അതുള്‍ക്കൊള്ളുന്നു. ഏകദേശം സമവലിപ്പത്തിലുള്ള 30 ഭാഗങ്ങളായി (ജുസ്ഉകളായി) അത് ഭാഗിക്കപ്പെട്ടിരിക്കുന്നു. സൂറത്തുകളുടെ ചെറുപ്പവലിപ്പങ്ങള്‍ക്കനുസരിച്ചും, വിഷയങ്ങളെ ആസ്പദമാക്കിയും പല വിഭാഗങ്ങള്‍ (റുകൂഉകള്‍) ആയി വീണ്ടും അവ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു മാസംകൊണ്ട് ക്വുര്‍ആന്‍ ഒരാവര്‍ത്തി (ഒരു ഖതം) പാരായണം ചെയ്തു തീര്‍ക്കുന്ന വര്‍ക്കും, നമസ്‌കാരത്തില്‍ ഓരോ റക്അത്തിലും കുറേശ്ശെ ഓതി വരുന്നവര്‍ക്കും ഈ വിഭജനങ്ങള്‍ വളരെ പ്രയോജനകരമാകുന്നു. കൂടാതെ, ജുസ്ഉകള്‍ പകുതി (നിസ്വ്ഫു)കളായും, കാലു (റുബുഉ്)കളായും മറ്റും ഭാഗിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം സാധാരണ മുസ്വ്ഹഫുകളില്‍ അടയാളപ്പെടുത്തിക്കാണാവുന്നതാണ്. ഇതിനെല്ലാം പുറമെ 1/8, 1/7, 1/4, 1/2 എന്നിങ്ങനെയും ഭാഗിച്ചു അടയാളപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം മുന്‍കാലത്തുള്ള ചില മഹാന്മാര്‍ ചെയ്തു വെച്ച സേവനങ്ങളത്രെ ഇതെല്ലാം. പൂര്‍വ്വ മുസ്‌ലിംകള്‍ ക്വുര്‍ആനെ സംബന്ധിച്ച് എത്രമാത്രം ഗൗനിച്ചുവന്നിരുന്നുവെന്നും, ജനങ്ങള്‍ ആ ഗ്രന്ഥം എത്രത്തോളം ഉപയോഗപ്പെടുത്തി വന്നിരുന്നുവെന്നും ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നതാണ്.

നബി തിരുമേനി(സ)ക്കു പ്രവാചകത്വം (നുബുവ്വത്ത്) ലഭിക്കുന്നതിനു അല്പം മുമ്പായി അവിടുന്ന് പല സ്വപ്നങ്ങള്‍ കാണുകയും, അവ പ്രഭാതവെളിച്ചം പോലെ യഥാര്‍ത്ഥമായി പുലരുകയും പതിവായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ ജനങ്ങളില്‍ നിന്ന് വേറിട്ട് ഏകാന്തവാസം ചെയ്യുവാന്‍ തിരുമേനിക്ക് ആഗ്രഹം തോന്നുകയുണ്ടായി. അതനുസരിച്ച് അവിടുന്നു മക്കയുടെ അടുത്തുള്ള ഹിറാ ഗുഹയില്‍ പോയി ആരാധനാ നിമഗ്നനായിക്കൊണ്ടിരിക്കാറുണ്ടായിരുന്നു. കുറേ ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങളോടുകൂടിയാണ് തിരുമേനി ഗുഹയിലേക്ക് പോയിരുന്നത്. അത് തീരുമ്പോള്‍, സ്വപത്‌നിയായ ഖദീജഃ(റ)യുടെ അടുക്കല്‍ വന്നു വീണ്ടും കുറേ ദിവസത്തേക്കുള്ള ഭക്ഷണം ശരിപ്പെടുത്തിക്കൊണ്ടുപോകും.

ഇങ്ങനെയിരിക്കെ, ഒരിക്കല്‍ ഗുഹയില്‍ അല്ലാഹുവിന്റെ ‘വിശ്വസ്തദൂതനാ’യ മലക്ക് പ്രത്യക്ഷപ്പെട്ടു. ‘മുഹമ്മദേ, സന്തോഷിച്ചുകൊളളുക! ഞാന്‍ ജിബ്‌രീലാണ്. താങ്കള്‍ ഈ സമുദായത്തിലേക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു (റസൂലാണ്)’ എന്നറിയിച്ചു. അനന്തരം മലക്ക് പറഞ്ഞു: ‘ഇക്വ്‌റഅ്’ (വായിക്കുക). തിരുമേനി മറുപടി പറഞ്ഞു: ‘എനിക്ക് വായിക്കുവാന്‍ അറിഞ്ഞുകൂടാ’, പിന്നീട്, തിരുമേനിക്ക് വിഷമം തോന്നുമാറ് മലക്ക് അദ്ദേഹത്തെ ഒന്നു കൂട്ടിപ്പിടിക്കുകയും, ഉടനെ വിടുകയും ചെയ്തു. രണ്ടാമതും മൂന്നാമതും ഇതേ പ്രകാരം ആവര്‍ത്തിക്കപ്പെട്ടശേഷം, ‘സൂറത്തുല്‍ അലക്വി’ലെ ആദ്യവചനങ്ങള്‍ മലക്ക് ഓതിക്കേള്‍പ്പിച്ചു. ഇതായിരുന്നു ക്വുര്‍ആന്‍ അവതരണത്തിന്റെ ആരംഭം.

നബി(സ്വ)ക്ക് വിഷമം ഉണ്ടാകുമാറ് മലക്ക് കൂട്ടിപ്പിടിച്ചതിന്റെ യഥാര്‍ത്ഥ രഹസ്യം എന്താണെന്ന് നമുക്കറിഞ്ഞുകൂടാ. എങ്കിലും, ആത്മീയ ലോകവും ഭൗതികലോകവും തമ്മിലുള്ള ഒരു കൂട്ടി ഇണക്കലായിരുന്നു അതെന്നു പറയാം. അഥവാ, ദൈവിക സന്ദേശങ്ങള്‍ സ്വീകരിക്കുവാന്‍ പ്രവാചക ഹൃദയത്തിനു പക്വത വരുത്തുവാനായിരിക്കും അത്. ഒന്നാമതായി അവതരിച്ച ആ വചനങ്ങളുടെ സാരം ഇപ്രകാരമാകുന്നു: ‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക! മനുഷ്യനെ അവന്‍ രക്തപിണ്ഡത്തില്‍നിന്നു സൃഷ്ടിച്ചു. വായിക്കുക! നിന്‍റെ രക്ഷിതാവ് അത്യുദാരനാണ്; പേനകൊണ്ട് പഠിപ്പിച്ചവനാണ്. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു’.

എഴുത്തും വായനയുമാണല്ലോ മനുഷ്യന് അറിവ് ലഭിക്കുവാനുള്ള രണ്ട് പ്രധാന മാര്‍ഗങ്ങള്‍. ഇവ രണ്ടും അവന് അല്ലാഹു നല്‍കിയ രണ്ട് പ്രത്യേകാനുഗ്രഹങ്ങളാണെന്ന് ഇതില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ച് ചിന്തിക്കുന്ന പക്ഷം, സ്രഷ്ടാവായ അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് അവനെ അത് നയിക്കുന്നതും, അല്ലാഹുവിന്റെ ആജ്ഞക്കൊത്തു ജീവിക്കുവാന്‍ അവനെ പ്രേരിപ്പിക്കുന്നതുമാകുന്നു. ഇതാണ് ഈ വചനങ്ങള്‍ ഒന്നാമതായി മനുഷ്യനെ ഉണര്‍ത്തുന്നത്.

ഹിജ്‌റഃ വര്‍ഷത്തിന് 13 കൊല്ലം മുമ്പ് -ക്രിസ്ത്വബ്ദം 610ല്‍- റമദ്വാന്‍ മാസത്തിലെ ഒരു പുണ്യദിനത്തിലാണ് ക്വുര്‍ആന്‍ അവതരണമാരംഭിച്ചത്. ഈ ദിവസം ഏതായിരുന്നുവെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. അന്ന് റമദ്വാന്‍ 17 ആയിരുന്നുവെന്നാണ് ചില മഹാന്‍മാര്‍ പറയുന്നത്. അത് ജൂലായ് മാസത്തിലാണെന്നും ഫിബ്രുവരി മാസത്തിലാണെന്നും രണ്ട് പക്ഷമുണ്ട്. അല്ലാഹു അഅ്‍ലം.

നബി തിരുമേനി ‘ഉമ്മിയ്യ്’ -എഴുത്തും വായനയും അറിയാത്ത ആള്‍-ആയിരുന്നു. അവിടുത്തെ ജനതയും ‘ഉമ്മിയ്യു’കള്‍ തന്നെ. വേദഗ്രന്ഥങ്ങളുമായി അവര്‍ക്ക് യാതൊരു പരിചയവുമില്ല, എന്നിരിക്കെ, ക്വുര്‍ആന്‍ ഒരേ പ്രാവശ്യം ഒന്നായി അവതരിപ്പിക്കപ്പെടുന്ന പക്ഷം, അവര്‍ക്ക്-നബിക്ക് തന്നെയും-അത് പല വിഷമങ്ങള്‍ക്കും കാരണമാകുമല്ലോ. ക്രമേണ ആവശ്യവും സന്ദര്‍ഭവും അനുസരിച്ച് അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍, എല്ലാവര്‍ക്കും അത് ഗ്രഹിക്കുവാനും പഠിക്കുവാനും കൂടുതല്‍ സൗകര്യപ്രദമായിരിക്കുന്നതാണ്. പ്രവാചകത്വം സിദ്ധിച്ചതിനു ശേഷം ആദ്യത്തെ 13 കൊല്ലം സ്വദേശമായ മക്കായിലും അനന്തരം 10 കൊല്ലം മദീനായിലുമാണ് നബി(സ്വ) ജീവിച്ചത്. നബി(സ്വ) മക്കയില്‍ വസിച്ചിരുന്ന കാലത്താണ് മിക്ക സൂറത്തുകളും അവതരിച്ചിട്ടുള്ളത്. മക്കയില്‍ അവതരിച്ച സൂറത്തുകള്‍ക്ക് ‘മക്കിയ്യ’ എന്നും മദീനായില്‍ അവതരിച്ച സൂറത്തുകള്‍ക്ക് ‘മദനിയ്യ’ എന്നും പറയുന്നു.

തൗഹീദ് (ഏകദൈവ വിശ്വാസം), പരലോക വിശ്വാസം, മരണാനന്തര ജീവിതം, പ്രവാചകത്വം, ക്വുര്‍ആന്റെ സത്യത ആദിയായ മൗലിക സിദ്ധാന്തങ്ങളാണ് മക്കീ സൂറത്തുകളില്‍ പ്രധാനമായും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. കര്‍മാനുഷ്ഠാനങ്ങള്‍, സാമുദായികവും സാമൂഹികവുമായ കടമകള്‍ മുതലായവയെ സ്പര്‍ശിക്കുന്ന മതവിധികള്‍ മദനീ സൂറത്തുകളിലാണ് മിക്കവാറും പ്രതിപാദിക്കപ്പെടുന്നത്. ഈ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ശൈലിയിലും സ്വരത്തിലും സാമാന്യം വ്യത്യാസങ്ങള്‍ കാണാവുന്നതാണ്. വിഷയ വ്യത്യാസങ്ങള്‍ക്കുപുറമെ മക്കയിലും മദീനയിലുമുള്ള ജനങ്ങളുടെ പരിതഃസ്ഥിതികളും അതിനു കാരണമായിരിക്കും. ക്വുര്‍ആനിലെ 2, 3, 4, 5, 8, 9, 22, 24, 33, 47, 48, 49, 57, 58, 59, 60, 61, 62, 63, 64, 65, 66, 110 എന്നീ ഇരുപത്തിമൂന്നു സൂറത്തുകള്‍(13, 55, 76, 98, 99 എന്നീ സൂറഃകളും മദനിയ്യാണെന്ന് അഭിപ്രായമുണ്ട്. ബാക്കിയെല്ലാം മക്കീ സൂറത്തുകളത്രെ.

‘എന്തുകൊണ്ടാണ്, ഇവന്നു ക്വുര്‍ആന്‍ ഒട്ടാകെ ഒന്നായി ഇറക്കപ്പെടാത്തത്?!’ എന്ന് മുശ്‌രിക്കുകള്‍ ആക്ഷേപിച്ചതിന് അല്ലാഹു മറുപടി പറഞ്ഞത് ഇപ്രകാരമാണ്: അതെ, അങ്ങിനെ (പല പ്രാവശ്യമായി) തന്നെയാണ് അവതരിക്കുന്നത്. നിന്റെ (നബിയുടെ) ഹൃദയത്തിന് സ്ഥൈര്യം നല്‍കുവാന്‍ വേണ്ടിയാണത്. ശരിക്ക് സാവകാശം അനുക്രമം അതിനെ നാം ഓതിത്തരികയാണ്’ (സൂറ: ഫുര്‍ക്വാന്‍ഃ : 32) മറ്റൊരു സ്ഥലത്ത് പറഞ്ഞത് ഇങ്ങിനെയാകുന്നു: ‘സാവധാനത്തിലായി ജനങ്ങള്‍ക്ക് നീ ഓതിക്കൊടുക്കുവാന്‍ വേണ്ടി ക്വുര്‍ആനെ നാം ഭാഗങ്ങളായി വേര്‍തിരി ച്ചിരിക്കുകയാണ്’. (ബനൂ ഇസ്‌റാഈല്‍: 106)

ഒരു വേദ ഗ്രന്ഥമോ, പ്രവാചകത്വമോ ലഭിച്ചേക്കാമെന്ന പ്രതീക്ഷയാലോ, ലഭിക്കുവാനുള്ള ആഗ്രഹത്താലോ, അല്ലെങ്കില്‍ അതിനുള്ള പരിശ്രമമായോ ഒന്നും തന്നെയായിരുന്നില്ല നബി ഹിറാഗുഹയില്‍ പോയി ഏകാന്തവാസം അനുഷ്ഠിച്ചുവന്നത്. പരിശ്രമം, പരിശീലനം, ആഗ്രഹം, സല്‍കര്‍മം, ആത്മസംയമനം ആദിയായ ഏതെങ്കിലും ഒന്നിന്റെ ഫലമായി നേടുവാന്‍ കഴിയുന്ന ഒരു കാര്യമല്ല നുബുവ്വത്തും രിസാലത്തും (പ്രവാചകത്വവും ദിവ്യദൗത്യവും). അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക്-അവന്‍ ഉദ്ദേശിക്കുമ്പോള്‍-അവന്‍ അത് കൊടുക്കുന്നു അത്രമാത്രം. പക്ഷേ, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ അതിനായി തിരഞ്ഞെടുക്കുകയും, അവരറിയാതെത്തന്നെ അതിനവരെ പാകപ്പെടുത്തിക്കൊണ്ടുവരികയും ചെയ്യുന്നു. അതിനാവശ്യമായ പരിശുദ്ധിയും പരിശീലനവുമെല്ലാം അവന്‍ അവരില്‍ സംജാതമാക്കുകയും ചെയ്യും. സീനാ താഴ്‌വരയില്‍ വെച്ച് മൂസാ നബി(അ)ക്കു ദിവ്യദൗത്യം ലഭിച്ച അവസരത്തില്‍ അല്ലാഹുവിന്റെ തിരുവചനങ്ങള്‍ കേള്‍ക്കുവാനുളള മഹാഭാഗ്യം അദ്ദേഹത്തിനുണ്ടായല്ലോ. ഈ അവസരത്തില്‍-അദ്ദേഹത്തിന് അല്ലാഹു നല്‍കിയിട്ടുള്ള ചില അനുഗ്രഹങ്ങളെ എടുത്തു പറഞ്ഞ കൂട്ടത്തില്‍-അല്ലാഹു പറയുന്നത് നോക്കുക:

അതായത്, മേല്‍ പറഞ്ഞ വിധത്തിലെല്ലാം ഞാന്‍ നിന്നെ പരീക്ഷണം നടത്തിയശേഷം മുന്‍കൂട്ടിയുള്ള എന്റെ നിശ്ചയമനുസരിച്ച് നീ ഇവിടെ വന്നിരിക്കുകയാണ്. എന്റെ ദൗത്യ നിര്‍വ്വഹണത്തിനായി ഞാന്‍ നിന്നെ തിരഞ്ഞെടുത്തു ശരിപ്പെടുത്തിയിരിക്കുകയാണ് (ത്വാഹാ: 40, 41)

ലോകജനത പൊതുവിലും, സ്വജനങ്ങള്‍ പ്രത്യേകിച്ചും അജ്ഞാനാന്ധകാരത്തില്‍ മുഴുകി നട്ടംതിരിഞ്ഞു കൊണ്ടിരിക്കുന്ന കാഴ്ച കണ്ടു സഹിക്കവയ്യാതെ, അവരെ സത്യത്തിന്റെയും, സന്‍മാര്‍ഗത്തിന്റെയും പ്രകാശത്തിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗം അന്വേഷിച്ചുകൊണ്ടും, അതിന് വേദ ദിവ്യപ്രകാശം തേടിക്കൊണ്ടുമായിരുന്നു നബി(സ്വ) ഹിറാ ഗുഹയില്‍ ഏകാന്തവാസം നടത്തിയിരുന്നത് എന്ന് ചിലയാളുകള്‍ ധരിച്ചുവശായിട്ടുണ്ട് . പ്രവാചകത്വത്തിന്റെ പാവനത്വം കളങ്കപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുകൊണ്ട് ഇസ്‌ലാമിന്റെ ശത്രുക്കളായ ചില പാശ്ചാത്യരില്‍ നിന്നും മറ്റുമാണ് ഈ ജല്‍പനം ഉടലെടുത്തിട്ടുള്ളത്. പരമാര്‍ത്ഥം മനസ്സിലാക്കാതെ ചില മുസ്‌ലിംകളും അത് ഏറ്റുപാടാറുണ്ട്. സല്‍കര്‍മം, ആത്മശുദ്ധി, സ്വഭാവസംസ്‌കരണം, ദൈവഭക്തി ആദിയായ ഗുണങ്ങള്‍ നിമിത്തം ലഭ്യമാകുന്ന ഒന്നാണ് പ്രവാചകത്വം എന്ന് സ്ഥാപിത താല്‍പര്യക്കാരായ ചില പിഴച്ച കക്ഷികളും സമര്‍ത്ഥിക്കുന്നത്കാണാം. കേള്‍ക്കുന്ന മാത്രയില്‍ ആകര്‍ഷകമായി തോന്നിപ്പോകുന്ന ഈ രണ്ടു അഭിപ്രായങ്ങളും-നബി തിരുമേനി(സ്വ) പ്രവാചകത്വത്തിനായി ആഗ്രഹിക്കുകയോ പരിശ്രമിക്കുകയോ ചെയ്തിരുന്നുവെന്നും, പ്രവാചകത്വം മനുഷ്യന്റെ പരിശ്രമംകൊണ്ട് സാധിക്കുന്ന ഒന്നാണെന്നുമുള്ള വാദങ്ങള്‍-യഥാര്‍ത്ഥം അറിയാത്ത ശുദ്ധഗതിക്കാരായ പലരെയും വഞ്ചിതരാക്കുന്നതില്‍ അത്ഭുതമില്ല. വാസ്തവമാകട്ടെ, ഈ രണ്ടഭിപ്രായവും തനി അബദ്ധവും അസംബന്ധവുമാകുന്നു. ക്വുര്‍ആന്‍ അവയെ വ്യക്തമായി ഖണ്ഡിച്ചിരിക്കുകയാണ്. അല്ലാഹു പറയുന്നത് നോക്കുക:

സാരം: 1. വേദഗ്രന്ഥമെന്താണെന്നോ, സത്യവിശ്വാസമെന്താണെന്നോ നിനക്ക് അറിയുമായിരുന്നില്ല. എങ്കിലും നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുകയാണ്. നമ്മുടെ അടിയാന്മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അത്‌കൊണ്ട് മാര്‍ഗ ദര്‍ശനം നല്‍കുന്നു. (ശുറാ : 52). 2. നിനക്ക് വേദഗ്രന്ഥം നല്‍കപ്പെടുമെന്ന് നീ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ, നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു കാരുണ്യമായിട്ടത്രെ [അത് നല്‍കപ്പെട്ടത്] ആകയാല്‍ നീ അവിശ്വാസികള്‍ക്ക് പിന്തുണ നല്‍കുന്നവനായിത്തീരരുത്. (ക്വസ്വസ്വ്: 86). 3. നിശ്ചയമായും നീ ഇഷ്ടപ്പെട്ടവര്‍ക്ക് നീ മാര്‍ഗദര്‍ശനം നല്‍കുന്നതല്ല. എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ മാര്‍ഗദര്‍ശനം നല്‍കുന്നു. (ക്വസ്വസ്വ്: 56).

നബിമാര്‍ക്കു പ്രവാചകത്വം ലഭിക്കാറുളളത് സാധാരണ 40 വയസ്സാകുമ്പോഴാണ്. എന്നാല്‍, ഇതൊരു സാര്‍വ്വത്രികമായ നിയമമാണെന്നു പറയാവതല്ല. യഹ്‌യാ നബി(അ)യെപ്പറ്റി “ശിശുവായിരിക്കെ അദ്ദേഹത്തിന് നാം ‘ഹുക്മ്’ കൊടുത്തു” എന്ന് സൂറ: മര്‍യമില്‍ കാണാം. ‘ഹുക്മ്’ കൊണ്ടുദ്ദേശ്യം പ്രവാചകത്വമാണെന്നും, വിജ്ഞാനമാണെന്നും ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ടു പക്ഷമുണ്ട്. രണ്ടായിരുന്നാലും, അദ്ദേഹം ശിശുവായിരിക്കെത്തന്നെ ഒരു ജ്ഞാനിയായി ക്കഴിഞ്ഞിട്ടുണ്ട്. ജനനം കഴിഞ്ഞ ഉടനെത്തന്നെ ഈസാ(അ) തൊട്ടിലിലായിരിക്കെ, ജനങ്ങളോട് സംസാരിച്ചതും സൂറ: മര്‍യമില്‍ കാണാം. അതില്‍ “എന്നെ അവന്‍ -അല്ലാഹു- പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു” എന്നും പറഞ്ഞിട്ടുണ്ട്. അന്ന് അദ്ദേഹം പ്രവാചകനായി കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഭാവിയെക്കുറിച്ചുള്ള ഒരു പ്രവചനമായിരുന്നു അത്. പരിശ്രമംകൊണ്ടോ മറ്റോ ലഭിക്കുന്ന ഒന്നായിരുന്നു പ്രവാചകത്വമെങ്കില്‍ ഈ വാക്കിന് വിശേഷിച്ചു അര്‍ത്ഥമില്ലല്ലോ. ചുരുക്കത്തില്‍, അല്ലാഹു പറഞ്ഞതുപോലെ, ‘തന്റെ ദൗത്യം എവിടെയാണ് ഏര്‍പ്പെടുത്തേണ്ടതെന്ന് അല്ലാഹുവിന്നു നല്ലപോലെ അറിയാം’ (അന്‍ആം 124) അതില്‍ മറ്റാര്‍ക്കും പങ്കോ അഭിപ്രായമോ ഇല്ല. ‘അല്ലാഹു മലക്കുകളില്‍ നിന്ന് ദൂതന്മാരെ തെരഞ്ഞെടുക്കുന്നു. മനുഷ്യരില്‍ നിന്നും. നിശ്ചയമായും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു’.

നബി തിരുമേനിക്ക്(സ്വ) ക്വുര്‍ആന്‍ മാത്രമല്ല അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മറ്റനേകം വഹ്‌യുകളും (ദൈവിക സന്ദേശങ്ങളും) ലഭിക്കാറുണ്ടായിരുന്നു. ഒരു ഹദീഥില്‍ തിരുമേനി ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: “അറിഞ്ഞേക്കുക; എനിക്ക് ക്വുര്‍ആനും അതോടുകൂടി അത്ര-വേറെ-യും നല്‍കപ്പെട്ടിരിക്കുന്നു.” (അബൂദാവൂദ്) മറ്റൊരു ഹദീഥില്‍, തിരുമേനി ചെയ്ത വിധിവിലക്കുകളെ ചൂണ്ടിക്കൊണ്ട് അവിടുന്ന് ഇങ്ങിനെ പറയുന്നു: “അവ ക്വുര്‍ആനോളമോ, അല്ലെങ്കില്‍ അതിനെക്കാള്‍ അധികമോ ഉണ്ടായിരിക്കും.” (അബൂദാവൂദ്) ആകയാല്‍, ‘വഹ്‌യ്’ എന്ന് പറയുന്നതില്‍ ക്വുര്‍ആനും ക്വുര്‍ആനല്ലാത്തതും ഉള്‍പ്പെടുന്നു.

നബി വചനങ്ങങ്ങളില്‍ നിന്നു മാത്രമല്ല, പല ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും ഈ വാസ്തവം മനസ്സിലാക്കാം. നബി(സ്വ)യോടായി അല്ലാഹു പറയുന്നു: “അല്ലാഹു നിനക്ക് വേദഗ്രന്ഥവും ഹിക്മത്തും -വിജ്ഞാനവും- ഇറക്കിത്തന്നിരിക്കുന്നു.” സത്യവിശ്വാസികളോട് അല്ലാഹു പറയുന്നു: “നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹവും, വേദഗ്രന്ഥത്തില്‍ നിന്നും വിജ്ഞാനത്തില്‍നിന്നുമായി നിങ്ങള്‍ക്ക് അവന്‍ ഇറക്കിത്തന്നതും നിങ്ങള്‍ ഓര്‍മിക്കുവിന്‍.” പ്രവാചകന്മാരോട് അല്ലാഹു വാങ്ങിയിട്ടുള്ള ഒരു കരാറിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “……. വേദഗ്രന്ഥമായോ വിജ്ഞാനമായോ ഞാന്‍ നിങ്ങള്‍ക്ക് വല്ലതും നല്‍കുകയും, പിന്നീട് നിങ്ങളുടെ വശമുള്ളതിനെ സത്യമാക്കുന്ന ഒരു റസൂല്‍ നിങ്ങളില്‍ വരുകയും ചെയ്താല്‍ നിശ്ചയമായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും വേണം”. നബി തിരുമേനി(സ്വ)യുടെ ദൗത്യോദ്ദേശ്യം വിവരിക്കുന്ന മദ്ധ്യേ അല്ലാഹു പറയുന്നു: “അദ്ദേഹം അവര്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കും.” (സൂറഃ ജുമുഅ)

ക്വുര്‍ആന്‍ മാത്രമല്ല, അതിനു പുറമെ ഹിക്മത്താകുന്ന വിജ്ഞാനങ്ങളും അല്ലാഹു നബി(സ്വ)ക്ക് ഇറക്കിക്കൊടുക്കുകയും, വഹ്‌യ് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഇതില്‍ നിന്നെല്ലാം സ്പഷ്ടമാണല്ലോ. നബിമാര്‍ക്കെല്ലാം ദൈവിക സന്ദേശങ്ങളാകുന്ന വഹ്‌യ് ലഭിക്കുന്നത് മലക്ക് മുഖാന്തരവും അല്ലാതെയും ഉണ്ടാവാറുണ്ട് എന്ന് താഴെ പ്രസ്താവിക്കുന്നതില്‍നിന്നു മനസ്സിലാക്കാം. ഇന്ന തരത്തില്‍ പെട്ട വഹ്‌യുകള്‍ മലക്കു മുഖാന്തരവും, അല്ലാത്തവ മറ്റു പ്രകാരത്തിലുമാണ് ലഭിക്കുക എന്നൊരു വിഭജനമോ, വിശദീകരണമോ ക്വുര്‍ആനിലും ഹദീഥിലും ഇല്ലതാനും. പക്ഷേ, ക്വുര്‍ആന്‍ അവതരിച്ചത് ജിബ്‌രീല്‍(അ) എന്ന മലക്ക് മുഖാന്തരമാണെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. വഹ്‌യുമായി വരുന്ന മലക്ക് അദ്ദേഹമാണ്. എന്നാല്‍ ക്വുര്‍ആന്‍ മാത്രമാണ് -അല്ലെങ്കില്‍ വേദഗ്രന്ഥങ്ങള്‍ മാത്രമാണ്- ജിബ്‌രീല്‍(അ) മുഖാന്തരം അവതരിച്ചിട്ടുള്ളതെന്നും, വേദഗ്രന്ഥത്തിനു പുറമെയുള്ള വിജ്ഞാനങ്ങളൊന്നും മലക്കു മുഖാന്തരം ലഭിച്ച വഹ്‌യുകളല്ലെന്നും മറ്റും ചില വക്രതാല്‍പര്യക്കാര്‍ ജല്‍പിക്കാറുണ്ട്. ഇതു വാസ്തവ വിരുദ്ധവും, താല്‍പര്യപൂര്‍വ്വം കെട്ടിച്ചമയ്ക്കപ്പെട്ട കള്ളവാദവുമാകുന്നു. വേദഗ്രന്ഥം എത്തിച്ചുകൊടുക്കുകയെന്ന ആവശ്യാര്‍ത്ഥമല്ലാതെ തന്നെ നബിമാരുടെ അടുക്കല്‍ മലക്കു വരാറുണ്ടെന്ന് ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും ശരിക്കും ഗ്രാഹ്യമാണ്.

സ്വകാര്യമായി വിവരമറിയിക്കുക എന്നാണ് ഭാഷയില്‍ ‘വഹ്‌യി’ന്റെ അര്‍ത്ഥം. അല്ലാഹുവില്‍നിന്ന് നബിമാര്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ക്കാണ് സാധാരണ ‘വഹ്‌യ്’ എന്നു പറയുന്നത്. വഹ്‌യി’ന്റെ ഇനങ്ങള്‍ പലതുണ്ട്. നബി(സ്വ)ക്ക് വഹ്‌യ്‌ ലഭിക്കുന്നത് എങ്ങിനെയാണെന്ന് ചോദിക്കപ്പട്ടപ്പോള്‍, അവിടുന്ന് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ‘ചില സന്ദര്‍ഭങ്ങളില്‍ മണിയടിക്കുന്ന (ചലചല) ശബ്ദം പോലെയാണ് അതെനിക്കുവരിക. അതാണ്, എനിക്ക് കൂടുതല്‍ ഭാരമായിട്ടുള്ളത്. അങ്ങനെ അത് തീരുമ്പോഴേക്ക് അദ്ദേഹം (മലക്ക്)പറഞ്ഞു തന്നത് ഞാന്‍ പാഠമാക്കിയിട്ടുണ്ടാകും. ചിലപ്പോള്‍, ഒരു മനുഷ്യരൂപത്തില്‍ മലക്ക് എനിക്ക് പ്രത്യക്ഷപ്പെട്ട് എന്നോട് സംസാരിക്കും. അങ്ങനെ, അദ്ദേഹം പറയുന്നത് ഞാന്‍ പഠിക്കും’. ആഇശഃ (റ) പറയുകയാണ്: കഠിനമായ തണുപ്പുള്ള ദിവസം തിരുമേനിക്ക് വഹ്‌യ് വരുമ്പോള്‍, അത് തീരുമ്പോഴേക്കും അവിടുത്തെ നെറ്റി വിയര്‍പ്പു പൊടിയുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം). തിരുമേനി വാഹനപ്പുറത്തായിരിക്കെ വഹ്‌യ് വരുമ്പോള്‍, അതിന്റെ ഭാരം നിമിത്തം, വാഹനം നിലം പതിക്കാറായിപ്പോകുമെന്നും ഹദീഥുകളില്‍ വന്നിരിക്കുന്നു.

എന്താണ് ഈ ഭാരം? മണി അടിക്കുന്ന ശബ്ദം എങ്ങിനെ ഉണ്ടാകുന്നു?. അതില്‍ നിന്ന് എങ്ങിനെയാണ് തിരുമേനിക്ക് കാര്യം മനസ്സിലാവുക? എന്നീ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുക നമുക്ക് സാദ്ധ്യമല്ല. ആത്മീയ ലോകത്തിനും, ഭൗതികലോകത്തിനുമിടക്ക്, അഥവാ ദിവ്യലോകത്തിനും, മനുഷ്യലോകത്തിനുമിടക്ക് നടക്കുന്ന ഒരു വാര്‍ത്താ ബന്ധമാണത്. അതിനെ പറ്റി അല്ലാഹുവും, അവന്റെ റസൂലും പറഞ്ഞു തന്നത് മാത്രം മനസ്സിലാക്കുവാനേ നമുക്ക് നിവൃത്തിയുള്ളൂ . അത് നാം വിശ്വസിക്കുകയും വേണം. മേല്‍ കണ്ട രൂപങ്ങള്‍ക്കു പുറമെ, ചിലപ്പോള്‍ സ്വപ്നങ്ങള്‍ വഴിയും, മറ്റു ചിലപ്പോള്‍ ഹൃദയത്തില്‍ തോന്നിപ്പിക്കുക വഴിയും വഹ്‌യ് ലഭിക്കാറുള്ളതായി ഹദീഥുകളില്‍ വന്നിട്ടുണ്ട്. മലക്ക് മുഖേനയുള്ള വഹ്‌യിനെക്കുറിച്ചാണ് മേല്‍ ഉദ്ധരിച്ച ഹദീഥില്‍ പ്രസ്താവിച്ചിരിക്കുന്നത് . നബിമാര്‍ക്ക് ദിവ്യസന്ദേശങ്ങള്‍ ലഭിക്കുന്ന മാര്‍ഗങ്ങളെപറ്റി ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു:

‘വഹ്‌യായിട്ടോ – ബോധനമായിട്ടോ - അല്ലെങ്കില്‍, ഒരു മറയുടെ അപ്പുറത്തു നിന്നായിട്ടോ, അല്ലെങ്കില്‍, ഒരു ദൂതനെ (മലക്കിനെ) അയച്ചു അദ്ദേഹം തന്റെ -അല്ലാഹുവിന്റെ- അനുവാദപ്രകാരം അവന്‍ ഉദ്ദേശിച്ചത് വഹ്‌യ് നല്‍കുകയായിട്ടോ അല്ലാതെ ഒരു മനുഷ്യനോടും അല്ലാഹു സംസാരിക്കുന്നതല്ല.’ (ശൂറാ: 51) അല്ലാഹു സഹായിച്ചാല്‍ ശുഅറാഉ്, ശൂറാ എന്നീ സൂറത്തുകളിലും മറ്റും ഇതിനെ പറ്റി കൂടുതല്‍ വിവരിക്കുന്നതാണ്.

മലക്ക് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന് ഹദീഥില്‍ കണ്ടുവല്ലോ. വളരെ സുന്ദരനും, സുമുഖനുമായിരുന്ന ദഹിയ്യത്തുല്‍ കല്‍ബീ(റ) എന്ന സ്വഹാബിയുടെ രൂപത്തില്‍ ജിബ്‌രീല്‍(അ) വന്നിരുന്നതായും മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില സന്ദര്‍ഭങ്ങളില്‍ സ്വഹാബികള്‍ ആ ‘മനുഷ്യനെ’ കണ്ടിട്ടുള്ളതായും, അദ്ദേഹത്തിന്റെ സംസാരം കേട്ടതായും ഹദീഥുകളില്‍ വന്നിരിക്കുന്നു. പക്ഷേ, പിന്നീട് നബി(സ്വ) അവര്‍ക്ക് പറഞ്ഞു കൊടുത്തതിനു ശേഷമേ അത് മലക്കായിരുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നുള്ളൂ. മേല്‍പറഞ്ഞതെല്ലാം സാങ്കേതികാര്‍ത്ഥത്തിലുള്ള വഹ്‌യിന്റെ ഇനങ്ങളെപ്പറ്റിയാകുന്നു.

0
0
0
s2sdefault