ക്വുര്‍ആന്‍ ഗ്രന്ഥരൂപത്തിലാക്കിയതും ക്രമീകരണവും?

അവലംബം: വിശുദ്ധ ക്വുര്‍ആന്‍ വിവരണം, അമാനി മൌലവി

Last Update: 2023 January 05

സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് കൂറേശ്ശെയായി 23 കൊല്ലംകൊണ്ടാണ് ക്വുര്‍ആന്റെ അവതരണം പൂര്‍ത്തിയായത്. ഒരിക്കല്‍ അവതരിച്ച ഭാഗത്തിന്റെ തുടര്‍ന്നുള്ള ഭാഗം തന്നെ അടുത്ത പ്രാവശ്യം അവതരിച്ചുകൊളളണമെന്നില്ലെന്നും, ആദ്യം തൊട്ട് അവസാനംവരെ ഒരേ ക്രമത്തില്‍ അവതരിക്കാറില്ലെന്നും ഇതില്‍നിന്നു വ്യക്തമാണ്. അപ്പോള്‍ മുഴുവന്‍ ഭാഗവും അവതരിച്ചു തീരുന്നതിനു മുമ്പ് ഒരേ ഏടില്‍ അവ ക്രമപ്രകാരം രേഖപ്പെടുത്തിവെക്കുവാന്‍ സാധിക്കാതെയിരിക്കുന്നതും സ്വാഭാവികമാണ്. അതത് സമയത്ത് അവതരിക്കുന്ന ഭാഗം എഴുതിവെക്കുവാന്‍ നബി തിരുമേനി(സ്വ) അവിടുത്തെ എഴുത്തുകാരോട് കല്‍പ്പിക്കും. അവരത് എഴുതി സൂക്ഷിക്കുകയും ചെയ്യും. ഇന്നിന്ന ഭാഗം, ഇന്നിന്ന സൂറത്തിന്റെ ഇന്നിന്ന ഭാഗത്തു ചേര്‍ക്കണമെന്ന തിരുമേനി അവര്‍ക്കു പ്രത്യേകം നിര്‍ദ്ദേശം കൊടുക്കുക പതിവായിരുന്നു. മക്കയിലായിരുന്നപ്പോഴും, മദീനയിലായിരുന്നപ്പോഴും തിരുമേനിക്കു പല എഴുത്തുകാരുമുണ്ടായിരുന്നു. അങ്ങിനെ, അപ്പപ്പോള്‍ ലഭിക്കുന്ന വഹ്‌യുകള്‍ ഒന്നിലധികം ആളുകള്‍ എഴുതിവെക്കുമായിരുന്നു. എങ്കിലും, എല്ലാ ഭാഗവും കൂടി -ആദ്യം തൊട്ട് അവസാനം വരെ- ക്രമപ്രകാരം ഒരേ ഏടില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.

ഒരേ ഗ്രന്ഥത്തില്‍ അതു ക്രോഡീകരിക്കപ്പെടാതിരുന്നതിന് ഇതു മാത്രമല്ല കാരണം. അക്കാലത്ത് എഴുതുവാനും, രേഖപ്പെടുത്തുവാനുമുള്ള ഉപകരണങ്ങളുടെയും, സൗകര്യങ്ങളുടെയും വിരളതയും അതിന് കാരണമാകുന്നു. ആയിരമോ, പതിനായിരമോ പുറങ്ങളുള്ള ഒരു പുസ്തകം തയ്യാറാക്കുവാന്‍ ഇന്ന് നമുക്ക് പ്രയാസമില്ല. കടലാസിന്നും, മഷിക്കും പണം ചിലവാക്കിയാല്‍ മതി. അക്കാലത്ത് എഴുതുവാനുള്ള ഉപകരണങ്ങള്‍, ഈന്തപ്പനയുടെ വീതിയുള്ള മടല്‍, മരക്കഷ്ണം, തോല്‍ക്കഷ്ണം, കനം കുറഞ്ഞ കല്ല്, എല്ല് ആദിയായ കണ്ടം തുണ്ടം വസ്തുക്കളായിരുന്നു. അപ്പോള്‍, ക്വുര്‍ആന്റെ മുഴുവന്‍ ഭാഗമോ, ഏതാനും ഭാഗമോ എഴുതിവെച്ചിട്ടുള്ള ഒരാളുടെ പക്കല്‍ കേവലം ഒരു പുസ്തകമല്ല ഉണ്ടായിരിക്കുക. അതതു സമയത്തു തരപ്പെട്ടു കിട്ടിയ ഇത്തരം ചില വസ്തുക്കളുടെ ശേഖരമായിരിക്കും. അതുകൊണ്ട് അവ ഒരു തലതൊട്ട് മറ്റേ തല വരെ ക്രമപ്പെടുത്തിവെക്കുവാന്‍ പ്രയാസവുമായിരിക്കും. ക്വുര്‍ആന്‍ അല്ലാത്ത മറ്റു വല്ലതും -വഹ്‌യുകളാകട്ടെ, മറ്റു വിജ്ഞാന മൊഴികളാകട്ടെ- അക്കൂട്ടത്തില്‍ കലര്‍ന്നു പിശകു പറ്റാതിരിക്കുവാനായി നബി(സ്വ) ആദ്യമേ തന്നെ നടപടി എടുത്തിരുന്നു. “ക്വുര്‍ആന്‍ അല്ലാത്തതൊന്നും എന്നില്‍ നിന്നും നിങ്ങള്‍ എഴുതിവെക്കരുത്” (മുസ്‍ലിം) എന്ന് തിരുമേനി (സ്വ) അവരോട് ഉപദേശിച്ചിരുന്നു.

ആവശ്യമായ കാര്യങ്ങള്‍ പുസ്തകങ്ങളില്‍ കുറിച്ചുവെക്കുകയും, സന്ദര്‍ഭം നേരിടുമ്പോള്‍ അതു നോക്കി ഓര്‍മ പുതുക്കുകയും ചെയ്യുക നമ്മുടെ പതിവാണ്. എന്നാല്‍, അറബികളുടെ സ്ഥിതി ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. എഴുത്തറിയുന്ന വ്യക്തികള്‍ വളരെ വിരളം. എഴുതുവാനുള്ള ഉപകരണങ്ങളും തൃപ്തികരമല്ല. കേട്ടതെല്ലാം അപ്പടി മനഃപാഠമാക്കുവാനും, വേണ്ടുമ്പോഴെല്ലാം അതു ഓര്‍മയില്‍ നിന്ന് ഉദ്ധരിക്കുവാനും അല്ലാഹു അവര്‍ക്കൊരു പ്രത്യേക കഴിവു കൊടുത്തിരുന്നു. ഇക്കാര്യത്തില്‍ അക്കാലത്തു പ്രത്യേകിച്ചും അറബികള്‍ക്കുള്ള വൈഭവം മറ്റേതു ജനതയെയും കവച്ചുവെക്കുമായിരുന്നു. ആയിരക്കണക്കിലുള്ള പദ്യങ്ങളും, നീണ്ട നീണ്ട വാര്‍ത്തകളും അക്ഷരം തെറ്റാതെ പലരും സ്മൃതിപഥത്തില്‍ സൂക്ഷിക്കുക പതിവാണ്. ആകയാല്‍, ക്വുര്‍ആന്‍ എഴുതി സൂക്ഷിച്ചിരുന്ന വ്യക്തികളെക്കാള്‍ എത്രയോ അധികം ആളുകള്‍ ക്വുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കീട്ടുണ്ടായിരുന്നു.

ഹിജ്‌റഃ 4-ാം കൊല്ലത്തില്‍, നജ്ദിന്റെ ഭാഗത്തേക്കു മതോപദേശാര്‍ത്ഥം നബി(സ്വ) എഴുപത് പേരെ അയക്കുകയും, ശത്രുക്കളുടെ വഞ്ചനാപരമായ അക്രമം നിമിത്തം അവരില്‍ ഒന്നോ, രണ്ടോ പേരൊഴിച്ച് ബാക്കിയുളളവരെല്ലാം ബിഅ്ര്‍മഊനഃയില്‍ വെച്ചു കൊല്ലപ്പെടുകയുമുണ്ടായി. ഈ എഴുപതു പേരും ക്വുര്‍ആന്‍ ‘പാരായണക്കാര്‍’ (ക്വുര്‍റാഅ്) എന്ന പേരില്‍ അറിയപ്പെടുന്നവരായിരുന്നു. ഇവരുടെ നഷ്ടത്തില്‍ നബി(സ്വ) അത്യധികം വ്യസനിച്ചതും, ഒരു മാസത്തോളം നമസ്‌കാരത്തില്‍ പ്രത്യേക പ്രാര്‍ത്ഥന (ക്വുനൂത്ത്) നടത്തിയതും പ്രസിദ്ധമാണ്. അതുവരെ അവതരിച്ച ക്വുര്‍ആന്‍ മിക്കവാറും മനഃപാഠമായി ഓതിവന്നിരുന്നതുകൊണ്ടാണ് അവര്‍ക്ക് ‘ക്വുര്‍റാഅ്’ എന്ന് പേരുണ്ടായത്. ഈ സംഭവത്തില്‍ നിന്നുതന്നെ, ക്വുര്‍ആന്‍ മനഃപാഠമാക്കിയിരുന്നവര്‍ സ്വഹാബികളില്‍ ധാരാളമുണ്ടായിരുന്നുവെന്ന് വ്യക്തമാണല്ലോ. നബി(സ്വ) നമസ്‌കാരത്തില്‍ വളരെ അധികം ക്വുര്‍ആന്‍ ഓതാറുണ്ടായിരുന്നു. ഇതു കേട്ടാണ് പലരും അതു പാഠമിട്ടിരുന്നത്. സമയം കിട്ടുമ്പോഴെല്ലാം ക്വുര്‍ആന്‍ പാരായണം നടത്തലും അതു കേള്‍ക്കലും സ്വഹാബികളുടെ പതിവുമായിരുന്നു. ഇങ്ങനെ, ലിഖിതങ്ങളിലും, ഹൃദയങ്ങളിലുമായി ക്വുര്‍ആന്റെ പൂര്‍ണഭാഗം പലരുടെയും വശം തയ്യാറുണ്ടായിരിക്കെയാണ് നബി(സ്വ) തിരുമേനിയുടെ വഫാത്ത് (വിയോഗം) സംഭവിച്ചത്.

തിരുമേനിയുടെ വഫാത്തോടുകൂടി അറബികളില്‍ പല ഗോത്രങ്ങളും ഇസ്‌ലാമില്‍ നിന്നു അകന്നുപോയതും ഒന്നാം ഖലീഫഃ അബൂബക്ര്‍(റ) അവരുടെ നേരെ വമ്പിച്ച സൈന്യനടപടികള്‍ എടുത്തതും അതിനെത്തുടര്‍ന്ന് അവരെല്ലാം ഇസ്‌ലാമിലേക്ക് തിരിച്ചുവന്ന് അന്തരീക്ഷം ശാന്തമായതും ചരിത്ര പ്രസിദ്ധമാണല്ലോ. അന്നത്തെ സംഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു, മുസൈലമത്ത് എന്ന കള്ള പ്രവാചകനുമായുണ്ടായ ഏറ്റുമുട്ടല്‍. ആ യുദ്ധത്തില്‍ ക്വുര്‍ആന്‍ മനഃപാഠമാക്കിയിരുന്ന നൂറുക്കണക്കിലുള്ള സ്വഹാബികള്‍ രക്തസാക്ഷികളായിത്തീര്‍ന്നു. ഇതുപോലെ ഇനിയും വല്ല സംഭവങ്ങളും ഉണ്ടായേക്കുന്ന പക്ഷം, ക്വുര്‍ആന്‍ പാഴായിപ്പോകുമെന്നും, അതുകൊണ്ട് ക്വുര്‍ആന്‍ ആദ്യന്തം ഒരേ ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കണമെന്നും ഉമര്‍ (റ) ഖലീഫഃ അബൂബക്ര്‍(റ)നെ ഉണര്‍ത്തി. റസൂല്‍(സ്വ) ചെയ്തിട്ടില്ലാത്ത ഒരു പ്രവൃത്തി താന്‍ എങ്ങിനെ ചെയ്യുമെന്ന് കരുതി അദ്ദേഹം ആദ്യം വിസമ്മതിച്ചു. എങ്കിലും ഭവിഷ്യത്തിനെപ്പറ്റി ഉമര്‍ (റ) വിശദീകരിച്ചുകൊടുത്തപ്പോള്‍, അദ്ദേഹം അതിന് മുമ്പോട്ടു വരികതന്നെ ചെയ്തു.

അങ്ങനെ, അദ്ദേഹം സൈദുബ്‌നുഥാബിത്ത്(റ)നെ വിളിച്ചു വരുത്തി കാര്യം മനസ്സിലാക്കിക്കൊടുത്തു. അബൂബക്ര്‍(റ) പറഞ്ഞു: ‘താങ്കള്‍ ബുദ്ധിമാനായ ഒരു യുവാവാകുന്നു. ഞങ്ങള്‍ക്ക് താങ്കളെപറ്റി യാതൊരു തെറ്റിദ്ധാരണയും ഇല്ല. താങ്കള്‍ റസൂല്‍ തിരുമേനി(സ്വ)യുടെ വഹ്‌യുകള്‍ എഴുതിയിരുന്ന ആളാണല്ലോ. ആകയാല്‍, താങ്കള്‍ ശരിക്ക് അന്വേഷണം നടത്തി ക്വുര്‍ആനെ ഒന്നായി ശേഖരിക്കണം’. സൈദ്(റ) തന്നെ ഒരിക്കല്‍ പ്രസ്താവിച്ചതുപോലെ, ‘ഒരു പര്‍വ്വതം അതിന്റെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനെക്കാള്‍ ഭാരിച്ചതായ’ ആ കൃത്യം അദ്ദേഹം ഏറ്റെടുത്തു. ആ കൃത്യത്തിന് സൈദ്(റ)നെ തെരഞ്ഞെടുക്കുവാനുള്ള കാരണവും, അതിനുള്ള അദ്ദേഹത്തിന്റെ അര്‍ഹതയും അബൂബക്ര്‍(റ)ന്റെ ഈ ചെറുപ്രസ്താവനയില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്.

സ്വന്തം മനഃപാഠത്തെയോ, മറ്റു പലരുടെയും മനഃപാഠങ്ങളെയോ, അല്ലെങ്കില്‍ എഴുതിവെച്ചിട്ടുള്ളവരുടെ ഏടുകളെയോ മാത്രം ആസ്പദമാക്കിയായിരുന്നില്ല, സൈദ്(റ) തന്റെ കൃത്യം നിര്‍വ്വഹിച്ചത്. ഇതിനെല്ലാം പുറമെ ലിഖിതങ്ങളിലെ ഉള്ളടക്കങ്ങള്‍ അതേപടി നബി(സ്വ)യില്‍ നിന്നു നേരിട്ടു കേട്ടെഴുതിയതാണെന്നു രണ്ടു സാക്ഷികളെങ്കിലും സാക്ഷ്യപ്പെടുത്തുക കൂടി ചെയ്തശേഷമേ അദ്ദേഹം അതു സ്വീകരിച്ചിരുന്നുള്ളൂ. ‘റസൂല്‍ തിരുമേനി(സ്വ)യില്‍ നിന്ന് ആരെങ്കിലും ക്വുര്‍ആന്റെ വല്ല ഭാഗവും കേട്ടു രേഖപ്പെടുത്തിവെച്ചിട്ടുണ്ടെങ്കില്‍, അതെല്ലാം ഹാജരാക്കണം’ എന്നു ഉമര്‍ (റ) വിളംബരപ്പെടുത്തുകയും ചെയ്തിരുന്നു. അപ്പോള്‍ രണ്ടോ, നാലോ പേരുടെ സാക്ഷ്യത്തെ അടിസ്ഥാനമാക്കിയല്ല- നിരവധി സ്വഹാബികളുടെ ഏകകണ്ഠമായ അറിവിനെ അടിസ്ഥാനമാക്കിയാണ്- ആദ്യന്തം ഈ സംഗതി നടന്നതെന്നു വ്യക്തമാണ്. ക്വുര്‍ആന്റെ ഓരോ വചനവും (‘മുതവാതിര്‍’ – സംശയത്തിന് പഴുതില്ലാത്തവിധം നിരവധി ആളുകളാല്‍ അറിയപ്പെട്ടത്) ആണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഇപ്രകാരം സ്വഹാബികളുടെയെല്ലാം അറിവോടുകൂടി, സൈദ്(റ)ന്റെ കയ്യായി ക്വുര്‍ആന്‍ മുഴുവന്‍ ഭാഗവും നാം ഇന്നു കാണുന്ന പ്രകാരം ഒരു ഏടില്‍ സമാഹൃതമായി. ഈ ഏടിന്ന് അബൂബക്ര്‍(റ) ‘മുസ്‍ഹഫ്’ (രണ്ടു ചട്ടക്കിടയില്‍ ഏടാക്കി വെക്കപ്പെട്ടത്) എന്നു നാമകരണവും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം വരെ അദ്ദേഹവും, പിന്നീട് ഉമറും(റ) അത് സൂക്ഷിച്ചുപോന്നു. ഉമര്‍(റ)ന്റെ വിയോഗാനന്തരം അദ്ദേഹത്തിന്റെ മകളും, നബി(സ്വ) യുടെ പത്‌നിയുമായിരുന്ന ഹഫ്‌സ്വ(റ)യുടെ അടുക്കലായിരുന്നു ആ മുസ്‍ഹഫ്.

ഉഥ്മാന്‍(റ)ന്‍റെ ഖിലാഫത്തു കാലമായപ്പോഴേക്ക് അതിവിദൂര പ്രദേശങ്ങളായ പല നാട്ടിലും ഇസ്‌ലാമിന് പ്രചാരം സിദ്ധിക്കുകയും, മുസ്‌ലിംകള്‍ പെരുകിക്കൊണ്ടിരിക്കുകയും ചെയ്തുവല്ലോ. പലപ്രദേശക്കാരും, ഭാഷക്കാരുമായ ആളുകള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍, അവര്‍ക്കിടയില്‍ വായനയില്‍ അല്‍പാല്‍പ വ്യത്യാസങ്ങള്‍, അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതായി ഹുദൈഫത്തുബ്‌നുല്‍യമാന്‍(റ) മനസ്സിലാക്കി. വിദൂരസ്ഥലങ്ങളില്‍പോയി യുദ്ധത്തില്‍ പങ്കെടുത്തിരുന്ന ഒരു സ്വഹാബിയായിരുന്നു ഹുദൈഫഃ(റ). ഈ നില തുടരുന്ന പക്ഷം, ജൂതരും, ക്രിസ്ത്യാനികളും അവരുടെ വേദഗ്രന്ഥങ്ങളില്‍ ഭിന്നിച്ചതുപോലെ, മുസ്‌ലിംകളും ഭാവിയില്‍ ഭിന്നിച്ചുപോകുവാന്‍ ഇടയുണ്ടെന്ന് അദ്ദേഹം ഉഥ്മാന്‍(റ)നെ ധരിപ്പിച്ചു. ഉടനടി ഇതിന് പരിഹാരമുണ്ടാക്കണമെന്നുണര്‍ത്തി. അങ്ങിനെ, അദ്ദേഹം ഹഫ്‌സ്വഃ(റ)യുടെ പക്കല്‍ നിന്ന് ആ ‘മുസ്‍ഹഫ് അതിന്റെ പലപകര്‍പ്പുകളും എടുക്കുവാന്‍ ഒരു സംഘം സ്വഹാബികളെ ഏല്‍പ്പിച്ചു. ഈ സംഘത്തിന്റെ തലവനും സൈദുബ്‌നുഥാബിത്(റ) തന്നെ ആയിരുന്നു.

പകര്‍പ്പുകള്‍ എടുത്ത ശേഷം മുസ്‍ഹഫ് ഹഫ്‌സ്വഃ(റ)ക്ക് തന്നെ തിരിച്ചു കൊടുക്കുകയും പകര്‍ത്തെടുത്ത കോപ്പികള്‍ നാടിന്റെ നാനാഭാഗത്തുമുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. (പ്രസ്തുത കോപ്പികളില്‍ ഒന്ന് ഈജിപ്തിലേക്കായിരുന്നു അയക്കപ്പെട്ടിരുന്നത്. ഈ കോപ്പി ഈയിടെ ഈജിപ്തില്‍ കണ്ടുകിട്ടുകയുണ്ടായി. അസ്ഹര്‍ സര്‍വ്വകലാശാലയിലെ പശ്ചിമ നാടുകളുടെ (മൊറോക്കോ, ബര്‍ബര്‍ മുതലായ രാജ്യങ്ങളുടെ) പ്രത്യേക വിഭാഗമായ ‘റുവാക്വുല്‍ മഗാരിബഃ’യിലെ ഗ്രന്ഥാലയങ്ങളില്‍ നടന്ന ഗവേഷണ മദ്ധ്യെയാണ് ഈ മുസ്‍ഹഫ് യാദൃച്ഛികമായി കണ്ടു കിട്ടിയത്. മുന്‍കാലത്ത് നടപ്പിലുണ്ടായിരുന്ന കൂഫാ ലിപിയില്‍ എഴുതപ്പെട്ടിട്ടുള്ളതും, ഏകദേശം 1000 പേജ് വരുന്നതുമായ ഈ മുസ‍്ഹഫ് മാന്‍ തോലിലാണെത്രെ എഴുതപ്പെട്ടിരിക്കുന്നത്. 800 കൊല്ലത്തെ പഴക്കമുള്ള ഒരു ഗ്രന്ഥാലയത്തില്‍ അജ്ഞാതമായി കിടന്നിരുന്ന അനേകം ചരിത്ര നിക്ഷേപങ്ങളുടെ കൂട്ടത്തില്‍ ഒന്നാണ് ഈ മുസ്‍ഹഫും. അഹ്മദുബ്‌നു സര്‍വക്വ് എന്നു പേരായ ഒരു മഹാനാണ് ഈ മുസ്‍ഹഫ് പ്രസ്തുത ഗ്രന്ഥാലയത്തില്‍ നിക്ഷേപിച്ചത്. 500 കൊല്ലം പഴക്കം ചെന്നിട്ടുള്ള അദ്ദേഹത്തിന്റെ ഒരു മാലയും ഇതോടൊപ്പം കണ്ടു കിട്ടിയിരിക്കുന്നു. കൂടാതെ, ഹിജ്‌റഃ 492ല്‍ തങ്ക ലിപികളാല്‍ എഴുതപ്പെട്ട മറ്റൊരു മുസ്‍ഹഫും, വളരെ കാലം മുമ്പ് എഴുതപ്പെട്ടിട്ടുള്ള മറ്റനേകം മുസ്‍ഹഫുകളും, പ്രധാനപ്പെട്ട പല ഗ്രന്ഥങ്ങളും ആ ഗ്രന്ഥാലയത്തില്‍നിന്ന് കണ്ടുകിട്ടിയിരിക്കുന്നു. ‘അല്‍ അഹ്‌റാം’ എന്ന പ്രസിദ്ധ ഈജിപ്ഷ്യന്‍ പത്രമാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. (1383 റബീഉല്‍ ആഖിര്‍ മാസത്തിലെ 1963 സപ്തംബറിലെ അല്‍ അറബ് മാസിക പു: 27, ല: 1, 2 നോക്കുക)) മേലില്‍ ക്വുര്‍ആന്‍ പാരായണം പ്രസ്തുത മുസ്‍ഹഫുകളിലെ ക്രമമനുസരിച്ചായിരിക്കണമെന്ന് ഖലീഫഃ വിളംബരപ്പെടുത്തുകയും ചെയ്തു. ഉഥ്മാന്‍(റ)ന്റെ കാലത്ത് പല രാജ്യങ്ങളിലേക്കും അയച്ച ഈ മുസ്‍ഹഫുകളില്‍ നിന്നുള്ള നേര്‍പകര്‍പ്പുകളാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മുസ്‍ഹഫുകള്‍. ഇക്കാരണംകൊണ്ടാണ് മുസ്‍ഹഫുകള്‍ക്ക് ‘ഉഥ്മാനി മുസ്‍ഹഫ്’ എന്നു പറയപ്പെടുന്നത്.

ഓരോ സന്ദര്‍ഭത്തിലും അവതരിച്ചിരുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ അതിനു മുമ്പ് അവതരിച്ചു കഴിഞ്ഞിട്ടുള്ള ഭാഗങ്ങളുടെ ഏതേതു സ്ഥാനങ്ങളില്‍ ചേര്‍ക്കണമെന്ന് നബി(സ്വ) എഴുത്തുകാര്‍ക്ക് അപ്പപ്പോള്‍ നിര്‍ദ്ദേശം നല്‍കാറുണ്ടായിരുന്നുവെന്നു പറഞ്ഞുവല്ലോ. ആകയാല്‍, അതതു സൂറത്തുകള്‍ ഉള്‍കൊള്ളുന്ന ആയത്തുകളും ഓരോ സൂറത്തിന്റെയും ആദ്യാവസാനങ്ങളും നബി(സ്വ) പറഞ്ഞുകൊടുത്തിട്ടുള്ളതാണെന്നു സ്പഷ്ടമാണ്. മാത്രമല്ല, ഓരോ സൂറത്തും ബിസ്മി കൊണ്ട് വേര്‍തിരിക്കപ്പെടുകയും ചെയ്തിരുന്നു. ഒരു സൂറത്തും മറ്റേ സൂറത്തും തമ്മില്‍ നബി(സ്വ) വേര്‍ തിരിച്ചറിഞ്ഞിരുന്നത് ‘ബിസ്മി’ അവതരിക്കുന്നതുകൊണ്ടായിരുന്നു വെന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്ത ഒരു ഹദീഥില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് മുസ്‍ഹഫുകളില്‍ കണ്ടുവരുന്ന ക്രമമനുസരിച്ച് ഓരോ സൂറത്തും അതാതിന്റെ സ്ഥാനങ്ങളിലായി, ഇന്നതിനു ശേഷം ഇന്നതു എന്ന നിലക്ക് തിരുമേനിയുടെ കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നോ എന്നതിനെ പറ്റി പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായമുണ്ട്. ഇല്ലെന്ന അഭിപ്രായപ്രകാരം ഇന്ന്കാണപ്പെടുന്ന രൂപത്തില്‍ 114 സൂറത്തുകള്‍ ക്രമപ്പെടുത്തിയതും പല കഷ്ണങ്ങളിലായി രേഖപ്പെടുത്തപ്പെട്ടിരുന്ന ഭാഗങ്ങളെല്ലാം ഒന്നിച്ചു ചേര്‍ത്തു ഒരു ഗ്രന്ഥത്തില്‍ ആക്കിയതുമാണ് സൈദു്‌നുഥാബിത്ത്(റ) മുഖാന്തരം അബൂബക്ര്‍(റ) ചെയ്തത്. സൈദ്(റ) തയ്യാറാക്കിയ കോപ്പിയും, മറ്റു ചില സ്വഹാബികളുടെ കയ്‌വശം നിലവിലുണ്ടായിരുന്ന കോപ്പികളും തമ്മില്‍, സൂറത്തുകളുടെ ക്രമീകരണത്തില്‍ സ്വല്പം വ്യത്യാസം ഉണ്ടായിരുന്നെങ്കിലും, ഓരോ സൂറത്തും ഉള്‍കൊള്ളുന്ന ആയത്തുകളിലും, അവയുടെ ക്രമത്തിലും വ്യത്യാസമുണ്ടായിരുന്നില്ല. നമസ്‌കാരത്തിലൊ മറ്റോ പാരായണം ചെയ്യുമ്പോള്‍, അവരവര്‍ തങ്ങളുടെ പക്കലുളള ക്രമമനുസരിച്ച് സൂറത്തുകള്‍ ഓതുകയും ചെയ്തിരിക്കാം. സൂറത്തുകളുടെ അവതരണക്രമമനുസരിച്ചായിരിക്കും മിക്കവാറും അവര്‍ അവക്ക് ക്രമം നല്‍കിയിരിക്കുക എന്നു കരുതാം. ഉഥ്മാന്‍(റ)ന്റെ കാലത്ത് മുസ്‍ഹഫിന്റെ കോപ്പികള്‍ വിതരണം ചെയ്യപ്പെടുകയും, അതിലെ ക്രമം എല്ലാവരും സ്വീകരിക്കണമെന്നു കല്പിക്കപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് സൂറത്തുകളുടെ ക്രമത്തിലും ഇന്നീ കാണുന്ന ഐക്യരൂപം നിലവില്‍ വന്നു.

മുസ്‍ഹഫില്‍ സൂറത്തുകള്‍ ക്രമപ്പെടുത്തിയത് അവയുടെ അവതരണക്രമം അനുസരിച്ചായിരുന്നില്ല. ഇന്നിന്ന സൂറത്തുകള്‍ക്ക് ശേഷം, അല്ലെങ്കില്‍ മുമ്പ്, ഇന്നിന്ന സൂറത്തുകള്‍ മാത്രമെ പാരായണം ചെയ്യാവൂ എന്ന് ഒരു നിര്‍ദ്ദേശവും നബി(സ്വ)യില്‍ നിന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉഥ്മാന്‍(റ)ന്റെ വിളംബരത്തിനു ശേഷവും കുറേകാലം ഇബ്‌നുമസ്ഊദ്(റ) താന്‍ എഴുതി സൂക്ഷിച്ചിരുന്ന ക്രമം കൈവിടാതെ പാരായണം ചെയ്തിരുന്നത്. ഉഥ്മാന്‍(റ)ന്റെ നിര്‍ദ്ദേശം എല്ലാ സ്വഹാബികളും സ്വീകരിച്ചിരുന്നുവെന്ന് മാത്രമല്ല, ആ കൃത്യം അദ്ദേഹം ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ നിശ്ചയമായും താനത് ചെയ്യുമായിരുന്നുവെന്ന് അലി(റ) പ്രസ്താവിക്കുകപോലുമുണ്ടായി. ഇബ്‌നുമസ്ഊദ്(റ) തന്നെയും, പിന്നീട് ആ അഭിപ്രായം ശരിവെച്ചു.

നബി(സ്വ)യുടെ അടുക്കല്‍ റമദ്വാന്‍ മാസത്തില്‍ ജിബ്‌രീല്‍(അ) വന്ന് ക്വുര്‍ആന്‍ പാഠം നോക്കാറുണ്ടായിരുന്നു. തിരുമേനിയുടെ വിയോഗമുണ്ടായ കൊല്ലത്തില്‍ മലക്ക് വന്ന് രണ്ട് പ്രാവശ്യം അങ്ങിനെ ഒത്തുനോക്കിയിരുന്നു. ഈ അവസരങ്ങളില്‍, സൂറത്തുകള്‍ക്കിടയില്‍ ഏതെങ്കിലും ഒരു ക്രമം സ്വീകരിക്കപ്പെട്ടിരിക്കുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് സൂറത്തുകളുടെ ക്രമീകരണവും-ആയത്തുകളുടെ ക്രമീകരണം പോലെത്തന്നെ-നബി(സ്വ) സ്വഹാബികള്‍ക്ക് കാട്ടികൊടുത്തിരിക്കുമെന്നും, ആ ക്രമീകരണം തന്നെയാണ് സൈദ്(റ) സ്വീകരിച്ചിരിക്കുന്നതെന്നുമാണ് മറ്റു ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഏതായാലും പാരായണ വേളയിലും, പഠിക്കുമ്പോഴും മുസ്‍ഹഫുകളില്‍ കാണുന്ന ഈ ക്രമമനുസരിച്ച് തന്നെ സൂറത്തുകള്‍ വഴിക്കുവഴിയായി ഓതുന്നതാണ് ഏറ്റവും നല്ലത് എന്നതില്‍ സംശയമില്ല. പക്ഷേ, ഇത് ഒഴിച്ചുകൂടാത്ത ഒരു നിര്‍ബന്ധ കടമയല്ല. അതേ സമയത്ത് ഓരോ സൂറത്തിലേയും ആയത്തുകള്‍ മുസ്‍ഹഫില്‍ നാം കാണുന്ന വഴിക്കുവഴി ക്രമത്തില്‍ തന്നെ സ്വീകരിക്കല്‍ നിര്‍ബന്ധവുമാകുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായവും, സൂക്ഷ്മജ്ഞാനികളായ പല മഹാന്മാരും ബലപ്പെടുത്തിയിട്ടുള്ളതും ഇപ്പറഞ്ഞ പ്രകാരമാകുന്നു. നബി(സ്വ) നമസ്‌കാരങ്ങളില്‍ സ്വീകരിച്ചുവന്നിരുന്ന പതിവുകള്‍ പരിശോധിക്കുമ്പോഴും ഈ അഭിപ്രായമാണ് ശരിയെന്ന് കാണാവുന്നതാണ്. മുസ്‌ലിംകള്‍ക്കിടയില്‍ പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതും ഇതുതന്നെ. മാത്രമല്ല, ആ ക്രമം മാറ്റി മറ്റൊരു ക്രമം സ്വീകരിക്കുന്നത് പല അനര്‍ത്ഥങ്ങള്‍ക്കും കാരണമായിത്തീരുന്നതുമാകുന്നു.

സൂറത്തുകളുടെ വലിപ്പവും, ഏറെക്കുറെ വിഷയങ്ങളും പരിഗണിച്ചാണ് അവ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വലിപ്പം അനുസരിച്ച് സൂറത്തുകള്‍ നാലു വിഭാഗങ്ങളായി ഗണിക്കപ്പെടാറുണ്ട്. 1). ആദ്യത്തെ ഏഴു വലിയ സൂറത്തുകള്‍ ( (2നൂറും അതിലധികവും ആയത്തുകള്‍ ഉള്‍ക്കൊള്ളുന്നവ ((3 നൂറിന് അല്പം താഴെ ആയത്തുള്ളവ ( (4ചെറിയ ആയത്തുകള്‍ ഉള്‍കൊളളുന്നവ. ഇവയില്‍ ആദ്യത്തെ വിഭാഗം തൗറാത്തിന്റെ സ്ഥാനത്തും, രണ്ടാം വിഭാഗം ഇന്‍ജീലിന്റെ സ്ഥാനത്തും, മൂന്നാമത്തെത് സബൂറിന്റെ സ്ഥാനത്തും നിലകൊള്ളുന്നുവെന്നും, നാലാമത്തെ വിഭാഗം നബി(സ്വ)ക്കു ലഭിച്ച പ്രത്യേക തരം വിഭാഗമാണെന്നും കാണിക്കുന്ന ചില രിവായത്തുകള്‍ (നിവേദനങ്ങള്‍) മഹാനായ ഇബ്‌നുജരീര്‍ (റ) അദ്ദേഹത്തിന്റെ സുപ്രസിദ്ധ തഫ്‌സീര്‍ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത് 114 സൂറത്തുകളില്‍, ഒന്നൊഴിച്ച് ബാക്കിയെല്ലാം ‘ബിസ്മി’ കൊണ്ട് വേര്‍തിരിക്കപ്പെട്ടു കാണാം. ഒമ്പതാമത്തെ സൂറഃയായ തൗബഃയുടെ തുടക്കത്തില്‍ മാത്രമാണ് ബിസ്മിയില്ലാത്തത്. അതിന് പല കാരണങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ഏതായാലും അബൂബക്ര്‍(റ)ന്റെ കാലത്തുണ്ടായ ക്രമീകരണവും, ഉഥ്മാന്‍(റ)ന്റെ കോപ്പി വിതരണവും മുഖേന വിശുദ്ധ ക്വുര്‍ആനില്‍ ഭിന്നിപ്പുണ്ടായേക്കുവാനുള്ള മാര്‍ഗങ്ങള്‍ അടക്കപ്പെട്ടു. “പ്രമാണത്തെ-ക്വുര്‍ആനെ-നാമാണ് അവതരിപ്പിച്ചത്. നാം തന്നെ അതിനെ കാത്തു സൂക്ഷിക്കുന്നവരുമാണ്” (ക്വുര്‍ആന്‍ 15:9) എന്ന അല്ലാഹുവിന്റെ വാഗ്ദാനം ഇതുമൂലം പൂര്‍ത്തിയാകുകയും ചെയ്തു. അല്‍ഹംദു ലില്ലാഹ്.

ക്വുര്‍ആനിലെ ഏറ്റവും വലിയ അധ്യായമായ അല്‍ബക്വറഃയില്‍ 286 ആയത്തുകള്‍ അടങ്ങുന്നു. അതേ സമയത്ത് ചെറിയ ചില സൂറത്തുകളില്‍ മൂന്നു ആയത്തുകള്‍ മാത്രമാണ് കാണുക. ആയത്തുകളുടെ വലിപ്പത്തിലും ഇതേ സ്വഭാവം കാണാവുന്നതാണ്. ചില ആയത്തുകള്‍ ഏറെക്കുറെ ഒരു പേജോളം വലിപ്പം ഉണ്ടെങ്കില്‍, വേറെ ചില ആയത്തുകള്‍ ഒന്നോ, രണ്ടോ പദങ്ങള്‍ മാത്രം അടങ്ങുന്നതായിരിക്കും. ആയത്തുകള്‍ തമ്മില്‍ വിഷയപരമായ ബന്ധങ്ങള്‍ മാത്രമല്ല-പലപ്പോഴും-ഘടനാപരവും, വ്യാകരണപരവുമായ ബന്ധങ്ങളും ഉണ്ടായിരിക്കും. അഥവാ ചില അവസരങ്ങളില്‍ ഒന്നിലധികം ആയത്തുകള്‍ കൂടിച്ചേര്‍ന്നായിരിക്കും ഒരു വാക്യം പൂര്‍ത്തിയാവുന്നത്.

അതേസമയത്ത് ചില ആയത്തുകള്‍, ഒന്നിലധികം പൂര്‍ണ വാക്യങ്ങള്‍ അടങ്ങുന്നതുമായിരിക്കും. ഇങ്ങിനെയുള്ള പല കാരണങ്ങള്‍കൊണ്ടാണ് ചില ആയത്തുകളുടെ അവസാനത്തില്‍ പൂര്‍ത്തിയായ നിറുത്തി വായന ചെയ്യാതിരിക്കണമെന്നും, ചില ആയത്തുകള്‍ അവസാനിക്കും മുമ്പായി അതിന്റെ വാചകങ്ങള്‍ക്കിടയില്‍ ഒന്നിലധികം സ്ഥലത്ത് നിറുത്തി വായിക്കേതുണ്ടെന്നും വരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, വിഷയത്തിന്റെയൊ, വാചകഘടനയുടെയോ സ്വഭാവവും വലിപ്പവും മാത്രം ഗൗനിച്ചുകൊണ്ടല്ല ആയത്തുകളുടെ ആദ്യാവസാനങ്ങള്‍ കണക്കാക്കപ്പെട്ടിട്ടുള്ളത്. വായനാപരവും, സാഹിത്യപരവും, ആലങ്കാരികവുമായ പല കാര്യങ്ങള്‍ കൂടി പരിഗണിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരിക്കുവാന്‍ ഇവിടെ സൗകര്യം പോരാ. വിശുദ്ധ ക്വുര്‍ആനും ഇതര ഗ്രന്ഥങ്ങളും തമ്മിലുള്ള അനേകതരം വ്യത്യാസങ്ങളില്‍ ഇങ്ങിനെയുള്ള ചില സവിശേഷതകളും ഉള്‍പ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടുക മാത്രമാണ്.

0
0
0
s2sdefault