Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്രൈസ്തവത

CHRISTIANITY

യേശുവിന്റെ രണ്ടാംവരവ്

അമാനി മൌലവി(റഹി)

Last Update: 2023 April 22, 01 Shawwal, 1444 AH

“വേദക്കാരില്‍ നിന്ന് (ആരും) അദ്ദേഹത്തിന്‍റെ മരണത്തിന്മുമ്പ് തീര്‍ച്ചയായും അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കയില്ല. ക്വിയാമത്തു നാളിലാകട്ടെ, അദ്ദേഹം അവരുടെ മേല്‍ സാക്ഷിയായിരിക്കുകയും ചെയ്യും.” (അന്നിസാഅ് 159)

ആദ്യത്തെ വാക്യത്തിന് രണ്ടു പ്രകാരത്തില്‍ അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്: നാം പരിഭാഷയില്‍ സ്വീകരിച്ച പ്രകാരം തന്നെ. മറ്റൊന്ന്: ‘വേദക്കാരില്‍ നിന്ന് ആരും തന്‍റെ മരണത്തിന് മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കുകയില്ല’ എന്ന വാക്കിലെ സര്‍വ്വനാമം കൊണ്ടുദ്ദേശ്യം ഈസാ നബി (അ)യാണെന്നുളളതില്‍ പക്ഷാന്തരമില്ല. മൗതിഹി¹ എന്ന വാക്കിലെ സര്‍വ്വനാമം കൊണ്ടുദ്ദേശ്യം ഈസാ (അ) തന്നെ ആയിരിക്കുവാനും, വേദക്കാരില്‍ നിന്നുളള ഓരോരുത്തനും ആയിരിക്കുവാനും സാധ്യതയുളളതാണ് ഈ അഭിപ്രായങ്ങള്‍ക്ക് കാരണം. ഒന്നാമെത്തതനുസരിച്ച് ആ വാക്യത്തിന്‍റെ സാരം ഇപ്രകാരമായിരിക്കും: ഈസാ (അ) മരണെപ്പടുന്നതിനു മുമ്പ്- അദ്ദേഹം വീണ്ടും ഭൂമിയില്‍ ഇറങ്ങി വന്ന ശേഷം ഭൂമിയില്‍ വെച്ചു മരണമടയുന്നതിനു മുമ്പ്- അക്കാലത്തുളള വേദക്കാരില്‍ ആരും അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കുകയില്ല. രണ്ടാമത്തെതനുസരിച്ചു സാരം ഇപ്രകാരമായിരിക്കും: വേദക്കാരായ ഓരോ ആളും അയാള്‍ മരണപ്പെടുന്നതിനുമുമ്പ് – അഥവാ മരണം കണ്ണില്‍ കാണുകയും ഈ ലോകവുമായുള്ള ബന്ധം മുറിഞ്ഞു പോകുകയും ചെയ്യുന്ന അവസരത്തില്‍- അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കയില്ല. എന്നുവെച്ചാല്‍, അതേവരെ താന്‍ ഈസാ(അ)നെക്കുറിച്ചു വെച്ചു പുലര്‍ത്തിപ്പോന്ന വിശ്വാസങ്ങളെല്ലാം തെറ്റാണെന്ന് ആ അവസരത്തില്‍ അവനു ബോധ്യപ്പെടുകയും, ശരിയായ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുമെന്ന് താല്‍പര്യം. ഈ രണ്ടു അഭിപ്രായക്കാരിലും സ്വഹാബികളും, താബിഉകളുമടക്കം പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളെയും കാണാവുന്നതാണ്.

വാസ്തവത്തില്‍ വേദക്കാരുടെ മാത്രമല്ല, പിഴച്ച വിശ്വാസമാര്‍ഗങ്ങള്‍ സ്വീകരിച്ച എല്ലാവരുടെയും സ്ഥിതി ഒരേ മാതിരി തന്നെയായിരിക്കും. അതായത് മരണവേളയില്‍ അതേവരെയുളള പിഴച്ച വിശ്വാസങ്ങളില്‍ നിന്ന് അവര്‍ ഖേദിച്ചു മടങ്ങുകയും യഥാര്‍ത്ഥവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷേ, ആ സമയത്തുളള ആ വിശ്വാസം കൊണ്ട് യാതൊരു ഫലവും ഉണ്ടാകുവാനില്ല. ഈ സംഗതി ക്വുര്‍ആന്‍ കൊണ്ടും നബി വാക്യങ്ങള്‍ കൊണ്ടും വ്യക്തമായി അറിയപ്പെട്ടതാകുന്നു.

രണ്ടഭിപ്രായങ്ങള്‍ക്കും നിദാനമായ പല രിവായത്തുകളും ഉദ്ധരിച്ചശേഷം മഹാനായ ഇബ്‌നുജരീര്‍ (റ) ഒന്നാമത്തെ അഭിപ്രായമാണ് ശരിവെച്ചിരിക്കുന്നത്. അദ്ദേഹം ശരിവെച്ചതു തന്നെയാണ് ശരിയെന്ന് വ്യക്തമാക്കിക്കൊണ്ട് ഇബ്‌നു കഥീര്‍ (റ) അതിന് പറഞ്ഞ ന്യായം ശ്രദ്ധേയമാകുന്നു. അതിന്‍റെ സാരം ഇപ്രകാരമാണ്: ‘ഈസാ നബി(അ)യെ തങ്ങള്‍ കൊല ചെയ്യുകയോ ക്രൂശിക്കുകയോ ചെയ്തിട്ടുണ്ടെന്ന യഹൂദികളുടെ വാദത്തെയും, അജ്ഞരായ ക്രിസ്ത്യാനികള്‍ ആ വാദം സമ്മതിച്ചു വരുന്നതിനെയും ഖണ്ഡിക്കലാണ് കഴിഞ്ഞ വചനങ്ങളുടെ ലക്ഷ്യം. കാര്യം അവര്‍ പറയുന്നത്‌ പോലെയല്ല, അദ്ദേഹത്തോട് സദൃശ്യമായി തോന്നിയ ഒരാളെ മാത്രമാണവര്‍ കൊന്നത്. യഥാര്‍ത്ഥം അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞതുമില്ല, അദ്ദേഹത്തെ അല്ലാഹു തന്‍റെ അടുക്കലേക്ക് ഉയര്‍ത്തുകയാണുണ്ടായത് എന്നൊക്കെയാണ് അല്ലാഹു ആ വചനങ്ങളില്‍ പ്രസ്താവിച്ചത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും, ഭാവിയില്‍ ഇറങ്ങിവന്നു ഇവിടെ പലതും പ്രവര്‍ത്തിക്കുമെന്നും, ഇസ്‌ലാമല്ലാതെ മറ്റൊന്നും അദ്ദേഹം അംഗീകരിക്കുകയില്ലെന്നും ധാരാളം ഹദീഥുകളാല്‍ സ്ഥാപിതമായിട്ടുണ്ട്. എന്നിരിക്കെ, അവിശ്വാസികളായ എല്ലാ വേദക്കാരും (അദ്ദേഹം ഇറങ്ങി വരുന്ന) ആ അവസരത്തില്‍ വിശ്വസിക്കുകതന്നെ ചെയ്യുമെന്നു പറയുന്നതിനാണ് ഇവിടെ യോജിപ്പുളളത്. മരണവേളയില്‍- വിശ്വാസം ഫലം ചെയ്യാത്ത അന്ത്യഘട്ടത്തില്‍- എല്ലാ അവിശ്വാസികളും മുഹമ്മദ് നബി (സ്വ)യിലും, ഈസാ നബി (അ) യിലും വിശ്വസിക്കുമെന്നുളളത് യഥാര്‍ത്ഥം തന്നെ. എങ്കിലും, ഇവിടത്തെ സന്ദര്‍ഭം അത് വിവരിക്കുന്ന സന്ദര്‍ഭമല്ല.

ഇമാം ഇബ്‌നുതൈമിയ്യ (റ) ക്രിസ്ത്യാനികള്‍ക്ക് ഖണ്ഡനമായി രചിച്ച അല്‍ജവാബുസ്വഹീഹ് ലിമന്‍ ബദ്ദല ദീനുല്‍ മസീഹ് (മസീഹിന്‍റെ മതത്തെ മാറ്റി മറിച്ചവര്‍ക്ക് ശരിയായമറുപടി) എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ഒരു സന്ദര്‍ഭത്തില്‍ ഈ ആയത്ത് ഉദ്ധരിച്ചു വ്യാഖ്യാനിച്ചിട്ടുണ്ട്. നാം ഒന്നാമതായി ഉദ്ധരിച്ച ഭൂരിപക്ഷാഭിപ്രായത്തെ ശരിവെച്ചും രണ്ടാമത്തെ അഭിപ്രായത്തെ വിമര്‍ശിച്ചും കൊണ്ടുളള ആ വ്യാഖ്യാനത്തില്‍, ഇബ്‌നു കഥീര്‍ ചൂണ്ടിക്കാട്ടിയ ന്യായത്തിന് ഒരു വിശദീകരണവും, ശ്രദ്ധേയമായ വേറെ ചില ന്യായങ്ങളും അടങ്ങിയിരിക്കുന്നു. അതിങ്ങിനെ ഗ്രഹിക്കാം:-

(1) വേദക്കാരില്‍പെട്ട ആരും തീര്‍ച്ചയായും വിശ്വസിക്കാതിരിക്കയില്ല എന്നാണ് അല്ലാഹു പറയുന്നത്. യഹൂദികളും ക്രിസ്ത്യാനികളുമാണ് വേദക്കാര്‍. അപ്പോള്‍, ഈസാ (അ) കളളവാദിയാണെന്ന് വാദിക്കുന്ന യഹൂദികളും, അദ്ദേഹം ദൈവപുത്രനാണെന്ന് വാദിക്കുന്ന ക്രിസ്ത്യാനികളും അദ്ദേഹത്തെക്കുറിച്ച് അദ്ദേഹം അല്ലാഹുവിന്‍റെ റസൂലും അടിമയുമാണെന്ന് വിശ്വസിക്കാതിരിക്കുകയില്ല എന്നാണിതിന്‍റെ അര്‍ത്ഥം. മരണവേളയില്‍ യഥാര്‍ത്ഥമായ വിശ്വാസം വിശ്വസിക്കുമെന്നുളളതില്‍ വേദക്കാരും അല്ലാത്തവരുമെന്ന വ്യത്യാസം ഇല്ല. ആ വിശ്വാസം ഈസാ (അ) നെക്കുറിച്ചു മാത്രവുമായിരിക്കയില്ല. അവര്‍ മുമ്പ് ഏതിനെയെല്ലാം നിഷേധിച്ചു വന്നിരുന്നുവോ അതിന്‍റെയെല്ലാം സത്യാവസ്ഥ അവര്‍ക്ക് അപ്പോള്‍ ബോധ്യപ്പെടുകയും അതിലെല്ലാം അവര്‍ വിശ്വസിക്കുകയും ചെയ്യുന്നതാണ്.

(2) തീര്‍ച്ചയായും അവര്‍ വിശ്വസിക്കുക തന്നെ ചെയ്യും എന്നു ശപഥ രൂപത്തിലുളള ക്രിയ ഭാവികാലത്തെ കുറിക്കുന്നത് ആയിരിക്കുവാനേ നിവൃത്തിയുളളൂ. അപ്പോള്‍ അത് (ചുരുങ്ങിയ പക്ഷം) അല്ലാഹു ഈ വിവരം (ക്വുര്‍ആനില്‍) അറിയിച്ചത് മുതല്‍ക്കുളള ആളുകളെക്കുറിച്ചായിരിക്കുവാനേ തരമുള്ളൂ. അഥവാ മരണവേളയിലുണ്ടാകുന്ന വിശ്വാസത്തെ ഉദ്ദേശിച്ചാണ് അതെന്നുവെക്കുന്ന പക്ഷം, അതിന് മുമ്പുളളവര്‍ക്കും പിമ്പുള്ളവര്‍ക്കും അതില്‍ പ്രത്യേകതയൊന്നും ഉണ്ടായിരിക്കുവാനില്ലല്ലോ.

(3) മരണത്തിന് മുമ്പ് എന്നാണ് അല്ലാഹു പറഞ്ഞത്. (മരണവേളയില്‍ എന്നോ മരണശേഷം എന്നോ അല്ല) ഈസാ നബി (അ) യുടെ മരണത്തിനു മുമ്പ്- അതായത്, അദ്ദേഹം ഭൂമിയില്‍ ഇറങ്ങിവന്നു മരണമടയുന്നതിനു മുമ്പ്- അദ്ദേഹത്തില്‍ അവര്‍ വിശ്വസിക്കും എന്നായിരിക്കണം ഇതിന്‍റെ അര്‍ത്ഥം. അഥവാ, വേദക്കാരുടെ മരണത്തിനുമുമ്പ്- അദ്ദേഹത്തില്‍ വിശ്വസിക്കും എന്നായിരിക്കണമല്ലോ അര്‍ത്ഥം. ഇതു ശരിയല്ലെന്ന് പറയേണ്ടതില്ല.

അവസാന കാലത്ത് ഈസാ (അ) ഭൂമിയില്‍ ഇറങ്ങിവരും, അദ്ദേഹം ഭൂമിയില്‍ നീതി നടത്തുകയും ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യും, അദ്ദേഹം ദജജാലിനെ കൊലപ്പെടുത്തും എന്നൊക്കെ വളരെ ഹദീഥുകളില്‍ വന്നിട്ടുളളതാണ്. ഉദാഹരണത്തിന് ഒന്നുമാത്രം ഇവിടെ ഉദ്ധരിക്കാം. നബി (സ്വ) അരുളിച്ചെയത്തായി അബൂഹുറയ്‌റഃ (റ) ഉദ്ധരിക്കുന്നു: ‘നീതിമാനായ ഒരു വിധി കര്‍ത്താവായ നിലയില്‍ ഇബ്‌നുമര്‍യം (ഈസാ –അ) നിങ്ങളില്‍ ഇറങ്ങിവരുവാന്‍ സമയം അടുത്തുവരുന്നു. അദ്ദേഹം ദജജാലിനെ കൊലപ്പെടുത്തും; പന്നികളെ കൊല്ലും; കുരിശു മുറിച്ചുകളയും, കപ്പം (കരം) നിറുത്തല്‍ ചെയ്യും; ധനം സ്വീകരിക്കാന്‍ ഒരാളും ഉണ്ടാകാതിരിക്കുകയും, ദുന്‍യാവിനെയും അതിലുളളതിനെയും കാള്‍ ഒരു സുജൂദ് ഉത്തമമായിത്തീരുകയും ചെയ്യുമാറ് (അക്കാലത്ത്) ധനം ഒഴുകിക്കൊണ്ടിരിക്കുകയും ചെയ്യും. ‘ഈ നബി വചനം ഉദ്ധരിച്ചുകൊണ്ട് അബൂഹുറയ്‌റഃ (റ) ഇങ്ങിനെ പറയുകയും ചെയ്തിരുന്നു: ‘നിങ്ങള്‍ വേണമെങ്കില്‍ (ഇതിനു തെളിവായി) വ ഇന്‍ മിന്‍ അഹി‍ലില്‍ കിതാബ്... എന്ന ഈ വചനം ഓതിക്കൊള്ളുക.’ (ബുഖാരിയും, മുസ്‌ലിമും അടക്കം പല ഹദീസു പണഡിതന്‍മാരും പല മാര്‍ഗങ്ങളിലൂടെ രേഖപ്പെടുത്തിയ താണിത്.)

മസീഹുദ്ദജ്ജാല്‍ എന്ന ഒരു യഹൂദനായ കളളവാദി അവസാനകാലത്ത് പ്രത്യക്ഷപ്പെടുമെന്നും, അസാധാരണമായ പല കടുംകൃത്യങ്ങള്‍ നടത്തുവാനുളള കഴിവ് അവനുണ്ടായിരിക്കുമെന്നും, അതുവഴി അവന്‍ ജനങ്ങളെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുമെന്നും, യഹൂദികളായിരിക്കും അവന്‍റെ പ്രധാന അനുയായികളെന്നും, ഈസാ നബി (അ) യുടെ കൈക്കായിരിക്കും അവന്‍ കൊല്ലപ്പെടുകയെന്നും അനേകം ഹദീഥുകളില്‍ വന്നിട്ടുളളതാണ്. ‘യഅ്ജൂജ് – മഅ്ജൂജി’ ന്‍റെ പുറപ്പാട്, ദജ്ജാലിന്‍റെ വരവ്, ഈസാ നബി (അ) യുടെ വരവ്, സൂര്യന്‍ പടിഞ്ഞാറു നിന്നു ഉദയം ചെയ്യല്‍ എന്നിങ്ങനെയുളള ചില സംഭവങ്ങള്‍ ലോകാവാസന കാലങ്ങളില്‍ ഉണ്ടാകുവാന്‍ പോകുന്ന ദൃഷ്ടാന്തങ്ങളാണെന്ന് പ്രവചിച്ചുകൊണ്ടുളള പല നബി വചനങ്ങള്‍ വേറെയും ഉണ്ട്.

ഇങ്ങിനെയുളള ഭാവി കാര്യങ്ങളെക്കുറിച്ച് ബലവത്തായ ഹദീഥുകളില്‍ വ്യക്തമായ ഭാഷയില്‍ പ്രസ്താവിച്ചു കാണുന്നതിനപ്പുറം കടന്നു വല്ല വിശദീകരണവും നല്‍കുവാന്‍ നമുക്ക് നിവൃത്തിയില്ല. യുക്തിന്യായങ്ങള്‍ മൂലമോ, ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലോ അവയെ നിഷേധിക്കുകയോ, പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി തൃപ്തി അടയുകയോ ചെയ്‌വാന്‍ ക്വുര്‍ആനിലും ഹദീഥിലും വിശ്വസിക്കുന്നവര്‍ക്കു പാടില്ലാത്തതുമാകുന്നു. ഒരുകാലത്ത് അലങ്കാര പ്രയോഗങ്ങളെന്നോ, പ്രത്യക്ഷാര്‍ത്ഥത്തില്‍ സംഭവ്യമല്ലെന്നോ കരുതപ്പെട്ടിരുന്നതും, അതേ സമയത്ത് ഹദീഥുകളില്‍ തുറന്ന ഭാഷയില്‍ പ്രവചിക്കപ്പെട്ടിട്ടുള്ളതുമായ പല കാര്യങ്ങളും. അക്ഷരം പ്രതിപുലര്‍ന്നു കഴിഞ്ഞിട്ടുള്ളതിന് പല ഉദാഹരണങ്ങളും നമ്മുടെ അനുഭവത്തിലുണ്ട്. അതുപോലെ ഇതേവരെ പുലര്‍ന്നു കഴിഞ്ഞിട്ടില്ലാത്ത പലതും ഭാവിയില്‍ പുലര്‍ന്നുകൊണ്ടിരിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് ഉറപ്പിച്ചും തറപ്പിച്ചും പറയാവുന്നതാണ്. സാധാരണഗതിയില്‍ വിദൂരമായിത്തോന്നുന്ന കാര്യങ്ങളില്‍ -കുറഞ്ഞപക്ഷം -യഥാര്‍ത്ഥ ഉദ്ദേശ്യം അല്ലാഹുവിനും റസൂലിനും അറിയാമെന്നുവെച്ച് മൗനമവലംബിക്കുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം, അത് വമ്പിച്ച അപകടത്തില്‍ ചാടിച്ചേക്കുമെന്ന് ഓര്‍ക്കേണ്ടതാണ്.

നമസ്‌കാരങ്ങളിലും മറ്റും ദജ്ജാലിന്‍റെ കുഴപ്പങ്ങളില്‍ നിന്ന് രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നബി (സ്വ) കല്‍പിച്ചിട്ടുളളതില്‍ നിന്ന് അവന്‍ മൂലം സംഭവിക്കുന്ന ആപത്തുകള്‍ അതിഭയങ്കരങ്ങളാണെന്ന് വ്യക്തമാണ്. വന്നു കഴിഞ്ഞിട്ടില്ലാത്തതും, വരുമെന്ന് പ്രതീക്ഷിക്കേണ്ടതുമായ ഏറ്റവും ദുഷിച്ച ആള്‍ എന്നാണ് ഒരു ഹദീഥില്‍ നബി (സ്വ) അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. (തിര്‍മിദി) അവന്‍റെകുഴപ്പങ്ങളിലും അക്രമങ്ങളിലും അകപ്പെടാതെ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.


¹ അദ്ദേഹത്തിന്‍റെ മരണത്തിന്മുമ്പ് എന്നര്‍ത്ഥം


അവലംബം: സൂറഃ അന്നിസാഅ് വ്യാഖ്യാനങ്ങളില്‍ നിന്നും സംഗ്രഹിച്ചത്

0
0
0
s2sdefault

ക്രൈസ്തവത - മറ്റു ലേഖനങ്ങൾ