യേശുവിന്‍റെ സന്ദേശം

By: Aisha Stacey

Last Update: 2017 December 20

Jesus Son of Mary : Part 2

മറിയമിന്‍റെ മകനായ യേശു, അല്ലെങ്കിൽ മുസ്‌ലിംകൾ വിളിക്കുന്ന ഈസാ ഇബ്‌നു മറിയം തന്‍റെ ആദ്യത്തെ അത്ഭുതം പ്രകടിപ്പിക്കുന്നത് തൊട്ടിലില്‍ കിടക്കുന്ന പ്രായത്തില്‍ മറിയമിന്‍റെ വിശുദ്ധിയെ ചോദ്യം ചെയ്തവര്‍ക്ക് മറുപടി നല്‍കികൊണ്ടാണല്ലോ. ദൈവത്തിന്‍റെ അനുമതിയോടെ അദ്ദേഹം അന്നേരം സംസാരിച്ചു, "ഞാൻ ദൈവത്തിന്‍റെ അടിമയാണ്" (ക്വുർആൻ 19:30). "ഞാൻ ദൈവമാണ്" അല്ലെങ്കിൽ "ഞാൻ ദൈവത്തിന്‍റെ പുത്രനാണ്" എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞില്ല. അദ്ദേഹത്തിന്‍റെ ആദ്യ വാക്കുകൾ തന്നെ യേശു നല്‍കാന്‍പോകുന്ന സന്ദേശത്തിന്‍റെ അടിത്തറയും ദൗത്യവും സ്ഥാപിക്കുന്നതായിരുന്നു: ശുദ്ധമായ ഏകദൈവ ആരാധനയിലേക്ക് ജനങ്ങളെ തിരികെ വിളിക്കുക എന്ന ആശയം.

യേശുവിന്‍റെ കാലത്ത് ഏകദൈവം എന്ന സങ്കൽപ്പം ഇസ്രായേൽ സന്തതികൾക്ക് പുതിയതായിരുന്നില്ല. "ഇസ്രായേലേ കേൾക്കുക, നിങ്ങളുടെ ദൈവമായ കർത്താവ് ഏകനാണ്" (ആവർത്തനം: 4) എന്ന് തോറ പ്രഖ്യാപിച്ചിട്ടുളളതാണ്. എന്നിരുന്നാലും, ദൈവത്തിന്‍റെ വെളിപാടുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ദുരുപയോഗം ചെയ്യുകയും അവര്‍ക്കിടയില്‍ ഹൃദയങ്ങൾ കഠിനമാവുകയും ചെയ്തിരുന്നു. ഭൗതികത്വത്തിന്‍റെയും ആഡംബരത്തിന്‍റെയും ജീവിതത്തിൽ വീണുപോയ ഇസ്രായേൽ മക്കളുടെ നേതാക്കളെ അപലപിക്കാനും അവർ മാറ്റിമറിച്ച തോറയിൽ കാണുന്ന മോശയുടെ നിയമം ഉയർത്തിപ്പിടിക്കാനും യേശു ശ്രമിച്ചു.

യേശുവിന്‍റെ ദൗത്യത്തില്‍പെട്ടതായിരുന്നു തോറയെ സ്ഥിരീകരിക്കലും, മുമ്പ് നിഷിദ്ധമായിരുന്ന ഏതാനും കാര്യങ്ങൾ നിയമാനുസൃതമാക്കലും, ഏക സ്രഷ്ടാവിലുള്ള വിശ്വാസം പ്രഖ്യാപിക്കലും. എന്നാല്‍ മുഹമ്മദ് നബി(സ) പറഞ്ഞു:

"ഓരോ പ്രവാചകനും അവരുടെ രാജ്യത്തേക്ക് പ്രത്യേകമായി അയക്കപ്പെട്ടവനാണ്, ഞാൻ മുഴുവൻ മനുഷ്യരിലേക്കുമായാണ് അയക്കപ്പെട്ടിരിക്കുന്നത്" (സഹീഹ് ബുഖാരി).

അങ്ങനെ, യേശു ഇസ്രായേല്യരുടെ അടുത്തേക്ക് അയക്കപ്പെട്ട പ്രവാചകനാണ്.

യേശുവിനെ തോറയും സുവിശേഷവും ജ്ഞാനവും പഠിപ്പിക്കുമെന്ന് അല്ലാഹു ഖുർആനിൽ പറയുന്നുണ്ട്.

“അവന്‍ [അല്ലാഹു] അവനു [ഈസാക്കു] ഗ്രന്ഥവും, വിജ്ഞാനവും, തൗറാത്തും, ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും”. (ക്വുർആൻ 3:48).

തന്‍റെ സന്ദേശം ഫലപ്രദമായി പ്രചരിപ്പിക്കുന്നതിനായി, യേശു തോറ മനസ്സിലാക്കി, ദൈവത്തിൽ നിന്ന് തനിക്ക് ലഭിച്ച ദിവ്യസന്ദേശമായിരുന്നു ഇൻജീൽ അഥവാ സുവിശേഷം. അടയാളങ്ങളും അത്ഭുതങ്ങളും കൊണ്ട് തന്‍റെ ജനത്തെ നയിക്കാനും സ്വാധീനിക്കാനും ഉള്ള കഴിവും ദൈവം യേശുവിന് നൽകി.

ജനങ്ങള്‍ക്ക് നിരീക്ഷിക്കാവുന്നതും അർത്ഥവത്തായതുമായ അത്ഭുതങ്ങൾ നൽകി ദൈവം തന്‍റെ എല്ലാ പ്രവാചകന്‍മാരെയും പിന്തുണയ്ക്കാറുണ്ട്. യേശുവിന്‍റെ കാലത്ത് ഇസ്രായേല്യർ വൈദ്യശാസ്ത്രത്തിൽ വളരെ അറിവുള്ളവരായിരുന്നു. തത്ഫലമായി, യേശു ചെയ്ത അത്ഭുതങ്ങൾ (ദൈവത്തിന്‍റെ അനുമതിയോടെ) ഈ സ്വഭാവമുള്ളവയാണ്. അന്ധർക്ക് കാഴ്ച തിരികെ നൽകൽ, കുഷ്ഠരോഗികളെ സുഖപ്പെടുത്തൽ, മരിച്ചവരെ ജീവിപ്പിക്കല്‍ എന്നിവ അതില്‍ ഉൾപ്പെടുന്ന അത്ഭുതപ്രവര്‍ത്തനങ്ങളാണ്. അല്ലാഹു പറഞ്ഞു:

“അന്ധരായി പിറന്നവരെയും കുഷ്ഠരോഗികളെയും എന്‍റെ അനുവാദത്താൽ നീ സുഖപ്പെടുത്തുന്നു. പിന്നെ ഇതാ! എന്‍റെ അനുമതിയോടെ നിങ്ങൾ മരിച്ചവരെ പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു.” (ക്വുർആൻ 3:49)

കുട്ടിയായ യേശു

ക്വുർആനോ ബൈബിളോ യേശുവിന്‍റെ ബാല്യകാലത്തെക്കുറിച്ച് പരാമർശിക്കുന്നില്ല. എന്നിരുന്നാലും, ഇമ്രാന്‍റെ കുടുംബത്തിലെ ഒരു മകനെന്ന നിലയിൽ, അവൻ പഠനത്തിൽ അർപ്പണബോധമുള്ള ഒരു കുട്ടിയായിരുന്നുവെന്ന് നമുക്ക് ഊഹിക്കാം. യേശു തൊട്ടിലിൽ സംസാരിക്കുന്നതിനെ പരാമർശിച്ച ശേഷം, ക്വുര്‍ആന്‍ ഉടൻതന്നെ കളിമണ്ണിൽ നിന്ന് ഒരു പക്ഷിയുടെ രൂപം രൂപപ്പെടുത്തിയ യേശുവിന്‍റെ ചരിത്രം വിവരിക്കുന്നുണ്ട്. അവൻ അതിൽ ഊതി, ദൈവത്തിന്‍റെ അനുമതിയാൽ അത് ഒരു പക്ഷിയായി.

“ഇസ്‌റാഈല്‍ സന്തതികളിലേക്ക് റസൂലായും (അവനെ അയക്കും): നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു ഒരു ദൃഷടാന്തവും കൊണ്ടു ഞാന്‍ നിങ്ങളില്‍വന്നിരിക്കുന്നുവെന്നുള്ള ദൗത്യവുമായി. അതായത്, പക്ഷിയുടെ ആകൃതിപോലെ കളിമണ്ണിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് (രൂപം) സൃഷ്ടിച്ചുണ്ടാക്കിത്തരും. എന്നിട്ട് ഞാനതില്‍ ഊതും, അപ്പോള്‍ അല്ലാഹുവിന്‍റെ അനുവാദം കൊണ്ട് അത് പക്ഷിയായിത്തീരും.” (ക്വുർആൻ 3:49)

ആദിമ ക്രിസ്ത്യാനികൾ എഴുതിയ ഗ്രന്ഥങ്ങളിലൊന്നായ തോമസിന്‍റെ സുവിശേഷവും ഈ കഥയെ പരാമർശിക്കുന്നുണ്ട്, എന്നാല്‍ പഴയനിയമത്തിന്‍റെ തത്വത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ഗ്രന്ഥമായിട്ടാണ് ഇന്നത്തെ ക്രൈസ്തവലോകം ഈ ഗ്രന്ഥത്തെ നോക്കിക്കാണുന്നത്. ശിശുവായ യേശു കളിമണ്ണിൽ നിന്ന് പക്ഷികളെ രൂപപ്പെടുത്തുകയും അവയിൽ ജീവൻ നല്‍കുകയും ചെയ്തതിന്‍റെ കഥ ഈ ഗ്രന്ഥം കുറച്ച് വിശദമായി വിവരിക്കുന്നുണ്ട്. എന്നാല്‍, മുസ്‌ലിംകൾ യേശുവിന്‍റെ സന്ദേശം വിശ്വസിക്കുന്നത് ക്വുർആനിലും മുഹമ്മദ് നബി(സ)യുടെ വിശദീകരണമായ ഹദീഥുകളിലും വിവരിച്ചിരിക്കുന്നതുപോലെ മാത്രമാണ്.

ദൈവം മനുഷ്യർക്ക് വെളിപ്പെടുത്തിയ എല്ലാ ഗ്രന്ഥങ്ങളിലും മുസ്‍ലിംകൾ വിശ്വസിക്കേണ്ടതുണ്ട്. എന്നാല്‍, ഇന്നത്തെ നിലയിലുള്ള ബൈബിൾ ഈസാ നബി(അ)ക്ക് അവതരിച്ച സുവിശേഷമല്ല. യേശുവിന് നൽകിയ ദൈവവചനങ്ങളും ജ്ഞാനവും ചരിത്രരേഖകളില്‍നിന്നും നഷ്ടപ്പെട്ടുപോയിട്ടുണ്ട്, മാറ്റിമറിക്കപ്പെട്ടിട്ടുമുണ്ട്. തോമസിന്‍റെ സുവിശേഷം അപ്പോക്രിഫയായി കാണുന്ന വിധി ഇതിനുളള തെളിവാണ്. എഡി 325-ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി അറിയപ്പെടുന്ന ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ യോഗം വിളിച്ച് തകർന്ന ക്രിസ്ത്യൻ സഭയെ ഏകീകരിക്കാൻ ശ്രമിച്ചു. ഈ മീറ്റിംഗ് കൗൺസിൽ ഓഫ് നിഖിയ എന്നറിയപ്പെട്ടു, അതിന്‍റെ അടിത്തറ ത്രിത്വത്തിന്‍റെ ഒരു സിദ്ധാന്തമായിരുന്നു, അതാകട്ടെ യേശുവിന്‍റെ സുവിശേഷകാലത്ത് നിലവിലില്ലായിരുന്ന വിശ്വാസമാണ്, അതുകൂടാതെ 270 മുതൽ 4000 വരെ എണ്ണംവരുന്ന സുവിശേഷങ്ങൾ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. പുതിയ ബൈബിളിൽ യോഗ്യമല്ലെന്ന് കരുതുന്ന എല്ലാ സുവിശേഷങ്ങളും കത്തിക്കാൻ കൗൺസിൽ ഉത്തരവിട്ടു, തോമസിന്‍റെ സുവിശേഷം അതിലൊന്നാണ്.[1] എന്നിരുന്നാലും, പല സുവിശേഷങ്ങളുടെയും പകർപ്പുകൾ അതിജീവിച്ചു, ബൈബിളിൽ ഇല്ലെങ്കിലും, അവയുടെ ചരിത്രപരമായ പ്രാധാന്യം വിലമതിക്കപ്പെട്ടിരിക്കുന്നു.

ക്വുർആൻ നമ്മെ സ്വതന്ത്രരാക്കുന്നു

യേശുവിന് ദൈവത്തിൽ നിന്ന് വെളിപാട് ലഭിച്ചിട്ടുണ്ടെന്ന് മുസ്‍ലിംകൾ വിശ്വസിക്കുന്നു, എന്നാൽ അദ്ദേഹം ഒരു വാക്ക് പോലും എഴുതിയിട്ടില്ല, അത് എഴുതാൻ ശിഷ്യന്മാരോട് നിർദ്ദേശിച്ചിട്ടുമില്ല.[2] ക്രൈസ്തവപുസ്തകങ്ങൾ തെളിയിക്കാനോ നിരാകരിക്കാനോ മുസ്‍ലിം ശ്രമിക്കേണ്ടതില്ല. ഇന്നത്തെ ബൈബിളിൽ ദൈവവചനമാണോ അതോ യേശുവിന്‍റെ വചനമാണോ ഉള്ളത് എന്നറിയാനുള്ള ആവശ്യത്തിൽ നിന്ന് ക്വുര്‍ആന്‍ നമ്മെ മോചിപ്പിക്കുന്നുണ്ട്. അല്ലാഹു പറഞ്ഞു:

"(ഈ) വേദഗ്രന്ഥത്തെ - അതിന്‍റെ മുമ്പിലുള്ളതിനെ സത്യമാക്കികൊണ്ട് -യഥാര്‍ത്ഥ പ്രകാരം അവന്‍ നിനക്ക് അവതരിപ്പിച്ചിരിക്കുന്നു.." (ഖുർആൻ 3:3)

അല്ലാഹു വീണ്ടും പറഞ്ഞു:

"നിനക്കും നാം യഥാര്‍ത്ഥ പ്രകാരം വേദഗ്രന്ഥം അവ തരിപ്പിച്ചു തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥത്തെ സത്യപ്പെടുത്തുന്നതായിക്കൊണ്ടും, അതില്‍ മേല്‍നോട്ടം ചെയ്യുന്നതായിക്കൊണ്ടും. ആകയാല്‍, അല്ലാഹു അവതരിപ്പിച്ചത് പ്രകാരം അവര്‍ക്കിടയില്‍ നീ വിധിച്ചുകൊള്ളുക. .” (ഖുർആൻ 5:48)

തൌറാത്തില്‍നിന്നോ ഇൻജീലിൽനിന്നോ മുസ്‌ലിംകൾക്ക് അറിയാൻ പ്രയോജനപ്രദമായ എന്തെങ്കിലുമുണ്ടെങ്കില്‍ അത് ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മുൻ ഗ്രന്ഥങ്ങളിൽ കാണുന്ന നന്മയായുളളതെന്തും ഇപ്പോൾ ക്വുർആനിൽ കാണാം.[3] ബൈബിള്‍ പുതിയ നിയമത്തിലെ വാക്കുകൾ ക്വുർആനിലെ വാക്കുകളുമായി യോജിക്കുന്നുവെങ്കിൽ, ഈ വാക്കുകൾ ഒരുപക്ഷേ കാലക്രമേണ വികലമാകുകയോ നഷ്ടപ്പെടുകയോ ചെയ്യാത്ത യേശുവിന്‍റെ സന്ദേശത്തിന്‍റെ ഭാഗമാണ്. ദൈവത്തിന്‍റെ എല്ലാ പ്രവാചകന്മാരും തങ്ങളുടെ ജനത്തെ പഠിപ്പിച്ച അതേ സന്ദേശമായിരുന്നു യേശുവിന്‍റെ സന്ദേശവും. നിങ്ങളുടെ ദൈവമായ കർത്താവ് ഏകനാണ്, അതിനാൽ അവനെ മാത്രം ആരാധിക്കുക. യേശുവിന്‍റെ ചരിത്രത്തെക്കുറിച്ച് അല്ലാഹു ക്വുർആനിൽ പറഞ്ഞു:

“നിശ്ചയമായും, ഇതുതന്നെയാണു യഥാര്‍ത്ഥമായ കഥാവിവരണം. അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനും ഇല്ലതാനും. നിശ്ചയമായും, അല്ലാഹു തന്നെയാണ് അഗാധജ്ഞനായ പ്രതാപശാലിയും.” (ക്വുർആൻ 3:62)

അടിക്കുറിപ്പുകൾ:

[1] മിഷാഅൽ ഇബ്നു അബ്ദുല്ല, What did Jesus really say?

[2] ശൈഖ് അഹ്‍മദ് ദീദാത്ത്, Is the Bible God’s word?

[3] ശൈഖ് ഉഥൈമീൻ, മജ്മൂഅ് ഫതാവ വ റസാഇൽ ഫദീലാത്ത് വാല്യം. 1, പേ. 32-33

ആശയവിവര്‍ത്തനം: നാസ്വിഹ് അബ്‍ദുല്‍ബാരി

0
0
0
s2sdefault