Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്രൈസ്തവത

CHRISTIANITY

യേശുവിന്റെ നിയോഗവും ദൃഷ്ടാന്തങ്ങളും

അമാനി മൌലവി(റഹി)

Last Update: 2023 March 04, 12 Shaʻban, 1444 AH

“ഇസ്‌റാഈല്‍ സന്തതികളിലേക്ക് റസൂലായും (അവനെ അയക്കും): നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു ഒരു ദൃഷടാന്തവും കൊണ്ടു ഞാന്‍ നിങ്ങളില്‍വന്നിരിക്കുന്നുവെന്നു(ള്ള ദൗത്യവുമായി); അതായത്, പക്ഷിയുടെ ആകൃതിപോലെ കളിമണ്ണിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് (രൂപം) സൃഷ്ടിച്ചുണ്ടാക്കിത്തരും; എന്നിട്ട് ഞാനതില്‍ ഊതും, അപ്പോള്‍ അല്ലാഹുവിന്‍റെ അനുവാദം കൊണ്ട് അത് പക്ഷിയായിത്തീരും. അല്ലാഹുവിന്‍റെ അനുവാദം കൊണ്ട് ജാത്യാന്ധനെയും, വെള്ളപ്പാണ്ഡുകാരനെയും ഞാന്‍ സുഖപ്പെടുത്തുകയും, മരണപ്പെട്ടവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുന്നതിനെയും, നിങ്ങളുടെ വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതിനെയും കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും. നിശ്ചയമായും, അതില്‍ നിങ്ങള്‍ക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. തൗറാത്താകുന്ന എന്‍റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നവനായും, നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളതില്‍ ചിലത് നിങ്ങള്‍ക്ക് അനുവദനീയമാക്കിത്തരുവാന്‍ വേണ്ടിയും (ഞാന്‍ വന്നിരിക്കുന്നു). നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് ഞാന്‍ ദൃഷ്ടാന്തവും കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. 'നിശ്ചയമായും അല്ലാഹു എന്‍റെ റബ്ബും, നിങ്ങളുടെ റബ്ബുമാകുന്നു; അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുവിന്‍. ഇതു നേരെ(ചൊവ്വെ)യുള്ള പാതയാകുന്നു. [ഇതൊക്കെയാണ് എന്‍റെ ദൗത്യം]'” (ആലുഇംറാന്‍ 49-51))

പല മഹാന്മാരും പ്രസ്താവിക്കുന്നത് പോലെ, ഓരോ കാലത്തും നിയോഗിക്കപ്പെടുന്ന റസൂലുകളുടെ സത്യത സ്ഥാപിക്കുന്നതിനുവേണ്ടി അവരുടെ കൈക്ക് അല്ലാഹു വെളിപ്പെടുത്താറുള്ള അമാനുഷിക ദൃഷ്ടാന്തങ്ങള്‍ (‘മുഅ്ജിസത്തുകള്‍’) അതതു കാലത്തെ ജനങ്ങളുടെ വളര്‍ച്ചക്കും, പരിതഃസ്ഥിതികള്‍ക്കും അനുസരിച്ചായിരിക്കും, വെളിപ്പെടുത്തപ്പെടുന്നത്. മൂസാ നബി(അ)യുടെ കാലം ‘സിഹ്‌റി’നു വളരെ പ്രചാരമുള്ളകാലമായിരുന്നു. അദ്ദേഹത്തിനു നല്‍കപ്പെട്ട പ്രധാന ദൃഷ്ടാന്തങ്ങള്‍ സിഹ്‌റിനെ വെല്ലുന്നവയായിരുന്നു. നബി (സ്വ) തിരുമേനിയുടെ കാലം സാഹിത്യത്തിനു വളരെ സ്ഥാനം കല്‍പ്പിക്കപ്പെടുന്ന കാലമായിരുന്നു. തിരുമേനിക്കു നല്‍കപ്പെട്ട പ്രധാന ദൃഷ്ടാന്തം സാഹിത്യകാരന്മാരെ വെല്ലുന്ന ക്വുര്‍ആനാകുന്നു. അത് പോലെ, ഈസാ നബി(അ)യുടെ കാലമാകട്ടെ, തത്വശാസ്ത്രം, വൈദ്യശാസ്ത്രം മുതലായവയില്‍ വളരെ പുരോഗതി പ്രാപിച്ച ഒരു കാലമായിരുന്നു. അത് കൊണ്ട് അദ്ദേഹത്തിനു നല്‍കപ്പെട്ട പ്രത്യേക ദൃഷ്ടാന്തങ്ങള്‍ അങ്ങിനെയുള്ള ശാസ്ത്രീയ കഴിവുകളെയെല്ലാം വെല്ലുമാറുള്ളവയായിരുന്നു. ഈസാ (അ)ന്‍റെ ‘മുഅ്ജിസത്തു’കളായി ഇവിടെ പ്രസ്താവിക്കപ്പെട്ട കാര്യങ്ങള്‍ ഇവയാകുന്നു:

(1) കളിമണ്ണുകൊണ്ട് പക്ഷികളുടെ ആകൃതിയില്‍ രൂപമുണ്ടാക്കി അതില്‍ അദ്ദേഹം ഊതിയാല്‍ അത് പക്ഷിയായിത്തീരുക,

(2) രോഗം നിമിത്തമോ മറ്റോ അല്ലാതെ, ജന്മനാല്‍ തന്നെ കാഴ്ചയില്ലാത്തവരായ ജാത്യാന്ധന്മാരെയും, മാറാവ്യാധിയായ വെള്ളപ്പാണ്ടുകാരെയും സുഖപ്പെടുത്തിവിടുക

(3) മരണപ്പെട്ടവരെ ജീവിപ്പിക്കുക

(4) ജനങ്ങള്‍ തിന്നുന്നതും, അവര്‍ വീട്ടില്‍ സൂക്ഷിച്ചുവെക്കുന്നതുമായ വസ്തുക്കളെക്കുറിച്ച് വിവരിക്കുക. അഥവാ അങ്ങിനെയുള്ള മറഞ്ഞ കാര്യങ്ങള്‍ പറയുക.

ദൃഷ്ടാന്തങ്ങള്‍ പലതും കണ്ടിട്ടു പോലും അദ്ദേഹത്തെ നിഷേധിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുകയാണ് യഹൂദികള്‍ ചെയ്തതെന്ന് പ്രസിദ്ധമാണ്. ബൈബ്‌ളിലെ പുതിയ നിയമ പുസ്തകങ്ങളില്‍ അവയിലെ സത്യാസത്യങ്ങള്‍ തിരിച്ചെടുക്കുവാന്‍ സാധ്യമല്ലെങ്കിലും – അന്ധതയും പാണ്ടും അദ്ദേഹം സുഖപ്പെടുത്തിയ പല സംഭവങ്ങളും, മരിച്ചവരെ ജീവിപ്പിച്ച ചുരുക്കം ചില സംഭവങ്ങളും ഉദ്ധരിച്ചു കാണാവുന്നതാണ്. മുഅ്ജിസത്തുകളെ എണ്ണിപ്പറഞ്ഞശേഷം “നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍ നിശ്ചയമായും നിങ്ങള്‍ക്കതില്‍ ദൃഷ്ടാന്തമുണ്ട്” എന്നു പറഞ്ഞതില്‍ നിന്നു തന്നെ ഇതു വ്യക്തമാണ്. ഇതെല്ലാം എന്‍റെ ദൃഷ്ടാന്തങ്ങളാണെന്ന് അദ്ദേഹം വാദിക്കുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുകയും, അവയൊന്നും സംഭവിച്ചു കാണാതിരിക്കുകയും ചെയ്യുന്ന പക്ഷം, അവ അദ്ദേഹത്തിന്‍റെ സത്യതയേക്കാള്‍ അദ്ദേഹത്തിന്‍റെ അസത്യതക്കാണല്ലോ തെളിവായിത്തീരുക.

ചില സംഗതികള്‍ ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതായുണ്ട്. “നിങ്ങളുടെ റബ്ബിങ്കല്‍ നിന്നും ഞാന്‍ നിങ്ങള്‍ക്കു ദൃഷ്ടാന്തവുമായി വന്നിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ടാണ് ഈസാ (അ) ആ ദൃഷ്ടാന്തങ്ങളെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. പ്രസ്തുത ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന്‍റെ കൈക്കു വെളിപ്പെടുമെങ്കിലും അവയുടെ യഥാര്‍ത്ഥ കര്‍ത്താവ് അല്ലാഹുവാണെന്നാണിത് കാണിക്കുന്നത്. പിന്നീട് ദൃഷ്ടാന്തങ്ങളെ എണ്ണിപ്പറഞ്ഞപ്പോള്‍ അതെല്ലാം ഞാന്‍ ചെയ്യുന്നത് അല്ലാഹുവിന്‍റെ അനുവാദപ്രകാരം ആകുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുകയും ചെയ്തിരിക്കുന്നു. സൂറത്തുല്‍ മാഇദഃ 110ല്‍ ഈസാ(അ)നെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു ഇതേ ദൃഷ്ടാന്തങ്ങളെക്കുറിച്ച് പ്രസ്താവിച്ചപ്പോള്‍, അവയെല്ലാം നീ ചെയ്യുന്നത് എന്‍റെ അനുവാദപ്രകാരം ആണെന്നു അവിടെയും ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നത് കാണാം. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ, അല്ലെങ്കില്‍ മനസ്സിരുത്താതെ, പലര്‍ക്കും അമളിപിണയുകയും, അങ്ങനെ, പ്രവാചകന്മാരും അല്ലാത്തവരുമായ പല മഹാന്മാര്‍ക്കും അവര്‍ ദിവ്യത്വം കല്‍പ്പിക്കുവാന്‍ ഇടയാക്കുകയും ചെയ്തിട്ടുണ്ട്. ദൃഷ്ടാന്തങ്ങളോടുകൂടി അയക്കപ്പെട്ട പ്രവാചകന്മാര്‍ക്കുപോലും അവര്‍ ഉദ്ദേശിക്കുമ്പോള്‍ ആ ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തുവാന്‍ സാധ്യമല്ലതന്നെ. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവന്‍റെ അനുവാദപ്രകാരം മാത്രമെ അവര്‍ക്കും അതിനു സാധ്യമാകയുള്ളൂ. അല്ലാഹു പറയുന്നു: ‘ഒരു റസൂലിനും തന്നെ അല്ലാഹുവിന്‍റെ അനുവാദപ്രകാരമല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാന്‍ ആകുകയില്ല. എല്ലാ അവധിക്കുമുണ്ട് ഓരോ നിയമ നിശ്ചയം.’ (റഅദ്: 38)

ഈസാ(അ) നിര്‍വ്വഹിക്കേണ്ടതായുള്ള രണ്ടു കാര്യങ്ങളെ അദ്ദേഹത്തിന്‍റെ പ്രസ്താവനയില്‍ പ്രത്യേകം എടുത്തുകാണിച്ചിരിക്കുന്നു: (ഒന്ന്:) തന്‍റെ മുമ്പിലുള്ള തൗറാത്താകുന്ന വേദഗ്രന്ഥത്തെ അദ്ദേഹം സത്യപ്പെടുത്തുന്നതാണ്. അതെ, അദ്ദേഹം തൗറാത്തിന്‍റെ തത്വങ്ങളെ അംഗീകരിക്കുകയും തൗറാത്തിന്‍റെ നിയമ നടപടികളെ പിന്‍പറ്റുകയും അതിനെ പുനര്‍ജീവിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് അവതരിപ്പിച്ച ഇന്‍ജീല്‍ ഒരു പുതിയ നിയമസംഹിതയായിരുന്നില്ല. ഉപദേശങ്ങള്‍, താക്കീതുകള്‍, ഉപമകള്‍ ആദിയായവയാണ് അവയിലെ പ്രധാന ഉള്ളടക്കം. ഇന്‍ജീല്‍ എന്നവാക്കിനു തന്നെ സുവിശേഷമെന്നാണര്‍ത്ഥം. ഈ വാസ്തവം യേശുവിന്‍റെ വാക്കുകളിലൂടെ ബൈബ്ള്‍ ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു. ‘ഞാന്‍ ന്യായപ്രമാണത്തെ (തൗറാത്തിനെ)യോ, പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്. നീക്കുവാനല്ല, നിവൃത്തിപ്പാനത്രെ ഞാന്‍ വന്നത്. സത്യമായിട്ട് ഞാന്‍ നിങ്ങളോട് പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്നു ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല’. (മത്തായി, 5,17,18) (മറ്റൊന്ന്:) ഇസ്‌റാഈല്യരുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങളെ അദ്ദേഹം അവര്‍ക്കു അനുവദനീയമാക്കിക്കൊടുക്കും. ഇപ്പറഞ്ഞതിന് രണ്ടു പ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെടുന്നു:

(1) പൊതുവില്‍ തൗറാത്തിന്‍റെ നിയമ നടപടി തന്നെയാണ് അദ്ദേഹവും പിന്‍പറ്റുന്നതെങ്കിലും ഇസ്‌റാഈല്യര്‍ക്ക് നിരോധിക്കപ്പെട്ടിരുന്ന ചിലകാര്യങ്ങളുടെ നിരോധം അദ്ദേഹത്തിന്‍റെ കാലത്ത് ‘നസ്ഖ്’ ചെയ്യപ്പെടുക (ദുര്‍ബ്ബലപ്പെടുത്തുക) യുണ്ടായിട്ടുണ്ട്. യഹൂദികള്‍ക്ക് അനുവദനീയമായിരുന്ന ചില വസ്തുക്കള്‍ അവരുടെ അക്രമം നിമിത്തം അവര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടതായി അല്ലാഹു (4:160, 6:146) പ്രസ്താവിച്ചിരിക്കുന്നു. ഇങ്ങിനെയുള്ള വല്ലതും പിന്നീട് ഈസാ(അ)ന്‍റെ കാലത്തു അവര്‍ക്ക് അനുവദനീയമാക്കപ്പെട്ടിരിക്കാം. ഈ അഭിപ്രായത്തെയാണ് ഇബ്‌നു കഥീര്‍ (റ) മുതലായവര്‍ ശരിവെച്ചിരിക്കുന്നത്. അത് പോലെയുള്ള വല്ല നിയമങ്ങളിലും കാലാനുസൃതമായ എന്തെങ്കിലും ചില്ലറമാറ്റങ്ങള്‍ വരുത്തുന്നത് തൗറാത്തിനെ സത്യപ്പെടുത്തുന്നതിന് എതിരാകുന്നില്ലെന്നാണ് അവരുടെ അഭിപ്രായം.

(2) യഥാര്‍ത്ഥത്തില്‍ നിഷിദ്ധമാക്കപ്പെട്ടവയല്ലെങ്കിലും പുരോഹിതന്മാരുടെയോ മറ്റോ ദുര്‍വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും കാരണമായി നിഷിദ്ധങ്ങള്‍ എന്നു കരുതപ്പെട്ടു വന്നിരുന്ന ചില കാര്യങ്ങളുടെ യഥാര്‍ത്ഥ വിധി തുറന്നുകാട്ടും. ഈസാ (അ) പറഞ്ഞതായി മറ്റൊരു സ്ഥലത്ത് “നിങ്ങള്‍ ഭിന്നാഭി പ്രായപ്പെട്ടുക്കൊണ്ടിരിക്കുന്നതില്‍ ചിലതു ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുവാനും” (സുഖുറുഫ് :63) എന്നു പറഞ്ഞിരിക്കുന്നത് ഈ അഭിപ്രായത്തിനു തെളിവായി ഉദ്ധരിക്കപ്പെടുന്നു.

അവസാനം, ‘നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തവും കൊണ്ടുവന്നിരിക്കുന്നു’വെന്നു ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ട് എല്ലാ പ്രവാചകന്മാരുടെയും ദൗത്യ പ്രധാനമായ മൗലിക തത്വങ്ങള്‍ ഈസാ നബി(അ)യും പ്രഖ്യാപനം ചെയ്യുന്നു. അതെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം, എന്നെ അനുസരിക്കണം, എന്‍റെയും നിങ്ങളുടെയും റബ്ബ് അല്ലാഹു തന്നെയാണ്. അവനെ മാത്രം ആരാധിക്കണം, ഇതാണ് നേര്‍ക്കുനേരെയുള്ള മാര്‍ഗം എന്നൊക്കെ. ഈ ഉല്‍ബോധനങ്ങള്‍ക്ക് ക്രിസ്ത്യാനികള്‍ എന്തുതന്നെ വ്യാഖ്യാനം നല്‍കിയാലും ശരി അവരുടെ അംഗീകൃത വേദഗ്രന്ഥങ്ങളായി അവര്‍ സ്വീകരിച്ചു വരുന്ന നിലവിലുള്ള സുവിശേഷങ്ങളില്‍ ഈ പരമാര്‍ത്ഥം ഇന്നും അവിടവിടെയായി ഒളിഞ്ഞുകിടപ്പുണ്ടെന്ന വസ്തുത അവര്‍ക്കുപോലും നിഷേധിപ്പാന്‍ സാധ്യമല്ല. ഉദാഹരണമായി: പിശാചിന്‍റെ ഒരു പരീക്ഷണത്തിന് വിധേയനായ അവസരത്തില്‍ യേശു അവനോട് പറയുകയാണ്: ‘സാത്താനെ, എന്നെ വിട്ടുപോ, നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്‌ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോള്‍ പിശാച് അവനെ വിട്ടുപോയി’ (മത്തായി, 4:10,11) ജൂത പണ്ഡിതന്മാരെ ആക്ഷേപിച്ചുകൊണ്ട് യേശു പറയുന്നു: ‘…. ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബലമാക്കിയിരിക്കുന്നു. കപട ഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യശയ്യാവു പറഞ്ഞതു ശരി:’ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹൃദയം എങ്കല്‍ നിന്നു ദൂരത്തു അകന്നിരിക്കുന്നു. മനുഷ്യകല്‍പ്പനകളായ ഉപദേശങ്ങളെ ഇവര്‍ ഉപദേശിക്കുന്നത് കൊണ്ട് എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു.’ (മാര്‍ക്കോസ്, 7: 5-7; മത്തായി, 15:7-9)


അവലംബം: സൂറഃ ആലുഇംറാന്‍ വ്യാഖ്യാനങ്ങളില്‍ നിന്നും സംഗ്രഹിച്ചത്

0
0
0
s2sdefault

ക്രൈസ്തവത - മറ്റു ലേഖനങ്ങൾ