അഹ്‍ലുല്‍ കിതാബ്

By: Aisha Stacey

Last Update: 2017 December 22

Jesus Son of Mary : Part 5

മറിയമിന്‍റെ മകനായ യേശുവിനെക്കുറിച്ച് മുസ്‍ലിംകൾ എന്താണ് വിശ്വസിക്കുന്നതെന്ന് അറിഞ്ഞാല്‍, ശേഷം മനസ്സിൽ വരുന്ന ചില ചോദ്യങ്ങള്‍ ഉണ്ടാകാം. അഹ്‍ലുല്‍ കിതാബ് അഥവാ വേദഗ്രന്ഥം നല്‍കപെട്ട ആളുകള്‍ എന്ന പദം അതോടൊപ്പെ കേട്ടിരിക്കാം. എന്നാല്‍ പ്രസ്തുത പദം എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ച് പൂർണ്ണമായും അറിഞ്ഞിരിക്കണമെന്നില്ല. അതുപോലെ, യേശുവിനെക്കുറിച്ച് ലഭ്യമായ രേഖകള്‍ പര്യവേക്ഷണം ചെയ്യുമ്പോൾ നിങ്ങൾക്ക് ഈസാ എന്ന പേര് കാണാനും യേശുവും ഈസയും ഒരേ വ്യക്തിയാണോ എന്ന് സംശയിച്ച് അത്ഭുതപ്പെടാനും സാധ്യതയുണ്ട്. നിങ്ങൾ അൽപ്പം കൂടി അന്വേഷിക്കുകയോ ക്വുര്‍ആൻ വായിക്കുകയോ ചെയ്യുകയാണെങ്കിൽ, ഇനിപ്പറയുന്ന കാര്യങ്ങള്‍ താൽപ്പര്യം ജനിപ്പിക്കുന്നതായിരിക്കും.

ആരാണ് ഈസാ?

ഈസാ യേശുവാണ്. ഉച്ചാരണത്തിലെ വ്യത്യാസം കൊണ്ടാവാം, ഒരു മുസ്‍ലിം യേശുവിനെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ, അവൻ യഥാർത്ഥത്തിൽ പ്രവാചകനായ ഈസാ നബി(അ)യെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈസയുടെ അക്ഷരവിന്യാസം പല രൂപങ്ങളായിരിക്കാം - Isa, Esa, Essa, Eissa. അറബി ഭാഷ അറബി അക്ഷരങ്ങളിലാണ് എഴുതിയിരിക്കുന്നത്, അതിനാൽ ഏത് ലിപ്യന്തരണ സംവിധാനവും സ്വരസൂചക ശബ്ദം പകര്‍ത്തെടുക്കാന്‍ ശ്രമിക്കും. ഇവിടെ അക്ഷരവിന്യാസം എന്തുതന്നെയായാലും, എല്ലാം ദൈവത്തിന്‍റെ ദൂതനായ യേശുവിനെ സൂചിപ്പിക്കുന്നതാണ്.

യേശുവും അദ്ദേഹത്തിന്‍റെ ജനതയും സംസാരിച്ചത് സെമിറ്റിക് കുടുംബത്തിൽ നിന്നുള്ള അരാമിക് ഭാഷയാണ്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ആഫ്രിക്കൻ ഹോൺ എന്നിവിടങ്ങളിലെ 300 ദശലക്ഷത്തിലധികം ആളുകൾ സംസാരിക്കുന്ന സെമിറ്റിക് ഭാഷകളിൽ അറബിയും ഹീബ്രുവും ഉൾപ്പെടുന്നു. ഈസ എന്ന വാക്കിന്‍റെ ഉപയോഗം യഥാർത്ഥത്തിൽ യേശുവിനുള്ള അരമായ പദത്തിന്‍റെ അടുത്ത വിവർത്തനമാണ് - Eeshu. ഹീബ്രൂവിൽ ഇത് Yeshua എന്നാണ് വിവർത്തനം ചെയ്യുന്നത്.

Jesus എന്ന പേര് സെമിറ്റിക് ഇതര ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നത് ഏറെ സങ്കീർണ്ണമായ കാര്യമാണ്. പതിനാലാം നൂറ്റാണ്ട് വരെ ഒരു ഭാഷയിലും "J" ഇല്ലായിരുന്നു[1], അതിനാൽ, Jesus എന്ന പേര് ഗ്രീക്കിലേക്ക് വിവർത്തനം ചെയ്തപ്പോൾ, അത് Iesous ആയി മാറി, ലാറ്റിനിലത് Iesus[2] എന്നുമായി. പിന്നീട്, "I"ഉം "J"ഉം പരസ്പരം മാറി ഉപയോഗിക്കുകയും ഒടുവിൽ പേര് ഇംഗ്ലീഷിലേക്ക് Jesus ആയി മാറുകയും ചെയ്തു. അവസാനത്തെ "S" ഗ്രീക്ക് ഭാഷയെ സൂചിപ്പിക്കുന്നു, അവിടെ എല്ലാ പുരുഷ പേരുകളും "S" എന്ന അക്ഷരത്തില്‍ അവസാനിക്കുന്നതാണ്.

അരാമിക്: ഈഷു (Eeshu)
അറബി: ഈസാ (Isa)
എബ്രായ: യേശുവാ (Yeshua)
ഗ്രീക്ക്: ഈസൌസ് (Iesous)
ലാറ്റിൻ: ഈസസ് (Iesus)
ഇംഗ്ലീഷ്: ജീസസ് (Jesus)

അഹ്‍ലുല്‍ കിതാബ് ആരാണ്?

ദൈവം അഹ്‍ലുല്‍ കിതാബിനെ പരാമർശിക്കുമ്പോൾ, അവൻ പ്രധാനമായും സംസാരിക്കുന്നത് യഹൂദികളെയും ക്രൈസ്തവരെയും കുറിച്ചാണ്. ക്വുര്‍ആനില്‍, യഹൂദ ജനതയെ ബനൂ ഇസ്രായേൽ അഥവാ ഇസ്രാഈല്‍ സന്തതികള്‍ എന്നാണ് വിളിക്കുന്നത്. ഈ വിഭാഗം തൗറാത്തിലും ഇഞ്ചീലിലും അവതീര്‍ണമായ ദൈവത്തിന്‍റെ വെളിപാടുകളെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ്. അവരെ ഉദ്ദേശിച്ചാണ് വേദഗ്രന്ഥം നല്‍കപ്പെട്ട ആളുകള്‍ എന്ന അര്‍ത്ഥത്തില്‍ അഹ്‍ലുല്‍ കിതാബ് എന്ന് വിശേഷിപ്പിക്കുന്നത്.

ക്വുർആനിന് മുമ്പ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങൾ പുരാതന കാലത്ത് തന്നെ നഷ്ടപ്പെടുകയോ, അല്ലെങ്കിൽ അവ മാറ്റതിരുത്തലുകള്‍ക്ക് വിധേയമാവുകയോ ചെയ്തിട്ടുണ്ടെന്ന് മുസ്‍ലിംകള്‍ വിശ്വസിക്കുന്നു, എന്നാൽ മോശയുടെയും യേശുവിന്‍റെയും യഥാർത്ഥ അനുയായികൾ ഏക ദൈവത്തെ മാത്രം സമർപ്പണത്തോടെ ആരാധിച്ച മുസ്‍ലിംകളാണെന്നും അവർ ഇതോടൊപ്പം ഉറപ്പിക്കുന്നു. മോശയുടെ സന്ദേശം സ്ഥിരീകരിക്കാനും ഇസ്രായേൽ സന്തതികളെ നേരായ പാതയിലേക്ക് നയിക്കാനുമാണ് മർയമിന്‍റെ മകനായ ഈസാ(അ) നിയോഗിക്കപ്പെട്ടത്. മുസ്‍ലിംകളുടെ വിശ്വാസം യഹൂദികള്‍ (ഇസ്രായേൽ മക്കൾ) യേശുവിന്‍റെ ദൗത്യവും സന്ദേശവും നിഷേധിച്ചവരും, ക്രൈസ്തവര്‍ അദ്ദേഹത്തെ തെറ്റായി ഒരു ദൈവത്തിന്‍റെ പദവിയിലേക്ക് ഉയർത്തിയവരുമാണെന്നാണ്.

“നീ പറയുക: 'വേദക്കാരേ, ന്യായമല്ലാത്ത വിധം നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ അതിരു കവിയരുത്. ചില ജനങ്ങളുടെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്: അവര്‍ മുമ്പേ വഴിപിഴച്ചിട്ടുണ്ട്. വളരെ ആളുകളെ അവര്‍ വഴി പിഴപ്പിക്കുകയും ചെയ്തിരിക്കുന്നു. ശരിയായ മാര്‍ഗം വിട്ട് അവര്‍ തെറ്റിപ്പോകുകയും ചെയ്തിരിക്കുന്നു.'” (ക്വുർആൻ 5:77)

ഈസാ നബി(അ)യെയും മാതാവ് മറിയത്തെയും കുറിച്ച് ക്വുർആൻ എങ്ങനെ വിശദമായി പ്രതിപാദിക്കുന്നുവെന്ന് മുമ്പ് ചർച്ച ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, വേദക്കാരോട്, പ്രത്യേകിച്ച് ക്രൈസ്തവര്‍ എന്ന് സ്വയം വിളിക്കുന്നവരോട് ദൈവം നേരിട്ട് സംസാരിക്കുന്ന നിരവധി സൂക്തങ്ങളും ക്വുർആനിൽ ഉൾപ്പെടുന്നു.

ക്രിസ്തുവിന്‍റെ ഉപദേശം പിന്തുടരുന്നവരായ ക്രൈസ്തവര്‍ക്കും മുസ്‍ലിംകൾക്കും അവരുടെ സ്നേഹവും ബഹുമാനവും ഉൾപ്പെടെയുളള പല വികാരങ്ങളും പരസ്പരമുണ്ട് എന്ന വസ്തുതയിലേക്ക് ക്വുര്‍ആന്‍ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.

“... നിശ്ചയമായും, വിശ്വസിച്ചവരോട് അവരില്‍വെച്ച് ഏറ്റവും അടുത്ത സ്‌നേഹബന്ധമുള്ളവര്‍, ഞങ്ങള്‍ 'നസ്‌റാനി'കളാണെന്ന് പറയുന്നവരായും [ക്രിസ്ത്യാനികളായും] നീ കാണുന്നതാണ്. അവരില്‍ ചില പണ്ഡിതാചാര്യന്മാരും, പുരോഹിതന്മാരും ഉണ്ടെന്നുള്ളതും, അവര്‍ അഹംഭാവം നടിക്കുന്നില്ലെന്നുള്ളതും നിമിത്തമാകുന്നു അത്. റസൂലിലേക്ക് അവതരിപ്പിക്കപ്പെട്ടതിനെ അവര്‍ കേട്ടാല്‍, യഥാര്‍ത്ഥത്തില്‍ നിന്നും അവര്‍ മനസ്സിലാക്കിയത് നിമിത്തം, അവരുടെ കണ്ണൂകള്‍ അശ്രുവിനാല്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: 'ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ആകയാല്‍, നീ ഞങ്ങളെ സാക്ഷ്യം വഹിക്കുന്നവരോടൊപ്പം രേഖപ്പെടുത്തണേ!” (ക്വുർആൻ 5: 83-84)

മറിയമിന്‍റെ പുത്രനായ യേശുവിനെപ്പോലെ, മുഹമ്മദ് നബി(സ)യും തനിക്കു മുമ്പുള്ള എല്ലാ പ്രവാചകന്മാരുടെയും സന്ദേശം സ്ഥിരീകരിച്ചു. ഏകദൈവത്തെ മാത്രം ആരാധിക്കാൻ അദ്ദേഹം ജനങ്ങളോട് കല്‍പിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്‍റെ ദൗത്യം മുൻ പ്രവാചകന്മാരിൽ (നോഹ, അബ്രഹാം, മോശ, യേശു, തുടങ്ങിയവര്‍) നിന്നും വ്യത്യസ്തമായിരുന്നു, മുഹമ്മദ് നബി(സ) എല്ലാ മനുഷ്യർക്കും വേണ്ടി നിയോഗിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് മുമ്പുള്ള പ്രവാചകന്മാർ അതാതത് കാലഘട്ടത്തിലെ ആളുകൾക്കും പ്രദേശത്തിലേക്കും വേണ്ടി വന്നവരാണ്. പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ആഗമനത്തിലൂടെ ക്വുർആനിന്‍റെ അവതരണത്തോടെ ദൈവം ജനങ്ങൾക്കായി അവതരിപ്പിച്ച മതം പൂർത്തീകരിച്ചു.

ദൈവം ക്വുർആനിലൂടെ മുഹമ്മദ് നബി(സ)യോടായി പറയുകയും വേദക്കാരായ ജനങ്ങളോട് ഇപ്രകാരം അറിയിക്കണമെന്ന് കല്‍പിക്കുകയും ചെയ്തു:

“പറയുക: 'വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്കിലേക്ക് വരുവിന്‍. അതായത്: അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും നാം പങ്കുചേര്‍ക്കാതിരിക്കുകയും, നമ്മില്‍ ചിലര്‍ ചിലരെ അല്ലാഹുവിന് പുറമെ റബ്ബുകളാക്കാതിരിക്കുകയും ചെയ്യുക എന്ന് (ഉള്ളതിലേക്ക്).' എന്നിട്ടവര്‍ തിരിഞ്ഞുകളയുന്ന പക്ഷം, അവരോട് നിങ്ങള്‍ പറഞ്ഞു കൊള്ളുക: ഞങ്ങള്‍ 'മുസ്‌ലിം'കളാണ് [അല്ലാഹുവിന് കീഴൊതുങ്ങിയവരാണ്] എന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുവിന്‍.” (ക്വുർആൻ 3:64)

പ്രവാചകൻ മുഹമ്മദ്(സ) തന്‍റെ അനുചരന്മാരോടും അങ്ങനെ എല്ലാ മനുഷ്യരോടുമായി പറഞ്ഞു:

"ഞാൻ മർയമിന്‍റെ മകനോട് എല്ലാവരേക്കാളും ഏറ്റവും അടുത്ത ആളാണ്, എല്ലാ പ്രവാചകന്മാരും സഹോദരന്മാരാണ്. എനിക്കും അദ്ദേഹത്തിനുമിടയിൽ ആരുമില്ല."

കൂടാതെ, മുഹമ്മദ് നബി(സ) പറഞ്ഞു:

"ഒരു മനുഷ്യൻ യേശുവിൽ വിശ്വസിക്കുകയും അതോടൊപ്പം എന്നിൽ വിശ്വസിക്കുകയും ചെയ്താൽ അവന് ഇരട്ടി പ്രതിഫലം ലഭിക്കും." (സ്വഹീഹ് അൽബുഖാരി)

ഇസ്‌ലാം സമാധാനത്തിന്‍റെയും ബഹുമാനത്തിന്‍റെയും സഹിഷ്ണുതയുടെയും മതമാണ്, അത് മറ്റ് മതങ്ങളോട്, പ്രത്യേകിച്ച് വേദഗ്രന്ഥത്തിന്‍റെ വക്താക്കളോട് നീതിയും അനുകമ്പയും നിറഞ്ഞ മനോഭാവമാണ് വെച്ചുപുലര്‍ത്തുന്നത്.


ആശയവിവര്‍ത്തനം: നാസ്വിഹ് അബ്‍ദുല്‍ബാരി

0
0
0
s2sdefault