ക്രിസ്ത്യാനികളുടെ ത്രിത്വസിദ്ധാന്തം

Last Update: 2023 January 05

അവലംബം: അമാനി മൌലവിയുടെ വിശുദ്ധ ക്വുര്‍ആന്‍ വിവരണം

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ഭൂതങ്ങള്‍ ചേര്‍ന്നതാണ് ദൈവം. ദൈവത്വത്തിലും; ദൈവികഗുണങ്ങളിലും ഈ മൂന്ന് ഭൂതങ്ങളും സമമാണെങ്കിലും ദൈവം ഏകനായുളളവന്‍ തന്നെ എന്നുളളതാണ് ത്രിത്വോപദേശത്തിന്റെ ആകെത്തുക. ഇതിനാണ് ‘ത്രിയേകത്വം’ എന്നു പറയപ്പെടുന്നത്. ഇസ്‌ലാമിലെ ‘തൗഹീദി’ന്റെ സ്ഥാനമാണ് ക്രിസ്തുമതത്തില്‍ ത്രിയേകത്വത്തിനുളളത്. എന്നാലും ക്രിസ്തീയ രേഖകള്‍ പരിശോധിക്കുമ്പോള്‍, ഈ സിദ്ധാന്തത്തോളം അവ്യക്തതയും യുക്തിരാഹിത്യവും നിറഞ്ഞതോ ക്രിസ്തീയ സമുദായത്തില്‍തന്നെ തത്വനിര്‍ണയത്തില്‍ ഇത്രത്തോളം ഭിന്നാഭിപ്രായമുളളതോ ആയ ക്രൈസ്തവസിദ്ധാന്തം വേറെയുണ്ടോ എന്ന് സംശയമാണ്. അവരുടെ ആധികാരിക ഗ്രന്ഥങ്ങളില്‍നിന്ന് തന്നെ മനസ്സിലാക്കാവുന്ന ഒരു പരമാര്‍ത്ഥമാണിത്.

‘ത്രിത്വോപദേശം’ എന്ന ശീര്‍ഷകത്തില്‍ ‘വേദപുസ്തക നിഘണ്ടുവില്‍¹ ഒരു നീണ്ട ലേഖനം തന്നെയുണ്ട്. ദൈര്‍ഘ്യഭയം നിമിത്തം അതിലെ ഏതാനും പ്രസക്ത ഭാഗങ്ങള്‍ മാത്രം നമുക്കിവിടെ പരിശോധിക്കാം. നിഘണ്ടു പറയുന്നു:-²

‘ഈ ഉപദേശം ഒരു ദിവ്യ മര്‍മമാകുന്നു. ദൈവമുണ്ടെന്നും അവനു പല ലക്ഷണങ്ങള്‍ ഉണ്ടെന്നും അറിയാമെങ്കിലും തത്വം അഥവാ സ്വഭാവം ഇന്നതെന്നു മനസ്സിലാക്കുവാന്‍ കഴിയില്ല. ദൈവം ഏകനാണെന്നുളളത് സന്ദേഹരഹിതമാണെങ്കിലും ആ ഏകത്വത്തെക്കുറിച്ച് പൂര്‍ണമായി ഗ്രഹിക്കുന്നത് പ്രയാസമാണ്. ‘ (ഈ പ്രയാസത്തെപ്പറ്റി കുറേയധികം നീട്ടി സംസാരിച്ച ശേഷം നിഘണ്ടു തുടരുന്നു:-)

‘ഇങ്ങനെ ഏകനായവനെക്കുറിച്ച് ത്രിയേകനാണെന്നു (Triune) പറയുന്നത്³ മഹാമര്‍മ്മമാണെങ്കിലും നാം അത്യന്തം വിനയത്തോടും വിശ്വാസത്തോടും സ്‌നേഹേത്താടും അതിനെ അംഗീകരിക്കുന്നതു നമ്മുടെ കര്‍ത്തവ്യമാകുന്നു. അല്ലെങ്കില്‍ ദൈവത്തിന്റെ തത്വത്തെ ആര്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയും ?.. .. .. . ഈ ഉപദേശത്തെ ആക്ഷേപിക്കുന്നവര്‍ക്കു പ്രതിഷേധമായി ക്രൈസ്തവ പണ്ഡിതന്‍മാര്‍ ഇതിനു പല നിര്‍വ്വചനങ്ങള്‍ നല്‍കിയിട്ടുളളതില്‍ രണ്ടെണ്ണം മാത്രം ഇവിടെ ഉദ്ധരിച്ചാല്‍ മതിയാകും. (i) കാതോലിക്കാ വിശ്വാസം എന്നത്: നാം ഏകദൈവത്തെ ത്രിത്വത്തിലും ത്രിത്വത്തെ ഏകദൈവത്തിലും വന്ദിക്കുന്നതു തന്നെ. മൂര്‍ത്തികളെ സമ്മിശ്രമാക്കാതെയും തത്വത്തെ വിഭാഗിക്കാതെയും ഇരിക്കണം. എന്തെന്നാല്‍ പിതാവ് വേറെ, പുത്രന്‍ വേറെ, പരിശുദ്ധാത്മാവ് വേറെ എങ്കിലും മൂന്നിന്റെയും ദൈവത്വം ഒന്നുതന്നെ. മഹത്വം സമവും, പ്രഭാവം നിത്യവുമാണ് എന്നു അത്താനാസ്യോസിന്റെ¹¹ വിശ്വാസ പ്രമാണത്തില്‍ പറഞ്ഞിരിക്കുന്നു. (ii) ആംഗ്‌ളേയ തിരുസഭയിലെ മതസംഗതികള്‍: നിത്യനായി ശരീരമോ അവയവങ്ങളോ വികാരങ്ങളോ ഇല്ലാത്തവനായി അന്തമില്ലാത്ത ശക്തിയും ജ്ഞാനവും നന്‍മയും ഉളളവനായി ദൃശ്യാദൃശ്യങ്ങളായ സകലത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായി ജീവനും

സത്യവുമുളള ദൈവം ഒന്നുമാത്രം. ഈ ദൈവത്തിന്റെ ഐക്യത്തില്‍ തത്വവും ശക്തിയും നിത്യവും ഒന്നായിരിക്കുന്ന പിതാവ് എന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും മൂവര്‍ ഉണ്ട്. (വേ. പു. നി. പുറം. 157, 158) [‘മതസംഗതികള്‍’ എന്നു പറഞ്ഞത് Articles of Religion എന്ന ഗ്രന്ഥത്തെ ഉദ്ദേശിച്ചാണെന്ന് 498-ാം പേജില്‍ നിന്നു ഗ്രഹിക്കാം]

തുടര്‍ന്നുകൊണ്ട് ചില ഉദ്ധരണികളും ഉപമകളും വഴി ഒന്നു മൂന്നായതിനെയും, മൂന്നും ഒന്നായതിനെയും ന്യായീകരിക്കുവാന്‍ നിഘണ്ടു ശ്രമിക്കുന്നു. വൈരുദ്ധ്യങ്ങളും അവ്യക്തതയും കെട്ടിക്കുടുക്കും നിറഞ്ഞ ആ ഭാഗം നമുക്കിവിടെ ഉദ്ധരിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. (ഒരു സാമാന്യ വിവരം താഴെ വരുന്നുമുണ്ട്.) പിന്നീട് ഈ ത്രിത്വോപദേശത്തിന്റെ ചരിത്രം എന്ന ഉപശീര്‍ഷകത്തില്‍ നിഘണ്ടു പറയുകയാണ്:- ‘…പ്രവാചകകാലം മുതല്‍ക്കേ ഏകദൈവമേയുളളൂ എന്നതിന്റെ അര്‍ത്ഥം എബ്രായര്‍ അറിവാനിടയായി. ചുരുക്കിപ്പറഞ്ഞാല്‍ അനന്തകാലത്തു ദൈവത്തിനും തങ്ങള്‍ക്കും മദ്ധ്യെ ഒരു മദ്ധ്യസ്ഥന്‍ വേണമെന്നു വിചാരിച്ചു… എങ്കിലും ത്രിത്വത്തെക്കുറിച്ചാകട്ടെ, പരിശുദ്ധാത്മാവിനെക്കുറിച്ചാകട്ടെ അവര്‍ ഒന്നും അറിഞ്ഞിരുന്നില്ല. ത്രിത്വത്തില്‍ മൂന്നാം ആളായ പരിശുദ്ധാത്മാവിനെക്കുറിച്ച് യേശുവിന്റെ ഉപദേശത്തിലാണ്⁴ നാം ആദ്യമായി കാണുന്നത്. പുതിയ നിയമത്തില്‍ ത്രിത്വോപദേശത്തെക്കുറിച്ചു ഒരു വാക്യത്തില്‍ പോലും വിശദമായി പറഞ്ഞിട്ടില്ലെങ്കിലും⁵ മുമ്പുദ്ധരിച്ച വാക്യങ്ങളിലും അപ്പോസ്തലന്‍മാര്‍ എഴുതിയ ഗ്രന്ഥങ്ങളിലും അത് മൂലോപദേശമായിരിക്കുന്നു. അത് അവരുടെ അനുഭവത്തില്‍ നിന്ന് വളര്‍ന്നു വന്ന ഉപദേശമത്രെ. വിശുദ്ധ പൗലോസ്⁶ മുതലായവരുടെ മനസ്സില്‍ ത്രിത്വ വിശ്വാസമില്ലായിരുന്നുവെങ്കില്‍ ദൈവം നിര്‍വ്വഹിച്ച വേലയെക്കുറിച്ച് അവര്‍ പറഞ്ഞത് മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും…. ആദ്യ ക്രിസ്ത്യാനികളെല്ലാവരും ത്രിത്വത്തെക്കുറിച്ച് വിവിധാഭിപ്രായക്കാരായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ ക്രിസ്ത്യാനികളില്‍ പലരും പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ പേരുകള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ആ പേരുകളിലടങ്ങിയ അര്‍ത്ഥവും ബന്ധവും എന്താണെന്നു ദൃഢമായി വിവരിച്ചിട്ടില്ല.

വ്യാജോപദേശങ്ങള്‍⁷ പ്രചരിച്ച കാലം മുതല്‍ക്ക് തിരുസഭയില്‍ സത്യോപദേശം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചവര്‍ ഈ ഉപദേശത്തെക്കുറിച്ചു സുന്നഹദോസുകളില്‍⁸ ആലോചിച്ചു നിര്‍ണയം ചെയ്തു പൊതു വിശ്വാസപ്രമാണത്തില്‍ ഉള്‍പ്പെടുത്തി ഉപദേശിച്ചു വന്നു.

(നിഘണ്ടു തുടരുന്നു:) ‘ക്രിസ്ത്വബ്ദം 325 ല്‍ പ്രസിദ്ധീകരിച്ച നിഖ്യാ⁹ വിശ്വാസപ്രമാണത്തില്‍ പിതാവും പുത്രനും തമ്മിലുളള ബന്ധം വിവരിച്ചു. ക്രി. 381ല്‍ കൊന്‍സ്തന്‍തീന്‍പുരിയില്‍ ¹⁰ കൂടിയ സുന്നഹദോസു ‘പരിശുദ്ധാത്മാവ് പിതാവിലും പുത്രനിലും നിന്ന് പുറപ്പെടുന്നു’ എന്ന് സ്ഥിരപ്പെടുത്തി ത്രിത്വബന്ധത്തെ ബുദ്ധിക്കു എത്താവുന്നേടത്തോളം വിവരിച്ചു. ഏകദേശം ക്രി. 500ല്‍ പ്രസിദ്ധീകരിച്ച അത്താനാസ്യോസിന്റെ വിശ്വാസപ്രമാണം അദ്ദേഹം നിര്‍മിച്ചതല്ല. അത് ഉണ്ടാക്കിയ ആളിന്റെ പേരറിഞ്ഞുകൂടാ. എന്നാല്‍ ഇതിനെ യൂറോപ്പിന്റെ പടിഞ്ഞാറന്‍ദേശങ്ങളിലെ സഭക്കാര്‍ സ്വീകരിച്ചിരുന്നുവെന്നും, ആ പ്രമാണത്തില്‍ ത്രിത്വോപദേശം സവിസ്തരം പ്രതിപാതിക്കപ്പെട്ടിരുന്നുവെന്നും കണ്ട് ക്രൈസ്തവ സഭ 6-ാം നൂറ്റാണ്ടു മുതല്‍ ഇതു അംഗീകരിച്ചുവെന്നു വിശ്വസിക്കാം. യവനസഭ ‘പരിശുദ്ധാത്മാവ് പിതാവിലും പുത്രനിലും നിന്ന് പുറപ്പെടുന്നു’ എന്ന് പറയാതെ ‘അവന്‍ പിതാവില്‍ നിന്ന് പുറപ്പെടുന്നവനാണ്’ എന്നേ പറയുന്നുളളൂ. ഇതില്‍ യവനസഭക്കും പടിഞ്ഞാറന്‍ സഭക്കും തമ്മിലുളള ത്രിത്വോപദേശം സംബന്ധിച്ച പ്രധാന വ്യത്യാസം ദൃശ്യമാകുന്നു. അക്കാലം മുതല്‍ പല വൈദിക പണ്ഡിതന്‍മാരും തത്വശാസ്ത്രജ്ഞന്‍മാരും ഈ ഉപദേശത്തെപ്പറ്റി വിവരിക്കുവാന്‍ പ്രയത്‌നിച്ചു പല താര്‍ക്കിക ഗ്രന്ഥങ്ങളും തത്വശാസ്ത്ര ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ടെങ്കിലും ഈ മര്‍മം എന്നേക്കും ഒരു മര്‍മം തന്നെയാണെന്ന് പറയാതെ തരമില്ല. ‘ (വേ. പു. നി. പുറം. 159)

ക്രിസ്തീയ വിശ്വാസ പ്രമാണങ്ങളില്‍ മുഖ്യമായത് അപ്പോസ്തല പ്രമാണം, നിഖ്യാപ്രമാണം, അത്താനാസ്യോസിന്റെ പ്രമാണം എന്നീ മൂന്നെണ്ണമാകുന്നു. താരതമ്യേന കൂടുതല്‍ പ്രാമാണ്യം കല്‍പിക്കപ്പെടുന്നത് നിഖ്യാ പ്രമാണത്തിനാണെന്നു പറയാം. ഈ മൂന്നു പ്രമാണങ്ങളുടെയും ചരിത്രം നോക്കുമ്പോള്‍ ഒന്നിനും തന്നെ ക്രിസ്ത്യാനികളുടെ ഇടയില്‍ സര്‍വ്വസ്വീകാര്യമായ അടിസ്ഥാനമില്ലെന്നും, ഒന്നും വേദഗ്രന്ഥത്തെയോ യേശു ക്രിസ്തുവിന്റെ വചനങ്ങളെയോ ആസ്പദമാക്കി രൂപം നല്‍കപ്പെട്ടവയല്ലെന്നും, എല്ലാം അതതു കാലത്തെ രാഷ്ട്രീയവും സാമൂഹ്യവും ശാസ്ത്രീയവുമായ പരിതഃസ്ഥിതിക്കനുസരിച്ചു അതതു കാലത്തുളള ക്രിസ്തീയ നേതാക്കളാല്‍ തയ്യാറാക്കപ്പെട്ടവ മാത്രമാണെന്നും കാണാവുന്നതാണ്. ‘വിശ്വാസ പ്രമാണം’ എന്ന ശീര്‍ഷകത്തില്‍ വേ.പു. നിഘണ്ടു ആദ്യമായി ഒരു പൊതു വിവരണം നല്‍കിക്കാണാം. അതിലെ ചില പ്രസക്തഭാഗങ്ങള്‍ കൂടി താഴെ ഉദ്ധരിക്കുന്നു:- ‘വിശ്വാസ പ്രമാണം’ എന്നതു ക്രിസ്ത്യാനികള്‍ ചില കാലങ്ങളില്‍ വിശ്വസിച്ചുവന്ന മത സിദ്ധാന്തത്തെ കുറിക്കുന്നു. ആദ്യ കാലത്തു അപ്പൊസ്തലന്‍മാര്‍ ഒരു പൊതുസംഘമായി കൂടിവന്നു യേശുവിനെക്കുറിച്ചു അറിഞ്ഞ സംഗതികളെ സംബന്ധിച്ചു ചിന്തിച്ചു വിശ്വാസപ്രമാണം എന്ന ഒരു ചെറിയ ഗ്രന്ഥം എഴുതി പരസ്യപ്പെടുത്തി. സകല ക്രിസ്ത്യാനികളും സ്വീകരിക്കണം എന്നു തീരുമാനിച്ചു എന്ന് നാം ഒരിക്കലും വിചാരിക്കരുത്. പില്‍ക്കാലത്തു വൈദിക ശാസ്ത്രജ്ഞന്‍മാര്‍ ഇപ്രകാരം ചെയ്തുവന്നതില്‍ സംശയമില്ല.¹² മുന്‍കാലങ്ങളിലുളളവര്‍ അവരവരുടെ അഭിപ്രായപ്രകാരം അവരവര്‍ അറിഞ്ഞ വിഷയങ്ങളെ അംഗീകരിച്ചുവന്നു. അവര്‍ക്ക് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ അവര്‍ തമ്മില്‍ തര്‍ക്കിക്കുക പതിവായിരുന്നു. ചിലപ്പോള്‍ തര്‍ക്കം തീര്‍ക്കുന്നതിന് അവര്‍ ഒരു പ്രത്യേക തീരുമാനം ഉണ്ടാക്കും. തിരുസഭ പല നൂറ്റാണ്ടുകളായി വാദപ്രതിവാദം നടത്തിക്കൊണ്ടിരുന്നിട്ടും അവ സകല ക്രിസ്ത്യാനികളും അംഗീകരിക്കണമെന്നുളള തീരുമാനം അവര്‍ ഉണ്ടാക്കീട്ടില്ല. ദൃഷ്ടാന്തമായി ത്രിത്വത്തെക്കുറിച്ചു ഇന്നുവരെയും ഗ്രീക്കു സഭക്കും മറ്റു ക്രിസ്ത്യാനികള്‍ക്കും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ട്. ഇപ്രകാരം വിശ്വാസ പ്രമാണങ്ങള്‍ എന്നതു

ക്രിസ്ത്യാനികള്‍ മതസംബന്ധമായ വിഷയങ്ങളെക്കുറിച്ചു ഉണ്ടാക്കിയ തീരുമാനങ്ങള്‍ എന്നര്‍ത്ഥം. അവ ദൈവം സഭക്കു കൊടുത്ത പ്രമാണങ്ങള്‍ അല്ല’.

അനന്തരം, ‘സാധാരണമായി ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉപയോഗത്തിലിരിക്കുന്ന മൂന്ന് വിശ്വാസ പ്രമാണങ്ങളുണ്ടെന്ന് പറഞ്ഞുകൊണ്ട് നിഘണ്ടു ഓരോന്നിനെക്കുറിച്ചും ഇങ്ങനെ വിവരിക്കുന്നു:-

1. അപ്പോസ്തല വിശ്വാസ പ്രമാണം: ഇതു അപ്പോസ്തലന്‍മാര്‍ എല്ലാവരും കൂടി ഉണ്ടാക്കിയതെന്നാണു ആദി ക്രിസ്തീയ പാരമ്പര്യം. എന്നാല്‍ ഈ പ്രമാണം അവരുടെ കാലത്തു ഉണ്ടാക്കപ്പെട്ടതാണെന്നും, പിതാപുത്ര പരിശുദ്ധാത്മാവിനെക്കുറിച്ച് ആദ്യ ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്ന വിശ്വാസത്തെ അവര്‍ സഭായോഗമായി കൂടുമ്പോള്‍ ഒരുമിച്ചു ചൊല്ലി വന്നുവെന്നും പറയുന്നതിനു യാതൊരു തെളിവുമില്ല… ഇതു അപ്പോസ്തലന്‍മാര്‍ ഉപദേശിച്ചതിന്റെ സാരമായിരുന്നു എന്നു പറയുന്നതിലും ആക്ഷേപമില്ല.

2. നിഖ്യാവിശ്വാസപ്രമാണം: ഏകദേശം ക്രി. 200 മുതല്‍ ക്രിസ്തുവിന്റെ തത്വങ്ങളെക്കുറിച്ച് ആദ്യ ക്രിസ്ത്യാനികള്‍ക്കിടയില്‍ പല വാദപ്രതിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ക്രിസ്ത്വബ്ദം 4-ാം നൂറ്റാണ്ടില്‍ ആരിയൂസ് പക്ഷക്കാര്‍ ക്രിസ്തുവിന്റെ ദൈവത്വത്തെക്കുറിച്ച് ആക്ഷേപങ്ങള്‍ പുറപ്പെടുവിച്ചു. അത്താനാസ്യോസ് അവരെ എതിര്‍ത്തു. അക്കാലെത്ത റോമാ ചക്രവര്‍ത്തിയായിരുന്ന കുസ്തന്‍തീനോസ്¹³ ക്രി. 325ല്‍ നിഖ്യായില്‍ ഒരു പൊതു സുന്നഹദോസു കൂടി സത്യ ക്രിസ്ത്യാനികള്‍ ഈ വിഷയത്തില്‍ സ്വീകരിച്ച വിശ്വാസത്തെ പ്രസിദ്ധപ്പെടുത്താന്‍ എല്ലാ അദ്ധ്യക്ഷന്‍മാര്‍ക്കും വൈദിക ശാസ്ത്രജ്ഞന്‍മാര്‍ക്കും കല്‍പന കൊടുത്തു. അവര്‍ പ്രസിദ്ധപ്പെടുത്തിയ പ്രമാണത്തില്‍¹⁴ യേശുക്രിസ്തു പിതാവിന്റെ തുല്യത്വമുളളവനെന്നല്ല, സാക്ഷാല്‍ ‘ത്രിത്വത്തില്‍ പിതാവിനോടുകൂടെ ഏകത്വമുളളവന്‍’ എന്നു പറഞ്ഞിരിക്കുന്നു. ക്രി. 381ല്‍ കുസ്തന്‍തിനോപ്പോലീസ്¹⁵ എന്ന പട്ടണത്തില്‍ കൂടിയ പൊതുയോഗത്തില്‍ പരിശുദ്ധാത്മാവ് ത്രിത്വത്തില്‍ പിതാവിനോടും പുത്രനോടും കൂടി ഒരാളായിരിക്കുന്നു എന്ന് സഭാ നേതാക്കള്‍ തീരുമാനിച്ചു. പരിശുദ്ധാത്മാവ് രണ്ടാളില്‍ നിന്നും പുറപ്പെടുന്നു എന്ന ആശയം 5ഉം 6ഉം നൂറ്റാണ്ടുകളിലാണ് ഈ പ്രമാണങ്ങളില്‍ സ്ഥാനം പിടിച്ചത്. അതുകൊണ്ട് ഈ പ്രമാണം പല നൂറ്റാണ്ടുകളില്‍ പല ആളുകളാല്‍ വളര്‍ച്ച പ്രാപിച്ചതാണെന്ന് പറയാം.

3. അത്താനാസ്യോസിന്റെ വിശ്വാസപ്രമാണം: ഇത് അദ്ദേഹത്തിന്റെ കാലശേഷം ഉണ്ടാക്കപ്പെട്ടതാണ്. ഇതില്‍ ത്രിത്വത്തെക്കുറിച്ചും, പുത്രന്‍ ഈ ലോകത്ത് അവതരിക്കുന്നതിനെയും മറ്റു പലതിനെയും കുറിച്ചും, അവ സ്വീകരിക്കാത്തവര്‍ക്ക് വരുന്ന ശാപത്തെ കുറിച്ചും പറഞ്ഞിരിക്കുന്നു. വേദവ്യാഖ്യാതാക്കള്‍ ഉപദേശിച്ച പല തെറ്റുകളെയും ഖണ്ഡിക്കുന്നതിനായി ഈ പ്രമാണം എഴുതപ്പെട്ടു എന്ന് പറയാം………. ഇത് ക്രിസ്ത്വബ്ദം 450ല്‍ ഉണ്ടാക്കപ്പെട്ടതാണെന്ന് ചിലരും, 700നും 800നും ഇടയില്‍ ഉണ്ടാക്കപ്പെട്ടതാണെന്ന് മറ്റു ചിലരും പറയുന്നു. (വേ. പു, നിഘണ്ടു പേജ് 482, 483)

കോണ്‍സ്റ്റന്റീന്‍ ചക്രവര്‍ത്തിയുടെ കാലത്തു നിഖ്യായില്‍ വെച്ചുകൂടിയ ക്രിസ്തീയ മഹാസഭയുടെ തീരുമാനം ഏതടിസ്ഥാനത്തിലാണ് ഉണ്ടായതെന്നു ഹിജ്‌റഃ 400-ാം കൊല്ലത്തിന്റെ അടുത്ത കാലത്തു അലക്‌സാന്തരീയ്യയിലെ പാത്രിയാര്‍ക്കീസായിരുന്ന സഈദുബ്നു ബിത്വ്‌രീക്വ്¹⁶ പ്രസ്താവിച്ചതായി ഇബ്‌നുകഥീര്‍ (റ) അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ സാരം ഇപ്രകാരമാകുന്നു: അവരുടെ ആ വലിയ വിശ്വാസ പ്രമാണം – വാസ്തവത്തില്‍ അതു നിന്ദ്യമായ വഞ്ചനാപ്രമാണം ആകുന്നു- അവര്‍ നിര്‍മിച്ച മഹാസഭ¹⁷ കൂടിയത് ക്വുസ്തന്തീന്റെ¹⁸ കാലത്താണ്. രണ്ടായിരത്തില്‍പരം ബിഷപ്പുമാര്‍ അതില്‍ സംബന്ധിച്ചു. അവര്‍ 20, 50, 70, 100 എന്നിങ്ങനെ ഏറിയും കൂറഞ്ഞുമുളള അനേകം കക്ഷികളായിരുന്നു. ഓരോ കൂട്ടരും ഓരോ പ്രബന്ധം സമര്‍പ്പിച്ചിരുന്നു. ഒരു സംഘത്തില്‍ 318 പേരുണ്ടായിരുന്നു. ഇത്രയും ആളുകള്‍ ഒരു പ്രബന്ധത്തില്‍ യോജിച്ചു കണ്ടപ്പോള്‍ രാജാവ് അത് സ്വീകരിച്ചു. അദ്ദേഹം ഒരു തത്വജ്ഞാനിയും തന്ത്രജ്ഞനുമായിരുന്നു. മറ്റു അഭിപ്രായങ്ങളെല്ലാം അദ്ദേഹം ദുര്‍ബലപ്പെടുത്തി. ആ 318 പേരുടെ ഒരു സഭ ഏര്‍പ്പെടുത്തി, അവര്‍ക്ക് ചര്‍ച്ചുകള്‍¹⁹ സ്ഥാപിച്ചു കൊടുക്കുകയും, ഗ്രന്ഥങ്ങളും നിയമങ്ങളും ഏര്‍പ്പെടുത്തി കൊടുക്കുകയും ചെയ്തു. അങ്ങനെ ചെറിയ കുട്ടികളുടെ വിശ്വാസം ശരിപ്പെടുത്തുവാനും അവരെ സ്‌നാനം ചെയ്യിക്കാനും ചൊല്ലിക്കൊടുക്കപ്പെടുന്ന ആ വിശ്വാസപ്രമാണം അവര്‍ നിര്‍മിച്ചു. ഇവരുടെ അനുയായികളാണ് രാജകീയ കക്ഷി. പിന്നീട് മറ്റൊരു മഹാസഭ കൂടുകയുണ്ടായി. അതിലാണ് യാക്കോബായകക്ഷി ഉണ്ടായിത്തീര്‍ന്നത്. പിന്നീട് മൂന്നാമതൊരു മഹാസഭ കൂടി, അപ്പോഴാണ് നെസ്‌തോരിയന്‍ കക്ഷി ഉടലെടുത്തത്.²⁰ ഇവരെല്ലാം തന്നെ ഈസാ മസീഹില്‍ ത്രിഭൂതങ്ങളെ സ്ഥാപിക്കുന്നു. പക്ഷേ, അതിന്റെ സ്വഭാവത്തിലും, ദൈവത്വ-മനുഷ്യത്വങ്ങളിലും, രണ്ടും ഒന്നോ അല്ലേ എന്നതിലും, സമ്മിശ്രമാണോ- അവതരിച്ചതാണോ എന്നതിലും അവര്‍ക്ക് ഭിന്നിപ്പാണുളളത്. ഓരോ കക്ഷിയും മറ്റേകക്ഷിയെ അവിശ്വാസിയായി ഗണിക്കുന്നു. നാമാകട്ടെ മൂന്നു കക്ഷിയെയും അവിശ്വാസികളായി ഗണിക്കുന്നു.’ (ഇബ്നു ഖഥീര്‍)

ഇബ്‌നു കഥീര്‍ (റ)ന്റെ ഉദ്ധരണിയിലടങ്ങിയ വിവരങ്ങള്‍ ശരിയാണെന്ന് പലക്രൈസ്തവ സഭാചരിത്ര ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. വിഷയത്തിലേക്ക് അല്‍പംകൂടി വ്യക്തത ലഭിക്കുമാറ് കെ.വി. സൈമണ്‍ എഴുതിയ ‘ക്രൈസ്തവ സഭാചരിത്ര’ത്തിലെ²¹ ചില വാക്യങ്ങളും അറിയുന്നത് നന്നായിരിക്കും. വിശ്വസിക്കേണ്ടതും ജീവിക്കേണ്ടതും എങ്ങിനെയാണെന്നുളളതിനു പ്രമാണം പഴയ നിയമം, പുതിയ നിയമം എന്നിങ്ങനെ വിഭജിക്കുന്ന ഗ്രന്ഥങ്ങളാണെന്നും, അപ്പോസ്തലന്‍മാര്‍ അതിനു വേണ്ട ചട്ടം ചെയ്തിരുന്നുവെന്നും മറ്റും സമര്‍ത്ഥിച്ചു കൊണ്ടു ഗ്രന്ഥകാരന്‍ ആ ഗ്രന്ഥങ്ങളെ- ബൈബിളിന്റെ പഴയ നിയമങ്ങളെയും പുതിയ നിയമത്തെയും. -സംബന്ധിച്ചു ഇങ്ങനെ പറയുന്നു:-

‘ഇതിന്റെ വാചകന്‍മാര്‍ ഇതിലെ വാക്യങ്ങള്‍ക്കു നേരെയുളളതും തെളിഞ്ഞതുമായ അര്‍ത്ഥം ധരിക്കേണ്ടിയിരുന്നു. എങ്കിലും ഈ (ഒന്നാമത്തെ) നൂറ്റാണ്ടില്‍ തന്നെ വേദവാക്യങ്ങളില്‍ നിന്നു നേരെ കിട്ടുന്ന അര്‍ത്ഥത്തെ ഏതാനും ചിന്തകന്‍മാര്‍ നിരസിച്ചു. ഇവര്‍ വേദശബ്‌ദങ്ങള്‍ക്ക് ഇഷ്ടാനുസരണം രൂപകാര്‍ത്ഥം അഥവാ ജ്ഞാനാര്‍ത്ഥം കൊടുത്ത് മറിച്ചു കളഞ്ഞു. ഇങ്ങിനെ പഴയ നിയമത്തെ കയ്യേറ്റം ചെയ്‌വാന്‍ യഹൂദ താത്വികന്മാരെപ്പോലെ പുതിയ നിയമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌വാന്‍ ക്രൈസ്തവ തത്വജ്ഞാനികളും ഈ (ഒന്നാം) നൂറ്റാണ്ടില്‍ തന്നെ ഉദിച്ചു. ബര്‍ണാസിന്റെ ലേഖനം ഈ വാസ്തവത്തെ ദൃഢീകരിക്കുന്നു. മതോപദേശം എന്തെല്ലാമെന്നു അപ്പോസ്തലന്‍മാര്‍ ഓരോ സന്ദര്‍ഭത്തില്‍ വെളിപ്പെടുത്തിയെന്നല്ലാതെ താത്വിക മട്ടില്‍ മോടി പിടിപ്പിക്കുകയോ ശാസ്ത്രരീത്യാ ക്രമീകരിക്കുകയോ ചെയ്തിട്ടില്ല…. ക്രിസ്തീയോപദേശങ്ങളുടെ ചുരുക്കം അപ്പോസ്തല വിശ്വാസ പ്രമാണത്തില്‍ അടങ്ങിയിരിക്കുന്നു 4-ാം നൂറ്റാണ്ടു മുതല്‍ക്കാണ് ഇതിന് അപ്പോസ്തല വിശ്വാസം എന്ന പേര്‍ കൊടുക്കപ്പെട്ടത്. ഇക്കാലത്ത് പൗരാണിക അറിവ് സ്വല്‍പമെങ്കിലുമുളളവര്‍ ഈ വിശ്വാസപ്രമാണം അപ്പോസ്തല നിര്‍മിതമാണെന്ന് വിചാരിക്കയില്ല. നേരെമറിച്ച് അപ്പോസ്തല കാലത്ത് എത്രയും ചെറുതായിരുന്ന ഒരു ‘വിശ്വാസവചനം’ അനേക നൂറ്റാണ്ടുകൊണ്ടു വളര്‍ന്നു ഈ രൂപത്തില്‍ എത്തിയതാണെന്ന് വിശ്വസിക്കുകയത്രെ നമ്മുടെ കൃത്യം [ഡീന്‍സ്റ്റാന്‍ലിയുടെ ക്രിസ്തീയോപദേശങ്ങള്‍ XIV ഭാഗം നോക്കുക] ഇതില്‍ ക്രമേണ പുതിയ വാചകങ്ങള്‍ ചേര്‍ത്തതു ഓരോ കാലത്ത് സഭകളിലുണ്ടായ പിശകാഭിപ്രായങ്ങളെ പരിഹരിപ്പാനായിരിക്കണം.’ (പേജ് 46)

മൂന്ന് വിശ്വാസ പ്രമാണങ്ങളാണ് ക്രിസ്തീയ സഭകളില്‍ ഉപയോഗത്തിലിരിക്കുന്നതെന്ന് പറഞ്ഞുവല്ലോ. 1-ാമത്തേതായി ഗണിക്കപ്പെടുന്ന നിലവിലുളള അപ്പോസ്തല പ്രമാണത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ ത്രിമൂര്‍ത്തികളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ‘സര്‍വ്വശക്തിയുളള പിതാവായി ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവന്റെ ഏകപുത്രനായി നമ്മുടെ കര്‍ത്താവായ യേശു മിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഇവന്‍ പരിശുദ്ധാത്മാവിനാല്‍ മറിയ എന്ന കന്യകയില്‍ ഉല്‍പാദിപ്പിക്കപ്പെട്ടു ജനിച്ചു.’ (തുടര്‍ന്നു കൊണ്ട് -പുത്രനെപ്പറ്റി- അവന്‍ കുരിശില്‍ തറക്കപ്പെട്ട് മരിച്ചതിനെയും, ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗത്തിലേക്ക് കരേറി പിതാവിന്റെ വലത്തു ഭാഗത്ത് ഇരിക്കുന്നതിനെയും, ജീവികളോടും മരിച്ചവരോടും ന്യായം വിധിപ്പാന്‍ വേണ്ടി ഇറങ്ങി വരുന്നതിനെയും കുറിച്ചു ചുരുക്കി പ്രസ്താവിച്ച ശേഷം അത് ഇങ്ങനെ തുടരുന്നു:) ‘പരിശുദ്ധാത്മാവിലും ശുദ്ധമായി പൊതുവിലുളള സഭയിലും ശുദ്ധമുളളവരുടെ സംസര്‍ഗത്തിലും പാപമോചനത്തിലും ശരീരത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പിലും നിത്യ ജീവനിലും ഞാന്‍ വിശ്വസിക്കുന്നു. ‘ (ക്രൈസ്തവ സഭാചരിത്രം പേജ് 46, 47ല്‍ നിന്ന്.) അല്‍പാല്‍പ വ്യത്യാസത്തോടു കൂടി’ സഭാചരിത്ര സംഗ്രഹം’²² എന്ന ഗ്രന്ഥത്തിലും (പേജ് 402) മറ്റും ഇത് ഉദ്ധരിച്ചു കാണാം.

2-ാമത്തേതായ ‘നിഖ്യാവിശ്വാസ’ പ്രമാണത്തിന്റെ നിലവിലുളള രൂപത്തില്‍ പിതാ – പുത്ര – പരിശുദ്ധാത്മാക്കളെക്കുറിച്ച് കൂടുതല്‍ വിശേഷണങ്ങള്‍ കൂട്ടിച്ചേര്‍ത്തു കാണാം. അതിലെ വാചകം ഇങ്ങനെയാണ്: ‘പിതാവായി സര്‍വ്വശക്തനായി ആകാശത്തിന്റെയും ഭൂമിയുടെയും കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റെയും സ്രഷ്ടാവായ ത്രൈകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സര്‍വ്വത്തിന്റെയും സ്രഷ്ടാവായ ത്രൈകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സര്‍വ്വലോകങ്ങള്‍ക്കും മുമ്പേ പിതാവില്‍ നിന്നു ജനിച്ചവനും പ്രകാശത്തില്‍ നിന്നുളള പ്രകാശവും, സത്യദൈവത്തില്‍ നിന്നുളള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും, തത്വത്തില്‍ പിതാവിനോട് ഏകത്വമുളളവനും, സകലസൃഷ്ടിക്കും മുഖാന്തരമായവനും, മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി വിശുദ്ധ റൂഹാ²³ യാല്‍ തമ്പുരാനെ പ്രസവിച്ച കന്യകാമറിയായില്‍ നിന്ന് ശരീരം ധരിച്ച് മനുഷ്യനായി, പൊന്തിയൂസ് പിലാത്തോസിന്റെ²⁴ നാളുകളില്‍ ഞങ്ങള്‍ക്കു വേണ്ടി ക്രൂശിക്കപ്പെട്ട് കഷ്ടതയനുഭവിച്ച് മരിച്ചടക്കപ്പെട്ട്, തിരുഹിത പ്രകാരം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗത്തിലേക്ക് കയറി തന്റെ പിതാവിന്റെ വലത്തു ഭാഗത്തിരുന്നവനും, അവസാനമില്ലാത്ത രാജ്യത്വമുളളവനും, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിപ്പാന്‍ തന്റെ മഹാ പ്രഭാവേത്താടെ ഇനിയും വരുവാനിരിക്കുന്നവനുമായ യേശു മിശീഹാ ആയ കര്‍ത്താവിലും ഞങ്ങള്‍ വിശ്വസിക്കുന്നു. സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവും, പിതാവില്‍ നിന്നു പുറപ്പെട്ടു പിതാവിനോടും പുത്രനോടും കൂടി വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നവനും, നിബ്യമാരും ശ്‌ളീഹമാരും മുഖാന്തരം സംസാരിച്ചവനുമായ ജീവനും വിശുദ്ധിയും ഉളള ഏക റൂഹായിലും കത്തോലിക്കായ്ക്കും ശ്‌ളീഹാക്കും അടുത്ത ഏക വിശുദ്ധസഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നു.’ തുടര്‍ന്നുകൊണ്ട് പാപമോചനത്തിനു മാമോദീസ മാത്രമാണെന്ന് ഞങ്ങള്‍ ഏറ്റു പറയുന്നുവെന്നും, ഉയിര്‍ത്തെഴുന്നേല്‍പിനെയും വരുവാനിരിക്കുന്ന പുതിയ ജീവനെയും നോക്കിപ്പാര്‍ക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഈ പ്രമാണം അവസാനിക്കുന്നത്. (സഭാചരിത്ര സംഗ്രഹം പേജ് 401. 402ഉം മറ്റും നോക്കുക).

ഈ വാചകങ്ങളില്‍ പലതും യഥാര്‍ത്ഥ നിഖ്യാ വിശ്വാസ പ്രമാണത്തില്‍ ഇല്ലാത്തതും, പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതുമാണെന്നും, ഇത് പൗരസ്ത്യ സഭകള്‍ സ്വീകരിച്ചുവരുന്ന നിഖ്യാപ്രമാണത്തിന്റെ രൂപമാണ്- പാശ്ചാത്യന്‍ സഭകള്‍ അംഗീകരിച്ചു വരുന്ന രൂപത്തില്‍ വ്യത്യാസമുണ്ട്- എന്നും, ഇതിന്റെ അവസാനത്തില്‍ ഇതിനെ നിഷേധിക്കുന്നവരെ ശപിക്കുന്ന ചില വാചകങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടിരുന്നുവെന്നുമൊക്കെ അതേഗ്രന്ഥം തന്നെ പ്രസ്താവിച്ചിരിക്കുന്നു. (പേജ് 74ഉം 81ഉം നോക്കുക.) അപ്പോസ്തല പ്രമാണത്തില്‍ സ്പര്‍ശിച്ചിട്ടില്ലാത്ത പലതും പുത്രന്റെ വിശേഷണങ്ങളായി നിഖ്യാ പ്രമാണത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതിനു കാരണം വ്യക്തമാണ്. നിഖ്യാപ്രമാണ നിര്‍മാണം നടക്കുന്ന കാലത്തുണ്ടായിരുന്ന ഭിന്നാഭിപ്രായങ്ങളുടെ ഖണ്ഡനാര്‍ത്ഥം അന്നത്തെ രാജകീയകക്ഷി സ്വീകരിച്ച സിദ്ധാന്തങ്ങളെ സ്ഥിരപ്പെടുത്തി ഉറപ്പിക്കലാണ് അതിന്റെ പിന്നിലുളള ലക്ഷ്യമെന്ന് പറയേണ്ടതില്ല.

എനി മൂന്നാമത്തെയും അത്താനാസ്യോസിന്റെ പേരോടു ചേര്‍ത്ത് പറയപ്പെടുന്നതുമായ വിശ്വാസ പ്രമാണത്തിന്റെ കഥ നോക്കിയാല്‍, ഇതിലേറെ ആശ്ചര്യകരമായികാണാം. വളരെയധികം വലിച്ചു നീട്ടി ദീര്‍ഘിപ്പിച്ചുകൊണ്ടാണ് അതുളളത്. അതോടുകൂടി, അത്രയധികം പൊരുത്തക്കേടുകളും പരസ്പര വൈരുദ്ധ്യങ്ങളും നിറഞ്ഞ മറ്റു വല്ലവാചകങ്ങളും എവിടെയെങ്കിലും കാണപ്പെടുമോ എന്നു പോലും സംശയമാണ്. ദൈര്‍ഘ്യഭയം നിമിത്തം അതില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ മാത്രം ഇവിടെ ചുരുക്കി ഉദ്ധരിക്കാം.

അത്താനാസ്യോസിന്റെ വിശ്വാസ പ്രമാണത്തില്‍ നിന്നുളള ചില മാതൃകകള്‍:

(1) പിതാവ് ഒരുവന്‍, പുത്രന്‍ ഒരുവന്‍, പരിശുദ്ധാത്മാവ് ഒരുവന്‍. എങ്കിലും മൂവരുടെയും ദൈവത്വം ഏകവും മഹത്വം സമവും പ്രഭാവം സമനിത്യവുമാകുന്നു.

(2) പിതാവ് എങ്ങിനെയുളളവനോ അങ്ങനെയുളളവനാണ് പുത്രനും പരിശുദ്ധാത്മാവും.

(3) മൂവരും സൃഷ്ടിക്കപ്പെട്ടവരല്ല.

(4) ഓരോരുവനും നിത്യനാണ്, എന്നാലും മൂന്ന് നിത്യന്‍മാരല്ല, ഒരു നിത്യനേയുള്ളൂ.

(5) പിതാവ് സര്‍വ്വശക്തന്‍, പുത്രന്‍ സര്‍വ്വശക്തന്‍, പരിശുദ്ധാത്മാവ് സര്‍വ്വശക്തന്‍, എന്നാലും സര്‍വ്വശക്തന്‍ ഒന്നു മാത്രം.

(6) പിതാവ് ദൈവം, പുത്രന്‍ ദൈവം, പരിശുദ്ധാത്മാവ് ദൈവം, എന്നാലും ദൈവം ഏകനാകുന്നു.

(7) പിതാവും പുത്രനും പരിശുദ്ധാത്മാവും കര്‍ത്താക്കളാണ്, എന്നാലും കര്‍ത്താവ് ഒരുവന്‍ മാത്രം.

(8) മൂവരും ദൈവവും കര്‍ത്താവുമാണെന്ന് ഏറ്റു പറയാന്‍ നിര്‍ബന്ധിക്കുന്നതു പോലെത്തന്നെ മൂന്ന് ദേവന്‍മാരോ മൂന്നു കര്‍ത്താക്കളോ ഉണ്ടെന്ന് പറയുന്നതിനെ ‘ക്രിസ്തീയ സത്യം’ നമ്മെ വിലക്കുന്നു.

(9) ത്രിത്വത്തില്‍ ആരും മുമ്പനോ പിമ്പനോ അല്ല. വലിയവനോ ചെറിയവനോ അല്ല. സമനിത്യന്‍മാരും സകലത്തിലും സമന്‍മാരുമാകുന്നു.

(10) അതുകൊണ്ട് സകലത്തിലും ഏകത്വത്തെ ത്രിത്വത്തിലും ത്രിത്വത്തെ ഏകത്വത്തിലും ആരാധിക്കേണ്ടതാകുന്നു.

(11) കര്‍ത്താവായ യേശു പിതാവിന്റെ തത്വത്തില്‍ നിന്നു ജനിച്ച ദൈവവും മാതാവിന്റെ തത്വത്തില്‍ നിന്നു ജനിച്ച മനുഷ്യനുമാകുന്നു.

(12) അവന്‍ ദൈവത്വത്തില്‍ പിതാവിനു സമനും മനുഷ്യത്വത്തില്‍ പിതാവിന് കീഴ്‌പ്പെട്ടവനുമാകുന്നു.

(13) അവന്‍ ദൈവവും മനുഷ്യനുമാണെങ്കിലും രണ്ടാളല്ല. ഒരു ക്രിസ്തുവത്രെ.

ഇങ്ങനെ പോകുന്നു ആ പട്ടിക!²⁵

യേശുക്രിസ്തുവിനു ദൈവപുത്രസ്ഥാനവും, യേശുവിനും പരിശുദ്ധാത്മാവിനും പരിപൂര്‍ണ അര്‍ത്ഥത്തിലുളള ദൈവത്വപദവിയും വകവെച്ചു കൊടുക്കുവാന്‍ ആവശ്യമെന്ന് അതതു കാലത്തെ ക്രിസ്തീയാചാര്യന്‍മാര്‍ക്ക് തോന്നിയ വിശേഷണങ്ങളും, എതിരഭിപ്രായക്കാരുടെ വാദങ്ങളെ ഖണ്ഡിക്കുവാന്‍ വേണ്ടി അതതു കാലങ്ങളില്‍ നിര്‍മിക്കേണ്ടി വന്ന വിശേഷണങ്ങളും ഓരോ അവസരങ്ങളില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുളളതുകൊണ്ടാണ് അപ്പോസ്തല പ്രമാണത്തെക്കാള്‍ നിഖ്യാപ്രമാണത്തിലും, നിഖ്യാപ്രമാണത്തെക്കാള്‍ ഈ പ്രമാണത്തിലും വിശദീകരണങ്ങള്‍ കൂടിക്കൂടി വന്നത്. ത്രിത്വത്തിലെ മൂന്നാമത്തെ മൂര്‍ത്തിയായ പരിശുദ്ധാത്മാവിനെ സംബന്ധിച്ചു പറയുകയാണെങ്കില്‍ -ദൈവമെന്നും ദൈവഗുണങ്ങള്‍ തികഞ്ഞവനെന്നുമൊക്കെ ക്രിസ്ത്യാനികള്‍ പറഞ്ഞു വരുന്നുവെന്നല്ലാതെ- അതിനൊരു സാമാന്യ നിര്‍വ്വചനമെങ്കിലും നല്‍കി സ്വയം സമാധാനിക്കുവാന്‍ അവര്‍ക്ക് ഇക്കാലം വരെ സാധിച്ചിട്ടില്ല. വേദപുസ്തക നിഘണ്ടു തന്നെപറയുന്നതു നോക്കുക:

‘പരിശുദ്ധാത്മാവിനെക്കുറിച്ച് തിരുസഭയില്‍ നടപ്പുളള പൊതു വിശ്വാസം നിഖ്യാപ്രമാണത്തില്‍ ഇപ്രകാരം കാണുന്നു’: കര്‍ത്താവും ജീവനെ നല്‍കുന്നവനും, പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നവനും പിതാവിനോടും പുത്രനോടും കൂടെ ആരാധിക്കപ്പെടുന്നവനും, പ്രവാചകന്‍മാരാല്‍ മുന്നറിയിക്കപ്പെട്ടവനുമായ പരിശുദ്ധാത്മാവിനെയും ഞാന്‍ വിശ്വസിക്കുന്നു.’ അത്താനാസ്യോസിന്റെ പ്രമാണത്തില്‍ ‘പരിശുദ്ധാത്മാവ് പിതാവില്‍ നിന്നും പുത്രനില്‍ നിന്നും ആകുന്നു, ഉണ്ടാക്കപ്പെട്ടവനുമല്ല. സൃഷ്ടിക്കപ്പെട്ടവനുമല്ല, ജനിക്കപ്പെട്ടവനുമല്ല, പുറപ്പെടുന്നവനത്രെ’ എന്നു പറഞ്ഞിരിക്കുന്നു. കിഴക്കിനടുത്ത സുരിയാനീ സഭകളില്‍ ഉപയോഗത്തിലിരിക്കുന്ന നിഖ്യാപ്രമാണത്തില്‍ ‘പിതാവില്‍ നിന്ന് പുറപ്പെട്ട് പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നവനും’ എന്നാണ് പദപ്രയോഗം. പരിശുദ്ധാത്മാവിന്റെ പുറപ്പാടിനെപ്പറ്റി പത്തും പതിനൊന്നും നൂറ്റാണ്ടുകളില്‍ വലിയ വാഗ്വാദം ഉണ്ടായിട്ടുണ്ട്…. പതിനൊന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ പടിഞ്ഞാറന്‍ സഭയും കിഴക്കന്‍ സഭയും ഭിന്നിച്ചു പിരിയുകയാണ് ചെയ്തത് (വേദപുസ്തക നിഘണ്ടു പുറം 229)

പുത്രനെപ്പറ്റി പലതും പറഞ്ഞു സ്വയം തൃപ്തി അടയുവാന്‍ ക്രിസ്ത്യാനികള്‍ക്ക് കഴിഞ്ഞിട്ടുളളതുപോലെ, പരിശുദ്ധാത്മാവിന് ഒരേകദേശ നിര്‍വ്വചനമെങ്കിലും നല്‍കുവാന്‍ അവര്‍ക്കു സാധിച്ചിട്ടില്ലെന്നും, ഇന്നും അതൊരു തര്‍ക്കവിഷയമാണെന്നുമാണല്ലോ ഇതില്‍ നിന്നും വ്യക്തമാകുന്നത്. മാത്രമല്ല, വിശ്വാസപ്രമാണങ്ങളിലെ വാക്കുകളില്‍ തന്നെ പരസ്പരം വ്യത്യസ്തമായ നിര്‍വ്വചനങ്ങളാണുളളതെന്നും, ഒരേ വിശ്വാസപ്രമാണത്തിന്റെ പദ പ്രയോഗങ്ങളില്‍പോലും സഭകള്‍ക്കിടയില്‍ ഭിന്നിപ്പാണുളളതെന്നും നിഘണ്ടുവിന്റെ ഈ ഉദ്ധരണി ചൂണ്ടിക്കാട്ടുന്നു.

ഈസാ നബി(അ)യടക്കം എല്ലാ പ്രവാചകന്‍മാരും ഏകദൈവ വിശ്വാസത്തിലേക്കായിരുന്ന ജനങ്ങളെ ക്ഷണിച്ചിരുന്നതെന്ന് തീര്‍ച്ച തന്നെ. ബൈബ്‌ളിന്റെ പുതിയനിയമത്തിലും പഴയനിയമത്തിലും ഇതിനു തെളിവുണ്ട് താനും. ഒരു ശാസ്ത്രി വന്ന് ‘എല്ലാറ്റിലും മുഖ്യമായ കല്‍പനയേതെന്ന് ചോദിച്ചപ്പോള്‍ യേശു മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘എല്ലാറ്റിലും മുഖ്യകല്‍പനയോ? യിസ്രായേലേ കേള്‍ക്ക: നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണഹൃദയേത്താടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടി സ്‌നേഹിക്കണം എന്നാകുന്നു.’ (ലൂക്കോസ്; 12ല്‍ 28-30) യേശു പറഞ്ഞ ഈ വാക്യം അതുപോലെ പഴയ നിയമത്തിലും കാണാം. (ആവര്‍ത്തന പുസ്തകം: 6ല്‍ 4 നോക്കുക.) ത്രിത്വത്തില്‍ മൂന്ന് ദൈവങ്ങളുണ്ടെന്ന് വരുന്നതിനെ മറച്ചു പിടിക്കുവാന്‍ വേണ്ടിയുളള ഒരു ഉപായമെന്ന നിലക്കാണ് അവര്‍ ‘ത്രിയേക സിദ്ധാന്ത’മെന്നും ‘ത്രൈയേക ദൈവ’മെന്നും മറ്റുമുളള പേരുകള്‍ പ്രയോഗിച്ചു വരുന്നത്.

പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ തന്നെ ദൈവത്വമുളള മൂന്ന് മൂര്‍ത്തി²⁶ കള്‍ ചേര്‍ന്നതാണ് ദൈവമെന്നും, അതേ സമയത്ത് ദൈവം ഏകന്‍²⁷ തന്നെയാണെന്നുമാണല്ലോ ക്രിസ്തുമതത്തിന്റെ അടിത്തറ. മൂന്നെണ്ണം ചേര്‍ന്നാല്‍ ഒന്നാകുന്നതെങ്ങനെ? എന്നൊരു ചോദ്യം പ്രാഥമിക ബുദ്ധിയുളള ആരും ചോദിക്കുമല്ലോ. താല്‍ക്കാലികമായ മുട്ടുശാന്തിയെന്നോണം ഈ ചോദ്യത്തിനു പലതരം ഉത്തരങ്ങളും ക്രിസ്തുമത സാഹിത്യങ്ങളില്‍ സ്ഥലം പിടിച്ചു കാണാം. പാമരുദ്ധികളായ ചിലരെയെങ്കിലും പകിട്ടാക്കുവാന്‍ ഉതകുന്ന ഒന്നിലധികം സൂത്രമാര്‍ഗങ്ങള്‍ ഇതിന് അവര്‍ ഉപയോഗപ്പെടുത്താറുളളതില്‍ ചിലതു മാത്രം ഇവിടെ ചൂണ്ടിക്കാട്ടാം:

(1) ‘ഒന്ന്’ എന്ന സംഖ്യയെ വേറെ ഒരു ‘ഒന്നി’ലും അതിനെ വീണ്ടും ഒരു ‘ഒന്നി’ലും പെരുക്കിയാല്‍ ഉത്തരം ‘ഒന്ന്’ എന്നുതന്നെയാണല്ലോ കിട്ടുക. (അതായത്: 1 x 1 x 1 = 1 ) മൂന്ന് ‘ഒന്ന്’കളെ കൂട്ടിയാല്‍ ‘മൂന്ന്’ എന്ന് (1 + 1 + 1 = 3) പറയുന്നത് ഇവിടെ ശരിയല്ലെന്ന് ചുരുക്കം.

(2) ഒരു വ്യക്തി ഒരേ സമയത്ത് മന്ത്രിയും, ഭര്‍ത്താവും, കച്ചവടക്കാരനും ആകാം. ഇതുകൊണ്ട് അയാള്‍ മൂന്ന് വ്യക്തിയാകുന്നില്ലല്ലോ.

(3) സൂര്യന് താപവും, രശ്മിയും, വെളിച്ചവും ഉളളതുകൊണ്ട് സൂര്യന്‍ മൂന്നെണ്ണമാകുന്നില്ലല്ലോ.

(4) വിദ്യുച്ഛക്തി ശബ്ദമായും പ്രകാശമായും ചലനമായും പ്രത്യക്ഷപ്പെടാറുളളതു കൊണ്ട് വിദ്യുച്ഛക്തിയും മൂന്നെണ്ണമാകുന്നില്ല.

(5) ഒരു പെട്ടിയുടെ നീളവും, വീതിയും, ഉയരവും വ്യത്യസ്ത അളവിലാകുന്നതിനാല്‍ പെട്ടിയുടെ ഏകത്വത്തിനു അത് തടസ്സമാകുന്നില്ല. ഇങ്ങനെ പലതും ക്രിസ്തീയസാഹിത്യങ്ങളില്‍ -പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായ ലൂഥറല്‍ ചര്‍ച്ചുകാരുടെ ഗ്രന്ഥങ്ങളില്‍ വിശേഷിച്ചും – പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന ഭാഷയില്‍ സ്ഥലം പിടിച്ചു കാണാം. സ്വല്‍പമെങ്കിലും ബുദ്ധിയും ചിന്തയുമുളളവര്‍ ഇത്തരം മറുപടി കേള്‍ക്കുമ്പോള്‍ ആശ്ചര്യപൂര്‍വ്വം പൊട്ടിച്ചിരിച്ചു പോയേക്കുന്നതാണ്.

ത്രിത്വവാദം പോലെ നിലവിലുളള ക്രിസ്തുമത സിദ്ധാന്തങ്ങളില്‍ പ്രധാനപ്പെട്ട പലതിന്റെയും സാക്ഷാല്‍ ഉറവിടം വി. പൗലോസ് എന്നറിയപ്പെടുന്ന ശൗലാകുന്നുവെന്ന് ക്രിസ്തീയ ഗ്രന്ഥങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമാകുന്നതാണ്. നിഘണ്ടുവിലും മറ്റുമായി ചിലപ്പോഴെല്ലാം അവരത് സന്ദര്‍ഭവശാല്‍ വ്യക്തമാക്കാറുമുണ്ട്. എന്നാല്‍, യേശുവിന്റെ ദൈവപുത്രത്വം കൂടുതല്‍ ഊന്നിപ്പറഞ്ഞ ആള്‍ ഒരു സുവിശേഷ കര്‍ത്താവായി അറിയപ്പെടുന്ന യോഹന്നാനാണത്രെ. ആദ്യത്തെ മൂന്ന് സുവിശേഷങ്ങളെപ്പറ്റി ചിലത് പ്രസ്താവിച്ച ശേഷം നിഘണ്ടു (498-ാം പേജില്‍) പറയുന്നു: ‘അനന്തരം യോഹന്നാന്‍ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് തെളിയിക്കുന്നതിനുദ്ദേശിച്ച് പുതുതായി വേറൊരു സുവിശേഷമെഴുതി’. പൌലോസ് എന്ന ശൗലിനെപ്പറ്റി പറയുകയാണെങ്കില്‍ നിഘണ്ടു പറയുന്നതുപോലെ ‘സ്‌തോയിക്ക്’ എന്ന തത്വശാസ്ത്രത്തില്‍ നിപുണനായിരുന്നു. ഒരു മനുഷ്യന്‍ എപ്പോഴും ബുദ്ധിയനുസരിച്ച് നടക്കണം; അതനുസരിച്ച് തന്നെത്തന്നെ ഭരിക്കണം; സര്‍വ്വ ദൈവവാദം ശരിയാണ് എന്നിങ്ങനെ പലതും അടങ്ങിയതായിരുന്നു ആ തത്വശാസ്ത്രം. (നിഘണ്ടു പേജ് 257ഉം 560ഉം നോക്കുക.)

ആദ്യകാലങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പല തത്വശാസ്ത്രങ്ങള്‍ക്കും- വിശേഷിച്ചു യവന തത്വശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക്- വളരെയധികം സ്വാധീനം ക്രിസ്തുമത സിദ്ധാന്തങ്ങളില്‍ ചെലുത്തുവാന്‍ സാധിച്ചിട്ടുണ്ട്. ഇതെല്ലാം ഇവിടെ വിസ്തരിച്ചു പറയുവാന്‍ നിവൃത്തിയില്ല. പണ്ഡിതപടുക്കളായ പലരും ചൂണ്ടിക്കാട്ടുകയും, സ്ഥാപിക്കുകയും ചെയ്തിട്ടുളളതുപോലെ (ചില ക്രിസ്തീയ ഗ്രന്ഥങ്ങളിലും ഇതിനനുകൂലമായ പല പ്രസ്താവനകളും ഉണ്ട് താനും) ഹിന്ദു മതം മുതലായ വിഗ്രഹമതാനുയായികളുടെ തത്വശാസ്ത്രങ്ങളില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ ത്രിത്വവാദവും, ത്രിയേകത്വവാദവും ഉടലെടുത്തിരിക്കുന്നത്. വിഷ്ണു, ശിവന്‍, ബ്രഹ്മാവ് എന്നീ ത്രിമൂര്‍ത്തികള്‍ ചേര്‍ന്നതാണല്ലോ ബ്രാഹ്മണമതത്തിലെ ദൈവം. ഇതുപോലെ, യേശുക്രിസ്തുവിനെപ്പറ്റി ഹിന്ദുക്കളും, ബുദ്ധദേവനെപ്പറ്റി ബുദ്ധമതക്കാരും വിശ്വസിച്ചു വരുന്നുമുണ്ട്.²⁸

മേലുദ്ധരിച്ച ക്രിസ്തീയ രേഖകളില്‍ നിന്നും വിവരണത്തില്‍ നിന്നുമായി ഇത്രയും സംഗതികള്‍ വ്യക്തമാണ്:-

(1) ത്രിത്വോപദേശം, ത്രിയേകത്വ സിദ്ധാന്തം, പരിശുദ്ധാത്മാവ് മുതലായവ സംബന്ധിച്ച് ക്രിസ്ത്യാനികള്‍ അവരുടെ മതത്തിന്റെ മൂലോപദേശങ്ങളായി ഗണിച്ചു വരുന്ന മിക്ക സിദ്ധാന്തങ്ങള്‍ക്കും അവര്‍ വേദപുസ്തകങ്ങളായി അംഗീകരിച്ചു വരുന്ന ഗ്രന്ഥങ്ങളില്‍ നിന്നോ, യേശുക്രിസ്തുവിന്റെ വചനങ്ങളില്‍ നിന്നോ അവര്‍ക്ക് ശരിയായ തെളിവുകളൊന്നും ഉദ്ധരിക്കുവാനില്ല.

(2) പൗരാണിക കാലം തൊട്ട് ഇന്നുവരെയും അതാതു കാലത്തെ പണ്ഡിത പുരോഹിത വര്‍ഗത്തിന്റെയും, അതാതു കാലത്തെ പരിതഃസ്ഥിതികളുടെയും ഹിതമനുസരിച്ച് അതാത് കാലങ്ങളില്‍ രൂപകല്‍പന ചെയ്യപ്പെട്ടവ മാത്രമാണവ.

(3) പിന്നീട് കാലക്രമത്തില്‍ അവയെല്ലാം ചോദ്യം ചെയ്യപ്പെടാത്ത മതസിദ്ധാന്തങ്ങളായി അംഗീകരിക്കപ്പെട്ടു വരുകയും ചെയ്തു.

(4) ക്രിസ്തുമത സിദ്ധാന്തങ്ങളില്‍ മുഖ്യസ്ഥാനം കല്‍പിക്കപ്പെടുന്ന അടിസ്ഥാന തത്വങ്ങള്‍ പോലും യുക്തിക്കോ, ബുദ്ധിക്കോ, ന്യായത്തിനോ സ്ഥാനം കല്‍പിക്കപ്പെടാത്തവയാകുന്നു. എന്നിരിക്കെ, ഭിന്നിപ്പും, വിയോജിപ്പും, പരസ്പര വൈരുദ്ധ്യവും, അസ്ഥിരതയുമെല്ലാം അവയുടെ കൂടെപ്പിറവിയുമായിരിക്കുക സ്വാഭാവികമാകുന്നു. അതെ, (അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അതില്‍ അവര്‍ ധാരാളം പരസ്പരവ്യത്യാസം കണ്ടെത്തുക തന്നെ ചെയ്യുമായിരുന്നു.) എന്ന് സൂറഃ നിസാഇലെ 82-ാം വചനത്തില്‍ അല്ലാഹു പറഞ്ഞതിനു പ്രത്യക്ഷത്തില്‍ തന്നെ ഉദാഹരണങ്ങളാണവ.

അല്ലാഹുവേ! കോപത്തിനു വിധേയമായ യഹൂദരുടെയും, മാര്‍ഗം തെറ്റിപ്പോയവരായ ക്രിസ്ത്യാനികളുടെയും പാതയല്ലാത്ത – നീ സന്‍മാര്‍ഗം നല്‍കി അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സ്വിദ്ദീക്വുകള്‍, ശുഹദാക്കള്‍, സ്വാലിഹുകള്‍ എന്നിവര്‍ സ്വീകരിച്ചു വന്നപാതയില്‍ -നീ ഞങ്ങളെ വഴിചേര്‍ത്തു തരേണമേ! ഞങ്ങള്‍ക്ക് നീ നേര്‍മാര്‍ഗം കാണിച്ചുതന്നതിനു ശേഷം ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കാതിരിക്കേണമേ, റബ്ബേ!


Footer Notes:-

1. ‘ദി മലയാളം ക്രിസ്ത്യന്‍ ലിറ്ററേച്ചര്‍ കമ്മിറ്റി’യാല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ആധികാരിക നിഘണ്ടുവാണിത്. ക്രിസ്ത്വബ്ദം 1950ല്‍ പ്രസിദ്ധീകരിച്ച അതിന്റെ 2-ാം പതിപ്പില്‍ നിന്നാണ് ഉദ്ധരണികള്‍. പേജ് നമ്പറുകളും അതിന്റെതന്നെ.

2. നിഘണ്ടുവിലെ നീണ്ട പ്രസ്താവനകള്‍ ചിലത് അല്‍പം ചുരുക്കി ഉദ്ധരിച്ചിട്ടുണ്ടെങ്കിലും കഴിവതും അതിന്റെ തന്നെ വാചകങ്ങളിലാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.

3. ദൈവം മൂന്ന്മൂര്‍ത്തികള്‍ ചേര്‍ന്നതും അതോടൊപ്പം മൂന്നുംകൂടി ഏകവുമാണെന്നു പറയുന്നത്.

4. യേശുവിന്റെ കാലശേഷം പല കൊല്ലങ്ങള്‍ കഴിഞ്ഞു പലരാലും എഴുതപ്പെട്ടതും, എഴുതപ്പെട്ട കാലെത്തയോ, എഴുതിയ കര്‍ത്താക്കളെയോ സംബന്ധിച്ചു സൂക്ഷ്മായി അറിയപ്പെടാത്തതും, ക്രിസ്ത്യാനികള്‍ക്കിടയില്‍ പോലും വളരെ തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഇടയായതും, കാലക്രമത്തില്‍ ക്രിസ്തുമത വേദഗ്രന്ഥങ്ങളായി അംഗീകരിക്കപ്പെട്ടു വരുന്നതുമായ സുവിശേഷങ്ങളില്‍ യേശുവിന്റെ പ്രസ്താവനകളായി ഉദ്ധരിക്കപ്പെട്ടിട്ടുളള വാക്യങ്ങളെ ഉദ്ദേശിച്ചാണിത്. അവയില്‍ തന്നെയും പരിശുദ്ധാത്മാവിനു ദൈവത്വമുളളതായി കാണിക്കുന്ന വാക്യങ്ങളൊന്നും ഇല്ലതാനും.

5. വിശദമായി പറഞ്ഞിട്ടില്ലെന്നതു ശരി. എന്നാല്‍, സൂചനയായോ സംക്ഷിപ്തമായോ ത്രിത്വോപദേശത്തെപ്പറ്റി വല്ലതും പറയുന്നുണ്ടോ? അതുമില്ല. അവിടവിടെയുളള ഏതാനും വാക്യങ്ങളെ തേടിപ്പിടിച്ചു കൂട്ടിയിണക്കിക്കൊണ്ട് അവയില്‍ നിന്നു ത്രിത്വോപദേശം മിനഞ്ഞെടുക്കുവാന്‍ നിഘണ്ടുവിന്റെ കര്‍ത്താക്കളും മറ്റും ശ്രമംനടത്തിയിട്ടുണ്ട് അത്രമാത്രം.

6. വിശുദ്ധ പൗലോസ് St. Paul എന്ന അപ്പോസ്തലന്‍ കുരിശുസംഭവം വരേക്കും യേശുവിന്റെ ബദ്ധവൈരിയും, ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനുമായിരുന്ന ഒരു മുഴുത്ത യഹൂദനായിരുന്നു. അദ്ദേഹം യേശുവിനെ കാണുകയുണ്ടായിട്ടില്ല. കുരിശു സംഭവം കഴിഞ്ഞു ഏതാനും കൊല്ലങ്ങള്‍ക്കു ശേഷം- എത്ര കൊല്ലമെന്നുളളതില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്- പെട്ടെന്നുണ്ടായ ഒരു സംഭവത്തില്‍ താന്‍ യേശുക്രിസ്തുവിനെ ബാഹ്യനേത്രം കൊണ്ടു കണ്ടുവെന്നും യേശുകര്‍ത്താവ് പുറം ജാതികളിലേക്കുളള അപ്പോസ്തലനായി തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടുകൊണ്ട് അപ്പോസ്തലന്‍മാരില്‍ ഒരാളായി രംഗപ്രവേശം ചെയ്ത ആളാണ് പൗലോസ്. യേശു സ്വര്‍ഗാരോഹണം ചെയ്തശേഷം പൗലോസ് അദ്ദേഹത്തെ നേരില്‍ കണ്ടുവെങ്കിലും അപ്പോസ്തല സ്ഥാനം നല്‍കിയത് മറ്റൊരാള്‍ വഴിക്കാണെന്ന് അഭിപ്രായമുണ്ട്. ഏതായാലും ഭാവിയില്‍ തന്റെ ജീവിതം സുഖകരമാക്കുവാനും, നേതൃസ്ഥാനം കൈവരുവാനും വേണ്ടി പൗലോസ് കണ്ടുപിടിച്ച ഒരു വിദ്യയായിരുന്നു അതെന്നു ക്രിസ്തീയ സാഹിത്യങ്ങള്‍ വായിക്കുന്നവര്‍ക്കു -ക്രിസ്ത്യാനികളല്ലാത്തവര്‍ക്ക്- മനസ്സിലാകുന്നതാണ്. ത്രിത്വസിദ്ധാന്തം, പാപപരിഹാരവാദം എന്നിങ്ങനെ നിലവിലുളള പല ക്രിസ്തീയ വിശ്വാസ സിദ്ധാന്തങ്ങള്‍ക്കും രൂപകല്‍പന ചെയ്തത് പൗലോസാകുന്നു. പൗലോസിന്റെ ചരിത്ര ഗ്രന്ഥങ്ങളില്‍നിന്നും നിഘണ്ടുവിലെ പല പ്രസ്താവനകളില്‍ നിന്നു അറിയാവുന്ന ഒരു പരമാര്‍ത്ഥമാണിത്.

7. അതതു കാലത്തു നിലവിലുളള ഭൂരിപക്ഷ ക്രിസ്തീയ വിശ്വാസങ്ങള്‍ക്കു യോജിക്കാത്തവരുടെ അഭിപ്രായങ്ങളാണ് വ്യാജോപദേശങ്ങള്‍ കൊണ്ടുവിവക്ഷ.

8. സുന്നഹദോസു = ക്രിസ്തീയ മഹാസഭ

9. തുര്‍ക്കിയിലെ അനാത്തോലിയയിലെ ഒരു പട്ടണമാണ് നിഖ്യ (Nicce) ഇപ്പോള്‍ ഇതിന്റെ പേര്‍ ഇസ്‌നീക്വ് എന്നാകുന്നു. ക്രിസ്ത്വബ്ദം 325ലും, 787ലുമായി അവിടെ രണ്ടു സുന്നഹദോസുകള്‍ കൂടിയിട്ടുണ്ട്.

10. കൊന്‍സ്തന്‍തീന്‍പുരി — കാണ്‍സ്റ്റന്റിനോപ്പ്ള്‍ നഗരം (Constantinople)

11. അത്താനാസ്യോസ് (Athanasius Or Athanase) ഇദ്ദേഹം അലക്‌സാന്തരീയ്യയിലെ പാത്രിയര്‍ക്കീസ് (Patriarch) ആയിരുന്നു. ഇദ്ദേഹമാണ് നിഖ്യായില്‍വെച്ചു ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിച്ചിരുന്ന അരിയൂസു പക്ഷക്കാരെ പുറം തള്ളുവാന്‍ മുന്‍കൈ എടുത്തത്.

12. ത്രിത്വവിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തീയ വേദഗ്രന്ഥങ്ങളോ യേശുവിന്റെ വാക്യങ്ങളോ അല്ലെന്നും, അതതു കാലത്തെ ക്രിസ്തീയ പണ്ഡിതന്‍മാരുടെ സൃഷ്ടിയാണെന്നും അപ്പോള്‍ വ്യക്തമാണല്ലോ. നിഘണ്ടു തന്നെ വഴിയെ ഇത് തുറന്നു പറയുന്നത് കാണാം.

13. കോണ്‍സ്റ്റണ്ടിന്‍

14. സുന്നഹദോസിന്റെ ഏകോപിച്ച തീരുമാനമോ ഭൂരിപക്ഷ തീരുമാനമോ ആയിരുന്നില്ല അത്. ആയിരക്കണക്കില്‍ വൈദിക പ്രമാണികള്‍ സംബന്ധിച്ചിരുന്നുവെങ്കിലും അവര്‍ അനേകം കക്ഷികളായി പിരിയുകയാണ് ഉണ്ടായത്. അവരില്‍ ഒരുകക്ഷി 318 പേരുണ്ടായിരുന്നു. ഈ കക്ഷിയുടെ അഭിപ്രായത്തെ കുസ്തന്‍തിനോസ് ചക്രവര്‍ത്തി പിന്‍താങ്ങുകയും അനുകൂലിച്ചു പ്രചരിപ്പിക്കുകയുമാണ് ഉണ്ടായത്.

15. കാണ്‍സ്റ്റാന്റിനോപ്പിള്‍

16. ഇദ്ദേഹത്തിന്‍റെ കാലം ക്രി. 877-940 ആയിരുന്നു.

17. മഹാസഭ = സുന്നഹദോസ് എന്ന പേരില്‍ അറിയപ്പെടുന്ന ക്രിസ്തീയ മഹാസഭ

18. ക്വുസ്തന്തീന്‍ = കുസ്തന്തീനോസ്. ഈ പേരില്‍ റോമാ ചക്രവര്‍ത്തിമാരായി ഒന്നിലധികം രാജാക്കള്‍ ഉണ്ടായിട്ടുണ്ട്. ക്രി. 274-337 ല്‍ ജീവിച്ച 1-ാം ക്വുസ്തന്തീന്റെ കാലത്തും അദ്ദേഹത്തിന്റെ ആവശ്യപ്രകാരവുമാണ് പ്രസ്തുത സഭയുണ്ടായത്. ഇദ്ദേഹം ക്രിസ്തു മതത്തിന്റെ യഥാര്‍ത്ഥ വിശ്വാസിയായിരുന്നുവോ, അതല്ല രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടു ക്രിസ്തീയ വിശ്വാസം പ്രകടിപ്പിച്ച ആളാണോ എന്നതില്‍ ഭിന്നാഭിപ്രായം കാണാവുന്നതാണ്.

19. സാധാരണയായി ക്രിസ്തീയ പളളികള്‍ക്കു ചര്‍ച്ചുകള്‍ എന്നു പറഞ്ഞു വരുന്നുവെങ്കിലും ‘സഭ’ എന്നത്രെ ആ വാക്കിന്റെ അര്‍ത്ഥം.

20. പിന്നീട് ഈ മൂന്ന് കക്ഷികളില്‍ നിന്നുമായി അനേകം കക്ഷികള്‍ ഉണ്ടായിത്തീരുകയും, മിക്ക കക്ഷിയും ഓരോ പേരില്‍ അറിയപ്പെടുകയും ചെയ്തുവന്നു.

21. ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളിലെ ക്രൈസ്തവസഭയുടെ ചരിത്രങ്ങളെ അധികരിച്ചു എഴുതിയതാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്‍ ഒരു ക്രിസ്തുമത പണ്ഡിതനും, മതോപദേഷ്ടാവും, പ്രഗല്‍ഭ സാഹിത്യകാരനുമായ കുന്നുംപുറത്തു വറുഗീസ് സൈമണ്‍ എന്ന കെ.വി. സൈമണാകുന്നു. ക്രിസ്തുമതത്തിലെ വിശ്വാസാചാരങ്ങളില്‍ കടന്നു കൂടിയിട്ടുളള പല അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കുറിച്ച് അദ്ദേഹം അതില്‍ വിവരിച്ചിരിക്കുന്നു. ക്രി. 1976ല്‍ പുറത്തിറങ്ങിയ അതിന്റെ രണ്ടാം പതിപ്പില്‍ നിന്നാണു നാം ഉദ്ധരിക്കുന്നത്.

22. ഇതിന്‍റെ കര്‍ത്താവ് റവ. ഡോ. സി വി. ഇ. എബ്രഹാമാകുന്നു.

23. പരിശുദ്ധാത്മാവിനെ ഉദ്ദേശിച്ചാണ് ‘വിശുദ്ധ റൂഹാ’ എന്നും പറയുന്നത്.

24. റോമാ ചക്രവര്‍ത്തിയുടെ കീഴിലുളള ഒരു ഭരണാധികാരിയായിരുന്നു പിലാത്തോസ്.

25. ഫാദര്‍ എം. വി. ജോര്‍ജ്ജ് എഴുതിയതും, ‘ദൈവശാസ്ത്ര സാഹിത്യ പ്രസിദ്ധീകരണ സമിതി’ (തിരുവല്ല) പ്രസിദ്ധീകരിച്ചതുമായ ‘ഞങ്ങള്‍ വിശ്വസിക്കുന്നു’ എന്ന ഗ്രന്ഥത്തിന്റെ 10-13 പേജുകളിലും മറ്റു പല ക്രിസ്തീയ ഗ്രന്ഥങ്ങളിലും പൂര്‍ണരൂപം കാണാവുന്നതാണ്.

26. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നില്‍ ഓരോന്നിനെക്കുറിച്ചും ക്രിസ്തീയ സാഹിത്യങ്ങളില്‍ ‘മൂര്‍ത്തി, ഭൂതം, ആള്‍, വ്യക്തി, വ്യക്തിത്വം, അവന്‍’എന്നിങ്ങനെ പല വാക്കുകളിലും വിശേഷിപ്പിക്കാറുണ്ട്.

27. ദൈവത്തെപ്പറ്റി ‘ഒരുവന്‍’ എന്ന് പറയാതെ പകരം ‘ഏകന്‍’ എന്ന പ്രയോഗമാണ് ക്രിസ്തീയ ഗ്രന്ഥങ്ങള്‍ അധികവും ഉപയോഗിക്കാറുളളത്. ഇതിനും ചില ദുര്‍ന്യായങ്ങള്‍ അവര്‍ക്ക് പറയുവാനുണ്ട്. (‘വേ. പു. പദങ്ങള്‍’ എന്ന നിഘണ്ടുനോക്കുക.)

28. യേശുക്രിസ്തുവിനെ സംബന്ധിച്ച് ക്രിസ്ത്യാനികള്‍ വെച്ചു പുലര്‍ത്തുന്ന അനേക വിശ്വാസ സിദ്ധാന്തങ്ങളും, ശ്രീകൃഷ്ണനെപ്പറ്റി ഹിന്ദുക്കളും, ശ്രീബുദ്ധനെപ്പറ്റി ബുദ്ധമതക്കാരും വിശ്വസിച്ചു വരുന്നത് പോലെത്തന്നെയാണെന്ന്- ദഅ്‌വത്തുല്‍ ഹക്വ് എന്ന പേരില്‍ റബാത്വില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പ്രധാന ഔദ്യോഗിക മാസികയുടെ 1974 മേയ് മാസ (ഹി. 1394 റബീഉല്‍ ആഖിര്‍) ലക്കത്തിലെ പഠനാര്‍ഹമായ ഒരു ലേഖന പരമ്പരയില്‍ -ഉസ്താദ് തൗഫീക്വ് അലിവഹ് എന്ന പണ്ഡിതന്‍ സ്ഥാപിച്ചിരിക്കുന്നു. ആധികാരിക ഗ്രന്ഥങ്ങളായി ഗണിക്കപ്പെടുന്നവയില്‍ നിന്ന് കൃഷ്ണനെയും യേശുവെയും താരതമ്യപ്പെടുത്തുന്ന 45 ഉദ്ധരണികളും, ബുദ്ധനെയും യേശുവെയും താരതമ്യപ്പെടുത്തുന്ന 46 ഉദ്ധരണികളും, ഓരോന്നിനോടും – അക്ഷരത്തിലോ അര്‍ത്ഥത്തിലോ – സദൃശ്യങ്ങളായ ക്രിസ്തുമത ഗ്രന്ഥങ്ങളില്‍ നിന്നുളള ഉദ്ധരണികളും നിരത്തിവെച്ചുകൊണ്ടാണ് അദ്ദേഹം അത് സ്ഥാപിച്ചിരിക്കുന്നത്. മര്‍ഹൂം മക്തി തങ്ങളുടെ ചില ഗ്രന്ഥങ്ങളിലും ഇതിന് ചില ഉദാഹരണങ്ങള്‍ കാണാം


സംഗ്രഹം തയ്യാറാക്കിയത്: നാസ്വിഹ് അബ്‍ദുല്‍ബാരി

0
0
0
s2sdefault