മനുഷ്യന് ആരെയാണ് ആരാധിക്കേണ്ടത്?
അമാനി മൌലവി(റഹി)
Last Update: 2023 March 04, 12 Shaʻban, 1444 AH
അല്ലാഹു പറഞ്ഞു: “ഹേ, മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍; നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം. അതായത്, ഭൂമിയെ നിങ്ങള്‍ക്ക് ഒരു വിരിപ്പും, ആകാശത്തെ ഒരു കെട്ടിടവും (അഥവാ മേല്‍പുരയും) ആക്കിത്തന്നിട്ടുള്ളവന്‍; ആകാശത്തു നിന്ന് അവന്‍ വെള്ളം ഇറക്കുകയും ചെയ്തിരിക്കുന്നു; എന്നിട്ട് അതു മൂലം നിങ്ങള്‍ക്ക് ആഹാരത്തിനായി ഫലങ്ങളില്‍നിന്ന് (പലതും) അവന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്; നിങ്ങള്‍ അറിഞ്ഞും കൊണ്ട് (തന്നെ).” (അല്‍ബക്വറ 21)
വിശ്വാസി, അവിശ്വാസി, കപടവിശ്വാസി എന്നീ വ്യത്യാസം കൂടാതെ, ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തുള്ളവരും, അതിനുശേഷം ഉണ്ടാകുന്നവരുമായ മനുഷ്യരെ ഒന്നടങ്കം സംബോധന ചെയ്തു കൊണ്ട് അവര്‍ക്കെല്ലാം അസ്തിത്വം നല്‍കിയ സ്രഷ്ടാവും, അവരെ രക്ഷിച്ചു പരിപാലിച്ചു വരുന്ന രക്ഷിതാവുമായ അല്ലാഹുവിനെ ആരാധിക്കണമെന്നും, സ്രഷ്ടാവും രക്ഷിതാവും അവന്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞു കൊണ്ടിരിക്കെ അവനു സമന്‍മാരെയും പങ്കാളികളെയും ഏര്‍പ്പെടുത്തരുതെന്നും അല്ലാഹു കല്‍പ്പിക്കുന്നു. മനുഷ്യലോകത്തെ തൗഹീദാകുന്ന ഏകദൈവ സിദ്ധാന്തത്തിലേക്ക് ക്ഷണിക്കുന്നതോടൊപ്പം, അതി്ന്റെ അനിഷേധ്യമായ അനിവാര്യതകൂടി അല്ലാഹു ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ‘നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവന്‍’ എന്നു പറഞ്ഞതില്‍, നിങ്ങളുടെ പൂര്‍വ്വികന്‍മാരും ഈ തൗഹീദ് സ്വീകരിക്കുവാന്‍ ബാധ്യസ്ഥരായിരുന്നുവെന്നും, അതുകൊണ്ട് അതിന് വിപരീതമായി അവര്‍ അനുവര്‍ത്തിച്ചു വന്ന ശിര്‍ക്കിന്‍റെ പാരമ്പര്യത്തില്‍ നിങ്ങള്‍ അവരെ പിന്‍പറ്റുന്നത് ശരിയല്ലെന്നുമുള്ള ഒരു സൂചന അടങ്ങിയിരിക്കുന്നു. തൗഹീദ് നിങ്ങളുടെ പ്രകൃത്യാ ഉള്ള ഒരു കടമയാണെന്ന് മാത്രമല്ല, അത് മുഖേന മാത്രമേ നിങ്ങള്‍ക്ക് സൂക്ഷ്മത പാലിക്കുന്നവരായിരിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. സൂക്ഷ്മത പാലിക്കുന്നവരാണ് സന്മാര്‍ഗത്തില്‍ നിലകൊള്ളുന്നവരെന്നും, അവര്‍ മാത്രമാണ് വിജയം പ്രാപിക്കുന്നവരും.
പ്രാഥമിക ബുദ്ധിക്കുപോലും അറിയാവുന്നതും, ഓരോ വ്യക്തിയും അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്നതും, മനുഷ്യന്റെ നിലനില്‍പിനും ജീവിതത്തിനും ആധാരവുമായ ചില വമ്പിച്ച അനുഗ്രഹങ്ങളെയാണ് അല്ലാഹു ഇവിടെ ഓര്‍മിപ്പിക്കുന്നത്. അവയിലൊന്നും അവന്റെതല്ലാത്ത ഒരു പങ്കും പ്രവര്‍ത്തനവും വേറെയില്ല. എന്നിരിക്കെ, അവയുടെ ഏക കര്‍ത്താവായ അവനോട് നന്ദിയും കീഴ്‌വണക്കവുമുള്ളവരായിരിക്കുക എന്ന നിലക്കും മനുഷ്യന്‍ മറ്റാരെയും ആരാധിച്ചു കൂടാത്തതാകുന്നു. അതെ, ആരാധ്യനായിരിക്കുവാനുള്ള അര്‍ഹത അല്ലാഹുവിന് മാത്രമാണെന്നതുപോലെ, അവന്റെ മാത്രം ആരാധകനായിരിക്കുവാനുള്ള ബാധ്യത മനുഷ്യനുമുണ്ട് എന്ന് ഇതില്‍ നിന്ന് സ്പഷ്ടമാകുന്നു.
ഇരിക്കുവാനും, കിടക്കൂവാനും, നടക്കുവാനും, ഓടുവാനും, ചാടുവാനും എന്നുവേണ്ട ഇഷ്ടാനുസരണം വിഹരിക്കുവാന്‍ മനുഷ്യന് ഭൂമിയെ അല്ലാഹു പാകപ്പെടുത്തിയിട്ടുള്ളതിനെ ഉദ്ദേശിച്ചാണ് അതിനെ ഒരു വിരിപ്പ് (ഫിറാഷാ) ആക്കി എന്നു പറഞ്ഞത്. വിരിപ്പ് പോലെ പരന്നതാക്കി എന്നല്ല ഉദ്ദേശ്യം. ഭൂമി ഗോളാകൃതിയിലുള്ളതാണെന്ന യാഥാര്‍ത്ഥ്യവും ഈ വാക്കും തമ്മില്‍ വൈരുദ്ധ്യമില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എനി, വിരിപ്പുപോലെ പരന്നതാക്കി എന്നു തന്നെ വെക്കുന്നതിനും വിരോധമില്ല. ഗോളമായതോടൊപ്പം തന്നെ ഭൂമിയുടെ പരപ്പും വിശാലതയും അജ്ഞാതമല്ലല്ലോ. ഭൂമി മുഴുവനും പാറയോ, വെള്ളമോ, ചെളിയോ, മണലോ മറ്റോ ആയിരുന്നെങ്കില്‍, അല്ലെങ്കില്‍ ഒന്നാകെ സമനിരപ്പോ, കുന്നും കുഴിയും നിറഞ്ഞതോ ആയിരുന്നുവെങ്കില്‍ സ്ഥിതി എന്തായിരിക്കും? ആലോചിച്ച് നോക്കുക! ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെ നിലവെച്ചല്ല – മനുഷ്യന്റെ പൊതുനില വെച്ചുകൊണ്ട് – ആലോചിക്കുമ്പോഴേ ഇതില്‍ അടങ്ങിയ മഹാനുഗ്രഹത്തിന്റെ മഹത്വത്തെപ്പറ്റി ഊഹിക്കുവാന്‍ കഴിയൂ. ഭൂമിയെ ഒരു വമ്പിച്ച വീടായി സങ്കല്‍പ്പിക്കുക. അതിന്‍റെ അടിനിലം വിതാനിച്ചുവെന്നും വെക്കുക. അപ്പോള്‍, അതിന്റെ മേല്‍ഭാഗത്ത് മേല്‍പുരയും വേണ്ടതുണ്ടല്ലോ. അതാണ് ആകാശത്തെ ഒരു കെട്ടിടവും (ബിനാഅ്) – അഥവാ മേല്‍പുരയും – ആക്കി എന്നു പറഞ്ഞത്. മറ്റൊരു സ്ഥലത്ത് “ആകാശത്തെ നാം സൂക്ഷിക്കപ്പെട്ട ഒരു മേല്‍പുരയും ആക്കിയിരിക്കുന്നു” (21: 32) എന്ന് പറഞ്ഞിരിക്കുന്നത് പ്രസ്താവ്യമാകുന്നു.
ശരി. എനി ഈവീട്ടിലെ നിവാസികള്‍ക്ക് ദാഹത്തിന് വെള്ളവും വിശപ്പിന് ഭക്ഷണവും വേണമല്ലോ. അതിനായി ആകാശത്ത്‌നിന്ന്-ഉപരിഭാഗത്ത്‌നിന്ന്-മഴ വര്‍ഷിച്ചു കൊണ്ടിരിക്കുന്നു. കുടിക്കൂവാന്‍ മാത്രമല്ല; കൃഷിതുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ക്കും അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി ഭൂമിയില്‍ പലതരം ഫലവര്‍ഗങ്ങളും ഉല്‍പന്നങ്ങളും അവന്‍ ഉല്‍പാദിപ്പിക്കുന്നു. ഇതിനെപ്പറ്റി മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നത് ഇങ്ങിനെയാകുന്നു: “അല്ലാഹുവത്രെ യാതൊരുവന്‍; അവന്‍ നിങ്ങള്‍ക്ക് ഭൂമിയെ വാസസ്ഥാനവും, ആകാശത്തെ കെട്ടിടവും ആക്കിയിരിക്കുന്നു. അവന്‍ നിങ്ങള്‍ക്ക് രൂപം നല്‍കുകയും, എന്നിട്ട് നിങ്ങളുടെ രൂപങ്ങളെ നന്നാക്കുകയും ചെയ്തിരിക്കുന്നു. വിശിഷ്ട വസ്തുക്കളില്‍നിന്ന് നിങ്ങള്‍ക്കവന്‍ ആഹാരം നല്‍കുകയും ചെയ്തിരിക്കുന്നു. അങ്ങിനെയുള്ള അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു” (40:64). ഇപ്പോള്‍, ഭൂമി ഒരു വീട്. അതിന്റ ഉടമസ്ഥനും അത് നിര്‍മിച്ചവനും അല്ലാഹു. അതിലെ നിവാസികളാകുന്ന മനുഷ്യര്‍ അവന്റെ സൃഷ്ടി. അവര്‍ക്ക് അന്നവും വെള്ളവും നല്‍കി പരിപാലിച്ചു പോരുന്നവനും അവന്‍ തന്നെ. വാസ്തവം ഇതായിരിക്കെ, ഇത് എല്ലാവര്‍ക്കും അറിയാവുന്നതുമായിരിക്കെ, അവനെയല്ലാതെ മറ്റാരെയെങ്കിലും ആരാധിക്കുന്നതിനോ, കീഴ്‌വണങ്ങുന്നതിനോ, അവന്‍റെ മുമ്പില്‍ ആരാധനയര്‍പ്പിക്കാതിരിക്കുന്നതിനോ വല്ല ന്യായവുമുണ്ടോ?! “അതിനാല്‍, അറിഞ്ഞുകൊണ്ടിരിക്കെ നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്”.
അല്ലാഹുവിന്‍റെ ഉല്‍കൃഷ്ടങ്ങളായ ഗുണവിശേഷങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ, അധികാരാവകാശങ്ങളിലോ, അല്ലെങ്കില്‍ അവന്റെ സത്തയിലോ ഏതെങ്കിലും തരത്തിലുള്ള തുല്യതയോ, പങ്കോ മറ്റേതെങ്കിലും വസ്തുവിനുണ്ടെന്ന് സങ്കല്‍പിക്കുക എന്നത്രെ അവന് സമന്മാരെ ഏര്‍പ്പെടുത്തുക എന്നതിന്റെ വിവക്ഷ. ഈ സങ്കല്‍പത്തില്‍ നിന്ന് ഉല്‍ഭവിക്കുന്നതും, ഈ സങ്കല്‍പത്തില്‍ പര്യവസാനിക്കുന്നതുമായ വാക്കും, പ്രവൃത്തിയും, വിശ്വാസവുമെല്ലാം ശിര്‍ക്കിന്റെ ഇനങ്ങളില്‍ പെട്ടവയാകുന്നു. ശിര്‍ക്കാകട്ടെ-അല്ലാഹുവും റസൂലും അര്‍ത്ഥശങ്കക്കിടമില്ലാത്തവണ്ണം സ്പഷ്ടമാക്കിയിട്ടുള്ളതു പോലെ – പാപങ്ങളില്‍ വെച്ചേറ്റവും കടുത്തതും, പൊറുക്കപ്പെടാത്തതുമാകുന്നു. അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ച നേരുന്നതും, അല്ലാഹു അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്യുന്നതും ശിര്‍ക്കാകുവാനുള്ള കാരണം മേല്‍പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാമല്ലോ. ഇന്ന നക്ഷത്രത്തിന്റെ – അല്ലെങ്കില്‍ രാശിയുടെ – കാരണത്താല്‍ മഴ പെയ്തുവെന്ന് പറയുന്നതിനെയും, വല്ലകാര്യത്തെക്കുറിച്ചും ‘അല്ലാഹു ഉദ്ദേശിച്ചത് (മാഷാ അല്ലാഹ്) എന്ന് പറയുമ്പോള്‍ അതോടുചേര്‍ത്ത് ‘ഇന്ന ആളും ഉദ്ദേശിച്ചത് (വ ഷാഅ ഫുലാന്‍)’ എന്ന് കൂടി പറയുന്നതിനെയും നബി (സ്വ) വിരോധിച്ചിട്ടുന്നോര്‍ക്കുമ്പോള്‍, ശിര്‍ക്കിന്റെ വ്യാപ്തി എത്രവലുതാണെന്ന് ആലോചിച്ചു നോക്കുക!
ഈ വചനങ്ങളില്‍ കണ്ടതു പോലെ, ആദ്യം അല്ലാഹുവിന്റെ സൃഷ്ടി കര്‍ത്തൃത്വവും രക്ഷാ കര്‍ത്തൃത്വവും ഉറപ്പിച്ച ശേഷം, ആ അടിസ്ഥാനത്തില്‍ അവന്റെ ആരാധ്യതയും – അഥവാ ദൈവത്വവും – സ്ഥാപിക്കുക ക്വുര്‍ആനില്‍ പലപ്പോഴും കാണാവുന്ന പതിവാകുന്നു. ആദ്യത്തെ ഗുണം അവന് വകവെച്ചു കൊടുക്കാത്തവരായി തനി ഭൗതിക – നിരീശ്വര – വാദികള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ആ ഗുണം സമ്മതിക്കുന്നതോടെ രണ്ടാമത്തെ ഗുണവും സമ്മതിക്കുവാന്‍ ബുദ്ധി നിര്‍ബന്ധിതമാകും. രണ്ടാമത്തെ ഗുണത്തിന്റെ – രക്ഷാകര്‍ത്തൃത്വത്തിന്റെ – വിശദീകരണത്തില്‍ ഭിന്നാഭിപ്രായമുണ്ടാകാമെങ്കിലും വേദവാദികളാരും അത് സമ്മതിക്കാതിരിക്കുകയില്ല. ആ രണ്ടു ഗുണങ്ങളും സമ്മതിക്കുന്ന ഒരാള്‍ക്ക് മൂന്നാമത്തെ ഗുണവും (ആരാധ്യതയും) അല്ലാഹുവിന് മാത്രമായിരിക്കല്‍ അനിവാര്യമാണെന്നു സമ്മതിക്കാതിരിക്കാന്‍ ന്യായമില്ല. ഒരു കാര്യം പ്രത്യേകം ഗൗനിക്കപ്പെടേതുണ്ട്. തര്‍ക്കശാസ്ത്രപരമായ വാഗ്വാദങ്ങള്‍ക്ക് പകരം, മനുഷ്യമനസ്സുകള്‍ക്ക് സുപരിചിതവും, നിത്യസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ യാഥാര്‍ഥ്യങ്ങളിലേക്കും, അവയുടെ പിന്നില്‍ സ്ഥിതിചെയ്യുന്ന മഹാ അദൃശ്യ ശക്തിയിലേക്കും അവരുടെ ശ്രദ്ധ തിരിക്കലായിരിക്കും കൂടുതല്‍ പ്രായോഗികമായിരിക്കുക. ക്വുര്‍ആന്റെ നയവും ഇതാണ്. കണ്ണില്‍ കണ്ടതേ വിശ്വസിക്കൂ, തങ്ങള്‍ ശരിവെച്ചു കഴിഞ്ഞതിനപ്പുറം ചിന്തിക്കുകയില്ല എന്ന മുന്‍വിധിക്കാരായ അഹങ്കാരികളെ സംബന്ധിച്ചിടത്തോളം അവരെ കയ്യൊഴിക്കുക മാത്രമേ കരണീയമായുള്ളൂ.
അല്ലാഹുവിനെ ആരാധിക്കണം – അവനെ മാത്രമേ ആരാധിക്കാവൂ – എന്ന തത്വം അംഗീകരിക്കപ്പെടണമെങ്കില്‍, ആദ്യം അല്ലാഹുവിന്റെ അസ്തിത്വം അറിയേണ്ടതുണ്ടെന്നും, അതിനു ക്വുര്‍ആന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ഇന്നിന്ന പ്രകാരമാണെന്നും വിവരിച്ച ശേഷം ഇമാം റാസീ (റ) അദ്ദേഹത്തിന്റെ തഫ്‌സീറില്‍ (21-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍) പ്രസ്താവിച്ച ചില കാര്യങ്ങള്‍ അറിയുന്നത് നന്നായിരിക്കും. ആ പ്രസ്താവനയുടെ സാരം ഇപ്രകാരമാണ്: ‘ഇപ്പറഞ്ഞത് നീ മനസ്സിലാക്കിയാല്‍ നാം പറയുന്നു: അല്ലാഹു അവന്റെ കിതാബില്‍ ഈമാതിരി തെളിവുകളെ തെളിവായി സ്വീകരിച്ചത് രണ്ടു കാരണം കൊണ്ടാണ്:
(1) ജനങ്ങള്‍ക്ക് കാര്യം മനസ്സിലാക്കുവാന്‍ ഉതകുന്നതും ബുദ്ധിക്ക് കൂടുതല്‍ യോജിച്ചതും അതാണ്. ക്വുര്‍ആനിലെ തെളിവുകള്‍ സുക്ഷ്മ വിചിന്തനം ചെയ്യാതെത്തന്നെ വേഗം ഗ്രാഹ്യമാകുന്നതായിരിക്കണം. എന്നാലേ പൊതുജനങ്ങള്‍ക്കും പ്രത്യേക നിലപാടിലുള്ളവര്‍ക്കും ഉപകരിക്കുകയുള്ളൂ. സത്യമായും, അല്ലാഹുവിന്റെ കിതാബിന്റെ ആരംഭത്തില്‍ തന്നെ അതാണവന്‍ സ്വീകരിച്ചതും.
(2) ക്വുര്‍ആനിക തെളിവുകളുടെ ലക്ഷ്യം വിവാദം നടത്തലല്ല. യഥാര്‍ത്ഥ വിശ്വാസം ഹൃദയങ്ങളില്‍ ഉറപ്പിക്കലാണ്. മറ്റെല്ലാതരം തെളിവുകളെക്കാളും ഇത്തരത്തിലുള്ളതാണ് ശക്തവും യുക്തവുമായത്. കാരണം, ഈ വിധം തെളിവുകള്‍ സ്രഷ്ടാവിന്റെ അസ്തിത്വത്തെപ്പറ്റി ഉറപ്പായ അറിവ് നല്‍കുന്നതു പോലെ, അവന്റെ അനുഗ്രഹങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. അനുഗ്രഹസ്മരണയാകട്ടെ, സ്‌നേഹം ജനിപ്പിക്കുകയും, തര്‍ക്കം ഇല്ലാതാക്കുകയും, അനുസരണത്തെ ഉളവാക്കുകയും ചെയ്യുന്നതാണ്. ആകയാല്‍, ക്വുര്‍ആന്‍ സ്വീകരിച്ച മാതിരിയുള്ള തെളിവുകളാണ് ഏറ്റവും നന്നായിട്ടുള്ളത്’.
തുടര്‍ന്ന് കൊണ്ട് മുന്‍ഗാമികളായ മഹാന്‍മാര്‍ അല്ലാഹുവിന്റെ അസ്തിത്വം സ്ഥാപിക്കുന്നതിന് – താര്‍ക്കികമോ ശാസ്ത്രീയമോ അല്ലാതെ – ഹൃദ്യവും യുക്തവുമായ രൂപത്തില്‍ തെളിവ് നല്‍കിയിരുന്നതിന് പത്തു പതിനൊന്ന് ഉദാഹരണങ്ങളും റാസീ (റ) ഉദ്ധരിച്ചിരിക്കുന്നു. അവയില്‍ ചിലത് അദ്ദേഹത്തില്‍ നിന്ന് ഇബ്‌നു കഥീര്‍ (റ) അദ്ദേഹത്തിന്റെ തഫ്‌സീറിലും ഉദ്ധരിച്ചുകാണാം. അവയുടെ ചുരുക്കം ഇതാണ്:
(1) സ്രഷ്ടാവിനെ സ്ഥാപിക്കുന്നതിന്നുള്ള തെളിവെന്താണെന്ന് ഖലീഫാ ഹാറൂന്‍ റശീദ് (റ) ഇമാം മാലിക് (റ) വിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ തെളിവ് ഭാഷകളുടെയും, ശബ്ദങ്ങളുടെയും, രാഗങ്ങളുടെയും വൈവിദ്ധ്യമായിരുന്നു.
(2) ചില നിരീശ്വരവാദികള്‍ ഇമാം അബൂഹനീഫ (റ)യോട് സ്രഷ്ടാവിന്‍റെ അസ്തിത്വത്തിന് തെളിവ് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ക്ഷമിക്കണം, ഞാന്‍ കേട്ട ഒരു വാര്‍ത്തയെപ്പറ്റി ചിന്തിക്കുകയാണ് ഞാന്‍. (അതുകൊണ്ട് അല്‍പം ഒഴിവ് തരണം). വാര്‍ത്ത ഇതാണ്: ‘സമുദ്രത്തില്‍ ഒരു കപ്പലുണ്ട്. പലതരം ചരക്കുകളാല്‍ അത് നിറക്കപ്പെട്ടിരിക്കുന്നു. അതിനെ കാക്കുവാനോ ഓട്ടാനോ ആരുമില്ല. എന്നാലും അത് സ്വയം പോകുകയും വരുകയും ചെയ്യുന്നു. തിരമാലകളെ തള്ളിക്കടന്ന് രക്ഷപ്പെടുന്നു’. ഇത് കേട്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘ഹേയ്! ബുദ്ധിയുള്ള ഒരാളും ഇങ്ങിനെ പറയുകയില്ല’. അദ്ദഹം പറഞ്ഞു: ‘ച്‌ഛെ! മീതെ വാനലോകത്തും, താഴെ ഭൂലോകത്തും സ്ഥിതി ചെയ്യുന്ന കണക്കറ്റ വസ്തുക്കളും, അവയോട് ബന്ധപ്പെട്ടു നില്‍ക്കുന്ന അതിസമര്‍ത്ഥങ്ങളായ അനേകമനേകം കാര്യങ്ങളും! ഇതിനൊന്നും ഒരു കര്‍ത്താവില്ലെന്നോ?!’ അവരുടെ വായ അടഞ്ഞു. അവര്‍ ഇസ്‌ലാം അംഗീകരിച്ചു. (യുക്തിവാദികളാകട്ടെ, ശാസ്ത്രവാദികളാകട്ടെ, നിരീശ്വരവാദത്തിനു തെളിവായി, ശ്രോതാക്കളെ അമ്പരപ്പിക്കുന്നതും ആകര്‍ഷിക്കുന്നതുമായ എന്തെല്ലാം ന്യായങ്ങള്‍ അവര്‍ക്ക് പറയുവാനുണ്ടായാലും അവയുടെ എല്ലാം ആകെ സാരം രണ്ടിലൊന്നായിരിക്കും: ഒന്നുകില്‍ ഈ അഖിലാണ്ഡം ക്രമേണയങ്ങു സ്വയം രൂപം പൂണ്ടതാണ്. അല്ലെങ്കില്‍ ഒരു മഹാ വിസ്‌ഫോടനം നിമിത്തം സ്വയം നിര്‍മിതമായതാണ്. രണ്ടായാലും ശരി, ഇമാം അബൂ ഹനീഫ(റ)യുടെ മറുപടിക്കു മുമ്പില്‍ മുട്ടുകുത്തുവാനേ അവര്‍ക്ക് കഴിയൂ – യുക്തിഹീനതക്ക് ‘യുക്തി’ എന്ന് പേര് പറയാമെങ്കിലൊഴികെ.)
(3) ഇമാം ശാഫിഈ (റ)യോട് അതിനെപ്പറ്റി ചോദിക്കപ്പെട്ടതിന് അദ്ദേഹം ഇങ്ങിനെ മറുപടി നല്‍കി: ‘ഇതാ, അമറാത്തി ഇല. അതിന്‍റെ രുചി ഒരുപോലെത്തന്നെ. പുഴു അത് തിന്നുന്നു. പുഴുവില്‍ നിന്ന് പട്ട് പുറത്തുവരുന്നു. തേനീച്ച അത് തിന്നുന്നു. അതില്‍ നിന്നു തേന്‍ പുറത്ത് വരുന്നു. ആടും, മാടും കാലികളും തിന്നുന്നു. അവ ചാണകവും കാഷ്ടവും ഇടുന്നു. മാനും അതു തിന്നുന്നു. അതില്‍ നിന്ന് കസ്തൂരി ഉണ്ടാവുന്നു. തീറ്റയെല്ലാം ഒന്നു തന്നെ’.
(4) ഇമാം അഹ്മദ് (റ) നല്‍കിയ തെളിവ് കോഴിമുട്ടയാണ്. അദ്ദേഹം പറഞ്ഞു: ‘ഉറപ്പും മിനുസവുമുള്ള ഒരു കോട്ട. വാതിലോ പഴുതോ അതിനില്ല. പുറഭാഗം വെള്ള വെള്ളിപോലെ. ഉള്‍ഭാഗം തങ്കസ്വര്‍ണം പോലെ. പെട്ടന്നൊരിക്കല്‍ അതിന്റെ ഭിത്തികള്‍ പൊട്ടിത്തെറിക്കുന്നു. രൂപഭംഗിയുള്ളതും സുന്ദര ശബ്ദമുള്ളതും, കേള്‍വിയും കാഴ്ചയുമുള്ളതുമായ ഒരു ജീവി വെളിക്ക് വരുന്നു!’
ഇതെല്ലാം പണ്ഡിത കേസരികളായ ചില മഹാന്മാരില്‍ നിന്നുള്ള ഉദ്ധരണികളാണല്ലോ. ഒരു സാധാരണക്കാരനായ മനുഷ്യന്‍റെ വക തെളിവുകൂടി അറിയുന്നത് നന്നായിരിക്കും. റബ്ബ് ഉണ്ടെന്നുള്ളതിന് തെളിവെന്താണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഒരു അഅ്‌റാബി (മരുഭൂവാസി) ഇങ്ങിനെ പറഞ്ഞതായി ഇബ്‌നുകഥീര്‍ (റ) ഉദ്ധരിക്കുന്നു: ‘യാ സുബ്ഹാനല്ലാഹ്! (ആശ്ചര്യം!) ചാണകം ഒട്ടകത്തെ അറിയിക്കുന്നു. കാലടയാളം നടന്നു പോയവനെ അറിയിക്കുന്നു. അപ്പോള്‍, രാശിമണ്ഡലങ്ങളുള്ള ആകാശം, വിശാലമായ നടമാര്‍ഗങ്ങളുള്ള ഭൂമി, തിരമാലകളുള്ള സമുദ്രം-ഇതൊന്നും – സൂക്ഷ്മജ്ഞാനിയായ ഒരുവനുണ്ടെന്ന് അറിയിക്കുന്നില്ലേ?!’
അവലംബം: സൂറഃ അൽ ബക്വറ വ്യാഖ്യാനങ്ങളില്‍ നിന്നും സംഗ്രഹിച്ചത്