പറയുക: അല്ലാഹു ഏകനാകുന്നു
Last Update: 2023 January 05
അവലംബം: അമാനി മൌലവിയുടെ വിശുദ്ധ ക്വുര്‍ആന്‍ വിവരണം
നിന്റെ റബ്ബിനെ ഞങ്ങള്‍ക്കൊന്നു വിവരിച്ചുതരണം എന്നു മുശ്രിക്കുകള്‍ നബി(സ്വ)യോടു ആവശ്യപ്പെട്ടുവെന്നും, അതിനെത്തുടര്‍ന്നാണ് ഈ സൂറത്തു അവതരിച്ചതെന്നും അഹ്‌മദും, തിര്‍മിദിയും, ബുഖാരി അദ്ദേഹത്തിന്റെ ‘താരീഖ്’ എന്ന ഗ്രന്ഥത്തിലും നിവേദനം ചെയ്തിരിക്കുന്നു. മേല്‍കണ്ടതു പോലെയുള്ള മഹത്വങ്ങളും നേട്ടങ്ങളും കൈവരണമെങ്കില്‍ വായകൊണ്ടു വൃഥാ ഉരുവിട്ടാല്‍ മാത്രം പോരാ, അതിലെ ആശയം ഗ്രഹിച്ചും അത് മനസ്സില്‍ പതിഞ്ഞും ,അതിന്റെ ഗൗരവം ഓര്‍ത്തുകൊണ്ടും കൂടിയായിരിക്കേണ്ടതുണ്ട്.
ഏതൊരു രക്ഷിതാവിന്റെ -ഏതൊരു ആരാധ്യന്റെ- ഏക സിദ്ധാന്തത്തിലേക്കാണോ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത് ആ രക്ഷിതാവും ആ ആരാധ്യനുമായുള്ളവന്റെ മഹോല്‍കൃഷ്ട ഗുണവിശേഷണങ്ങളെ ഇതാ, ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാം; കേട്ടുകൊള്ളുക എന്നു പ്രഖ്യാപിക്കുവാന്‍ നബി(സ്വ)യോട് കല്‍പിച്ചുകൊണ്ടാണ് അല്ലാഹു സൂറത്തു ആരംഭികുന്നത്. തുടര്‍ന്നുകൊണ്ട് – തൗഹീദിനു നിദാനമായ – അതിന്റെ അനിവാര്യതക്ക് ആധാരമായ – അവന്റെ പരിശുദ്ധ ഗുണവിശേഷണങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്നു.
അല്ലാഹുവിനെക്കുറിച്ച് ഈ സൂറത്തില്‍ പരിചയപ്പെടുത്തുന്നത് അവന്റെ അഞ്ചു ഗുണങ്ങളിലൂടെയാണ്:
(1) അല്ലാഹു ഏകനാണ്. അതെ, ബഹുത്വമോ, നാനാത്വമോ, ഘടനയോ ഇല്ലാത്തവന്‍; ഇണയോ, തുണയോ, പങ്കാളിയോ ഇല്ലാത്തവന്‍; സത്തയിലും, ഗുണങ്ങളിലും, പ്രവര്‍ത്തനത്തിലുമെല്ലാം തന്നെ ഏകനായുള്ളവന്‍. അഹദ് എന്ന വാക്കിന് ‘ഒരുവന്‍, ഏകന്‍’ എന്നൊക്കെയാണ് വാക്കര്‍ത്ഥമെങ്കിലും അതിന്റെ പ്രയോഗത്തില്‍ ചില പ്രത്യേകതകളുണ്ട്. ലാ അഹദ് (ഒരാളുമില്ല) എന്ന് നിഷേധരൂപത്തില്‍ പറയുമ്പോള്‍ ഈ വാക്കു സൃഷ്ടികളെപ്പറ്റി ഉപയോഗിക്കാറുണ്ടെങ്കിലും സ്ഥാനരൂപത്തില്‍ പറയുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചല്ലാതെ അത് ഉപയോഗിക്കാറില്ല. അതായത് ‘അല്ലാഹു ഏകനാണെ’ന്നും, ‘ഏകനായ അല്ലാഹു’ എന്നും പറയുന്നതുപോലെ, ‘ഏകനായ നേതാവു’ എന്നോ, നേതാവു ഏകനാണ് എന്നോ മറ്റോ ആ വാക്കു ചേര്‍ത്തു പറഞ്ഞുകൂടാത്തതാണ്. അതുപോലെത്തന്നെ, ഏണ്ണം പറയുമ്പോള്‍ ‘ഒന്ന്‍’ അല്ലെങ്കില്‍ ‘ഒരാള്‍’ – എന്ന അര്‍ത്ഥത്തിലും ആ പദം ഉപയോഗിക്കപെടുന്നതല്ല. വാഹിദ് എന്നേ ഉപയോഗിക്കാറുള്ളൂ. അപ്പോള്‍, എണ്ണത്തില്‍ ഏകന്‍ എന്നു മാത്രമല്ല, ഏത് നിലക്കു നോക്കിയാലും ഏകനായുള്ളവന്‍ എന്നുള്ള ഒരര്‍ത്ഥമാണ് അതിനുള്ളത്. അതുകൊണ്ടു തന്നെയാണ് അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ അല്‍അഹദ്, അല്‍വാഹിദ് (ഒരുവന്‍, ഏകന്‍) എന്നീ രണ്ടു വാക്കുകളും ഒരേ അവസരത്തില്‍ ഉപയോഗിക്കപ്പെടുന്നതും. ഈ വ്യത്യാസം ധ്വനിപ്പിക്കുന്നവിധം വിവര്‍ത്തനം ചെയ്യാവുന്ന ഒറ്റവാക്കു മലയാളത്തില്‍ കാണുന്നില്ല. ചുരുക്കത്തില്‍, ബഹുത്വത്തിന്റെയോ, നാനാത്വത്തിന്റെയോ, ഘടനയുടെയോ കലര്‍
പ്പില്ലാത്ത ഏകനായുള്ളവന്‍ എന്നു അഹദിനും, എണ്ണത്തില്‍ മറ്റൊരു ഇണയില്ലാത്ത ഒരേ ഒരുവന്‍ എന്ന് വാഹിദിനും അര്‍ത്ഥമാകുന്നു. അല്ലാഹു ഏകനാണ് എന്നതിന്റെ ഒരു വിശദീകരണമാണ് തുടര്‍ന്നു പറയുന്ന ഗുണങ്ങള്‍ എന്നു പറയാം.
(2) അല്ലാഹു സര്‍വ്വരാലും ആശ്രയിക്കപ്പെടുന്ന യജമാനനത്രെ. അ-സ്സ്വമദ് എന്ന വിശേഷണ നാമം ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ ദ്യോതിപ്പിക്കുന്ന മലയാളവാക്കും നാം കാണുന്നില്ല. ആരുടെയും ആശ്രയം വേണ്ടാത്ത – എല്ലാവരും ആശ്രയിക്കേണ്ടി വരുന്ന അജയ്യനായ – നിത്യശക്തനായ യജമാനന്‍ എന്നാണ് ചുരുക്കത്തില്‍ വിവക്ഷ. അതായത്, യാതൊന്നിന്റെയും ഒരു തരത്തിലുള്ള ആശ്രയവും വേണ്ടാതിരിക്കുവാനും, എല്ലാ വസ്തുക്കള്‍ക്കും ആശ്രയം അനിവാര്യമായിത്തീരുവാനും ആവശ്യമായ എല്ലാ ഉല്‍കൃഷ്ടഗുണങ്ങളും സമ്പൂര്‍ണ്ണമായുള്ള മഹാന്‍ എന്നു സാരം .
(3, 4) അവന്‍ സന്താനം ജനിപ്പിച്ചിട്ടില്ല; അവന്‍ ജനിച്ചുണ്ടായിട്ടുമില്ല. അവന്‍ ഏതെങ്കിലും ഒന്നിന്റെ ജനയിതാവല്ല. അഥവാ പിതാവോ, മാതാവോ, ബീജമോ അല്ല. അവന്‍ മറ്റൊന്നില്‍ നിന്നു ജന്യനായവനോ ഉത്ഭൂതമായവനോ അല്ല. അവന്‍ സ്വയംഭൂവാണ്. അനാദ്യനാണ്, അനന്തനാണ്. അപ്പോള്‍ അവന്റെ സന്താനമോ, അവതാരമോ ആയി യാതൊന്നും ഉണ്ടാകാവതല്ലതന്നെ. അങ്ങനെയുള്ള സങ്കല്‍പ്പങ്ങളില്‍നിന്നെല്ലാം പരിശുദ്ധനാണ് അവന്‍. അവനല്ലാതെയുള്ളതെല്ലാം അവന്റെ സൃഷ്ടികള്‍മാത്രം.
(5) അവനു തുല്യനായി ഒരുവനുമില്ല. അവന്റെ സത്തയിലോ, ഗുണങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ, അധികാരത്തിലോ, അവകാശത്തിലോ, സൃഷ്ടിയിലോ, സംഹാരത്തിലോ, നിയന്ത്രണത്തിലോ, കൈകാര്യകര്‍ത്തൃത്വത്തിലോ, അറിവിലോ, കഴിവിലോ ഒന്നും തന്നെ അവനു തുല്യനായി -കിടയായി- പങ്കാളിയായി – ഒന്നുമില്ല; ഒരാളുമില്ല. അതെ, അവനെപ്പോലെ ഒരു വസ്തുവുമില്ല. അവനാകട്ടെ, എല്ലാം കേള്‍ക്കുന്നവനും കണ്ടറിയുന്നവനുമത്രെ.
ഈ സൂറത്തില്‍ അല്ലാഹുവിന്റെ പരിശുദ്ധ ഗുണങ്ങളായി പ്രസ്താവിച്ച അഞ്ചു കാര്യങ്ങളും അവയിലടങ്ങിയ തത്വസാരങ്ങളും പരിശോധിക്കുമ്പോള്‍, അവിശ്വാസികളില്‍പ്പെട്ട ഓരോ വിഭാഗക്കാരും മുസ്‌ലിം സമുദായത്തില്‍പെട്ട ചില അന്ധവിശ്വാസികളും അല്ലാഹുവിനെപ്പറ്റി സങ്കല്‍പിച്ചോ വാദിച്ചോ വരുന്ന എല്ലാ അപവാദങ്ങള്‍ക്കുമുള്ള ഖണ്ഡനമൂല്യങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്.