അക്ഷരജ്ഞാനമില്ലാത്ത പ്രവാചകന്‍
അമാനി മൌലവി(റഹി)
Last Update: 2023 April 22, 01 Shawwal, 1444 AH
“അതായത് 'ഉമ്മിയ്യാ'യ [അക്ഷരജ്ഞാനമില്ലാത്ത] പ്രവാചകനായ (ആ) റസൂലിനെ പിന്‍പറ്റുന്നവര്‍ക്കു [അവര്‍ക്കാണ് കാരുണ്യം രേഖപ്പെടുത്തിവെക്കുന്നത്]. (അതെ) അവരുടെ അടുക്കല്‍ തൗറാത്തിലും, ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ കണ്ടുവരുന്ന ആളെ (പിന്‍പറ്റുന്നവര്‍ക്കു). അവരോടു അദ്ദേഹം സദാചാരംകൊണ്ടു കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യും. അവര്‍ക്കു അദ്ദേഹം നല്ല (വിശിഷ്ട) വസ്തുക്കളെ അനുവദനീയമാക്കിക്കൊടുക്കുകയും, ദുഷിച്ച (ചീത്ത) വസ്തുക്കളെ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യും. അവരുടെ ഭാരത്തെയും, അവരുടെ മേലുണ്ടായിരുന്ന ബന്ധങ്ങളെയും അവരില്‍നിന്നു അദ്ദേഹം (ഇറക്കി) വെക്കുക [ഒഴിവാക്കിക്കൊടുക്കുക]യും ചെയും. അപ്പോള്‍, യാതൊരുകൂട്ടര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ ബഹുമാനിക്കുകയും, സഹായിക്കുകയും, അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള (ആ) പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തുവോ, അക്കൂട്ടര്‍ത്തന്നെയാണു വിജയികള്‍.” (അല്‍അഅ്റാഫ് 157)
നബി (സ്വ) തിരുമേനിയുടെ പേരു പറഞ്ഞിട്ടില്ലെങ്കിലും അക്ഷരജ്ഞാനമില്ലാത്ത പ്രവാചകന്‍ എന്നും, തൗറാത്തിലും ഇഞ്ചീലിലും എഴുതപ്പെട്ടു കാണുന്ന ആള്‍ എന്നുമുള്ള വിശേഷണങ്ങള്‍ നബി (സ്വ) യെ ഉദ്ദേശിച്ചാണെന്നുള്ളതില്‍ സംശയമില്ല. അക്ഷരജ്ഞാനമില്ലാത്ത – അഥവാ അക്കാരണത്താല്‍ വേദഗ്രന്ഥങ്ങളുമായി പരിചയം സിദ്ധിച്ചിട്ടില്ലാത്ത-പ്രവാചകനാണു നബി (സ്വ) തിരുമേനി. അതാകട്ടെ, അവിടുത്തെ പ്രവാചകത്വത്തിനു ബുദ്ധിപരവും സ്‌പഷ്‌ടവുമായ ഒരു തെളിവുമാകുന്നു. തൗറാത്തിലും ഇഞ്ചീലിലും നബി (സ്വ)യെക്കുറിച്ചു പരാമര്‍ശങ്ങളും പ്രവചനങ്ങളും പലതും അടങ്ങിയിട്ടുണ്ടെന്നും, ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തു വേദക്കാര്‍ക്കിടയില്‍ അവ അറിയപ്പെട്ടിരുന്നുവെന്നും ഈ വചനത്തില്‍നിന്നു വ്യക്തമാണു. നബി (സ്വ)യുടെ ആഗമന കാലം അടുത്തപ്പോള്‍, വേദക്കാര്‍ മുഴുവനും അറേബ്യായില്‍ പ്രത്യക്ഷപ്പെടുവാനിരിക്കുന്ന ഒരു പ്രവാചകനെ അക്ഷമയോടെ പ്രതീക്ഷിച്ചു കൊണ്ടിരുന്നതും അതു കൊണ്ടാണല്ലോ. പക്ഷേ, പിന്നീടു തങ്ങളുടെ അനാചാര ദുരാചാരങ്ങളോടു ആ പ്രവാചകന്‍ യോജിക്കാത്തതിന്‍റെ പേരിലും അദ്ദേഹം തങ്ങളുടെ സമുദായത്തില്‍പെട്ട ആളായിരിക്കാത്തതിന്‍റെ പേരിലും അവര്‍ പാടു മറിയുകയാണുണ്ടായത്.
ക്വുര്‍ആന്‍ അവതരിക്കും മുമ്പു തന്നെ തൗറാത്തു – ഇഞ്ചീലുകള്‍ ചില മാറ്റത്തിരുത്തങ്ങള്‍ക്കു വിധേയമായിക്കഴിഞ്ഞിരുന്നു. നബി (സ്വ) യുടെ വെളിപ്പാടിനുശേഷം പിന്നെയും പലതും നടന്നിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം വേദക്കാര്‍ സമ്മതിക്കുകയില്ലെങ്കിലും മൂസാ (അ) നബിക്കു ലഭിച്ച തൗറാത്തിന്‍റെയും, ഈസാ നബി (അ) ക്കു ലഭിച്ച ഇഞ്ചീലിന്‍റെയും യഥാര്‍ത്ഥമായ പകര്‍പ്പു – യാതൊന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യപ്പെട്ടിട്ടില്ലെന്നു അവര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമില്ലാത്ത വിധം അതിന്‍റെ സാക്ഷാല്‍ രൂപത്തില്‍ -നിലവിലുണ്ടെന്നു അവര്‍ക്കുപോലും വാദമില്ലാത്തതാണു. എന്നിരുന്നാലും വേദക്കാര്‍ തങ്ങളുടെ വേദഗ്രന്ഥമായി സ്വീകരിച്ചു വരുന്നതും തൗറാത്തും ഇഞ്ചീലും അടങ്ങുന്നതെന്നു അവര്‍ അവകാശപ്പെടുന്നതുമായ നിലവിലുള്ള ബൈബ്‌ളില്‍ പോലും നബി (സ്വ) യെ സംബന്ധിച്ചു ഇന്നും പലതും കാണാവുന്നതാണ്. ചില ഉദാഹരണങ്ങള്‍ മാത്രം കാണുക:
ബൈബ്‌ളിന്‍റെ പഴയ നിയമത്തിലെ ചില ഉദാഹരണങ്ങള്‍:
(1) മോശെ തന്‍റെ മരണത്തിനു മുമ്പു യിസ്രായേല്‍ മക്കളെ അനുഗ്രഹിച്ച അനുഗ്രഹമാവിതു: അവന്‍ പറഞ്ഞതെന്തെന്നാല്‍: യഹോവ സീനായില്‍ നിന്നു വന്നു. അവര്‍ക്കു സേയീറില്‍ നിന്നു ഉദിച്ചു. പാറാന്‍ പര്‍വ്വതത്തില്‍ നിന്നു വിളങ്ങി….. (ആവര്‍ത്തന പുസ്‌തകം: 33 ല്‍ 1,2). സീനായില്‍ നിന്നു വന്നതു മൂസാ (അ) നബിയെയും, സേയീരില്‍ നിന്നു ഉദിച്ചതു ഈസാ (അ) നബിയെയും, പാറാനില്‍ നിന്നു വിളങ്ങിയതു നബി (സ്വ) തിരുമേനിയെയും കുറിക്കുന്നു. സേയിര്‍ ഫലസ്‌തീനിലും, പാറാന്‍ ഹിജാസിലുമുള്ള മലകളാകുന്നു.
(2) യിസ്രായേലിനെ നോക്കി മോശെ പറയുന്നു: നിന്‍റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്‍റെ മദ്‌ധ്യെ നിന്‍റെ സഹോദരന്‍മാരുടെ ഇടയില്‍ നിന്നു എഴുന്നേല്‍പിച്ചു തരും. അവന്‍റെ വചനം നിങ്ങള്‍ കേള്‍ക്കണം… യഹോവ എന്നോടു (മോശെയോടു) അരുളിച്ചെയ്‌തതു എന്തെന്നാല്‍… നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കു അവരുടെ സഹോദരന്‍മാരുടെ ഇടയില്‍ നിന്നു എഴുന്നേല്‍പ്പിച്ചു. എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്‍മേല്‍ ആക്കും……(ആവര്‍ത്തനം: 18 ല്‍ 15-18) ഇബ്രാഹീം (അ) നബിയുടെ മകന്‍ ഇസ്‌ഹാക്വ് (അ) ന്‍റെ സന്തതികളാണു ഇസ്രാഈല്യര്‍. അദ്ദേഹത്തിന്‍റെ മറ്റേ മകനായ ഇസ്‌മായീല്‍ (അ) ന്‍റെ സന്തതികളാണ് അറബികള്‍. അതുകൊണ്ടാണു നബി(സ്വ)യെക്കുറിച്ചു നിങ്ങളുടെ സഹോദരന്‍മാരില്‍ നിന്നു എഴുന്നേല്‍പിക്കുമെന്നു പറഞ്ഞത്.
(3) ഇസ്‌മായീല്‍ (അ) കുട്ടിയായിരുന്നപ്പോള്‍ അദ്ദേഹത്തെയും മാതാവായ ഹാജറിനെയും മരുഭൂമിയിലേക്കു (അറേബ്യായിലേക്കു) കൊണ്ടാക്കിയ വിവരവും, വെള്ളം കിട്ടാതെ അവര്‍ വിഷമിച്ചതും വിവരിച്ചുകൊണ്ട് ഇസ്‌മായീല്‍ (അ) നെപ്പറ്റി പറയുന്നു:- ദൈവം ബാലനോട് കൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായി അവന്‍ പാറാന്‍ മരുഭൂമിയില്‍ പാര്‍ത്തു. (ഉല്‍പത്തി: 21-ല്‍ 20,21) അപ്പോള്‍, പാറാന്‍ മരുഭൂമിയില്‍ പാര്‍ത്ത ഇസ്‌മായീലിന്‍റെ സന്തതികളായ അറബികള്‍ ഇസ്രാഈല്യരുടെ സഹോദരങ്ങളാണെന്നു പറയേണ്ടതില്ലല്ലോ.
പുതിയ നിയമത്തിലെ ചില പരാമര്‍ശങ്ങള്‍:
(1) യേശു പറയുന്നു: എന്നാല്‍, ഞാന്‍ നിങ്ങളോടു സത്യം ചെയ്‌തു പറയുന്നു: ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം. ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനുബോധം വരുത്തും…. ഇനിയും വളരെ പറവാനുണ്ട്. എന്നാല്‍, നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്‍റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ കേള്‍ക്കുന്നതു സംസാരിക്കയും, വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചു തരുകയുംചെയ്യും… (യോഹന്നാന്‍: 16 ല്‍ 7-14). പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരുകയും, ഞാന്‍ നിങ്ങളോടു പറയുന്നതൊക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും. (യോഹന്നാന്‍: 14ല്‍ 26). സത്യത്തിന്‍റെ കാര്യസ്ഥന്‍ എന്നും, സത്യത്തിന്‍റെ ആത്മാവു എന്നും പറഞ്ഞതു നബി (സ്വ) യുടെ പേര്‍ സൂചിപ്പിക്കുന്ന ഫാറക്വലീത്വ എന്ന വാക്കില്‍ കാലക്രമേണയുണ്ടായിത്തീര്‍ന്ന ഭാഷാന്തര വ്യത്യാസമാകുന്നു.
(2) യോഹന്നാന്‍റെ (യഹ്‌യാ (അ) നബിയുടെ) അടുക്കലേക്കു യഹൂദികള്‍ പുരോഹിതന്‍മാരെയും ലേവ്യരെയും അയച്ച് നീ ആരാണെന്നു ചോദിച്ചപ്പോള്‍, അദ്ദേഹം: ഞാന്‍ ക്രിസ്‌തുവല്ല എന്നും, ഞാന്‍ ഏലിയാവല്ല എന്നും, ആ പ്രവാചകന്‍ അല്ല എന്നും മറുപടി പറഞ്ഞു. എന്നാല്‍ പിന്നെ നീ ആരാണെന്നു ചോദിച്ചപ്പോള്‍, ഞാന്‍ യശയ്യാ പ്രവാചകന്‍ പറഞ്ഞതുപോലെ കര്‍ത്താവിന്‍റെ വഴി നേരെ ആക്കുന്നവന്‍ എന്നു വിളിച്ചു പറയുന്നവന്‍റെ ശബ്‌ദം ആകുന്നുവെന്നു അവന്‍ ഉത്തരം പറഞ്ഞു (യോഹന്നാന്‍ : 1 ല്‍ 20-24). അപ്പോള്‍, യഹ്‌യാ (അ) നബിയുടെ കാലത്തു അവര്‍ ഒരു ക്രിസ്‌തുവിനെയും ഒരു ഏലിയാവിനെയും കൂടാതെ, ഒരു പ്രത്യേക പ്രവാചകനെയും കാത്തിരുന്നുവെന്നു വ്യക്തമാണ്. ആ പ്രവാചകനത്രെ മുഹമ്മദ് നബി (സ്വ).
വേറെയും പല ഉദ്ധരണികളും ബൈബ്‌ളില്‍നിന്നു ഉദ്ധരിക്കുവാന്‍ കഴിയും. എല്ലാറ്റിനും വേദക്കാരുടെ അതതു കാലത്തെ മഹാസഭക്കാര്‍ അവരുടേതായ ചില വ്യാഖ്യാനങ്ങള്‍ നല്‍കി തങ്ങളുടെ ഹിതത്തിനൊപ്പിച്ചു തൃപ്‌തി അടഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നിട്ടും അവ പരസ്‌പര വൈരുദ്ധ്യങ്ങളില്‍നിന്നു രക്ഷപ്പെടുന്നുമില്ല. ഇത്തരം കാര്യങ്ങള്‍ സവിശദം എടുത്തുകാട്ടിയും, വേദക്കാരുടെ കൈകടത്തലുകള്‍ സ്ഥാപിച്ചുംകൊണ്ടു പല മഹാന്‍മാരും പ്രത്യേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയില്‍ പല നിലക്കും പ്രധാനപ്പെട്ട ഒരു ഗ്രന്ഥമത്രെ ഇബ്‌നുതൈമിയ്യഃ (റഹി) രചിച്ച അല്‍ജവാബു സ്വഹീഹ് ലിമന്‍ ബദ്ദല ദീനുല്‍ മസീഹ് (മസീഹിന്‍റെ മതത്തെ മാറ്റി മറിച്ചവര്‍ക്കു ശരിയായ മറുപടി) എന്ന ഗ്രന്ഥം. കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച അല്ലാമ റഹ്‌മത്തുല്ലാഹില്‍ ഹിന്ദീ (റഹി)യുടെ ഇള്ഹാറുല്‍ ഹഖ് (സത്യം വെളിപ്പെടുത്തല്‍) എന്ന ഗ്രന്ഥവും കൂട്ടത്തില്‍ പ്രത്യേകം പ്രസിദ്ധമാകുന്നു. അരനൂറ്റാണ്ടിനു മുമ്പു രചിക്കപ്പെട്ട ഡോക്‌ടര്‍ മുഹമ്മദ് തൗഫീക്വ് അഫന്‍ദീ (റഹി)യുടെ ദീനുല്ലാഹി ഫീ കുതുബു അമ്പിയാഇഹി (പ്രവാചകന്‍മാരുടെ വേദഗ്രന്ഥങ്ങളില്‍ അല്ലാഹുവിന്‍റെ മതം) മുതലായവയും പ്രസ്‌താവ്യങ്ങളത്രെ. അതേ കാലത്തു ഈ രംഗത്തു വളരെ സേവനം ചെയ്‌ത കേരളത്തിലെ ഒരു ഗ്രന്ഥകാരനാണു സയ്യിദ് ഥനാഉല്ലാഹി എന്ന മഖ്‌ദീതങ്ങളും (റഹി).
നബി (സ്വ) തിരുമേനിയുടെ സവിശേഷതകളായി ഈ വചനത്തില്‍ പറയപ്പെട്ട കാര്യങ്ങള്‍ ഇവയാകുന്നു:
(1,2) അദ്ദേഹം സദാചാരപരമായ നല്ലകാര്യങ്ങള്‍ കൊണ്ടു കല്‍പിക്കുകയും, ദുരാചാരപരമായ ചീത്ത കാര്യങ്ങളെ വിരോധിക്കുകയും ചെയ്യുന്നു. ഈ രണ്ടു കാര്യങ്ങളെക്കുറിച്ചും ഒരു വിശദീകരണത്തിന്‍റെ ആവശ്യമില്ല. സദാചാര വിഷയങ്ങളില്‍വെച്ച് ഏറ്റവും പ്രധാനമായതു ഏകദൈവ സിദ്ധാന്തവും (തൗഹീദും), ദുരാചാര വിഷയങ്ങളില്‍വെച്ചു ഏറ്റവും വമ്പിച്ചതു ബഹുദൈവ സിദ്ധാന്തവും (ശിര്‍ക്കും) തന്നെ. അവ രണ്ടും തൊട്ട് ഭക്ഷണം കഴിക്കുന്നതു വലതു കൈകൊണ്ടായിരിക്കണമെന്നും, ശൗച്യം ചെയ്യുന്നതു ഇടതു കൈകൊണ്ടായിരിക്കണമെന്നും, വെള്ളം കുടിക്കുന്ന പാത്രത്തിലേക്കു ശ്വാസം വിടരുതെന്നും പോലെയുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും നബി (സ്വ) ജനങ്ങളെ ഉപദേശിച്ചിട്ടുണ്ടെന്നുള്ളത് ചരിത്ര പ്രസിദ്ധമത്രെ.
(3,4) അദ്ദേഹം നല്ലതായ വസ്‌തുക്കളെ അനുവദനീയമാക്കുകയും, ദുഷിച്ച വസ്‌തുക്കളെ നിഷിദ്ധമാക്കുകയും ചെയ്യുന്നു. വേദക്കാര്‍ നിഷിദ്ധമായി സ്വീകരിച്ചു വന്നിരുന്ന ഒട്ടക മാംസം, കൊഴുപ്പു മുതലായവ അനുവദനീയങ്ങളാണെന്നും, ശവം, പന്നിമാംസം, രക്തം, അല്ലാഹു അല്ലാത്തവര്‍ക്കു വഴിപാടാക്കപ്പെട്ടവ മുതലായ വസ്‌തുക്കള്‍ നിഷിദ്ധങ്ങളാണെന്നുമുള്ള ഇസ്‌ലാമിലെ നിയമങ്ങള്‍ പോലെയുള്ള പലതും ഇതിനു ഉദാഹരണങ്ങളാകുന്നു.
(5) അവരുടെ ഭാരവും, അവരിലുള്ള കുടുക്കും ബന്ധനങ്ങളും ഇറക്കിവെച്ചു ഒഴിവാക്കിക്കൊടുക്കുന്നു. വേദക്കാര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടിരുന്ന നിയമങ്ങള്‍ വഴിയോ, പിന്നീടു അവരുടെ പണ്ഡിത പുരോഹിതന്‍മാരുടെ കൈക്കു നടപ്പില്‍ വരുത്തപ്പെട്ട നടപടിക്രമങ്ങള്‍ വഴിയോ അവരില്‍ ഉണ്ടായിരുന്ന പല കര്‍ശന നിയമങ്ങളും നബി (സ്വ) തിരുമേനിയുടെ ‘ശരീഅത്തി’ല്‍ ലഘൂകരിക്കപ്പെട്ടിട്ടുണ്ടെന്നാണു ഇതിന്‍റെ താല്‍പര്യം. പശുക്കുട്ടിയെ ആരാധിച്ചതില്‍നിന്നുള്ള പശ്ചാത്താപത്തിന്‍റെ ഉപാധിയായി കുറ്റവാളികളെ കൊലപ്പെടുത്തണമെന്നു നിശ്ചയിച്ചതു, കൊലക്കുറ്റങ്ങളുടെ പ്രതികാര നടപടിയില്‍ പകരം കൊലപ്പെടുത്തല്‍ മാത്രം നിശ്ചയിക്കപ്പെട്ടിരുന്നത്. ധര്‍മ്മ യുദ്ധങ്ങളില്‍ ശത്രുപക്ഷത്തുനിന്നു ലഭിക്കുന്ന ‘ഗനീമത്തു’ സ്വത്തുക്കള്‍ ഉപയോഗിച്ചു കൂടാതിരുന്നത്. ശനിയാഴ്‌ച ദിവസം (ഞായറാഴ്‌ചയും തന്നെ) ജോലി ചെയ്‌വാന്‍ പാടില്ലെന്നുള്ളതു, ആരാധനാ കര്‍മ്മങ്ങളിലും ഇടപാടുകളിലും ഉണ്ടായിരുന്ന ചില കര്‍ക്കശ നിയമങ്ങള്‍ എന്നിങ്ങിനെ പല ഭാരങ്ങളില്‍നിന്നും കെട്ടിക്കുടുക്കുകളില്‍ നിന്നും അവര്‍ക്കു നബി (സ്വ) മുഖേന ഇളവു ലഭിക്കുകയുണ്ടായിട്ടുണ്ട്.
മൊത്തമായി പറയുകയാണെങ്കില്‍, വേദക്കാര്‍ക്കിടയില്‍ നടപ്പുണ്ടായിരുന്ന നിയമ നടപടി ക്രമങ്ങളെക്കാള്‍ എത്രയോ ലഘുവായതും, സൗകര്യപ്രദമായതുമാണു നബി (സ്വ) തിരുമേനി മുഖാന്തരം നിലവിലുള്ള നിയമ നടപടിക്രമം. പണ്ഡിതവര്‍ഗ്ഗങ്ങളുടെ നിയമ നിര്‍മ്മാണ ചട്ടങ്ങളാല്‍ ബന്ധിക്കപ്പെട്ടിരുന്ന അവര്‍ക്കു ഇസ്‌ലാം അതില്‍ നിന്നു മോചനം നല്‍കി. ഇസ്‌ലാമിലെ അടിസ്ഥാനപരമായ ഒരു പൊതുതത്വമായി അല്ലാഹു അറിയിക്കുന്നു: ‘അല്ലാഹു നിങ്ങളില്‍ എളുപ്പത്തെ ഉദ്ദേശിക്കുന്നു, നിങ്ങളില്‍ അവന്‍ ഞെരുക്കത്തെ ഉദ്ദേശിക്കുന്നുമില്ല’ (2: 185). നബി (സ്വ) പറയുന്നു: ‘നിങ്ങള്‍ സന്തോഷപ്പെടുത്തുവിന്‍, വെറുപ്പിക്കരുത്; എളുപ്പമുണ്ടാക്കുകയും ചെയ്യുവിന്‍. ഞെരുക്കമുണ്ടാക്കരുതു.’ (ബുഖാരി; മുസ്‍ലിം).
നബി (സ്വ) തിരുമേനിയുടെ പ്രത്യേകതകളും സവിശേഷതകളും ചൂണ്ടിക്കാട്ടുകയും, തൗറാത്തിലും ഇഞ്ചീലിലും പ്രവചിക്കപ്പെട്ട ആ പ്രവാചകന്‍ തന്നെയാണു തിരുമേനിയെന്നു പരിചയപ്പെടുത്തുകയും ചെയ്‌തശേഷം അല്ലാഹു പറയുന്നു: അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ ബഹുമാനിക്കുകയും – അഥവാ സഹായിച്ചും ശക്തിപ്പെടുത്തിയും വരുകയും – അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തെ സഹായിച്ചുകൊണ്ടിരിക്കുകയും, അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട പ്രകാശത്തെ – അഥവാ വിശുദ്ധ ക്വുര്‍ആനെ-പിന്‍പറ്റി നടക്കുകയും ചെയ്യുന്നവര്‍ മാത്രമാണു വിജയികളെന്നു. അതെ, ഇങ്ങിനെ ചെയ്യുന്നവര്‍ ആരായാലും ശരി – അവര്‍ വേദക്കാരാവട്ടെ അല്ലാതിരിക്കട്ടെ – അവര്‍ക്കേ വിജയമുള്ളുവെന്നു.
“യാതൊരു ഗ്രന്ഥവും ഇതിന് മുമ്പ് നീ പാരായണം ചെയ്യുകയാകട്ടെ, നിന്‍റെ വലതുകൈകൊണ്ട് അതെഴുതുകയാകട്ടെ ചെയ്തിരുന്നില്ല. അങ്ങിനെയാണെങ്കില്‍ ഈ വ്യര്‍ത്ഥകാരികള്‍ക്ക് സന്ദേഹപ്പെടാമായിരുന്നു. എങ്കിലും അത് ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവരുടെ ഹൃദയങ്ങളില്‍ സുവ്യക്തമായി (തെളിഞ്ഞു) കിടക്കുന്ന ലക്ഷ്യങ്ങളാകുന്നു. അക്രമകാരികളല്ലാതെ നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിക്കുകയില്ല.” (അങ്കബൂത്ത് 48-49)
ജ്ഞാനികളായുള്ളവര്‍ ഖുര്‍ആനാകുന്ന ആ ഗ്രന്ഥം പഠിക്കുകയും, ഗ്രഹിക്കുകയും, മനഃപാഠമാക്കുകയും ചെയ്യുന്നു. അതിന്റെ സന്ദേശങ്ങളും മാര്‍ഗ്ഗദര്‍ശനങ്ങളും അവരുടെ എല്ലാ ജീവിത തുറകളിലേക്കും അവര്‍ക്കു വെളിച്ചം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് ഇതര വേദഗ്രന്ഥങ്ങളെപ്പോലെ അതിനെ മാറ്റിമറിക്കുവാനോ, അതില്‍ കയ്യേറ്റം നടത്തുവാനോ സാധ്യതയില്ല. ഖുര്‍ആന്‍റെ പരിശുദ്ധതക്ക് യാതൊരു കളങ്കവും ബാധിക്കാതെ സുരക്ഷിതമായിരിക്കുവാന്‍ ഇതും കാരണമാകുന്നു. ലോകത്തു നിലവിലുള്ള മുസ്ഹഫിന്‍റെ പ്രതികളെല്ലാം നഷ്ടപ്പെട്ടാലും ഖുര്‍ആന്‍ – അതിന്‍റെ വള്ളിക്കോ പുള്ളിക്കോ മാറ്റം കൂടാതെ – യഥാരൂപത്തില്‍തന്നെ സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ സുരക്ഷിതമായി അവശേഷിക്കുന്നതാണ്. ഖുര്‍ആനോളം വലുപ്പം വരുന്ന ഏതൊരു ഗ്രന്ഥവും കാലവ്യത്യാസം കൂടാതെ ഇത്രയധികം മനഃപാഠമാക്കപ്പെടുന്നതായി കാണപ്പെടുകയില്ല എന്ന തീര്‍ത്തുപറയാം.
അവലംബം: സൂറഃ അല്‍അഅ്റാഫ്, സൂറഃ അല്‍അങ്കബൂത്ത് വ്യാഖ്യാനങ്ങളില്‍ നിന്നും സംഗ്രഹിച്ചത്