മുഹമ്മദ് ﷺ: ദൈവത്തിന്‍റെ അന്തിമ പ്രവാചകൻ
Compiled by: Editorial
തയ്യാറാക്കിയത്: നാസ്വിഹ് അബ്‍ദുല്‍ബാരി
Last Update: 2022 February 05
ഇസ്ലാമിന്‍റെ അന്തിമ പ്രവാചകനായ മുഹമ്മദ് ﷺ, ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള മനുഷ്യരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നു. ഇന്ന്, ലോകജനസംഖ്യയുടെ ഏതാണ്ട് നാലിലൊന്ന് അദ്ദേഹം നൽകിയ സന്ദേശം പിന്തുടരുന്നുണ്ട്. ഈ ഒരു സ്വാധീനം ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെയും അധ്യാപനങ്ങളെയും ചുറ്റിപ്പറ്റി പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലവിലുണ്ട്. ആയതിനാല്‍, മുഹമ്മദി(ﷺ)നെ കുറിച്ച് ആദരണീയരായ അമുസ്‍ലിം ഗവേഷകന്‍മാര്‍ പറഞ്ഞ കാര്യങ്ങൾ ഉള്‍പ്പെടുത്തി അദ്ദേഹത്തിന്‍റെ സത്യസന്തമായ ജീവിതത്തെ സംഗ്രഹിച്ചെഴുതാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
“പോപ്പിന്‍റെ ഭാവഭേദങ്ങളില്ലാത്ത ഒരു സീസറും പോപ്പുമായിരുന്നു അദ്ദേഹം, ചുറ്റും നിലകൊള്ളുന്ന സൈന്യമില്ലാതെ, അംഗരക്ഷകനില്ലാതെ, കൊട്ടാരമില്ലാതെ, നിശ്ചിത വരുമാനമില്ലാതെ അദ്ദേഹം അവര്‍ക്കിടയില്‍ നിലകൊണ്ടു. താൻ ഭരിച്ചത് യഥാര്‍ത്ഥ ദിവ്യസന്ദേശ പ്രകാരമാണെന്ന് പറയാൻ ആർക്കെങ്കിലും അവകാശമുണ്ടെങ്കിൽ, അത് മുഹമ്മദിന് മാത്രമാണ്. കാരണം, അധികാര സാമഗ്രികളുടെ യാതൊരു അകമ്പടിയുമില്ലാതെ തന്നെ അദ്ദേഹത്തിന് എല്ലാവിധ കരുത്തുമുണ്ടായിരുന്നു. രാജത്വം പ്രകടിപ്പിക്കുന്ന വസ്ത്രധാരണത്തിൽ അദ്ദേഹം ശ്രദ്ധിച്ചിട്ടേയില്ല. അദ്ദേഹത്തിന്‍റെ സ്വകാര്യ ജീവിതത്തിന്‍റെ ലാളിത്യം അദ്ദേഹത്തിന്‍റെ പൊതു ജീവിതത്തോട് ഏറെ ചേർന്നുനിൽക്കുന്നതായിരുന്നു.” -റെജിനാൾഡ് ബോസ്വർത്ത് സ്മിത്ത്
മുഹമ്മദിﷺന്‍റെ ജീവിതം ആറാം നൂറ്റാണ്ടിൽ അറേബ്യയിലെ മരുഭൂമിയിൽ പരമ്പരാഗതമായി തോന്നുന്ന രീതിയിൽ ആരംഭിച്ചതാണ്. അദ്ദേഹത്തിന് 40 വയസ്സ് തികഞ്ഞപ്പോൾ, ദൈവം പ്രവാചകനായി അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും അവസാന വേദഗ്രന്ഥമായ ക്വുര്‍ആന്‍ അദ്ദേഹത്തിലൂടെ അവതരിപ്പിക്കുകയും ചെയ്തു. ഒരു പ്രവാചകനെന്ന നിലയിൽ, ഇസ്‌ലാമിന്‍റെ ദൈവിക അധ്യാപനങ്ങളിലേക്ക് മുഹമ്മദ്ﷺ ആളുകളെ ക്ഷണിച്ചു. ഏകദൈവത്തെ ആരാധിക്കാനും ധാർമ്മികമായി നേരായ ജീവിതം ഉയർത്തിപ്പിടിക്കാനും അദ്ദേഹം അവരെയെല്ലാം പ്രോത്സാഹിപ്പിച്ചു.
ഒരു സാധാരണ മനുഷ്യനില്‍നിന്നും ദൈവം തിരഞ്ഞെടുത്ത അന്തിമ പ്രവാചകനയെും, ആ നിലയിൽ ദൈവിക കല്‍പനകള്‍ നിറവേറ്റുന്ന അദ്ദേഹത്തിന്‍റെ സുപ്രധാനമായ പ്രയത്നങ്ങളെയും മനസ്സിലാക്കുന്നതിനായി മുഹമ്മദിന്‍റെ ജീവിതം പഠിക്കുന്നത് അനിവാര്യമാണ്. ഇസ്‍ലാമിനെക്കുറിച്ചും മുസ്‍ലിംകളുടെ ജീവിത വിശുദ്ധിയെക്കുറിച്ചും ആഴത്തില്‍ മനസ്സിലാക്കാന്‍ ഇത് ആരെയും സഹായിക്കും.
മുഹമ്മദ്ﷺ: ഒരു സാധാരണ മനുഷ്യൻ
ക്രസ്താബ്ദം 570-ൽ മക്കയിലാണ് മുഹമ്മദ്ﷺ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അനാഥനായി; അദ്ദഹേത്തിന്‍റെ ജനനത്തിനുമുമ്പ് പിതാവും ആറു വർഷത്തിനുശേഷം മാതാവും മരണപ്പെട്ടു. മുഹമ്മദിﷺന്‍റെ പിതാമഹനും പിന്നീട് പിതൃവ്യനുമാണ് യൗവനകാലം മുഴുവൻ അദ്ദേഹത്തെ പരിപാലിച്ചത്. തൽഫലമായി, ചെറുപ്പം മുതലേ മുഹമ്മദിﷺന്‍റെ വിശ്വാസങ്ങളും ജീവിത വീക്ഷണവും രൂപപ്പെടുത്തുന്നതില്‍ മനുഷ്യനിര്‍മ്മിതമായ ഒരു സ്വാധീനവും ഉണ്ടായില്ല.
ചെറുപ്പത്തിൽ, മുഹമ്മദ്ﷺ ഒരു ആട്ടിടയനായി ജോലി ചെയ്തു. "ദൈവത്തിന്‍റെ എല്ലാ പ്രവാചകന്മാരും ഇടയന്മാരായിരുന്നു" എന്ന് വളരെക്കാലം കഴിഞ്ഞ് അദ്ദേഹം സൂചിപ്പിച്ചത് ശ്രദ്ധേയമാണ്. മുഹമ്മദ്ﷺ പിന്നീട് വ്യാപാരത്തിന്‍റെ മേഖലയിലേക്ക് പ്രവേശിച്ചു, അദ്ദേഹത്തിന്‍റെ സത്യസന്ധതയും ആത്മാർത്ഥതയും പരക്കെ ബഹുമാനിക്കപ്പെട്ടു. എന്നിരുന്നാലും, ബുദ്ധിശക്തി ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. കൂടാതെ അറബ് ജനതയുടെ മുഖമുദ്രയായ കവിത രചിക്കുന്നതിൽ അദ്ദേഹത്തിന് വൈദഗ്ധ്യം ഇല്ലായിരുന്നു. അതിനാൽ, ക്വുര്‍ആൻ രചിച്ചത് മുഹമ്മദാﷺണെന്ന വാദം അടിസ്ഥാനരഹിതമാണ്. ദൈവം ക്വുർആനിൽ പ്രഖ്യാപിക്കുന്നുണ്ട്, “അദ്ദേഹം സ്വന്തം ഇച്ഛപ്രകാരം സംസാരിക്കുകയുമില്ല. അതു, അദ്ദേഹത്തിനു നല്‍കപ്പെടുന്ന ദൈവികബോധനം അല്ലാതെ മറ്റൊന്നും അല്ല.'' (ക്വുര്‍ആന്‍ 53: 3-4).
പ്രവാചകത്വത്തിന് മുമ്പ്, മുഹമ്മദിﷺനെ അദ്ദേഹത്തിന്‍റെ ഉന്നതമായ സ്വഭാവത്തിനും അസാധാരണമായ പെരുമാറ്റത്തിനും വളരെയധികം ബഹുമാനിച്ചിരുന്നു, അദ്ദേഹത്തിന് അല്‍അമീന്‍ അഥവാ സത്യസന്ധൻ എന്ന പദവി അവര്‍ക്കിടയില്‍ ലഭിച്ചു. മക്കക്കാർ അവരുടെ സ്വത്തുക്കൾ അദ്ദേഹത്തെ സൂക്ഷിക്കാനായി ഏല്‍ൽപ്പിച്ചിരുന്നു. ഒരു പക്ഷപാതമില്ലാത്ത ജഡ്ജിയായി തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാൻപോലും പലപ്പോഴും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെടാറുണ്ട്.
അതേസമയം, മുഹമ്മദ്ﷺ, ബഹുദൈവാരാധനയില്‍ അധിഷ്ഠിതമായ അറബ് ആചാരങ്ങളെ വെറുത്തിരുന്നു, വിഗ്രഹാരാധനയിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല. സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം, വ്യാപകമായ മദ്യപാനം, നിരന്തരമായ യുദ്ധങ്ങള്‍, പാവങ്ങളോടുളള അനീതി എന്നിങ്ങനെ അറേബ്യയിലെ നിരവധി സാമൂഹിക തിന്മകളും അദ്ദേഹത്തിന്‍റെ മനസ്സിനെ അലട്ടിയിരുന്നു. പലപ്പോഴും അദ്ദേഹം മക്കയുടെ അന്തരീക്ഷത്തിൽനിന്നും വിട്ടുനിന്ന് സമീപപ്രദേശത്തുളള ഒരു ഗുഹയില്‍ ചിന്താമഗ്നനായി ഒറ്റക്ക് കഴിഞ്ഞുകൂടി.
മുഹമ്മദിﷺന്‍റെ പ്രവാചക ദൌത്വത്തിന് മുമ്പുള്ള ജീവിതം വളരെ ശ്ലാഖനീയമാണെങ്കിലും, ജനങ്ങളില്‍ ആകമാനം ഒരു മാറ്റമുണ്ടാക്കാന്‍ കഴിയുന്ന രൂപത്തിലുളള ഒരു സ്വാധീനം അതുകൊണ്ടുണ്ടായില്ല. എന്നിരുന്നാലും, അദ്ദേഹത്തിന്‍റെ ജീവിതാനുഭവങ്ങളും സ്വഭാവ മഹിമയും വികാസവും വരാനിരിക്കുന്ന മഹത്തായ ഒരു ദൈവിക ദൗത്യം ഏറ്റെടുക്കാന്‍ പ്രാപ്തനാക്കുന്നതില്‍ അദ്ദേഹത്തെ ഏറെ സഹായിച്ചിട്ടുണ്ട്.
മുഹമ്മദ്ﷺ: ഒരു പ്രവാചകന്‍
ക്രിസ്താബ്ദം 610-ൽ ഒരു രാത്രി, ദൈവം ജിബ്രീല്‍ എന്ന മലക്കിനെ മുഹമ്മദിﷺന്‍റെ അടുക്കലേക്ക് ദിവ്യസന്ദേശവുമായി അയച്ചു. മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു ഇത്. ഈ സംഭവം അദ്ദേഹത്തിന്‍റെ പ്രവാചകാധ്യാപനത്തിന് തുടക്കം കുറിക്കുകയും അദ്ദേഹത്തിന്‍റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിക്കുകയും ചെയ്തു. ദിവ്യവെളിപാടുകള്‍ സ്വീകരിക്കുന്ന ദൈവത്തിന്‍റെ പ്രവാചകൻ എന്ന നിലയിൽ, അദ്ദേഹത്തിന്‍റെ എല്ലാ ശ്രമങ്ങളും മാനവരാശിയെ ദൈവാരാധനയിലേക്ക് തിരികെ നയിക്കാനായി സമർപ്പിച്ചു. അറേബ്യയുടെ അകത്തും പുറത്തും വമ്പിച്ച മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ഏറ്റവും ഉദാത്തമായ മൂല്യങ്ങളിൽ അധിഷ്ഠിതമായ മാതൃകാപരമായ ജീവിതം അദ്ദേഹം നയിച്ചു.
മക്കയിലെ സാമൂഹികവും ആത്മീയവുമായ അഴിമതിയിൽ നിന്ന് മുമ്പ് അദ്ദേഹം സ്വയം മാറിനിന്നിരുന്നെങ്കിലും, ഇപ്പോൾ അത് നവീകരിക്കാൻ അദ്ദേഹം സജീവമായി രംഗത്തുവന്നു. വിഗ്രഹാരാധന അവസാനിപ്പിക്കാനും ദൈവത്തിന്‍റെ ഏകത്വം സ്ഥിരീകരിക്കാനും മുഹമ്മദ്ﷺ മക്കക്കാരായ തന്‍റെ നാട്ടുക്കാരെ വിളിച്ചു; അവൻ അവരെ ധര്‍മ്മത്തിന്‍റെയും ഭക്തിയുടെയും ജീവിതത്തിലേക്ക് ക്ഷണിച്ചു. ഭൌതിക ജീവിതത്തിലെ കർമ്മങ്ങൾക്ക് ഉത്തരവാദികളാകുന്ന ഒരു മരണാനന്തര ജീവിതത്തെക്കുറിച്ച് അദ്ദേഹം അവർക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ വിശ്വസിക്കുകയും ദൈവബോധമുള്ള സൂക്ഷ്മജീവിതം നയിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തെ കുറിച്ചുളള സന്തോഷവാർത്തയും നൽകി.
മുൻകാല പ്രവാചകന്മാരെപ്പോലെ, മുഹമ്മദിﷺന്‍റെ സന്ദേശവും അദ്ദേഹത്തിന്‍റെ ജനതയിലെ പല ആളുകളും നിരസിച്ചു. തങ്ങളുടെ പൂർവികരുടെ മതപരവും സാമൂഹികവുമായ ആചാരങ്ങൾ നിലനിർത്താൻ അവർ വാശിപിടിച്ചു. വരേണ്യവർഗം മുഹമ്മദിﷺനെ പരിഹസിച്ചു, വ്യാജവും ഭ്രാന്തും ആരോപിച്ചു. അവരാകട്ടെ ഇതിനുമുമ്പ് അദ്ദേഹത്തിന്‍റെ സത്യസന്ധതയില്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തവരാണ്. സമത്വത്തിനും നീതിക്കും ഊന്നൽ നൽകിയ ദരിദ്രരും അവശരുമായ ചുരുക്കം ചിലർ മാത്രമാണ് അദ്ദേഹത്തിന്‍റെ സന്ദേശത്തിൽ ആകൃഷ്ടരായി ദൈവിക മതത്തില്‍ വിശ്വാസിക്കാന്‍ തയ്യാറായത്.
പ്രവാചകൻ മുഹമ്മദ് നബിﷺയും അദ്ദേഹത്തിന്‍റെ അനുയായികളുടെ ചെറുസംഘവും 13 വർഷത്തോളം മക്കയിൽ പീഡനം സഹിച്ചു. ഒടുവിൽ, അവർ മക്ക വിട്ട് മദീനയിലേക്ക് പലായനം ചെയ്യാന്‍ നിർബന്ധിതരായി. മദീനാവാസികള്‍ ആവേശത്തോടെ അവരെ സ്വാഗതം ചെയ്തു. അറേബ്യൻ ഉപദ്വീപിലെ ആത്മീയവും സാമൂഹികവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരം നല്‍കികൊണ്ട് ആദ്യത്തെ ഇസ്‌ലാമിക സമൂഹം മുഹമ്മദ് നബിﷺ അവിടെ സ്ഥാപിച്ചു. മദീനയിൽ മതസ്വാതന്ത്ര്യം സ്ഥാപിക്കപ്പെട്ടു; സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു; വംശീയ വിവേചനം പ്രായോഗികമായി ഇല്ലാതാക്കി; ഗോത്രങ്ങള്‍ തമ്മിലുളള പരസ്പര യുദ്ധങ്ങള്‍ക്ക് പകരം സാഹോദര്യത്തിന്‍റെ ഐക്യബന്ധങ്ങൾ സ്ഥാപിച്ചു; പലിശയും മദ്യവും പൂർണ്ണമായും നിരോധിച്ചു.
പ്രവാചകനാകുന്നതിന് മുമ്പും ശേഷവുമുള്ള മുഹമ്മദിﷺന്‍റെ ജീവിതത്തെ താരതമ്യം ചെയ്യുമ്പോൾ, തന്‍റെ പ്രവാചകത്വത്തിലൂടെ ലഭിച്ച ഉയര്‍ച്ചയും പ്രശസ്തിയും കൈവരിക്കാൻ ദൈവം മുമ്പേ അവനെ പ്രാപ്തനാക്കിയതായി ആര്‍ക്കും വ്യക്തമാകും. ക്രിസ്താബ്ദം 622ല്‍ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിട്ടും, ഇസ്‍ലാമിന്‍റെ ശക്തമായ അധ്യാപനങ്ങള്‍ അതിന്‍റെ കടുത്ത ശത്രുക്കളെപ്പോലും അതിജീവിച്ചതായി നാം കാണുന്നത് ദൈവിക പിന്തുണയോടെയല്ലാതെ മറ്റെന്തുകൊണ്ടാണ്. മുഹമ്മദിﷺന്‍റെ സത്യസന്ദേശം ബോധ്യപ്പെടുകയും അദ്ദേഹത്തിന്‍റെ സ്വഭാവശുദ്ധി പ്രചോദനമാകുകയും ചെയ്തതുകൊണ്ടാണ് അറേബ്യൻ ഉപദ്വീപ് ഒന്നടങ്കം ഇസ്ലാം സ്വീകരിച്ചത്.
എന്നിട്ടും, ചില വ്യക്തികൾ മുഹമ്മദ്ﷺ ഒരു യഥാർത്ഥ പ്രവാചകനല്ലെന്നും വ്യാജനാണെന്നും ആരോപിക്കുന്നു. ഇത് പ്രവാചകന്‍റെ അധ്യാപനങ്ങളെയും വ്യക്തിജീവിതത്തെയും നേട്ടങ്ങളെയും കുറിച്ചുളള ആരോപകരുടെ അജ്ഞതയെ കുറിച്ച് മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. ചരിത്രത്തിലുടനീളം അമുസ്‌ലിം ബുദ്ധിജീവികൾ തന്നെ ഈ പഴിപറച്ചിലിന്‍റെ അസാധ്യതയെ ചോദ്യം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ചരിത്രകാരനായ ഡോ. മോണ്ട്ഗോമറി വാട്ട് തന്‍റെ രചനയിൽ ഇപ്രകാരം എഴുതി: "തന്‍റെ വിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി വലിയ പീഡനങ്ങൾ ഏറ്റുവാങ്ങാനുള്ള സന്നദ്ധത, തന്നെ വിശ്വസിക്കുകയും നേതാവായി ഉയർത്തുകയും ചെയ്ത ആളുകളുടെ ഉയർന്ന ധാർമ്മിക സ്വഭാവവും മഹത്വവും, പരമമായി അദ്ദേഹം നേടിയെടുത്തതെല്ലാം അദ്ദേഹത്തിന്‍റെ സത്യസന്ധതക്കുളള അംഗീകാരവുമാണ്. മുഹമ്മദ്ﷺ ഒരു വഞ്ചകനായ കളളപ്രവാചകനായിരുന്നു എങ്കില്‍ സ്വീകാര്യതക്ക് പകരം സമൂഹത്തില്‍ കൂടുതൽ പ്രശ്നങ്ങളാണത് ഉയർത്തിവിടുക. മാത്രവുമല്ല, ചരിത്രത്തില്‍ പാശ്ചാത്യ രാജ്യങ്ങളിലെ മഹത്തായ വ്യക്തികളാരുംതന്നെ മുഹമ്മദിനെ വിലമതിച്ചതായി പ്രഖ്യാപിച്ചതുപോലെ വേറെ ആരെകുറിച്ചും പറഞ്ഞിട്ടില്ല.”
ലൈഫ് ഓഫ് മൊഹമ്മദ് എന്ന ഗ്രന്ഥത്തില്‍, പ്രശസ്ത അമേരിക്കൻ ബുദ്ധിജീവിയായ വാഷിംഗ്ടൺ ഇർവിംഗ് എഴുതി: “തന്‍റെ സ്വകാര്യ ഇടപാടുകളിൽ, അദ്ദേഹം നീതിമാനായിരുന്നു. സുഹൃത്തുക്കളോടും അപരിചിതരോടും, സമ്പന്നരോടും ദരിദ്രരോടും, ശക്തരോടും ദുർബലരോടും, അദ്ദേഹം തുല്യതയോടെ പെരുമാറി. അവരെ സ്വീകരിക്കുന്ന ആദിഥ്യത്തിന്‍റെ പേരിൽ സാധാരണ ജനങ്ങൾക്ക് പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. അവരുടെ പരാതികൾ അദ്ദേഹം സഗൌരവം ശ്രദ്ധിച്ചു... ഏറ്റവും വലിയ തന്‍റെ അധികാര കാലത്തും ഇതേ ലാളിത്യവും പെരുമാറ്റവും അദ്ദേഹം നിലനിർത്തി... ഒരു മുറിയിൽ പ്രവേശിക്കുമ്പോൾ, അസാധാരണമായ എന്തെങ്കിലും ആദരവുകൾ തന്നോട് ആരെങ്കിലും കാണിച്ചാൽ അതിലദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു”
മുഹമ്മദ് ﷺ: പൈതൃകം
മുഹമ്മദ് നബിﷺയുടെ കാലശേഷം, ഇസ്‍ലാം എല്ലാ പ്രദേശത്തേക്കും വ്യാപിച്ചു, പേർഷ്യൻ ബൈസന്റൈൻ സാമ്രാജ്യങ്ങളെ വടക്കോട്ട് വലയംചെയ്തുകൊണ്ട് പടിഞ്ഞാറ് സ്പെയിൻ വരെ അതിന്‍റെ പ്രചാരം എത്തി. ഇന്ത്യയുടെയും ചൈനയുടെയും ചില ഭാഗങ്ങളിലേക്ക് വരെ അതിന്‍റെ അതിർത്തികൾ വ്യാപിപ്പിച്ചു. ഒരു മനുഷ്യന് ഇത്രയും ലളിതമായ സന്ദേശത്തിലൂടെ എങ്ങനെ ലോകത്തെ അതിശയിപ്പിക്കുന്ന സ്വാധീനം ചെലുത്താൻ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ സാധിച്ചുവെന്ന് പലരും ആശ്ചര്യപ്പെടാൻ ഇത് കാരണമായി.
ആധുനിക കാലത്തെ സമാധാനത്തിന്‍റെ യോദ്ധാവായ മഹാത്മാഗാന്ധി, മുഹമ്മദ് നബിﷺയുടെ ജീവിതത്തെക്കുറിച്ചുള്ള വായനാനുഭവത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: “ഇന്ന് ദശലക്ഷക്കണക്കിന് മനുഷ്യരാശിയുടെ ഹൃദയങ്ങളിൽ തർക്കമില്ലാത്ത സ്വാധീനം പുലർത്തുന്ന ഒരാളുടെ ജീവിതത്തിലെ ഏറ്റവും മികച്ചത് അറിയാൻ ഞാൻ ആഗ്രഹിച്ചു... ജീവിതക്രമത്തില്‍ അക്കാലത്ത് ഇസ്‌ലാമിന് ഇടം നേടിയത് വാളല്ലെന്ന് എന്നത്തേക്കാളും കൂടുതൽ എനിക്കിന്ന് ബോധ്യപ്പെട്ടു. പ്രവാചകന്‍റെ അതികൃത്യതയുളള ലാളിത്യം, പ്രതിജ്ഞകളോടുള്ള സൂക്ഷ്മമായ ബഹുമാനം, തന്‍റെ സുഹൃത്തുക്കളോടും അനുയായികളോടും ഉള്ള അദ്ദേഹത്തിന്‍റെ ഗാഢമായ സ്നേഹം, അദ്ദേഹത്തിന്‍റെ സാഹസികതയും നിർഭയത്വവും, ദൈവത്തിലും സ്വന്തം ദൗത്യത്തിലുമുള്ള തികഞ്ഞ ആത്മവിശ്വാസം. ഇവയല്ലാതെ വാളല്ല അവരുടെ മുമ്പിലുളള പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തത്.”
സമാനമായ പ്രശംസ ബ്രിട്ടീഷ് ബൗദ്ധികയും വനിതാവകാശ പ്രവർത്തകയുമായ ആനി ബസന്‍റെും പ്രകടിപ്പിച്ചുണ്ട്: “അറേബ്യയിലെ മഹാനായ പ്രവാചകന്‍റെ ജീവിതവും സ്വഭാവവും പഠിക്കുന്ന, അദ്ദേഹം എങ്ങനെ പഠിപ്പിച്ചുവെന്നും എങ്ങനെ ജീവിച്ചുവെന്നും അറിയുന്ന ആർക്കും ബഹുമാനമല്ലാതെ മറ്റൊന്നും അനുഭവിക്കാൻ കഴിയില്ല. ആ ശക്തനായ പ്രവാചകന്‍, പരമോന്നതന്‍റെ മഹത്തായ ദൂതന്മാരിൽ ഒരാളാണ്.”
ആദം, നോഹ, അബ്രഹാം, മോശ, യേശു എന്നിവരോടൊപ്പം ദൈവം അയച്ച ദൂതന്മാരുടെ ഒരു നീണ്ട നിരയിലെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്ﷺ. മുൻ പ്രവാചകന്മാരെപ്പോലെ, മുഹമ്മദ് ഏകദൈവത്തിലുള്ള വിശ്വാസത്തിലേക്ക് ആളുകളെ ക്ഷണിക്കുകയും നീതിയും ദയയും ഉള്ളവരായിരിക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതവും ശിക്ഷണങ്ങളും അദ്ദേഹത്തിന്‍റെ സഹയാത്രികർ മുതലുള്ള ആയിരക്കണക്കിന് ചരിത്ര സ്രോതസ്സുകൾ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്.
യഹൂദ-അമേരിക്കൻ ചരിത്രകാരനായ മൈക്കൽ എം. ഹാർട്ട് തന്‍റെ പുസ്തകമായ The 100: A Ranking of the Most Influential Persons in History എന്ന ഗ്രന്ഥത്തില്‍ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ റാങ്കിംഗിൽ മുഹമ്മദിﷺന് ഒന്നാം സ്ഥാനം നൽകി. ഹാർട്ട് പറയുന്നതനുസരിച്ച്, "മതപരവും മതേതരവുമായ തലങ്ങളിൽ പരമോന്നത വിജയം നേടിയ ചരിത്രത്തിലെ ഒരേയൊരു മനുഷ്യൻ അദ്ദേഹമായിരുന്നു... മനുഷ്യചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ഏക വ്യക്തിത്വമായി മുഹമ്മദിനെ കണക്കാക്കാൻ എനിക്ക് അർഹത തോന്നിയത്, മതേതരവും മതപരവുമായ സ്വാധീനത്തിന്‍റെ സമാനതകളില്ലാത്ത പ്രായോഗികമായ സംയോജനമാണ്.”
ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യരിൽ ഒരാളായിരുന്നു മുഹമ്മദ്ﷺ; ലോകത്തിൽ അദ്ദേഹത്തിന്‍റെ സ്വാധീനം ഇന്നും ശക്തമായി പ്രകടമാണ്. അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ജീവിതത്തെയും വിസ്മയകരമായ നേട്ടങ്ങളെയും കുറിച്ച് ചിന്തിക്കുന്നത് അനിവാര്യമായ ഒരു ചോദ്യത്തിലേക്ക് നയിക്കുന്നു: മുഹമ്മദ് കേവലം ഒരു അസാമാന്യ വ്യക്തിയായിരുന്നോ അതോ അദ്ദേഹത്തില്‍ കാണപ്പെട്ട മഹത്വം അദ്ദേഹം ദൈവത്തിന്‍റെ യഥാർത്ഥ പ്രവാചകനായതുകൊണ്ടാണോ?
ഈ ചോദ്യത്തിനുള്ള ഉത്തരം നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ്. മുഹമ്മദിന്‍റെ ജീവിതത്തെക്കുറിച്ചുള്ള പഠനത്തിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങാനും അതുവഴി നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാനും സാധ്യതയുള്ള ഈ ചോദ്യം സ്വയം പര്യവേക്ഷണം ചെയ്യാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്, തീര്‍ച്ച.