പ്രതിഫല വേദി
അവലംബം: അമാനി മൌലവിയുടെ വിശുദ്ധ ക്വുര്‍ആന്‍ വിവരണം
Last Update: 2023 March 04, 12 Shaʻban, 1444 AH
അന്ത്യനാളിലെ അതിഭയങ്കര സംഭവങ്ങളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. ഭൂമി അതിന്റെ അവസാനത്തേതും ഏറ്റവും ഘോരമായതുമായ കമ്പനത്തിനും ക്ഷോഭത്തിനും വിധേയമാകുന്നു; മരണപ്പെട്ട് മണ്ണടഞ്ഞവരടക്കം ഭൂമിക്കുള്ളില്‍ കിടപ്പുള്ള നിക്ഷേപങ്ങളെല്ലാം അത് വെളിക്കുവരുത്തുന്നു; ഇതെല്ലാം അനുഭവത്തില്‍ കാണുമ്പോള്‍ മനുഷ്യന്‍ അന്ധാളിച്ചു ഭയവിഹ്വലനായി തീരും. അവന്‍ പറയും: ‘ഹാ, എന്താണിത്…… ഭൂമിക്ക് എന്തുപറ്റി….?! എന്നൊക്കെ. ഇങ്ങനെയുള്ള ആ ഗൗരവഘട്ടത്തില്‍ ഭൂമിയില്‍ ഒളിഞ്ഞുകിടപ്പുള്ള രഹസ്യങ്ങളെല്ലാം വെളിക്കുവരും. അതെ, ഭൂമിക്ക് അതിന് വേണ്ടുന്ന ബോധനവും അനുമതിയും അല്ലാഹു നല്‍കുകയും, ഭൂമി അതെല്ലാം തുറന്നുകാട്ടുകയും ചെയ്യും.
4-ാം വചനം ഓതിക്കൊണ്ട് റസൂല്‍(സ്വ) സ്വഹാബികളോട് ചോദിക്കുകയുണ്ടായി: ‘അതിന്റെ (ഭൂമിയുടെ) വര്‍ത്തമാനങ്ങള്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിനും റസൂലിനും അറിയാം.’ അപ്പോള്‍ തിരുമേനി (സ്വ) പറഞ്ഞു: ‘അതിന്റെ വര്‍ത്തമാനങ്ങള്‍ എന്ന് വെച്ചാല്‍, ആണും പെണ്ണുമായ ഓരോ അടിയാനും അതിന്റെ മീതെവെച്ച് പ്രവര്‍ത്തിച്ചതിനെപറ്റി അത് സാക്ഷി പറയലാകുന്നു. അതായത്, ഇന്നിന്ന ദിവസം അവന്‍ ഇന്നിന്നത് ചെയ്തു എന്ന് പറയുക. ഇതാണതിന്റെ വര്‍ത്തമാനങ്ങള്‍.’ (അഹ്‍മദ്; നസാഇ; തിര്‍മിദി)
സന്തുഷ്ടരായിക്കൊണ്ടും, സന്താപപ്പെട്ടുകൊണ്ടും, വെളുത്ത പ്രസന്നമുഖത്തോടെയും കറുത്ത വിഷാദമുഖത്തോടെയും, വലതുപക്ഷക്കാരായും ഇടതുപക്ഷക്കാരായും സത്യവിശ്വാസവും സല്‍കര്‍മ്മവും സ്വീകരിച്ചവരായും അവയെ നിഷേധിച്ചവരായും – അങ്ങനെ പലതരക്കാരും സ്വഭാവക്കാരുമായി – ജനങ്ങളെല്ലാം ഖബ്റുകളില്‍ നിന്ന് വിചാരണാനിലയത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നു. ഓരോരുത്തന്റെയും സകലകര്‍മങ്ങളും ചെയ്തികളും അവിടെ തുറന്നുകാട്ടി ബോദ്ധ്യപ്പെടുത്തുന്നതാണ്. നിസ്സാരമെന്നുവെച്ച് ഒന്നും ഒഴിവാക്കപ്പെടുകയില്ല. ഒരണുവോളം നന്മ ചെയ്തിട്ടുണ്ടെങ്കില്‍ അതും, ഒരണുവോളം തിന്മ ചെയ്തിട്ടുണ്ടെങ്കില്‍ അതും അവന് കാണിച്ച് കൊടുക്കപ്പെടും. അതതിന്റെ ഫലം അതതിന്റെ ആളുകള്‍ക്ക് അനുഭവപ്പെടുകയും ചെയ്യും.
നബി (സ്വ) തിരുമേനിയുടെ ചില വചനങ്ങള്‍ ഇവിടെ സ്മരിക്കുന്നത് സമയോചിതമായിരിക്കും. അവിടുന്നു പറയുന്നു:-
1. ‘സദാചാരത്തില്‍ (സല്‍ക്കാര്യത്തില്‍)പെട്ട യാതൊന്നിനെയും നീ അവഗണിക്കരുത്. വെള്ളം കുടിക്കുവാന്‍ വരുന്നവന്റെ പാത്രത്തില്‍ നിന്റെ കൊട്ടക്കോരിയില്‍ നിന്ന് (നീ വെള്ളം കോരുന്ന പാത്രത്തില്‍ നിന്ന്) അല്‍പം വെള്ളം ഒഴിച്ചുകൊടുക്കുക എന്നുള്ളതായാലും ശരി. അല്ലെങ്കില്‍ നിന്റെ സഹോദരനെ പ്രസന്നവദനനായി അഭീമുഖികരിക്കുക എന്നുള്ളതായാലും ശരി.’ (ബുഖാരി)
2. സത്യവിശ്വാസിനികളാകുന്ന സമൂഹമേ, ആട്ടിന്റെ ഒരു കുളമ്പാണുള്ളതെങ്കിലും ഒരു അയല്‍ക്കാരി അവളുടെ അയല്‍ക്കാരിയെ (ഒട്ടും കൊടുക്കാതെ) അവഗണിച്ച് കളയരുത്.’ (ബുഖാരി)
3. ‘ആയിശാ, നിസ്സാരങ്ങളായ പാപങ്ങളെ സൂക്ഷിച്ചുകൊള്ളണം. കാരണം, അല്ലാഹുവിങ്കല്‍ നിന്നും അവയെ അന്വേഷിക്കുന്നതായ ഒരാളുണ്ട്.’ (അഹ്‍മദ്; നസാഇ; ഇബ്നുമാജ)
4. ‘നിസ്സാരമായി ഗണിക്കപ്പെടാവുന്ന പാപങ്ങളെ നിങ്ങള്‍ സൂക്ഷിക്കണം. കാരണം, അവ മനുഷ്യന്റെമേല്‍ ഒരുമിച്ചുകൂടുകയും, അങ്ങനെ അവ അവനെ നാശത്തിലകപ്പെടുത്തുകയും ചെയ്യും.’ (അഹ്‍മദ്)
ഒരു കാര്യം ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. ഒരു അണുവോളം നന്മയോ തിന്മയോ ചെയ്‌താല്‍ അതിന്‍റെ ഫലം മനുഷ്യന്‍ അനുഭവിക്കുമെന്ന് പറയുമ്പോള്‍, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത ആളുകള്‍ സല്‍ക്കാര്യങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതിന് പരലോകത്ത് അവര്‍ക്ക് നല്ല പ്രതിഫലം ലഭിക്കുമെന്ന് വല്ലവരും ധരിച്ചേക്കാം. സത്യവിശ്വാസം സ്വീകരിക്കാത്തവരുടെ നല്ല കാര്യങ്ങള്‍ക്ക് അല്ലാഹു യാതൊരു പ്രതിഫലവും നല്‍കുന്നതല്ലെന്നും, അവരുടെ പ്രതിഫലം ഇഹത്തില്‍ വെച്ച് തന്നെ അല്ലാഹു നിറവേറ്റികൊടുക്കുകയാണ് ചെയ്യുക എന്നും (സൂ: ഹൂദ് 15, 16; സൂ: ഫുര്‍ഖാന്‍ 23 മുതലായ സ്ഥലങ്ങളില്‍) അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാകുന്നു.