ക്വുർആൻ; മഹത്തായ ദൈവീക വേദഗ്രന്ഥം!

By Sajjad Bin AbduRazack

Last Update: 2021 November 30 | 25 Rabiʻ II, 1443 AH

ആദിയിൽ മനുഷ്യരെല്ലാം ഒന്നായിരുന്നു.

കാലക്രമേണ അവർ ഭിന്നിച്ചു, സത്യസന്മാർഗത്തിൽ നിന്ന് വ്യതിചലിച്ചു, അത്തരം സാഹചര്യത്തിൽ ശരിയായ ദൈവീക മാർഗദർശനത്തിൽ നിന്ന് തെറ്റിപ്പോയവരെ സത്യത്തിൻ്റെ സൽപന്താവിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ഉണ്ടായി. അങ്ങനെയാണ് സത്യസന്ദേശവുമായി പ്രവാചകന്മാരുടെ കടന്നുവരവുണ്ടാകുന്നത്.!

ആ ജനസമൂഹം ഏതെല്ലാം വിഷയങ്ങളിലായിരുന്നോ ഭിന്നിച്ചിരുന്നത് അവർക്കിടയിൽ തീർപ്പ് കൽപ്പിക്കുവാൻ വേണ്ടി അല്ലാഹു പ്രസ്തുത പ്രവാചകന്മാരിലൂടെ വേദഗ്രന്ഥങ്ങളും അവതരിപ്പിച്ചു.

ഈ വേദഗ്രന്ഥങ്ങളുടെ ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് പരിശുദ്ധ ക്വുർആൻ. ക്വുർആനിന് മുൻപും ലോകത്തേക്ക് വ്യത്യസ്തങ്ങളായ വേദഗ്രന്ഥങ്ങളുടെ അവതരണമുണ്ടായിട്ടുണ്ട്. പ്രവാചകൻ മൂസ(അ)ക്ക് ലഭിച്ച തൗറാത്തും, ഈസ(അ)ക്ക് ലഭിച്ച ഇഞ്ചീലും, ദാവൂദ്(അ)ക്ക് അവതരിപ്പിക്കപ്പെട്ട സബൂറുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

ക്വുർആനിന് മുൻപ് ലോകത്തേക്ക് അവതരിപ്പിക്കപ്പെട്ട ഈ വേദഗ്രന്ഥങ്ങളെല്ലാം ചില പ്രത്യേകമായ കാലഘട്ടങ്ങളിലേക്കും ജനവിഭാഗങ്ങളിലേക്കും മാത്രമായിരുന്നു. എന്നാൽ പരിശുദ്ധ ക്വുർആൻ അവതരിപ്പിക്കപ്പെട്ടത് ലോകത്തുള്ള സർവ്വ മനുഷ്യർക്കും മാർഗദർശനം കാണിക്കുന്ന ഗ്രന്ഥം എന്ന നിലയ്ക്കാണ്!

ചില ആളുകൾക്കിടയിലെങ്കിലുമുള്ള ഒരു വലിയ തെറ്റിദ്ധാരണയാണ് ക്വുർആൻ എന്ന മഹത്തായ ദൈവീക വേദഗ്രന്ഥം മുസ്‌ലീങ്ങളുടെ ഒരു മതഗ്രന്ഥം മാത്രമാണ് എന്നത്!

വാസ്തവത്തിൽ അത് ഒരു തെറ്റിദ്ധാരണ മാത്രമാണ്, പരിശുദ്ധ ക്വുർആനിൻ്റെ അവതരണവുമായി ബന്ധപ്പെട്ട ക്വുർആനിലെ തന്നെ വചനങ്ങൾ പരിശോധിക്കാൻ തയ്യാറായാൽ ഈ തെറ്റിദ്ധാരണ മാറിക്കിട്ടും.

അല്ലാഹു പറയുന്നു:

"ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍..."
(വിശുദ്ധ ക്വുർആൻ 2:185)

മറ്റൊരു വചനം കൂടി ശ്രദ്ധിക്കുക,

"അലിഫ്‌ ലാം റാ

മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക്‌ അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌.

അതായത്‌, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്‌."
(വിശുദ്ധ ക്വുർആൻ 14:1)

ക്വുർആൻ ലോകാവസാനം വരെയുള്ള സർവ്വ മനുഷ്യർക്കും മാർഗദർശനമായി അല്ലാഹു അവതരിപ്പിച്ച ഒരു വേദഗ്രന്ഥമായതുകൊണ്ട് തന്നെ എല്ലാ കാലഘട്ടങ്ങളിലുള്ള മനുഷ്യർക്കും അതൊരു ദൈവീക വെളിപാട് തന്നെയാണ് എന്ന് ബോധ്യമാകുന്ന തരത്തിലുള്ള തെളിവുകൾ അതിൽ ഉണ്ടാവുക എന്നത് അനിവാര്യമാണല്ലോ!

അത്തരം ഒരു പരിശോധനയ്ക്ക് നാം തുനിയുമ്പോഴാണ് ക്വുർആൻ സ്രഷ്ടാവായ അല്ലാഹുവിൻ്റെ വചനങ്ങൾ തന്നെയാണ് എന്നതിന് വേണ്ടുവോളം തെളിവുകൾ ക്വുർആനിൽ തന്നെ ഉൾക്കൊള്ളുന്നുണ്ട് എന്ന് നമുക്ക് കാണാൻ കഴിയുന്നത്.

ഒരു ഗ്രന്ഥം ദൈവീകമാണ് എങ്കിൽ പ്രഥമമായും പ്രധാനമായും ഉണ്ടാവേണ്ട ഒന്നാണ് അത് സ്വയം അക്കാര്യം അവകാശപ്പെടണം എന്നത്.

വിശുദ്ധ ക്വുർആൻ എന്ന മഹത്തായ വേദഗ്രന്ഥം പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവായ അല്ലാഹു അവതരിപ്പിച്ചതാണ് എന്ന് ക്വുർആനിൽ തന്നെ ഒരുപാട് ഭാഗത്ത് നമുക്ക് വായിക്കാൻ സാധിക്കുന്നുണ്ട്!

ചില തെളിവുകൾ കാണുക.

അല്ലാഹു പറയുന്നു:

തീര്‍ച്ചയായും ഇത്‌ (ക്വുർആൻ) ലോകരക്ഷിതാവ്‌ അവതരിപ്പിച്ചത്‌ തന്നെയാകുന്നു.
(വിശുദ്ധ ക്വുർആൻ 26:192)

ഈ ഗ്രന്ഥത്തിന്‍റെ അവതരണം സര്‍വ്വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല.
(വിശുദ്ധ ക്വുർആൻ 32:2)

അല്ലാഹു അവതരിപ്പിച്ചതായ ഒരു ഗ്രന്ഥമായതുകൊണ്ടുതന്നെ അതിൽ യാതൊരു നിലയ്ക്കുമുള്ള വൈരുധ്യങ്ങളില്ല എന്നതാണ് യാഥാർത്ഥ്യം. ക്വുർആനിൽ ഒരൊറ്റ വൈരുദ്ധ്യവും പോരായ്മയും ഇല്ല എന്നത് ക്വുർആനിൻ്റെ അവതരണം പ്രപഞ്ചത്തിൻ്റെ രഹസ്യവും പരസ്യവും അറിയുന്ന അല്ലാഹുവിൽ നിന്നാണ് എന്നതിനുള്ള വലിയ തെളിവാണ്.

അല്ലാഹു പറയുന്നു:

അവര്‍ ക്വുർആനിനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ?
(അതിൻ്റ അവതരണം) അല്ലാഹുവല്ലാത്ത ആരില്‍ നിന്നെങ്കിലുമായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു. (വിശുദ്ധ ക്വുർആൻ 4:82)

സർവ്വ വൈരുദ്ധ്യങ്ങൾക്കും അതീതമാണ് ക്വുർആൻ എന്നതിൻ്റെ പ്രധാന കാരണം അത് അല്ലാഹു അവതരിപ്പിച്ചതാണ് എന്ന് മാത്രമല്ല, അതിൻ്റെ സംരക്ഷണവും അവൻ തന്നെ ഏറ്റെടുത്തിട്ടുണ്ട് എന്നതിനാലാണ്.

താഴെ കാണുന്ന ഈ ക്വുർആനിക വചനം ശ്രദ്ധിക്കുക, അല്ലാഹു പറയുന്നു:

തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.
(വിശുദ്ധ ക്വുർആൻ 15:9)

സഹോദരങ്ങളെ,

ഈ കാണുന്ന ഇഹലോക ജീവിതം വെറും നൈമിശകമാണ്. അതിനാൽ തന്നെ ഒരുനാളത് നശിക്കുന്നതാണ് എന്നും പരലോകമാണ് ഏറ്റവും ഉത്തമവും അവശേഷിക്കുന്നതും എന്നുമാണ് ഇസ്‌ലാം മനുഷ്യരോട് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. മരണാനന്തര ലോകത്തെ വിജയമാണ് ഏറ്റവും വലിയ വിജയം! അവിടെ മോക്ഷം നേടിയെടുക്കണമെങ്കിൽ ഈ ലോകത്ത് ദൈവീകമായ വിധിവിലക്കുകളും നിയമനടപടികളും അനുസരിച്ച് മുന്നോട്ട് പോകണം. അതിനുള്ള ഒരു മാർഗദർശനമാണ് പരിശുദ്ധ ക്വുർആൻ. അതുകൊണ്ട് തന്നെ വിശുദ്ധ ക്വുർആൻ എൻ്റെയും നിങ്ങളുടെയും ഈ കാണുന്ന മഹാപ്രപഞ്ചത്തിൻ്റെയും അതിലുള്ളവയുടെയും സ്രഷ്ടാവായ അല്ലാഹു അവതരിപ്പിച്ചതാണ് എന്ന് സംശയലേശമന്യേ വിശ്വസിക്കുകയും അതുൾകൊണ്ട് ജീവിക്കുകയും ചെയ്യുക എന്നതുമാത്രമാണ് സാക്ഷാൽ മോക്ഷത്തിനുള്ള ഏക പോംവഴി.

അതിനാൽ ഇനി നാം ആലോചിച്ച് നിൽക്കേണ്ടതില്ല, വിശുദ്ധ ക്വുർആനിനെ വായിക്കാനും പഠിക്കാനും അതിനെ നെഞ്ചോട് ചേർത്തുവെച്ച് ജീവിതരേഖയായി സ്വീകരിച്ച് മുന്നോട്ട് പോകാനും തായ്യാറാവുക.

നാഥൻ നമ്മളെ തുണക്കട്ടെ


0
0
0
s2sdefault