Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

വിശുദ്ധ ക്വുർആൻ

ക്വുര്‍ആന്‍ പോലുളള ഒരു ഗ്രന്ഥം കൊണ്ടുവരാമോ?

അമാനി മൌലവി(റഹി)

Last Update: 2023 March 04, 12 Shaʻban, 1444 AH

അല്ലാഹു പറഞ്ഞു: “നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങള്‍ വല്ല (വിധേനയും) സന്ദേഹത്തിലാണെങ്കില്‍ അതു പോലെയുള്ള ഒരു സൂറത്ത് (അദ്ധ്യായം) നിങ്ങള്‍ കൊണ്ടുവരുവിന്‍; അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ (സഹായികളെ) നിങ്ങള്‍ വിളിക്കുകയും ചെയ്ത്‌കൊള്ളുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍! (അതൊന്നു കാണാമല്ലോ). എന്നിട്ട് നിങ്ങള്‍ (അതു) ചെയ്തില്ലെങ്കില്‍, നിങ്ങള്‍ (ഒരിക്കലും) ചെയ്കയില്ല തന്നെ. എന്നാല്‍, നിങ്ങള്‍ യാതൊരു നരകത്തെ സൂക്ഷിച്ചുകൊള്ളണം: അതില്‍ കത്തിക്കപ്പെടുന്നത് (അതിന്റെ ഇന്ധനം) മനുഷ്യരും കല്ലുകളുമാകുന്നു. അത് അവിശ്വാസികള്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുകയാണ്.” (അല്‍ബക്വറ 23)

മുഹമ്മദ് നബി (സ്വ) കൊണ്ടു വന്നിട്ടുള്ള ഈ ക്വുര്‍ആന്‍ അല്ലാഹു അവതരിപ്പിച്ചതല്ലെന്നോ, അത് അദ്ദേഹമോ അദ്ദേഹത്തിനു വേണ്ടി മറ്റാരെങ്കിലുമോ കെട്ടിച്ചമച്ചതാണെന്നോ, അദ്ദേഹത്തിന്റെ ദിവ്യദൗത്യവാദം ശരിയല്ലെന്നോ വാദിക്കുകയോ, സംശയിക്കുകയോ ചെയ്യുന്നവര്‍ക്കെല്ലാം – അവര്‍ ഏത് കാലദേശക്കാരായാലും ശരി – ഒരു വമ്പിച്ച വെല്ലുവിളിയാണിത്. വെല്ലുവിളികൊണ്ടും അല്ലാഹു മതിയാക്കിയിട്ടില്ല. അല്ലാഹു അല്ലാത്ത മറ്റാരെയും വേണമെങ്കില്‍ നിങ്ങള്‍ക്ക് സഹായത്തിനു വിളിച്ചു കൂട്ടാം, എന്നാലും നിങ്ങള്‍ക്ക് ഒരു കാലത്തും അതിന് സാധ്യമല്ല എന്ന് അതോടൊപ്പം തന്നെ തീര്‍ത്തു പറയുകയും ചെയ്തിരിക്കുന്നു. ഈ വെല്ലുവിളിയെ നേരിടുവാന്‍ കഴിയുകയില്ലെന്ന് ബോദ്ധ്യമായിട്ട് പിന്നെയും പിന്‍മടങ്ങാത്തപക്ഷം അതികഠിനമായ നരകശിക്ഷക്ക് തയ്യാറായിക്കൊള്ളണമെന്നൊരു കനത്ത താക്കീതും നല്‍കിയിരിക്കുന്നു. ഇവിടെ മാത്രമല്ല, ഒന്നിലധികം സ്ഥലത്ത് ക്വുര്‍ആനില്‍ അല്ലാഹു ഈ വെല്ലുവിളി ആവര്‍ത്തിച്ചിട്ടുള്ളതാണ്. അല്ലാഹു പറയുന്നു: ‘ഈ ക്വുര്‍ആന്‍ പോലെയുള്ളതൊന്നു കൊണ്ടു വരുവാന്‍ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചാലും അവര്‍ അതുപോലെ ഒന്ന് കൊണ്ടു വരികയില്ല – അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നവരായാലും ശരി.’ (ഇസ്‌റാഉ്: 88)

പറയുക: എന്നാല്‍, കെട്ടിച്ചമയ്ക്കപ്പെട്ട ഒരു പത്തു സൂറത്തുകളെ ഇതുപോലെ നിങ്ങള്‍ കൊണ്ടുവരുവിന്‍. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധ്യമായവരെയൊക്കെ നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുവിന്‍ – നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (ഹൂദ് 13)

‘പറയുക: എന്നാല്‍, ഇത്‌ പോലെയുള്ളതായ ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടു വരുവിന്‍. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധ്യമായവരെയൊക്കെ നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുവിന്‍-നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.’ (യൂനൂസ് 38)

ഈ മൂന്ന് മക്കീ സൂറത്തുകളിലായി കുറേക്കാലം മുശ്‌രിക്കുകള്‍ക്കിടയില്‍ പരസ്യമായി ആവര്‍ത്തിക്കപ്പെട്ടു വന്ന ഈ വെല്ലുവിളി മദീനയിലെ യഹൂദികള്‍ക്കും മുനാഫിക്വുകള്‍ക്കും മദ്ധ്യേ അല്ലാഹൂ വീണ്ടും ആവര്‍ത്തിക്കുകയാണ്. ക്വുര്‍ആന്‍ പോലെയുള്ള ഒരു ഗ്രന്ഥം എന്നതിന്റെ സ്ഥാനത്ത് ഒരിക്കല്‍ പത്ത് സൂറത്തുകള്‍ കൊണ്ടു വന്നാല്‍ മതിയെന്നു പറഞ്ഞു. മറ്റൊരിക്കല്‍ ഒരൊറ്റ സൂറത്തു കൊണ്ടു വരുവിന്‍ എന്നും പറഞ്ഞു നോക്കി. എല്ലായ്‌പ്പോഴും മൗനമല്ലാതെ മറ്റൊരു പ്രതികരണവും ഉണ്ടായില്ല. ക്വുര്‍ആനിലെ സൂറത്തുകള്‍ പല വലിപ്പത്തിലുള്ളവയാണല്ലോ. മൂന്നു ചെറിയ ആയത്തുകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതും അവയിലുണ്ട്. ആ സ്ഥിതിക്ക് അതുപോലെ ഒരു ചെറിയ സൂറത്തെങ്കിലും കൊണ്ടു വന്നാല്‍ ഈ വെല്ലുവിളിയെ നേരിട്ടതായി അവര്‍ക്ക് അഹങ്കരിക്കാമായിരുന്നു. അല്ലാഹുവിനെ മാത്രം കൂട്ടുവിളിക്കാതിരുന്നാല്‍ മതി – അവനു പുറമെ മനുഷ്യരെയും ജിന്നു വര്‍ഗത്തെയുമെല്ലാം തന്നെ കൂട്ടിനും സഹായത്തിനും വിളിക്കാം – എന്നുകൂടി അനുവദിച്ചുകൊടുത്തു. അവരുടെ നിഷേധത്തിന് ന്യായത്തിന്റെ വല്ല കണികയുമുണ്ടെങ്കില്‍ അത് വെളിച്ചത്തുവരട്ടെ. അതൊന്നു ചെയ്തുനോക്കാന്‍ പലവട്ടം – കൊല്ലങ്ങളോളം തന്നെ – ആഹ്വാനം ചെയ്തു. അവരുടെ മറുപടിക്കൊന്നും കാത്തിരിക്കാതെ അര്‍ത്ഥശങ്കക്കിടമില്ലാത്ത ഭാഷയില്‍ അല്ലാഹു അതാ തീര്‍ത്തു പറയുന്നു: ഒരു കാലത്തും നിങ്ങള്‍ അത് ചെയ്കയില്ല – നിങ്ങള്‍ക്കതിന് സാധ്യമല്ല – എന്ന്!.

ഇതൊക്കെ ആയിട്ടും അക്കാലത്തോ, അന്നുതൊട്ട് ഇന്നേവരെയോ വെല്ലുവിളി നേരിടുവാന്‍ യാതൊരാളും ധൈര്യപ്പെട്ടിറങ്ങിയതായി ചരിത്രമില്ല. കാലാവസാനംവരെ ഈ വെല്ലുവിളി മുസ്‍ഹഫിന്റെ താളുകളില്‍ അതേപടി അവശേഷിക്കുകതന്നെ ചെയ്യും. അറബി സാഹിത്യത്തിന്റെ പരമകാഷ്ഠ പ്രാപിച്ചവരെന്ന് പ്രസിദ്ധി നേടിയ എത്രയോ സാഹിത്യപടുക്കള്‍ അന്നും പിന്നെയും ഉണ്ടായിട്ടുണ്ട്. ഏതാനും പേര്‍ ഒത്ത്‌ ചേര്‍ന്ന് ഒരു സംഘടിത ശ്രമം അതിനു വേണ്ടി നടത്തി നോക്കിയതായും അറിയെപ്പടുന്നില്ല. വാസ്തവത്തില്‍, ക്വുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നതിന് ഈ വചനത്തില്‍ രണ്ടു തെളിവുകള്‍ അടങ്ങിയിട്ടുള്ളതായി കാണാവുന്നതാണ്. ഈ വെല്ലുവിളിയെ വെല്ലുവാന്‍ ആര്‍ക്കും കഴിയാത്തതും, അതിന് ഒരിക്കലും കഴിയുകയില്ലെന്ന് ഖണ്ഡിതമായി മുന്‍കൂട്ടി പ്രവചിച്ചതും.

ക്വുര്‍ആന്‍റെ അമാനുഷികത കാരണമാണ് അതുപോലെയുള്ള ഒരു ഗ്രന്ഥമൊ അദ്ധ്യായമോ കൊണ്ടു വരുവാന്‍ ആര്‍ക്കും കഴിയാത്തതെന്ന് പറയേണ്ടതില്ല. ഈ അമാനുഷികത അതിന്റെ ഏത് തുറയിലാണുള്ളത്? ഈ വിഷയത്തില്‍ പലരും പലതും പറഞ്ഞുകാണാമെങ്കിലും അതിന്‍റെ ഭാഷാ സാഹിത്യശൈലികളിലും, ആശയങ്ങളിലും, തത്വസിദ്ധാന്തങ്ങളിലും, പ്രതിപാദനങ്ങളിലുമെല്ലാം തന്നെ അത് വ്യാപിച്ചു കിടക്കുന്നുവെന്നതാണ് പരമാര്‍ത്ഥം. ഇവയില്‍ ഏതെങ്കിലും ഒരു തുറയില്‍പോലും അതിനോട് തികച്ചും കിടയൊക്കുന്നതെന്ന് അംഗീകരിക്കപ്പെട്ട ഒരു ഗ്രന്ഥവും ഇത് വരെയുണ്ടായിട്ടില്ല. മനുഷ്യകൃതികളായ ഗ്രന്ഥങ്ങളില്‍ മാത്രമല്ല, മുന്‍ വേദഗ്രന്ഥങ്ങളില്‍ പോലും ക്വുര്‍ആനെപ്പോലെ ഒരു ഗ്രന്ഥമുണ്ടായിട്ടില്ല. അതു കൊണ്ടാണ് നബി തിരുമേനി (സ്വ) യുടെ സത്യതക്കുള്ള നിത്യ ദൃഷ്ടാന്തമായി ക്വുര്‍ആന്‍ നിലകൊള്ളുന്നതും. നബി (സ്വ) പറയുന്നു: ‘മനുഷ്യര്‍ക്ക് വിശ്വസിക്കുവാന്‍ വേണ്ടത്ര ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാത്ത ഒരു പ്രവാചകനും ഇല്ല. എനിക്ക് നല്‍കപ്പെട്ടിട്ടുള്ളത് അല്ലാഹു എനിക്ക് നല്‍കിയ വഹ്‌യ് (ദിവ്യബോധനം) തന്നെയാണ്. അതിനാല്‍, ക്വിയാമത്തുനാളില്‍ ഞാന്‍ അവരെക്കാള്‍ അനുയായികള്‍ അധികമുള്ളവനായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’. (ബുഖാരി. മുസ്‍‍ലിം)

ക്വുര്‍ആന് തുല്യമായ ഒരു ഗ്രന്ഥമല്ലെങ്കില്‍ അതിലെ അദ്ധ്യായംപോലെ ഒരദ്ധ്യായമെങ്കിലും കൊണ്ടു വരാന്‍ സാധ്യമല്ലെന്നു ബോദ്ധ്യമായിട്ടു പിന്നെയും അതില്‍ വിശ്വസിക്കാത്തപക്ഷം, അത് മര്‍ക്കടമുഷ്ടിയും അഹങ്കാരവും മാത്രമാണെന്ന് സ്പഷ്ടമാണല്ലോ. അതുകൊണ്ടാണ് അങ്ങിനെ ചെയ്യാത്തപക്ഷം നരകത്തെ സൂക്ഷിച്ചുകൊള്ളണമെന്നും, അതില്‍ കത്തിക്കപ്പെടുന്ന ഇന്ധനം മനുഷ്യരും, കല്ലുകളുമാണെന്നും, അത് ഇത്തരം അവിശ്വാസികള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതാണെന്നുമൊക്കെ അവരെ വളരെ ശക്തിയായി താക്കീത് ചെയ്യുന്നത്.


അവലംബം: സൂറഃ അൽ ബക്വറ വ്യാഖ്യാനങ്ങളില്‍ നിന്നും സംഗ്രഹിച്ചത്

0
0
0
s2sdefault