ക്വുര്‍ആനും വേദക്കാരും അഥവാ യഹൂദരും ക്രിസ്ത്യാനികളും

അവലംബം: വിശുദ്ധ ക്വുര്‍ആന്‍ വിവരണം, അമാനി മൌലവി

Last Update: 2023 January 05

മുശ്‌രിക്കുകളുടെ കേന്ദ്രം മക്കയാണല്ലോ. മദീനയില്‍ ഇസ്‌ലാമിന് പുതുതായി നേരിടേണ്ടി വന്നത് വേദക്കാരായ യഹൂദരെയും, ക്രിസ്ത്യാനികളെയുമായിരുന്നു. തൗറാത്തിന്റെയും മൂസാ നബി(അ)യുടെയും അനുയായികളാണ് യഹൂദികള്‍, അഥവാ ജൂതന്മാര്‍. തൗറാത്തിന്റെ അധ്യാപനങ്ങളും അവരും തമ്മിലുള്ള ബന്ധം നാമമാത്രമായി അവശേഷിച്ചിരിക്കുകയായിരുന്നു. അതിന്റെ അധ്യാപനങ്ങള്‍ മാത്രമല്ല, അതിലെ വചനങ്ങള്‍ പോലും അവരുടെ കൈകടത്തലിനു പാത്രമായിരുന്നു. എന്നുവെച്ചാല്‍ തൗറാത്തിന്റെ പരിഭാഷയിലും, ഉദ്ധരണിയിലും, വ്യാഖ്യാനത്തിലും അവര്‍ കൃത്രിമങ്ങള്‍ നടത്തിയിരുന്നു. ഇതുവഴി, തൗറാത്തില്‍ ഇല്ലാത്ത ചിലത് അതില്‍ കൂട്ടിച്ചേര്‍ക്കലും, ഉള്ള ചിലത് മൂടിവെക്കലും അവരുടെ സ്വഭാവമായിരുന്നു. പ്രവാചകത്വവും, പരലോക മോക്ഷവും അവരുടെ കുത്തകാവകാശമായി അവര്‍ വാദിച്ചിരുന്നു. കവിഞ്ഞ പക്ഷം ഒരു ജൂതന്‍ 40 ദിവസത്തിലധികം നരകത്തില്‍ താമസിക്കേണ്ടി വരികയില്ലെന്നും, തങ്ങള്‍ ദൈവസന്താനങ്ങളും അവന്റെ ഇഷ്ടക്കാരുമാണെന്നുമായിരുന്നു അവരുടെ വാദം. പ്രവാചകന്മാരില്‍ അധികപേരും ഇസ്‌റാഈല്യരില്‍ നിന്നാണെന്ന വസ്തുത അവരുടെ ധാരണക്കു ശക്തികൂട്ടി. മൂസാ നബി(അ)ക്കു ശേഷം അവരില്‍ കഴിഞ്ഞുപോയ ദീര്‍ഘമായ കാലഘട്ടത്തില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടെയിരുന്ന ആ ദുഷ്‌ചെയ്തികള്‍ മറ്റേതൊരു സമുദായത്തെക്കാളും അവരെ അധഃപതിപ്പിച്ചു കളഞ്ഞു. അതിയായ ലുബ്ധത, ധനമോഹം, വഞ്ചന, അസൂയ മുതലായവ അവരുടെ ചില പ്രത്യേകതകളായിരുന്നുതാനും.

ദൈവവാക്യങ്ങളെക്കാളും അവര്‍ പ്രാധാന്യം കല്‍പിച്ചുവന്നത് അവരിലുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കാണ്. പണ്ഡിതന്മാരാകട്ടെ, സ്വാര്‍ത്ഥത്തിനും, കാര്യലാഭത്തിനും വേണ്ടി എന്തു ചെയ്‌വാനും മടിയില്ലാത്തവണ്ണം ദുഷിച്ചുപോയിരുന്നു. വാസ്തവത്തില്‍ ഈസാ നബി(അ)യില്‍ യഹൂദര്‍ വിശ്വസിക്കാതിരുന്നതുതന്നെ, പണ്ഡിതവര്‍ഗത്തിന്റെ ദുഷ്‌പ്രേരണകള്‍ മൂലമായിരുന്നു. വേദഗ്രന്ഥത്തിലെ വാക്യങ്ങള്‍ മാറ്റിമറിച്ചും, അതിന്റെ പേരില്‍ കളവ് കെട്ടിച്ചമച്ചും, ജനഹിതമനുസരിച്ച് മത വിധികളുണ്ടാക്കിയും അവര്‍ മുതലെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഇന്നത്തെ മുസ്‌ലിം പാമര ജനങ്ങളെയും, അവരെ തൃപ്തിപ്പെടുത്തിക്കൊണ്ട് സ്വന്തം താല്പര്യങ്ങള്‍ നേടുന്ന പണ്ഡിതന്മാരെയും കുറിച്ച് ആലോചിച്ചാല്‍, അന്നത്തെ യഹൂദരുടെ സ്ഥിതിഗതികളെപ്പറ്റി ഏതാണ്ടൊന്ന് അനുമാനിക്കാം. ‘വേദക്കാര്‍ തങ്ങളുടെ പണ്ഡിതന്മാരെയും, പുരോഹിതന്മാരെയും അല്ലാഹുവിനു പുറമെ റബ്ബു കളാക്കി' (തൗബ: 31) എന്ന ക്വുര്‍ആന്‍ വചനത്തെപ്പറ്റി അദിയ്യുബ്‌നു ഹാതിം (റ) നബി(സ്വ)യോട് ചോദിച്ചപ്പോള്‍, തിരുമേനി പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: ‘അല്ലാഹു അനുവദിച്ചതിനെ ആ പണ്ഡിതന്മാര്‍ അവര്‍ക്ക് നിഷിദ്ധമാക്കികൊടുത്തു, അതവര്‍ നിഷിദ്ധമായി സ്വീകരിക്കുകയും ചെയ്തു, അല്ലാഹു നിഷിദ്ധമാക്കിയതിനെ അവര്‍ അനുവദനീയമാക്കികൊടുത്തു, അതവര്‍ അനുവദനീയമായി കരുതുകയും ചെയ്തു’ (ബുഖാരി). മുസ്‌ലിം സമുദായത്തിന്റെ അധഃപതനത്തിനുള്ള ഒരു മുഖ്യകാരണവും ഇതുതന്നെയാണല്ലോ.

മുന്‍വേദങ്ങളുടെ കൂട്ടത്തില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന ഗ്രന്ഥമത്രെ തൗറാത്ത്. കര്‍മപരമായ ജീവിത ക്രമങ്ങളും, അനുഷ്ഠാന മുറകളും അതില്‍ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. നിയമസംഹിത എന്നനിലക്ക് ഈസാ നബി(അ)യും അനുയായികളും ആ ഗ്രന്ഥം അംഗീകരിക്കുവാന്‍ ബാധ്യസ്ഥരായിരുന്നു. ആകയാല്‍ ഇനിയൊരു പ്രവാചകനും വേദഗ്രന്ഥവും ആവശ്യമില്ലെന്നാണ് യഹൂദികള്‍ ധരിച്ചുവശായിരുന്നത്. എന്നാല്‍ അക്കാലത്തേക്കും ആ ജനതക്കും വേണ്ടിയുള്ളതായിരുന്നു ആ നിയമസംഹിതയെന്നും, കാലാവസാനംവരെയുളള സകല ജനവിഭാഗങ്ങള്‍ക്കും പറ്റിയ മറ്റൊരു പരിപൂര്‍ണ നിയമസംഹിത ആവശ്യമായിരുന്നുവെന്നും, അതാണ് വിശുദ്ധ ക്വുര്‍ആന്‍ എന്നും അവര്‍ മനസ്സിലാക്കിയില്ല. അഥവാ ഈ പരമാര്‍ത്ഥം സമ്മതിക്കുവാന്‍ അവര്‍ തയ്യാറായില്ല ക്വുര്‍ആനാണെങ്കില്‍ തൗറാത്തിനെ ഒരിക്കലും നിഷേധിക്കുകയല്ല – അതിനെ സത്യപ്പെടുത്തുകയും, ബലപ്പെടുത്തുകയുമാണ്- ചെയ്യുന്നത്. പക്ഷേ, താല്‍കാലികങ്ങളായിരുന്ന അതിലെ ചില നിയമങ്ങളെ പരിഷ്‌കരിക്കുകയും, പോരാത്തത് കൂട്ടിചേര്‍ക്കുകയും ചെയ്തുകൊണ്ടുള്ള ഒരു പരിപൂര്‍ണ നിയമ സംഹിത ലോകത്തിന് പ്രദാനം ചെയ്തിരിക്കുകയാണ് ക്വുര്‍ആന്‍. തൗറാത്തിലെ പല നിയമങ്ങളും, തത്വങ്ങളും അത് അപ്പടി സ്ഥിരപ്പെടുത്തിയിട്ടുമുണ്ട്.

മേല്‍പറഞ്ഞതിനു പുറമെ, മുഹമ്മദ് നബി തിരുമേനി(സ്വ), ഇസ്മാഈല്‍ നബി(അ)യുടെ സന്താന പരമ്പരയില്‍ ജനിച്ച ആളായതും -അവരുടെ വര്‍ഗ പിതാവായ ഇസ്ഹാക്വ് നബി(അ)യുടെ സന്താനപരമ്പരയില്‍പെട്ട ആളല്ലാതിരുന്നതും- നബി(സ്വ)യില്‍ വിശ്വസിക്കുന്നതുമൂലം തങ്ങളുടെ -അടിസ്ഥാനരഹിതങ്ങളായ- പാരമ്പര്യ നടപടികള്‍ക്കും, നേതൃത്വങ്ങള്‍ക്കും കോട്ടം തട്ടുമെന്ന ഭയവും നബി(സ്വ)യെ നിഷേധിക്കുവാന്‍ യഹൂദന്മാരെ പ്രേരിപ്പിച്ചു. ഈ നിഷേധത്തെ ന്യായീകരിക്കാന്‍ വേണ്ടി, തൗറാത്തിന്റെ പല ഭാഗങ്ങളും അവര്‍ പൂഴ്ത്തിവെക്കുകയും, ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്തു. നബി(സ്വ)യുടെ ആഗമനത്തെ സംബന്ധിച്ചുള്ള പ്രവചനങ്ങളും സൂചനകളുമാണ് ഇതിന് കൂടുതല്‍ ഇരയായത്.

യഹൂദരുടെ മിക്ക ദോഷങ്ങളും ക്രിസ്ത്യാനികളിലും ഉണ്ടായിരുന്നു. ഈസാ നബി(അ)ക്ക് ദിവ്യത്വം കല്‍പ്പിച്ചതും, ആ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കപ്പെട്ട മറ്റു പല അന്ധവിശ്വാസങ്ങളും കഴിച്ചാല്‍, താരതമ്യേന യഹൂദരെക്കാള്‍ ഭേദമായിരുന്നു ക്രിസ്ത്യാനികള്‍. ഈസാ(അ) ദൈവപുത്രനാണെന്നാണ് പൊതുവിലുള്ള ക്രിസ്തീയവാദം. ഇതുവഴി, അല്ലാഹുവിന്റെ പരമപരിശുദ്ധവും, സൃഷ്ടികളുമായി തെല്ലും സാമ്യമില്ലാത്തതുമായ ഉല്‍കൃഷ്ട ഗുണങ്ങളെ കളങ്കപ്പെടുത്തുകയും, അല്ലാഹുവിനെ സൃഷ്ടി സമാനമാക്കുകയുമാണ് ക്രിസ്ത്യാനികള്‍ ചെയ്യുന്നത്. ഇത് അങ്ങേയറ്റം നീചവും നികൃഷ്ടവുമായ ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ. മൂസാ(അ) ദൈവമാണെന്നോ, ദൈവപുത്രനാണെന്നോ യഹൂദികള്‍ പറയുന്നില്ല. പക്ഷേ, ഉസൈര്‍ ദൈവപുത്രനാണെന്ന വാദം അവരിലും ഉണ്ടായിരുന്നു. അതോടൊപ്പം ഈസാ നബി(അ) വ്യഭിചാരപുത്രനെന്നും, ആഭിചാരിയെന്നും യഹൂദര്‍ മുദ്രകുത്തുകയും ചെയ്തിരുന്നു.

ക്രിസ്തീയ മതത്തിന്റെ പ്രധാന സിദ്ധാന്തം ത്രിയേകത്വ സിദ്ധാന്തമാകുന്നു. അതായത് പിതാവും (ദൈവവും), പുത്രനും (ഈസായും) പരിശുദ്ധാത്മാവും (റൂഹുല്‍ ക്വുദ്‌സും) ചേര്‍ന്നതാണ് സാക്ഷാല്‍ ദൈവം. മൂന്നും കൂടി ഒന്നാണുതാനും എന്നിങ്ങനെയുള്ള വിശ്വാസം... ഇതനുസരിച്ച് ഈസാ(അ) മനുഷ്യനാണെങ്കിലും അതേസമയം തന്നെ അദ്ദേഹം ദൈവപുത്രനുമാണ്. മറ്റൊരു നിലക്ക് സാക്ഷാല്‍ ദൈവവും. ഇതാണ് അവരുടെ വാദം. ഇന്‍ജീലിന്റെ ചില പ്രയോഗങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തും, ഇന്‍ജീലുകളെന്ന (സുവിശേഷങ്ങളെന്ന) പേരില്‍ പില്‍കാലത്തു എഴുതിയുണ്ടാക്കപ്പെട്ട ചില ഗ്രന്ഥങ്ങളെ ആസ്പദമാക്കിയും ഇവര്‍ ഈ വാദത്തെ ന്യായീകരിക്കുന്നു. ഈസാ നബി(അ)യിലുള്ള വിശ്വാസം ഇവരില്‍ അതിരു കവിഞ്ഞുപോയിരിക്കുകയാണെന്ന് വ്യക്തമാണ്. ഇതുപോലെയുള്ള ചില അന്ധവിശ്വാസങ്ങള്‍, ചില ‘ശൈഖന്മാരെ’യും ‘ഔലിയാ’ക്കളെയും സംബന്ധിച്ച് ചില പാമര മുസ്‌ലിംകള്‍ക്കിടയിലും കടന്നുകൂടിയിട്ടുണ്ട്. ‘നിങ്ങള്‍ക്കു മുമ്പുള്ളവരുടെ -വേദക്കാരുടെ-മാര്‍ഗങ്ങളെ മുഴത്തിനു മുഴമായും, ചാണിനു ചാണായും, നിങ്ങളും പിന്‍പറ്റുന്നതാണ്’ എന്ന് നബി (സ്വ) പ്രവചനം ചെയ്തിട്ടുള്ളത് സ്മരണീയമാകുന്നു. ഈ ക്രിസ്തീയ മൂലസിദ്ധാന്തം അംഗീകരിക്കുന്നതിനു പകരം അങ്ങേയറ്റം ആക്ഷേപിക്കുകയാണല്ലോ ക്വുര്‍ആന്‍ ചെയ്തത്. അതുകൊണ്ടും, മുഹമ്മദ് (സ്വ) ഇസ്‌റാഈല്‍ വര്‍ഗത്തില്‍പ്പെട്ട ആളല്ലാത്തതുകൊണ്ടും ക്രിസ്ത്യാനികളും ക്വുര്‍ആന്റെ വൈരികളായി. തൗറാത്തിലെ പ്രവചനങ്ങളെപ്പറ്റി യഹൂദര്‍ ചെയ്തതുപോലെത്തന്നെ നബി (സ്വ)യുടെ വരവിനെക്കുറിച്ച് ഇന്‍ജീലിലുള്ള പ്രവചനങ്ങളെ ഇരുവിഭാഗവും അന്യഥാ വ്യാഖ്യാനിച്ചു തൃപ്തിയടഞ്ഞു.

തോന്നിയവാസത്തിലും ദുര്‍നടപ്പിലും ദീര്‍ഘകാല പാരമ്പര്യം യഹൂദര്‍ക്കായിരുന്നതുകൊണ്ട് ക്വുര്‍ആനിനോടുള്ള ശത്രുതയില്‍ കൂടുതല്‍ കാഠിന്യം പ്രത്യക്ഷപ്പെട്ടിരുന്നതും അവരില്‍നിന്നായിരുന്നു. ഈ വസ്തുത ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സത്യവിശ്വാസികളോട് ഏറ്റവും കഠിനമായ ശത്രുതയുള്ളത് യഹൂദര്‍ക്കും, മുശ്‌രിക്കുകള്‍ക്കുമാണെന്നും ക്രിസ്ത്യാനികളാണ് സത്യവിശ്വാസികളോട് കൂടുതല്‍ താല്‍പര്യബന്ധമുള്ളവരെന്നും (സുറ: മാഇദഃ 85ല്‍) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഇരുകൂട്ടരോടും ക്വുര്‍ആന്‍ കൈക്കൊണ്ട നയം ചുരുക്കത്തില്‍ ഇങ്ങിനെ വിവരിക്കാം:

1). അവരില്‍ സത്യഭ്രംശം വന്നുപോയിട്ടുള്ള മാര്‍ഗങ്ങളെ ക്വുര്‍ആന്‍ ചൂണ്ടിക്കാട്ടി.

2). വേദഗ്രന്ഥങ്ങളില്‍ അവര്‍ ഒളിച്ചു വെച്ച പല ഭാഗവും അത് വെളിപ്പെടുത്തി.

3). അവര്‍ ഒരു റസൂലിന്റെ വരവ് കാത്തിരിക്കുകയായിരുന്നുവെന്നും, ആ റസൂല്‍ വന്നു കഴിഞ്ഞപ്പോള്‍ അസൂയയും അഹന്തയും നിമിത്തം അവര്‍ നിഷേധിക്കുകയാണ് ചെയ്തതെന്നും തുറന്നുകാട്ടി.

4). തങ്ങളുടെ വേദഗ്രന്ഥം യഥാര്‍ത്ഥ രൂപത്തില്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ക്വുര്‍ആനിലും നബിയിലും അവര്‍ വിശ്വസിക്കാതിരിക്കുവാന്‍ നിര്‍വ്വാഹമില്ലായിരുന്നുവെന്നു തെളിയിച്ചു. പലപ്പോഴും, അവരുടെ വേദഗ്രന്ഥങ്ങളില്‍ നിന്ന് തന്നെ അവരുടെ അബദ്ധങ്ങള്‍ തെളിയിച്ചു കൊടുത്തു.

5). മോക്ഷവും വിജയവും ഒരു ജനതയുടെയോ, വര്‍ഗത്തിന്റെയോ പ്രത്യേക അവകാശമല്ലെന്നും, സത്യവിശ്വാസവും സല്‍ക്കര്‍മവും സ്വീകരിക്കുന്നവര്‍ ആരൊക്കെ യാണോ അവര്‍ക്കെല്ലാം മോക്ഷവും, രക്ഷയും ഉണ്ടെന്നും അത് വിളംബരം ചെയ്തു.

6). അതുപോലെത്തന്നെ, പ്രവാചകത്വവും ഒരു വര്‍ഗത്തിന്റെയും കുത്തകയല്ല, അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് അവന്‍ കൊടുക്കുന്ന അനുഗ്രഹമാണത് എന്ന് ഉല്‍ബോധിപ്പിച്ചു.

7). ഒരു പ്രവാചകന്‍ നിയോഗിക്കപ്പെട്ടാല്‍, മുന്‍പ്രവാചകന്മാരുടെ സമുദായത്തില്‍ നിലവിലുള്ളവരെല്ലാം ആ പ്രവാചകനില്‍ വിശ്വസിക്കേതുണ്ട്. പ്രവാചകന്മാരുടെയെല്ലാം പ്രബോധന സിദ്ധാന്തങ്ങള്‍ ഒന്നു തന്നെയാണ്. അനുഷ്ഠാനപരമായ നടപടികളില്‍ മാത്രമേ ചില വ്യത്യാസങ്ങളുണ്ടായിരിക്കുകയുള്ളൂ. അല്ലാഹുവിനെയല്ലാതെ റബ്ബും ഇലാഹും ആക്കാന്‍ പാടില്ല. പ്രവാചകന്മാരടക്കമുള്ള എല്ലാവരും അവന്റെ അടിമകളാകുന്നു, എന്നിങ്ങനെയുള്ള പരമാര്‍ത്ഥങ്ങള്‍ ക്വുര്‍ആന്‍ അവരുടെ മുമ്പില്‍ വെച്ചു.

8). മുന്‍വേദങ്ങളിലൊന്നിനെയും ക്വുര്‍ആന്‍ നിരാകരിക്കുന്നില്ല, മറിച്ച് എല്ലാറ്റിനെയും സത്യപ്പെടുത്തുകയും അവയിലെല്ലാം വിശ്വസിക്കണമെന്ന് ശാസിക്കുകയുമാണ് ചെയ്യുന്നത്. പക്ഷേ, എന്നെന്നേക്കും നിലനില്‍ക്കത്തക്ക ഒരു പരിപൂര്‍ണ നിയമസംഹിതയും, മനുഷ്യപുരോഗതിയുടെ എല്ലാ കാലഘട്ടങ്ങള്‍ക്കും ഒത്തിണങ്ങുന്ന വേദഗ്രന്ഥവും ആയിരിക്കുവാന്‍ അവകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടില്ലായിരുന്നു. ആ സ്ഥാനം ക്വുര്‍ആനിന്നാണുള്ളത് എന്നൊക്കെ അത് പ്രഖ്യാപിച്ചു.

0
0
0
s2sdefault