ഇസ്‌ലാമിലെ സ്ത്രീകൾ: അടിച്ചമർത്തലോ വിമോചനമോ?

By: Aisha Stacey

Last Update: 2023 July 23 1445 Muharram 04

ഹിജാബ് നല്‍കുന്ന ആശയം നേടിത്തരുന്ന വിമോചനത്തെക്കുറിച്ച് ലോകത്തിന്‍റെ എല്ലാ കോണുകളിലുമുള്ള മുസ്ലീം സ്ത്രീകൾ നൂറ്റാണ്ടുകളായി ബോധവതികളാണ്. സമകാലിക ലോക സംഭവങ്ങൾ ഇസ്‌ലാമിലെ സ്ത്രീ വിമോചനത്തിന്‍റ വിഷയം വീണ്ടും ആളുകളുടെ മനസ്സിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

ഹിജാബ് മുറുകെ പിടിക്കുന്ന ഒരു സ്ത്രീക്ക് മോചനം ലഭിക്കുമോ?

സദാചാരം വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് കരുതുന്ന ഒരു മതത്തിന് സ്ത്രീപുരുഷ സമത്വവും അവരുടെ അവകാശങ്ങളും കടമകളും വ്യക്തമായി നിർവചിക്കാനാകുമോ? ഉത്തരം "അതെ" എന്നതാണ്. ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങൾ മുസ്‌ലിംകളില്‍പെട്ട ചിലരും അമുസ്‌ലിംകളും ഒരുപോലെ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലത്ത്, ഇസ്‌ലാമിനെ വിലയിരുത്തുമ്പോൾ നാം കൂടുതല്‍ ജാഗ്രത പാലിക്കണം.

ഇസ്‍ലാമിനെ കുറിച്ച് മാധ്യമങ്ങൾ വരച്ചുകാട്ടുന്ന പൊതുചിത്രം പക്ഷപാതപരവും അടിസ്ഥാനരഹിതവുമാണ്. ചില മുസ്‍ലിംകൾ ലോകത്തിന് നൽകുന്ന മതിപ്പ് പലപ്പോഴും മതത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല. ഇസ്‌ലാം, എല്ലാ സ്ഥലങ്ങളിലും സമയങ്ങളിലും എല്ലാ ആളുകൾക്കുമുള്ള മതമാണ്, അത് സ്ത്രീപുരുഷ സമത്വത്തെ വളരെ ഗൗരവമായി കാണുന്നു. സ്ത്രീകളുടെ വിമോചനം അത്യന്താപേക്ഷിതമായി കാണുകയും പാതിവ്രത്യം, സത്‍സ്വഭാവം, പെരുമാറ്റം എന്നിവ അത്തരം വിമോചനത്തിനുള്ള മാർഗമായി കണക്കാക്കുകയും ചെയ്യുന്നു.

മിക്കപ്പോഴും, ഒരു മൂടുപടമുള്ള സ്ത്രീയുടെ ചിത്രം ഭൂരിഭാഗവും അടിച്ചമർത്തലായി വീക്ഷിക്കുന്നതിനെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു. അവളുടെ അസ്തിത്വം വിവരിച്ചിരിക്കുന്നത് തന്നെ അജ്ഞതയെയും അസന്തുഷ്ടിയെയും അറിയിക്കാനാണ്. ഇസ്‌ലാമിലെ സ്ത്രീകൾക്ക് യാതൊരു അവകാശവുമില്ലെന്ന് വായനക്കാരെ ബോധ്യപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് പാശ്ചാത്യ മാധ്യമങ്ങൾ. പത്തൊൻപതാം നൂറ്റാണ്ടിൽ, ടി.ഇ. ലോറൻസ് അറേബ്യയിലെ സ്ത്രീകളെ "death taking a walk” എന്ന് വിശേഷിപ്പിച്ചു, അന്നുമുതൽ ഇസ്ലാമിലെ സ്ത്രീകളുടെ യഥാർത്ഥ നില തെറ്റിദ്ധാരണയാൽ മൂടപ്പെട്ടിരിക്കുന്നു. സ്ത്രീകളെയും ഇസ്ലാമിനെയും കുറിച്ചുള്ള സത്യം ഈ മെലോഡ്രാമാറ്റിക് ചിത്രീകരണത്തിൽ നിന്ന് വളരെ അകലെയാണ്.

1,400 വർഷങ്ങൾക്ക് മുമ്പ്, ഇസ്‌ലാം സ്ത്രീകളുടെ പദവിയെ അടിച്ചമർത്തലിന്‍റെ സ്ഥാനത്തുനിന്നും വിമോചനത്തിന്‍റെയും സമത്വത്തിന്‍റെയും സ്ഥാനത്തേക്ക് ഉയർത്തി. സ്ത്രീകളെ സ്വത്തുക്കളായി കണക്കാക്കിയിരുന്ന ഒരു കാലഘട്ടത്തിൽ, ഇസ്ലാം സ്ത്രീകളെ മാന്യമായ നിലയിലേക്ക് പരിവര്‍ത്തിപ്പിച്ചു.

ഇസ്‌ലാം സ്ത്രീകൾക്ക് ഉറപ്പുനൽകുന്ന യഥാർത്ഥവും ശാശ്വതവുമായ വിമോചനത്തെക്കുറിച്ചുള്ള യഥാർത്ഥ ഉൾക്കാഴ്ച ലഭിക്കുന്നതിന്, നാം ആദ്യം പാശ്ചാത്യർ വീക്ഷിക്കുന്ന വിമോചനത്തിന്‍റെ ആശയം പരിശോധിക്കേണ്ടതുണ്ട്. വിമോചനത്തിന്‍റെ പേരില്‍ പരിധിയില്ലാത്ത സ്വാതന്ത്ര്യം ഉൾക്കൊള്ളുന്ന പാശ്ചാത്യ രാജ്യങ്ങളിൽ, പല സ്ത്രീകളും യഥാർത്ഥത്തിൽ തൃപ്തികരമല്ലാത്തതും അർത്ഥശൂന്യവുമായ ജീവിതം നയിക്കുകയാണ്. വിമോചനത്തിനായുള്ള അന്വേഷണത്തിൽ, അവർ ധാർമ്മികതയുടെയും സ്ഥിരതയുടെയും ആദർശങ്ങൾ ഉപേക്ഷിച്ച് യഥാർത്ഥ ജീവിതവുമായി ബന്ധമില്ലാത്ത സംബന്ധങ്ങളിലും ജീവിതരീതികളിലും അകപ്പെട്ടു.

പകൽ മുഴുവൻ പണിയെടുക്കുകയും രാത്രിയിൽ വീട്ടില്‍വന്നു ജോലി ചെയ്യുന്നതും എങ്ങനെയാണ് മോചനം ആകുന്നത്? പ്രസവശേഷം, ആറാഴ്ച പ്രായമുള്ള കുഞ്ഞിനെ സദാചാരവും ധാർമ്മികതയും പഠിപ്പിക്കാൻ ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ അപരിചിതരായവര്‍ക്ക് നല്‍കുന്നതിലൂടെ എന്ത് മോചനമാണ് ലഭിക്കുന്നത്? 6 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടികൾക്ക് ഭക്ഷണ ക്രമക്കേടുകൾ ഉണ്ടെന്ന് സ്ഥിരീകരിക്കുകയും, കൗമാരപ്രായത്തിലുള്ള ഗർഭധാരണം അവര്‍ക്കിടയില്‍ വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍, കുടുംബം വളർത്തുന്നതിനായി ഒരു സ്ത്രീ വീട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചാല്‍ അതെങ്ങനെ സ്ത്രീകളെ പഴമക്കാരും ജോലിയില്ലാത്തവരുമായി കാണാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകൾ വിമോചിതരാണ് എന്ന് പറയുമ്പോള്‍ അവർക്ക് സ്വാഭാവികമായ ജീവിതം തിരഞ്ഞെടുക്കാൻ ഇനി സ്വാതന്ത്ര്യമില്ല എന്നര്‍ത്ഥം. അവരുടെ യജമാനന്മാർ വാഗ്ദാനം ചെയ്യുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ സംസ്കാരത്തില്‍ നിന്ന് ആവശ്യമായ വിഭവം തിരഞ്ഞെടുക്കാൻ മാത്രമേ അവർക്ക് ഇനി സ്വാതന്ത്ര്യമുള്ളൂ. പടിഞ്ഞാറൻ വിമോചിത സ്ത്രീകൾ എന്ന് വിളിക്കപ്പെടുന്നവർ അവര്‍ക്ക് അടിമകളായി മാറിയിരിക്കുന്നു. സാമ്പത്തിക വ്യവസ്ഥയുടെ അടിമകൾ. ഫാഷൻ, സൗന്ദര്യ വ്യവസായങ്ങളുടെ അടിമകൾ, അവരെ ബുദ്ധിശൂന്യരായ യന്ത്രങ്ങളായി കാണുന്ന ഒരു പണാധിപത്യ മേല്‍കൊയ്മ സമൂഹത്തിന്‍റെ അടിമകൾ. അവര്‍ പറയുന്ന എന്തും അഭിലഷണീയമായി കാണാനും പണം സമ്പാദിക്കാനും ഷോപ്പുചെയ്യാനും അവരെയവര്‍ പഠിപ്പിച്ചു. അവൾക്ക് വിശാലമായ വീട്ടിൽ താമസിക്കാനും, അത്യാധുനിക ഡിസൈനർ വസ്ത്രങ്ങൾ ധരിക്കാനും, ആഡംബര കാർ ഓടിക്കാനും, ഏറ്റവും സവിശേഷവും ചെലവേറിയതുമായ സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കാനും അഭ്യസിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ ഇതൊക്കെയാണോ വിമോചനം?

ഇതാണോ വിമോചനം?

സ്ത്രീകളുടെ പ്രകൃതിപരമായ ചായ്‌വ് അവരുടെ പുരുഷന്മാരെ പ്രീതിപ്പെടുത്തുക, ആശ്വസിപ്പിക്കുക, പിന്തുണയ്ക്കുക എന്നതാണ്: അതവരുടെ ഭർത്താവോ പിതാവോ സഹോദരന്മാരോ അല്ലെങ്കിൽ പുത്രന്മാരോ ആകാം. പുരുഷന്മാരുടെ പ്രകൃതിപരമായ ചായ്‌വ് സ്ത്രീകളെ അവരുടെ ജീവിതത്തിൽ ഏറ്റവും നന്നായി സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ്: അതവരുടെ ഭാര്യമാരോ മാതാക്കളോ സഹോദരിമാരോ പെൺമക്കളോ ആകാം. ഇസ്‌ലാം, ഒരേയൊരു യഥാർത്ഥ മതവും ഒരിക്കലും തെറ്റുപറ്റാത്ത വഴികാട്ടിയുമാണെന്നിരിക്കെ, സത്രീ പുരുഷന്‍മാരില്‍ പ്രകടമാകുന്ന പ്രകൃതിപരമായ ഇത്തരം ചായ്‌വുകൾ നാം പിന്തുടരണമെന്ന് അത് ആവശ്യപ്പെടുന്നു. മനുഷ്യപ്രകൃതിക്ക് അന്തർലീനമായ അന്യമായ ആശയങ്ങൾ ഉപേക്ഷിക്കാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. വിശാലമായ മുസ്ലീം സമൂഹത്തിന്‍റെ ഭാഗമായി വ്യാപിക്കുന്ന പ്രകൃതിപരമായ കുടുംബബന്ധങ്ങൾ വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും നമ്മെ അത് പിന്തുണയ്ക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു.

ഒരു മുസ്ലീം സ്ത്രീക്ക് സമൂഹത്തിൽ അവളുടെ സ്ഥാനം അറിയാം, കുടുംബജീവിതത്തില്‍ അവളുടെ സ്ഥാനം അറിയാം. അവളുടെ മതമാണ് അവളുടെ പ്രഥമ പരിഗണന; അതിനാൽ, അവളുടെ പങ്ക് വ്യക്തവും അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ടതുമാണ്. ഒരു മുസ്ലീം സ്ത്രീ, അടിച്ചമർത്തപ്പെടുന്നതിൽ നിന്ന് വളരെ അകലെയാണ്, അവൾ ഒരു പുരുഷന്‍റെയോ ഏതെങ്കിലും സാമ്പത്തിക വ്യവസ്ഥയുടെയോ അടിമയല്ല; മറിച്ച് അവൾ ദൈവത്തിന്‍റെ അടിമയാണ്. ആത്മീയമായും സാമൂഹികമായും സാമ്പത്തികമായും സ്ത്രീകളുടെ അവകാശങ്ങളും കടമകളും ഇസ്‌ലാം വ്യക്തമായി നിർണ്ണയിച്ചിട്ടുണ്ട്. ഇസ്‌ലാമിന്‍റെ മാർഗനിർദേശങ്ങൾ ശക്തമാണ്; അവർ സ്ത്രീകളെ പ്രകൃതിപരവും ആദരണീയവുമായ സ്ഥാനത്തേക്ക് ഉയർത്തുകയാണ് ചെയ്യുന്നത്.

ഇസ്‌ലാമിലെ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾക്കായി പ്രതിഷേധിക്കുകയും പ്രകടനം നടത്തുകയും ചെയ്യേണ്ട ആവശ്യമില്ല. സമ്പത്തും പണവും സമ്പാദിച്ച് ലക്ഷ്യമില്ലാതെ ജീവിതം നയിക്കേണ്ട ആവശ്യമില്ല. പ്രകൃതിപരവും യഥാർത്ഥവുമായ മതം എന്ന നിലയിൽ ഇസ്‌ലാം പഠിപ്പിക്കുന്നത് സ്ത്രീയും പുരുഷനും തുല്യരാണ്, അവര്‍ പരസ്പരം പങ്കാളികളും സംരക്ഷകരുമാണ്.

“അപ്പോള്‍, അവരുടെ റബ്ബ് അവര്‍ക്ക് ഉത്തരം നല്‍കുകയായി: 'ആണോ, പെണ്ണോ ആകട്ടെ, നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവൃത്തി ഞാന്‍ പാഴാക്കിക്കളയുകയില്ല:- നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുള്ളവരാകുന്നു [എല്ലാവരും ഒരുപോലെത്തന്നെയാണ്]:- എന്നാല്‍, (സ്വരാജ്യം വിട്ട്) ഹിജ്‌റഃ പോകുകയും, തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ ഉപദ്രവിക്കപ്പെടുകയും, യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവര്‍. തീര്‍ച്ചയായും അവര്‍ക്ക് അവരുടെ തിന്മകളെ ഞാന്‍ മൂടിവെച്ച് (മാപ്പാക്കി) കൊടുക്കുകയും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും. (അതെ) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള പ്രതിഫലം. അല്ലാഹുവാകട്ടെ, അവന്‍റെ പക്കല്‍ നല്ല പ്രതിഫലം ഉണ്ടുതാനും.” (ക്വുര്‍ആന്‍ 3:195)

“ആണായോ, പെണ്ണായോ ഉള്ള ആരെങ്കിലും താന്‍ സത്യവിശ്വാസിയായും കൊണ്ട് സല്‍ക്കര്‍മങ്ങളില്‍ നിന്ന് (വല്ലതും) ചെയ്യുന്ന പക്ഷം, അക്കൂട്ടര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്, അവരോട് ഒട്ടും അനീതി ചെയ്യപ്പെടുകയുമില്ല.” (ക്വുര്‍ആന്‍ 4:124)

ഇസ്‌ലാമിലെ സ്ത്രീകൾക്ക് സ്വത്ത് സ്വന്തമാക്കാനും സ്വന്തം പണമോ അവർ സമ്പാദിക്കുന്ന പണമോ നിയന്ത്രിക്കാനും വാങ്ങാനും വിൽക്കാനും സമ്മാനങ്ങളും ദാനങ്ങളും നൽകാനും അവകാശമുണ്ട്. അവർക്ക് അനന്തരാവകാശത്തിന്‍റെ മുറപ്രകാരമായ അവകാശങ്ങളുണ്ട്. അവർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്; അറിവ് തേടലും സമ്പാദിക്കലും ആണായാലും പെണ്ണായാലും എല്ലാ മുസ്‍ലിംകളുടെയും ബാധ്യതയാണ്. വിവാഹിതരായ മുസ്ലീം സ്ത്രീകൾ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ബാധ്യതയിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രരാണ്, എന്നിട്ടും അവർക്കും വേണമെങ്കിൽ ജോലി ചെയ്യാം.

അവർ ഒരു തരത്തിലും വിവാഹത്തിന് നിർബന്ധിതരല്ല, അവർക്ക് അനുയോജ്യമെന്ന് തോന്നുന്ന ഒരു നിർദ്ദേശം സ്വീകരിക്കാനോ നിരസിക്കാനോ അവർക്ക് അവകാശമുണ്ട്. ഇസ്‌ലാമിലെ സ്ത്രീകൾക്ക് വിവാഹമോചനം തേടാനുള്ള അവകാശമുണ്ട്, അവരുടെ ദാമ്പത്യം സംരക്ഷിക്കാനുള്ള അവകാശമാണത്.

കുടുംബമാണ് സമൂഹത്തിന്‍റെ അടിത്തറ എന്ന് ഇസ്ലാം പഠിപ്പിക്കുന്നത്. പാശ്ചാത്യ സംസ്കാരങ്ങളിൽ, കുടുംബത്തിന്‍റെ തകർച്ചയാൽ സമൂഹത്തിന്‍റെ ഈ ഘടനയാണ് ശിഥിലമാകുന്നത്. അത്തരം സമൂഹങ്ങളിലാണ് സ്ത്രീ വിമോചനത്തിനുള്ള ആഹ്വാനമുയരുന്നത്. സുരക്ഷിതത്വത്തിന്‍റെയും നിര്‍ഭയത്വത്തിന്‍റെയും വഴി കണ്ടെത്താനുള്ള ദുർബ്ബലമായ ശ്രമമാണെന്ന് ഇവര്‍ ഇതുവഴി നടത്തുന്നത്. മനുഷ്യൻ ദൈവത്തിലേക്ക് തിരിയുകയും അവൻ അല്ലെങ്കിൽ അവൾ സൃഷ്ടിക്കപ്പെട്ട സ്വത്വത്തോടെയുളള യാഥാര്‍ത്ഥ്യം സ്വീകരിക്കുകയും ചെയ്യുമ്പോൾ മാത്രമേ അത്തരം സുരക്ഷിതത്വം സമൂഹത്തില്‍ അവര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുക.

വിമോചനത്തിലൂടെ സ്വാതന്ത്ര്യം അര്‍ത്ഥമാക്കുമ്പോള്‍ അത് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല. സ്വാതന്ത്ര്യം ഒരിക്കലും സ്വന്തം അല്ലെങ്കിൽ വിശാലമായ സമൂഹത്തിന്‍റെ ഔദാര്യത്തില്‍ ലഭിക്കേണ്ട ഒന്നല്ല. ഒരു സ്ത്രീ താൻ സൃഷ്ടിക്കപ്പെട്ട പങ്ക് സമൂഹത്തില്‍ നിറവേറ്റുമ്പോൾ, അവൾ വിമോചിതയാകുക മാത്രമല്ല, അവൾ ശാക്തീകരിക്കപ്പെടുക കൂടിയാണ് ചെയ്യുന്നത്. അതാണ് പ്രകൃതി ആവശ്യപ്പെടുന്നതും.

തെരുവിൽ കാണുന്ന മാന്യമായി വസ്ത്രം ധരിച്ച അല്ലെങ്കിൽ മൂടുപടം അണിഞ്ഞ സ്ത്രീ മോചിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് പറയാം. പാശ്ചാത്യ എതിരാളികള്‍ ബന്ധിച്ചിരിക്കുന്ന ചങ്ങലകളിൽ നിന്ന് അവൾ മോചിതയാണ്. പാശ്ചാത്യരുടെ സാമ്പത്തിക അടിമത്തത്തിൽ നിന്ന് അവൾ മോചിതയായി, ഭർത്താവിന്‍റെ പിന്തുണയോ വിശാലമായ സമൂഹത്തിന്‍റെ സഹായമോ ഇല്ലാതെ ഒരു വീടും കുടുംബവും കൈകാര്യം ചെയ്യേണ്ടതിന്‍റെ ആവശ്യകതയിൽ നിന്നാണ് അവൾ മോചനം നേടിയത്. ദൈവിക മാർഗനിർദേശങ്ങളെ അടിസ്ഥാനമാക്കി അവൾ അവളുടെ ജീവിതം നയിക്കുന്നു; അവളുടെ ജീവിതം സമാധാനവും സന്തോഷവും കരുത്തും നിറഞ്ഞതാണ്. അവൾ ലോകത്തെ ഭയപ്പെടുന്നില്ല, മറിച്ച് അതിന്‍റെ പരീക്ഷണങ്ങളെ ക്ഷമയോടും ധൈര്യത്തോടും കൂടി ഉൾക്കൊള്ളാന്‍ അവരെ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്.

അടിച്ചമർത്തൽ നിർവചിക്കപ്പെടുന്നത് ഒരു പദാർത്ഥം കൊണ്ടല്ല, മറിച്ച് ഹൃദയത്തെ വേദനിപ്പിക്കുകയും മനസ്സിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയെ വിശദീകരിച്ചുകൊണ്ടാണ്. തകരുന്ന ഒരു സമൂഹത്തിൽ അടിച്ചമർത്തൽ വളരുന്നു, കാരണം അതിലെ അംഗങ്ങൾക്ക് അവരുടെ അസ്തിത്വത്തിന്‍റെ യഥാർത്ഥ ജീവിതലക്ഷ്യം അറിയില്ല. നീതിയിലും ദൈവിക മാർഗനിർദേശങ്ങളിലും അധിഷ്ഠിതമായ ഒരു സമൂഹത്തിലാണ് വിമോചനം ഉണ്ടാകുകയും വേരൂന്നുകയും ചെയ്യുന്നത്. ഇസ്‌ലാം അത്തരത്തിലുള്ള ഒരു സമൂഹമാണ്, ഇതാണ് മുസ്‌ലിം സ്ത്രീയെ സ്വതന്ത്രയാക്കുന്നത്.

0
0
0
s2sdefault